പ്രവാചകരുടെ അന്ത്യനിമിഷങ്ങള്‍

ഹിജ്‌റ വര്‍ഷം പതിനൊന്ന് (എഡി. 632) സഫര്‍ മാസം അവസാനത്തെ ബുധനാഴ്ച. മുഹമ്മദ് നബി(സ)ക്ക് രോഗം പിടിപെട്ടു. രോഗം തുടങ്ങിയപ്പോള്‍ ഭാര്യ മൈമൂന ബീവി(റ)യുടെ വീട്ടിലായിരുന്നു പ്രവാചകന്‍. രോഗം മൂര്‍ഛിച്ചപ്പോള്‍ ഭാര്യമാരുടെ സമ്മതത്തോടെ പ്രിയ പത്‌നി ആയിശാ(റ)ന്റെ വീട്ടിലേക്ക് നീങ്ങി. സ്വയം നടക്കാന്‍ കഴിയാത്തതിനാല്‍ അബ്ബാസ്(റ), അലി(റ) എന്നിവരുടെ സഹായത്തോടെയാണ് നബി(സ) ആയിശാ ബീവിയുടെ വീട്ടിലെത്തിയത്. രോഗ സമയത്തും മദീനാപള്ളിയിലെ ജമാഅത്തിന് നബി(സ) നേതൃത്വം നല്‍കി. പക്ഷെ, അതിന് കഴിയാതെ വന്നപ്പോള്‍ സിദ്ദീഖ്(റ)ന്റെ നേതൃത്വത്തില്‍ നിസ്‌കരിക്കാന്‍ സ്വഹാബികളോട് പ്രവാചകന്‍ കല്‍പ്പിച്ചു. അങ്ങനെ പതിനേഴ് നിസ്‌കാരത്തിന് സിദ്ദീഖ്(റ) നേതൃത്വം നല്‍കി. ആദ്യത്തേത് ഇശാഉം അവസാനത്തേത് സുബ്ഹിയും.

രോഗ വേളയിലും നബി(സ) അനുയായികള്‍ക്കു വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി. അവിടത്തെ രോഗം പതിമൂന്ന് ദിവസം നീണ്ടു. റബീഉല്‍ അവ്വല്‍ പന്ത്രണ്ട് തിങ്കളാഴ്ച സിദ്ദീഖ്(റ)ന്റെ നേതൃത്വത്തില്‍ സുബ്ഹി നിസ്‌കാരം നടക്കുന്ന സമയം നബി(സ) പള്ളിയിലേക്ക് എത്തിനോക്കി. നിസ്‌കരിക്കാന്‍ വരുകയാണെന്ന് കരുതിയ സിദ്ദീഖ്(റ) സ്വഫിലേക്ക് പിന്താന്‍ ശ്രമിച്ചു. പക്ഷെ, നിസ്‌കാരം പൂര്‍ത്തിയാക്കാന്‍ നബി
(സ) ആഗ്യം കാണിച്ചു വീട്ടിലേക്ക് വലിഞ്ഞു.
സുബ്ഹി നിസ്‌കാര ശേഷം പലരും പല വഴിയായി നീങ്ങി. സിദ്ദീഖ്(റ) ജോലിക്കു പോയി. അന്ന് പകലില്‍ നബി(സ) വഫാത്തായി. എ.ഡി. 632 ജൂണ്‍ 7 തിങ്കളാഴ്ച. ജനിച്ച മാസവും ദിവസവും തന്നെ മരിക്കാനും അല്ലാഹു തീരുമാനിച്ചു.
പ്രവാചകരുടെ മരണ വാര്‍ത്ത കേട്ട സ്വഹാബികള്‍ പരിസരം മറന്നു. പലരും ബോധമറ്റുവീണു. ചിലര്‍ക്ക് കുറേ സമയം ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. ധീരനായ ഉമര്‍(റ) ഊരിപ്പിടിച്ച വാളുമായി ”ആരെങ്കിലും നബി(സ) മരണപ്പെട്ടു എന്ന് പറഞ്ഞാല്‍ ഞാന്‍ അവന്റെ കഥ കഴിക്കും” എന്നു പറഞ്ഞു നടന്നു.
നബി(സ)യുടെ മരണവാര്‍ത്ത കേട്ട് ഓടി വന്ന സിദ്ദീഖ്(റ) ഹബീബായ മുഹമ്മദ് നബി(സ)യുടെ ജനാസയുടെ അടുത്തേക്ക് നീങ്ങി. മുഖത്തെ മറ നീക്കി ”യാറസൂലല്ലാഹ്” എന്നു വിളിച്ച് മുഖത്ത് ചുംബനമര്‍പ്പിച്ചു, ശേഷം മുറ്റത്തേക്കിറങ്ങിവന്ന് സ്വഹാബത്തിനോടായി പറഞ്ഞു: ”ആരെങ്കിലും മുഹമ്മദ് നബിക്ക് ആരാധിക്കുന്നുണ്ടെങ്കില്‍ മുഹമ്മദ് നബി മരണപ്പെട്ടിരിക്കുന്നു. ആരെങ്കിലും അല്ലാഹുവില്‍ ആരാധിക്കുന്നു ണ്ടെങ്കില്‍ അല്ലാഹു ജീവിച്ചിരിക്കുന്നവനാണ്, അവന്‍ മരിക്കുകയില്ല.”
ഈ പ്രസംഗം സ്വഹാബികളുടെ മനസ്സിലേക്ക് ആണ്ടിറങ്ങി. ഉമര്‍(റ)ന്റെ വാള്‍ താനറിയാതെ നിലത്തേക്ക് വീണു. സിദ്ദീഖ്(റ)ന്റെ ഒളിഞ്ഞുകിടക്കുന്ന ധീരത അവിടെ പ്രകടമായി. സ്വഹാബികളില്‍ ഏറ്റവും വലിയ ധീരന്‍ സിദ്ദീഖ്(റ) അവര്‍കളാണ്.
നബി(സ)യുടെ ജനാസ അലി(റ), അബ്ബാസ്(റ), ഫള്ല്‍(റ) എന്നിവര്‍ കുളിപ്പിച്ചു. നീളം കുപ്പായം, തലപ്പാവ് എന്നിവ കൂടാതെ തന്നെ മൂന്ന് വസ്ത്രത്തില്‍ ജനാസ കഫന്‍ ചെയ്തു. ശേഷം സ്വഹാബികള്‍ തനിച്ച് ജനാസ നിസ്‌കരിച്ചു. നബി (സ) മരണപ്പെട്ട സ്ഥലത്ത് തന്നെ ഖബര്‍ കുഴി ച്ചു. ഖബര്‍ കുഴിക്കാന്‍ അബൂത്വല്‍ഹ(റ) നേതൃത്വം നല്‍കി.
റബീഉല്‍ അവ്വല്‍ 14 ബുധന്‍. നബി(സ)യുടെ ജനാസ മറവ് ചെയ്തു. അതിന് നേതൃത്വം നല്‍കിയത് ജനാസ കുളിപ്പിച്ചവര്‍ തന്നെയാണ്, മുത്ത് നബി(സ)യുടെ മഖ്ബറയുടെ മുകളില്‍ ബിലാല്‍(റ) വെള്ളം
കുടഞ്ഞു.
നബി(സ)യുടെ ജനനം നടന്ന റബീഉല്‍ അവ്വലില്‍ തന്നെയല്ലെ മരണം നടന്നതും. പിന്നെന്തുകൊണ്ടാണ് ദുഃഖാചരണം നടത്താത്തതെന്ന്  ചില വിവരദോഷികള്‍ ചോദിക്കാറുണ്ട്. അതിന് മറുപടി ഇമാം സുയൂത്വി(റ) പറയുന്നത് കാണുക: നബി(സ)യുടെ ജന്മം അല്ലാഹു നമുക്ക് തന്ന അനുഗ്രഹങ്ങളില്‍ വെച്ച് ഏറ്റവും വലുതാണ്. അവിടത്തെ വഫാത്ത് നമുക്കുണ്ടാക്കിയ പ്രയാസങ്ങളില്‍ ഏറ്റവും വലുതും. എന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് ‘ശുക്ര്‍’ പ്രകടമാക്കാനുള്ള പ്രേരണയും മുസീബത്തുണ്ടാകുമ്പോള്‍ അത് മറച്ചുവെക്കാനും ക്ഷമ കൈകൊള്ളാനുമുള്ള ആജ്ഞയുമാണ് ശരീഅത്തിലുള്ളത്. ഒരാളുടെ ജനന സമയത്ത് ”അഖീഖ” അറുക്കാന്‍ ശറഅ് നിര്‍ദ്ദേശിക്കുന്നു. അത് ജന്‍മത്തിലുള്ള സന്തോഷത്തേയും നന്ദിയേയും പ്രകടമാക്കലാണ്. എന്നാല്‍ മരണ സമയത്ത് എല്ലാ ദുഃഖാചരണങ്ങളേയും ശറഅ് വിരോധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ശരീഅത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ അറിയിക്കുന്നത് നബി(സ) ജന്മം കൊണ്ടുള്ള സന്തോഷപ്രകടനം  നല്ലതാണെന്നും ദുഃഖം നല്ലതെല്ലന്നുമാണ്. (ഫതാവാ സുയൂത്വി 1/193)
ദുഃഖാചരണം നടത്താന്‍ അല്ലാഹുവും റസൂലും ആജ്ഞാപിച്ചിട്ടില്ല. ഒരാള്‍ മരണപ്പെട്ടാല്‍ മൂന്ന് ദിവസത്തിനപ്പുറം ദുഃഖം പാടില്ലെന്നാണ് ഇസ്‌ലാമിന്റെ നിയമം. ഭാര്യക്ക് ഭര്‍ത്താവിന്റെ മരണം കാരണം ഇദ്ദകാലത്ത് ദുഃഖം അനുവദനീയമാണ്.  ചുരുക്കത്തില്‍, റബീഉല്‍ അവ്വല്‍ നബിയുടെ ജന്മദിനമാസം എന്ന നിലയില്‍ സന്തോഷിക്കാനാണ് ഖുര്‍ആനും ഹദീസും ഇമാമുകളുടെ വചനങ്ങളും പഠിപ്പിക്കുന്നത്. ചിലര്‍ ഇപ്പോഴും ദുഃഖിച്ചിരിക്കുകയാണ്, പാവങ്ങള്‍

( സുന്നിഅഫ്കാര്‍ വാരിക, 2005, മെയ്: 11, സുന്നിമഹല്‍, മലപ്പുറം)

Leave A Comment

5 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter