പ്രവാചക പ്രകീര്‍ത്തനത്തിന്റെ ആഖ്യാനസൗകുമാര്യം
പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളുടെ സൗകുമാര്യതയോ ഭാവാത്മകതയോ ഗദ്യസാഹിത്യങ്ങളില്‍ കാണാനാവില്ലെങ്കിലും കവിതകള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയാത്ത പലതും ഗദ്യങ്ങള്‍ക്ക് കഴിയും. സാഹിത്യബോധവും കാവ്യാഭിരുചിയുള്ളവര്‍ക്കേ കവിതകളിലെ ആശയങ്ങള്‍ ഗ്രഹിക്കാനാവൂ. ഗദ്യങ്ങള്‍ അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്‌തമാണ്. കേവലഭാഷാ പരിജ്ഞാനം കൊണ്ടുമാത്രം അവകളിലെ ആശയങ്ങള്‍ ഗ്രഹിക്കാനും ആസ്വദിക്കാനും കഴിയും. സംഗീതാത്മകത കൊണ്ടാണ് പലപ്പോഴും പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ക്ക് ജനകീയത കൈവരുന്നത്. ഇമാം ബൂസ്വൂരിയുടെ `ഖസ്വീദതുല്‍ ബുര്‍ദ’ സാധാരണക്കാരന്റെ അധരങ്ങളില്‍ പോലും തത്തിക്കളിക്കുന്നത് അതിന്റെ സംഗീത മികവുകൊണ്ടാണ്. വ്യാഖ്യാന ഗ്രന്ഥങ്ങളുടെ സഹായമില്ലാതെ അതിന്റെ അര്‍ത്ഥ തലങ്ങള്‍ മനസ്സിലാക്കുക പ്രയാസകരമാണ്. അത്രമാത്രം വൈപുല്യം നിറഞ്ഞതാണ് ബുര്‍ദയുടെ ഉള്‍സാരം. കഅ്‌ബുബ്‌ന് സുഹൈര്‍(റ)ന്റെ ബാനത്ത് സുആദയും ഹസ്സാനുബ്‌നു സാബിന്(റ)ന്റെ പ്രവാചക പ്രകീര്‍ത്തന ഈൗരടികളും അനുരാഗത്തിന്റെ പാരമ്യതയില്‍ ആശിഖുകളുടെ ഹൃദയങ്ങളില്‍ നിന്ന് ഒഴുകി വന്ന മറ്റനേകം കവിതകളുമൊന്നും ഇതിനപവാദമല്ല. ഈ കാവ്യ സമാഹാരങ്ങള്‍ക്കൊക്കെ നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങള്‍ പ്രകാശിതമായിട്ടുണ്ട്; നിരവധി ഭാഷകളില്‍. ഇതിനര്‍ത്ഥം ഗദ്യങ്ങളുടെ സഹായമില്ലാതെ കവിതകളുടെ ആശയങ്ങള്‍ ഗ്രഹിക്കുക സാധ്യമല്ലെന്നാണ്.
പ്രവാചക പ്രകീര്‍ത്തന ഗദ്യ സാഹിത്യങ്ങളുടെ വൈപുല്യം അവകളെ കുറിച്ചുള്ള പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ മുതിരുന്നവരെ ആശയക്കുഴപ്പത്തിലാക്കാന്‍ മാത്രമുണ്ട്. ഇത്രയേറെ ആധാര സ്രോതസ്സുകള്‍ ലഭ്യമാവുന്ന മറ്റൊരു യുഗ പുരുഷനെയും ചരിത്രത്തില്‍ കാണാനാവില്ല. നബി (സ) യുടെ വചസ്സുകള്‍ മാത്രമല്ല, ചലന നിശ്ചലങ്ങളും ശ്വാസോച്ഛാസങ്ങളും എല്ലിലും തോലിലും പകര്‍ത്തിയവരും മനസ്സില്‍ സൂക്ഷിച്ച് വാമൊഴിയിലൂടെ പിന്‍മുറക്കാര്‍ക്ക് പകര്‍ന്ന് നല്‍കിയവരും സ്വഹാബികളിലുണ്ടായിരുന്നു. അവരുടെ രക്തത്തിലലിഞ്ഞ അനുരാഗത്തിന്റെ ബഹിര്‍സ്‌ഫുരണങ്ങളാണ് ആ മഹത് ജീവിതത്തെ യുഗങ്ങള്‍ പലതു കഴിഞ്ഞിട്ടും അവിസ്‌മരണീയമാക്കി നിര്‍ത്തുന്നത്.
താപം മൂലം നബി(സ)യുടെ പൂമേനിയില്‍ പൊടിഞ്ഞ വിയര്‍പ്പ് കണങ്ങളെ വിരലുകള്‍കൊണ്ട് വരണ്ടിയെടുത്ത് സുഗന്ധമാക്കി ഉപയോഗിക്കുന്ന, മുറിച്ച നഖങ്ങള്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന, കൊമ്പ് വെച്ച രക്തം കുടിച്ച് ആത്മനിര്‍വൃതി കൊള്ളുന്ന, തലമുണ്ഡനം ചെയ്‌തപ്പോള്‍ തിരുകേശത്തിനുവേണ്ടി അഹമഹമികയാ മുന്നോട്ടുവരുന്ന, അംഗസ്‌നാനം ചെയ്യുന്നവേളയില്‍ കൊപ്ലിക്കുന്ന വെള്ളത്തിന് തിക്കുംതിരക്കും കൂടുന്ന, കഴുമരത്തില്‍ വെച്ച് റസൂല്‍(സ)യുടെ കാലില്‍ മുള്ളു തറക്കുന്നതില്‍ തനിക്കുള്ള ആശങ്കയെക്കുറിച്ച് വാചാലനാകുന്ന താരകത്തിളക്കമുള്ള സ്വഹാബി വര്യന്‍മാരോട് പ്രവാചകാനുരാഗത്തില്‍ സമീകരിക്കാന്‍ പറ്റിയ മറ്റൊരാളെ കണ്ടെത്താനാവില്ല. അവരാണ് ആ ജീവിതത്തെ പച്ചയായി പകര്‍ത്താന്‍ പിന്‍മുറക്കാരെ പ്രചോദിപ്പിച്ചത്.
വാക്കുകള്‍കൊണ്ട് വിസ്‌ഫോടനം സൃഷ്‌ടിക്കാത്ത വാക്കുകളെ ജീവിതം കൊണ്ട് സാക്ഷാല്‍ക്കരിച്ച റസൂല്‍ (സ) യെ തന്റെ അരുമശിഷ്യന്‍മാര്‍ക്ക് സ്വാഹാബികള്‍ പകര്‍ന്ന് കൊടുത്തു. അനുരാഗ തീവ്രവതയോടെ അവരത് സ്വഹാബിമാരില്‍ നിന്നും നുകര്‍ന്നെടുത്തു. അവരത് പിന്‍മുറക്കാര്‍ക്ക് കൈമാറി.
താബിഉകളുടെ കാലഘട്ടത്തിന്റെ അവസാന നാളുകളില്‍ ഇസ്‌ലാമിക ലോകത്ത് അഭിപ്രായ ഭിന്നതയുടെ രൂക്ഷത പ്രാപിച്ചു. വികലമായ ആശയങ്ങള്‍ക്ക് പിന്‍ബലം നല്‍കാന്‍ വ്യാജ ഹദീസുകള്‍ നിര്‍മ്മിച്ച് ഖവാരിജുകളും റവാഫിളുകളും ഖദ്‌ര്‍ നിഷേധികളും പ്രവാചകാനുരാഗത്തിന്റെ മൂര്‍ത്തീമത്‌ഭാവങ്ങളായ പണ്ഡിത ശ്രേഷ്‌ടരെ അത്യധികം ദുഃഖിപ്പിച്ചു. പ്രവാചകനെ തോജോവധം ചെയ്യാന്‍ ഇറങ്ങിതിരിച്ച ഈ ദുഷ്‌ടശക്തികളില്‍ നിന്നും നബി (സ)യെ രക്ഷപ്പെടുത്താന്‍ തന്നെ അവര്‍ ഒരുങ്ങി. അതിന്റെ ഫലമാണ് ഹദീസ് ക്രോഡീകരണം. ഇമാം മാലിക്, അബൂമുഹമ്മദ് അബ്‌ദുല്‍ മലിക്, അബൂ അംറ് അബ്‌ദുര്‍റഹ്‌മാനുബ്‌നു അംറില്‍ ഔസാഈ, സുഫ്‌യാനുസൗരി, ഹമ്മാദുബ്‌നു സലമ തുടങ്ങിയവരുടെ രചനകള്‍ ആദ്യകാലത്തെ ഹദീസ് ഗ്രന്ഥങ്ങളാണ്. ഹി. 80 ജനിച്ച അബൂഹനീഫ(റ) ഹദീസ് സ്വീകരണത്തിലും സമാഹരണത്തിലും സമകാലികര്‍ക്കില്ലാത്ത കാര്‍കശ്യം പുലര്‍ത്തിയത് അദ്ദേഹം വിമര്‍ശിക്കപ്പെടാന്‍ ഹേതുവായി. റസൂല്‍ (സ) യോടു ഉല്‍കടമായ സ്‌നേഹമാണ് അദ്ദേഹത്തെ ഇത്തരം നിലപാടുകളില്‍ ഉറപ്പിച്ചു നിര്‍ത്തിയത്.
പ്രവാചക പ്രകീര്‍ത്തന ഗ്രന്ഥങ്ങളില്‍ പ്രഥമസ്ഥാനം വഹിക്കുന്ന ഹദീസ് സമാഹാരങ്ങളില്‍ ആദ്യ രചന നടത്തിയത് ഇമാം മാലിക്(റ) വാണ്. പൂര്‍ണശുദ്ധിയോടെ സുഗന്ധം പുരട്ടി ഭവ്യതയോടെയാണ് ഇമാം ഓരോ ഹദീസുകളും തന്റെ ശിഷ്യരെ അഭ്യസിപ്പിച്ചത്. മദീനയിലൂടെ വാഹനപ്പുറത്ത് യാത്ര ചെയ്യാന്‍ അദ്ദേഹം വിസമ്മതിച്ചു. റസൂല്‍ (സ) യുടെ പദം സ്‌പര്‍ശിച്ച മണ്ണില്‍ നഗ്നപാദനായാണ് ഇമാം നടന്നത്. കളങ്കരഹിതമായ പ്രവാചകാനുരാഗത്തില്‍ ഇമാം മാലിക് കാണിച്ചുതന്ന മാതൃകകളില്‍ ചിലതാണിത്.
ഹി. 150 ജനിച്ച ഇമാം മുഹമ്മദ്‌ബ്‌നു ഇദ്‌രീസുശ്ശാഫി(റ) ഈ രംഗത്ത് ചെയ്‌ത സേവനങ്ങള്‍ അദ്വിതീയമാണ്. പ്രവാചക വചനങ്ങള്‍ പഠിക്കാന്‍ ഇമാം സഹിച്ച ത്യാഗങ്ങള്‍ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ദാരിദ്ര്യത്തിന്റെ പിടിയില്‍ അമരേണ്ടി വരുമെന്ന് നബി(സ)യുടെ ഒരു ഹദീസില്‍ കാണാം. ഇമാംശാഫി(റ)ന്റെ ജീവിതം ഇല്ലായ്‌മയും വല്ലായ്‌മയും നിറഞ്ഞതായിരുന്നുവെന്നത് പ്രത്യേകം സ്‌മര്യമാണ്. പത്താം വയസ്സില്‍ ഇമാം മാലികിന്റെ മുവത്വ മുഴുവന്‍ ഇമാം ഹൃദിസ്ഥമാക്കി. പത്ത് ലക്ഷം പ്രവാചക വചനങ്ങല്‍ ഇമാം അവര്‍കള്‍ക്ക് മനഃപ്പാഠമുണ്ടായിരുന്നു. നബി(സ) യോടുള്ള സ്‌നേഹമാണ് സാഹസികമായി അവിടുത്തെ അധ്യാപനങ്ങളെ അന്വേഷിക്കാനും പഠിക്കാനും പ്രേരിപ്പിച്ചത്.
ഹി. 167 ജനിച്ച ഇമാം അഹ്‌മദുബ്‌നു ഹംബല്‍(റ) പ്രവാചക സ്‌നേഹികള്‍ക്ക് മറക്കാനാകാത്ത നാമമാണ്. ഹദീസ് പഠനത്തിനും ഗവേഷണത്തിനും വേണ്ടി സമര്‍പ്പിച്ചതായിരുന്നു ആ ജീവിതം. മുസ്‌നദുല്‍ ഇമാം അഹ്‌മദ് ഹദീസ് ഗ്രന്ഥങ്ങളില്‍ ലോക പ്രശസ്‌തമാണ്. ഇമാം ബുഖാരി (റ) അടക്കമുള്ള നിരവധി മുഹദിസുകളുടെ വഴികാട്ടിയായിരുന്നു ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍(റ). ഹദീസ് സമാഹാരങ്ങളില്‍ ഏറ്റവും പ്രമാണിക യോഗ്യമാണ് സ്വഹീഹുല്‍ ബുഖാരി. ഖുര്‍ആന്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ആധികാരികവും പ്രാമാണികവുമായി സ്വഹീഹുല്‍ ബുഖാരി ഗണിക്കപ്പെടുന്നു. ഇങ്ങനെ ഒരു ഹദീസ് ഗ്രന്ഥം രചിക്കാന്‍ ഇമാം ബുഖാരിയെ പ്രേരിപ്പിച്ച പല സംഭവങ്ങളുമുണ്ട്.
ഇമാം ബുഖാരി(റ) പറയുന്നു. “ഒരിക്കല്‍ ഞാന്‍ നബി(സ)യെ സ്വപ്‌നത്തില്‍ ദര്‍ശിച്ചു. ഞാന്‍ നബി(സ) യുടെ മുമ്പില്‍ നില്‍ക്കുകയായിരുന്നു. എന്റെ കൈയില്‍ ഒരു വിശറിയുണ്ട്. അത് കൊണ്ട് ഞാന്‍ നബി(സ) യെ തൊട്ട് തട്ടിയകറ്റുന്നു.” ഈ സ്വപ്‌നത്തെക്കുറിച്ച് സമര്‍ത്ഥനായ ഒരു വ്യാഖ്യാതാവിനോട് ഞാന്‍ ചോദിച്ചു. അയാള്‍ പറഞ്ഞു. “താങ്കള്‍ നബി(സ)യെ തൊട്ട് കളവിനെ പ്രതിരോധിക്കും. ഇതാണ് സ്വഹീഹിനെ രചിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
കുളിക്കുകയും രണ്ട് റക്‌അത്ത് നിസ്‌കരിക്കുകയും ചെയ്‌തശേഷമാണ് സ്വഹീഹിലെ ഓരോ ഹദീസും ഞാന്‍ എഴുതിയിട്ടുള്ളതെന്ന് ഇമാം ബുഖാരി(റ) മറ്റൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.
ഇമാം മുസ്‌ലിം(206-261)ന്റെ സ്വഹീഹ്‌മുസ്‌ലീം, ഇമാം അബൂദംവൂദ്(റ) (202 -275) ന്റെ സുനന്‍, ഇമാം തുര്‍മുദി (റ) (209 – 279) ന്റെ ജാമി ഉതുര്‍മുദി , ഇമാം നസാഇ(റ) (215 – 303)ന്റെ സുജന്‍ ഇമാം ഇബ്‌നുമാജ(റ) (209 – 273) ന്റെ സുനന്‍, ഇമാം ത്വബറാനി(റ) (260 – 360)ന്റെ ഹദീസ് സമാഹാരം, അബൂയഅ്‌ല(റ) (210 – 302) ന്റെ മൂസ്‌നദുല്‍ കബീര്‍, ഇമാം ബൈഹഖി(റ) (384 – 458)ന്റെ പത്ത് വാല്യങ്ങളില്‍ സമാഹരിച്ച സുനന്‍. തുടങ്ങിയവ എടുത്തു പറയേണ്ട ഹദീസ് ഗ്രന്ഥങ്ങളാണ്.
നബി(സ) സ്വയം പ്രകീര്‍ത്തിച്ചു പറഞ്ഞ ഹദീസുകള്‍ വിശ്രുതമായ എല്ലാ ഹദീസ് സമാഹാരങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാ. അനസ്(റ)ല്‍ നിന്ന് നിവേദനം: “നബി (സ) പറഞ്ഞു: അന്ത്യനാളില്‍ ഏറ്റവും കൂടുതല്‍ അനുയായികള്‍ ഉണ്ടാവുക എനിക്കാണ്. ആദ്യമായി സ്വര്‍ഗ കവാടം മുട്ടുന്നതും ഞാനാണ്.” (മുസ്‌ലിം)
നബി(സ) പറഞ്ഞു: “ഇബ്‌റാഹീം (അ) അല്ലാഹുവിന്റെ ഖലീലാണ്. മൂസ(അ) അല്ലാഹുവിന്റെ കലീമാണ് (സംഭാഷണം നടത്തിയ ആള്‍) ഈസ(അ) അല്ലാഹുവിന്റെ ആത്മാവും വചനവുമാണ്. എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ ഹബീബാണ്. (സ്‌നേഹിതന്‍) ഞാനിത് ദുരഭിമാനം പറയുകയല്ല. അന്ത്യദിനത്തില്‍ ലിവാ ഉല്‍ഹംദിന്റെ വാഹകനാണു ഞാന്‍ ഇത് ദുരഭിമാനമല്ല. അന്ത്യദിനത്തില്‍ ആദ്യം ശുപാര്‍ശ ചെയ്യുന്നതും ശുപാര്‍ശ സ്വീകരിക്കപ്പെടുത്താനും എന്റേതാണ്. ദുരഭിമാനമല്ലിത്. ആദ്യമായി സ്വര്‍ഗ കവാടം ചലിപ്പിക്കുന്നത് ഞാനാണ്. അപ്പോള്‍ അല്ലാഹു എനിക്ക് വേണ്ടി സ്വര്‍ഗം തുറന്ന് തരും. ഒരു പറ്റം ദരിദ്ര വിശ്വാസികളുമായി ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. ഇത് ദുരഭിമാനം കൊണ്ട് പറയുന്നതല്ല. ഞാന്‍ മുന്‍ഗാമികളിലും പിന്‍ഗാമികളിലും ആദരണീയനാണ്. ഇത് അഭിമാനംകൊള്ളലല്ല”(തിര്‍മുദി).
നബി (സ) പറഞ്ഞു: “ഞാന്‍ വിശ്വാസികളോട് അവരുടെ സ്വന്തം ശരീരങ്ങളെക്കാള്‍ ബന്ധപ്പെട്ടിരിക്കുന്നു. കടക്കാരനായി മരിച്ച വിശ്വാസിയുടെ കടബാധ്യത ഞാന്‍ തീര്‍ക്കും. അനന്തര സ്വത്ത് ഉപേക്ഷിച്ച് മരിച്ചവരുടെ ശേഷിപ്പുകള്‍ അയാളുടെ പിന്‍ഗാമികള്‍ക്കുള്ളതാണ്”(ബുഖാരി).
ഹദീസ് ഗ്രന്ഥങ്ങള്‍ക്കു പുറമെ നിരവധി പ്രവാചക പ്രകീര്‍ത്തന ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്. ജീവചരിത്ര ഗ്രന്ഥങ്ങളുടെ പൊതു സ്വഭാവത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായ ശൈലിയിലാണ് നബി (സ) യുടെ ചരിത്രങ്ങള്‍ വിശകലനം ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു പക്ഷേ നബി (സ) ക്കു മാത്രമുള്ള സവിശേഷതയായേക്കാമത്. ഏതൊരു വ്യക്തിയുടെയും ജീവചരിത്രങ്ങളില്‍ ഒരാളുടെ ജീവിത ബന്ധിയായ ഏതാനും പരിമിതമായ അറിവുകളേ അനുവാചകര്‍ക്കു ലഭ്യമാവൂ. ജീവചരിത്ര ഗ്രന്ഥങ്ങളുടെ പൊതു സ്വഭാവത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായ ശൈലിയാണ് പ്രവാചക ചരിത്ര വിശകലനത്തിന് എക്കാലത്തുമുള്ള രചയിതാക്കള്‍ സ്വീകരിച്ചിട്ടുള്ളത്. അതാവട്ടെ സ്വയം കൃതമായി അവര്‍ കണ്ടെത്തിയതല്ല. നബി (സ) തന്നെ തന്റെ ചരിത്രത്തിനും അപദാനങ്ങള്‍ക്കും ദൈവികമായ അറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ സവിശേഷമായ ഒരു രൂപമാണിത്.
ജാഹിലിയ്യാ യുഗത്തിലെ സാമൂഹ്യ അന്തരീക്ഷം, കുടുംബ മഹിമ, വംശ പരമ്പര, ജനനത്തിന് മുമ്പ് ആമിന (റ) ക്ക് ഉണ്ടായ അത്ഭുതങ്ങള്‍. ജനനസമയത്തെ അത്ഭുത സംഭവങ്ങള്‍, മുലകുടി പ്രായത്തിലെ കഥകള്‍, ബാല്യം, കൗമാരം, യൗവ്വനം, കച്ചവട യാത്രകള്‍, യാത്രക്കിടയിലെ അമാനുഷിക സംഭവങ്ങള്‍, സമൂഹത്തിന്റെ ആദരം, നുബ്ബൂവ്വത്ത്, നുബുവ്വത്തിന് ശേഷമുള്ള സമൂഹത്തിന്റെ തിരസ്‌കരണം, ഹിജ്‌റ, മദീനയിലെ ജീവിതം, പോരാട്ടങ്ങള്‍, ഭരണ പാഠവം, അധ്യാപനം, കുടുംബ ജീവിതം, സ്വഭാവ മഹിമ, ശരീരഘടന, നിറം, തലയിലെ നരബാധിച്ച മുടികള്‍ തുടങ്ങി സാധാരണ പ്രാധാന്യമര്‍ഹിക്കാത്ത കാര്യങ്ങളായി അവഗണിക്കുന്ന പല കാര്യങ്ങളും പ്രവാചക ജീവ ചരിത്രഗ്രന്ഥങ്ങള്‍ പരാമര്‍ശിച്ചതായി കാണാനാവും. ഭൂരിഭാഗം ചരിത്ര ഗ്രന്ഥങ്ങളിലും വിവരിച്ച സമുജ്വലമായ ചില ചരിത്ര സംഭവങ്ങള്‍ വിവരിക്കുന്നത് സംഗതമായിരിക്കും.
ഇസ്‌ലാമിക പ്രബോധനത്തിന്റെ ആദ്യകാലം, ഒരിക്കല്‍ നബി (സ)യും വിശ്വസിച്ച അല്‍പം സ്വഹാബികളും മസ്‌ജിദുല്‍ ഹറാമില്‍ സംഗമിച്ചു. പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ ഖുറൈശീ കുടുംബങ്ങളും സംഗമിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ അബൂബക്‌ര്‍ (റ) നബി (സ) സമീപിച്ച് പറഞ്ഞു. “നബിയെ, പരസ്യമായി ഞാന്‍ ഖുറൈശികളെ ഇസ്‌ലാമിലേക്കു ക്ഷണിക്കട്ടെയോ?” നബി(സ) പറഞ്ഞു: “അരുത്. നമ്മള്‍ ന്യൂപക്ഷമാണ്.” പക്ഷേ, അബൂബക്‌ര്‍(റ) പരസ്യമായി പ്രഖ്യാപിക്കാന്‍ തന്നെ തീരുമാനിച്ചു. പള്ളിയില്‍ സംസാരിച്ചിരിക്കുന്നവരുടെ ശ്രദ്ധ തന്നില്‍ കേന്ദ്രീകരിപ്പിച്ച അദ്ദേഹം ഇസ്‌ലാമിനെ അവര്‍ക്കു പരിചയപ്പെടുത്തി. ഇത് കേട്ട മുശ്‌രിക്കുകള്‍ ഇരതേടി നടക്കുന്ന ഹിംസ്ര ജന്തുക്കളെപോലെ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയടുത്തു. കൈയില്‍ കിട്ടിയതുകൊണ്ടൊക്കെ അദ്ദേഹത്തെ പ്രഹരിച്ചു. മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ ബോധരഹിതനായി കിടക്കുന്ന അബൂബക്(റ)നെ കണ്ട ബനൂതൈം വാരിയെടുത്ത് വീട്ടിലേക്ക് ഓടി. അബൂബക്‌ര്‍(റ) ന്റെ ചലമനമറ്റ ശരീരത്തിനു ചുറ്റുമിരുന്ന് അവള്‍ നിലവിളിച്ചു. സന്ധ്യാ സമയത്ത് അദ്ദേഹം കണ്ണ് തുറന്നപ്പോഴാണ് അവര്‍ക്ക് സമാധാനമായത്. ബോധം തെളിഞ്ഞ അബൂബക്‌ര്‍(റ) തന്റെ ചാരത്തിരുന്ന പിതാവ് അബൂഖുഹാഫയോടും കുടുംബാംഗങ്ങളോടും നബി(സ)യെ കുറിച്ചന്വേഷിച്ചു. ഇത് കേട്ട് കോപാകുലരായ അവര്‍ അവിടെനിന്നും എഴുന്നേറ്റുപോയി. അബൂബക്‌റിനെ ശുശ്രൂഷിക്കാന്‍ മാതാവിനെ ഏല്‍പിച്ചു. ഉമ്മവന്ന് കൊണ്ട് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. ദാറുല്‍ അര്‍ഖമിലുള്ള നബി(സ) യെ കാണുംവരെ ഭക്ഷണപാനീയങ്ങള്‍ രുചിക്കില്ലെന്ന് അദ്ദേഹം ശപഥം ചെയ്‌തു.
അവസാനം അയല്‍കാരി ഉമ്മു ജമീലിന്റെ സഹായത്തോടെ മാതാവ് അബൂബക്(റ)നെ ദാറുല്‍ അര്‍ഖമിലേക്ക് കൊണ്ടുപോയി. ഇരുപേര്‍ക്കുമിടയില്‍ വേച്ചുവേച്ചുകൊണ്ടാണ് അദ്ദേഹം ദാറുല്‍ അര്‍ഖമിലെത്തിയത്. സുരക്ഷിതനും സുസ്‌മേരവധനനുമായി നില്‍ക്കുന്ന നബി(സ) യെ കണ്ടപ്പോഴാണ് അബൂബക്‌ര്‍(റ) ന് ശ്വാസം വീണു കിട്ടിയത്. ഉള്ളും ഉള്ളതും കൊടുത്ത് പ്രവാചകനെ സ്‌നേഹിച്ച അബൂബക് (റ) എന്ന അനുരാഗിയുടെ ജീവിതത്തിലെ ഒരു സംഭവംമാത്രമാണിത്. ഇത് പോലെ തിക്താനുഭവങ്ങളുണ്ടായ പരശ്ശതം സ്വഹാബിവര്യന്മാര്‍ വേറെയുമുണ്ട്.
സ്വന്തത്തെക്കാള്‍ നബിയെ അങ്ങയെ ഞാന്‍ പ്രണയിക്കുന്നു എന്ന് പ്രഖ്യാപിച്ച ഉമര്‍(റ)ന്റെ അനുരാഗ ഗാഥകളും ഹസ്‌റത്ത് അലി(റ)ന്റെ സാഹസികതകള്‍ നിറഞ്ഞ സ്‌നേഹ പ്രകടനങ്ങളും ഒരു സൈനിക നടപടിയിലൂടെ തന്റെ രക്തം കൊതിച്ച് വന്നവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടും പ്രവാചകന്റെ മദീനയുടെ മണല്‍തരികള്‍ ചോരവീണ് പങ്കിലമാവുന്നത് വെറുത്ത ഉസ്‌മാന്‍(റ)ന് ശത്രുവിന് മുമ്പില്‍ കഴുത്ത് നീട്ടി രക്തസാക്ഷിത്വം വരിക്കേണ്ടിവന്നതും അവിടത്തോടുള്ള സ്‌നേഹം കൊണ്ടായിരുന്നു. ആ തിരുനാമം കേട്ടപ്പോള്‍ കണ്ണീര്‍ വാര്‍ത്തവരും പൂമേനി കണ്ട മാത്രയില്‍ ബോധരഹിതരായവരും പുണ്യ റസൂലിന്റെ പേരെഴുതിയപ്പോള്‍ കൈ വിറച്ചവരും സ്വഹാബികളിലുണ്ടായിരുന്നു. സ്‌നേഹത്തിന്റെ സമുജ്വലമായ ഈ മുഖങ്ങളൊക്കെ അനുവാചകരെ ത്രസിപ്പിക്കും വിധമാണ് പ്രവാചക ചരിത്രകാരന്‍മാര്‍ എഴുതിവെച്ചിട്ടുള്ളത്.
പുഞ്ചിരി പുണ്യമാണെന്ന് പഠിപ്പിച്ച പുണ്യ റസൂല്‍ (സ) യെ വാളിന്റെയും സമരത്തിന്റെ വക്താവും പ്രയോക്താവുമായി ജല്‍പിക്കുന്ന വര്‍ത്തമാനത്തിലാണല്ലോ നമ്മള്‍ ജീവിക്കുന്നത്. അജ്ഞതയോ അറിവില്ലായ്‌മ നടിക്കലോ ആണ് ഇത്തരം പ്രതിലോമ പ്രചാരങ്ങളുടെ ആധാരം. പ്രവാചക പ്രകീര്‍ത്ത ഗ്രന്ഥങ്ങള്‍ ഒരാവര്‍ത്തി വായിച്ചവരാരും ഹിംസയുടെ പ്രതീകമായി ആ പുണ്യാത്മാവിനെ വാഴിക്കുകയില്ല.
റീഡേഴ്‌സ് ഡൈ ജസ്റ്റ്, ഓക്‌സ് ഫോര്‍ഡ്, കംപ്ലീറ്റ് വേള്‍ഡ് ഫൈന്‍ ഡര്‍ മുതലാല്‍ ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്‌ദതാരവലി വരെയുള്ള ഭാഷാ പഠന സഹായികളൊക്കെ മുഹമ്മദ് നബി(സ)യെ ഹിംസാത്മകമായി അവതരിപ്പിക്കാന്‍ ജിഹാദ് പോലെയുള്ള പദങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുമ്പോള്‍ ഉരുളക്കുപ്പേരി കൊടുക്കാന്‍ പ്രവാചക സ്‌നേഹികള്‍ക്ക് സസൂക്ഷ്‌മം രചിക്കപ്പെട്ട പ്രവാചക ചരിത്ര ഗ്രന്ഥങ്ങള്‍ ഏറെ സഹായകമാണ്. പ്രവാചക പ്രകീര്‍ത്തനത്തിന്റെ നിര്‍ഝരി ലോകാവസാനം വരെ നിലക്കില്ല. ആവര്‍ത്തന വിരസത കൂടാതെ ആ ജീവിതത്തിന്റെ അപവാദങ്ങളും കീര്‍ത്തനങ്ങളും ഭാഷാദേശ വൈവിധ്യങ്ങളെ വകവെക്കാതെ അനുരഗ്‌തര്‍ പഠിക്കാനും ഉള്‍കൊള്ളാനും മുന്നോട്ട് വരുന്നത് ശ്ലാഘ്യമാണ്.
Leave A Comment