വിശേഷങ്ങളുടെ ഖുർആൻ: (25)  ജ്ഞാനവിജ്ഞാനങ്ങളുടെ  ഖുർആനിക പരിപ്രേക്ഷ്യം

ജ്ഞാനവിജ്ഞാനങ്ങളുടെ ഖുർആനിക പരിപ്രേക്ഷ്യം

വിജ്ഞാനത്തിനും അതിൻ്റെ ഉടമയ്ക്കും  സവിശേഷ സ്ഥാനവും പ്രാധാന്യവും ഊട്ടിയുറപ്പിക്കുന്ന അനേകം സന്ദർഭങ്ങൾ ഖുർആനിൽ കണ്ടെത്താൻ കഴിയും. അറിവുള്ളവരും ഇല്ലാത്തവരും തുല്യരാണോ എന്ന നിഷേധ ഭാവത്തിലുള്ള ചോദ്യവും ( അസ്സുമർ: 9 ) ഖുർആൻ വചനങ്ങളുടെ ഭാഗമാണ്. വിശ്വസിക്കുകയും വിജ്ഞാനം നൽകപ്പെടുകയും ചെയ്തവരുടെ പദവികൾ പടിപടിയായി ഉയർത്തുമെന്ന ഉറപ്പും ഖുർആൻ (അൽ മുജാദല: 11 ) നൽകുന്നുണ്ട്. 

നാഥാ, എനിക്ക് അറിവ് വർധിപ്പിക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടിരിക്കാൻ തിരുനബി(സ)യെ പഠിപ്പിക്കുന്ന വചനവും (ത്വാഹ: 114) ഖുർആനിലുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും നിങ്ങൾക്ക് അൽപ്പജ്ഞാനം മാത്രമേ നൽകപ്പെട്ടിട്ടുള്ളുവെന്ന് കൂടി വിശുദ്ധ ഗ്രന്ഥം (അൽ ഇസ് റാ: 85) വ്യക്തമാക്കുന്നു.

അറിവാണ് മഹത്വത്തിൻ്റെയും ഔന്നത്യത്തിൻ്റെയും മാനദണ്ഡമെന്ന് തെളിയിക്കുന്ന സംഭവങ്ങളിൽ ഒന്നാണ് ഖുർആൻ ഉദ്ധരിച്ച ബിൽഖീസ് രാജ്ഞിയുടെ സിംഹാസനവുമായി ബന്ധപ്പെട്ട കഥ. സുലൈമാൻ നബി(അ) ഒരേ സമയം പ്രവാചകനും രാജാവും കൂടിയായിരുന്നല്ലോ. അക്കാലത്ത് സബയിലെ രാജ്ഞിയായിരുന്ന ബിൽഖീസിന് ഇസ് ലാമിലേക്ക് ക്ഷണിച്ചു കത്തയച്ചതും അതനുസരിച്ച് രാജ്ഞി സുലൈമാൻ നബിയെ കാണാൻ വരുന്നതും ഖുർആൻ വിവരിക്കുന്നുണ്ട്.
രാജ്ഞി ദർബാറിൽ എത്തും മുമ്പേ നൂറു കണക്കിന് നാഴിക അകലെ നിന്ന് അവരുടെ സിംഹാസനം ഇവിടെ എത്തിക്കണമെന്ന് സുലൈമാൻ നബി ആഗ്രഹിച്ചു. അല്ലാഹു നൽകുന്ന അമാനുഷിക കഴിവ് കാട്ടി രാജ്ഞിയെ വിസ്മയിപ്പിക്കാമല്ലോ. 

വിഷയം ദർബാറിലെ സദസ്സിൽ അവതരിപ്പിച്ചപ്പോൾ ഭൂത വർഗത്തിൽ പെട്ട ഒരതിശക്തൻ (ഇഫ് രീത് ) താങ്കൾ ഈ ദർബാറിൽ നിന്ന് എണീക്കും മുമ്പ് ഞാനത് ഇവിടെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നു. എന്നാൽ വേദജ്ഞാനം ലഭിച്ചയാൾ താങ്കൾ കണ്ണിമയ്ക്കുന്നതിന് മുമ്പേ ഞാനത് ഹാജറാക്കാമെന്ന് പറയുകയും അത് നടത്തിക്കാണിക്കുകയും ചെയ്തു. തുടർന്നു സുലൈമാൻ നബി വളരെ സന്തുഷ്ടനായി നാഥന് കൃതജ്ഞതയർപ്പിക്കുന്ന രംഗവും ഖുർആൻ വിവരിക്കുന്നുണ്ട്. അതിശക്തനായ ഒരു ജിന്നിന് സാധിക്കാത്ത കാര്യം ഒരു ജ്ഞാനിയിലൂടെ എളുപ്പം സാധ്യമായതിൻ്റെ പൊരുൾ വ്യക്തമാണല്ലോ. (നംല് അധ്യായം 39,40 വചനങ്ങൾ കാണുക)

അത് പോലെ അല്ലാഹുവിൻ്റെ അസ്തിത്വവും ഏകത്വവും സ്ഥിരീകരിക്കുന്ന തെളിവുകളായി ആലു ഇംറാൻ അധ്യായത്തിൽ എടുത്തു പറഞ്ഞത് മൂന്ന് ഘടകങ്ങളാണ്. അല്ലാഹുവും മാലാഖമാരും ജ്ഞാനികളും. "താനല്ലാതെ ഒരു ദൈവവുമില്ല എന്നതിന് അല്ലാഹു പല വിധ തെളിവുകൾ നിരത്തിയിട്ടുണ്ട്. മലക്കുകളും ജ്ഞാനികളും അങ്ങനെ സാക്ഷ്യം വഹിക്കുകയും ചെയ്തു. നീതി പാലകനാണവൻ. അവനല്ലാതെ ഒരു ഇലാഹുമില്ല. പ്രതാപശാലിയും മഹാ യുക്തിമാനുമത്രെ അവൻ." (18) ജ്ഞാനികൾ  അല്ലാഹുവിൻ്റെ ഏകത്വത്തിന് സാക്ഷിയാവുകയെന്നാൽ പ്രപഞ്ചത്തിൽ അല്ലാഹു സംവിധാനിച്ച സാക്ഷ്യങ്ങളും തെളിവുകളും തങ്ങളുടെ ബാഹ്യ നേത്രം വഴിയും അകക്കണ്ണ് വഴിയും കണ്ടെത്താൻ അവർക്ക് കഴിയുന്നു. അവ ജനങ്ങൾക്ക് പകർന്നു കൊടുക്കുകയെന്ന ചുമതല കൂടി അവർ നിർവഹിക്കുന്നതിനാൽ അവർ കൂടി ദൈവികതയുടെ സത്യസാക്ഷികളായി മാറുന്നു. 

ഇനി നമുക്ക് മനുഷ്യാരംഭ കാലത്തേക്ക് കടന്നു ചെല്ലാം. അവിടെ അല്ലാഹുവും മലക്കുകളും തമ്മിൽ നടന്ന ഗൗരവമുള്ള സംഭാഷണ ശകലങ്ങൾ ഖുർ ആൻ ഉദ്ധരിക്കുണ്ട്. സൂറ: അൽ ബഖറ ഉദ്ധരിച്ച പ്രസ്തുത സംഭവത്തിൽ അല്ലാഹു മലക്കുകളോട് താൻ ഒരു പ്രതിനിധിയെ സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന കാര്യം അറിയിക്കുന്നു. അവർ അതിൻ്റെ സാംഗത്യം മനസ്സിലാക്കാതെ, നാശം വിതയ്ക്കുന്നവരും സംഘർഷത്തിലേർപ്പെട്ടു രക്തം ചൊരിപ്പിക്കുന്നവരുമായ വർഗത്തെ എന്തിന് സൃഷ്ടിക്കുന്നുവെന്ന് തിരിച്ച് ചോദിക്കുന്നു. നിൻ്റെ അപദാനം വാഴ്ത്താനും പരിശുദ്ധി എടുത്തു പറയാനും ഞങ്ങളുണ്ടല്ലോ എന്നായിരുന്നു, മലക്കുകളുടെ ന്യായവാദം.

