ഇവര്‍ക്ക് ഇസ്‌ലാം ഒരായുധം മാത്രമാണ്
pegionമധ്യേഷ്യയിലും ഉത്തരാഫ്രിക്കയിലും സര്‍ക്കാറുകളും ഇസ്‌ലാമിക് സ്റ്റേറ്റ്, ബോകോ ഹറാം തുടങ്ങിയ തീവ്രവാദി ഗ്രൂപ്പുകളും തമ്മില്‍ കനത്ത പോരാട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതേ സമയം ഇവരുടെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്ത് ചൂടേറിയ ചര്‍ച്ചകളാണ് ലോകത്തൊന്നടങ്കം നടന്നുകൊണ്ടിരിക്കുന്നത്, പ്രത്യേകിച്ചും പടിഞ്ഞാറില്‍. ഐസിസ് എന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ചെയ്തുകൂട്ടുന്ന കിരാത നടപടികള്‍ക്ക് അവര്‍ കൂട്ടുപിടിക്കുന്നത് ഇസ്‌ലാമിനെയാണ്. എന്നാല്‍ ഇത്തരം തീവ്രവാദി ഗ്രൂപ്പുകളുടെ അന്യായമായ അതിക്രമങ്ങള്‍ ഇസ്‌ലാമികമല്ലെന്ന് തെളിയിക്കാനുള്ള തീവ്രയജ്ഞത്തിലാണ് ലോകത്തെ ബഹുഭൂരിഭാഗം മുസ്‌ലിംകളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഭീകരഗ്രൂപ്പുകളുടെ മതാത്മകതയെ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്ന നിരവധി ലേഖനങ്ങളും മറ്റും പുറത്തുവരികയുണ്ടായി. മാത്രമല്ല, ഐസിസിന്റെ സമീപനങ്ങളെയും കാഴ്ചപ്പാടുകളെയും നിശിതമായി വിമര്‍ശിച്ച് ലോകത്തെ തലയെടുപ്പുള്ള 126ഓളം മതപണ്ഡിതര്‍ ഒപ്പിട്ട് ഒരു കത്ത് പുറത്തിറക്കുകയും ചെയ്തു. മധ്യേഷ്യയിലും ഉത്തരാഫ്രിക്കയിലും കനത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പ്രചോദനം വെറും മതകീയ വികാരങ്ങളാണെന്ന അന്താരാഷ്ട്ര നിരീക്ഷകരുടെ അഴകുഴമ്പന്‍ അക്കാദമിക അവലോകനങ്ങളെ അട്ടിമറിക്കുന്നതാണ് അല്‍ജസീറ അവതാരകന്‍ മഹ്ദി ഹുസൈന്റെ പുതിയ വെളിപ്പെടുത്തലുകള്‍. ന്യൂ സ്റ്റേറ്റ്മാനി ല്‍ പ്രസിദ്ധീകരിച്ച തന്റെ ലേഖനത്തില്‍, ഇത്തരം തീവ്രവാദി ഗ്രൂപ്പുകളുമായി അടുത്തിടപഴകിയവരെ ഉദ്ധരിച്ച് അദ്ദേഹം എഴുതി:  തീവ്ര-ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ മതത്തിനുള്ള പങ്ക്, അത് വെറും നീതീകരണത്തിന്റേത് മാത്രമാണ്. അവരുടെ നിഷ്ഠൂരപ്രവര്‍ത്തനങ്ങളുടെ പ്രചോദനമോ ആകര്‍ഷണീയതയോ മതമാണെന്ന് വിധിക്കാന്‍ കഴിയിയില്ല. മധ്യേഷ്യന്‍-ഉത്തരാഫ്രിക്കന്‍ പ്രശ്‌നങ്ങളില്‍ പടിഞ്ഞാറിന് സ്വതാല്‍പര്യങ്ങളും സ്വാധീനവുമുണ്ടെന്നത് അവരുടെ രാഷ്ട്രീയത്തിലും വിദേശനയങ്ങളിലും തെളിഞ്ഞുകാണാവുന്നതാണ്. സമകാലിക പ്രശ്‌നങ്ങള്‍ മതാത്മകമായി ചിത്രീകരിക്കുന്നതിന്റെ പിന്നിലുള്ള തന്ത്രവും, ഒരുപക്ഷേ ഇത്തരം നീക്കങ്ങള്‍ക്കു മറച്ചുപിടിക്കാനാവാം. കഴിഞ്ഞ നൂറ്റാണ്ടില്‍ തങ്ങളാല്‍ ഭരിക്കപ്പെട്ട ഒരു ജനതയുടെ നവകൊളോണിയല്‍ ശക്തികള്‍ക്കെതിരെയുള്ള സ്വാഭാവിക പ്രതികരണമെന്ന യാഥാര്‍ഥ്യത്തിനു പകരം വെറും പ്രാദേശിക മത തീവ്രവാദ മുന്നേറ്റങ്ങളായി ചിത്രീകരിക്കാനാണ് പാശ്ചാത്യര്‍ ശ്രമിക്കുന്നത്. ഇവിടെയാണ് മധ്യേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും പ്രശ്‌നങ്ങള്‍ മതാത്മകമാണോ അല്ലയോ എന്ന ചോദ്യം ഉയര്‍ന്നുവരുന്നത്. പ്രസ്തുത മേഖലകളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന രാഷ്ട്രീയ മുറവിളികള്‍ക്ക് ശാശ്വത പരിഹാരം തേടുന്നതിനപ്പുറം തങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ താല്‍പര്യങ്ങളെ സംരക്ഷിക്കുക എന്ന തത്വമാണ് പടിഞ്ഞാറന്‍ വിദേശനയങ്ങള്‍ മുന്നോട്ടുവെക്കുന്നത്. അഫ്ഗാന്‍, ഇറാഖ്, സിറിയ തുടങ്ങിയ പ്രശ്‌ന കലുഷിത രാഷ്ട്രങ്ങളില്‍ അമേരിക്കയുടെ സ്ഥാനപതിയായിരുന്ന റയാന്‍. സി.ക്രോക്കര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഈ ഉല്‍കണ്ഠ പങ്കുവെക്കുന്നുണ്ട്. സിറിയയിലെ ബശ്ശാറുല്‍ അസദിനെപ്പോലുള്ള ശക്തരായ ഏകാധിപതികളെ താങ്ങിനിര്‍ത്തുന്ന അമേരിക്കയുടെ സമീപനത്തില്‍ തികഞ്ഞ ആശങ്ക പ്രകടിപ്പിച്ച് അന്ന് റയാന്‍ എഴുതി: അല്‍ ഖാഇദയുടെ പൂര്‍ണനിയന്ത്രണത്തിലുള്ള ഒരു വലിയ രാഷ്ട്രത്തെ അറബ് ലോകത്തിന്റെ ഹൃദയ ഭാഗത്ത് നമുക്കാവശ്യമുണ്ടോ? പ്രസക്തമായ ഈ ചോദ്യം ഉന്നയിക്കപ്പെട്ട് ആറുമാസം തികയുന്നതിന് മുമ്പാണ് എല്ലാ അര്‍ഥത്തിലും അല്‍ഖാഇദയെ നിഷ്പ്രഭമാക്കിയ ഐസിസ് പ്രത്യക്ഷപ്പെടുന്നതും  ഇറാഖിന്റെയും സിറിയയുടെയും മൂന്നിലൊരു ഭാഗം കുട്ടിച്ചേര്‍ത്ത് ബ്രിട്ടനോളം വിസ്തൃതിയുള്ള പ്രദേശത്ത് ഇസ്‌ലാമിക് ഖിലാഫത്ത് എന്ന പേരില്‍ ഒരു രാഷ്ട്രസംവിധാനത്തിന് അടിത്തറ പാകിയതും. സമകാലിക തീവ്രവാദപ്രശ്‌നങ്ങളില്‍ പടിഞ്ഞാറിന്റെ താല്‍പര്യങ്ങള്‍ എന്താണെങ്കിലും പ്രസ്തുത പ്രശ്‌നങ്ങള്‍ മതാത്മകമായി ചിത്രീകരിക്കാന്‍ ചില ന്യായമായ കാരണങ്ങളുണ്ട്. പരാമര്‍ശിക്കപ്പെട്ട മുഴുവന്‍ തീവ്രവാദ ഗ്രൂപ്പുകളും മതത്തിന്റെ പേരിലാണ് രംഗപ്രവേശം ചെയ്തത് എന്ന് മാത്രമല്ല മതകീയ ചിഹ്നങ്ങളും വചനങ്ങളും അവര്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു.  തങ്ങള്‍ ചെയ്യുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഇസ്‌ലാമികമായി തന്നെ നീതീകരണം കണ്ടെത്തുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍, ഇസ്‌ലാമാണ് മുഴുവന്‍ പ്രശ്‌നങ്ങളുടെയും കാരണവും പ്രചോദനവുമെന്ന് വ്യാപകമായി തെറ്റിദ്ധരിക്കപ്പെടാന്‍ വലിയൊരളവോളം ഇത് കാരണമായി. ചില വ്യക്തികളെങ്കിലും മതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടുണ്ടാകാം വലിയൊരു ജനവിഭാഗത്തെ നേര്‍ക്കുനേര്‍ പോരാട്ടമെന്ന അതിസാഹസികതക്ക് പ്രേരിപ്പിച്ചതും മതകീയ ദര്‍ശനങ്ങളായിരിക്കാം. പക്ഷേ, ആഗോളതലത്തില്‍ മാധ്യമങ്ങള്‍ അത് ഉല്‍ഘോഷിക്കുന്നത് പോലെ തീവ്രമത തത്വങ്ങളാണോ ഐസിസ് പോലോത്ത ഭീകരവാദ സംഘടനകളുടെ പിറവിക്കും വളര്‍ച്ചക്കും ഹേതുവായ പ്രധാനഘടകമെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. കാലങ്ങളായി മധ്യേഷ്യന്‍ രാഷ്ട്രീയ സ്ഥിതിഗതിയെ വിലയിരുത്തുന്ന മുഴുവന്‍ എഴുത്തുകുത്തുകളും വിചാരപ്പെടലുകളും മുന്നോട്ടുവെക്കുന്നത് ഇത്തരമൊരു അപകടരമായ ധാരണയാണ്. പക്ഷേ, പുതിയ നിരീക്ഷണങ്ങളില്‍ നിന്നും പഠനങ്ങളില്‍ നിന്നും മറ്റു പല വസ്തുതകളുമാണ് ബോധ്യപ്പെടുന്നത്. തീവ്രവാദഗ്രൂപ്പുകള്‍ മതചിഹ്നങ്ങളെയും ആശയങ്ങളെയും കൂട്ടുപിടിക്കുന്നത് മതേതരവല്‍ക്കരണത്തിനെതിരെയുള്ള തെളിവായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഒരേ മതകീയ സമൂഹത്തിനിടയില്‍തന്നെ മതകീയ ചിഹ്നങ്ങളും നാമങ്ങളും പ്രത്യേകമായി ഉപയോഗിക്കപ്പെടുന്നതിന് പിന്നില്‍ ഒരു മതേതരവല്‍ക്കരണ അജണ്ട ന്യായമായും സംശയിക്കാവുന്നതാണ്. എന്നാല്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതാത്മകതയുടെ പ്രാഥമിക ലക്ഷ്യം ജനസമ്മിതി തന്നെയാണ്. ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ദൈവിക സ്പര്‍ശം കല്‍പിക്കുന്നതിലൂടെ മുസ്‌ലിം സമൂഹത്തിനിടയില്‍-ചെറിയ രീതിയിലെങ്കിലും- ഒരനുകൂല മനോഭാവവും അംഗീകാരവും നേടിയെടുക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്നത് തീര്‍ച്ചയാണ്. സത്യത്തില്‍ തീവ്രവാദ സംഘടനകളുടെ രൂപീകരണ പ്രചോദനം വെറും മതതത്വങ്ങളായിരുന്നുവോ എന്നത് നാം കൂലങ്കശമായ ചിന്തക്ക് വിധേയമാക്കേണ്ടതാണ്. പ്രശ്‌നകലുഷിതമായ മധ്യേഷ്യന്‍- ഉത്തരാഫ്രിക്കന്‍ മേഖലകളില്‍ നിന്നുള്ള വലിയൊരു ജനവിഭാഗം കടുത്ത തൊഴിലില്ലായ്മയും സാമ്പത്തിക പരാധീനതകളും അനുഭവിക്കുന്നവരാണ്. തല്‍ഫലമായി, തങ്ങളുടെ ഏകാധിപത്യ സര്‍ക്കാറുകള്‍ക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കാനോ നിലനില്‍ക്കുന്ന അസംതൃപ്തമായ രാഷ്ട്രീയ വ്യവസ്ഥിതിയെ ജനാധിപത്യവല്‍ക്കരിക്കാനോ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. ഇവിടെ അവരുടെ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമായി അവര്‍ സ്വാഭാവികമായും കണ്ടെത്തിയതാണ് സായുധ പോരാട്ടം. പ്രസ്തുത സംഘട്ടനങ്ങളെ ജനകീയമാക്കി ന്യായീകരിക്കുന്നതിന് വേണ്ടി അവര്‍ കണ്ടെത്തിയ ഫലപ്രദമായ വികാരമായിരുന്നു ഇസ്‌ലാം മതം. ശരീഅത്തിന്റെ കുറ്റമറ്റ സംസ്ഥാപനമാണ് ഏറ്റവും ലളിതമായ പരിഹാരമെന്ന ഇസ്‌ലാമിസ്റ്റുകളുടെ പ്രഘോഷണങ്ങള്‍ പ്രസ്തുത മനോഭാവത്തെ ജനങ്ങളില്‍ രൂഢമൂലമാക്കുകയും ചെയ്തു. യൂറോപ്യന്‍ സങ്കല്‍പങ്ങളെ മതാത്മകമായി അവതരിപ്പിച്ച് ഇവിടങ്ങളില്‍ മുസ്‌ലിം ഭൂരിപക്ഷത്തെ കൂടെ നിര്‍ത്താന്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കായി എന്നത് വളരെ ശ്രദ്ധേയമാണ്. ഐസിസിന്റെ രൂപീകരണ സാഹചര്യങ്ങളും ഇപ്പോഴത്തെ ആക്രമണ സമീപനങ്ങളും അവയ്ക്കു നല്‍കുന്ന മതകീയ ന്യായീകരണങ്ങളും ഉയര്‍ത്തിവിടുന്ന വൈരുദ്ധ്യം നമ്മെ കുഴക്കുന്നു. തീര്‍ത്തും ആക്രമണ സ്വഭാവമുള്ള ഒരു മുന്നേറ്റത്തെ എന്തുകൊണ്ടാണ് യുവജനങ്ങള്‍ പിന്തുണക്കുന്നത്? 'മതവും ജിഹാദും' എന്ന തന്റെ ലേഖനത്തില്‍ സിയാ മൊറാല്‍ നല്‍കുന്ന ഉത്തരം ഇവിടെ ഏറെ ശ്രദ്ധേയമാണ്. മതമെന്നത് ഐസിസ് പോരാളിയെ സംബന്ധിച്ചിടത്തോളം അവസാനത്തെ ചര്‍ച്ചാവിഷയമാണ്. ഇസ്‌ലാം യഖീല്‍ എന്ന ഈജിപ്തുകാരനായ യുവ ഐസിസ് പോരാളിയുടെ അനുഭവം മൊറാലിന്റെ അനുമാനത്തെ ശരിവെക്കുന്നതാണ്. യഖീലിനെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഫീച്ചറില്‍ തന്റെ രാഷ്ട്രീയമായ പരിവര്‍ത്തനത്തെക്കുറിച്ച് യഖീല്‍ മനസു തുറക്കുന്നുണ്ട്: പാശ്ചാത്യന്‍ ജീവിത ശൈലിയോടുള്ള അഭിനിവേശം നിറഞ്ഞതായിരുന്നു തന്റെ യൗവനത്തിന്റെ ആദ്യ ഭാഗങ്ങള്‍. 2013ന്റെ ആരംഭകാലത്ത് ഞാനും കൂട്ടുകാരും ആഗോളതലത്തില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും അവസ്ഥകളറിഞ്ഞപ്പോള്‍ ബര്‍മ, സിറിയ, ഫലസ്തീന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ ദയനീയ ചിത്രങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ ചില പ്രതികാര ചിന്തകളുണര്‍ത്തി. പക്ഷെ എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ച് മനസ്സില്‍ യാതൊരു രൂപവുമുണ്ടായിരുന്നില്ല. മുസ്‌ലിം പ്രതാപകാലത്തുണ്ടായിരുന്ന ജിഹാദിനെക്കുറിച്ച് ഞങ്ങള്‍ കേട്ടിരുന്നു. പൊടുന്നനെ, നിരവധി സായുധ സംഘങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. സിറിയയെക്കുറിച്ചും ജിഹാദിനെക്കുറിച്ചും മനസ്സിലാക്കിയപ്പോള്‍ സിറിയയെ രക്ഷിക്കാന്‍ ജിഹാദല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് ഞങ്ങള്‍ തീര്‍ച്ചയാക്കി. ഞങ്ങള്‍ ഐസിസില്‍ ചേര്‍ന്ന് ശക്തമായി പോരാടുമെന്ന്  ശപഥം ചെയ്തു. എന്റെ ഖുര്‍ആന്‍ അധ്യാപകന്‍ എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എന്റെ മനസ് അതിനനുവദിച്ചില്ല. കാരണം, ഖുര്‍ആന്‍ സൂക്തങ്ങളും ന്യായവും തന്റെ ഭാഗത്താണെന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. അവിടെ (സിറിയയില്‍) ജനങ്ങള്‍ ക്രൂരമായി കൊലചെയ്യപ്പെടുകയും സ്ത്രീകള്‍ പീഢനങ്ങള്‍ക്കിരയാവുകയും ചെയ്യുമ്പോള്‍ അവരെ രക്ഷിക്കേണ്ടത് നമ്മുടെ നിര്‍ബന്ധ ബാധ്യതയല്ലേ?  മതതത്വങ്ങള്‍ക്കപ്പുറം സാഹചര്യങ്ങള്‍ എങ്ങനെയാണ് തീവ്രവാദിയെ സൃഷ്ടിക്കുന്നതെന്ന് പ്രസ്തുത വിവരണത്തില്‍ നിന്നും വ്യക്തമാണ്. യഖീല്‍ ഉദ്ധരിച്ച പ്രതികാര ദാഹവും കടുത്ത വെറുപ്പുമാണ് മുവുവന്‍ തീവ്ര-ഭീകരവാദികളെയും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. ഒരു തീവ്രവാദിയുടെ മതത്തെപ്പോലും പിന്നീട് നിയന്ത്രിക്കുന്നത് ഈ വിദ്വേഷമാണ്. ലെബനാനില്‍ ജയിലിലടക്കപ്പെട്ട തീവ്രവാദികളോടൊപ്പം ചെലവഴിക്കാന്‍ അവസരം ലഭിച്ച രണ്ടു ലെബനീസ് പൊതുപ്രവര്‍ത്തകരുടെ ഈയിടെ പുറത്തുവന്ന ഒരു അഭിമുഖം ഒരു തീവ്രവാദിയുടെ മാനസിക നില എങ്ങനെയായിരിക്കുമെന്ന് തുറന്നുകാട്ടുന്നുണ്ട്. നിഷ്‌കരുണം ഗളഛേദം നടത്തുന്നതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ ഒരു ഐസിസ് പോരാളി നല്‍കിയ മറുപടി വിചിത്രവും ഒപ്പം ചിന്തനീയവുമായിരുന്നു. തലയറുക്കുക എന്നത് കേവലം അഞ്ചോ പത്തോ മിനുട്ടിന്റെ പ്രശ്‌നം മാത്രമാണ്. എന്നാല്‍ കാലങ്ങളായി ഗ്വാണ്ടനാമോ തടവറയില്‍ കഠിനപീഢനങ്ങള്‍ക്കിരയാവുന്ന നമ്മുടെ സഹോദരന്മാരെക്കുറിച്ച് നിങ്ങള്‍ എന്തു  പറയുന്നു? അമേരിക്കന്‍ ഗവണ്‍മെന്റ് കാലങ്ങളോളം അവരെ മര്‍ദ്ദിച്ചവശരാക്കി കൊലപ്പെടുത്തുന്നു. ഈ ക്രൂരത ഓര്‍ക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്നത് എത്രയോ കരുണയുള്ള പ്രവര്‍ത്തനമാണ്. ഇറാഖ് യുദ്ധകാലത്ത് അരങ്ങേറിയ നരമേധങ്ങളുടെയും അബൂഗുറൈബ് ജയിലിലെ ഭീകരപീഢനങ്ങളുടെയും വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചാണത്രെ ഓരോ ഐസിസ് പോരാളിയെയും കൊടുംക്രൂര കൃത്യങ്ങള്‍ക്ക് വേണ്ടി മെരുക്കിയെടുക്കുന്നത്. യഖീലിന്റെ കഥയില്‍ വിവരിക്കപ്പെട്ട പോലെ, രൂക്ഷമായ അസ്തിത്വ പ്രതിസന്ധികളില്‍ നിന്ന് പോരാടാനുറച്ച് കടന്നുവന്ന പോരാളികള്‍ പിന്നീട് മതത്തെ അവരുടെ ചെയ്തിക്കനുസരിച്ച് വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. അത്‌കൊണ്ട് തന്നെ, ഐസിസിന്റെ രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് ശരീഅത്തിനെയും മതനീതീകരണങ്ങളെയും മാറ്റിനിര്‍ത്തിയാല്‍ പോലും അവരുടെ ലക്ഷ്യങ്ങള്‍ വളരെ കൃത്യമായി ഗ്രഹിക്കാന്‍ കഴിയും. മതത്തിനതീതമായി ഐസിസിന് സ്വന്തമായ ചില നിലപാടുകളുണ്ട്. തങ്ങളുടെ കാഴ്ചപ്പാടുകളെ ന്യായീകരിക്കാനുള്ള വെറുമൊരു ഉപാധിയാണ് അവര്‍ക്ക് മതം. ശക്തമായ ഭിന്നാഭിപ്രായങ്ങള്‍ പുലര്‍ത്തുന്നവരായിട്ടുകൂടി, ലോകത്തെ ബഹുഭൂരിഭാഗം മുസ്‌ലിംകളും ഐസിസ് നിലപാടിനെതിരെ കൈകോര്‍ത്തതും അത് അനിസ്‌ലാമികമാണെന്നു പ്രഖ്യാപിച്ചതും ഇത് കൊണ്ടാണ്. അനിസ്‌ലാമികമാണെങ്കില്‍ പോലും തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അമിതമായ ആത്മാര്‍ഥത പ്രകടിപ്പിക്കുന്ന ഐസിസ് പോരാളികളുടെ കഴിവും ശക്തിയും കുറച്ച് കാണിക്കാന്‍ കഴിയില്ല. റിക്രൂട്ട്‌മെന്റ് മുതല്‍ പോരാട്ടങ്ങള്‍ വരെയുള്ള ഓരോ നീക്കങ്ങളും ചലനങ്ങളും തീര്‍ത്തും തന്ത്രപരമാണ്. പടിഞ്ഞാറന്‍ അടിച്ചമര്‍ത്തല്‍ നയങ്ങളിലൂടെ അന്ത്യം ലക്ഷ്യമാക്കി മുന്നേറുന്ന സ്വാതന്ത്ര്യ പോരാളികളെ ചിത്രീകരിച്ച്, ഐസിസ് പുറത്തുവിടുന്ന ഹോളിവുഡിനെ വെല്ലുന്ന മനോഹരമായ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. ഇതില്‍ ആകൃഷ്ടരായി ഒരുപാട് മുസ്‌ലിം യുവാക്കള്‍ ഐസിസില്‍ അംഗത്വം നേടുകയും ചെയ്യുന്നുണ്ട്. ഒരു ബ്രിട്ടീഷ് പത്രം പുറത്തുവിട്ട വിവരണങ്ങളനുസരിച്ച് തീവ്രവാദികളില്‍ ബഹുഭൂരിഭാഗവും മതത്തെക്കുറിച്ച് അജ്ഞരും അശ്രദ്ധരുമാണ്. സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്ന ഐസിസ് ചിത്രങ്ങളില്‍ ആകൃഷ്ടരായി പോരാളികളായിമാറിയ പലരും പോരാട്ടഭൂമിയില്‍ കാര്യത്തോടടുക്കുമ്പോഴാണ് തങ്ങള്‍ മതത്തിന്റെ പേരില്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലാകുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അറബ് ലോകത്ത് ആഞ്ഞടിച്ച അറബ് വസന്തത്തിന് ആദ്യകാലത്ത് പടിഞ്ഞാറില്‍ നിന്നും ലഭ്യമായത് തീര്‍ത്തും അനുകൂലവും ആശാവഹവുമായ പ്രതികരണങ്ങളായിരുന്നു. പക്ഷെ, അറബ് വസന്തം മുസ്‌ലിം ലോകത്ത് ഇസ്‌ലാമിസ്റ്റുകള്‍ക്ക്  പിടിമുറുക്കാനുള്ള അവസരമാണ് തുറന്നിടുന്നതെന്ന് അന്താരാഷ്ട്രീയ രാഷ്ട്രീയ വിചക്ഷണര്‍ വിലയിരുത്തിയതോടെ പടിഞ്ഞാറ് ഉല്‍കണ്ഠാകുലരായി. ഈജിപ്തില്‍ ജനാധിപത്യത്തിലൂടെ തെരെഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ബ്രദര്‍ഹുഡ് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ പടിഞ്ഞാറന്‍ ശക്തികള്‍ സൈന്യത്തിന് സകലമാന സഹായങ്ങളും ചെയ്തു കൊടുത്തു. ജനാധിപത്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും കൊതിച്ച് മാസങ്ങളോളം ഈജിപ്തില്‍ അരങ്ങേറിയ രാഷ്ടീയ മുന്നേറ്റങ്ങള്‍ സൈനിക അട്ടിമറിയോടെ സമ്പൂര്‍ണ പരാജയത്തില്‍ കലാശിച്ചു. അതോടെ, ശരിയായ രീതിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യില്ലെന്ന് തിരിച്ചറിഞ്ഞ അറബ്-മുസ്‌ലിം യുവാക്കളില്‍ നിന്ന് ചിലരെങ്കിലും തീവ്രവാദത്തിലേക്ക് കൂറുമാറുകയും കനത്ത സായുധ പോരാട്ടം അനിവാര്യമാണെന്ന് വിശ്വസിക്കുകയും ചെയ്തു. രാഷ്ട്രീയ വിജയത്തിന്റെ മുഴുവന്‍ വാതിലുകളും കൊട്ടിയടക്കപ്പെട്ടതോടെ കനത്ത ആക്രമണമായിരുന്നു അവര്‍ക്ക് മുന്നില്‍ തെളിഞ്ഞ ഏക പോംവഴി. ചുരുക്കത്തില്‍ അറബ് വസന്താനന്തര രാഷ്ട്രീയ പരാജയങ്ങളും പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും ഭീകരവാദ സംഘങ്ങളുടെ വളര്‍ച്ചയില്‍ ഭീമമായ പങ്കുവഹിച്ചിട്ടുണ്ട്. ഐസിസിന്റെ ജനസമ്മതി കൂട്ടുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കും അനിഷേധ്യമാണ്. പ്രത്യേകിച്ച്, അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഭാഷാപ്രയോഗങ്ങള്‍ ഐസിസിന്റെ വളര്‍ച്ചയെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. ഒരാള്‍ സമ്പൂര്‍ണ ഇസ്‌ലാം മതവിശ്വാസി ആവണമെങ്കില്‍ അയാള്‍ തീവ്രവാദി ആകണമെന്നാണ് പൊതുമാധ്യമങ്ങളുടെ താല്‍പര്യം. ഇത്തരം സമീപനങ്ങള്‍ക്കെതിരെയുള്ള പ്രതികരണങ്ങള്‍ പലപ്പോഴും ഐസിസിനെ ഇസ്‌ലാമികമായി ചിത്രീകരിക്കപ്പെടാന്‍ വഴിയൊരുക്കുകയാണ്. മതതീവ്രവാദ സംബന്ധമായ മാധ്യമചര്‍ച്ചകളില്‍ ജിഹാദ്, ഖിലാഫത്ത്, ശരീഅത്ത് തുടങ്ങിയ പദങ്ങളുടെ ഉപയോഗം ഇസ്‌ലാമാഫോബിയ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. കേവലം ഐസിസിന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്‌ലാമിക പദമുപയോഗിച്ച് മതതീവ്രവാദതതെ പരിചയപ്പെടുത്തുന്നത് പൊതു മുസ്‌ലിം വികാരം വൃത്തപ്പെടുത്താനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണിത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter