ഹജ്ജ്, ഉംറ സ്വീകാര്യമായതിന്‍റെ അടയാളം
ആരാധനാ കര്‍മങ്ങളില്‍ അത്യുല്‍കൃഷ്ടമായ പരിശുദ്ധ ഹജ്ജു കഴിഞ്ഞു പാപമോചിതരായി സ്വന്തം നാടുകളിലേക്ക് മടക്കയാത്ര നടത്തിക്കൊണ്ടിരിക്കയാണു ഹാജിമാര്‍.
ജീവിതത്തില്‍ ചിലര്‍ക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യമാണു ഹജ്ജ്. ഈ ഭാഗ്യം ലഭിച്ചവരുടെ ഹജ്ജ് റബ്ബ് സ്വീകരിച്ചിട്ടുണ്ടോ ഇല്ലെയോ എന്ന് സ്വയം മനസ്സിലാക്കാന്‍ കഴിയുന്ന ലക്ഷണങ്ങള്‍ ഇസ്‌ലാം പഠിപ്പിച്ചുതന്നിട്ടുണ്ട്.
സ്വീകാര്യമായ ഹജ്ജിനു സ്വര്‍ഗമല്ലാതെ പ്രതിഫലമില്ലെന്ന തിരുവചനം ഹാജിമാര്‍ സ്മരിക്കണം. ഇമാം ഇബ്‌നു ഹജര്‍(റ) പ്രസ്താവിക്കുന്നു: ഒരുത്തന്റെ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചതിന്റെ ശേഷമുള്ള ജീവിതരീതി ഹജ്ജിന്റെ മുമ്പുള്ള അവസ്ഥയേക്കാള്‍ ഉത്തമമാണെങ്കില്‍ അതുതന്നെ അവന്റെ ഹജ്ജ് സ്വീകരിച്ചുവെന്നതിന്റെ തെളിവാണ്. (ഹാശിയത്തുല്‍ ഈളാഹ് പേജ് 564)
ഹാജിയായി നാട്ടില്‍ വന്നു പഴയ ജീവിതരീതിയില്‍ നിന്നും മാറ്റം വരാതെ തെറ്റുകള്‍ ചെയ്ത് ജീവിതം നയിക്കുന്നവനാണെങ്കില്‍ അത് അവന്റെ ഹജ്ജ് സ്വീകാര്യമല്ല എന്നതിന്റെ ലക്ഷണമാണ്. ചിലയാളുകള്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കലോടുകൂടി കൂടുതല്‍ വിധേയനാവേണ്ടതിനു പകരം താന്‍ ഹാജിയാണെന്ന പവര്‍ സ്വയം നടിക്കുന്നതു കാണാം. തന്റെ പേരിനോടൊപ്പം ഹാജി എന്നു കൂട്ടിവിളിക്കപ്പെടുന്നില്ലെങ്കില്‍ അവന്റെ മുഖം കറുക്കും. ഇത്തരക്കാര്‍ ഹജ്ജ് നിര്‍വഹിച്ചത് ജനങ്ങള്‍ ഹാജിയെന്ന് വിളിക്കാനാണ്. അവരുടെ ഹജ്ജിന്റെ പ്രതിഫലവും നഷ്ടപ്പെട്ടു.
ഒരിക്കല്‍ പ്രമുഖ സൂഫിവര്യന്‍ സുഫ്‌യാനുസൗരി(റ)യെയും ശിഷ്യരെയും ഒരു മുതലാളി സല്‍ക്കരിച്ചു. വീട്ടിലെത്തിയ ഉസ്താദിന്റെയും ശിഷ്യരുെടയും സാന്നിധ്യത്തില്‍ വെച്ച് അടുക്കളയിലുള്ള ഭാര്യയോടായി മുതലാളിയായ വീട്ടുടമ വിളിച്ചുപറഞ്ഞു: ഞാന്‍ ഒന്നാമത്തെ ഹജ്ജിന് അല്ല, രണ്ടാമത്തെ ഹജ്ജിനു പോയപ്പോള്‍ വാങ്ങിയ പാത്രത്തില്‍ ഭക്ഷണം കൊണ്ടുവാ. ഇതുകേട്ട ഉസ്താദ് സുഫ്‌യാനുസ്സൗരി(റ) തന്റെ ശിഷ്യരോട് പറഞ്ഞു: ഇദ്ദേഹം മഹാപാവം മനുഷ്യനാണ്. ഈ വാക്ക് കൊണ്ട് അദ്ദേഹത്തിന്റെ രണ്ട് ഹജ്ജും നഷ്ടപ്പെട്ടു. (ഇര്‍ശാദ്)
ഹജ്ജ് കഴിഞ്ഞ് സ്വദേശത്തെത്തിയാല്‍ ആദ്യമായി പള്ളിയില്‍ പ്രവേശിക്കണം. അവിടെ വെച്ച് രഴ റക്അത്ത് നിസ്‌കരിക്കണം. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണം. ഹജ്ജ് കഴിഞ്ഞ് നാല്‍പത് ദിവസം ഹാജിയുടെ പ്രാര്‍ത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കും.
ഹജ്ജിനു വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ഇടതുകാല്‍ മുന്തിച്ചാണല്ലോ യാത്ര തിരിച്ചത്. അതു തന്നെയാണ് സുന്നത്തും. എന്നാല്‍ തിരിച്ചു വീട്ടിലേക്ക് കയറുമ്പോള്‍ വലതു കാല്‍ വെച്ച് കയറണം. വീട്ടുകാര്‍ക്ക് വല്ല പാരിതോശികവും കൊണ്ടുവരല്‍ സുന്നത്തുണ്ട്. യാത്ര കഴിഞ്ഞു വരുന്നവര്‍ക്കായി വീട്ടുകാര്‍ ഒരു സദ്യഒരുക്കല്‍ സുന്നത്തുണ്ട്. (തുഹ്ഫ 4/144)
മടക്കയാത്രയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ വിവരം വീട്ടുകാരെ അറിയിക്കലും കഴിയുന്നതും പകല്‍ സമയത്ത് നാട്ടിലെത്തലും സുന്നത്താണ്. യാത്ര കഴിഞ്ഞു തിരിച്ചെത്തുന്നവരെ കൈപിടിച്ച് മുസാഫഹത്തും കൂട്ടിപ്പിടിച്ച് മുആനഖത്തും (കവിള്‍തമ്മില്‍ ചേര്‍ക്കല്‍) ചെയ്യല്‍ സുന്നത്തുണ്ട്.
ഹജ്ജ് കഴിഞ്ഞു തിരിച്ചെത്തിയവരെ കണ്ടാല്‍ 'നിന്റെ ഹജ്ജ് നാഥന്‍ സ്വീകരിക്കട്ടെ, തെറ്റുകള്‍ പൊറുത്തു തരട്ടെ, നീ ചെലവഴിച്ചതിന് അല്ലാഹു പകരം തരട്ടെ'' എന്ന് പ്രാര്‍ത്ഥിക്കല്‍ പുണ്യാര്‍ഹമാണ്. ഹാജിക്കും അവനു വേണ്ടി ദുആ ചെയ്തവനിക്കും അല്ലാഹു പൊറുത്തു കൊടുക്കുമെന്ന് നബി(സ) അരുള്‍ ചെയ്തിട്ടുണ്ട്.
കഴിയുന്നത്ര 'സംസം' സ്വദേശത്തേക്ക് കൊണ്ടുവരണം. ഏതൊരു കാര്യത്തിന് 'സംസം' കുടിച്ചാലും അതിന് 'സംസം' മരുന്നാണെന്നു നബി(സ) പഠിപ്പിച്ചിട്ടുണ്ട്. സംസം ഖിബ്‌ലക്ക് മുന്നിട്ടും ഇരുന്നുമാണ് കുടിക്കേണ്ടത്. സംസം എഴുന്നേറ്റ് നിന്ന് കുടിക്കണം എന്ന ഒരു പ്രചാരണം വ്യാപകമായിട്ടുണ്ട്. അതു അബദ്ധമാണ്. 'സംസം' കുടിക്കുമ്പോള്‍ ഇരിക്കല്‍ സുന്നത്താണെന്ന് അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം ഇമാം ഇബ്‌നു ഹജര്‍(റ) പ്രഖ്യാപിച്ചിട്ടുണ്ട്. (തുഹ്ഫ 4/144)
'സംസം' കുടിക്കുന്ന വേളയില്‍ പ്രാര്‍ത്ഥനയ്ക്ക് ഇജാബത്തുണ്ട്. തഫ്‌സീര്‍ പണ്ഡിതരുടെ തലവന്‍ പ്രമുഖ സ്വഹാബി ഇബ്‌നു അബ്ബാസ്(റ) സംസം കുടിച്ചാല്‍ 'പടച്ചവനേ, എനിക്ക് ഉപകാരപ്രദമായ വിജ്ഞാനവും സുഭിക്ഷിതമായ ഭക്ഷണവും എല്ലാ രോഗത്തില്‍നിന്നുള്ള ശാന്തിയും നല്‍കേണമേ'' എന്ന് പ്രാര്‍ത്ഥിച്ചിരുന്നു.
മക്കയിലുള്ള ഒരു കിണറാണല്ലോ സംസം കിണര്‍. പ്രസ്തുത കിണറ്റിലെ വെള്ളത്തിനേ സംസം വെള്ളം എന്ന പവറുളളൂ. എന്നാല്‍, ബലിപെരുന്നാള്‍ ദിനത്തിന്റെ പ്രഭാതത്തില്‍ ഏത് കിണറ്റില്‍ നിന്നു വെള്ളം മുക്കിയാലും ആ വെള്ളം സംസമായിരിക്കുമെന്ന രസകരമായ ഒരു അന്തവിശ്വാസം ചില നാടുകളില്‍ വ്യാപകമാണ്. ()
Leave A Comment