അതിന് മറുപടിയായി നിശ്ചയം, നിങ്ങൾ അറിയാത്ത പൊരുളുകൾ എനിക്കറിയാം എന്നാണ് അല്ലാഹു പ്രതികരിക്കുന്നത്. ഈ പൊരുൾ പിന്നീട് ആദമിൻ്റെ സൃഷ്ടിപ്പിലൂടെയും അദ്ദേഹത്തിന് മുന്നിൽ അറിവുകളുടെ വാതായനങ്ങൾ തുറന്നുകൊടുക്കുന്നതിലൂടെയുമാണ് അല്ലാഹു വെളിപ്പെടുത്തുന്നത്. അല്ലാഹു വിൻ്റെ അനുസരണ ശീലരായ മലക്കുകളുടെ മുന്നിൽ മനുഷ്യ പിതാവായ ആദമിൻ്റെ യോഗ്യതയും ഔന്നത്യവും വൈശിഷ്ട്യവും വിളമ്പരപ്പെടുത്തുന്നത് വൈജ്ഞാനിക മികവിലൂടെയാണ്. ലോകത്ത് സൃഷ്ടിക്കപ്പെടാൻ പോകുന്ന മുഴുവൻ വസ്തുക്കളുടെയും ബ്ലൂ പ്രിൻ്റ് പ്രദർശിപ്പിച്ച് അവയുടെ പേരുകൾ ചൊല്ലിക്കൊടുക്കാൻ അല്ലാഹു മലക്കുകളോട് ആവശ്യപ്പെടുന്നു. അവർ നിസ്സഹായരായി കൈമലർത്തുന്നു. 'നീ പഠിപ്പിച്ചതേ ഞങ്ങൾക്കറിഞ്ഞുകൂടൂ. നിശ്ചയം നീ ജ്ഞാനിയും തന്ത്രശാലിയും തന്നെ.' മലക്കുകളുടെ മൊഴി. 

Also Read:വിശേഷങ്ങളുടെ ഖുർആൻ: (24) ഖുർആനും മാനവിക മൂല്യങ്ങളും

അതോടെ അല്ലാഹു ആദമിനോട്  ആ പേരുകൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്ന മുറക്ക് ആദം(അ) നിഷ്പ്രയാസം അവരുടെ മുന്നിൽ അറിവിൻ്റെ ചെപ്പുകൾ തുറക്കുന്നു. മലക്കുകളെയെല്ലാം ആശ്ചര്യപ്പെടുത്തും വിധമുള്ള ഉജ്വല വൈജ്ഞാനിക പ്രകടനം. അതോടെ അനുസരണയിലും ആരാധനയിലും തുല്യതയില്ലാത്ത ഉയരത്തിലുള്ള മലക്കുകൾ അറിവിലൂടെ മികവ് തെളിയിച്ച ആദം നബിക്ക് മുന്നിൽ നമ്രശിരസ്ക്കരായി വീഴുന്നു. 

അതേ സമയം അറിവ് ആർജിച്ച ശേഷം അഹങ്കാരിയായി അനുസരണക്കേട് കാട്ടിയാൽ ആ അറിവിൻ്റെ പവർ ചീറ്റിപ്പോകുമെന്ന സന്ദേശം കൂടി ഈ കഥയുടെ അനുബന്ധമായ ഇബ് ലീ സിൻ്റെ ധിക്കാരപ്രകടനത്തിലൂടെയും അത് മൂലം ഇബ് ലീസിന് നേരിടേണ്ടി ബഹിഷ്ക്കരണത്തിലൂടെയും ലഭിക്കുന്നുണ്ട്. 

ജ്ഞാനാർജനത്തിൻ്റെ പ്രധാന വഴിയാണല്ലോ വായന. ആ വായനയ്ക്ക് ആഹ്വാനം ചെയ്തു കൊണ്ടാണ് ഖുർആൻ ആരംഭം കുറിക്കുന്നത് തന്നെ. ഖുർആൻ എന്ന പേര് പോലും വായനയെ കുറിക്കുന്നു. അത് പോലെ ഖുർ ആനിൽ നിരവധി സ്ഥലങ്ങളിൽ പഠിക്കാനും ചിന്തിക്കാനും മനനം ചെയ്യാനും ഗവേഷണം നടത്താനും ആഹ്വാനം ചെയ്യുന്നതായി കാണാം. അറിവ് ആർജിക്കുന്നതിൽ വായനയ്ക്കും ചിന്തയ്ക്കും പഠനത്തിനും മനനത്തിനും ഉള്ള അനിഷേധ്യ പങ്ക് ആർക്കും അജ്ഞാതമല്ലല്ലോ. അവർ ഖുർആനിൽ പരിചിന്തനം നടത്തുന്നില്ലേ? അതോ അവരുടെ ഹൃദയങ്ങളിൽ പൂട്ടുകളുണ്ടോ?(സൂറ: മുഹമ്മദ്: 24 ) എന്ന ചോദ്യം പ്രസക്തമാണല്ലോ. 

അന്നഹ്ൽ വചനം 78 മനുഷ്യനെ അറിവിൻ്റെ വഴിയിലുള്ള അവൻ്റെ ചുമതലയെ പറ്റി ഓർമിപ്പിക്കുന്നു. " യാതൊന്നും അറിഞ്ഞുകൂടാത്തവരായി നിങ്ങളെ ഉമ്മമാരുടെ വയറ്റിൽ നിന്ന് ബഹിർഗമിപ്പിക്കയും കൃതജ്ഞരാകാനായി നിങ്ങൾക്കവൻ കേൾവിയും കാഴ്ചയും ഹൃദയവും നൽകുകയുമുണ്ടായി. " നമുക്ക് പഞ്ചേന്ദ്രിയങ്ങളും ഹൃദയവും തന്നത് അവ ഉപയോഗപ്പെടുത്തി അറിവിൻ്റെ ലോകത്ത് വിഹരിക്കാനാണെന്നും അത് വഴി നിങ്ങൾ കൃതജ്ഞരാവുകയാണ് ലക്ഷ്യമെന്നും ഈ വചനം സൂചിപ്പിക്കുന്നു. 

ഖുർആനിൽ 780 ഓളം സ്ഥലങ്ങളിൽ അറിവിനെ കുറിക്കുന്ന ഇൽമ് എന്ന വാക്കും അതിൻ്റെ പദഭേദങ്ങളും വന്നിട്ടുണ്ടെന്ന് കണക്കാക്കുന്നു. കൂടാതെ അറിവിൻ്റെ അർത്ഥം ധ്വനിപ്പിക്കുന്ന, സമീപാർത്ഥമുള്ള പദങ്ങൾ വേറെയും ഉപയോഗിച്ചിട്ടുണ്ട്. 

മറ്റൊരു പ്രധാന കാര്യം ഖുർആൻ അറിവിനെ മതപരം, ഭൗതികം എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നില്ല. പ്രപഞ്ചസൃഷ്ടിപ്പിൻ്റെ പൊരുളിലേക്ക് അവനെ/അവളെ നയിക്കുന്ന, ദൈവിക വിശ്വാസത്തിലേക്കും സമർപ്പണത്തിലേക്കും ആനയിക്കുന്ന എല്ലാ ജ്ഞാനവും വിശിഷ്ടവും അനിവാര്യവുമായ അറിവാണ്. എന്നാൽ എല്ലാവരും പഠിക്കൽ അനിവാര്യമായ വൈയക്തികബാധ്യതയും ചിലർ പഠിച്ചാൽ മറ്റുള്ളവരുടെ ചുമതല കൂടി ഒഴിവാകുന്ന സാമൂഹിക ബാധ്യതയും എന്ന വ്യത്യാസം ചില കാര്യങ്ങളിൽ കാണാം. ഇമാം ഗസാലിയെ പോലുള്ളവർ ഇക്കാര്യം വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. 

പ്രപഞ്ചത്തിലെ ജീവികളും നിർജീവികളുമായ ഓരോ വസ്തുക്കളെ ചൂണ്ടി ഖുർആൻ മനുഷ്യ ചിന്തയെ തട്ടിയുണർത്തുന്നു. അവയിൽ പരിചിന്തനം നടത്തി സ്രഷ്ടാവിലേക്ക് ചെന്നെത്തുകയാണ് അത് വഴിയുള്ള ഉന്നം. അൻആം അധ്യായത്തിൽ ഇങ്ങനെ കാണാം. "കടലിലും കരയിലും അന്ധകാരങ്ങളിൽ വഴി കണ്ടെത്താനായി നക്ഷത്രങ്ങൾ പടച്ചതും അവനാണ്. കാര്യങ്ങൾ മനസ്സിലാക്കുന്നവർക്കായി നാം ദൃഷ്ടാന്തങ്ങൾ പ്രതിപാദിച്ചിരിക്കയാണ് "  (വചനം: 97) ഗോള ശാസ്ത്രം പഠിക്കാനുള്ള ശക്തമായ പ്രേരണയാണല്ലോ ഈ വചനം.

അത് പോലെ എങ്ങനെ ഒട്ടകം സൃഷ്ടിക്കപ്പെട്ടുവെന്നും  ആകാശം ഉയർത്തപ്പെട്ടുവെന്നും പർവതം പൊക്കി നിർത്തപ്പെട്ടുവെന്നും ഭൂമി വിസ്തൃതമാക്കപ്പെട്ടുവെന്നും അവർ ചിന്തിച്ചു നോക്കുന്നില്ലേ എന്ന ഗാശിയ അധ്യായത്തിലെ മക്കയിലെ നിഷേധികളോടുള്ള ചോദ്യം വർത്തമാനകാലത്തെ സുവോളജിയും ഓറോളജിയും പെട്രോളജിയും ലിത്തോളജിയും മറ്റും പഠിക്കാനുള്ള ആഹ്വാനം കൂടിയല്ലേ?

ഇനി ഫാത്വിർ അധ്യായത്തിലെ 27, 28 വചനങ്ങൾ കൂടി ശ്രദ്ധിക്കൂ! മനുഷ്യനിൽ അതിസങ്കീർണമായ ശാസ്ത്രകൗതുകം തട്ടിയുണർത്താൻ പോന്ന വരികൾ. നിശ്ചയം നിങ്ങൾ ചിന്തിക്കുന്നില്ലേ? അല്ലാഹു അന്തരീക്ഷത്തിൽ നിന്ന് മഴ വർഷിച്ചു. എന്നിട്ട് തദ്വാരാ ഭിന്ന വർഗങ്ങളിലുള്ള പഴങ്ങൾ നാം ഉൽപ്പാദിപ്പിച്ചു. മലകളിലുമുണ്ട് വെളുത്തതും ചെമന്നതും കറുത്തിരുണ്ടതുമായ നിറവ്യത്യാസമുള്ള വഴികൾ. അത് പോലെ വർണഭേദങ്ങളുള്ളവ മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും കാണാം. നിശ്ചയം, അല്ലാഹുവിൻ്റെ അടിമകളിൽ ജ്ഞാനികൾ മാത്രമേ അവനെ ഭയപ്പെടൂ. അവൻ പ്രതാപശാലിയും ഏറെ മാപ്പരുളുന്നവനുമത്രെ.(വചനം: 26, 27) 

ഇവിടെ ജ്ഞാനികൾ മാത്രമേ അല്ലാഹുവിനെ ഭയപ്പെടൂ എന്ന് പറഞ്ഞ സന്ദർഭവും വാക്യഘടനയും പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്. കേവലം മതപരമായ പരിമിത ജ്ഞാനങ്ങൾക്കപ്പുറമുള്ള ശാസ്ത്രാന്വേഷണത്തിൻ്റെ അപാര സാധ്യതകളാണ് ഇത്തരം വചനങ്ങൾ വിശ്വാസികളുടെ മുന്നിൽ തുറന്നു വെക്കുന്നത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter