വിശേഷങ്ങളുടെ ഖുർആൻ:( 5)  അകലെ നിന്നുള്ളവരുടെ വാഴ്ത്തു പാട്ടുകൾ

അകലെ നിന്നുള്ളവരുടെ വാഴ്ത്തു പാട്ടുകൾ

ഖുർആൻ്റെ ഭാഷക്കാരായ ചിലർ, അതിൻ്റെ വചനങ്ങളെ നേരിട്ട് പ്രവാചകനിൽ നിന്നും അനുയായികളിൽ നിന്നും കേട്ടപ്പോൾ അവരിൽ നിന്നുണ്ടായ പ്രതികരണങ്ങളാണ് നാം കഴിഞ്ഞ അധ്യായത്തിൽ ശ്രദ്ധിച്ചത്.

എന്നാൽ നൂറ്റാണ്ടുകൾക്ക് ശേഷം ആ വേദഗ്രന്ഥത്തിലെ വചനങ്ങൾ മൊഴി മാറ്റങ്ങളിലൂടെ ഗ്രഹിക്കാൻ ശ്രമിച്ച, ഖുർആൻ പ്രതിനിധാനം ചെയ്യുന്ന മതവുമായി ബന്ധമില്ലാത്ത യൂറോപ്യൻ ബുദ്ധിജീവികളിലെ നിക്ഷ്പക്ഷമതികൾ ഖുർആൻ സംബന്ധിച്ച് നടത്തിയ വിലയിരുത്തലുകളും അഭിപ്രായപ്രകടനങ്ങളും കേൾക്കുന്നത് കൗതുകകരവും ആശ്ചര്യജനകവുമാണ്. അവരിൽ പലരും ഖുർആനിൻ്റെ വശ്യതയിൽ വശീകരിക്കപ്പെട്ട് ഇസ് ലാം പുൽകുക കൂടി ചെയ്തുവെന്ന് കൂടി അറിയണം. 

ഒന്നാമതായി ഭാഷാ-സാഹിത്യ രംഗത്ത് ഏറെ മികവ് പുലർത്തിയിരുന്നവരുടെ മുന്നിലേക്കാണ് ഈ ഗ്രന്ഥം കടന്നു വരുന്നത്. ഇതിനോട് കിടപിടിക്കുന്ന മറ്റൊരു ഗ്രന്ഥമോ 10 അധ്യായങ്ങളോ ഒരധ്യായമെങ്കിലുമോ കൊണ്ട് വരാൻ ഖുർആൻ വെല്ലുവിളിച്ചെങ്കിലും എതിർപക്ഷത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. 

Also Read:വിശേഷങ്ങളുടെ ഖുർആൻ: 1

''നാമാണ് ഈ വചനം അവതരിപ്പിച്ചത്. നാം അതിനെ സംരക്ഷിക്കുക തന്നെ ചെയ്യു" മെന്ന (അൽ ഹിജ്റ് : 9 )വാക്യം ഇതിൻ്റെ സ്വീകാര്യതയും സുരക്ഷിതത്വവും സംശയാതീതമായി വിളംബരപ്പെടുത്തുന്നു. "അസത്യം അതിലേക്ക് മുന്നിലൂടെയോ പിന്നിലൂടെയോ കടന്നു ചെല്ലില്ല. ഇത് തന്ത്രശാലിയിൽ നിന്നും  സ്തുത്യർഹനിൽ നിന്നും അവതീർണമാണെന്ന് കൂടി മറ്റൊരിടത്ത് ( ഫുസ്സിലത്: 42) വ്യക്തമാക്കുന്നു.  "അവർ ഖുർആനിൽ പരിചിന്തനം നടത്തുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരിൽ നിന്നാണെങ്കിൽ ധാരാളം വൈരുധ്യങ്ങൾ അവരതിൽ കണ്ടെത്തിയേനെ" (അന്നിസാ: 82) എന്ന വാക്യം ഇതിൻ്റെ ദൈവികതയിലും ആധികാരികതയിലും തികഞ്ഞ ആത്മവിശ്വാസം പകരാൻ മാത്രം കരുത്തും ശക്തിയും ധ്വനിപ്പിക്കുന്നു. 

സ്വാഭാവികമായും പിൽക്കാലത്ത് ഇതിൻ്റെ ആശയലോകത്തേക്ക് കടന്നു വന്ന നവാഗതർക്കും അതിൻ്റെ അമാനുഷികത തല കുലുക്കി സമ്മതിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. അവരാണെങ്കിൽ ഏകദൈവ വിശ്വാസം, പ്രവാചകത്വം, അറബി ഭാഷ, അറേബ്യൻ സാമൂഹിക ജീവിതം എന്നിവയുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്തവർ. തുറന്ന മനസുമായി അവർ ഖുർആനിൻ്റെ തീരത്തെത്തി പഠന - ഗവേഷണത്തിലേർപ്പെട്ടപ്പോൾ അവർക്ക് ബോധ്യപ്പെട്ട വസ്തുതകൾ ലോകത്തെ സത്യാന്വേഷികൾക്ക് വേണ്ടി അവർ രേഖപ്പെടുത്തി വച്ചു.

പ്രശസ്ത ഫ്രഞ്ച് ഭിഷഗ്വരനും ശാസ്ത്ര പണ്ഡിതനുമായ ഡോ. മോറീസ് ബുക്കായ്( Maurice Bucaille:1920-1998) ഒരു ഗവേഷണ ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഖുർആൻ, ബൈബിൾ, ശാസ്ത്രം എന്നാണതിൻ്റെ ടൈറ്റിൽ. അതിലദ്ദേഹം വ്യക്തമാക്കുന്നു: " ഒരു മുൻധാരണയുമില്ലാതെയാണ് ഞാൻ ഖുർആൻ പഠിക്കാൻ ഒരുങ്ങിയത്. തികച്ചും വിഷയാധിഷ്ഠിതമായ പഠനം. ആധുനിക ശാസ്ത്രവും ഖുർആനിലെ പരാമർശങ്ങളും തമ്മിലെ യോജിപ്പിൻ്റെ സാധ്യതകൾ എത്രത്തോളം എന്നറിയുകയായിരുന്നു, ലക്ഷ്യം. എന്നാൽ എനിക്ക് ഖുർആനിലെ ഒരു വചനം പോലും ആധുനിക ശാസ്ത്ര വീക്ഷണവുമായി ഏറ്റുമുട്ടുന്നതായി കണ്ടെത്താൻ കഴിഞ്ഞില്ല."

Also Read:വിശേഷങ്ങളുടെ ഖുർആൻ (2): ഖുർആൻ ഖു‌ർആൻ്റെ ദൃഷ്ടിയിൽ

അദ്ദേഹം തുടരുന്നു: ഖുർആനിലെ ശാസ്ത്ര സൂചനകൾ പലതും തുടക്കം മുതൽ തന്നെ എന്നെ ആശ്ചര്യപ്പെടുത്തുകയായിരുന്നു. ഇത്രത്തോളം ശാസ്ത്രലോകത്തെ വൈവിധ്യപൂർണമായ വിഷയങ്ങൾ ഖുർ ആനിക വീക്ഷണവുമായി സമരസപ്പെട്ടു വരുമെന്ന് ഞാൻ അനുമാനിക്കുക പോലും ചെയ്തിരുന്നില്ല. അതും 14 നൂറ്റാണ്ടുകൾക്ക് മുമ്പ് വെളിച്ചം കണ്ട ഒരു കൃതിയിൽ. തുടക്കത്തിൽ ഞാൻ ഇസ് ലാമിക വിശ്വാസിയായിരുന്നില്ല. മുൻ വിധിയില്ലാതെ സ്വതന്ത്ര സത്യാന്വേഷണത്തിൻ്റെ ഭാഗമായാണ് ഞാൻ ഈ യാഥാർത്ഥ്യങ്ങൾ കണ്ടെത്തിയത്. ('അവർ ഇസ് ലാമിനെ പറ്റി പറഞ്ഞത് ' എന്ന ഡോ.  ഇമാദുദ്ദീൻ ഖലീലിൻ്റെ കൃതിയെ ഉദ്ധരിച്ച് 2021 ഏപ്രിൽ 11 ൻ്റെ അൽ ഖലീജ് പത്രം പ്രസിദ്ധീകരിച്ചത് )

പ്രമുഖ മിഷനറി പ്രവർത്തകനും അലക്സാണ്ടറിയ സ്വദേശിയുമായ പാസ്റ്റർ ഇബ്റാഹീം ഖലീൽ അഹ് മദിനെ ചർച്ച് ഖുർആൻ പഠിക്കാൻ അയച്ചത് അതിലെ പോരായ്മകൾ കണ്ടെത്തി വിമർശിക്കാനും മുസ് ലിംകളിൽ അവരുടെ വേദഗ്രന്ഥത്തെ പറ്റി ആശയക്കുഴപ്പം സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ്. പക്ഷെ, അദ്ദേഹം പഠനം പൂർത്തിയാക്കിയപ്പോൾ ഖുർ ആൻ സംബന്ധിച്ച് നിക്ഷ്പക്ഷമായി ചില സത്യങ്ങൾ വിളിച്ചു പറയാൻ നിർബന്ധിതനാവുകയായിരുന്നു. 

"ഈസാ മസീഹ് ഉണർത്തിയ 'വരാൻ പോകുന്ന കാര്യങ്ങളെ പറ്റി അദ്ദേഹം വർത്തമാനം പറയും ' എന്ന വാക്ക് മുഹമ്മദ് നബിയിലൂടെ ഖുർആൻ അവതരിക്കുന്നത് സംബന്ധിച്ചാണ്. എക്കാലത്തും നിലനിൽക്കുന്ന അമരത്വമാർന്ന അൽഭുത സിദ്ധിയാണത്. ഖുർആൻ എല്ലാ മേഖലയിലും ആധുനിക ശാസ്ത്രത്തെ കവച്ചു വെക്കുന്നു. വൈദ്യശാസ്ത്രം, ഗോള ശാസ്ത്രം, ഭൂമി ശാസ്ത്രം, ജൈവശാസ്ത്രം, നിയമം, സാമൂഹിക ശാസ്ത്രം, ചരിത്രം തുടങ്ങി ഓരോ രംഗത്തും നൂറ്റാണ്ടുകൾക്ക് മുമ്പ് ഖുർആൻ സൂചിപ്പിച്ച കാര്യങ്ങളെ ശാസ്ത്രം ഇന്ന് കണ്ടെത്തുക മാത്രമാണ് ചെയ്തത്. "(പേജ്: 49) 

Also Read:വിശേഷങ്ങളുടെ ഖുർആൻ:( 3) നബിവചനങ്ങളിലൂടെ വിശുദ്ധ ഖുർആൻ 

അമേരിക്കൻ ഓറിയൻറലിസ്റ്റ് വാഷിങ്ങ്ടൺ ഇർവിങ്ങ് (Washington Irving :1783-1859) ഖുർആൻ അവസാനത്തെ വേദഗ്രന്ഥമെന്ന നിലയ്ക്ക് അതിൻ്റെ മനോഹാരിതയും സമഗ്രതയും കണ്ടു ആശ്ചര്യഭരിതനായി. 'ആദ്യം തൗറാ വന്നപ്പോൾ അത് ജനങ്ങളുടെ മാർഗദർശിയും സാൻമാർഗിക ഗ്രന്ഥവുമായി. പിന്നീട് ഇഞ്ചീൽ ഇറങ്ങിയപ്പോൾ യേശുവിൻ്റെ അനുയായികൾ അതിൻ്റെ അധ്യാപനങ്ങളെ പിന്തുടർന്നു. ഖുർആൻ വന്നപ്പോൾ ആ രണ്ട് ഗ്രന്ഥങ്ങളുടെയും സ്ഥാനത്ത് ഇത് സ്ഥലം പിടിച്ചു. ഖുർആൻ കൂടുതൽ വിശദവും സമഗ്രവുമാണ്. മാത്രമല്ല, മറ്റ് രണ്ട് കൃതികളിലും കടന്നു കൂടിയ മാറ്റങ്ങളും വ്യതിയാനങ്ങളും ഖുർആൻ തിരുത്തി. ഖുർആൻ എല്ലാ നിയമങ്ങളും ഉൾക്കൊള്ളുന്നു. കാരണം അത് അവസാനത്തെ വേദഗ്രന്ഥമാണ്.' അദ്ദേഹം തുടരുന്നു: 'ഖുർആൻ കാരുണ്യത്തിൻ്റെയും തെളിമയുടെയും ഗ്രന്ഥമാണ്. ഉദാത്തമായ ധാർമിക ബോധത്തിലേക്കാണത് ക്ഷണിക്കുന്നത്.( ഇർവിങ്ങിൻ്റെ ലൈഫ് ഓഫ് മുഹമ്മദിനെ ഉദ്ധരിച്ച് ഉദ്ധൃത കൃതി. പേജ്: 50 )

ഫ്രഞ്ച് ചിന്തകനും നിയമജ്ഞനുമായ മാസിൽ  ബോയ്സർ തൻ്റെ 'ഇസ് ലാമിൻ്റെ മാനവികത' എന്ന കൃതിയിൽ ഖുർആനെ പറ്റി ഇങ്ങനെ വിവരിക്കുന്നു: " ഇസ് ലാമിൻ്റെ വേദഗ്രന്ഥമായ ഖുർആൻ രണ്ട് ഘടകങ്ങളാൽ വേറിട്ട് നിൽക്കുന്നു. ഒന്ന്: അത് സൃഷ്ടിയല്ലാത്ത, എക്കാലത്തേക്കും ബാധകമായ, ദൈവത്തിൽ നിന്ന് അവതീർണമായ കൃതിയാണ്. രണ്ട്:  സമൂഹ മനസിൽ ചൈതന്യത്തോടെ നിലനിൽക്കുന്ന ഈ ഗ്രന്ഥം ദൈവത്തിനും മാനവികതയ്ക്കും ഇടയിൽ മധ്യവർത്തിയായി നിലകൊള്ളുന്നു. അത് മറ്റേത് ദൈവിക സന്ദേശത്തേയും അപ്രസക്തമാക്കി മാറ്റുന്നു. കാരണം ദൈവം ഇതിനെ മൗലിക റഫറൻസായി അംഗീകരിച്ചു. അടിസ്ഥാനപരമായ സംബോധിത സന്ദേശം. ഇക്കാലം വരെയും അത് അറബി സാഹിത്യത്തിലെ കിടപിടിക്കാനാകാത്ത കൃതിയായി നില നിൽക്കുന്നു. മാത്രമല്ല, അറബ് -ഇസ് ലാമിക സാഹിത്യത്തിൽ ഏറ്റവും ഉന്നതമായ കൃതി. ഇത് പ്രതിനിധാനം ചെയ്യുന്ന മതം മൗലികമായി പ്രത്യേക ചിന്താരീതിയുടെ ആകെത്തുകയാണ്. ഈ ഗ്രന്ഥം അറിയപ്പെടുക ആ ചിന്താരീതികളിലൂടെയായിരിക്കും." (മുൻ കൃതി: പേജ്: 54)

ഫ്രഞ്ച് ഓറിയൻറലിസ്റ്റായ ലൂയിസ് സീദോ ഖുർആൻ ഉയർത്തിപ്പിടിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന  മഹിത മൂല്യങ്ങളെ ഊന്നിപ്പറയുന്നു. 'ഖുർആനിലെ  വചനങ്ങളിൽ ഒന്ന് പോലും ദൈവീകസ്നേഹത്തിന് ഊന്നൽ നൽകാത്തതായി കണ്ടെത്താനാവില്ല. അത് പോലെ ഉദാത്തമായ സ്വഭാവമൂല്യങ്ങൾക്കാണ് അത് ആഹ്വാനം ചെയ്യുന്നത്. സഹാനുഭൂതിയും ഉദ്ദേശ്യശുദ്ധിയും അസഭ്യങ്ങൾ വർജിക്കലും അത് പ്രേരിപ്പിക്കുന്നു.'

Also Read:വിശേഷങ്ങളുടെ ഖുർആൻ ഭാഗം( 4): അടുത്തറിത്തവരുടെ നേർ സാക്ഷ്യങ്ങൾ

'കോപവും ഉൾനാട്യവും നിരുൽസാഹപ്പെടുത്തുന്നു. ചിന്തയിലും നോട്ടത്തിലും പോലും ദോഷം വരാമെന്ന് അത് പഠിപ്പിക്കുന്നു. അവിശ്വാസികളുമായാൽ  പോലും വാക്ക് പാലിക്കണമെന്ന് ഉണർത്തുന്നു. വിനയാന്വിതനായി വർത്തിക്കണമെന്ന് ഉപദേശിക്കുന്നു. ജനങ്ങളിൽ നിന്ന് അനിഷ്ടകരമായത് കണ്ടാൽ ക്ഷമിക്കാനാണ് ശപിക്കാനല്ല, അത് പ്രേരിപ്പിക്കുന്നത്. ഖുർആനിലെ സ്വഭാവരൂപീകരണം അത്രമേൽ ഉദാത്തമാണെന്ന് ബോധ്യപ്പെടാൻ ഈ പൊതുദർശനങ്ങൾ തന്നെ ധാരാളമാണല്ലോ '.(പേജ്: 72)

ഇത്തരം കൂടുതൽ സ്തുതി വാചകങ്ങൾ ഉദ്ധരിച്ചാൽ ഒരു ലേഖനത്തിൻ്റെ പരിമിതിയിൽ ഒതുങ്ങി നിൽക്കാനാവില്ല. അവസാനമായി പ്രശസ്ത യൂറോപ്യൻ പണ്ഡിതനും ചിന്തകനുമായ മിത് സായ് മോൻതായുടെ അനുഭവം മാത്രം ഉദ്ധരിക്കട്ടെ. നീണ്ട പഠനങ്ങൾക്കൊടുവാൻ 1977 ൽ ഇസ് ലാമിലേക്ക് കടന്നു വന്നു അൽ മൻസൂർ ബില്ലാഹ് ശാഫിഈ എന്ന പേർ സ്വീകരിച്ച അദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: 'പഠനത്തിലൂടെ മുന്നോട്ട് പോയപ്പോൾ എനിക്ക് ഒരിക്കലും മുഹമ്മദ് നബി (സ)യുടെ പ്രവാചകത്വത്തിൽ സംശയം തോന്നിയില്ല. അദ്ദേഹം അന്ത്യ പ്രവാചകനാണെന്നും എല്ലാവരിലേക്കും നിയുക്തനായ പ്രവാചകനാണെന്നും എനിക്ക് ബോധ്യപ്പെട്ടു. ബൈബിളിലൂടെയും ഇഞ്ചീലിലൂടെയും പഠിപ്പിച്ചതിൻ്റെ പരിസമാപ്തിയായാണ് അമാനുഷിക ഗ്രന്ഥമായ ഖുർആൻ അവതീർണമായത്.' 

'ഇസ് ലാമിനോടും മുസ് ലിംകളോടും അസൂയയിൽ നിന്നുടലെടുത്ത വിദ്വേഷവുമായി ഇറങ്ങിയ പിസ്ക്കാലിൻ്റെ നിലപാടുകളെ ഞാൻ നിരാകരിക്കുന്നു. അദ്ദേഹത്തിൻ്റെ ഒരു പരാമർശത്തോട് മാത്രം ഞാൻ യോജിക്കുകയും അടിവരയിടുകയും ചെയ്യുന്നു. ഖുർആൻ മുഹമ്മദ് നബിയുടെ രചനയല്ല, ഇഞ്ചീൽ മത്തായിയുടെ സൃഷ്ടിയല്ലാത്തത് പോലെ.' (പേജ്: 88)

കടപ്പാട് ചന്ദ്രിക ദിനപ്പത്രം

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter