മുത്ത്‌നബിയുടെ ഹജ്ജ്

ഇസ്‌ലാമിലെ ആടിസ്ഥാനിക ആരാധനകളില്‍ അഞ്ചാമത്തേതാണ് പരിശുദ്ധ ഹജ്ജ് കര്‍മം. മുസ്‌ലിംകള്‍  സമന്‍മാരാണെന്ന പ്രതീകാത്മക പ്രകടനമാണ് ഹജ്ജു വേളയിലെ വസ്ത്രധാരണത്തില്‍ പോലും സാധ്യമാവുന്നത്. ഇസ്‌ലാമിലെ മറ്റേത് ആരാധനാകര്‍മത്തെയും പോലെ ഹജ്ജിന്റെ അനുഷ്ഠാന രീതികളും തിരുനബി(സ്വ) തന്നെയാണു പഠിപ്പിച്ചത്. 

ഹിജ്‌റയുടെ രണ്ടാം വര്‍ഷമാണ് പരിശുദ്ധ ഹജ്ജ് കര്‍മം, ശ്രേഷ്ഠ സമൂഹമായ തിരുനബി(സ്വ)യുടെ ഉമ്മത്തിനു നിര്‍ബന്ധമാക്കപ്പെടുന്നത്. നിര്‍ഭയരായി മക്കയില്‍ പ്രവേശിക്കുമെന്ന സ്വപ്നബോധനത്തെ തുടര്‍ന്ന് ഹിജ്‌റ ആറാം വര്‍ഷം തിരുനബി(സ്വ)യും 1400 അനുചരന്‍മാരും മക്കയിലേക്കു പുറപ്പെട്ടു. എന്നാല്‍, സ്വപ്നത്തില്‍ സൂചിപ്പിക്കപ്പെട്ട സമയം സമാഗതമായിരുന്നില്ല. അതുകൊണ്ടു തന്നെ മക്കയുടെ  25 കിലോമീറ്റര്‍ അകലെ ഹുദൈബിയ എന്ന സ്ഥലത്തു വച്ച് മുസ്‌ലിംകളെ മക്കക്കാരായ ശത്രുക്കള്‍ തടഞ്ഞു. തുടര്‍ന്ന്, പ്രത്യക്ഷത്തില്‍ അപമാനകരമെന്നു കരുതപ്പെടാവുന്ന സന്ധിക്ക് മുസ്‌ലിംകള്‍ നിര്‍ബന്ധിക്കപ്പെട്ടു. തല്‍ഫലമായി മുസ്‌ലിം സംഘം മദീനയിലേക്കു തന്നെ മടങ്ങുകയും കൂടുതല്‍ സ്വതന്ത്രവും സുരക്ഷിതവുമായി ആഴമേറിയ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. 
അടുത്ത വര്‍ഷം അഥവാ ഹിജ്‌റ ഏഴാം വര്‍ഷം മുന്‍വര്‍ഷത്തിലുണ്ടാക്കിയ സന്ധി പ്രകാരം മുസ്‌ലിംകള്‍ മക്കയിലെത്തി ഉംറതുല്‍ ഖളാഅ് നിര്‍വഹിക്കുകയും മൂന്നു ദിവസത്തിനു ശേഷം മടങ്ങുകയും ചെയ്തു.
പ്രസ്തുത സംഭവം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം അഥവാ  ഹിജ്‌റ എട്ടാം വര്‍ഷമാണു മക്കയുടെ ചരിത്രത്തില്‍ കനകശോഭ ഒളിവിതറി ത്തുടങ്ങിയത്. ഈ വര്‍ഷമാണ് തിരുനബി(സ്വ)യുടെ ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വം സ്വീകരിക്കാന്‍ മക്കയ്ക്കു ഭാഗ്യമുണ്ടാവുന്നത്. പ്രസ്തുത നാഴികക്കല്ല് 'മക്കാ വിജയം' എന്നാണു ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടുകാണുന്നത്. 
പിന്നീട്, ഹിജ്‌റ ഒമ്പതാം വര്‍ഷം തിരുനബി(സ്വ) തന്റെ സന്തതസഹചാരി അബൂബക്കര്‍ സിദ്ദീഖ്(റ)ന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലേക്ക് അയച്ചു. മൂന്നു കാര്യങ്ങള്‍ മക്കയില്‍ വിളംബരം ചെയ്യണമെന്നു തിരുനബി(സ്വ) അവരോട് പ്രത്യേകം നിര്‍ദേശിച്ചിരുന്നു. 1) ജാഹിലിയ്യാ കാലഘട്ടം മുതല്‍ തുടര്‍ന്നു വരുന്ന നഗ്നത പ്രകടിപ്പിച്ചുകൊണ്ടുള്ള ത്വവാഫ് അടുത്ത വര്‍ഷം മുതല്‍ അനുവദിക്കുകയില്ല. 
2) അടുത്ത വര്‍ഷം മുതല്‍ മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഹജ്ജില്ല. 3) ഇനിമുതല്‍ ഇസ്‌ലാമിന്റെ ശത്രുക്കളോട് യാതൊരുവിധ സന്ധിയുമില്ലെന്ന ഉത്‌ബോധനമടങ്ങുന്ന സൂറതു തൗബ മക്കക്കാര്‍ക്ക് ഓതിക്കേള്‍പ്പിക്കുക. സ്വിദ്ദീഖ്(റ) ദൗത്യം ഭംഗിയായി നിര്‍വഹിക്കുകയും ഹജ്ജ് പൂര്‍ത്തിയാക്കിയ ശേഷം മദീനയിലേക്കു മടങ്ങുകയും ചെയ്തു. 

തിരുനബി(സ്വ) ഹജ്ജ് ചെയ്യുന്നു
ഇത്രയും സംഭവങ്ങള്‍ക്കു ശേഷം ഹിജ്‌റ പത്താം വര്‍ഷം ദുല്‍ഖഅ്ദ് 25നാണു തിരുനബി(സ്വ) ഹജ്ജ് കര്‍മത്തിന് മക്കയിലേക്കു പുറപ്പെടുന്നത്. ഒരുലക്ഷത്തില്‍പ്പരം ആബാലവൃദ്ധം ജനസമൂഹം നബിതങ്ങളോടൊപ്പം ഹജ്ജിനു പുറപ്പെട്ടിട്ടുണ്ടായിരുന്നു. ഒരുദിവസം ഏകദേശം 50 കിലോമീറ്റര്‍ എന്ന തോതില്‍ സഞ്ചരിച്ച് പത്താം ദിവസം അഥവാ ദുല്‍ഹിജ്ജ അഞ്ചിന് അവര്‍ മക്കയില്‍ എത്തിച്ചേര്‍ന്നു. മക്കയിലെത്തിയ നബിതങ്ങള്‍ ആദ്യമായി കഅ്ബ ത്വവാഫ് ചെയ്യുകയും സ്വഫാ മര്‍വയ്ക്കിടയില്‍ സഅ്‌യ് ചെയ്യുകയുമാണ് ചെയ്തത്. 
ബലിമൃഗങ്ങളെ കൊണ്ടു വന്ന കാരണത്താല്‍ തിരുനബി(സ്വ) ഹജ്ജില്‍ തന്നെ തുടര്‍ന്നു. എന്നാല്‍, കൂടെ വന്ന ആളുകളില്‍നിന്ന് ബലിമൃഗങ്ങളെ കൊണ്ടുവന്നിട്ടില്ലാത്തവരോട് അന്നേ ദിവസം തന്നെ-ദുല്‍ഹിജ്ജ അഞ്ചിന്-ഉംറയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹജ്ജിന്റെ ഇഹ്‌റാമിനെ ഉംറയുടേതാക്കി മാറ്റാന്‍ തിരുനബി(സ്വ) നിര്‍ദേശിച്ചു. നേരത്തേ ദുല്‍ഹുലൈഫയില്‍നിന്ന് എല്ലാവരും ഹജ്ജിനുവേണ്ടി തന്നെയായിരുന്നു ഇഹ്‌റാം കെട്ടിയത്. ഹജ്ജിനു വേണ്ടിയുള്ള ഇഹ്‌റാമിനുശേഷം ഹജ്ജ് പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഹജ്ജ് മാറ്റി ഉംറയാക്കുക എന്നത് പ്രസ്തുത വര്‍ഷത്തേക്കു മാത്രം പ്രത്യേകതയാണ്. ഹജ്ജിന്റെ മാസങ്ങളില്‍ ഉംറ ചെയ്യുന്നത് കുറ്റകരമാണെന്ന ജാഹിലിയ്യാ കാലഘട്ടത്തിലെ തെറ്റിദ്ധാരണ നീക്കുവാന്‍ വേണ്ടിയായിരുന്നു പ്രസ്തുത നിര്‍ദേശം. അങ്ങനെ തിരുനബി(സ്വ)യുടെ കൂടെയുള്ളവരില്‍നിന്ന് ബലിമൃഗങ്ങളെ കൊണ്ടുവന്നിട്ടില്ലാത്തവര്‍ ഉംറ പൂര്‍ത്തിയാക്കി ഇഹ്‌റാമില്‍നിന്ന് മോചിതരായി.
ഇഹ്‌റാമില്‍നിന്ന് പുറപ്പെട്ട ആളുകള്‍ പിന്നീട് ദുല്‍ഹിജ്ജ എട്ടിന് ഇഹ്‌റാം ചെയ്ത് ഹജ്ജില്‍ പ്രവേശിച്ചു നബിതങ്ങളോടു കൂടെ മിനയിലേക്ക് പോയി. അതേ ദിവസത്തെ ളുഹ്ര്‍ മുതല്‍ ദുല്‍ഹിജ്ജ ഒമ്പതിന്റെ സ്വുബ്ഹി വരെയുള്ള നിസ്‌കാരങ്ങള്‍ അവിടെയാണു നബി തങ്ങള്‍ നിര്‍വഹിച്ചത്. സ്വുബ്ഹി നിസ്‌കാരത്തിനു ശേഷം അറഫയിലേക്ക് പുറപ്പെട്ടു. ഉച്ചയോടെ അവിടെ എത്തിച്ചേര്‍ന്നു. ളുഹര്‍, അസ്വര്‍ എന്നിവ മുന്തിച്ചു ജംആക്കിയാണ് നബിതങ്ങള്‍ നിര്‍വഹിച്ചത്. രാത്രിയില്‍നിന്നുള്ള അല്‍പസമയം അറഫയില്‍ ചെലവഴിച്ച നബിതങ്ങള്‍ രാത്രിയോടെ അവിടെനിന്ന് മടങ്ങുകയും മുസ്ദലിഫയില്‍ എത്തിച്ചേരുകയും ചെയ്തു. ദുല്‍ഹിജ്ജ പത്തിന്റെ രാവ് ഇവിടെയാണു തിരുനബി കഴിച്ചുകൂട്ടിയത്. പിറ്റേ ദിവസം ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ചതും ഇവിടെനിന്നു തന്നെ.
അടുത്ത ദിവസം-ദുല്‍ഹിജ്ജ 10ന്- തിരുനബി(സ്വ) ജംറതുല്‍ അഖബയെ ഏഴു കല്ലുകള്‍ കൊണ്ട് എറിഞ്ഞു. മിനയില്‍ വച്ച് ബലിമൃഗങ്ങളെ അറുത്ത് ശേഷം തലമുടി കളഞ്ഞു. 100 മൃഗങ്ങളെ കൊണ്ടുവന്നിരുന്നെങ്കിലും 63 എണ്ണം അവിടുന്ന് തന്നെ അറുക്കുകയും ശേഷിക്കുന്നവയെ അറുക്കുവാന്‍ അലി(റ)യെ ഏല്‍പ്പിക്കുകയുമാണുണ്ടായത്. 
തുടര്‍ന്ന് ഹജ്ജിന്റെ പ്രവര്‍ത്തനങ്ങളിലെ ഫര്‍ളായ ത്വവാഫ്-ത്വവാഫുല്‍ ഇഫാള-നിര്‍വഹിച്ചു. ഹജ്ജിന്റെ പ്രധാനപ്പെട്ട ഈ നാല് കര്‍മങ്ങളും ഒരുമിക്കുന്ന ദിവസം-ദുല്‍ഹിജ്ജ പത്ത്-ഹാജിമാര്‍ക്ക് ഹജ്ജുല്‍ അക്ബര്‍ ആണ്. ഈ ദിവസം വെള്ളിയാഴ്ചയായി വരുമ്പോഴാണ് ഈ പേര് വരുന്നതെന്നും പറയപ്പെട്ടിട്ടുണ്ട്. 
അയ്യാമുത്തശ്‌രീഖിന്റെ ബാക്കി ദിനങ്ങള്‍-ദുല്‍ഹിജ്ജ 11, 12, 13 -തിരുനബി(സ്വ) മിനയില്‍ തന്നെ തുടര്‍ന്നു. ഈ മൂന്നു ദിവസങ്ങളിലും ഉച്ചയ്ക്കു ശേഷം മൂന്നു ജംറകളിലും ഏഴു തവണ വീതം കല്ലെറിഞ്ഞു. 14ന് തിരുനബി(സ്വ) ത്വവാഫുല്‍ വിദാഅ് ചെയ്തു മദീനയിലേക്കു മടങ്ങാന്‍ തയ്യാറായി. മക്കയിലേക്കു  സഞ്ചരിച്ച പ്രകാരം ദിനേന ഏകദേശം 50 കിലോമീറ്റര്‍ വീതം സഞ്ചരിച്ച് 10 ദിവസം കൊണ്ട് മദീനയില്‍ എത്തിച്ചേര്‍ന്നു.
ഹജ്ജിനിടെ അറഫ, മിന എന്നിവിടങ്ങളില്‍വച്ച് തിരുനബി(സ്വ) എട്ട് മിനിറ്റില്‍ കുറയുകയോ 10 മിനിറ്റില്‍ കൂടുകയോ ചെയ്തിട്ടില്ലാത്ത പ്രഭാഷണം നിര്‍വഹിച്ചു. 23 വര്‍ഷത്തെ സംഭവ ബഹുലമായ ജീവിതസന്ദേശത്തിന്റെ രത്‌നച്ചുരുക്കമായിരുന്നു അത്. 
ആരംഭത്തില്‍, ശ്രോതാക്കളുടെ ശ്രദ്ധ ക്ഷണിക്കുവാന്‍ വേണ്ടി തിരുനബി(സ്വ) ചോദിച്ചു: ''ഈ സ്ഥലമേതാണ്, ഈ സമയമേതാണ്?'' ഓരോ ചോദ്യത്തിനും സ്വഹാബാക്കള്‍ ''അല്ലാഹു വ റസൂലുഹു അഅ്‌ലം'' എന്നു മറുപടി നല്‍കി. അവയോരോന്നിനും തിരുനബി, തങ്ങള്‍ക്കറിയാത്ത മറ്റുവല്ല നാമവും നല്‍കുമെന്ന ജിജ്ഞാസാനിര്‍ഭരമായ മനസ്സോടെ സ്വഹാബാക്കള്‍ തിരുനബി(സ്വ)യെ ശ്രദ്ധിച്ചപ്പോള്‍ അവിടുന്ന് സംസാരം ആരംഭിച്ചു: 
''ഇത് യുദ്ധം ഹറാമാക്കപ്പെട്ട സമയവും സ്ഥലവുമാണ്. ഇവിടെ രക്തച്ചൊരിച്ചില്‍ ഹറാമാക്കിയതുപോലെ നിങ്ങളില്‍ ഓരോരുത്തരുടെയും രക്തവും അഭിമാനവും സമ്പത്തും അല്ലാഹു മറ്റുള്ളവരുടെമേല്‍ ഹറാമാക്കിയിരിക്കുന്നു...'' എന്നുതുടങ്ങി മാനുഷികതയുടെ സകലവിധ നന്മകളും ഉയര്‍ത്തിപ്പിടിച്ചു നിര്‍വഹിക്കാനും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളാനും തിരുനബി ആഹ്വാനം ചെയ്തു. അവസാനം തിരുനബി(സ്വ) പറഞ്ഞു: ''ഹാജറുള്ളവന്‍ ഇല്ലാത്തവന് എത്തിക്കുക തന്നെ വേണം.''  
ഈ കല്‍പ്പന ആ സദസ്സില്‍ ഹാജരായവരോടും അവരിലൂടെ പിന്നീട് ഈ അധ്യാപനങ്ങളിലേക്ക് ഹാജരായവരോടുമുള്ളതാണ്. അതുകൊണ്ടു തന്നെ നാം ഓരോരുത്തരും ഈ കല്‍പ്പന ശിരസ്സാവഹിക്കാന്‍ ബാധ്യസ്ഥരാണ്. പ്രബോധകര്‍ക്ക് മുഴുവന്‍ കാലത്തേക്കുമുള്ള ഓമര്‍പ്പെടുത്തലായി ഇത് എന്നും ബാക്കിയാവും. 

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter