ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നവനാണ് വിശ്വാസി

'പരലോകമാണ് സൂക്ഷമത പാലിച്ചവര്‍ക്ക് കൂടുതല്‍ ഉത്തമമായിട്ടുള്ളത്. അപ്പോള്‍ നിങ്ങള്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നില്ലേ' (യൂസുഫ:് 109).

ബുദ്ധിയെ അങ്ങേയറ്റം വിലമതിക്കുന്ന മതമാണ് ഇസ്ലാം മതം. പരിശുദ്ധ ദീന്‍ ബുദ്ധിയുടെ സ്ഥാനവും മാനവും വ്യക്തമാക്കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ 49 സ്ഥലങ്ങളില്‍ അതേപ്പറ്റി പ്രസ്താവിക്കുക മാത്രമല്ല, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിക്കാനും ഗ്രഹിക്കാനും ബുദ്ധി ഉപയോഗിക്കണമെന്ന് ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: 'നിങ്ങള്‍ അറിഞ്ഞുകൊള്ളുക, തീര്‍ച്ചയായും അല്ലാഹു ഭൂമിയെ അത് നീര്‍ജീവമായതിന് ശേഷം ജീവസുറ്റതാക്കുന്നു. തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുത്തന്നിരിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി' (ഹദീദ്: 17).

എല്ലാ കാര്യങ്ങളിലും ചിന്തിക്കുകയും അവയില്‍ ധര്‍മ്മനിഷ്ഠ കണ്ടെത്തുകയും പാഠമുള്‍ക്കൊള്ളുകയും ചെയ്യുന്ന ബുദ്ധിമാന്മാരെ അല്ലാഹു പ്രശംസിക്കുന്നുണ്ട്: 'നിങ്ങള്‍ തിന്നുകയും  നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്തുകൊള്ളുക. ബുദ്ധിമാന്‍മാര്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട'് (ത്വാഹ: 54). അതായത് സല്‍ബുദ്ധിയോടെ നേരെചൊവ്വേ ചിന്തിക്കുന്നവര്‍ക്ക് ഓരോ കാര്യങ്ങളിലും പ്രപഞ്ചനാഥന്റെ ദൃഷ്ടാന്തങ്ങളും അത്ഭുതങ്ങളും കണ്ടെത്താനാവും.

പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അധികവും അഭിസംബോധനം ചെയ്യുന്നത് ചിന്തിക്കുന്നവരോടാണ്: അവനാണ് ഭൂമിയെ വിശാലമാക്കുകയും അതില്‍ ഉറച്ചു നില്‍ക്കുന്ന പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍. എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും അവന്‍ രണ്ട് ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അവന്‍ രാത്രിയെ കൊണ്ട് പകലിനെ മൂടുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്' (റഅദ:് 3)

അല്ലാഹു നിയോഗിച്ച പ്രവാചകന്മാരൊക്കെയും സ്വന്തം ജനതയോട് ബുദ്ധി പ്രവര്‍ത്തിപ്പിക്കാനും ചിന്തിക്കാനും ബോധനം ചെയ്തിട്ടുണ്ട്. 'നിങ്ങള്‍ ചിന്തിക്കുന്നില്ലേ' എന്നാണ് ഇബ്രാഹിം നബി തന്റെ സമുദായത്തോട് ചോദിച്ചത് (അന്‍ബിയാഅ്: 67). അല്ലാഹു സംവിധാനിച്ച പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പില്‍ ചിന്തിക്കാനാണ് മൂസാ നബി തന്റെ ജനതയോട് കല്‍പ്പിച്ചത്: 'അദ്ദേഹം (മൂസാ നബി) പറഞ്ഞു: ഉദയസ്ഥാനത്തിന്റെയും അസ്തമയസ്ഥാനത്തിന്റെയും രക്ഷിതാവത്രെ അവന്‍, നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കില്‍ (ശുഅറാ: 28).

പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) തന്റെ അനുചരരെ ചിന്തിക്കാനും കൂടിയാലോചനയിലൂടെ നൂതന ചിന്തകളിലേക്ക് എത്തിപ്പെടാനും പ്രേരിപ്പിക്കുമായിരുന്നു.  കൂടിയാലോചന ചിന്തകളെ ഉദ്ദീപ്പിക്കുന്നതാണ്. പല ബുദ്ധികള്‍ ഒരുമിക്കുമ്പോള്‍ നല്ല ആശയങ്ങല്‍ ഉത്ഭവിക്കുമത്രെ. നബി (സ്വ) സ്വഹാബികളോട് കാര്യങ്ങളില്‍ തങ്ങളോട് കൂടിയാലോചന നടത്തണമെന്ന് പറയുമായിരുന്നു (ബുഖാരി, മുസ്ലിം).

മാത്രമല്ല, നീണ്ട ആലോചനക്കും നിരന്തര വിചിന്തനത്തിനും ശേഷം മാത്രം ചിരകാല പ്രശ്‌നങ്ങള്‍ക്ക് അനുയോജ്യ പരിഹാരം കണ്ടെത്താനും അവയെപ്പറ്റി അഭിപ്രായം പറയാനും ശ്രമിക്കണമെന്ന് നബി തങ്ങള്‍ (സ്വ) അവരെ ഉണര്‍ത്തുമായിരുന്നു. അങ്ങനെ ഒരുത്തന്‍  യത്‌നം നടത്തി ശരി കണ്ടെത്തിയാല്‍ അവനിക്ക് രണ്ട് പ്രതിഫലമുണ്ടെന്നും (യത്‌നത്തിന്റെയും ശരിയുടെയും), തെറ്റിയാല്‍ ഒരു പ്രതിഫലമുണ്ടെന്നും (യത്‌നത്തിന്റെ) നബി തിരുമേനി (സ്വ)അവരെ പഠിപ്പിക്കുമായിരുന്നു (ബുഖാരി, മുസ്ലിം). ഇക്കാര്യങ്ങളൊക്കെയും ഓര്‍പ്പിക്കുന്നത് ബുദ്ധിയെ സജ്ജമാക്കാനും ചിന്തികളെ ഉത്തേജിപ്പിക്കാനും ബുദ്ധിയുള്ളവര്‍ തയ്യാറാവണമെന്നാണ്.

ചിന്തയാണ് യാഥാര്‍ത്ഥ്യം കണ്ടെത്താനും, സല്‍മാര്‍ഗവും ദുര്‍മാര്‍ഗവും വേര്‍തിരിക്കാനും ലോകസമസ്യകള്‍ക്ക് പരിഹാരം കണ്ടെത്താനും പ്രതിസന്ധികളും വെല്ലുവിളികളും മറികടക്കാനുമുള്ള ശക്തമായ ഉപാധി. ഗാഢമായ ചിന്തകളാണ് നവീന കണ്ടുപിടിത്തങ്ങളിലേക്കും നൂതന ആശയങ്ങളിലേക്കും നയിക്കുന്നത്. ആഴത്തിലുള്ള  ചിന്തകളാണ് നിരവധി സമൂഹങ്ങളെ വിജയികളാക്കിയതും അനവധി പദ്ധതികളെ സമ്പൂര്‍ണമാക്കിയതും. 

ചിന്ത നിലക്കാത്ത പ്രവാഹമാണ്, വറ്റാത്ത ഉറവയാണ്. മനുഷ്യന്‍ ബുദ്ധിയെന്ന ദിവ്യാനുഗ്രഹത്തെ ഉപയോഗപ്പെടുത്തുകയും അതില്‍ നിന്നുയിര്‍ക്കൊള്ളുന്ന  ചിന്തകളെ  സ്വന്തത്തിനും നാടിനും മനുഷ്യകുലത്തിന് ഒന്നടങ്കവും ഉപകാരപ്രദമാവുംവിധം പ്രയോജനപ്പെടുത്തുകയും വേണം. അനുകരണമില്ലാത്ത മാര്‍ഗങ്ങളിലൂടെ ചിന്തിക്കുകയും ജീവിതത്തിന്റെ നിഖില മേഖലകളിലുമുള്ള പുതുവിജ്ഞാനീയങ്ങളെ കണ്ടെത്തുകയും വേണം.

ലോകം ഇന്ന് അഭൂതപൂര്‍വ്വമായ ശാസ്ത്ര വൈജ്ഞാനിക നവോത്ഥാനത്തിനുള്ള പുറപ്പാടിലാണ്. അതു കൊണ്ട് തന്നെ ശ്രമകരമായ ഗവേഷണങ്ങളും നിരന്തര വിചിന്തനങ്ങളും ക്രിയാത്മ ചിന്തക്കായി ബുദ്ധി പരിശീലിപ്പിക്കലും സത്വരമായ വികസനങ്ങള്‍ക്കായി ബൗദ്ധിക നൈപുണ്യങ്ങളെയും കഴിവുകളെയും പരിപോഷിപ്പിക്കലും അനിവാര്യമായിരിക്കുകയാണ്.

പരിപാവന ഇസ്ലാം മതം എല്ലാ കാര്യത്തിലും ചിന്തിക്കാനും ശാസ്ത്ര മേഖലകളെയും പ്രകൃതി പ്രതിഭാസങ്ങളെയും നമ്മുക്ക് പരിചിതമല്ലാത്ത മാര്‍ഗങ്ങളിലൂടെ ഗവേഷണത്വരയോടെ സമീപിക്കാനും പഠിപ്പിക്കുന്നുണ്ട്. പ്രപഞ്ചത്തിലെ സൃഷ്ടിവൈവിധ്യങ്ങളിലും വൈഭവ്യങ്ങളിലും സൂക്ഷമ നിരീക്ഷണത്തോടെ ചിന്തിക്കണമെന്ന് അല്ലാഹു അടിമകളോട് കല്‍പ്പിക്കുന്നു: 'അവര്‍ ഒട്ടകങ്ങളിലേക്ക് നോക്കുന്നില്ലേ, അവ എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്. ആകാശത്തിലേക്ക നോക്കുന്നില്ലേ, അവ എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്. പര്‍വ്വതങ്ങളിലേക്ക് നോക്കുന്നില്ലേ, അവ എങ്ങനെ നാട്ടിനിര്‍ത്തിപ്പെട്ടിരിക്കുന്നവെന്ന്. ഭൂമിയിലേക്ക് നോക്കുന്നില്ലേ, അവ എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്' (ഗാശിയ 17, 20).

മാത്രമല്ല, സ്വന്തത്തില്‍ ചിന്തിക്കാനും സൃഷ്ടിപ്പിന്റെ ഉള്ളറകളിലേക്ക് ഗാഢമായ ചിന്തകളോടെ ഗവേഷണം  നടത്താനും അല്ലാഹു മനുഷ്യനോട് കല്‍പ്പിക്കുന്നു: 'എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചുക്കൊള്ളട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിപ്പെട്ടിരിക്കുന്നുവെന്ന്' (ത്വാരിഖ്, 5).

പ്രമുഖ താബിഉം ചരിത്രകാരനുമായ വഹബ് ബ്‌നു മുനബിഹ് പറയുന്നു: 'ഒരുത്തന്‍ നിരന്തരം ചിന്തിച്ചാല്‍ പല പുത്തന്‍ അറിവുകള്‍ മനസ്സിലാക്കാനാവും, കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ അവ പഠിക്കാനാവും, പഠിച്ചാല്‍ അവ പ്രാവര്‍ത്തികമാക്കാനാവും' (തഫ്‌സീര്‍ ഇബ്‌നു കസീര്‍).

ജീവിതത്തിന്റെ സകല കാര്യത്തിലും ചിന്ത അത്യന്താപേക്ഷിതമാണ്. ഇടപാടുകളിലും നിലപാടുകളിലും ചിന്തിച്ചേ ചെയ്യാവൂ. വിട്ടുകാര്യത്തിലും മക്കളെ വളര്‍ത്തുന്ന കാര്യത്തിലും വിഭവ ഉപയോഗത്തിലും ഉപഭോഗത്തിലും ചിന്തിക്കുന്നത് ശരി വരുത്തുമെന്നതില്‍ സന്ദേഹിക്കാനില്ല. ജോലി കാര്യത്തിലും ചിന്താബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുന്നത് കരിയറില്‍ നല്ലതേ വരുത്തുള്ളൂ.

രക്ഷിതാക്കളും അധ്യാപകരും വളര്‍ന്നുവരുന്ന മക്കളുടെ ചിന്താശക്തി അഭിവൃതിപ്പെടുത്തുന്നതില്‍ സദാ ജാഗരൂകരായിരിക്കണം.  അവരുടെ ബുദ്ധിയാണ് നാടിന്റെ ഭാവിയെ നിശ്ചയിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter