അധ്യാപന രംഗത്തെ ഒറിഗാമി, ഒരു തുര്‍കിഷ് മാതൃക
പേപ്പറുകള്‍ ഉപയോഗിച്ച് വിവിധ രൂപങ്ങളുണ്ടാക്കുന്ന ജപ്പാനി കലാരൂപമാണ് ഒറിഗാമി. കുട്ടികള്‍ വളരെ ആവേശത്തോടെ ചെയ്യുന്ന ഈ കലാരൂപം, ഇസ്‍ലാമിക പഠന രംഗത്ത് പ്രയോഗിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് തുര്‍കിയിലെ ഒരു കൂട്ടം അധ്യാപികമാര്‍.
കൌസർ സെലിബി എന്ന തുര്‍കി അധ്യാപികയാണ് ഈ ആശയത്തിന് തുടക്കം കുറിച്ചത്. വിദ്യാഭ്യാസ മേഖലയിൽ വ്യത്യസ്തമായ രീതികള്‍ കണ്ടെത്തി നടപ്പിലാക്കുക എന്നത് സെലിബിയുടെ പതിവാണ്.
കഴിഞ്ഞ എട്ടുവർഷമായി ജീവിത മൂല്യങ്ങളും മത വിഷയങ്ങളുമാണ് സെലിബി കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. 2015ൽ സ്വാലിഹ് നഫിസ് പ്രൈമറി സ്കൂളിലാണ് സെലിബി തന്റെ കരിയർ തുടങ്ങുന്നത്. ഇത് എങ്ങനെ കൂടുതല്‍ രസകരമാക്കാമെന്ന ചിന്തയാണ് ഒറിഗാമിയിലെത്തിച്ചത്. ഓറിഗാമി വിത് ടൈൽസ് എന്ന പഠനരീതി പ്രയോഗിച്ചതോടെ, ഗുണപാഠകഥകൾ, മോറൽ ടിപ്സ്, ചെറുകഥകൾ തുടങ്ങിയവ കുട്ടികള്‍ വളരെ താല്‍പര്യത്തോടെയാണ് പഠിക്കുന്നതെന്ന്, അനാട്ടോള്‍ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു. 
പദ്ധതി വളരെ വിജയകരമാണെന്ന് മനസ്സിലാക്കിയതോടെ, ഇ-ട്വിന്നിങ് ഇന്റർനാഷണൽ പ്ലാറ്റ്ഫോമുമായി സഹകരിച്ച് ഇത് കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ച് കഴിഞ്ഞു. തുടക്കത്തിൽ ഈ ആശയം മുന്നോട്ടു വെച്ചപ്പോൾ ഏഴ് അധ്യാപകരാണ് സഹകരിക്കാന്‍ തയ്യാറായത്. ശേഷം, ഇത് ഫലപ്രദമാണെന്ന് മനസ്സിലാക്കിയതോടെ, പലരും തയ്യാറാവുകയും തുര്‍കിയുടെ വിവിധ ഭാഗങ്ങളിലുള്ള അനേകം മത-സാംസ്കാരിക അധ്യാപകര്‍ പദ്ധതിയുടെ ഭാഗമാവാന്‍ സ്വയം സന്നദ്ധത അറിയിക്കുകയും ചെയ്തു.
ഓരോ മാസവും ഒരു തീം നിശ്ചയിക്കുകയാണ് ചെയ്യുന്നത്. അതിനെ അടിസ്ഥാനമാക്കിയായിരിക്കും ആ മാസത്തെ ഒറിഗാമി വര്‍കുകള്‍ തയ്യാറാക്കുന്നത്. ഉദാഹരണം ക്ഷമയെ കുറിച്ച് പഠിപ്പിക്കുമ്പോൾ മുഹമ്മദ് നബി(സ)യുടെ കഥകൾ പറഞ്ഞു കൊടുക്കുകയും ഒപ്പം അതുമായി ബന്ധപ്പെട്ട വിവിധ ഒറിഗാമി രൂപങ്ങള്‍ തയ്യാറാക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്യും. പ്രവാചകന്റെ സ്നേഹത്തെ കുറിച്ച് പഠിക്കുമ്പോൾ ഒറിഗാമി റോസ് പൂവ്, ഹൃദയം എന്നിങ്ങനെ വിവിധ രൂപങ്ങള്‍ അവര്‍ തന്നെ നിർമിക്കും. മൃഗങ്ങളെ സംരക്ഷിക്കുന്ന പാഠത്തിൽ മൃഗങ്ങളുടെ രൂപങ്ങളായിരിക്കും.
ആദ്യമൊക്കെ നമ്മുടെ സഹായങ്ങള്‍ ആവശ്യമായി വന്നിരുന്നെങ്കിലും വളരെ വേഗം അവര്‍ കാര്യങ്ങള്‍ പഠിച്ചെടുത്തു. എന്തെങ്കിലും സഹായങ്ങളോ നിര്‍ദ്ദേശങ്ങളോ ആവശ്യമാണെങ്കില്‍ അവർ തന്നെ പരസ്പരം അത് ചെയ്യും. അതുവഴി പരസ്പര സഹായത്തിന്റെ പ്രാധാന്യം കൂടി അവർ മനസ്സിലാക്കുന്നു. കുട്ടികൾ വളരെ ആവേശത്തോടെയാണ് ഇതിനോട് പ്രതികരിക്കുന്നതെന്നും പുതിയ തലമുറയിലെ കുട്ടികൾ ഏറെ മിടുക്കരാണെന്നും സെലിബി സാക്ഷ്യപ്പെടുത്തുന്നു.
രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും വളരെ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അടുത്ത ദിവസം ഒരു ഒറിഗാമി പ്രോജക്ട് ഉണ്ടെന്ന് പറഞ്ഞാൽ കുട്ടികൾ പതിവിലും ആവേശത്തോടെയാണ് സ്കൂളിൽ വരുന്നത്.
തന്റെ പദ്ധതി വിജയകരമായതോടെ, പലരും ഇത് ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും പല സ്ഥാപനങ്ങളും ഇത് പ്രയോജനപ്പെടുത്താന്‍ മുന്നോട്ട് വരുന്നുവെന്നും അവര്‍ പറഞ്ഞു. അധ്യാപന ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൂടെയാണ് താന്‍ നീങ്ങുന്നതെന്നാണ് സെലിബി മാധ്യമങ്ങളോട് പറഞ്ഞത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter