മുഹര്‍റമിന്റെ സന്ദേശവും ചിന്തകളും
MUHARAMഅല്ലാഹു പറയുന്നു: ഓ സത്യ വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, (നിങ്ങളില്‍) ഓരോ ശരീരവും നാളേക്കു വേണ്ടി ഒരുക്കി വെച്ചത് എന്താണെന്ന് നോക്കി വിലയിരുത്തുക, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായ അറിവുള്ളവനാണ്. അല്ലാഹുവിനെ മറക്കുകയും അങ്ങനെ, സ്വന്തത്തെ തന്നെ അല്ലാഹു മറപ്പിക്കുകയും (സ്വയം മറക്കുകയും) ചെയ്ത ആളുകളുടെ കൂട്ടത്തില്‍ നിങ്ങള്‍ അകപ്പെടരുത്. നിശ്ചയമായും അവരാണ് ദുര്‍നടപ്പുകാര്‍ (59/18-19). നിങ്ങള് സ്വയം വിചാരണ ചെയ്യുക, നിങ്ങളെ വിചാരണ ചെയ്യപ്പെടും മുന്പ്, നിങ്ങളുടെ പ്രവര്ത്തനങ്ങള് അളക്കപ്പെടും മുന്പ് അവയെ നിങ്ങള് തന്നെ അളന്നു നോക്കുക, എന്ന് ഖലീഫ ഉമര്‍ (റ)പറഞ്ഞിട്ടുണ്ട്. നീ ഓരോ രാത്രിയും ഉറങ്ങാന് കിടക്കുന്പോള് നിന്റെ വസിയ്യത്ത് (വില്പത്രം) തലയിണക്കടിയില് വെക്കുക എന്ന് ഇമാം ഗസാലി (റ) ഉപദേശിക്കുന്നു. തിരിച്ചെടുക്കാനാവാത്ത വിധം നമ്മില്‍ നിന്നും തിരിഞ്ഞുനടക്കുന്ന ഓരോ നിമിഷത്തെയും നാം ഉത്കണ്ഠയോടെ തിരിച്ചറിയണമെന്ന സന്ദേശമാണ് ഇത്തരം മഹദ്വചനങ്ങളുടെ കാതല്‍. പിന്നെ കൊഴിഞ്ഞു പോകുന്ന ഒരു വര്‍ഷത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ. മാസ നിര്ണയം ഇസ്‌ലാമില്‍ ആദം നബി (അ)യുടെ ജീവിത കാലം മുതല്‍ തന്നെ, ഒരു പക്ഷെ അതിനു മുമ്പ് മുതല്‍ തന്നെ ഇന്നത്തെ പേരിലുള്ള അറബി മാസങ്ങള്‍ ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാല്‍ മാസങ്ങളുടെ ക്രമം നിശ്ചയിക്കപ്പെട്ടത് പില്ക്കാലത്തായിരുന്നു എന്നു മാത്രം. ഖുര്‍ആന്‍ പറയുന്നത് കാണുക: ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില് നാലെണ്ണം യുദ്ധം വിലക്കപ്പെട്ട മാസങ്ങളാകുന്നു. (തൌബ: 36). പന്ത്രണ്ട് മാസങ്ങളായാണ് വര്ഷത്തിന്റെ ഘടന എന്ന് നമുക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം. പില്ക്കാലത്ത് ഇബ്റാഹിം നബി (അ) യുടെ കാലം മുതല്‍ ചന്ദ്രനെ നോക്കി കാലഗണന നടത്തുന്ന സമ്പ്രദായം നിലവില്‍ വരികയുണ്ടായി. പിന്നീട് ആനക്കലഹം, കഅ്ബ നിര്മാണം, ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവക്കനുസൃതമായിട്ടും ജനങ്ങള്‍ ഇസ്‌ലാമികമായ കാലഗണന നടത്തി വന്നതായി ചരിത്രം പറയുന്നു. എന്തു കൊണ്ട് മുഹറം ഇസ്‌ലാമിക കലണ്ടര്‍ പ്രകാരമുള്ള വര്ഷത്തിന്റെ ആരംഭത്തിലുള്ള മാസം ഏതാണെന്ന് മുന്കാലങ്ങളില്‍ നിര്ണയിച്ചിരുന്നില്ല എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. മുഹറം ഒരു വര്ഷത്തിന്റെ ആദ്യത്തെ മാസമായി നിശ്ചയിച്ചതിനു പിന്നില് ചില ചരിത്ര പശ്ചാത്തലങ്ങളുണ്ട്. ഇസ്‌ലാമിക ഭരണം അതിന്റെ ഏറ്റവും കൃത്യവും ചടുലവുമായ രൂപത്തിലേക്ക് മാറിയത് ഉമര്‍ (റ)വിന്റെ കാലത്തായിരുന്നുവല്ലോ. അതിനാല്‍ ബൈത്തുല്‍ മാല്‍, റജിസ്ട്രാര്‍മാരുടെ കാര്യാലയം, നികുതി പിരിവ് വകുപ്പ് തുടങ്ങിയവയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ഇസ്‌ലാമികമായ മാസാരംഭം നിശ്ചയിച്ച് അതു പ്രകാരം കാലഗണന നടപ്പില്‍ വരുത്തല്‍ അനിവാര്യമായിത്തീര്ന്നു. മാത്രമാല്ല, ഖലീഫ ഉമര്‍ (റ) യമനിലെ ഗവര്ണറായ അബൂമൂസല്‍അശ്അരിക്ക് ഭരണ നിര്‍വഹണ പരമായ ധാരാളം കത്തുകളയക്കുകയുണ്ടായി. ആ കത്തുകളില്‍ അതത് മാസവും തീയതിയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഏത് വര്ഷത്തെ മാസത്തിലാണ് കത്തയച്ചതെന്ന് മനസിലാവാത്തതിനാല്‍ ഖലീഫ നിര്ദേശിച്ച പല പദ്ധതികളുടെയും കാലക്രമത്തിലുള്ള മുന്ഗണന അദ്ദേഹത്തിന് മനസിലാക്കാനായില്ല. സ്വാഭാവികമായും അദ്ദേഹം ഇക്കാര്യം ഖലീഫയോട് പരാതിപ്പെട്ടു. പ്രശ്നത്തിന്റെ ഗൌരവം മനസിലാക്കിയ ഖലീഫ ഉടനെ ഭരണകാര്യസ്ഥരുടെ ശൂറ വിളിക്കുകയും പ്രശ്നം ചര്ച്ചക്കിടുകയും ചെയ്തു. അങ്ങനെ ചിലര്‍ നുബുവ്വത്ത് ആസ്പദമാക്കി ഇസ്‌ലാമിക വര്ഷം ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ഹിജ്റ പോയ ദിനം അടിസ്ഥാനപ്പെടുത്തി ഇസ്‌ലാമിക വര്ഷം സംവിധാനിക്കണമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. അങ്ങനെയാണ് മുഹറം ഇസ്‌ലാമിക കലണ്ടറിലെ ആദ്യമാസമായി ഖലീഫ ഉമര്‍ (റ) പ്രഖ്യാപിച്ചത്. ഏഡി.639 ഹിജ്റ 17-ന് മുഹറം മാസത്തിലായിരുന്നു ഈ പ്രഖ്യാപനം. മുഹറമിന്റെ പ്രത്യേകതകള്‍ മുഹറം മാസത്തിന് ഇസ്‌ലാമിക ചരിത്രത്തില്‍ ധാരാളം പ്രാധാന്യവും പ്രത്യേകതകളുമുണ്ട്. ഒരു പാട് ചരിത്ര സംഭവങ്ങള്ക്ക് മുഹറം സാക്ഷിയായിട്ടുണ്ട്. അവയില്‍ മുഹറം പത്തിന് നടന്ന  ചില സംഭവങ്ങള്‍ താഴെ ചേര്ക്കുന്നു.
  1. ആദം നബി (അ)വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന്റെ പേരില്‍ തൌബ ചെയ്തപ്പോള്‍ അല്ലാഹു സ്വീകരിച്ച ദിനം.
  2. നൂഹ് നബി (അ)യുടെ കപ്പല്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് ജൂദീ പര്‍വതത്തിലണഞ്ഞ ദിനം.
  3. നംറൂദിന്റെ അഗ്നികുണ്ഡത്തില്‍ നിന്നും ഇബ്റാഹിം നബി (അ)രക്ഷപ്പെട്ട ദിനം
  4. മൂസാ (അ), ഈസാ (അ), ഇബ്റാഹിം (അ) എന്നീ പ്രവാചകന്മാര്‍ ജന്മം കൊണ്ട ദിവസം.
  5. അയ്യൂബ് നബി (അ) തന്റെ അസുഖത്തില്‍ നിന്ന് ശമനം നേടിയ ദിവസം.
  6. യൂസുഫ് നബി (അ) കിണറ്റില്‍ നിന്നും രക്ഷപ്പെട്ടു.
  7. യൂസുഫ് നബി (അ) യുമായുള്ള വിരഹ വേദനയാല്‍ കരഞ്ഞു കരഞ്ഞ് കാഴ്ചനഷ്ടപ്പെട്ട യഅ്ഖൂബ് നബി (അ)ന് യൂസുഫ് നബിയുടെ വസ്ത്രം മുഖത്തിടുകയും കാഴ്ചശക്തി തിരിച്ചുകിട്ടുകയും ചെയ്തത്.
  8. സുലൈമാന്‍ നബി (അ) രാജസിംഹാസനത്തില്‍ അവരോധിതനായി.
  9. സകരിയ്യാ നബി (അ),യുടെ നിരന്തരമായ പ്രാര്ഥന മൂലം വാര്ധക്യത്തില്‍ സന്താനമായി യഹ്യാ (അ) പിറന്നു.
  10. മൂസ നബി (അ) വടിയെ പാമ്പാക്കുകയും ഇന്ദ്രജാലക്കാര്ക്കെതിരെ വിജയം കൈവരിക്കുകയും ചെയ്തു.
  11. മൂസ (അ) നെയും സംഘത്തെയും പിന്തുടര്ന്ന ഫറോവയും സൈന്യവും ചെങ്കടലില്‍ മുങ്ങിത്താഴ്ന്നു.
കൂടാതെ മുഹറമിലെ മറ്റു ചില ദിവസങ്ങള്ക്കു കൂടി ചരിത്രപരമായി പ്രാധാന്യമുണ്ട്. ഖുര്ആനില്‍ അസ്ഹാബുല് ഫീല് എന്ന് വിശേഷിപ്പിക്കപ്പെട്ട, കഅ്ബ പൊളിക്കാന് സൈന്യവുമായി വന്ന അബ്റഹത്തും സംഘവും അബാബീല്‍ പക്ഷികളുടെ ഏറ് കൊണ്ട് നാമാവശേഷമായത് മുഹറം 17-നായിരുന്നു. യൂനുസ് നബി (അ)മത്സ്യ വയറ്റില്‍ നിന്നും കരയിലേക്കെത്തിയത് മുഹറം 7-നാണ്. മുഹറം പത്ത് അഥവാ ആശൂറാഅ് ദിവസം ആരെങ്കിലും സൃഷ്ടികളോട് ഭക്ഷണ വിശാലത കാണിച്ചാല്‍ ആ വര്ഷം മുഴുവന്‍ അല്ലാഹു അവന് ഭക്ഷണ വിശാലത നല്കുമെന്ന് ഹദീസില് കാണാം. (ഇആനത്തു ത്വാലിബീന് -2.267). ഇബിലീസിന് സ്വര്ഗം നിഷിദ്ധമാക്കപ്പെട്ട മാസമായതിനാലാണ് അതിന് മുഹറം (നിഷിദ്ധമായത്)എന്ന് പേര് ലഭിച്ചെതെന്ന് ചരിത്രത്തില്‍ കാണാം. (ഖസാഇസുല്‍ അയ്യാം 105), (ഇആനത്തു ത്വാലിബീന് - 2..265). മുഹറം ആദ്യത്തെ പത്തു ദിവസം നോമ്പനുഷ്ഠിക്കല് ശക്തമായ സുന്നത്തും മാസം മുഴുവന്‍ നോന്പനുഷ്ഠിക്കല്‍ സുന്നത്തുമാണ്. (ഫതാവല് കുബ്റാ..2-27). ഹിജ്റയുടെ സന്ദേശം ഹിജ്റ പ്രതിനിധാനം ചെയ്യുന്നത് ഒരു ചരിത്ര സംഭവത്തെ മാത്രമാണെങ്കിലും അതിന്റെ കാലാതിവര്ത്തിയായ അനുരണനങ്ങളും പ്രതിഫലനങ്ങളും ഏറ്റവും പുതിയ ലോകക്രമത്തിലേക്കു പോലും ഒഴുകിപ്പരന്നതായി നമുക്ക് കാണാം. ഹിജ്റയുടെ സന്ദേശം ഇസ്‌ലാമിന്റേതു കൂടിയാണ് എന്നതാണ് അതിന്റെ കാരണം. പിറന്ന നാടിന്റെ ചൂടും ചൂരും അന്തരീക്ഷവും ത്യജിച്ച് തികച്ചും അനുയോജ്യമല്ലാത്ത ഒരു ഭൂമിയിലേക്ക് സത്യപ്രസരണം തേടിയുള്ള ഒരു യാത്രയായിരുന്നു ഹിജ്റ. പിറന്ന നാടിനു പകരം വെക്കാന്‍ മറ്റൊന്നില്ലെന്നതിനാല്‍ മക്ക വിടാന്‍ പ്രവാചകര്‍ക്ക് പ്രയാസമുണ്ടായിരുന്നെങ്കിലും പില്ക്കാലത്ത് ഇസ്‌ലാമിന്റെ വളര്ച്ചയെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യാശകള്‍ നിറഞ്ഞ മണ്ണായിരുന്നു മദീന. ത്യാഗ സന്നദ്ധതയും സഹജീവി ബോധവുമാണ് പുതിയ ലോക ക്രമത്തിന് ഹിജ്റ നല്‍കുന്ന എറ്റവും പ്രസക്തമായ സന്ദേശം. ലോകം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന ഊര്ജ  പ്രതിസന്ധി, ആഗോള താപനം, ആഗോള കോര്പറേറ്റുകളുടെ അധിനിവേശം തുടങ്ങിയ സര്‍വ സമസ്യകളുടെയും പരിഹാരം ഈ രണ്ടു സങ്കല്‍പങ്ങളിലുമുണ്ട്. സത്യ സന്ദേശം ഉള്‍കൊണ്ടതിന്റെ പേരില്‍ തിരുനബി (സ)ക്കും അനുചരര്‍ക്കും മാതൃഭൂമി ത്യജിക്കേണ്ടിവന്നതാണ് ഹിജ്റ ഉദ്ഘോഷിക്കുന്ന ത്യാഗ സന്നദ്ധത. മുഹാജിറുകള്‍ എല്ലാം ഉപേക്ഷിച്ച് മദീനയിലെത്തിയെപ്പോള്‍ അവര്ക്കു വേണ്ട എല്ലാ സൌകര്യങ്ങളും നല്കുകയും രണ്ട് ഭാര്യമാരുള്ളവര്‍ മുഹാജിറുകള്ക്കായി തന്റെ ഒരു ഭാര്യയെ മൊഴിചൊല്ലി നല്കാന് പോലും തയ്യാറാവുകയും ചെയ്തതിലൂടെ, അവര്‍ പ്രകടിപ്പിച്ച സാമൂഹ്യ പ്രതിബദ്ധതയില്‍ ഊന്നി നിന്നാണ് നാം ഹിജ്റ പ്രതിനിധാനം ചെയ്യുന്ന സഹജീവിബോധത്തെ വായിക്കേണ്ടത്. പില്ക്കാലത്ത് ഈ സഹജീവിബോധമാണ് ഇസ്‌ലാമിനെ അതിന്റെ അനിര്‍വചനീയ വിജയങ്ങളിലേക്ക് നയിച്ചതും. ചില ചരിത്ര ഘട്ടങ്ങളില്‍ ലോകത്തിന്റെ ഗതി തന്നെ മാറ്റി വരക്കാന്‍ ത്യാഗങ്ങള്ക്കു കഴിഞ്ഞിട്ടുണ്ട്. അതിതീക്ഷ്ണമായ ചില ത്യാഗങ്ങളാണ് അതിശക്തമായ ധര്‍മ്മ വ്യവസ്ഥകള്ക്ക് രൂപം നല്കിയത്. ആരംഭത്തില്‍ തന്നെ ഇസ്‌ലാം പ്രതിലോമകരമല്ലെന്നും സാര്‍വലൌകിക ഐക്യപ്പെടലാണ് അതിന്റെ സ്വഭാവമെന്നുമുള്ള ദൈവികമായ തെര്യപ്പെടുത്തലാണ് ഹിജ്റ നിര്‍വഹിച്ച മഹത്തായ ധര്‍മ്മങ്ങളിലൊന്ന്. മാത്രവുമല്ല ഏതൊരു വ്യവസ്ഥിതിയേയും, അതെത്ര മാത്രം രൂഢമൂലമാണെങ്കിലും മൂല്യങ്ങളുടെ ശക്തവും അനുലോപമപരവുമായ പ്രയോഗത്തിലൂടെ തകര്ത്തെറിയാം എന്ന നയതന്ത്ര പരമായ തത്ത്വത്തെയാണ് ഹിജ്റ വിഭാവനം ചെയ്തത് എന്ന് പിന്നീട് ചരിത്രത്തിലുടനീളം നാം വായിച്ചറിഞ്ഞിട്ടുണ്ട്. ഈ നയതന്ത്രത്തിലൂടെ അഭൂതപൂര്‍വ്വമായ ഒരു തരം സഹിഷ്ണുതയാണ് ആറാം നൂറ്റാണ്ടിലെ അറബ് സമൂഹം അനുഭവിച്ചത്. മുസ്‌ലിംകളുടെ മുന്‍മാതൃകകളില്ലാത്ത ആ സഹിഷ്ണുതയിലൂടെ, അതിഥികളായ അറബ് ഗോത്ര വൈരികള്‍ എന്നെന്നേക്കുമായി ഐക്യപ്പെടുകയായിരുന്നു. ഐക്യപ്പെട്ടു എന്നതിലുപരി ആ ഐക്യം ഇസ്‌ലാമിന്റെ  വളര്ച്ചയുടെ വഴിയിലേക്ക് മുതല്‍ കൂട്ടുന്നതില്‍ തിരുനബി (സ) വിജയിച്ചു എന്നതാണ് ഹിജ്റയുടെ അകക്കാമ്പ്. അവിശ്വാസികളോട് സര്‍വ ശക്തനായ അല്ലാഹുവിന്റെ മനശ്ശാസ്ത്ര പരമായ സമീപനം ഹിജ്റയുടെ പ്രയോഗത്തിലൂടെ പ്രതിഫലിച്ചതായി നമുക്ക് ദര്ശിക്കാവുന്നതാണ്. വ്യവസ്ഥിതിയെ ഒറ്റത്തവണയായി എതിര്ക്കുന്നതിനു പകരം, ജനങ്ങളെ ചില സാമൂഹിക പ്രക്രിയകള്ക്ക് വിധേയമാക്കി ഘട്ടം ഘട്ടമായി ഇസ്‌ലാമിനോട് അനുശീലിപ്പിക്കുക എന്ന സമീപനമാണ് ഹിജ്റയിലൂടെ സാര്ഥകമായത്. അത്തരം സമീപനങ്ങളാണ് ദഅവ രംഗത്ത് മുസ്‌ലിം സമുദായം സ്വീകരിക്കേണ്ടത് എന്ന അടിസ്ഥാന പാഠം കൂടിയായിരുന്നു ഹിജ്റയുടെ പ്രയോഗം. പിന്നീട് അടിമ വ്യവസ്ഥ, മദ്യപാനം തുടങ്ങിയ വിപത്തുകളെ നിരുത്സാഹപ്പെടുത്താനും നിരോധിക്കാനും ഇസ്‌ലാം സ്വീകരിച്ച ഉപായവും അതു തന്നെയായിരുന്നു. ഹിജ്റ നല്കുന്ന ഇത്തരം സന്ദേശങ്ങള്‍ നമ്മുടെ സാമൂഹിക സാംസ്കാരിക പൊതുബോധത്തെ വളരെ ആഴത്തില്‍ സ്പര്ശിക്കേണ്ടതുണ്ട്. അതിന്  ഈ കുറിപ്പ് നിദാനമാവട്ടെ എന്ന പ്രാര്ത്ഥനയോടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter