പ്രവാചകാപദാനങ്ങള്‍ വാഴ്ത്തുന്ന വിവിധ ബുര്‍ദകള്‍
പുണ്യനബി(സ) അഖില ലോകര്‍ക്കും അനുഗ്രഹമായിട്ടാണ് കടന്നുവന്നത്. അല്ലാഹുവിങ്കല്‍നിന്നും ലോകര്‍ക്ക് ഇതുവരെ ലഭിച്ചതും ഇനി ലഭിക്കാനുള്ളതുമായ സകല അനുഗ്രഹങ്ങളെക്കാള്‍ മഹത്വരമാണ് പുണ്യ നബി(സ്വ)യുടെ വിശുദ്ധ നൂറിനെ ലോകത്ത് അവതീര്‍ണമാക്കിത്തന്നു എന്നുള്ളത്. നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന മഹത്തായ അനുഗ്രഹം കൊണ്ട് നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക എന്ന വിശുദ്ധ ഖുര്‍ആന്റെ സന്ദേശം ഈ ഒരു അനുഗ്രഹത്തെയാണ് ദ്യോതിപ്പിക്കുന്നത്. ലോക സൃഷ്ടിപ്പിനു തന്നെ മൂല കാരണമായിട്ടുള്ള തിരുനബി(സ്വ)യുടെ പരിശുദ്ധ നൂറ് വിശുദ്ധാത്മാക്കളുടെ മുതുകിലൂടെ ഒടുവില്‍ മക്കയിലെ കുലീന ദമ്പതിമാരായ അബ്ദുല്‍ മുത്വലിബിന്റെ മകന്‍ അബ്ദുല്ലയിലൂടെയും മഹതിയായ ആമിന ബീവിയിലൂടെ യും ഭൂജാതമാവുകയായിരുന്നു. ആ അവര്‍ണനീയ നിമിഷം മനുഷ്യരെന്നല്ല, ലോകത്തെ സകല ചരാചരങ്ങളും ആത്മഹര്‍ഷത്തോടെയാണ് സ്മരിക്കുന്നത്. മൗലിദാഘോഷത്തെ മുസ്‌ലിം ലോകം കൈവിടാതെ വര്‍ഷാവര്‍ഷം കൊണ്ടാടുന്നതിന്റെ അടിസ്ഥാനം ഇതാണ്.
തിരുനബി(സ്വ)യെന്ന അതിമഹത്തായ അനുഗ്രഹം സിദ്ധിച്ച സമൂഹമെന്ന നിലയ്ക്ക് ആ അതുല്ല്യമായ അനുഗ്രഹത്തെ കീര്‍ത്തിക്കുന്ന സാഹിത്യ ശാഖകള്‍ നബി(സ്വ)യുടെ കാലം തൊട്ടേ മുസ്‌ലിം ലോകത്ത് സജീവമാണ് എന്നത് ചരിത്രസത്യമാണ്. എന്നാല്‍, ഇതര സാഹിത്യശാഖകളെക്കാള്‍ നബി കീര്‍ത്തനത്തെ കൊണ്ടാടുന്നത് പ്രധാനമായും അറബി കവിതകളാണ്. നബികീര്‍ത്തനത്തെ വാനോളമുയര്‍ത്തിയ ഇത്തരം ഖസ്വീദകളില്‍ പ്രവാചകാനുരാകത്തിന്റെ തിരതല്ലുന്ന കാവ്യതല്ലജങ്ങളാണ് ചരിത്രത്തില്‍ ഇന്നോളം വിരചിതമായ ബുര്‍ദകള്‍. ചരിത്രപരമായും സാമൂഹിക രാഷ്ട്രീയ വീക്ഷണങ്ങളുടെയും പിന്‍ബലത്തില്‍ ബുര്‍ദകളെ പ്രധാനമായും മൂന്നു ഘട്ടങ്ങളായി നമുക്ക് തരം തിരിക്കാം. അതില്‍ ഒന്നാം ഘട്ടം പ്രവാചക കാലഘട്ടമായാണു പരിഗണിക്കുന്നത്. മഹാനായ കഅ്ബ് ബിനു സൂഹൈര്‍(റ)ന്റെ (ബാനത്ത് സുആദ്) എന്ന ബുര്‍ദാ സമാഹാരമാണ് ഈ കാലഘട്ടത്തിലെ പദ്യസാഹിത്യത്തില്‍ നബികീര്‍ത്തനത്തെ മനോഹരമായി അനാവരണം ചെയ്യുന്നത്. അടുത്തതായി, മദ്ധ്യകാലഘട്ടത്തില്‍ വിരചിതമായിട്ടുള്ള നബികീര്‍ത്തന സാഹിത്യത്തില്‍ എന്തുകൊണ്ടും പരിഗണനീയമാണ് പ്രവാചക കാലഘട്ടത്തിനു 600 വര്‍ഷക്കാലം പിന്നിട്ട് വിരചിതമായ മഹാനായ ഇമാം ബൂസ്വീരിയുടെ (അല്‍- കവാകിബു ദുരിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ) എന്ന വിഖ്യാതമായ ബുര്‍ദത്തുല്‍ ബൂസ്വീരി. മൂന്നാമതായി ആധുനിക കാലത്ത് രചിക്കപ്പെട്ട, ആധുനിക അറബി കവിത്വത്തിന് പുനര്‍ജീവന്‍ നല്‍കിയ അഹ്മദ് ശൗഖിയുടെ പ്രവാചകാനുരാഗത്തെ വിളിച്ചോതുന്ന (നഹ്ജുല്‍ ബുര്‍ദ) എന്ന നബികീര്‍ത്തന സമാഹാരവുമാണ്. ചരിത്രത്തിന്റെ വ്യത്യസ്ഥമായ ദശാസന്ധികളില്‍ വിരചിതമാക്കപ്പെട്ട ഈ മൂന്നു കൃതികളും നബികീര്‍ത്തനത്തിന്റെ പാരമ്യതകൊണ്ടും രചനാ വൈഭവം കൊണ്ടും ഇതര കവിതകളില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണ്. നബികീര്‍ത്തന സാഹിത്യങ്ങള്‍ പ്രധാനമായും നബികീര്‍ത്തന കാവ്യങ്ങള്‍ അനാചാരമെന്നും ഒന്നിനും കൊള്ളാത്ത വാറോലകളെന്നും ഉദ്‌ഘോഷിക്കുന്ന നവീന വാദികള്‍ക്ക് വന്നുപെട്ട ചരിത്രപരവും ചിന്താപരവുമായ പിഷകുകള്‍ വ്യക്തമാക്കിത്തരുന്നതാണ് ഇത്തരം കാവ്യശില്‍പ്പങ്ങള്‍.
ബുര്‍ദതു-കഅ്ബ്
പ്രവാചക കാലത്തുതന്നെ വിരചിതമായ കഅ്ബുബ്‌നു സുഹൈര്‍(റ)വിന്റെ (ബാനത്ത് സുആദ്) എന്ന ഖസ്വീദയാണ് ബുര്‍ദതു കഅ്ബ്. ബുര്‍ദ എന്ന നബികീര്‍ത്തന പദ്യശാഖയ്ക്ക് ആധാരശില പാകിയത് കാവ്യസമാഹാരമാണ്. ജാഹിലിയ്യാ കവികളില്‍ പ്രധാനിയായിരുന്ന കഅ്ബ് ഒരുകാലത്ത് പ്രവാചകനെയും ഇസ്‌ലാമിനെയും തന്റെ വാക്കുകള്‍ കൊണ്ട് കടന്നാക്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ആക്ഷേപം അസഹനീയമായപ്പോള്‍ നബി(സ്വ) കഅ്ബിനെ കൊല്ലാന്‍ കല്‍പ്പിക്കുകയും ഒടുവില്‍ ഗത്യന്തരമില്ലാതെ അദ്ദേഹം 57 ഓളം വരികളുള്ള ഒരു കവിത രചിക്കുകയും അബൂബക്ര്‍(റ)വിനെ മധ്യവര്‍ത്തിയാക്കി നിര്‍ത്തി തിരുസന്നിധിയിലെത്തുകയും തന്റെ ഇസ്‌ലാമാശ്ലേഷണത്തെ പരസ്യമാക്കുകയും വിഖ്യാതമായ (ബാനത്ത് സുആദ്) എന്ന ബുര്‍ദ കഅ്ബ് ആലപിക്കുകയും ചെയ്തു. ജാഹിലിയ്യാ ശൈലിയില്‍ തന്റെ കാമുകിയെ വര്‍ണിക്കുന്ന 13 വരികളില്‍ തുടങ്ങുകയും ശേഷം തന്റെ ഒട്ടകത്തിന്റെ വര്‍ണനയിലേക്ക് നീങ്ങുകയും തുടര്‍ന്ന് നബി(സ്വ) വിശേഷിപ്പിക്കുകയും ഒടുവില്‍ നബി കീര്‍ത്തനത്തിന്റെ പാരമ്യതയെ പുല്‍കുന്ന 13 വരികളും ഖുറൈശികളില്‍ നിന്നുള്ള മുഹാജിറുകളെ പുകയ്ത്തുന്ന എഴു വരികളില്‍ അവസാനിക്കുന്നതുമാണ് ഇതിന്റെ ഘടന. ജാഹിലിയ്യാ കാവ്യശൈലിയില്‍ വിരചിതമായ ഈ കവിത നബികീര്‍ത്തന കവിതകളില്‍ പ്രഥമമാണ് എന്നതിലപ്പുറം പ്രവാചകര്‍(സ്വ)യിലടങ്ങിയിരുന്ന വിശിഷ്ട ഗുണങ്ങളെ നിഷ്പക്ഷമായി വിലയിരുത്തുന്നു. നബി(സ്വ) കണ്‍മുന്നില്‍ കണ്ട് തിരുസന്നിധിയില്‍ ആലപിക്കപ്പെട്ട പ്രസ്തുത കവിത ഒരു ദൃക്‌സാക്ഷി വിവരണവും അതിലുപരി നബി കീര്‍ത്തനത്തിന്റെ പ്രാധാന്യത്തെ വിളിച്ചറിയിക്കുന്നതുമാണ്. പ്രവാചകന്‍(സ്വ) കഅ്ബ്(റ)നു മാപ്പ് നല്‍കുകയും അദ്ദേഹത്തിന്റെ വരികളില്‍ സന്തോഷം പ്രകടിപ്പിക്കുകയും തന്റെ തോളത്ത് കിടന്നിരുന്ന ഒരു ശാളെടുത്ത് അദ്ദേഹത്തെ അണിയിച്ച് ആദരിക്കുകയും ചെയ്തു. നബി(സ്വ) തന്റെ ബുര്‍ദ് (ശാള്) നല്‍കി് എന്ന കാരണത്താല്‍ ഇത് ബുര്‍ദ എന്ന പേരില്‍ അറിയപ്പെട്ടു.
ബുര്‍ദത്തുല്‍-ബൂസ്വീരി
പ്രവാചകാനുരാഗത്തിന്റെ പാരമ്യത പൂണ്ട കാവ്യശില്‍പമാണ് മഹാനായ ഇമാം ബൂസ്വീരിയുടെ അല്‍-മവാഹിബുദ്ദുരിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ എന്ന ബുര്‍ദത്തുല്‍ ബൂസ്വീരി. കഅ്ബ് ബ്‌നു സൂഹൈര്‍(റ)വിന്റെ ബുര്‍ദ വിരചിതമായ പ്രവാചക കാലഘട്ടത്തിനു ശേഷം 600 വര്‍ഷം പിന്നിട്ടാണ് ബുര്‍ദത്തുല്‍ ബൂസ്വീരി വിരചിതമാകുന്നത്. കഅ്ബ്(റ) വിനെ പിന്തുടര്‍ന്നാണ് മഹാനവര്‍കള്‍ തന്റെ ബുര്‍ദ രചിക്കുന്നതെങ്കിലും ഇരു കവിതകളും തമ്മില്‍ വ്യത്യാസമുണ്ട്. ബാനത്ത് സുആദ് രചിക്കപ്പെടുന്നത് പ്രവാചകരോടുള്ള ഭയം കാരണമായും തിരുസന്നിധിയില്‍ വച്ച് തനിക്ക് മാപ്പ് ലഭിക്കാന്‍ വേണ്ടിയുമാണെങ്കില്‍ തിരുനബിയോടുള്ള അഭേദ്യമായുള്ള അനുരാഗത്തില്‍ നിന്നാണ് ബുര്‍ദത്തുല്‍ ബൂസ്വീരി രചിക്കപ്പെട്ടത്. തനിക്ക് വന്നു ഭവിച്ച തളര്‍വാതത്തില്‍നിന്നു മുക്തിനേടാനാണ് മഹാനവര്‍കള്‍ ബുര്‍ദ രചിച്ചതെന്നും തദ്ഫലം നബി(സ്വ) സ്വപ്‌നത്തില്‍ വന്ന് അദ്ദേഹത്തിന്റെ മുഖം തടവുകയും രോഗം ഭേതമാവുകയും ചെയ്തുവെന്ന് ചരിത്രത്തില്‍ കാണാം. ഇതിനാല്‍ ഇത് 'ബുര്‍അ് ദാഅ് എന്ന പേരിലും അറിയപ്പെടാറുണ്ട്. മദ്ധ്യകാലത്തെ ഇസ്‌ലാമിക ലോകത്തിന്റെ അവസ്ഥയും കുരിശു യുദ്ധാനന്തരം മുസ്‌ലിം ലോകത്ത് അറങ്ങേറിയ അരാജകത്വങ്ങളില്‍ നിന്നും ഒഴിഞ്ഞ് ഇലാഹീ മാര്‍ഗം മുറുകെ പിടിച്ച സൂഫി പ്രസ്ഥാനങ്ങളുടെ ആശയങ്ങള്‍ ബുര്‍ദയില്‍ നിഴലിച്ചുകാണാം. ഇതില്‍ ഇലാഹിയായ അനുരാഗം എന്നതിലപ്പുറം മുഹമ്മദിയ്യ അനുരാഗത്തില്‍ ലയിക്കുന്ന കവി തസ്വവ്വുഫുല്‍ മുഹമ്മദിയ്യയെ ആണ് പ്രോത്സാഹിപ്പിക്കുന്നത്. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടു മുതല്‍ മൗലിദാഘോഷങ്ങളും നബി കീര്‍ത്തനങ്ങളും ഇസ്‌ലാമിക ലോകത്ത് പ്രചുരപ്രചാരം നേടിയത് ഈ ഒരു കാലത്തായിരുന്നു. അതിനാല്‍ പില്‍ക്കാലത്ത് ബുര്‍ദാ പാരായണം സല്‍കര്‍മമായും നബി(സ്വ)യോട് ശഫാഅത്ത് ചോദിക്കുന്ന ഉദാത്ത മാധ്യമമായും ബുര്‍ദ കണക്കാക്കപ്പെട്ടു. ഇശ്ഖിന്റെ അതിര്‍വരമ്പുകളെ ലങ്കിച്ചെന്നു തോന്നുന്ന ബുര്‍ദയിലെ കവി മനസ്സിനെ പലരും ആക്ഷേപിക്കാറുണ്ട്. എന്നാല്‍, അവ ബാഹ്യമായ അര്‍ത്ഥതലങ്ങളെക്കാളുപരി ആത്മീയമായ വശങ്ങളെ ഉള്‍ക്കൊള്ളുന്നതും പ്രവാചകാനുരാഗത്തിലുള്ള (ഫനാഅ്) ന്റെ തലങ്ങള്‍ ഉള്‍ക്കൊള്ളുന്നവയുമാണ്. ബുര്‍ദയില്‍ പ്രവാചകനോടുളള തവസ്സുലും ഇസ്തിഗാസയും പേര്‍ത്തും പേര്‍ത്തും ആവര്‍ത്തിക്കപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.
ബുര്‍ദതു-അഹ്മദ്ശൗഖി
ആധുനിക അറബി കവിത്വത്തിന് നവ ജീവന്‍ പകര്‍ന്നു നല്‍കിയ അഹ്മദ് ശൗഖിയുടെ 190 വരികളുള്ള 'നഹ്ജുല്‍ ബുര്‍ദ' യാണ് നവയുഗത്തില്‍ നബികീര്‍ത്തനത്തെ വാനോളമുയര്‍ത്തിയ ബുര്‍ദ സമാഹാരം. ഇമാം ബൂസ്വീരിയുടെ ബുര്‍ദയില്‍ നിന്ന് ബര്‍ക്കത്തെടുത്തുകൊണ്ടായിരുന്നു ഈ കവിത രചിക്കപ്പെട്ടത്. ബുര്‍ദത്തുല്‍ ബൂസ്വീരിയുടെ അതേ വൃത്തത്തിലും ഇതിവൃത്തത്തിലും രചിക്കപ്പെട്ട ഈ കവിതാ സമാഹാരം 1227ല്‍ തന്റെ അവസാന ഹജ്ജ് യാത്രയുടെ സ്മരണക്കായി സുല്‍ത്താന്‍ അബ്ബാസ് രണ്ടാമനു സമര്‍പ്പിച്ചതാണീ കാവ്യസമാഹാരം. സൃഷ്ടികളില്‍ ഉത്കൃഷ്ടനും പരിപൂര്‍ണ മനുഷ്യനുമായി ശൗഖി തന്റെ ബുര്‍ദയില്‍ പ്രവാചകന്‍(സ്വ)യെ അനാവരണം ചെയ്യുമ്പോഴും ഇമാം ബൂസ്വീരിയിലെ സമാനതകളില്ലാത്ത വര്‍ണനകളും വിശേഷണങ്ങളും അദ്ദേഹം അനുകരിക്കുന്നില്ല. മഹാനായ ബൂസ്വീരി ഇമാമിന്റെ ബുര്‍ദയിലെന്ന പോലെ ശൗഖി തന്റെ കവിതയില്‍ നബി(സ്വ)യോട് ശഫാഅത്തു കേഴുന്നെങ്കിലും ശൗഖിയുടെ ബുര്‍ദയില്‍ സ്വശരീരം എന്നതിലുപരി മുഴുവന്‍ മുസ്‌ലിമീങ്ങളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.
Leave A Comment