ബദ്‌റില്‍ മലക്കിന്റെ സാന്നിധ്യം
ഇസ്‌ലാമിക ചരിത്രത്തില്‍ ത്രസിപ്പിക്കുന്ന അധ്യായമാണ് ബദ്ര്‍. ഹൃദയത്തോട് ചേര്‍ത്തുപിടിച്ച ഏകദൈവ സിദ്ധാന്തമെന്ന പ്രപഞ്ചത്തിലെ പരമപ്രധാന സത്യസാക്ഷ്യത്തിനു വേണ്ടി പിറന്ന നാടും വീടും സാമൂഹിക ബന്ധങ്ങളും വലിച്ചെറിഞ്ഞ് അന്യദേശം പുല്‍കിയ ദരിദ്രരായ ഒരുപറ്റം മനുഷ്യര്‍. പലായന വേളയില്‍ അനന്തരമായും മറ്റും ജീവിതകാലമൊട്ടാകെ അവര്‍ ആര്‍ജിച്ചെടുത്ത വിവിധങ്ങളായ സമ്പത്തുകള്‍ മക്കയില്‍ ഉപേക്ഷിക്കുക മാത്രമേ അവര്‍ക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട സമ്പത്തുകള്‍ സ്വന്തമാക്കി തങ്ങളുടെ ഒരു കച്ചവടസംഘത്തെ ശാമിലേക്ക് അയച്ചിരിക്കുകയാണ് മക്കയിലെ അവിശ്വാസികള്‍. വ്യാപാരനിപുണനും നയതന്ത്രജ്ഞനുമായ അബൂസുഫ്‌യാനെയാണ് കച്ചവടത്തിന്റെ നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നത്. അബൂസുഫ്‌യാന്‍ മികച്ച ലാഭം നേടും. അവന്റെ സംഘം തിരിച്ചെത്തട്ടെ, എന്നിട്ടു വേണം തങ്ങളെ വിഡ്ഢികളാക്കി കടന്നുകളഞ്ഞ് യസ്‌രിബില്‍ സസുഖം ജീവിക്കുന്ന മുഹമ്മദ്(സ്വ)യെയും കൂട്ടാളികളെയും വധിച്ചുകളയാന്‍. പ്രസ്തുത ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് യുദ്ധം വേണ്ടിവരും. അങ്ങനെയാകുമ്പോള്‍ ലാഭം നേടി തിരിച്ചുവരുന്ന അബൂസുഫ്‌യാന്റെ കച്ചവടസംഘം യുദ്ധഫണ്ടിലേക്ക് മികച്ച മുതല്‍ക്കൂട്ടാകും. പ്രതീക്ഷകളിലും ആസൂത്രണങ്ങളിലും അഭിരമിക്കുകയായിരുന്നു. അബൂജഹല്‍ ഉള്‍പ്പെടെയുള്ള മക്കയിലെ അവിശ്വാസികള്‍. പക്ഷേ, അല്ലാഹുവിന്റെ തീരുമാനവും ആസൂത്രണവും മറ്റൊന്നായിരുന്നു.
വികാര വിസ്‌ഫോടനങ്ങള്‍ സൃഷ്ടിക്കുന്ന ബദ്ര്‍ യുദ്ധചരിത്രത്തിലേക്ക് ജിജ്ഞാസയോടെ കടന്നുചെല്ലുമ്പോള്‍ സര്‍വജ്ഞനായ തമ്പുരാന്റെ അപാരവും അതുല്യവുമായ അനുഗ്രഹവര്‍ഷത്തിന്റെ ഇതിവൃത്തം ആത്മവിശ്വാസവും അഭിമാനവുമായി നമ്മെ വന്നു പൊതിയുക തന്നെ ചെയ്യും. ബദ്ര്‍ രണഭൂമിയില്‍ അല്ലാഹുവിന്റെ വചനം ഉന്നതിയില്‍ സ്ഥാപിക്കാന്‍ വേണ്ടി നൂറായിരം പ്രതിബന്ധങ്ങള്‍ക്കിടയിലും സമര്‍പ്പണ മനോഭാവത്തോടെ ശത്രുനിരയിലേക്ക് കുതിച്ചുകയറിയ ധീരസ്വഹാബത്ത് നിഷ്‌കളങ്ക വിശ്വാസത്തിന്റെ പ്രഭാവലയത്തിലേക്ക് വഴിതെളിക്കുന്നുണ്ട് പതിനാല് നൂറ്റാണ്ടുകള്‍ക്കിപ്പുറവും.
ബദ്ര്‍ പ്രചോദനമാണ്. അതുകൊണ്ടു തന്നെ ബദ്‌രീങ്ങള്‍ ഇരുട്ടിന്റെ ദുശ്ശക്തികള്‍ക്കെതിരേ, പൈശാചിക ബോധങ്ങള്‍ക്കെതിരേയുള്ള പോരാട്ടവീഥികളില്‍ ഒരിക്കലും അവസാനിക്കാത്ത ആത്മവീര്യത്തിന്റെ ഇന്ധനവുമാണ്.
അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും പാഠം കൂടിയാണ് ബദ്ര്‍. ഈ പാഠങ്ങള്‍ പഠിച്ചു പ്രയോഗവല്‍ക്കരിക്കുമ്പോള്‍ അടിമയുടെ അത്താണിയായി, ഐകദൈവ സിദ്ധാന്തത്തിന്റെ സംരക്ഷകനായി അല്ലാഹു തന്നെ അവതരിക്കുന്ന അനന്യസാധാരണമായ ഒരു മുഹൂര്‍ത്തം ബദ്‌റില്‍ തെളിഞ്ഞുകിടക്കുന്നുണ്ട്. ഫറോവമാരുടെയും നംറൂദുമാരുടെയും അബൂജഹലുമാരുടെയും സാന്നിധ്യത്തില്‍ വൈതരണികളും പ്രതിസന്ധികളും മുസ്‌ലിം സമൂഹത്തെ ഗ്രസിക്കാന്‍ വായ പിളര്‍ത്തി നില്‍ക്കുമ്പോള്‍ പ്രസ്തുത പാഠങ്ങളുടെ പ്രയോഗവല്‍ക്കരണം കൂടുതല്‍ അത്യന്താപേക്ഷിതമായി മാറുന്നു.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവനും ജീവിതവും ശരീരവും തന്നെ സമര്‍പ്പിക്കാന്‍ തയ്യാറായ സ്വഹാബത്ത് പ്രവാചകന്‍(സ്വ)യുടെ നേതൃത്വത്തില്‍ അല്ലാഹുവിനോട് താണു കേണ് അപേക്ഷിക്കുകയും ദുആ ചെയ്യുകയും ചെയ്ത സന്ദര്‍ഭം ഖുര്‍ആന്‍ വിശദീകരിക്കുന്നത് കാണുക:
''ഒന്നിനു പിറകെ ഒന്നൊന്നായി ഇറങ്ങുന്ന ആയിരം മലകുകളെ കൊണ്ട് അല്ലെങ്കില്‍ മലക്കുകളില്‍നിന്നുള്ള ആയിരത്തിനു ശേഷം പിന്തുടരപ്പെടുന്ന മറ്റൊരു ആയിരത്തെക്കൊണ്ട് അല്ലെങ്കില്‍ പിന്തുടരപ്പെടുന്ന ആയിരങ്ങളെക്കൊണ്ട് നിങ്ങളെ സഹായിക്കാമെന്ന് നിങ്ങള്‍ അല്ലാഹുവിനോട് സഹായാര്‍ത്ഥന നടത്തിയ വേളയില്‍ അല്ലാഹു നിങ്ങള്‍ക്ക് മറുപടി നല്‍കിയ സന്ദര്‍ഭം (നബിയെ നിങ്ങള്‍ ഓര്‍ക്കുക).''(സൂറത്തു അന്‍ഫാല്‍)
അല്ലാഹു ബദ്‌റില്‍ മലക്കുകളുടെ സൈന്യത്തെ വിന്യസിക്കുമെന്ന് സഹായ വാഗ്ദാനം നല്‍കുന്നത് എല്ലാവിധ പ്രയാസങ്ങളെയും തൃണവല്‍ഗണിച്ചുകൊണ്ട് സമരസജ്ജരായ ശേഷം മുസ്‌ലിം സമൂഹം അല്ലാഹുവിനോട് സഹായാഭ്യര്‍ത്ഥന നടത്തിയപ്പോഴാണ്. കേവലം ഒരു ഒഴുക്കന്‍ മട്ടിലുള്ള സഹായാര്‍ത്ഥനയല്ല തിരുനബി(സ്വ)യും സ്വഹാബത്തും ചെയ്തത്.
ഉദ്ധൃത സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇസ്മാഈല്‍ ഹഖി അല്‍ ബറൂസവി തന്റെ റൂഹുല്‍ ബയാന്‍ എന്ന ഗ്രന്ഥത്തില്‍ ഇബ്‌നു അബ്ബാസ്(റ) ഉമറുബ്‌നുല്‍ ഖത്താബ്(റ)വിനെ തൊട്ട് ഉദ്ധരിച്ച ഒരു ഹദീസ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശത്രുനിരയുടെ ബാഹുല്യവും തന്റെ സൈന്യത്തിന്റെ എണ്ണക്കുറവും ശ്രദ്ധിച്ച തിരുനബി(സ്വ) കഅ്ബയിലേക്ക് മുന്നിട്ട് ഇരു കൈകളും ഉയര്‍ത്തി ദുആ ചെയ്യാന്‍ തുടങ്ങി:
''അല്ലാഹുവേ, നീ എന്നോട് കരാര്‍ ചെയ്തതു നീ എനിക്ക് പൂര്‍ത്തീകരിച്ചു തരണം. നാഥാ, ഈ ചെറുസംഘം നശിപ്പിക്കപ്പെട്ടാല്‍ നീ പിന്നീടൊരിക്കലും ആരാധിക്കപ്പെടില്ല, എന്നിങ്ങനെ തിരുനബി(സ്വ) ദീര്‍ഘനേരം ദുആ ചെയ്തു. അവസാനം തിരുനബി(സ്വ)യുടെ (കൈകള്‍ ഉയര്‍ന്ന കാരണത്താല്‍) മേല്‍തട്ടം നിലത്ത് വീഴുകയും അബൂബക്ര്‍ സിദ്ദീഖ്(റ) അതെടുത്ത് പുണ്യനബി(സ്വ)യുടെ തോളില്‍ വയ്ക്കുകയും പിറകില്‍നിന്ന് 'നബിയേ പ്രാര്‍ത്ഥനയില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് റബ്ബിനോടുള്ള അങ്ങയുടെ ചോദ്യം മതിയായിട്ടുണ്ട് നബിയേ, തീര്‍ച്ചയായും അവന്‍ നിങ്ങളോടുള്ള കരാര്‍പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും എന്ന് പറയുകയും ചെയ്ത സംഭവം ഒട്ടുമിക്ക മുഫസ്സിറുകളും ഹദീസ് പണ്ഡിതന്‍മാരും ഉദ്ധരിച്ചതു കാണാന്‍ കഴിയും.
ഈ സംഭവം ഉദ്ധരിച്ചതിനു ശേഷം റൂഹുല്‍ ബയാന്‍ കൂട്ടുപ്രാര്‍ത്ഥനയ്ക്ക് തെളിവ് നല്‍കുന്നതു കാണുക: ''തിരുനബി(സ്വ) സഹായാഭ്യര്‍ത്ഥന നടത്തിയതിനെ കുറിച്ച് അന്‍ഫാല്‍ സൂറത്തിലെ ഒമ്പതാം സൂക്തത്തിലൂടെ തസ്തഗീസൂന്‍ എന്ന ബഹുവചനം ഉപയോഗിച്ചതു പിഴവല്ല. കാരണം, തിരുനബി(സ്വ) ദുആ ചെയ്യുകയും മുഅ്മിനീങ്ങള്‍ ആമീന്‍ പറയുകയുമായിരുന്നു. അലിയ്യുബ്‌നു അബീത്വാലിബ്(റ)വിനെ തൊട്ട് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നതു കാണുക: ''ബദ്ര്‍ ദിവസം ഞങ്ങളിലുണ്ടായിരുന്ന ഏക കുതിരക്കാരന്‍ മിഖ്ദാദ്(റ)ആയിരുന്നു. ഞങ്ങളില്‍ റസൂല്‍(സ്വ) അല്ലാത്ത മുഴുവന്‍ ആളുകളും ഉറങ്ങുകയായിരുന്നു. അവിടുന്ന് ഒരു മരത്തിനു കീഴില്‍ പുലരുവോളം നിസ്‌കരിക്കുകയും കരയുകയും ചെയ്തുകൊണ്ടേയിരുന്നു.''
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ബദ്ര്‍ ദിനത്തിലെ പുണ്യനബി(സ്വ)യുടെ പ്രാര്‍ത്ഥനയെ കുറിച്ച് പറയുന്നതു കാണുക: ''ആയുധബലത്തിന്റെ കാര്യത്തില്‍ ശത്രുക്കളുമായ താരതമ്യത്തിനുപോലും അര്‍ഹമല്ലാത്ത രീതിയില്‍ തുച്ഛമായിരുന്ന തന്റെ സൈന്യത്തിനു വേണ്ടി പ്രാര്‍ത്ഥനയാണ് മുസ്‌ലിമിന്റെ ആയുധം എന്ന ദര്‍ശനം പ്രയോഗവല്‍ക്കരിക്കുകയായിരുന്നു പുണ്യനബി(സ്വ) ബദ്ര്‍ യുദ്ധവേളയില്‍.''
ബദ്‌റില്‍ ലഭിച്ച അല്ലാഹുവിന്റെ സഹായത്തിനു നിദാനമായി മനസ്സിലാക്കാവുന്ന മറ്റൊരു ഘടകമാണ് മുസ്‌ലിം സൈന്യത്തിന്റെ സമ്പൂര്‍ണ സമര്‍പ്പണം. ഞങ്ങളെ വിജയിപ്പിച്ചില്ലെങ്കില്‍ പിന്നെ ഭൂമിയില്‍ നീ ആരാധിക്കപ്പെടുകയില്ല എന്ന് ഒഴുക്കന്‍ മട്ടില്‍ തവക്കുലാക്കുകയായിരുന്നില്ല ബദ്‌രീങ്ങള്‍.
അബ്‌റഹത്തിന്റെ ആനപ്പട വിശുദ്ധ കഅ്ബാലയത്തിനു നേരെ കൊമ്പ് കുലുക്കി ചിഹ്നം വിളിച്ച് പാഞ്ഞടുത്തപ്പോള്‍ മക്കയിലെ മൊട്ടക്കുന്നുകളില്‍ അഭയം തേടിയ അബ്ദുല്‍ മുത്തലിബും കഅ്ബ അല്ലാഹുവിന്റെ ഭവനമായതുകൊണ്ട് അവന്‍ സംരക്ഷിക്കും എന്നായിരുന്നു പ്രഖ്യാപിച്ചത്. പക്ഷേ, സ്വഹാബത്തിന്റെ പ്രഖ്യാപനമോ? മിഖ്ദാദുബ്‌നുല്‍ അസ്‌വദ്(റ) നടത്തിയ പ്രഖ്യാപനം ഇമാം ബുഖാരി ഉദ്ധരിക്കുന്നതു കാണുക: ''അല്ലാഹുവാണേ, നബിയേ താങ്കള്‍ ഞങ്ങളോട് സമുദ്രത്തിലിറങ്ങാന്‍ കല്‍പ്പിച്ചാലും അതിലേക്ക് ഞങ്ങള്‍ ഇറങ്ങും. അല്ലാഹുവിന്റെ തിരുദൂതരേ, മൂസാ നബി(അ)നോട് അദ്ദേഹത്തിന്റെ സമൂഹം നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യ് എന്ന് പറഞ്ഞതു പോലെ ഞങ്ങള്‍ അങ്ങയോട് പറയില്ല. ഞങ്ങള്‍ താങ്കളുടെ ചുറ്റുപാടും ഉറച്ചുനിന്ന് യുദ്ധം ചെയ്യും.''
അന്‍സ്വാരികളുടെ നായകനായ സഅ്ദുബ്‌നു ഉബാദ(റ) തന്റെ അനുയായികളെ പ്രതിനിധീകരിച്ചു നടത്തിയ പ്രഖ്യാപനം നോക്കു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സര്‍വം സമര്‍പ്പിക്കാനും അല്ലാഹുവിനോട് അങ്ങേയറ്റം സഹായം തേടാനും പ്രസ്തുത സഹായം സ്വീകരിക്കാനുള്ള അര്‍ഹത ലഭിക്കുവോളം പരിശ്രമിക്കാനുമാണ് ബദര്‍ ഉത്‌ബോധിപ്പിക്കുന്നത്.''
ബദ്‌രീങ്ങളുടെ, സമര്‍പ്പണം ഒരിക്കലും അനുകൂല സാഹചര്യങ്ങളില്‍ അഭിരമിക്കുമ്പോഴായിരുന്നില്ല. ആയുധപരമായും മറ്റു ഭൗതിക സൗകര്യങ്ങളിലും ഏറെ പിന്നിലായിരുന്നു. മാത്രമല്ല, മുസ്‌ലിങ്ങളെ മാനസികമായി തകര്‍ക്കുന്നതിനു വേണ്ടി ശൈത്വാന്‍ നിരന്തരം അവരുടെ ഹൃദയത്തില്‍ വസ്‌വാസ് രൂപപ്പെടുത്തിക്കൊണ്ടേയിരുന്നു.
ബദ്‌റില്‍ മുസ്‌ലിങ്ങള്‍ എത്തുന്നതിനു മുമ്പ് തന്നെ മുശ്‌രിക്കുകള്‍ എത്തിച്ചേരുകയും ജലാശയം അധീനപ്പെടുത്തുകയും ചെയ്തിരുന്നു. മുസ്‌ലിങ്ങള്‍ തമ്പടിച്ച സ്ഥലം ഉണങ്ങിയ മണല്‍പ്രദേശമായതിനാല്‍ കാല്‍പാദങ്ങള്‍ നിലത്ത് ഉറക്കാത്ത സ്ഥിതിയിലും അന്തരീക്ഷം പൊടി പാറി മങ്ങിയ അവസ്ഥയിലുമായിരുന്നു. അന്നു രാത്രി കിടന്നുറങ്ങിയ മുസ്‌ലിം സൈനികരില്‍ അധികമാളുകള്‍ക്കും സ്വപ്ന സ്ഖലനം സംഭവിക്കുകയും ചെയ്തു. പ്രഭാതത്തോട് അടുത്ത സമയത്ത് ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ അവര്‍ക്ക് ദാഹമനുഭവപ്പെട്ടു. അപ്പോള്‍ ശൈത്വാന്‍ അവരുടെ മനസ്സില്‍ പറഞ്ഞു: ''(ഇനി) എങ്ങനെയാണ് നിങ്ങള്‍ സഹായിക്കപ്പെടുക? വെള്ളത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പിന്തള്ളപ്പെട്ടു. നിങ്ങള്‍ ചെറിയ, വലിയ അശുദ്ധിക്കാരായി നിസ്‌കരിക്കണം? നിങ്ങള്‍ അല്ലാഹുവിന്റെ ഇഷ്ടക്കാരാണെന്നും അവന്റെ ദൂതന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും വാദിക്കുകയും ചെയ്യുന്നു. ഇതേ സംഭവം തന്നെ സ്വഹീഹുല്‍ ബുഖാരിയുടെ വിശദീകരണമായ ഉംദതുല്‍ ഖാരിയില്‍ കിതാബുല്‍ മാഗാസിയിലും കാണാം.
ഇത്രമേല്‍ ദാരുണമായ പതിതാവസ്ഥയിലും ദീനിനു വേണ്ടിയുള്ള തങ്ങളുടെ നിലപാടില്‍ മായം കലര്‍ത്താതെ സ്വഹാബത്ത് സമര്‍പ്പണ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ അല്ലാഹുവിന്റെ സഹായമെത്തി.
''ശത്രുവിന്റെ ആധിക്യത്തെ കുറിച്ചുള്ള ഭയത്തില്‍നിന്ന് നിര്‍ഭയത്വമായി അല്ലാഹു മയക്കം കൊണ്ട് നിങ്ങളെ മൂടിയ സന്ദര്‍ഭം (നബിയേ, നിങ്ങള്‍ ഓര്‍ക്കുക). നിങ്ങളുടെ പാദങ്ങള്‍ ഭൂമിയില്‍ ഉറപ്പിക്കുന്നതിനു വേണ്ടിയും നിങ്ങളുടെ ഹൃദയം (ചാഞ്ചാടാതെ) ബന്ധിക്കുന്നതിനു വേണ്ടിയും നിങ്ങളെ തൊട്ട് പിശാചിന്റെ ദുര്‍ബോധനങ്ങള്‍ പോക്കുന്നതിനുവേണ്ടിയും നിങ്ങളെ ശുദ്ധീകരിക്കുന്നതിനു വേണ്ടിയും വാനലോകത്തുനിന്ന് മഴ ഇറക്കിയ സന്ദര്‍ഭവും.''
പ്രസ്തുത സൂക്തത്തില്‍ പരാമര്‍ശിച്ച മഴയെത്തുടര്‍ന്ന് മുസ്‌ലിങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്ന് കാണുക: '' മഴപെയ്ത് നനഞ്ഞ മണലില്‍ മുസ്‌ലിം സൈന്യത്തിന്റെ കാല്‍പാദം ഉറക്കുകയും വഴുതിപോവാത്ത രീതിയില്‍ നടക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു. അവര്‍ ശത്രുക്കളെ കണ്ടുമുട്ടിയത് ഉണങ്ങിയ പരുത്ത മണലില്‍ വച്ചായിരുന്നു. '' (ജാമിഉല്‍ ബയാന്‍-ഇമാം ത്വബ്‌രി: 13/421) യുദ്ധത്തിന്റെ രംഗസജീകരണവേളകളാണ് ഖുര്‍ആന്റെ ഇതുവരെയുള്ള ചിത്രീകരണങ്ങളില്‍ ഇതിവൃത്തമായത്. എന്നാല്‍, അടുത്ത ആയത്ത് നോക്കൂ: ''ഞാന്‍ നിങ്ങളുടെ കൂടെയുണ്ടെന്നും വിശ്വാസികളുടെ ഹൃദയങ്ങളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തണമെന്നും അല്ലാഹു മലക്കുകള്‍ക്ക് ബോധനം നല്‍കിയ സന്ദര്‍ഭം. നാം അവിശ്വാസികളുടെ ആഗ്രഹങ്ങളെ വര്‍ധിപ്പിക്കും. നിങ്ങള്‍ അവരുടെ തല വെട്ടുകയും കൈവിരലുകള്‍ മുറിച്ചുകളയുകയും ചെയ്യുക. അഥവാ, പ്രവര്‍ത്തിക്കാനുള്ള മാധ്യമമായ കൈ നശിപ്പിക്കുന്നതിലൂടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക.
ഈ നിര്‍ദേശം അക്ഷരംപ്രതി മലക്കുകള്‍ നടപ്പാക്കിയതിന് ബദ്ര്‍ യുദ്ധക്കളത്തില്‍നിന്നുതന്നെ നമുക്ക് ധാരാളം തെളിവുകള്‍ ലഭിക്കുന്നുണ്ട്. ഇമാം ഹാഫിള് ഇബ്‌നു കസീര്‍ തന്റെ ചരിത്രഗ്രന്ഥമായ അല്‍ബിദായ വ ന്നിഹായയില്‍ പരാമര്‍ശിക്കുന്നത് കാണുക: ''മുസ്‌ലിം സൈനികരില്‍നിന്നുള്ള ഓരോരുത്തരുടെയും അരികിലേക്ക് അവരറിയുന്ന ആളുകളുടെ രൂപത്തില്‍ മലക്കുകള്‍ ചെല്ലും. എന്നിട്ട് പറയും: ''നിങ്ങള്‍ സന്തോഷിക്കുക, ശത്രുക്കള്‍ ഒന്നുമല്ല, നിങ്ങളുടെ കൂടെ അല്ലാഹുവാണുള്ളത്. നിങ്ങള്‍ അവരുടെ മേല്‍ ചാടിവീഴുക.'' അല്‍ബിദായത്തുവന്നിഹായ: 2/297) ഗഫ്ഫാര്‍ ഗോത്രക്കാരനായ ഒരു മനുഷ്യനില്‍നിന്ന് അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: ഗിഫാരി പറഞ്ഞു: ''ഞാനും എന്റെ പിതൃസഹോദര പുത്രനും കൂടി ബദ്ര്‍ യുദ്ധ ദിവസം ഒരു പര്‍വതത്തിനു മുകളില്‍ കയറി. യുദ്ധത്തിന്റെ ഗതിവിഗതികള്‍ കണ്ടറിയുകയാണ് ഞങ്ങളുടെ ഉദ്ദേശ്യം. അപ്പോള്‍ മാനത്തുനിന്ന് ഒരു മേഘം താഴേക്കുവന്നു. അത് പര്‍വതത്തിനടുത്തെത്തിയപ്പോള്‍ അതില്‍നിന്ന് ഞങ്ങള്‍ കുതിരക്കുളമ്പടി കേട്ടു, അഖദിം ഹൈസൂം (ഹൈസൂം മുന്നിടുക-ഹൈസൂം എന്നത് ജിബ്‌രീല്‍(അ)ന്റെ പരിചയാണെന്ന് പല ഗ്രന്ഥങ്ങളിലുമുണ്ട്.) എന്ന സംസാരവും ഞങ്ങള്‍ക്ക് ശ്രവിക്കാന്‍ സാധിച്ചു. ഈ സംഭവം കണ്ട ഉടനെ എന്റെ കൂടെയുണ്ടായിരുന്ന വ്യക്തി മരണപ്പെട്ടു. മരണത്തെ മുഖാമുഖം കണ്ട് നിലംപതിച്ചെങ്കിലും ഞാന്‍ പിന്നീട് എഴുന്നേറ്റു.(താരീഖുല്‍ ഉമമി വല്‍ മുലൂക്-ഇമാം തബ്‌രി:2/40, അല്‍ബിദായത്തു വന്നിഹായ: 2/296)
ബദ്ര്‍ യുദ്ധക്കളത്തിലെ മലക്കുകളുടെ സാന്നിധ്യത്തെ സംബന്ധിച്ച് നാലാം ഖലീഫ അലി(റ)വില്‍നിന്ന് പല രിവായത്തുകളും വന്നിട്ടുണ്ട്. ജിബ്‌രീല്‍(അ)ന്റെ നേതൃത്വത്തില്‍ ആയിരം മലക്കുകള്‍ നബി(സ്വ)യുടെ വലതുവശത്തും (അവിടെയാണ് അബൂബക്ര്‍ സിദ്ദീഖ്(റ) ഉള്ളത്) മീകാഈല്‍(അ)ന്റെ നേതൃത്വത്തില്‍ ആയിരം മലക്കുകള്‍ അലി(റ) ഉള്‍പ്പെടുന്ന ഇടത് വശത്തും ഇറങ്ങി എന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (ഉംദത്തുല്‍ ഖാരിഅ്, പേജ്: 11, ജുസ്അ്: 12) ജിബ്‌രീല്‍(അ), മീകാഈല്‍(അ) എന്നിവരുടെ നേതൃത്വത്തില്‍ ഇരു വശങ്ങളിലുമായി 500 വീതം മലക്കുകളാണ് ആയുധമേന്തി യുദ്ധം ചെയ്തത് എന്നാണ് പ്രബലപക്ഷം. (അല്‍ബിദായത്തു വന്നിഹായ-2/300)
ഉഹ്ദ്, ഹുനൈന്‍ യുദ്ധങ്ങളില്‍ തങ്ങളുടെ സാന്നിധ്യം കൊണ്ട് മുസ്‌ലിം സൈന്യത്തെ വര്‍ധിപ്പിച്ചു കാണിക്കാന്‍ മലക്കുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ആയുധമെടുത്ത് യുദ്ധം ചെയ്തത് ബദ്‌റില്‍ മാത്രമാണ്. (സ്വഫ്‌വത്ത് തഫാസീര്‍:1/460)
ബദ്‌റില്‍ പങ്കെടുക്കുകയും പില്‍ക്കാലത്ത് അന്ധത പിടിപെടുകയും ചെയ്ത മാലിക്ബ്‌നു റബീഅ(റ) എന്നവര്‍ തനിക്ക് കാഴ്ചശക്തി ഉണ്ടായിരുന്നെങ്കില്‍ ബദ്‌റില്‍ മലക്കുകള്‍ പ്രത്യക്ഷപ്പെട്ട മലഞ്ചെരുവ് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുമായിരുന്നു എന്ന് പറയാറുണ്ടായിരുന്നു. (അല്‍ബിദായത്തു വന്നിഹായ: 2/296)
ഇമാം മുസ്‌ലിം(റ) തന്റെ സ്വഹീഹില്‍ അന്‍സ്വാരിയായ സ്വഹാബിയുടെ അനുഭവം അബ്ദുല്ലാഹിബ്‌നുഅബ്ബാസ്(റ)വില്‍നിന്ന് ഉദ്ധരിക്കുന്നതു കാണുക: പിന്തിരിഞ്ഞോടുന്ന ശത്രുഭടന്റെ പിറകില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ കുതിരക്കുളമ്പടിയും ചാട്ടവാറടിയുടെ ശബ്ദവും കേട്ടു. നോക്കുമ്പോള്‍ താന്‍ പിന്തുടരുകയായിരുന്ന ശത്രു മലര്‍ന്നടിച്ചുവീണു കിടക്കുന്നു. ചാട്ടവാറടിയേറ്റ് മുഖം കീറുകയും കരിയുകയും ചെയ്ത വികൃതമായ അവസ്ഥയിലാണ് പ്രസ്തുത മൃതദേഹം കിടക്കുന്നത്. ഈ സംഭവം പുണ്യനബി(സ്വ)യോട് അവതരിപിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: ''സത്യമാണ്, അത് മൂന്നാം ആകാശത്തില്‍നിന്നുള്ള സഹായമാണ്. '' (അല്‍ബിദായത്തു വന്നിഹായ 2/296) ഉമാമതുബ്‌നു സഹ്ല്‍(റ) തന്റെ പിതാവില്‍നിന്ന് ഉദ്ധരിക്കുന്നത് ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്യുന്നു: ''എന്റെ പിതാവ് എന്നോട് പറഞ്ഞു, മോനേ, ബദ്ര്‍ ദിവസം ഞങ്ങള്‍ കുണ്ടു. ഞങ്ങളില്‍നിന്ന് ഒരുത്തന്‍ ശത്രുവിനെ വാള്‍കൊണ്ട് വെട്ടുമ്പോള്‍ വാള്‍ തട്ടുന്നതിന് മുമ്പുതന്നെ ശത്രുവിന്റെ തല ദേഹത്തില്‍നിന്ന് താഴേ വീണു.'' (അല്‍ബിദായത്തുവന്നിഹായ: 2/297, 298, താരീഖുത്വബ്‌രി: 2/41)
ബദ്‌റില്‍ മലക്കുകള്‍ സംബന്ധിക്കുകയും ആയുധമെടുത്ത് പോരാടുകയും ചെയ്തിട്ടുണ്ടെന്നു മാത്രമല്ല, മലക്കുകള്‍ വധിച്ചവരെ ജനങ്ങള്‍ പ്രത്യേക അടയാളം നോക്കി മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. റബീഉബ്‌നു അനസ്(റ) പറയുന്നു: ''ഇതിനും പുറമെ ശത്രുക്കളെ തടവിലാക്കാനും ബന്ധിക്കാനും മലക്കുകള്‍ മുസ്‌ലിങ്ങളെ സഹായിച്ചിട്ടുണ്ട്. ബദ്ര്‍ യുദ്ധ ഭൂമിയില്‍ ഇസ്‌ലാമിക വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ച് ശത്രുക്കള്‍ക്കൊപ്പം പോരാടുകയും അവര്‍ പിന്തിരിഞ്ഞോടിയപ്പോള്‍ ഓടുകയും ചെയ്ത സാഇബ് ഇബ്‌നു അബീ ഹുബൈഷ് തന്റെ അനുഭവം വിശദീകരിക്കുന്നത് കാണുക: ''ഞാന്‍ പിന്തിരിഞ്ഞോടിയപ്പോള്‍ രോമാവൃതമായ നീണ്ട ശരീരമുള്ള ഒരു മനുഷ്യന്‍ ഒരു വെള്ളക്കുതിരയുടെ മേല്‍ എന്റെ അടുത്തെത്തി എന്നെ ബന്ധിച്ചു. പിന്നീട് അബ്ദുറഹ്മാനുബ്‌നു ഔഫ് എന്നെ ബന്ധിപ്പിക്കപ്പെട്ട അവസ്ഥയില്‍ കണ്ടെത്തി. ഇയാളെ ആരാണ് തടവിലാക്കിയതെന്ന് മുസ്‌ലിം സൈന്യത്തിനിടയില്‍ അദ്ദേഹം വിളിച്ചുചോദിച്ചു. അദ്ദേഹത്തിന് ഉത്തരം നല്‍കപ്പെട്ടില്ല. അങ്ങനെ അദ്ദേഹം എന്നെ തിരുനബി(സ്വ)യുടെ അടുത്തെത്തിച്ചു. അവര്‍ എന്നോട് ആരാണ് നിന്നെ തടവിലാക്കിയതെന്ന് അന്വേഷിച്ചു. എനിക്ക് സംഭവിച്ചത് പറയാനുള്ള മടി കാരണം ഞാന്‍ എനിക്കറിയില്ല എന്ന് മറുപടി പറഞ്ഞു. അപ്പോള്‍ തിരുനബി(സ്വ)പറഞ്ഞു: ''അസറക മലക്കുന്‍ മിന്‍മാലാഇക''(നിന്നെ മലക്കുകളില്‍നിന്ന് ഒരു മലക്ക് ബന്ധിയാക്കി) (അല്‍ബിദായത്തു വന്നിഹായ 2/298) ശത്രുപക്ഷത്ത് ബദ്‌റില്‍ പങ്കെടുത്ത അബ്ബാസ്(റ)വിനെ ബന്ധിപ്പിക്കപ്പെട്ട അവസ്ഥയില്‍ തിരുനബി(സ്വ)യുടെ മുമ്പിലെത്തിച്ചത് ശാരീരികമായി അദ്ദേഹത്തേക്കാള്‍ ബലഹീനനായ അബുല്‍ യസ്ര്‍ എന്ന സ്വഹാബിയായിരുന്നു. ഇരുവരും തന്റെ മുമ്പിലെത്തിയപ്പോള്‍ റസൂലുല്ലാഹി ചോദിച്ചു: ''അബുല്‍ യസ്‌റേ, എങ്ങനെയാണ് നിങ്ങള്‍ അബ്ബാസിനെ തടവിലാക്കിയത്?'' അപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: '' അല്ലാഹുവിന്റെ ദൂതരെ, അതിന് മുമ്പും ശേഷവും ഞാന്‍ കാണാത്ത ഒരാളാണ് എന്നെ അവന്റെമേല്‍ സഹായിച്ചത്.'' അപ്പോള്‍ നബി(സ്വ) പറഞ്ഞു: ''മാന്യനായ ഒരു മലക്കാണ് അവന്റെ മേല്‍ നിന്നെ സഹായിച്ചത്.''(താരീഖുത്വബ്‌രി 2/47)
മലകുകള്‍ സംസാരത്തിലൂടെയും സാന്നിധ്യം കൊണ്ടും മുസ്‌ലിം സൈന്യത്തെ സജീവമാക്കുകയും ധൈര്യം പകരുയും ചെയ്തതുപോലെ അവിശ്വാസികളെ അവരുടെ തെറ്റുകളില്‍ പിന്തുണക്കാനും കൂടുതല്‍ കുറ്റത്തിന് അര്‍ഹരാക്കാനും വേണ്ടി ഇബ്‌ലീസും പരിവാരവും ബദ്‌റില്‍ കാഫിരീങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്നു.
രോഗം ബാധിച്ച കാരണത്താല്‍ യുദ്ധത്തില്‍ സംബന്ധിക്കാതെ മക്കയിലെ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന സുറാഖതുബ്‌നു മാലികിന്റെ രൂപത്തിലാണ് ഇബ്‌ലീസ് ബദ്‌റില്‍ പ്രത്യക്ഷപ്പെട്ടത്. കൂടെ പുറപ്പെട്ട അനുയായികള്‍ ബനൂ മുദ്‌ലജ് ഗോത്രത്തിലെ പുരുഷന്‍മാരുടെ രൂപത്തിലുമായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
പക്ഷേ, ബദ്‌റില്‍ മലക്കുകളുടെ സാന്നിധ്യം ബോധ്യപ്പെട്ട ഇബ്‌ലീസും സംഘവും ഓടി രക്ഷപ്പെടുകയാണുണ്ടായത്. ഖുര്‍ആന്റെ ചരിത്രാവിഷ്‌കാരം ശ്രദ്ധിക്കുക: ''ഞാന്‍ നിങ്ങളെ സംരക്ഷിക്കുന്ന സഹായിയാണ് എന്നും ജനങ്ങളില്‍നിന്ന് ഈ ദിവസം നിങ്ങളെ അതിജയിക്കുന്ന ഒരു ശക്തിയുമില്ലെന്നും കാഫിരീങ്ങളോട് പറയുകയും അവരുടെ (ദുഷ്) പ്രവര്‍ത്തനങ്ങള്‍ മികച്ചതായി ശൈത്വാന്‍ അവര്‍ക്ക് തോന്നിപ്പിക്കുകയും ചെയ്ത സന്ദര്‍ഭം, ഇരുസൈന്യങ്ങളും പരസ്പരം അഭിമുഖീകരിച്ചപ്പോള്‍ മടമ്പിന്‍മേല്‍ പിന്തുകയും ഞാന്‍ നിങ്ങളെ തൊട്ട് സര്‍വബന്ധങ്ങളും വിചേഛദിച്ചവനാണ്. നിങ്ങള്‍ കാണാത്തതിനെ ഞാന്‍ കാണുന്നു, ഞാന്‍ അല്ലാഹുവിനെ ഭയക്കുന്നു എന്ന് പറയുകയും ചെയ്തു.
രിഫാഅതുബ്‌നു മാലിക്(റ)വില്‍നിന്ന് തൊട്ട് ഇമാം ബൈഹഖി ഉദ്ധരിക്കുന്നു: ''ബദ്‌റിലെ മലക്കുകളുടെ സാന്നിധ്യം ബോധ്യപ്പെട്ടപ്പോള്‍ സുറാഖതുബ്‌നു മാലിക്കിന്റെ രൂപത്തില്‍ ശത്രുക്കള്‍ക്കൊപ്പം കൂടിയ ഇബ്‌ലീസ് ഓടി രക്ഷപ്പെടാനൊരുങ്ങി. തന്റെ കൂട്ടുകാരന്‍ സുറാഖയാണെന്ന് ഭാവിച്ചുകൊണ്ട് ഹാരിസുബ്‌നു ഹിഷാം ഇബ്‌ലീസിന്റെ കൈയില്‍ ഭയചകിതനായി മുറുകെപ്പിടിച്ചു. ഇബ്‌ലീസ് ഹാരിസിനെ ഇടിച്ചു വീഴ്ത്തി സമുദ്രത്തിലേക്ക് ഓടിയൊളിച്ചു.(റൂഹൂല്‍ മആനി: 5/212)
ഇത്രയും സമയം സൈന്യത്തെ പ്രചോദിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്ത സുറാഖയുടെ ആകസ്മിക പിന്തിരിയല്‍ തന്റെ സൈന്യത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്താതിരിക്കാന്‍ അബൂജഹല്‍ പച്ചക്കള്ളം പറഞ്ഞു പരത്തി.
അയാള്‍ തന്റെ സൈനികരോട് പറഞ്ഞു: ''ജനങ്ങളെ സൂറാഖയുടെ പരാജയം. നിങ്ങളെ ഭീതിപ്പെടുത്താതിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ മുഹമ്മദുമായി കരാറിലാണ്.''(അല്‍ബിദായത്തു വന്നിഹായ 2/390)
മഹാപാപങ്ങള്‍ പൊറുക്കപ്പെടുകയും അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുകയും ചെയ്യുന്ന അറഫാ ദിവസത്തെക്കാള്‍ ശൈത്വാന്‍ നിന്ദ്യനും നിസ്സാരനും പ്രകോപിതനുമായ ഒരു ദിവസം ബദ്‌റില്‍ ജിബ്‌രീല്‍(അ) മലക്കുകളെ യുദ്ധസജ്ജരാക്കിയ ദിവസമല്ലാതെ മറ്റൊരിക്കലും ഉണ്ടായിട്ടില്ല.
സ്വഹീഹുല്‍ ബുഖാരിയിലെ 3995ാം ഹദീസിന്റെ വിശദീകരണത്തില്‍ ഉംദതുല്‍ ഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക: ''ബദ്ര്‍ യുദ്ധം അവസാനിച്ച ശേഷം കടിഞ്ഞാണ്‍ ബന്ധിക്കപ്പെട്ട, പൊടിപുരണ്ട, ചുവന്ന കുതിരപ്പുറത്ത് അങ്കി ധരിച്ച നിലയില്‍ ജിബ്‌രീല്‍(അ) നബി(സ്വ)യുടെ അടുത്തെത്തി. എന്നിട്ട് പറഞ്ഞു: ''അല്ലാഹു എന്നെ നിങ്ങളിലേക്ക് അയക്കുകയും താങ്കള്‍ തൃപ്തനാക്കുന്നതുവരെ താങ്കളെ വിട്ടുപിരിയരുതെന്ന് എന്നോട് കല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. താങ്കള്‍, തൃപ്തിപ്പെട്ടോ?'' പുണ്യനബി(സ്വ) പറഞ്ഞു: ''അതെ.'' ബദ്ര്‍ യുദ്ധം നടന്നത് അല്ലാഹുവിന്റെ ദീനിന്റെ നിലനില്‍പ്പിനാണ്. എന്ന് പറഞ്ഞ അല്ലാഹു എന്തിനാണ് ഒരു യുദ്ധം നടത്തുകയും മുസ്‌ലിങ്ങള്‍ക്ക് ഇത്രയേറെ ക്ലേശം വരുത്തുകയും ചെയ്തത്.
മുസബ്ബിബുല്‍ അസ്ബാബ് ആയ അല്ലാഹുവിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന രീതി, ചര്യ അങ്ങനെയായതു കൊണ്ടുതന്നെ വേണമെങ്കില്‍ അല്ലാഹുവിന് ഇബ്‌ലീസിനെ സൃഷ്ടിക്കാതിരിക്കുകയും മുഴുവന്‍ മനുഷ്യരെയും അവന് വണങ്ങുന്നവരാക്കുകയും ചെയ്യാമായിരുന്നില്ലേ? പക്ഷേ, ലോകത്തിന്റെ നടത്തിപ്പ് അങ്ങനെയല്ല.
ഇക്കാര്യം അംഗീകരിച്ചാല്‍ തന്നെ തന്റെ ഒരൊറ്റ അട്ടഹാസം കൊണ്ട് മാത്രം മല്ലരും ശക്തരുമായ ആദ് സമൂഹത്തെ നശിപ്പിച്ച ജിബ്‌രീല്‍(അ) ഉള്‍പ്പെടുന്ന ആയിരം മലക്കുകളെ ബദ്‌റിലേക്ക് നിയോഗിച്ചത് എന്തിനാണെന്നതിന് അല്ലാഹു തന്നെ ഉത്തരം നല്‍കുന്നു: ''ഒരു സന്തോഷ വാര്‍ത്തയായും നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് സമാധാനം നല്‍കുന്നതിനും മാത്രമാണ് അല്ലാഹു അത് ഏര്‍പ്പെടുത്തിയത്. അല്ലാഹുവിങ്കല്‍നിന്നല്ലാതെ യാതൊരു സഹായവുമില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.'' (സൂറത്ത് അന്‍ഫാല്‍ 10)
Leave A Comment