മദീനാജീവിതവും പ്രതിരോധസമരങ്ങളും

<img class="alignleft wp-image-15018" data-cke-saved-src="http://www.islamonweb.net/wp-content/uploads/2012/04/1.jpg" src="http://www.islamonweb.net/wp-content/uploads/2012/04/1.jpg" alt=" width=" 390"="" style="float: left; height: 238px;">പ്രവാചകന്‍ മദീനയിലെത്തിയതോടെ ഇസ്‌ലാമിന് സുസജ്ജവും സംഘടിതവുമായൊരു രൂപം കൈവന്നു. വിശ്വാസപരവും അനുഷ്ഠാനപരവുമായ വശങ്ങള്‍ സമ്പൂര്‍ണമായും അവതരിക്കുകയും അവക്കൊരു പ്രായോഗിക തലം കൈവരുകയും ചെയ്തു. അതോടൊപ്പം ഇസ്‌ലാമിക സിദ്ധാന്തങ്ങളെ നിര്‍ഭയം പ്രചരിപ്പിക്കാന്‍ അനുയുക്തമായ ഒരു ഭൂമിക രൂപപ്പെട്ടുവന്നതോടൊപ്പം അവ ശിരസ്സാവഹിക്കാനും ജീവിതത്തില്‍ പകര്‍ത്താനും തയ്യാറായ ഒരു തലമുറ വളര്‍ന്നുവരുകയുണ്ടായി. ചരിത്രത്തില്‍ പ്രവാചകരുടെ മദീനാജീവിത കാലം ഇസ്‌ലാമിക ചിന്തയുടെ പ്രകാശന കാലമായിരുന്നതായി കാണാന്‍ സാധിക്കും.

പക്ഷെ, മദീനയിലും സ്വച്ഛന്തമായൊരു അന്തരീക്ഷം കൂടുതല്‍ കാലം നീണ്ടുനിന്നില്ല. ഇസ്‌ലാമിന്റെ അസൂയാവഹമായ വളര്‍ച്ചയില്‍ വിറളിപൂണ്ട ശത്രുക്കള്‍ രംഗത്തിറങ്ങുകയും ഇസ്‌ലാമിനെതിരെ സംഘടിക്കുകയും ചെയ്തു. മക്കയില്‍ പ്രധാനമായും മുശ്‌രിക്കുകള്‍ മാത്രമായിരുന്നു ഇസ്‌ലാമിന്റെ മുഖ്യശത്രുവായി രംഗത്തുണ്ടായിരുന്നതെങ്കില്‍ മദീനയില്‍ ഈ സ്ഥാനത്ത് മൂന്ന് വിഭാഗം ആളുകളുണ്ടായിരുന്നു. ജൂതന്മാരും മുനാഫിഖുകളും മുശ്‌രിക്കുകളുമായിരുന്നു അവര്‍. ഇസ്‌ലാമിന്റെ പ്രകാശം നിഷ്പ്രഭമാക്കാന്‍ കൈകോര്‍ത്തു പിടിച്ച അവര്‍ അതിനുവേണ്ടി സര്‍വ്വ സന്നാഹങ്ങളും ഒരുക്കുകയും വന്‍ സൈന്യങ്ങളെ സങ്കടിപ്പിച്ച് യുദ്ധങ്ങള്‍ നടത്തുകയും ചെയ്തു. പക്ഷെ, അല്ലാഹു അവന്റെ ദീനിന്റെ പ്രകാശം അണയാതെ നിലനിര്‍ത്തുകയായിരുന്നു.

ജൂതന്മാര്‍ ഇസ്‌ലാമിനെതിരെ

മദീനയിലെത്തിയ പ്രവാചകന്‍ ജൂതന്മാരുമായി നല്ലനിലയില്‍ പോവാന്‍ അവരുമായി ഒരു കരാറില്‍ ഒപ്പുവെച്ചിരുന്നുവെങ്കിലും ഒടുവില്‍ അവര്‍ തന്നെ അത് പൊളിച്ചു. ഇസ്‌ലാമിന്റെ സുഗമമായ വളര്‍ച്ചയും വിശ്വാസികളുടെ നിര്‍ഭയമായ ജീവിതവും മുന്നില്‍ കണ്ടായിരുന്നു പ്രവാചകന്‍ ഈ ഉടമ്പടിക്കു തയ്യാറായിരുന്നത്. പക്ഷെ, ഇസ്‌ലാമിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ച കണ്ട് സഹിക്കവയ്യാതായ അവര്‍
നിഷ്‌കരുണം അതിനെ ദുര്‍ബലപ്പെടുത്തുകയും ഇസ്‌ലാമിനെതിരെ രംഗത്തിറങ്ങുകയുമായിരുന്നു.

മഹാനായ മൂസാ നബിയുടെ അതേ സന്ദേശം തന്നെയാണ് പ്രവാചകനും പ്രചരിപ്പിച്ചിരുന്നതെങ്കിലും ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍നിന്നും അവരെന്നും ശത്രുതാമനോഭാവത്തോടെ മാറിനില്‍ക്കുകയാണ് ചെയ്തിരുന്നത്. പ്രധാനമായും ഈ ശത്രുതക്ക് മൂന്നു കാരണങ്ങള്‍ കാണാം: വിശ്വപ്രവാചകനായി മുഹമ്മദ് നബിയും വിശ്വമതമായി ഇസ്‌ലാമും അവതരിക്കപ്പെട്ടതിലെ അസൂയയായിരുന്നു അതിലൊന്ന്. മതപരമായും സാമ്പത്തികമായും കച്ചവടപരമായും മദീനയില്‍ തങ്ങളെക്കാള്‍ മുസ്‌ലിംകള്‍ക്ക് അധികാരവും മേല്‍ക്കോഴ്മയും നേടാന്‍ കഴിഞ്ഞുവെന്നതായിരുന്നു മറ്റൊരു കാരണം. വിശുദ്ധ ഖുര്‍ആന്‍ തങ്ങളുടെ ചരിത്രവും രഹസ്യങ്ങളും പച്ചയായി പുറത്തു പറഞ്ഞുവെന്നതായിരുന്നു മൂന്നാമത്തെ കാരണം. ഇവയെയെല്ലാം മുന്‍നിര്‍ത്തി, മദീനയില്‍ മുസ്‌ലിംകളുടെ സാന്നിധ്യം തങ്ങള്‍ക്ക് ഭീഷണിയായിരിക്കുമെന്ന് മനസ്സിലാക്കിയ അവര്‍ പ്രവാചകനും വിശ്വാസികള്‍ക്കുമെതിരെ ശക്തമായി രംഗത്തിറങ്ങുകയായിരുന്നു.

മുനാഫിഖുകളുടെ രംഗപ്രവേശം

മദീനയില്‍ പ്രവാചകന് അഭിമുഖീകരിക്കേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു മുനാഫിഖുകള്‍ അഥവാ കപടവിശ്വാസികള്‍. പ്രത്യക്ഷത്തില്‍ ഇസ്‌ലാമിന് ഉള്ളില്‍ നില്‍ക്കുകയും പ്രവാചകരെയും അനുയായികളെയും ഒറ്റുകൊടുക്കുകയും ചെയ്തിരുന്നവരായിരുന്നു അവര്‍. സന്തോഷ ഘട്ടങ്ങള്‍ വരുമ്പോള്‍ ഉപകാരം ലഭിക്കാനായി മുസ്‌ലിംകളോടൊപ്പം നിന്ന അവര്‍ യുദ്ധംപോലെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ അതില്‍നിന്നും പിന്തിരിയുകയും വിശ്വാസികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

മദീനയില്‍ ഇസ്‌ലാമെത്തിയപ്പോള്‍ അബ്ദുല്ലാഹ് ബിന്‍ സലാമിനെ പോലെയുള്ള പല ജൂത പ്രമുഖരും ഇസ്‌ലാമാശ്ലേഷിച്ചിരുന്നു. എന്നാല്‍, മദീനയിലെ അധികാരം മോഹിച്ച് അവസരം കാത്തിരിക്കുകയായിരുന്നു പലരെയും ഇത് ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കളാക്കി മാറ്റി. ഇസ്‌ലാം വന്നതോടെ ആദ്യകാല സംവിധാനങ്ങളെല്ലാം തകിടംമറിയുകയും അധികാരം മുസ്‌ലിംകരങ്ങളില്‍ ഭദ്രമാവുകയും ചെയ്തുവെന്നതായിരുന്നു ഇതിനു കാരണം. അതുകൊണ്ടുതന്നെ, കാപട്യത്തിന്റെ കുപ്പായമണിഞ്ഞ് അവര്‍ ഇസ്‌ലാമിനെതിരെ ഒളിഞ്ഞിരിക്കുകയായിരുന്നു. അബ്ദുല്ലാഹ് ബിന്‍ ഉബയ്യ് ബിന്‍ സലൂല്‍ ആയിരുന്നു ഇവരുടെ നേതാവ്. ഇസ്‌ലാമിനും പ്രവാചകര്‍ക്കുമെതിരെ അദ്ദേഹവും അനുയായികളും ചെയ്ത ക്രൂരതകള്‍ക്ക് കയ്യും കണക്കുമില്ല.

മുശ്‌രിക്കുകള്‍ വീണ്ടും

മക്കയിലെ മുശ്‌രിക്കുകളായിരുന്നു മദീനയില്‍ പ്രവാചകന് അഭിമുഖീകരിക്കേണ്ടിവന്ന മൂന്നാമതൊരു വിഭാഗം. മറ്റു രണ്ടു വിഭാഗങ്ങളും മദീനക്കുള്ളില്‍നിന്നും എതിര്‍ത്തപ്പോള്‍ ഇവര്‍ മദീനക്കു പുറത്തുനിന്നും ഭീഷണിയുയര്‍ത്തി. മക്കയില്‍നിന്നും പ്രവാചകരെയും അനുയായികളെയും കണക്കിന് പീഢിപ്പിക്കുകയും മര്‍ദ്ധനങ്ങള്‍ സഹിക്കവയ്യാതെ മദീനയിലേക്ക് ഒളിച്ചോടുകയും ചെയ്തതോടെ എല്ലാം കഴിഞ്ഞുവെന്നായിരുന്നു അവരുടെ ധാരണ. എന്നാല്‍ മദീനയില്‍ ഇസ്‌ലാം തഴച്ചുവളരുകയും ഒരു ശക്തിയായിമാറുകയും ചെയ്തപ്പോള്‍ അതിനെതിരെ അവര്‍ വീണ്ടും രംഗത്തെത്തി. മുശ്‌രിക്കുകള്‍ സംഘടിക്കുകയും ജൂതന്മാരുടെയും മുനാഫിഖുകളുടെയും സഹകരണത്തോടെ മുസ്‌ലിംകളെ പീഢിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു.

യുദ്ധത്തിനുള്ള അനുമതി

മദീനയിലും പ്രവാചകര്‍ക്കും അനുയായികള്‍ക്കും ജീവിതം ദുസ്സഹമായി. നാനാ ഭാഗത്തുനിന്നും പീഢനങ്ങളും മര്‍ദ്ദനങ്ങളും ശക്തിപ്പെട്ടു. എന്തു ചെയ്യണമെന്നറിയാതെ പ്രവാചകന്‍ അല്ലാഹുവിനോട് സഹായം തേടി. അപ്പോഴാണ് തങ്ങള്‍ക്കുനേരെ മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്കെതിരെ പ്രതിരോധാര്‍ത്ഥം  യുദ്ധവുമായി രംഗത്തിറങ്ങാന്‍ മുസ്‌ലിംകള്‍ക്ക് അനുമതി ലഭിക്കുന്നത്. ജിബ്‌രീല്‍ (അ) ഇറങ്ങിവന്ന് സൂറത്തുല്‍ ഹജ്ജിലെ 39 ാം സൂക്തം അവതരിച്ചു: ‘യുദ്ധത്തിന് ഇരയാവുന്നവര്‍ക്ക്, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. നിശ്ചയം അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുന്നള്ളവനാകുന്നു’. ഹിജ്‌റ വര്‍ഷം രണ്ട് സ്വഫര്‍ മാസം പന്ത്രണ്ടിനായിരുന്നു ഇത്. ശേഷം, യുദ്ധവുമായി ബന്ധപ്പെട്ട അനവധി സൂക്തങ്ങല്‍ അവതരിച്ചു. യുദ്ധത്തില്‍ സ്വീകരിക്കേണ്ട നയനിലപാടുകളെക്കുറിച്ചും ശൈലികളെക്കുറിച്ചും അതില്‍ വിവരിക്കപ്പെട്ടു. ഇതോടെ, പ്രവാചകരും അനുയായികളും ഇസ്‌ലാമിന്റെ സംരക്ഷണത്തിനുവേണ്ടി, പ്രതിരോധാര്‍ത്ഥം യുദ്ധമുഖത്തിറങ്ങി. മുസ്‌ലിം അംഗബലം കൂടുകയും ഒരു ഇസ്‌ലാമിക രാഷ്ട്രമായി മദീന മാറുകയും ചെയ്തതിനു ശേഷമായിരുന്നു ഇത്.

ഇസ്‌ലാമിലെ യുദ്ധങ്ങള്‍
മതമൂല്യങ്ങളുടെ സംരക്ഷണാര്‍ത്ഥം ഇസ്‌ലാമില്‍ അനവധി യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ പ്രവേചകന്‍ നേരിട്ടു പങ്കെടുത്തവയും പങ്കെടുക്കാതെ അനുചരന്മാരെ പറഞ്ഞയച്ചവയുമുണ്ട്. പ്രവാചകന്‍ പങ്കെടുത്ത യുദ്ധങ്ങല്‍ ഗസ്‌വത്ത് എന്നും പങ്കെടുക്കാത്ത യുദ്ധങ്ങള്‍ സരിയ്യത്ത് എന്നും അറിയപ്പെടുന്നു. പ്രവാചകന്‍ പങ്കെടുത്ത യുദ്ധങ്ങള്‍ 27 എണ്ണമാണ്. ഇതില്‍ ആദ്യത്തെത് ഹിജ്‌റ രണ്ട് സ്വഫര്‍ മാസത്തില്‍ നടന്ന വദ്ദാന്‍ യുദ്ധവും അവസാനത്തെത് ഹിജ്‌റ ഒമ്പത് റജബ് മാസത്തില്‍ നടന്ന തബൂക്ക് യുദ്ധവുമാണ്. പ്രവാചകന്‍ പങ്കെടുത്തവയില്‍ തന്നെ എട്ടെണ്ണത്തില്‍ മാത്രമേ യുദ്ധം നടന്നിട്ടുള്ളൂ. ബാക്കിയുള്ളവയില്‍ തര്‍ക്കവും പ്രശ്‌നവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബദ്ര്‍, ഉഹ്ദ്, ബനൂ മുസ്ഥലിഖ്, ഖന്തഖ്, ബനൂ ഖുറൈള, ഖൈബര്‍, ഹുനൈന്‍, ഥാഇഫ് എന്നിവയാണ് പടയോട്ടം നടന്ന എട്ടു യുദ്ധങ്ങള്‍. പലതിലും പങ്കെടുത്തിട്ടുണ്ടെങ്കിലും പ്രവാചകന്‍ നേരിട്ടു പോരാടിയത് ഒരേയൊരു യുദ്ധത്തില്‍ മാത്രമാണ്. ഉഹ്ദ് യുദ്ധമായിരുന്നു അത്. അതില്‍ പ്രവാചകരുടെ മുന്‍പല്ല് പൊട്ടുകയും മുഖത്ത് മുറിവ് പറ്റുകയും ചെയ്തിരുന്നു. പ്രവാചകരുടെ കൈകൊണ്ട് വധിക്കപ്പെട്ടത് ഒരേയൊരു വ്യക്തിയും. ഉബയ്യ് ബിന്‍ ഖലഫ് എന്ന വ്യക്തിയായിരുന്നു അത്. ഉഹ്ദ് യുദ്ധത്തിലായിരുന്നു സംഭവം.

ഇസ്‌ലാമില്‍ പ്രവാചകന്‍ പങ്കെടുക്കാത്ത നാല്‍പത്തിയേഴോളം യുദ്ധങ്ങള്‍ (സരിയ്യത്ത്) നടന്നിട്ടുണ്ട്. മദീനാകാലത്തിന്റെ തുടക്കത്തില്‍ ഹംസ (റ) വിന്റെ നേതൃത്വത്തില്‍ നടന്നതായിരുന്നു അതില്‍ ആദ്യത്തെത്. ഹിജ്‌റ വര്‍ഷം പതിനൊന്ന് സ്വഫര്‍ മാസത്തില്‍ ഉസാമ (റ) വിന്റെ നേതൃത്വത്തില്‍ നടന്നത് അവസാനത്തെതും.

മൊത്തത്തില്‍ പ്രവാചകരുടെ കാലത്ത് നടന്ന യുദ്ധങ്ങള്‍ 74 ആണ്. ഇതില്‍ എല്ലാറ്റിലുംകൂടി വധിക്കപ്പെട്ടവരുടെ എണ്ണം ഏതെങ്കിലുമൊരു ലോകമഹായുദ്ധത്തില്‍ വധിക്കപ്പെട്ടതിന്റെ നാലഴലത്തുപോലുമെത്തുകയില്ല. മുസ്‌ലിംകളില്‍നിന്ന് 259 പേരും അവിശ്വാസികളില്‍നിന്ന് 759 പേരും.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter