സിറിയ: ലോകശക്തികളുടെ ബല പരീക്ഷണ കേന്ദ്രമാകുമ്പോള്‍
ആഴ്ചകള്‍ക്ക് മുന്‍പ് തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ റഷ്യന്‍ സുകോയ് പോര്‍വിമാനം തുര്‍ക്കി സൈന്യം വെടിവച്ചിടുകയുണ്ടായി. നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ പോര്‍വിമാനത്തെ രാജ്യ സുരക്ഷ മുന്‍നിര്‍ത്തി വെടിവച്ചിടുകയായിരുന്നു എന്നാണ് തുര്‍ക്കിയുടെ ഔദ്യോഗിക വിശദീകരണം. വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനികരില്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയും മറ്റൊരു സൈനികന് കൊല്ലപ്പെടുകയും ചെയ്തു. ശീതയുദ്ധത്തിനു ശേഷം ആദ്യമായാണ് ഒരു നാറ്റോ സഖ്യാംഗം റഷ്യന്‍ പോര്‍വിമാനം വെടിവച്ചു വീഴ്ത്തുന്നത്. ലോകത്തിന്റെ ഏത് കോണില്‍ നടക്കുന്ന സംഭവങ്ങളിലും മറു ചേരിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്ന ശീതയുദ്ധകാല പാശ്ചാത്യ സോവിയറ്റ് സൈനിക മഹാ സഖ്യങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ തനിയാവര്‍ത്തനം ശീതയുദ്ധാനന്തര കാലത്തും കണ്ടുവരുന്നത് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരില്‍ ഒരേ സമയം ആശങ്കയും കൗതുകവുമുയര്ത്തുകയാണ്. നാലു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധം സാമ്രാജ്യത്വ ശാക്തിക ചേരികളുടെ ബല പരീക്ഷണ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിരിക്കുന്നു.
മധ്യപൗരസ്ത്യ ദേശത്ത് സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരായി പൊട്ടിപ്പുറപ്പെട്ട വിപ്ലവങ്ങളുടെ തീപ്പൊരിയില്‍ നിന്നാണ് സിറിയന്‍ ആഭ്യന്തര കലാപത്തിനു തുടക്കമായത്. ഇജിപ്ത്, ടുണിഷ്യ തുടങ്ങിയ രാജ്യങ്ങളിലുണ്ടായ ജനകീയ മുന്നേറ്റങ്ങളില്‍ നിന്നുമാവേശമുള്ക്കൊണ്ടു 2011 മാര്‍ച്ചില്‍ സിറിയയിലെ ദര്‍ആ നഗരത്തില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. അയല്‍ രാജ്യങ്ങളില്‍ നിന്നും വിപ്ലവച്ചൂട് സിറിയയിലേക്ക് പടരുകയാണെന്നു ഭയന്ന് അസദ് ഭരണകൂടം എതിരഭിപ്രായങ്ങളെ ഉരുക്കുമുഷ്ടി കൊണ്ടുനേരിടാന്‍ തുടങ്ങി. മാര്‍ച്ച് ആറിനു ഭരണകൂട ഭീകരതക്കെതിരേ പ്രതിഷേധിച്ചു തെരുവിലിറങ്ങിയ സമരക്കാര്‍ക്കു നേരെ സൈന്യം നിര്‍ദാക്ഷിണ്യം വെടിയുതിര്‍ക്കുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തു. അതുവരെ സമാധാനപരമായി മുന്നോട്ടു പോയ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്തരൂക്ഷിത കലാപങ്ങളിലൊന്നായി രൂപാന്തരം പ്രാപിക്കുന്നതാണ് പിന്നീട് ലോകം കണ്ടത്.
അസദിന്റെ സൈന്യത്തില്‍ നിന്നുപോലും പലരും വിമത സൈന്യത്തിലേക്ക് വിപ്ലവകാരികളോടൊപ്പം അണിചേരാന്‍ തുടങ്ങി. സ്വതന്ത്ര സിറിയന്‍ സേന എന്ന പേരില്‍ വിമതര്‍ സായുധമായി സംഘടിക്കുകയും ഭരണകൂടവുമായി സംഘട്ടനത്തിലേര്‍പ്പെടുകയും ചെയ്തു. ഭരണകൂടത്തിലും സേനയിലുമൊക്കെ തന്റെ ബന്ധുക്കളെയും അഭ്യുദയകാംക്ഷികളെയും പ്രതിഷ്ഠിച്ചിരുന്ന ബശാറുല്‍ അസദ് സിറിയന്‍ പട്ടാളത്തെ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കു മേല്‍ കൊടിയ പീഡനങ്ങള്‍ അഴിച്ചു വിട്ടു. സിറിയന്‍ ഭരണകൂടവുമായി സ്വരച്ചേര്‍ച്ചയില്ലാത്ത അറബ് രാജ്യങ്ങളെ മുന്‍നിര്‍ത്തി അമേരിക്കയുടെ നേതൃത്വത്തില്‍ പശ്ചാത്യശക്തികള്‍ ഇതിനകം കരുക്കള്‍ നീക്കി തുടങ്ങിക്കഴിഞ്ഞിരുന്നു.
പശ്ചിമേഷ്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ പ്രാധാന്യമേറിയ വര്‍ഷമാണ് 1979. സാമ്രാജ്യത്വവിരുദ്ധ വിപ്ലവ പദ്ധതിയിലധിഷ്ടിതമായി ഇറാനില്‍ ഇസ്ലാമിക വിപ്ലവം അരങ്ങേറുകയും അത് ഭരണകൂടത്തെ കുടുംബ വാഴ്ചയായി കരുതിപ്പോരുന്ന അറബ് രാജ്യങ്ങള്‍ക്ക് ആശയപ്രായോഗിക തലങ്ങളില്‍ ആഭ്യന്തരമായി വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. പ്രത്യക്ഷത്തില്‍ ശിഈ ഇസ്ലാമുമായി ഓരംചേര്‍ന്ന് നില്ക്കുന്ന പ്രത്യയശാസ്ത്ര സരണി ആണെങ്കില്‍ തന്നെ അലി ശരീഅത്തിയെ പോലുള്ളവരുടെ ചിന്തകള്‍ ലോകത്തെമ്പാടുമുള്ള തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകളെ വലിയ തോതില്‍ സ്വാധീനിച്ചു. 'ശിഈ സുന്നി' ലാബലില്‍ അവതരിക്കപ്പെട്ട പ്രാദേശിക സഖ്യങ്ങള്‍ യഥാര്‍ഥത്തില്‍ ആദര്‍ശ ആശയ തലങ്ങളെക്കാള്‍ കൂടുതല്‍ തങ്ങളുടെ അധികാരം നിലനിര്‍ത്താനുള്ള പ്രായോഗിക രാഷ്ട്രീയമായാണ് കാണാന്‍ കഴിയുക. ഇറാന് വിപ്ലവത്തിന്റെ സാമ്രാജ്യത്വ വിരുദ്ധതയും അമേരിക്കയുമായുള്ള നിരന്തര വിയോജിപ്പുകളും അമേരിക്ക-സഊദി ബന്ധം ദൃഢമാവുന്നതിനു കാരണമായി. പിന്നീട് ജബ്ഹത്തുല്‍ നുസ്രയും (അല്‍ഖാഇദയുടെ സിറിയന്‍ പതിപ്പ്) ഐ.എസുമൊക്കെ ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായതോടെ അവരുടെ ക്രൂരതകളും കൊള്ളരുതായ്മകളും സാമ്രാജ്യത്വ ശക്തികളുടെ ഒളി അജന്‍ഡകളെ ലോക ശ്രദ്ധയില്‍ നിന്നും മറച്ചു പിടിക്കുകയും സിറിയയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഭീകര സംഘങ്ങളില്‍ മാത്രമൊതുക്കപ്പെടുകയും ചെയ്തു.
സിറിയന്‍ ആഭ്യന്തര കലാപവുമായിട്ടുള്ള ചര്‍ച്ചകളിലെല്ലാം അസദ് അനുകൂല നിലപാടാണ് റഷ്യ തുടക്കം മുതലേ സ്വീകരിച്ചു പോന്നത്. ഒരുവേള വൃദ്ധരും കുട്ടികളും സ്ത്രീകളുമടക്കമുള്ളവരുടെ മേല്‍ ഭരണകൂടം മാരകമായി രാസായുധം പ്രയോഗിക്കുകയും നിരവധിപേര്‍ കൊല്ലപ്പെടുകയുമുണ്ടായി. അത്തരമൊരു സന്നിഗ്ധ ഘട്ടത്തില്‍പ്പോലും അസദിനെ താങ്ങി നിര്‍ത്തിയത് റഷ്യയുടെ അന്താരാഷ്ട്ര വേദികളിലുള്ള നിര്‍ലോഭമായ പിന്തുണയാണ്. അമേരിക്കയും സഖ്യകക്ഷികളും എത്രത്തോളം അസദ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവോ അതിലും എത്രയോ വൃത്തിയായി മോസ്കോയും തെഹ്റാനും അസദിനെ സംരക്ഷിച്ചു നിര്‍ത്തുന്നു. തകര്‍ന്നു തരിപ്പണമായ ആഭ്യന്തര സാമ്പത്തിക നിലയില്‍പ്പോലും രണ്ട് ബില്ല്യന്‍ യു.എസ് ഡോളറാണ് ഇറാന് സിറിയക്ക് ലഭ്യമാക്കിയത്. ലോകത്തിലെ തന്നെ മികച്ച സൈനിക വിഭാഗങ്ങളിലൊന്നായ ഇറാന്റെ ഖുദുസ് സേനയാണ് ദമാസ്ക്കസില്‍ സൈനിക തന്ത്രങ്ങള്‍ മെനയുന്നത്. പോര്‍വിമാനം തുര്‍ക്കി വെടിവച്ചിട്ടതിനു പിന്നാലെ ദാമാസ്ക്കസിനു ചുറ്റും ട400 മിസൈല്‍ കവചം തീര്‍ത്തിരിക്കുകയാണ് റഷ്യ. നയതന്ത്ര രാഷ്ട്രീയ സഹായങ്ങള്‍ക്ക് പുറമേ സൈനിക സാമ്പത്തിക സഹായങ്ങളും റഷ്യ സിറിയക്ക് ലഭ്യമാകക്കുന്നുണ്ട്.
വന്‍ സൈനിക സഖ്യങ്ങള്‍ (വാഴ്സാ നാറ്റോ) ഇരു ചേരികളിലായി നിന്ന് യുദ്ധ സന്നാഹങ്ങള്‍ നടത്തിയ ശീതയുദ്ധ കാലത്തെ കാഴ്ചകളുടെ തനിയാവര്‍ത്തനങ്ങളാണ് സിറിയയില്‍ കാണാന്‍ കഴിയുന്നത്. ഇരു കൂട്ടരും എതിര്‍ഗ്രൂപ്പിന്റെ പിന്തുണയുള്ള ഗ്രൂപ്പുകള്ക്കെതിരേയാണ് ആക്രമം അഴിച്ചുവിടുന്നത്. ഐ.എസിനെ ഇല്ലാതാക്കാനെന്ന പേരില്‍ പരസ്പരം യുദ്ധം നയിക്കുകയാണെന്നു സാരം. ലോക ശക്തികള്‍ തങ്ങളുടെ ബല പരീക്ഷണത്തിനുള്ള വേദിയായി സിറിയയെ മാറ്റുമ്പോള്‍ ആഭ്യന്തര യുദ്ധം ഇനിയും നീളുമെന്ന സൂചനയാണ് നല്കപ്പെടുന്നത്. ഐ.എസ് സംവിധാനങ്ങളെ ഞൊടിയിട കൊണ്ട് ഇല്ലാതാക്കാനുള്ള സൈനിക ശക്തി കൈമുതലുള്ള സാമ്രാജ്യത്വ ശക്തികള്‍ അതിനു മുതിരാതെ, ഐ.എസ് എന്ന ഭീകര സത്വത്തെ ഉയര്‍ത്തിക്കാട്ടി തങ്ങളുടെ ഒളി അജന്‍ഡകള്‍ സംരക്ഷിക്കാനുള്ള നിഴല്‍ യുദ്ധം തുടരുകയാണ്.
അവര്‍ അവകാശപ്പെടുന്നത് പോലെ ലോകസമാധാനം സംരക്ഷിക്കാനോ തീവ്രവാദം ഇല്ലാതാക്കാനോ അല്ല അവരവരുടെ ഇംഗിതങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമാണ് ഈ യുദ്ധം തുടരുന്നത്.



Leave A Comment