ബഹുസ്വരതയെ മാനിക്കാത്തവരാണ് ഫാസിസ്റ്റുകള്‍
എല്ലാരുചികളും ഉണ്ടാവുന്നത് ഭൂമിയിലാണ്. മധുരം, പുളിപ്പ്, ചവര്‍പ്പ്, കയ്പ്, എരിവ്, എന്നതെല്ലാം കരിമ്പില്‍ മധുരമായും പുളിയില്‍ പുളിപ്പായും നെല്ലിയില്‍ ചവര്‍പ്പായും പാവക്കയില്‍ കയ്പായും മുളകില്‍ എരിവായും ഒക്കെ ഉണ്ടാവുന്നത് ഭൂമിയില്‍ വേരാഴ്ത്തി വളരുന്ന സസ്യവൃക്ഷലതാദികളില്‍ നിന്നാണ്. അതിനാല്‍ ഭൂമിയുടെ രുചി മധുരമാണെന്നു പറഞ്ഞാല്‍ തെറ്റാവില്ല; പക്ഷേ മധുരം മാത്രമാണെന്നു പറഞ്ഞാല്‍ ആ പ്രസ്താവ്യം അസംബന്ധമാവും. കാരണം എരിവും പുളിപ്പും ഉള്‍പ്പെടെയുളള മധുരേതര രുചികളും ഭൂമിയില്‍ നിന്നുതന്നെ ഉണ്ടാവുന്നതും അതിനാല്‍ മധുരം പോലെ ഭൂമിയുടെ രുചികളുമാണ്.
ഭൂമിയില്‍ കാലൂന്നി ജീവിക്കലാണു യാഥാര്‍ത്ഥ്യബോധം എന്നു നാം സാധാരണ പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ നാം ഭൂമിയെ ശരീരത്താല്‍ സ്പര്‍ശിക്കുകയല്ലാതെ മനനത്താല്‍ തൊട്ടറിയുന്നുണ്ടോ? ഇല്ലെന്നതാണു വാസ്തവം. ഭൂമിയെ നാം മനനത്താല്‍ തൊട്ടറിഞ്ഞിരുന്നെങ്കില്‍, നമ്മുടെ ലോകത്ത് മതപരമോ പ്രത്യയശാസ്ത്രപരമോ ആയ ഒരു പിടിവാദവും വിഭാഗീയതയും സംഭവിക്കില്ലായിരുന്നു.
മധുരം മാത്രമാണ് ഭൂമിയുടെ രുചി എന്നു വാദിക്കുന്നതു പോലെ അസംബന്ധമായ പിടിവാദങ്ങളാണ് 'ഞങ്ങളുടെ മതം മാത്രം ശരി' 'ഞങ്ങടെ പാര്‍ട്ടിമാത്രം ശരി' 'ഞങ്ങളുടെ രാഷ്ട്രവും ഞങ്ങടെ ഭാഷയും മാത്രം മഹത്തരം' തുടങ്ങിയ സകല പിടിവാദങ്ങളിലുമുളളത്. ഇത്തരം പിടിവാദങ്ങള്‍ക്കൊന്നും പലരുചികളെ ഉണ്ടാക്കി പരിപാലിച്ചു നമ്മള്‍ക്ക് ദാനം ചെയ്യുന്ന ജീവരാശിയുടെ ഏകമാതാവായ ഭൂമിയുടെ സ്വഭാവത്തോടുപോലും പൊരുത്തമില്ല.
പിന്നെങ്ങിനെ വൈവിധ്യങ്ങളുടെ വലിയ പടപ്പായ വിശ്വപ്രകൃതിക്ക് കാരണമായ ഏകസത്യത്തോടു പൊരുത്തത്തിലാണ് നമ്മുടെ കുഞ്ഞുബുദ്ധിയുടെ പിടിവാദങ്ങള്‍ എന്നു തീര്‍ത്തു പറയും.? Theological അഥവാ മതമീംമാംസാ പരമായി ചിന്തിച്ചാല്‍ ഈ ചോദ്യം തന്നെ മനസ്സിലാവില്ല. മറിച്ച്, philosophical അഥവാ തത്ത്വദര്‍ശനപരമായി ചിന്തിച്ചാലേ ഈ ചോദ്യം തന്നെ മനസ്സിലാവൂ. ലോകത്ത് ഉണ്ടായ വെളിപാടു ഗ്രന്ഥങ്ങളില്‍ ഉപനിഷത്തുക്കളും സോക്രാട്ടീസ്സിന്റെയും ലവോത്സു ബുദ്ധന്‍ എന്നിവരുടെ സംഭാഷണങ്ങളും മനുഷ്യനെ മതമീംസാപരമായി ചിന്തയെ കണ്ടീഷന്‍ ചെയ്യാന്‍ ശ്രമിക്കുന്നില്ല; താത്ത്വികമായി വികസിക്കാന്‍ പ്രേരിപ്പിക്കുന്നേയുളളൂ.
താത്ത്വികത 'സത്യം ഏകം' എന്നതിനെ ചോദ്യം ചെയ്യുന്നില്ല; പക്ഷേ സത്യം വൈവിധ്യങ്ങളെ പ്രസവിക്കുന്നതാണെന്നതിലാണ് ഊന്നല്‍ നല്‍കുന്നത്. മതമീംമാംസയും സത്യം ഏകമാണെന്നു സമ്മതിക്കും. പക്ഷേ ഏകസത്യമായ ദൈവം വൈവിധ്യങ്ങളുടെ പടച്ച തമ്പുരാനാണെന്നു വേണ്ടത്ര ഊന്നല്‍ നല്‍കി പ്രചരിപ്പിക്കാന്‍ മതമീംമാംസ തയ്യാറാവില്ല. പലരുചികളുടെ അമ്മയായ ഭൂമിക്കും ജനാധിപത്യത്തിനും നിരക്കുന്ന ചിന്തനസമ്പ്രദായം മതമീംമാംസയുടേതല്ല; തത്ത്വദര്‍ശനത്തിന്റേതാണ്.
ദൈവമെന്നോ സത്യമെന്നോ ഒക്കെ പറയപ്പെടുന്ന അധിഷ്ഠാന സത്ത തീര്‍ച്ചയായും singular ആണ്; ഏകമാണ്; അതേസമയം നാം ജീവിക്കുന്ന ഭൂമിയുള്‍പ്പെടെയുളള വിശ്വപ്രകൃതി ഓരോ അണുവിലും Pluralistic ആണ്, ബഹുത്വബഹുലമാണ്. അതിനാല്‍ സഹിഷ്ണുതയും സമാധാനവും തേടുകയും നേടുകയും ചെയ്യാന്‍ നാം വൈവിധ്യങ്ങളെ മാനിക്കണം.
ഭിന്നരുചികളുടെ മഹാമാതാവായ ഭൂമിയെ ശരീരം കൊണ്ടെന്നപോലെ മനനംകൊണ്ടും തൊട്ടറിഞ്ഞു സ്വാംശീകരിക്കണം. വൈവിധ്യങ്ങളെ മാനിക്കാത്ത മനുഷ്യരാണ് ഫാഷിസ്റ്റുകള്‍; അവര്‍ ഭൂമിയെനിന്ദിച്ചു ലോകജീവിതം പട്ടാള ബാരക്കുപോലെ യാന്ത്രികവും വിരസവുമാക്കി ലോകത്തെ നരകമാക്കുന്നു. ജീവിതം സരസമാക്കാന്‍ ഭിന്നരുചികളുടെ ഏകമാതാവായ ഭൂമിയെ അറിഞ്ഞു ജീവിക്കുന്നവരാകാം. അമ്മയെ മാനിക്കുന്ന മക്കളായി നമ്മള്‍ക്ക് ജീവിക്കാം.
 
 


 
             
            
                     
            
                     
            
                                             
            
                                             
            
                         
                                     
                                     
                                     
                                     
                                     
                                     
                                    
Leave A Comment