ഇന്ത്യ-സഊദി കരാറുകള്‍ തരുന്ന പ്രതീക്ഷകള്‍

saudiഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഊദി അറേബ്യന്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് സഊദിയും ഇന്ത്യയുമായി അഞ്ചുകരാറുകളില്‍ ഒപ്പിട്ടിരിക്കുകയാണ്. പ്രവാസികളുടെ തൊഴില്‍സുരക്ഷ, ഇരുരാജ്യങ്ങളെയും ബാധിക്കുന്ന രഹസ്യസ്വഭാവമുള്ള വിവരങ്ങളുടെ കൈമാറ്റം, സാങ്കേതികസഹകരണം, കരകൗശലനിര്‍മാണമേഖലയെ പോഷിപ്പിക്കുന്നതിനു പ്രേത്യക പദ്ധതി, നിക്ഷേപം വര്‍ദ്ധിക്കുന്നതിനു പ്രേത്യകരൂപരേഖ തയാറാക്കല്‍ എന്നിവയാണ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒപ്പിട്ട പ്രധാനകരാറുകള്‍. ഇതില്‍ ഏറ്റവും പ്രധാനവും ശ്രദ്ധേയവുമായത് ഇന്ത്യയില്‍നിന്നു സഊദി അറേബ്യയില്‍ അവിദഗ്ദ്ധമേഖലയില്‍ തൊഴില്‍തേടിയെത്തുന്ന പ്രവാസികളുടെ തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുന്നതാണ്. സഊദി അറേബ്യയിലെത്തുന്ന ഇന്ത്യന്‍തൊഴിലാളികള്‍ കടുത്തചൂഷണത്തിനും പീഡനങ്ങള്‍ക്കും ഇരയാകുന്നുവെന്നതു വളരെ നേരത്തെത്തന്നെയുള്ള പരാതികളാണ്. ഇത്തരം ചൂഷണങ്ങള്‍ക്കെതിരേ നിരവധി പരാതികള്‍ ഇന്ത്യന്‍സമൂഹം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുെന്നങ്കിലും സര്‍ക്കാരിനു കാര്യമായൊന്നും ചെയ്യാന്‍കഴിഞ്ഞിട്ടില്ല. മെച്ചപ്പെട്ട തൊഴില്‍വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി അറബ്‌രാഷ്ട്രങ്ങളിലെത്തുന്ന പ്രവാസികളില്‍ ഭൂരിപക്ഷവും വാഗ്ദാനംചെയ്യപ്പെട്ട തൊഴില്‍ ലഭിക്കാതെ നിരാശരായിത്തീരുന്നവരാണ്. ഡ്രൈവര്‍ വിസ ലഭിച്ചു പോകുന്നവര്‍ക്കു കിട്ടുന്നതു തോട്ടപ്പണിയും മരുഭൂമിയില്‍ ഒട്ടകങ്ങളെ മേയ്ക്കുന്ന ജോലിയുമായിരിക്കും. പരാതിപ്പെട്ടാലും പരിഭവപ്പെട്ടാലും ഒരു ഫലവുമുണ്ടായിരുന്നില്ല. ഇത്തരം വഞ്ചനകള്‍ക്കെതിരെ തൊഴിലാളികള്‍ക്ക് രക്ഷയേകുവാന്‍ സഊദിയും ഇന്ത്യയും ഒപ്പിട്ട തൊഴില്‍ സുരക്ഷ സഹകരണ കരാര്‍ വലിയ തുണയാകുമെന്നു കരുതാം. വാഗ്ദാന ലംഘനം നടത്തുന്ന, തൊഴിലിടങ്ങളില്‍ കഠിനജോലി നല്‍കി പീഡിപ്പിക്കുന്ന തൊഴില്‍ദാതാദക്കള്‍ക്കു സഊദി നിയമം അനുശാസിക്കുന്ന ശിക്ഷനല്‍കുമെന്നു സഊദി അധികൃതര്‍ പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ തൊഴിലാളികള്‍ക്കു ഭാവിയില്‍ ഇത്തരം ചൂഷണങ്ങളെ നിയമപരമായിത്തന്നെ നേരിടാന്‍ കഴിയും. മറ്റൊരു ശ്രദ്ധേയമായ കാല്‍വയ്പ്പ് തീവ്രവാദത്തിനെതിരേ യോജിച്ച പോരാട്ടത്തിനുള്ള കരാറാണ്. ഭീകരതയും തീവ്രവാദവും ഒരുനാണയത്തിന്റെ രണ്ടുവശങ്ങളാണ്. എല്ലാരാജ്യങ്ങളും സ്വന്തംമണ്ണിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദങ്ങള്‍ക്കും അറുതിവരുത്തുകയാണു വേണ്ടതെന്ന ഇരുരാഷ്ട്രങ്ങളുടെയും സംയുക്താഹ്വാനം ശ്രദ്ധേയമാണ്. അതു നടപ്പിലാക്കേണ്ടതുമാണ്. ആഗോളാടിസ്ഥാനത്തില്‍ത്തന്നെ ഭീകരത പടര്‍ന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി വിദേശരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന വേളകളിലൊക്കെ തീവ്രവാദത്തിനും ഭീകരപ്രവര്‍ത്തനത്തിനുമെതിരേ ശക്തിയായി പ്രതികരിക്കാറുണ്ട്. അത് അഭിനന്ദനീയമാണ്. വാഷിങ്ടണില്‍ സമാപിച്ച ആണവസുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുത്തപ്പോഴും ഈ കാര്യംതന്നെയാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. ഉച്ചകോടിക്കുശേഷമാണ് അദ്ദേഹം സഊദിയിലെത്തിയത്. ഉച്ചകോടിയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ മറ്റൊരു രൂപംതന്നെയാണ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി മോദി പങ്കുവെച്ചത്. ഭീകരതയ്ക്ക് മതമില്ലെന്നും ലോകരാഷ്ട്രങ്ങള്‍ മുഴുവനും ഭീകരതയുടെ ഭീഷണിയിലാണെന്നും ഭീകരരുടെ കൈയില്‍ ആണവായുധങ്ങള്‍ ലഭ്യമാക്കാതിരിക്കുകയെന്നതാണ് ആണവരാഷ്ട്രങ്ങളുടെ പ്രധാന ബാധ്യതയെന്നും അദ്ദേഹം വാഷിങ്ടണില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആണവകള്ളക്കടത്തുകാരും ഭീകരരും തമ്മിലുള്ള അവിശുദ്ധബന്ധം ഐ.എസ് പോലുള്ള ഭീകരസംഘടനകളുടെ കൈയില്‍ അണാവായുധങ്ങള്‍ വന്നുപെടാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. എന്നാല്‍, വാഷിങ്ടണിലും സൗദിയിലും ഭീകരതയെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും ആശങ്ക പങ്കുവയ്ക്കുന്ന നരേന്ദ്രമോദി എന്തുകൊണ്ട് ഇന്ത്യയില്‍ മൗനിയാകുന്നു ഇന്ത്യയില്‍ തീവ്രവാദവും ഭീകരവാദവും വളരുന്നതില്‍ പ്രധാനപങ്ക് സംഘ്പരിവാറിനുണ്ട്. അതുകൊണ്ടുതന്നെയായിരിക്കാം അദ്ദേഹം നിശബ്ദനാകുന്നത്. എല്ലാവര്‍ക്കും തുല്യാവസരവും സ്വാതന്ത്ര്യവും വാഗ്ദാനംചെയ്യുന്ന ഭരണഘടനയെപ്പിടിച്ചു സത്യപ്രതിജ്ഞചെയ്ത് അധികാരത്തില്‍വന്ന നരേന്ദ്രമോദി, ജനതയുടെ അത്തരം അവകാശങ്ങള്‍ക്കുനേരേ നഗ്നമായ കൈയേറ്റമുണ്ടാകുമ്പോള്‍ പ്രതികരിച്ചിട്ടില്ല. ഏറ്റവുമൊടുവില്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് 'ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ ഇന്ത്യ വിടണമെന്നു'പറഞ്ഞിരിക്കുന്നത്. ഇന്ത്യയില്‍ ജനിച്ചവരോട് ഇന്ത്യ വിടാന്‍പറയാന്‍ അദ്ദേഹത്തിന് എന്താണവകാശം ഇതു ഭീകരതയും തീവ്രവാദവും വളര്‍ത്തുന്ന പ്രസ്താവനകളാണ്. ഇന്ത്യയില്‍ പടര്‍ന്നുക്കൊണ്ടിരിക്കുന്ന അസഹിഷണതയുടെ ഒരു ഭാഗംതന്നെയാണ് ഫട്‌നാവിസിന്റെ പ്രസ്താവനയും. അസഹിഷ്ണതയുടെ ഉപോല്‍പ്പന്നങ്ങളാണു ഭീകരവാദവും തീവ്രവാദവുമെന്നു പ്രധാനമന്ത്രി മനസിലാക്കണം. സ്വന്തം അനുയായികള്‍ക്കെതിരേ ശബ്ദിക്കാന്‍ മടിക്കുന്ന പ്രധാനമന്ത്രിയുടെ വിദേശ രാഷ്ട്രങ്ങളിലെ തീവ്രവാദവിരുദ്ധപ്രസംഗങ്ങളെ എങ്ങനെ മുഖവിലയ്‌ക്കെടുക്കാനാകും

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter