ബദ്ര്‍ നാളും ഖദ്ര്‍ രാവും

റമളാനിലെ രണ്ടു പുണ്യസമയങ്ങളാണ് ബദ്ര്‍ നാളും ഖദ്ര്‍ രാവും. നോമ്പ് ഒരു പരിചയാണെന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്. ആത്മികവും ഭൗതികവുമായ പ്രതിരോധത്തിന്റെ പാഠങ്ങള്‍ അഭ്യസിക്കാന്‍ നോമ്പ് പരിശീലിപ്പിക്കുന്നു. ഈ അര്‍ത്ഥത്തില്‍ ബദ്ര്‍ സംഭവം റമളാനിലായത് യാദൃഛികമല്ല.

ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണല്ലോ ഇസ്‌ലാമിലെ പ്രഥമ യുദ്ധമായ ബദ്ര്‍ നടക്കുന്നത്. ബദ്ര്‍ സത്യവും അസത്യവും തമ്മില്‍ നടന്ന നേര്‍ക്കുനേര്‍ പോരാട്ടം തന്നെയായിരുന്നു. കുറഞ്ഞ സംഘം കൂടിയ സംഘത്തോട് എറ്റുമുട്ടി വിജയം സത്യത്തോടൊപ്പം നിന്നതായിരുന്നു ബദ്‌റിന്റെ പ്രത്യേകത. വലിയ പാഠങ്ങള്‍ നല്‍കിയ ബദ്ര്‍ ഇസ്‌ലാമിന്റെ ആദ്യ വിജയമെന്നതുപോലെ ആദ്യന്തിക വിജയവുമായിരുന്നു. ബദ്ര്‍ തീര്‍ന്നതോടെ ശത്രുക്കള്‍ തീര്‍ത്തും നിരായുധരായിക്കഴിഞ്ഞിരുന്നു. ആയുധങ്ങള്‍ അധികമില്ലാതെ ലോക ചരിത്രത്തില്‍ എതിര്‍സേനക്ക് ഇത്രയേറെ പ്രഹരമേല്‍പിച്ച മറ്റൊരു സംഭവം കാണാനാവില്ല. ഇപ്പോള്‍ പടക്കോപ്പുകളാണ് ബലക്ഷയങ്ങള്‍ നിശ്ചയിക്കുന്നത്. എന്നാല്‍ ബദ്ര്‍ ഒരു വെല്ലുവിളിയായിരുന്നു. പ്രവാചകരും അനുചരന്‍മാരും അതേറ്റെടുത്തതാണ് വിജയനിദാനം. ആയുധബലമല്ല ആത്മവീര്യമാണ് ഏതു യുദ്ധത്തിന്റെയും സമരത്തിന്റെയും വിജയത്തിനു പിന്നിലെന്നതിനു തെളിവായി ബദ്ര്‍ മാത്രം മതി. ആത്മവീര്യം അഹംഭാവത്തിനു വഴിമാറിയപ്പോള്‍ ഉഹ്ദില്‍ പരാജയത്തിന്റെ കൈപുനീര്‍കുടിക്കേണ്ട ഗതികേടുണ്ടായി.
ബദ്ര്‍ പോലെ പ്രവാചക കാലത്തുപോലും മറ്റൊരു പോരാട്ടം നടന്നിട്ടില്ല. ഭൗതിക ഭ്രമം ബാധിച്ചു  കഴിഞ്ഞാല്‍ മനസ്സിന്റെ ഉറപ്പു കുറഞ്ഞുപോകുമെന്നു തീര്‍ച്ചയാണ്. ബദ്ര്‍ സംഭവം നടക്കുന്നത് 13 വര്‍ഷം മക്കയിലും രണ്ടു വര്‍ഷം മദീനയിലും ഊതിക്കാച്ചിയെടുത്ത ത്യാഗത്തിന്റെ തീച്ചൂളയിലായിരുന്നു. പട്ടിണിയും പരീക്ഷണങ്ങളുംതന്നെയാണ് ഉറച്ച ഒരു സമുദായസൃഷ്ടിപ്പിന്റെ മുഖ്യ ഘടകങ്ങള്‍ എന്നു തെളിയിക്കുന്നതാണ് റമളാനും ബദ്‌റും.
മദീനയില്‍ ശക്തമായ ഒരു രാഷ്ട്രപിന്തുണയുണ്ടായ ശേഷമാണ് ബദ്ര്‍ പോരാട്ടം നടക്കുന്നത്. തിന്‍മക്കെതിരെയുള്ള പോരാട്ടത്തിന്റെ നിലയ്ക്കാത്ത ആരവം തന്നെയായിരുന്നു ബദ്ര്‍.  പ്രതിരോധം മാത്രമല്ല, മുന്നേറ്റവും കൂടിയാണ് ബദ്ര്‍ യുദ്ധം. ഇസ്‌ലാമിലെ ജിഹാദ്‌സങ്കല്‍പം ഇവ രണ്ടും ഇഴചേര്‍ന്നതു തന്നെയാണ്. സാഹചര്യങ്ങളാണ് പടയോട്ടങ്ങളുടെ ഗതി നിര്‍ണയിക്കുന്നത്. ഇന്ത്യയില്‍ ബദ്ര്‍ സാഹചര്യം നിലനില്‍ക്കാത്തിടത്തോളം സായുധസമരത്തിനു സാധ്യതയില്ല. യുദ്ധത്തെ കൊല്ലുകയല്ല ഇവിടെ. യുദ്ധസാഹചര്യത്തിന്റെ അഭാവത്തില്‍ ദഅ്‌വത്തിന്റെയും പ്രതിരോധത്തിന്റെയും മറ്റു വഴികള്‍ സ്വീകരിക്കണമെന്നതാണ് പഠനവും മനനവും നടത്തിയിട്ടുള്ള പൂര്‍വഗാമികള്‍ വ്യക്തമാക്കിയിട്ടുള്ളത്. ബദ്ര്‍ പറയുകയും പ്രസംഗിക്കുകയും ചെയ്യുന്നതിനപ്പുറം ബദ്‌രീങ്ങളുടെ മാനസികാവസ്ഥ കൈവരിക്കാനായാല്‍ ശത്രുക്കള്‍ നമ്മെ ഭയപ്പെടാതിരിക്കില്ല.
ത്യാഗസന്നദ്ധതയും അര്‍പ്പണ മനോഭാവവും വളര്‍ത്തി പുതിയ പ്രതിരോധത്തില്‍ പങ്കുകൊള്ളാന്‍ നാം തയ്യാറാവുകയാണു വേണ്ടത്.
സമയങ്ങളുടെ പുണ്യം പ്രമാണങ്ങളുടെ പിന്തുണയുള്ള കാര്യമാണ്. ഖുര്‍ആന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: ”ഖദ്‌റിന്റെ രാവ് ആയിരം മാസത്തെക്കാള്‍ പുണ്യമാണ്. ഏറ്റവും പുണ്യമുള്ള രാത്രി പ്രവാചകര്‍ പിറന്ന രാത്രിയാണ്. പിന്നെ ലൈലത്തുല്‍ ഖദ്ര്‍. ലൈത്തുല്‍ ഖദ്ര്‍ റമദാനിലാണ്. അവസാനത്തെ പത്തിലാണ്. ഒറ്റയിട്ട രാവുകളിലാണ് നിര്‍ണിത രാത്രിയെങ്കിലും ഏതെന്നു നിര്‍ണയിക്കപ്പെട്ടിട്ടില്ല. ആരാധനകളാല്‍ മനസ്സുകളെ സജീവമാക്കുന്നതിനാണ് ഈ തീരുമാനം.
പാപങ്ങള്‍ കഴുകിത്തുടച്ച് അല്ലാഹുവിലേക്ക് അടുത്ത വിശ്വാസിയെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുകയാണ് ലൈലത്തുല്‍ ഖദ്ര്‍. പള്ളിയെ ഇഅ്തികാഫും ഖുര്‍ആന്‍ പാരായണവും നിസ്‌കാരവുമായി ഹയാത്താക്കുന്ന പതിവ് നമ്മുടെ നാടുകളില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതു കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യപിപ്പിക്കാന്‍ സംവിധാനങ്ങളുണ്ടാക്കുകയാണ് ഇനി വേണ്ടത്. റമളാന്‍ കഴിയുമ്പോള്‍ ഒരു പുതുചൈതന്യം വീണ്ടെടുക്കാന്‍ ബദ്ര്‍ നാളും ഖദ്ര്‍ രാവും നമുക്ക് പ്രചോദനമാവണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter