ഹാജിമാര്‍ക്ക് തെളിനീരൊഴുക്കി സുബൈദ അരുവി വീണ്ടും

നൂറ്റാണ്ടുകള്‍ പലത് പിന്നിട്ടെങ്കിലും സുബൈദ അരുവി ഇന്നും കാണികള്‍ക്ക് അല്‍ഭുതമാണ്. കിടയറ്റ എഞ്ചീനീ യറിങ്ങിന്‍റെയും കൃത്യമായ രൂപ കല്‍പനയു ടെയും കണിശമായ വൈദഗ്ദ്യത്തി ന്‍റെയും പര്യായമായ ഐന്‍ സുബൈദ, നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇസ്‌ലാമിക ഖിലാഫത്തിന്‍റെ പ്രതാപവും ഐശ്വര്യവും വിളിച്ചോതുകയാണ് ഇന്നും. കാലപ്പഴക്കത്താലും പില്‍കാലത്ത് നേരിട്ട അശ്രദ്ധമൂലവും, പ്രകൃതി ദുരന്തത്താലും,  പലഇടങ്ങളിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും 1200 വര്‍ഷങ്ങളായി, മുസ്‌ലിം പൈതൃകത്തിന്‍റെ വലിയ ഒരു അടയാളമായ ഈ അരുവി ഇന്നും ഹാജിമാര്‍ക്ക് തെളിനീര്‍ ഒരുക്കുന്നതില്‍ അതിന്‍റേതായ പങ്ക് വഹിച്ച് കൊണ്ടിരിക്കുന്നു.

ഇസ്‌ലാമിക ഭരണത്തിന്‍റെ സുവര്‍ണ്ണകാലത്തെ മികവിന്‍റെ അടയാളമായ ഈ അരുവിയെ കൂടുതല്‍ സജീവമക്കാനും വരും കാലങ്ങളില്‍ അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സഊദി ഭരണകൂടം തീരുമാനിച്ചതോടെയാണ് അരുവി വീണ്ടും ജനശ്രദ്ധ നേടുന്നത്.

ചരിത്രം

അല്ലാഹുവിന്‍റെ അതിഥികളായി ഹജ്ജിനെത്തുന്നവര്‍ക്ക് ആവുന്നത്ര സൌകര്യങ്ങളൊരുക്കുക എന്നത് പുണ്യഭൂമിയുടെ ഭരണാധികരികള്‍ എക്കാലവും വലിയ സേവനമായി സാഭിമാനം ഏറ്റെടുത്തിട്ടുള്ള ഒരു ഉത്തരവാദിത്തമാണ്. ഹജ്ജ് വേളയില്‍ അറഫയിലും മിനായിലും മക്കത്തും മുസ്ദലിഫയിലുമെല്ലാം ആവശ്യത്തിന് വെള്ളമെത്തിക്കുക എന്നത് മുന്‍കാലത്ത്തന്നെ വലിയ വെല്ലുവിളിയായി നിലനിന്നിരുന്നു. മക്കയിലെയും പരിസരത്തെയും കിണറുകളില്‍ നിന്ന് ലഭിക്കുന്ന വെള്ളമായിരുന്നു അറഫയിലേക്കും മിനയിലേക്കുമെല്ലാം ഹാജിമാര്‍ കൂടെ കരുതിയിരുന്നത്.  വര്‍ഷാവര്‍ഷം ഹാജിമാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് വന്നതോടെ ഈ സംവിധാനം  അപര്യാപ്തമായി മാറി.

ഹിജ്റ 40 – 60 കാലഘട്ടങ്ങളില്‍ (എ. ഡി 660 – 680) അക്കാലത്തെ ഭരണാധികാരിയായിരുന്ന മഹാനായ മുആവിയ ബിന്‍ അബീസൂഫ്‍യാന്‍ (റ) മക്കയിലെ മലഞ്ചെരുവിലെയും മറ്റുമുള്ള അരുവികളില്‍ നിന്നും കിണറുകളില്‍ നിന്നും മക്കക്ക് പുറത്തുള്ള പരിസര പ്രദേശങ്ങളില്‍ ജലസംഭരണികളും കുളങ്ങളും നിര്‍മിച്ച് അതിലേക്ക് വെള്ള മെത്തിക്കാനായി ചെറിയ കനാലുകളും കൈതോടുകളും നിര്‍മിച്ചതോടെയാണ് ശാസ്ത്രീയമായ ജലവിതരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. പില്‍കാലത്ത് വന്ന ഖലീഫമാരും ഭരണാധികരികളും അവരുടേതായ സംഭാവനകളും നവീകരണ പ്രവര്‍ത്തനങ്ങളും ഈ മേഖലയില്‍ നടത്തുകയുണ്ടായി.

പിന്നീട് അബ്ബാസിയ്യ ഭരണാധികരികളില്‍ പ്രശസ്തനായ ഖലീഫ ഹാറൂന്‍ റഷീദിന്‍റെ കാലത്താണ് ഐനു സുബൈദ (സുബൈദ അരുവി) എന്ന പേരില്‍ അറിയപ്പെടുന്ന ബൃഹത്തായ ജലസേചന പദ്ധതി നടപ്പിലാക്കിയത്. അബ്ബാസി ഭരണത്തിന്‍റെ ശില്‍പികളിലൊരാളായ ജഅഫര്‍ ബീന്‍ അബൂമന്‍സൂറിന്‍റെ പുത്രിയും ഖലീഫാ ഹാറൂന്‍ റശീദിന്‍റെ ഭാര്യയുമായ സുബൈദ ബിന്‍ത് അബീജഅ്ഫര്‍ എന്ന മഹതിയാണ് കാലത്തെ തോല്‍പിച്ച ഈ വലിയ സംരംഭത്തിന് പിന്നിലെ ചാലകശക്തി.

വലിയ ധര്‍മിഷ്ടയും ഭക്തയുമായിരുന്ന സുബൈദ, ഹജ്ജിന് പോയപ്പോഴാണ് വെള്ളത്തിന്‍റെ അപര്യാപ്തതമൂലം ഹാജിമാര്‍ അനുഭവിക്കുന്ന പ്രയാസം നേരിട്ട് മനസ്സിലാക്കിയത്. അതിനൊരു ശാശ്വത പരിഹാരം വേണമെന്ന് തീരുമാനിച്ച അവര്‍ സ്വന്തം ചെലവില്‍ തന്നെ അതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു.അക്കാലത്ത് ബഗ്ദാദിലും മറ്റുമുള്ള വലിയ എഞ്ചീനീയര്‍മാരെയും ശാസ്ത്രജ്ഞരെയും അറിയപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തകരെയും കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് പദ്ധതികളാവിഷ്കരിച്ചു. വ്യക്തവും കൃത്യവുമായ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെ വിവിധ സംരംഭംങ്ങള്‍ക്ക് അവര്‍ തുടക്കം കുറിച്ചു.

ത്വാഇഫിന് സമീപമുള്ള വാദീ നുഅ്മാനിലെ ഒരു മലമുകളിലുള്ള ജലസമൃദ്ധമായ തടാകത്തില്‍ നിന്നും മക്ക, മിന, മുസ്ദലിഫ, അറഫാ തുടങ്ങിയ മശാഇറുകളിലേക്ക് നിര്‍ലോഭം വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിക്ക് ധാരണയായി.  ഹിജ്റ് 194 (എ ഡി 809) ലാണ് ബൃഹത്തായ ഈ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രസ്തുത മലമുകളില്‍നിന്നും കനാല്‍ നിര്‍മ്മിച്ച് അരുവിയായി അറഫയിലെ ജബലുറഹ്‍മയുടെ പരിസരത്തേക്കും, അവിടെനിന്ന് മസാമീന്‍ താഴ്വരവഴി മുസ്ദലിഫയിലേക്കും തുടര്‍ന്ന് മിനായിലേക്കും അങ്ങനെ അവസാനം മക്കക്കടുത്തുള്ള വലിയ ഒരു കിണറിലേക്കും വെള്ളം എത്തിക്കുന്ന രീതിയാണ് നടപ്പിലാക്കിയത്. ഈ കിണര്‍ ഇന്നും അസീസിയ്യ ഭാഗത്തുള്ള ശൈഖ് ഇബ്നുബാസ് മസ്ജിദിന് സമീപം സുബൈദ കിണര്‍ എന്ന പേരില്‍ നിലകൊള്ളുന്നു. ഈ കനാലിന്‍റെ നിര്‍മ്മാണത്തിലെ എഞ്ചീനീയറിംഗ് സംവിധാനം ഇന്നും ഏറെ അതിശയിപ്പിക്കുന്നതാണ്. ദിവസവും മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം ഘനം (3000 – 4000 ടാങ്കര്‍ ലോറി) വെള്ളം ഈ കനാല്‍ വഴി ഒഴുകിയിരുന്നതായി ഇതേകുറിച്ച ചരിത്രങ്ങള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല അറഫ ദിനം വെള്ളത്തിന്‍റെ ഒഴുക്ക് 90 ശതമാനവും അറഫയിലേക്ക് തിരിച്ച് വിടാനും അറഫക്ക് ശേഷം അവിടത്തേക്കുള്ള ഒഴുക്ക് നിറുത്തി പിന്നീട് മുസ്ദലിഫയിലേക്കും അതിന് ശേഷം വെള്ളം മുഴുക്കെയും മിനായിലേക്കും ഒഴുകുന്നു. ജനങ്ങളുടെ ഒഴുക്കിനനുസരിച്ച് വെള്ളത്തെ തിരിച്ച് വിടാനുള്ള അതിശാസ്ത്രീയമായ സംവിധാനങ്ങളായിരുന്നു ഇതില്‍ ഉപയോഗപ്പെടുത്തിയിരുന്നത്.

41 കിലോമീറ്ററുകള്‍ നീളമുള്ള ഈ ബൃഹത്തായ ജലസേചന പദ്ധതി, ചുണ്ണാമ്പും വെള്ളം ചോര്‍ന്ന് പോകാത്ത പ്രത്യേകതരം വിലപിടിപ്പുള്ള പാറകള്‍കൊണ്ടും മറ്റുമാണ് നിര്‍മിച്ചിരിക്കുന്നത്. വെള്ളം മലിനമാകാതെ സുഗമമായ ഒഴുക്കിന് തടസ്സം നേരിടാത്ത കൃത്യമായ എഞ്ചിനീയറിംഗ് സംവിധാനമാണ് ഇതിന് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്.  കൂടാതെ മഴവെള്ളം ശുദ്ധജലമാക്കി ഈ കനാലിലേക്ക് ഒഴുകിയെത്താനുള്ള നൂതനമായ സംവിധാനങ്ങളും ഇടക്കിടക്ക് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പാറ മടകളിലൂടെയും മലഞ്ചെരുവുകളിലൂടെയും ഒഴുകന്ന കനാലിന്‍റെ ഭാഗങ്ങള്‍ കേട് കൂടാതെ ഇന്നും നിലനില്‍ക്കുന്നു. മക്കയിലെ അല്‍ഹുദാ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്ക് ഇന്നും അത് കാണാം.

കൂടാതെ മക്കയിലേക്ക് പ്രത്യേകമായി ചില ജലസേചന പദ്ധതികളും അവര്‍ നിര്‍മിക്കുകയുണ്ടായി. ഇിതനായി ഐന്‍ ഹനീന്‍ എന്ന പ്രദേശം വിലക്ക് വാങ്ങി മഴവെള്ളവും മലകളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളവും തടഞ്ഞ് നിര്‍ത്തി അണക്കെട്ട് നിര്‍മ്മിച്ച് വലിയ ജലസംഭരണി ഉണ്ടാക്കുകയും അതില്‍നിന്ന് കനാലുകള്‍വഴി മക്കയിലേക്കും പരിസര പ്രദേശങ്ങളിലേക്കും വെള്ളം എത്തിക്കുകയും ചെയ്തു.

സുബൈദ തന്‍റെ സര്‍വ്വ മുതലും ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ചെലവഴിക്കുകയായിരുന്നു.  അവസാനം ധരിച്ചിരുന്ന ആഭരണങ്ങള്‍ വരെ ഇതിനായി ചെലവഴിക്കേണ്ടി വന്നതായി ചരിത്രത്തില്‍ നിന്നും നമുക്ക് വായിക്കാനാവുന്നു.

പുനരുദ്ധാരണങ്ങള്‍

കൃത്യമായ സംരക്ഷണം ലഭിക്കാതെ ഈ കനാലുകള്‍ക്ക് പലഭാഗത്തും കേടുപാടുകള്‍ സംഭവിച്ചെങ്കിലും പില്‍കാലത്ത് വന്ന ഭരണാധികരികളില്‍ ചിലര്‍ പല നവീകരണ പ്രവര്‍ത്തനങ്ങളും പുനരുദ്ധാരണങ്ങളും നടത്തി സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

തുര്‍ക്കി ഭരണാധികാരികളില്‍പെട്ട സുലൈമാന്‍ ഖാന്റെ ഭാര്യ (ഖാനം സുല്‍ഥാന്‍ ) ഹിജ്റ 979 ല്‍ (എ ഡി 1571) ഈ കനാലിനെ വീണ്ടും പുനരുദ്ധരിച്ച് പഴയ രീതിയിലേക്ക് തിരിച്ച് കൊണ്ട് വന്നിരുന്നു. പിന്നീടങ്ങോട്ട് പലപ്പോഴായി ചെറിയ തോതില്‍ സംരക്ഷണവും അതോട് കൂടെതന്നെ വലിയ തോതില്‍ നാശവും നേരിട്ടിട്ടുണ്ട്.  സഊദ് രാജ കുടംബത്തിന്‍റെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവും ഇതു പുനരുദ്ധാരണം നടത്തിയവരില്‍ പ്രമുഖനാണ്.

ഇപ്പോള്‍ അബ്ദുല്ലാഹ് രാജാവും ഈ മേഖലയില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കയാണ്. അദ്ദേഹത്തിന്റെ പദ്ധതികള്‍ , ഈ ചരിത്ര സ്മാരകത്തെകുറിച്ച് കൂടുതല്‍ പഠിക്കാനും പരിചയപ്പെടാനും പുതുതലമുറക്ക് അവസരമൊരുക്കുമെന്നത് തീര്‍ച്ച. അതോടൊപ്പം ഇസ്ലാമികചരിത്രത്തിലെ പ്രതാപകാലത്തിന്‍റെ സുവര്‍ണ്ണ സമൃതികള്‍ അയവിറക്കാനും ലോകത്തിന് തന്നെ അതേകുറിച്ച് പരിചയപ്പെടാനും ഇതിലൂടെ സാധ്യമാകുമെന്നും നമുക്ക് പ്രത്യാശിക്കാം. ഐന്‍സുബൈദയുടെ ചരിത്രത്തിലേക്ക് അബ്ദുല്ലാഹ് രാജാവിന്റെ നാമം കൂടി തുന്നിച്ചേര്‍ക്കപ്പെടുക കൂടിയാണ് ഇതിലൂടെ സംഭവിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter