പൗരസ്ത്യഅധിനിവേശ വിമുക്തീകരണം: സമകാലിക വിജ്ഞാനീയങ്ങളുടെ ഇസ്ലാമീകരണവും യൂനിവേഴ്‌സിറ്റികളുടെ ധര്‍മവും
wan muhammed ഈ പ്രഭാഷണത്തില്‍ ഞാന്‍ വിശദീകരിക്കാന്‍ പോകുന്നത്, ലോകമെമ്പാടുമുള്ള മുസ്ലിം വ്യഷ്ടിസമഷ്ടികളുടെ ഋജുവായ ഉന്നമനത്തില്‍ ഉന്നത പാഠ ശാലകളുടെ ഘടനാപരവും തന്ത്രപരവുമായ പ്രാധാന്യത്തെപ്പറ്റിയാണ്. ആഗോളീകരണങ്ങളുടെ ലോക ക്രമത്തില്‍, പൗരസ്തീകരണവും കോളനിവല്‍ക്കരണവും ഇന്നും വിവിധ ഭാവങ്ങളില്‍, രൂപങ്ങളില്‍ നമ്മെ സ്വാധീനിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഈയൊരവസ്ഥയില്‍, വിദ്യാഭ്യാസം, ഇസ്ലാമിക ലോകത്തെ സര്‍വകലാശാലകള്‍, ഇത്യാദി വിഷയങ്ങളില്‍ ശ്രദ്ധയൂന്നി, നവ വിജ്ഞാനീയങ്ങളുടെ ഇസ്ലാമീകരണ സംബന്ധമായി വീക്ഷണങ്ങള്‍ രൂപപ്പെടുത്താനുള്ള ചില മുസ്ലിം വിചക്ഷണരുടെ പരിശ്രമം, തങ്ങളുടെ മതകീയവും സാംസ്‌കാരികവുമായ സ്വത്വത്തെ പുന: പ്രതിഷ്ടിക്കാനുള്ള ഒരു ന്യായ ശ്രമമാണെന്ന് മാത്രമല്ല, പൗരസ്ത്യകേന്ദ്രീകൃതമായ ആധുനികത ഇതാവട്ടെ, അരോചകങ്ങളായ വികലതകളുടെ മൂര്‍ത്തീ ഭാവങ്ങള്‍ക്കൊരു മറു വാക്ക് കൂടിയായി ഞാനവയെ മനസ്സിലാക്കുകയാണ്. വികലതകളുടെ തിരിച്ചറിവ് മതസാംസ്‌കാരിക ദേശാന്തരക്കെട്ടുകളില്‍ നിന്നും മുക്തമാണെന്ന് സമര്‍ഥിക്കാനുള്ള കാരണം, ഒട്ടേറെ അമുസ്ലിം പണ്ഡിതന്മാര്‍ തന്നെ പൗരസ്ത്യ മുക്തീകരണവും കോളനിവല്‍ക്കരണവും ജ്ഞാനരൂപങ്ങളുടെ തദ്ദേശീയവല്‍ക്കരണവും ലക്ഷ്യമിട്ട് ശബ്ദമുയര്‍ത്തുന്നുണ്ട് എന്ന യാഥാര്‍ത്യമാണ്. നവ വിഞാനീയങ്ങളുടെ ഇസ്ലാമീകരണവും, പൗരസ്ത്യ മുക്തീകരണവും ഇങ്ങനെയുള്ള ശ്രമങ്ങളുടെ ഒരു ഭാഗമാണ്. ഇസ്ലാമിക സര്‍വകലാശാല എന്ന ആശയവും 'അദബ്' എന്ന സംജ്ഞയും ഇതില്‍ പെടും. സുന്നീ ചിന്താ ധാരകള്‍ അനുവര്‍ത്തിച്ചു പോന്നതും എന്നാല്‍ ശിഈ പരികല്പനകള്‍ പോലും അംഗീകരിച്ചതുമായ, ചില സാമ്പ്രദായിക വൈജ്ഞാനിക ഘടനകളെയും അതീന്ത്രിയതകളെയും പുനര്‍ദൃഡീകരിക്കുകയാവും ഈ പ്രഭാഷണത്തിലൂടെ ഞാന്‍ ചെയ്യുക. എന്റെ താത്വികതയും രീതിശാസ്ത്രവും ഞാന്‍ രൂപപ്പെടുത്തിയെടുത്തത് ഇന്ന് ലോകത്ത് ജീവിച്ചിരിപ്പുള്ള, മുസ്ലിം ലോകത്തെ ഒരു ആധികാരിക ചിന്തകനായ സയ്യിദ് മുഹമ്മദ് നഖീബുല്‍ അത്താസില്‍ നിന്നാണ്. ആധുനിക ഇസ്ലാമിക പാട ശാലകളില്‍ ഒരു പ്രഥമ സ്ഥാനീയ സംരംഭമായ ISTAC (international institute of Islamic thought and civilization) ന് വിത്ത് പാകിയ അഗ്രേസരന്‍ കൂടിയാണദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വ്യഷ്ടിസമഷ്ടികളുടെ ക്ഷേമത്തിന് അത്യന്താപേക്ഷിതമായ ഒരു മാധ്യമമാണ് വിദ്യാഭ്യാസമെന്നത് അവിതര്‍ക്കിതമാണ്. ആടിസ്ഥാനികമായ മറ്റേതു മാനുഷിക കര്‍മങ്ങളെയും പോലെ, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, ഉള്ളടക്കത്തിലൂടെയോ, രീതി ശാസ്ത്രങ്ങളിലൂടെയോ, മൂല്യ നിര്‍ണയങ്ങളിലൂടെയോ സന്നിവേശിതമാവുന്ന ഏതെങ്കിലും ഒരു ലോക വീക്ഷണത്തെ ഇത് വൈയക്തികമോ സാമൂഹികമോ ആകാം പ്രതിഫലിപ്പിക്കലായിരിക്കും. ഒരു ലോക വീക്ഷണം രൂപപ്പെടുന്നത് മതം, തത്വ ശാസ്ത്രം, സാമൂഹികചരിത്ര പശ്ചാത്തലം ഇവയുള്‍ചേര്‍ന്ന ചില സങ്കീര്‍ണമായ ആദാന പ്രദാനങ്ങളിലൂടെയാണല്ലോ. അന്താരാഷ്ട്ര മുസ്ലിം സമൂഹം ദശകങ്ങളായി ഊന്നല്‍ നല്‍കുന്നത് പ്രാഥമിക മധ്യമ വിദ്യാഭ്യാസത്തിനാണ്. എന്നാലും, ഏതാനും ചില പണ്ഡിതര്‍ ഒരു സര്‍വകലാശാലയുടെ ആവശ്യകതയെ മുന്നോട്ടു വെച്ചപ്പോള്‍ തദ്വിഷയകമായി താല്പര്യം പ്രകടിപ്പിച്ചവര്‍ നമ്മുടെയിടയിലുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രസക്തി തിരിച്ചറിയപ്പെട്ടതും ആ തിരിച്ചറിവ് ബലപ്പെട്ടതും ഈയടുത്ത കാലത്തെന്നതാണ് വസ്തുത. സമകാലിക ലോകത്തെ മേല്‍ക്കോയ്മയുടെ ഇടങ്ങളിലും ഉന്നത വിദ്യാഭ്യാസത്തിനു ഒരു ചെറിയ പങ്കുണ്ടെന്ന് ചില ഗവേഷകര്‍ സമര്‍ത്തിച്ചിട്ടുണ്ട്. അന്തര്‍ദേശീയ സ്വാധീനം ലക്ഷ്യമിടുന്ന ഏതേതു രാജ്യങ്ങളും ചെയ്യാറുള്ളത്, കെങ്കേമമായ ഉന്നത പാഠശാലകള്‍ സംസ്ഥാപിക്കുകയാണെന്ന് Clerk Kerr നെപ്പോലുള്ള വിദ്യാഭാസ വിശാരദര്‍ അര നൂറ്റാണ്ടു മുന്‍പേ ദര്‍ശിച്ചിട്ടുണ്ട്. ജോണ്‍ എഫ് കെന്നഡിയുടെ കാലത്തെ സ്‌റ്റേറ്റ് അണ്ടര്‍ സെക്രട്ടറിയായിരുന്ന Philip Coombs പറഞ്ഞത്, സമ്പദ് ഘടന, നയതന്ത്രം, സൈനികം എന്നിവയ്ക്ക് പുറമെയുള്ള ഒരു നാലാം കണ്ണാണ് വിദ്യാഭ്യാസവും സംസ്‌കാരവും എന്നു വരെ പറഞ്ഞു. പരമ്പരാഗതമായ സൈനിക ശക്തിയെക്കാള്‍ പുതുലോകത്തെ യുദ്ധങ്ങള്‍ക്ക് വേണ്ടത് ശാസ്ത്ര വിജ്ഞാനീയങ്ങളണെന്ന ഒരു തിരിച്ചറിവും കൂടെ ഉണ്ടായിട്ടുണ്ട്, ശീത യുദ്ധ കാലത്ത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രഗല്‍ഭര്‍ മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ ഭൂരാഷ്ട്ര തന്ത്രങ്ങളെ രൂപീകരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അമേരിക്കന്‍ വിദേശ കാര്യാലയത്തില്‍ 16 വര്‍ഷക്കാലം സേവനമനുഷ്ടിച്ചിരുന്ന Thomass Farr, നയതന്ത്രത്തെ മത നിരപേക്ഷ മുക്തമാക്കാന്‍ വേണ്ടി വാദിച്ചിരുന്നു. മത സ്വാതന്ത്ര്യമെന്നത് യു എസ് വിദേശ നയത്തിന്റെ മര്‍മമാക്കനാമെന്നും തന്മൂലം ഒരുപാട് നേട്ടങ്ങളുണ്ടെന്നും അദ്ദേഹം വാദിച്ചു. അവയിലൊരു നേട്ടമായി അദ്ദേഹം പറഞ്ഞത്, ഇസ്ലാമിക ഭീകരവാദവും തീവ്രവാദവും അടിച്ചമര്‍ത്തുകയും അതുവഴി അമേരിക്കയുടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യാമെന്നതാണ്. ഇതിനായി മുസ്ലിം ലോകത്തെ ജനാധിപത്യത്തെ സ്ഥിരപ്പെടുത്തുകയും ഒരു രാഷ്ട്രീയ പരിവര്‍ത്തനം സംജാതമാക്കുകയും വേണം. ഇനിയുമുണ്ട് നേട്ടം: ഇത്തരം നയങ്ങളിലൂടെ അമേരിക്കയെപ്പറ്റി ഇതര രാജ്യങ്ങള്‍ക്കുള്ള സാമ്രാജ്യത്വ, അധീശ്വത്വ, ജനാധിപത്യ വിരുദ്ധ പരികല്പ്പനകളെ തിരുത്തിയെഴുതാനുമാവും; കൂടാതെ രാജ്യത്തെ മത സമുദായങ്ങള്‍ക്കിടയില്‍ സഹകരണം വര്‍ദ്ധിതമാവാനും ഇതുപകരിക്കും എന്നെല്ലാം അദ്ദേഹം മുന്നില്‍ കണ്ടു. ഉന്നത വിദ്യാഭാസത്തിന്റെ പ്രസക്തിയുടെ വര്‍ധനവ് കാണുന്നത് വിശിഷ്യാ അറബ് രാജ്യങ്ങളിലാണ്. ഈ രാജ്യങ്ങളെല്ലാം തന്നെ, അമേരിക്കന്‍ വിദേശ കാര്യ നയങ്ങളെയും സംരംഭങ്ങളെയും നിഷേധാത്മകമായി മാത്രമേ ദര്‍ശിക്കുന്നുള്ളൂവെങ്കിലും, അമേരിക്കയുടെ ഉന്നത വിദ്യാഭാസ നയങ്ങളെ അഹമകമികയാ പിന്തുണയ്ക്കുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാനാവുകയെന്നത് വിരോധാഭാസമാവാം. അറബ് ലോകത്ത് ഇന്നുള്ള ബഹു ഭൂരിഭാഗം അമേരിക്കന്‍ സര്‍വകലാശാലാ ശാഖകളും ഈയൊരു പിന്താങ്ങലിന്റെ പ്രതിഫലനങ്ങളാണ്. അറബ് രാഷ്ട്രങ്ങളിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ഈ അമേരിക്കനീകരണം കൂടുതലായും ശ്രദ്ധ പതിപ്പിക്കുന്നത് നവീന കലാ വിഷയങ്ങളിലാണ്. ബൈറൂത്തിലെ ഏറ്റവും പഴക്കം ചെന്ന അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ കാര്യദര്‍ശി Peter Health പറയുന്നതിപ്രകാരമാണ്: അറബ് ലോകത്തെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധമായും liberal arts വിഷയങ്ങള്‍ പഠിപ്പിച്ചിരിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ കുട്ടികള്‍ അക്കാദമികമായി അത്ര മുന്നിലല്ലെങ്കിലും ഞാനവരെ ബഹുമാനിക്കും. കാരണം അവര്‍ ശരിയായ വഴിയിലൂടെയാണ് പോകുന്നത്. കുവൈത്തിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് Shafeeq Ghabra യുടെ അഭിപ്രായത്തില്‍, ഉന്നത വിദ്യാഭ്യാസത്തിന്റെ അമേരിക്കനീകരനമെന്നാല്‍, നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ ഇംഗ്ലീഷ് ഭാഷ വിനിയോഗിക്കുകയും അമേരിക്കന്‍ നാടുകളിളെ വിദ്യാഭാസ രംഗത്ത് ജനകീയമായിട്ടുള്ള കരിക്കുലം, പാഠ പുസ്തകം, പാഠ്യേതര വിഷയങ്ങള്‍ എന്നിവ നടപ്പിലാക്കുകയും ചെയ്യുകയെന്നാണ്. ഒരു ജ്ഞാനാധിഷ്ട്ടിത സമഷ്ടിയുടെയും മാനുഷിക ക്ഷേമത്തിന്റെയും അഭിവൃദ്ധിക്ക് സ്വാതന്ത്ര്യം എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് Arab Knowledge Report എന്ന പേരില്‍ 2009 ല്‍ പ്രസിദ്ധീകൃതമായ ഒരു രേഖ പറഞ്ഞു തരുന്നു. 'അറിവെന്നാല്‍ സ്വാതന്ത്ര്യവും അഭിവൃദിയുമാണ്. സ്വാതന്ത്ര്യമില്ലാതെ അറിവും അഭിവൃദിയുമില്ല.' ഇങ്ങനെ പ്രസ്താവിക്കുന്നതില്‍ സാങ്കേതികമായ പല പരിമിതികളും ഈ റിപ്പോര്‍ട്ട് മുന്നില്‍ കാണുന്നുവെങ്കിലും അറിവിനെയും സ്വാതന്ത്ര്യത്തെയും വിഭാഗിക്കാനാവില്ലെന്നു സ്ഥിരപ്പെടുത്തുന്നുണ്ട് ഈ രേഖ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter