സാമൂഹിക മാറ്റങ്ങളും മുസ്‌ലിം കുടുംബങ്ങളും
ഇസ്‌ലാമും മുസ്‌ലിം സമൂഹവും ഇത്രക്ക് ചര്‍ച്ചചെയ്യപ്പെടുന്ന ഒരു കാലം മുമ്പൊരിക്കലുമുണ്ടായിട്ടില്ല എന്നത് ഒരു വസ്തുതയാണ്. സാമൂഹിക ശാസ്ത്രത്തിന്റെ വ്യത്യസ്ത ശാഖകളില്‍ നടന്നു കൊണ്ടിരിക്കുന്ന സമകാലിക പഠനങ്ങളിലൊക്കെ ഇസ്‌ലാമും മുസ്‌ലിംകളും ഇന്ന് ഒരു പ്രധാന വിഷയമായിരിക്കുന്നു. വര്‍ഷം തോറും പ്രസിദ്ധീകരിക്കപ്പെടുന്ന ദശക്കണക്കിനു പുസ്തകങ്ങള്‍ക്കു പുറമെ മുസ്‌ലിം വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന നിരവധി ജേണലുകളും മാഗസിനുകളും പല യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നും ഇറങ്ങികൊണ്ടിരിക്കുന്നു. ഒമ്പത് വര്‍ഷത്തിനിടക്ക് മുസ്‌ലിം സംബന്ധിയായ ഒരൊറ്റ സൃഷ്ടിയും പ്രസിദ്ധീകരിച്ചിരുന്നില്ലാത്ത അമേരിക്കന്‍ സോഷ്യോളജിക്കല്‍ റിവ്യൂവില്‍ 2005-08 നിടക്ക് മാത്രം ആറ് പഠനങ്ങള്‍ വന്നുവെന്നത് ഈ പുതിയ പ്രവണതയെ സൂചിപ്പിക്കുന്നു. ‘ആധുനികത’ യുടെ പേരില്‍ സംഭവിച്ച സാമൂഹിക പ്രക്രിയകളെയും രാഷ്ട്രീയ സാംസ്‌കാരിക സംവേദനങ്ങളെയും വൈജ്ഞാനിക- ബൗദ്ധിക പ്രവണതകളെയും സമീപിക്കുന്നതില്‍ മുസ്‌ലിം സമൂഹം സ്വീകരിച്ച നിലപാടുകളാണ് മുകളില്‍ പറഞ്ഞ തരത്തിലുള്ള താത്പര്യം സമൂഹശാസ്ത്ര പണ്ഡിതരില്‍ ജനിപ്പിച്ചതെന്നു കാണാനാവും. 18ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പാശ്ചാത്യന്‍ രാജ്യങ്ങളില്‍ പ്രകടമാവാന്‍ തുടങ്ങുകയും അധിനിവേശത്തിന്റെ തേരോട്ടത്തില്‍ പ്രചരിക്കുകയും ചെയ്ത പുതിയ ആശയ സംഹിതകളെ പ്രതിരോധിക്കാനുള്ള കാര്യമായ ശ്രമങ്ങളുണ്ടായത് മുസ്‌ലിം രാജ്യങ്ങളില്‍/സമൂഹങ്ങളില്‍ നിന്നാണ്. അതായാത് അധിനിവേശാനന്തര സമൂഹങ്ങളധികവും പരമ്പരാഗതമായി കൈമാറി പോന്നിരുന്ന ജീവിത രീതികളും ആശയാദര്‍ശങ്ങളും പുതുതായി അവതരിപ്പിക്കപ്പെട്ട മൂല്യ സംഹിതകള്‍ക്ക് വേണ്ടി വഴിമാറ്റുകയുണ്ടായി; സാമൂഹികവും സാംസ്‌കാരികവുമായി അത്തരം സമൂഹങ്ങള്‍ പൂര്‍ണമായ മാറ്റങ്ങള്‍ക്ക് വിധേയമാവുകയുണ്ടായി. എന്നാല്‍ ഇത്തരം പ്രതിഭാസങ്ങളെ ആവുംവിധം ചെറുക്കാനാണ് മുസ്‌ലിം സമൂഹങ്ങള്‍ ശ്രമിച്ചത്. ഭുരിപക്ഷം മുസ്‌ലിം വിഭാഗങ്ങളും ആധുനികതയുടെ പേരില്‍ വന്ന ഭൗതികമായ സൗകര്യങ്ങളെ സ്വീകരിക്കുകയും സാമൂഹിക സാംസ്‌കാരിക വ്യവസ്ഥകളുമായി ബന്ധപ്പെട്ട മൂല്യ സംഹിതകളെ തിരസ്‌കരിക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്. അതിനാല്‍, മിക്ക മുസ്‌ലിം മത-സാമുഹിക സ്ഥാപനങ്ങള്‍ക്കും (social institutions) അവയുടെ സ്വാധീനവും സ്ഥാനവും നിലനിര്‍ത്താനാവുകയും ചെയ്തു. എന്നാല്‍, സാംസ്‌കാരികമായ ഇത്തരം ചെറുത്തുനില്‍പുകള്‍ക്ക് ഇന്ന് അതിവേഗം ശക്തിക്ഷയം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബം, വിവാഹം, സ്ത്രീ-പുരുഷ ബന്ധം, തൊഴില്‍ വിഭജനം, അനന്തരാവകാശം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പലഭാഗങ്ങളില്‍ നിന്നും, ഒറ്റപ്പെട്ടതാണെങ്കിലും, ഇസ്‌ലാമിക വിഭാവനകള്‍ക്ക് എതിരായ വാദമുഖങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. മാത്രവുമല്ല, ചില മുസ്‌ലിം രാജ്യങ്ങള്‍ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യക്തി നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങളുടെയും സമകാലിക വാര്‍ത്താവിനിമയ മാര്‍ഗങ്ങളുടെയും സ്വാധീനങ്ങള്‍ മുസ്‌ലിം സമൂഹങ്ങളെ എത്രമേല്‍ ബാധിച്ചിട്ടുണ്ടെന്ന് കാണിക്കുന്ന വ്യവസ്ഥാപിതമായ പഠനങ്ങള്‍ മുസ്‌ലിം പക്ഷത്തു നിന്നുണ്ടാവിന്നില്ല എന്നത് ഒരു തിക്തസത്യമാണ്. ഇത്തരമൊരു പശ്ചാതലത്തില്‍, സാമൂഹിക മാറ്റങ്ങളോടുളള ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകളും സമകാലിക മുസ്‌ലിം സമൂഹത്തിന്റെ യാഥാര്‍ഥ്യങ്ങളും മുന്‍ നിര്‍ത്തി ഒരു വിശകലനമാണ് ഇവിടെ ഉദ്യേശിക്കുന്നത്. പ്രധാനമായും കേരളീയ പശ്ചാതലത്തില്‍ നിന്നാണ് ഈ വിഷയം ഇവിടെ ചര്‍ച്ചക്കെടുക്കുന്നത്. ഒന്ന്: സാമൂഹിക മാറ്റങ്ങള്‍ സമൂഹശാസ്ത്രത്തില്‍, സാമൂഹിക സ്ഥാപനങ്ങളെന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കരിക, സാമൂഹിക സംവിധാനങ്ങളുടെ നിലവിലുള്ള സ്വഭാവത്തില്‍ /അവസ്ഥയില്‍ വരുന്ന പരിവര്‍ത്തനങ്ങളെയാണ് പൊതുവില്‍ സാമൂഹിക മാറ്റങ്ങള്‍ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഏതൊരു സാമൂഹിക സ്ഥാപനത്തിന്റെയും സ്വഭാവത്തെയും സാമൂഹികാവസ്ഥയെയും നിയന്ത്രിക്കുന്നത് പ്രധാനമായും രണ്ട് അടിസ്ഥാന ഘടകങ്ങളാണ് എന്ന് കാണാനാവും: 1. വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളുടെ സ്വഭാവം, 2. സാമൂഹിക സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ സ്വഭാവം. അഥവാ, ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയോട് അല്ലെങ്കില്‍ സാമൂഹിക വിഭാഗം മറ്റൊരു വിഭാഗവുമായി സ്വീകരിക്കുന്ന നിലപാടും സമൂഹത്തില്‍ താന്‍ ഏറ്റെടുത്തു നടത്തേണ്ടതായി കാണുന്ന ബാധ്യതകളും വളരെ പ്രധാനമാണ്. അതുപോലെ തന്നെ പ്രധാനമാണ് ഓരോസമൂഹത്തിലും മൂല്യവ്യവസ്ഥകളും സാമ്പത്തിക സ്ഥാപനങ്ങളും അല്ലെങ്കില്‍, സാംസകാരിക ചിന്തകളും രാഷ്ട്രീയ സംവിധാനങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നത്. ആധുനികമെന്ന് തരം തിരിക്കപ്പെടുന്ന സാമൂഹികാവസ്ഥകളെടുത്താല്‍ ഇക്കാര്യം വളരെ ബോധ്യമാവും. വൈജ്ഞാനിക രംഗത്തുണ്ടായ വിപ്ലവങ്ങള്‍ പടിഞ്ഞാറിന്റെ മൂല്യവ്യവസ്ഥകളെയും ബോധമണ്ഡലത്തെയും സാരമായി ബാധിക്കുകയുണ്ടായി. മതത്തിനും രാഷ്ട്രീയത്തിനും വ്യത്യസ്ത വ്യവഹാരമണ്ഡലങ്ങള്‍ കല്‍പിക്കപ്പട്ടു. അഥവാ, ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കുമെന്ന പേരില്‍ മതം രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായും മാറ്റിനിര്‍ത്തപ്പെട്ടു; ക്രൈസ്തവ പുരോഹിതരുടെ സാമൂഹിക സ്ഥാനങ്ങളും സ്വാധീനങ്ങളും എടുത്തുമാറ്റപ്പെടുകയോ നിയന്ത്രക്കപ്പെടുകയോ ചെയ്തു. ഇതുപോലെ, 18-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സംഭവിച്ച വ്യാവസായിക വിപ്ലവവും തുടര്‍ന്നു വന്ന നഗരവത്കരണ പ്രക്രിയകളും സാമ്പത്തികരംഗത്തുണ്ടാക്കിയ മാറ്റങ്ങള്‍ക്കുപുറമെ നിലവിലുണ്ടായിരുന്ന സാമൂഹിക സംവിധാനങ്ങള്‍ ഓരോന്നായി തകിടം മറിക്കുകയുണ്ടായി. ഏറ്റവും പ്രാഥമിക സാമൂഹികസംവിധാനമായ കുടുംബബന്ധങ്ങളില്‍ പോലും ലാഭഛേദ തുലനം നടത്തപ്പെടുന്ന അവസ്ഥവരെയുണ്ടായി. ചുരുക്കത്തില്‍ വ്യക്തിമഹാത്മ്യവാദ (individualism) ത്തിലൂന്നിയ മുതലാളിത്ത വ്യവസ്ഥയും യുക്തി വാദത്തിലൂന്നിയ (rationalism) ജ്ഞാനവ്യവസ്ഥയും ഒരു പുതിയ സാമൂഹിക സാമ്പത്തിക ക്രമത്തിന് ജന്മം നല്‍കുകയുമുണ്ടായി. എന്നാല്‍, ഇത്തരം സംഭവവികാസങ്ങളില്‍ ശ്രദ്ധേയമായൊരു വസ്തുത, സമൂഹവും വ്യക്തികളും തമ്മിലുള്ള ബന്ധങ്ങള്‍ എക്കാലത്തേക്കാളും പ്രശ്‌നാധിഷ്ഠിതമായിരിക്കുന്നുവെന്നതാണ്. അതുകൊണ്ട് തന്നെ, മുമ്പെങ്ങുമില്ലാത്തവിധം, മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള മുറവിളികള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിക്കുന്നു. പരിസ്ഥിതിസംരക്ഷണത്തിന്റെ പേരിലായാലും രാഷ്ട്രീയ വിമോചനത്തിന്റെ അല്ലെങ്കില്‍ സാമൂഹിക ശാക്തീകരണത്തിന്റെ പേരിലായാലും നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ ഇന്ന് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇന്ന് പ്രകടമായികൊണ്ടിരിക്കുന്ന മതങ്ങളുടെ പൊതുമണ്ഡലങ്ങളിലേക്കുള്ള (public sphere) തിരിച്ചുവരവ് ഇത്തരമൊരു സാമൂഹിക പ്രതിഭാസത്തിന്റെ സൃഷ്ടിയാണ്. അഥവാ, ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങളും വൈജ്ഞാനിക രംഗത്തുണ്ടായ വിപ്ലവാത്മക ചലനങ്ങളും നല്‍കിയ ആത്മവിശ്വാസത്തില്‍ പടുത്തയര്‍ത്തപ്പെട്ട പുതിയ സംവിധാനങ്ങളും മനുഷ്യന്റെ പൊതുജീവിതത്തിന്റെയെന്നല്ല സ്വകാര്യ ജീവിത്തിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നൊരു തിരിച്ചറിവ് വ്യാപകമായി കൊണ്ടിരിക്കുകയാണ്. ചുരുക്കത്തില്‍, എന്റോസള്‍ഫാനെതിരെ ജനങ്ങള്‍ ഉയര്‍ത്തിയ പ്രതികരണങ്ങളായാലും അറബ് മുസ്‌ലിം രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചലനങ്ങളായാലും അവ നല്‍കുന്ന വ്യക്തമായൊരു സന്ദേശമുണ്ട്. ആ സന്ദേശമാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്. ആധുനികമായ സാമൂഹിക മാറ്റങ്ങളും അവയുണ്ടാക്കിയ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങളും പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു വസ്തുത, ജീവിത ദര്‍ശനങ്ങളും സാമൂഹിക യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കടുകളുമായി ബന്ധപ്പെട്ടതാണ്. ഈ പൊരുത്തക്കേടുകള്‍ മുസ്‌ലിം സമൂഹങ്ങളിലും ഇതര സമൂഹങ്ങളിലും വ്യത്യസ്ത രീതികളിലാണ് പ്രകടമാവുന്നത്. ഈ വ്യത്യാസം വേണ്ടവിധം തിരിച്ചറിയപ്പെടുകയോ അതിനുള്ള ശ്രമങ്ങള്‍ നടത്തപ്പെടുകയോ ചെയ്യുന്നില്ല എന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. മുസ്‌ലിം രാജ്യങ്ങളിലും ഇതര സമൂഹങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ഉള്ളടക്കങ്ങള്‍ മാത്രമെടുത്താല്‍ മതി ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍. വളരെ സംക്ഷിപ്തമായി പറഞ്ഞാല്‍, മുസ്‌ലിം രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സാമൂഹികാസ്വസ്ഥതകള്‍ക്ക് നിദാനം അവരുടെ ജീവിത ദര്‍ശനവും/ഇസ്‌ലാമിക വിഭാവനകളും ജീവിത യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള അന്തര(gap)മാണ്. എന്നാല്‍, ആധുനിക ജീവിത ദര്‍ശനങ്ങളും സാമൂഹിക യാഥാര്‍ഥ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്നത് സംഘട്ടനാത്മകമായ (conflicting) ബന്ധമാണ് അത്തരം സമൂഹങ്ങളുടെ അസ്വസ്ഥതക്കു കാരണം. മറ്റൊരു വിധേന പറഞ്ഞാല്‍, മുസ്‌ലിം സമൂഹങ്ങള്‍ തങ്ങളുടെ ജീവിതദര്‍ശനങ്ങളെ യാഥാര്‍ഥ്യമാക്കുന്നതില്‍ പരാജയപ്പെടുക വഴി പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍, ഇതര സമൂഹങ്ങളില്‍ പ്രകൃതിയുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായ ആശയസംഹിതകളാല്‍ സാമൂഹിക ജീവിതം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നതു മൂലമാണ് പ്രതിസന്ധികളുണ്ടാവുന്നത്. അതിനാല്‍, സാമൂഹിക മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആദ്യമായി വ്യക്തമാക്കപ്പെടേണ്ടത് വളരെ വ്യത്യസ്തങ്ങളായ ഈ ജീവിതദര്‍ശനങ്ങളുടെ മൗലികതയാണ്. രണ്ട്: ഇസ്‌ലാമിക ജീവിത ദര്‍ശനം ഏതൊരു സമൂഹത്തിലും വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളും സാമൂഹിക സ്ഥാപനങ്ങളുടെ സ്വഭാവങ്ങളും നിര്‍ണയിക്കുന്നത്, മനുഷ്യപ്രകൃതത്തെയും പ്രാപഞ്ചിക വസ്തുതകളെയും സംബന്ധിച്ച കാഴ്ചപ്പാടുകളും, ജ്ഞാനഘടനയും അവയുടെ സ്രോതസ്സുകളെയും കുറിച്ച് പ്രസ്തുത സമൂഹം ഉള്‍കൊള്ളുന്ന ധാരണകളുമാാണ്. ഈ അര്‍ഥത്തില്‍ മുസ്‌ലിം സമൂഹത്തെ മനസ്സിലാക്കുമ്പോള്‍ വ്യക്തമാകുന്ന അടിസ്ഥാനപരമായ ചില പ്രമാണങ്ങള്‍ ഇപ്രകാരം സംഗ്രഹിക്കാം. 1. ദൈവവും മനുഷ്യനും ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അല്ലാഹുവാണ് പരമമായ യാഥാര്‍ഥ്യം. ദൈവവുമായുള്ള മനുഷ്യന്റെ ബന്ധത്തിന് വ്യത്യസ്തങ്ങളായ രണ്ട് തലങ്ങളുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: അടിമയുടെയും (അബ്ദ്) പ്രതിനിധിയുടെയും (ഖലീഫ). അഥവാ അടിമ എന്ന നിലയില്‍ ദൈവത്തിന്റെ കല്പനകളെല്ലാം അംഗീകരിക്കാന്‍ ബാധ്യസ്ഥനും, പ്രതിനിധി എന്ന നിലയില്‍ അല്ലാഹുവിന്റെ താത്പര്യങ്ങള്‍ക്കൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവനുമാകുന്നു മനുഷ്യന്‍. അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധം സ്ഥിരവും നേരിട്ടുള്ളതുമാണ്. പ്രാപഞ്ചിക പ്രതിഭാസങ്ങളിലൂടെയുള്ള പ്രകാശനങ്ങള്‍ക്കു പുറമെ, പ്രവാചകരിലൂടെയും അല്ലാഹു വ്യക്തികളുമായി സംവദിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ഇസ്‌ലാമിക പ്രമാണം. ദൈവം അദൃശ്യനാണെങ്കിലും സ്വന്തം അന്നനാളിയേക്കാള്‍ ഓരോ വ്യക്തിയോടും അടുത്താണ് നിലകൊള്ളുന്നതെന്ന വിശ്വാസം മനുഷ്യനില്‍ എല്ലായ്‌പ്പോഴും താന്‍ ഒരു നിരീക്ഷണ വലയത്തിലാണെന്ന ജാഗരൂഗത നല്‍കുന്നു. 2. യുക്തിചിന്തയും ജ്ഞാനസ്രോതസ്സുകളും മനുഷ്യനെ യുക്തി ചിന്തയും വിചാര-വിവേചന ശക്തികളുമുള്ള ജീവിയായാണ് ഇസ്‌ലാം കാണുന്നത്. എന്നാല്‍, ആധുനിക വിചാരധാരകള്‍ പോലെ യുക്തിയെ പരമോന്നതിയില്‍ നിര്‍ത്തുന്നതിനു പകരം പരമമായ സത്യങ്ങളായി അല്ലാഹു അവതരിപ്പിച്ച വസ്തുതകളെ മനസ്സിലാക്കുന്നതിനുള്ള ഉപാധിയായാണ് അതിനെ ഇസ്‌ലാം കാണുന്നത്. ഇത്തരമൊരു കാഴ്ചപ്പാട് വിഭാവനം ചെയ്യുന്ന ലോകവീക്ഷണത്തില്‍, ദൃശ്യവും അദൃശ്യവുമായ ലോകങ്ങള്‍ തുടര്‍ച്ചകളാണ്; ലൗകിക പ്രതിഭാസങ്ങള്‍ കാര്യ കാരണ ബന്ധത്തില്‍ അധിഷ്ഠിതമാണ്, ആസ്‌ട്രോളജി പോലെയുള്ള വിജ്ഞാനീയങ്ങളെ മിഥ്യാശാസ്ത്രങ്ങളും പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിക്കുന്ന വിഷയങ്ങളിലെ ഗവേഷണാത്മകമായ പഠനങ്ങള്‍ പ്രോത്സാഹനാര്‍ഹവും സാമൂഹിക ബാധ്യതയുമാണ്. യഥാര്‍ഥമായ വിജ്ഞാനീയങ്ങള്‍ മനുഷ്യനെ കൂടുതല്‍ ദൈവത്തിലേക്ക് അടുപ്പിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ, സ്വകാര്യതയിലും വ്യക്തി ജീവിതത്തിലും പാലിക്കേണ്ടതായി അല്ലാഹുവിന്റെ പ്രവാചകര്‍ വ്യക്തമായി പഠിപ്പിച്ച കാര്യങ്ങള്‍ ബാധ്യതകളാവുന്നത് അവ എല്ലായ്‌പ്പോഴും നമ്മുടെ യുക്തിചിന്തകള്‍ക്കു യോജിക്കുന്നതുകൊണ്ടല്ല. മറിച്ച്, മനുഷ്യനെയും പ്രകൃതിയെയും സൃഷ്ടിച്ച ദൈവമാണ് മനുഷ്യാവസ്ഥകളുടെ എല്ലാ യാഥാര്‍ഥ്യങ്ങളും അറിയുന്നവനെന്നതുകൊണ്ടാണ്. 3.സാര്‍വ ലൗകികതയും സാര്‍വകാലികതയും ഇസ്‌ലാം എന്നത് ‘മത’മെന്ന സാധാരണ പ്രയോഗത്തിന്റെ വൃത്തത്തിനു പുറത്തുനില്‍ക്കുന്നതാണ്. സമൂഹശാസ്ത്ര പ്രകാരം രാഷ്ട്രീയ സംവിധാനം പോലെ അല്ലെങ്കില്‍ സാമ്പത്തിക സംവിധാനം പോലെയുള്ള മറ്റൊരു സംവിധാനമാണ് മതം. എന്നാല്‍ ഇസ്‌ലാം എന്നത,് രാഷ്ട്രീയത്തെയും, സാമ്പത്തികത്തെയും, സാംസ്‌കാരികതയെയും, എന്നല്ല, മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാറ്റിനെകുറിച്ചുമുള്ള സമ്പൂര്‍ണ ജീവിത ക്രമമാണ്. ഇസ്‌ലാം സാധാരണ അര്‍ഥത്തിലുള്ള മതമല്ല എന്നതിന്റെ വിവക്ഷ, നിശ്ചിത വിശ്വാസ സംഹിതകളാലും ആചാരാനുഷ്ഠാനങ്ങളാലും നിര്‍വഹിക്കപ്പെടുന്നതല്ല , മറിച്ച് ജീവിത്തിലൂടെ പുലര്‍ത്തപ്പെടേണ്ടതാണ് ഇസ്‌ലാം എന്നതാണ്. പ്രവാചകര്‍ മുഹമ്മദ് നബി (സ)യിലൂടെയാണ് ഇസ്‌ലാം ഈ അര്‍ഥത്തില്‍ സമ്പൂര്‍ണ ജീവിത വ്യവസ്ഥയായി പൂര്‍ത്തീകരിക്കപ്പെട്ടത്. ലോകാവസാനം വരെയുള്ള സാമൂഹിക പ്രതിഭാസങ്ങളെ ഉള്‍കൊള്ളാന്‍ മാത്രം വിശാലമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ജീവിത ദര്‍ശനങ്ങള്‍. ഏകത്വത്തിലുന്നിയ പ്രാപഞ്ചിക വീക്ഷണവും ധാര്‍മികതയിലും ആത്മികതയിലുമൂന്നിയ സാമൂഹിക വീക്ഷണവുമാണ് ഈ ദര്‍ശനങ്ങളെ സര്‍വകാല പ്രസക്തമാക്കുന്നത്. അഥവാ, ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വളര്‍ച്ചയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏതൊരു സാമൂഹിക പ്രതിഭാസത്തെയും വളരെ കൃത്യമായ കാഴ്ചപ്പാടുകളോടെ നോക്കികാണാനും മനുഷ്യനിലനില്‍പ്പിനെയും ദൈവിക താത്പര്യങ്ങളെയും മുന്‍നിര്‍ത്തി വ്യക്തമായ നിലപാടുകളെടുക്കുവാനും ക്രിയാത്മകമായ ഏതൊരു മുസ്‌ലിം സമൂഹത്തിനും സാധിക്കും. 4. മാറ്റങ്ങളും മാറ്റമില്ലായ്മയും ഏതു സമൂഹത്തെയും പോലെ മുസ്‌ലിം സമൂഹങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇസ്‌ലാമിന്റെ ആദ്യകാലത്തു തന്നെ രൂപംകൊണ്ട വിജ്ഞാന ശാഖകള്‍ മാറിയ സാമൂഹിക പരിസ്ഥിതികളോടുള്ള പ്രതികരണമായിരുന്നു. ശാസ്ത്രവും സാങ്കേതിക വിദ്യകളും സാധ്യമാക്കുന്ന ഭൗതിക സൗകര്യങ്ങളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് മുസ്‌ലിം സമൂഹവും അന്യമായിരുന്നില്ല. എന്നാല്‍, മുസ്‌ലിം സമൂഹത്തെ ഇതര സമൂഹങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത് മാറ്റങ്ങളുടെ സ്വഭാവത്തെയും ഗതിയെയും സംബന്ധിച്ച് ഇസ്‌ലാമിന്റെ വ്യക്തമായ കാഴ്ചപ്പാടുകളാണ്്. ഏത് മാറ്റങ്ങളും നാം മുകളില്‍ പറഞ്ഞ മനുഷ്യ സൃഷ്ടിപ്പിന്റെ താത്പര്യങ്ങള്‍ക്കും പ്രാപഞ്ചിക വീക്ഷണങ്ങള്‍ക്കും എതിര് നില്‍ക്കുന്ന രീതിയിലായിരിക്കരുതെന്നാണ് ആ കാഴ്ചപ്പാടുകളുടെ അടിസ്ഥാനം. മാത്രവുമല്ല, മാറ്റങ്ങള്‍ അനിവാര്യമാവുന്ന ഘട്ടങ്ങളിലൊക്കെയും പണ്ഡിതന്മാര്‍ തജ്ദീദീ (നവോത്ഥാനം) പ്രവര്‍ത്തനങ്ങളിലൂടെ അവക്കു നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, മാറ്റങ്ങളോടു പ്രതികരിക്കുന്നതില്‍ പാരമ്പര്യ പണ്ഡിത വിഭാഗം എല്ലായ്‌പോഴും വളരെ ബോധപൂര്‍വവും ഇസ്‌ലാമിക മൂല്യസംഹിതകളുടെ സംരക്ഷണാത്മക വുമായ ഒരു കാഴ്ചപ്പാടാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്. ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യകളുടെയും അതിവേഗത്തിലുള്ള വളര്‍ച്ചയുടെ ഫലമായി സംഭവിച്ച മാറ്റങ്ങളോട് പ്രതികരിക്കുന്നതിലും അവര്‍ സ്വീകരിച്ച ഇത്തരം നിലപാടുകളാണ് ആധുനികതയുടെ വക്താക്കളായി വന്നവര്‍ പിന്നീട് യാഥാസ്ഥികത്വവും പിന്തിരിപ്പന്‍ നയവുമായി വിമര്‍ശിച്ചതെന്നത് ഇവിടെ പ്രസ്താവ്യമാണ്. മാറ്റങ്ങളോടുള്ള ഇസ്‌ലാമിക കാഴ്ചപ്പാട് ആധുനിക സമൂഹശാസ്ത്ര നിരീക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നതും ഇവിടെ പരിഗണനീയമാണ്. സമകാലിക സമൂഹശാസ്ത്രത്തിന്റെ കാഴ്ചപ്പാടുകളില്‍ ഏറെ ശ്രദ്ധേയമായൊന്ന്, സ്വാഭാവികമായി നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക പരിണാമ പ്രക്രിയകളുടെ ഭാഗമായാണ് സാമൂഹിക മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ്. ഇതനുസരിച്ച്, മനുഷ്യസമൂഹം മതാത്മക ജീവിതരീതികളില്‍ (theological) നിന്ന് യുക്ത്യാധിഷ്ഠിത (positive/sceintific) ജീവിത വ്യവഹാര ക്രമങ്ങളിലേക്ക് പ്രകൃത്യാ മാറികൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഏതൊരു സാമൂഹിക മാറ്റവും സംഭവിക്കുന്നത്. അഥവാ മതരഹിത ജീവിത വ്യവസ്ഥയാണ് മനുഷ്യ പുരോഗതിയുടെ പരമമായ ഘട്ടമെന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിവരെ സമൂഹശാസ്ത്രജ്ഞര്‍ സിദ്ധാന്തിക്കുകയുണ്ടായി. എന്നാല്‍, സാമ്പത്തിക സംവിധാനങ്ങളാണ് സാമൂഹിക ഘടനയുടെ ആധാരശിലയെന്നു സിദ്ധാന്തിച്ച മാര്‍ക്‌സിന്റെ കാഴ്ചപ്പാടില്‍ ഉത്പാദന ശൈലികളില്‍ വരുന്ന മാറ്റങ്ങളാണ് സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. ഇതനുസരിച്ച് നിലവിലുള്ള സാമൂഹിക സംവിധാനങ്ങളൊക്കെയും മുതലാളി വിഭാഗത്തിന്റെ താത്പര്യ ങ്ങള്‍ സംരക്ഷിക്കുന്നതില്‍ കവിഞ്ഞ് യാതൊരു ദൗത്യവും നിര്‍വഹിക്കുന്നില്ല. അതിനാല്‍ പുതിയ ഒരു സാമൂഹിക വ്യവസ്ഥ സൃഷ്ടിച്ച് അതിലൂടെ വ്യക്തികളുടെ മോചനവും ഗുണപരമായ സാമൂഹിക മാറ്റങ്ങളും സാധ്യമാക്കാമെന്ന് മാക്‌സിയന്‍ സിദ്ധാന്തക്കാര്‍ ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇസ്‌ലാമിക ദൃഷ്ട്യാ മുകളില്‍ പറഞ്ഞ രണ്ടു സിദ്ധാന്തങ്ങളും വാസ്തവ വിരുദ്ധവും നിഷേധാത്മകവുമായ കാഴ്ചപ്പാടുകളാണ്. മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ കാലമെത്ര പുരോഗമിച്ചാലും മാറുന്നില്ല എന്ന വസ്തുതയ്ക്ക് അടിവരയിടുന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. അഥവാ, ശാസ്ത്രവും സാങ്കേതിക വിദ്യയും എത്ര പുരോഗമിച്ചാലും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ക്കും, വൈകാരികവും ജൈവികവുമായ മറ്റു ആവശ്യങ്ങള്‍ക്കും കാര്യമായ മാറ്റങ്ങള്‍ വരുന്നില്ല എന്നതിനാല്‍ അവയുമായി ബന്ധപ്പെട്ട നിയമസംഹിതകള്‍ക്കും മാറ്റങ്ങള്‍ ആവശ്യമായി വരുന്നില്ല. മതം, യുക്തിചിന്തകള്‍ക്ക് തടസ്സം നിന്നിരുന്ന പാശ്ചാത്യന്‍ സാമൂഹിക പശ്ചാതലത്തില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ നോക്കികാണുന്നതു കൊണ്ടാണ് ശാസ്ത്രം വരുന്നതിനു മുമ്പുള്ള മനുഷ്യന്റെ വളര്‍ച്ചാഘട്ടമായി മതത്തെ പരിഗണിക്കാന്‍ പാശ്ചാത്യന്‍ സമൂഹശാസ്ത്രഞ്ജര്‍ക്ക് സാധിക്കുന്നത്. ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ശാസ്ത്രം മതവിശ്വാസങ്ങളെ കൂടുതല്‍ പ്രകാശിപ്പിക്കുന്നതും ദൈവികപ്രകാശനങ്ങളെ കൂടുതല്‍ ജ്വലിപ്പിക്കുന്നതുമാകുന്നുവെന്ന് നാം മുമ്പ് വിശദമാക്കുകയുണ്ടായി. സമ്പത്തിനെ സാമൂഹിക വ്യവസ്ഥയുടെ അടിസ്ഥാനമായി കാണുന്ന കാഴ്ചപ്പാടിനെയും ഇസ്‌ലാം നിരാകരിക്കുന്നു. ധാര്‍മികമൂല്യ സംഹിതകളാണ് ഇതര സാമൂഹിക സ്ഥാപനങ്ങളുടെ സ്വഭാവം നിര്‍ണയിക്കുന്നതെന്ന വീക്ഷണത്തോടാണ് ഇസ്‌ലാം കൂടുതല്‍ അടുത്തു നില്‍ക്കുന്നത്. അതിനാല്‍ തന്നെ, സാമൂഹിക വ്യവസ്ഥയുണ്ടാക്കി വ്യക്തികളെ നന്നാക്കിയെടുക്കുകയെന്ന സിദ്ധാന്തത്തിനു പകരം വ്യക്തികളെ സല്‍ഗുണ സമ്പന്നരാക്കി നല്ല സാമൂഹിക വ്യവസ്ഥ സ്ഥാപിക്കുകയെന്നതാണ് ഇസ്‌ലാമിന്റെ ശൈലി. ആളുകളെ മതമൂല്യങ്ങളിലേക്ക് ക്ഷണിച്ച് അവരെ ധര്‍മനിഷ്ഠരായവിശ്വാസികളാക്കി മാറ്റിയതോടെ സ്വാഭാവികമായി വളര്‍ന്നുവന്ന സംവിധാനങ്ങളായിരുന്നു ഇസ്‌ലാമിക ഭരണവ്യവസ്ഥയും സാമ്പത്തിക വ്യവസ്ഥയും. അല്ലാതെ ആദ്യം ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിച്ച് പിന്നീട് ആളുകളുടെ നിര്‍ബന്ധപൂര്‍വം മതാശയങ്ങളിലേക്കു ക്ഷണിക്കുകയായിരുന്നില്ല പ്രവാചകരും അവരുടെ അനുചരന്മാരുമെന്ന് ചരിത്രമറിയുന്ന ഏതൊരാളും അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്. കേരളം പോലെയുള്ള ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥയില്ലാതിരുന്ന പല മുസ്‌ലിം സമൂഹങ്ങള്‍ക്കും ഇസ്‌ലാമികമായി ജീവിക്കാന്‍ ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ ആവശ്യവും ഇല്ലാതിരുന്നതും ഈ വസ്തുതയെ വിശദീകരിക്കുന്നു. മൂന്ന്: വ്യക്തി, കുടുംബം, സമൂഹം വ്യക്തികള്‍ കേന്ദ്രീകരിച്ചാണ് ഇസ്‌ലാമിക സാമൂഹിക സംവിധാനങ്ങള്‍ നിലകൊള്ളുന്നത്. അതിനാല്‍, ഓരോ വ്യക്തിയെയും തന്റെ സാമൂഹിക വ്യവഹാരങ്ങളില്‍/ദൈനംദിന ജീവിത വൃത്തികളില്‍ ഉത്തരവാദിത്ത ബോധമുള്ളവനാക്കുക എന്നതിനാണ് ഇസ്‌ലാം ഊന്നല്‍ നല്‍കുന്നത്. ‘തന്റെ ഓരോപ്രവൃത്തിയെ കുറിച്ചും, സാമ്പത്തിക ക്രയവിക്രയങ്ങളെ കുറിച്ചും, സമയത്തെക്കുറിച്ചുമൊക്കെ ചോദ്യം ചെയ്യപ്പെടുന്നവനാകുന്നു മനുഷ്യന്‍’, ‘ഓരോ വ്യക്തിക്കും മറ്റു ചിലവ്യക്തികളുടെ മേല്‍ ചില ബാധ്യതകളും ഉത്തരവാദിത്തങ്ങളുമുണ്ടെന്നും അവയെ കുറിച്ചു അവന്‍ വിചാരണചെയ്യപ്പടും’, തുടങ്ങിയ അധ്യാപനങ്ങളിലൂടെ വ്യക്തി ബന്ധങ്ങളിലും സാമൂഹിക ഇടപാടുകളിലും വളരെ കണിശത പുലര്‍ത്താന്‍ ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നുണ്ട്. വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ യാതൊരു തരത്തിലുള്ള ഉച്ചനീചത്വങ്ങളും ഇസ്‌ലാം അനുവദിക്കുന്നില്ല. ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങള്‍ സാധ്യമാവുമെങ്കില്‍ അത് ദൈവവുമായുള്ള ബന്ധത്തിന്റെ പേരിലാണ്, അഥവാ, ഏറ്റവും കൂടുതല്‍ ഭയഭക്തിയുള്ളയാള്‍ക്ക്/ഇസ്‌ലാമിക വിഭാവനകളെ പാലിക്കുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നവന് സമൂഹത്തില്‍ സ്ഥാനം കല്‍പിക്കപ്പെടുന്നു. വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളുടെ തരംതിരിവില്‍ ഇസ്‌ലാം കാണുന്ന മറ്റൊരു പ്രധാന പരിഗണന സ്ത്രീ-പുരുഷ ലിംഗ ഭേദമാണ്. അഥവാ സ്ത്രീയെയും പുരുഷനെയും സംബന്ധിച്ച് സമകാലിക പാശ്ചാത്യന്‍ സാമൂഹിക വീക്ഷണങ്ങളില്‍ വളരെ വ്യത്യസ്തവും വ്യക്തവുമായ കാഴ്ചപ്പാടാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. ‘ആധുനികത’ യുടെ പേരില്‍ ഇസ്‌ലാം ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്ന വിഷയമെന്ന നിലക്കും സമകാലിക മുസ്‌ലിംകുടുംബ വ്യവസ്ഥയെ കാര്യമായി ബാധിച്ചുകൊണ്ടി കൊണ്ടിരിക്കുന്ന വിഷയമെന്ന നിലക്കും ഇസ്‌ലാമിലെ സ്ത്രീ-പുരുഷ ബന്ധത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഇവ്വിഷയകമായി ആദ്യമേ ഉണര്‍ത്താനുള്ള സംഗതി, ആധുനിക പാശ്ചാത്യ ചിന്തകള്‍ മുന്നോട്ടു വെക്കുന്ന സമത്വ സങ്കല്‍പങ്ങളില്‍ നിന്നല്ല ഇസ്‌ലാം പുരുഷനെയും സ്ത്രീയെയും നോക്കിക്കാണുന്നത് എന്ന വസ്തുതയാണ്. ലൈഫ് പാര്‍ട്ണര്‍ എന്ന പാശ്ചാത്യ സങ്കല്‍പത്തിനു പകരം ‘സൗജ്’ (ഇണ) എന്ന സങ്കല്‍പമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. സ്ത്രീയെയും പുരുഷനെയും അല്ലാഹു സൃഷ്ടിച്ചത് ഇണകളായിട്ടാണ് എന്ന ഖുര്‍ആന്‍ (36:36; 78:8) പ്രസ്താവത്തില്‍ നിന്ന് ഇക്കാര്യം ബോധ്യമാവും. അഥവാ, ഇസ്‌ലാമിക ദൃഷ്ട്യാ, സ്ത്രീയുടെയും പുരുഷന്റെയും സാമൂഹിക ഭാഗദേയം പാരസ്പര്യത്തിന്റെതാണ്, മാത്സര്യത്തിന്റേതല്ല. ഇസ്‌ലാമിന്റെ അടിസ്ഥാന അനുഷ്ഠാന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലോ സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്വങ്ങളിലോ സ്ത്രീയും പുരുഷനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല(അല്‍-അഹ്‌സാബ് 35; അന്നഹ്ല്‍: 97 അന്നിസാഅ്: 124). എന്നാല്‍ ഭൗതിക പരിഗണനകളാല്‍, അഥവാ, ജൈവികവും മനഃശാസ്ത്രപരവുമായ പൗരുഷത്തിന്റെയും സ്‌ത്രൈണതയുടെയും മുഴുവന്‍ ശക്തികളും ഉപയോഗപ്പെടുത്തപ്പെടാവുന്ന രീതിയിലായിരിക്കണം സാമൂഹിക ഉത്തരവാദിത്തങ്ങള്‍ വിഭജിക്കപ്പെടേണ്ടതെന്നും ഇസ്‌ലാം അനുശാസിക്കുന്നു. പുരുഷന്‍ കുടുംബത്തിന്റെ സുരക്ഷിതത്വവും സാമ്പത്തികാവശ്യങ്ങളും നിറവേറ്റുമ്പോള്‍ സ്ത്രീ കുടുംബത്തിന്റെ അഭ്യന്തരകാര്യങ്ങളും കുട്ടികളുടെ സംരക്ഷണവും പരിപാലനവും നടത്തേണ്ടവളാണ്. ഇവിടെ പുരുഷന്റെ ഉത്തരവാദിത്തങ്ങള്‍ സ്ത്രീകളുടേതിനേക്കാള്‍ ഉയര്‍ന്നതോ അല്ലെങ്കില്‍ സ്ത്രീകളുടെ സാമൂഹിക ബാധ്യതകള്‍ പുരുഷന്മാരുടേതിനേക്കാള്‍ തരം താഴ്ന്നതോ ആയി കാണാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. മറിച്ച് ഒന്ന് മറ്റൊന്നിന്റെ പരിപൂര്‍ത്തീകരണമാവുന്നു. പുരുഷന്മാര്‍ വഹിക്കുന്ന സാമൂഹിക സ്ഥാനങ്ങളും നിര്‍ഹിക്കുന്ന ഉത്തരവാദിത്തങ്ങളും സ്ത്രീകളും ഏറ്റെടുക്കണമെന്ന വാദം, മുസ്‌ലിം പക്ഷത്തു നിന്നു നോക്കുമ്പോള്‍, രണ്ട് തരത്തില്‍ വിലയിരുത്താനാവും. ഒന്ന്, സ്ത്രീകളുടെ സഹജമായ സ്വഭാവഗുണങ്ങള്‍ പുരുഷന്റേതിനേക്കാള്‍ താഴ്ന്നതാണ്. രണ്ട്, സമ്പത്തും അധികാരവും സാമൂഹിക വ്യക്തിജീവിതത്തിന്റെ പരമമായ ലക്ഷ്യങ്ങളായി കാണുന്ന മുതലാളിത്ത വ്യവസ്ഥയില്‍ സാമൂഹിക ഭദ്രതയല്ല പ്രധാനം; മറിച്ച്, വ്യക്തിയുടെ സ്വാര്‍ഥതാത്പര്യങ്ങളാണ്. ഇവ രണ്ടും ഇസ്ലാമിക വിഭാവനകള്‍ക്ക് എതിരാണ്. സമാധാനപൂര്‍ണവും സൗഹാര്‍ദപരവുമായ സാമൂഹിക നിലനില്‍പിനാണ് വൈയക്തികമായ താത്പര്യങ്ങളേക്കാള്‍ മുന്‍ഗണന നല്‍കപ്പെടേണ്ടതെന്നും സമ്പത്തും അധികാരവും സാമൂഹിക ഉത്തരവാദിത്തങ്ങളാണെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മാത്രവുമല്ല, സ്ത്രീകളെയും പുരുഷന്മാരെയും ഇണകളായി സൃഷ്ടിച്ചത് പരസ്പരം സമാധാനവും ശാന്തിയും കൊള്ളാന്‍ വേണ്ടികൂടിയാണെന്ന് ഇസ്‌ലാം വിഭാവനം ചെയ്യുന്നു (വഖലക മിന്‍കും അസ്‌വാജന്‍ ലിതസ്‌കുനു ഇലയ്ഹാ) (അര്‍-റും; 21; അല്‍-അഅ്‌റാഫ്: 189). ശാന്തിയും സമാധാനവുമുള്ള ഇടം (മസ്‌കന്‍) എന്നാണ് ഇസ്‌ലാമിലെ വീടിന്റെ സങ്കല്‍പവും; ഭാര്യയും ഭര്‍ത്താവും നിയന്ത്രിക്കുന്ന ഉത്പാദന സംരഭമല്ല, മറിച്ച്, മനുഷ്യകുലത്തിന്റെ നിലനില്‍പിനാവശ്യമായ പ്രത്യുത്പാദന വ്യവസ്ഥയാണ്. പ്രത്യുത്പാദനമാണ് സമൂഹത്തെ നിലനിര്‍ത്തുന്നതെന്നിനാല്‍ പ്രസ്തുത പ്രക്രിയ പൂര്‍ണമായും സംസ്‌കരിക്കപ്പെട്ടതും വ്യവസ്ഥാപിതവുമായിരിക്കണമെന്ന് ഇസ്‌ലാമിന് നിഷ്‌കര്‍ശയുണ്ട്. അഥവാ, സാമൂഹികാവസ്ഥയുടെ ഏറ്റവും അടിസ്ഥാനപരമായ സംവിധാനമാണ് കുടുംബമെന്നതിനാല്‍ സുഭദ്രമായ കുടുംബ നിര്‍മിതിക്ക് ഊന്നല്‍ നല്‍കുന്ന രീതിയിലാണ് സ്ത്രീ-പുരുഷ ബന്ധങ്ങള്‍ ഇസ്‌ലാം നിയന്ത്രിച്ചിരിക്കുന്നത്. വസ്ത്രധാരണത്തിലായാലും മറ്റു സാമൂഹിക ഇടപെടലുകളിലായാലും ഇത്തരം നിയന്ത്രണങ്ങള്‍ ജീവശാസ്ത്രപരവും (biological) മനഃശാസ്ത്രപരവുമായ (psychological) പരിഗണനകള്‍വെച്ചാണ് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാനാവും. ചുരുക്കത്തില്‍, സ്ത്രീയെയും പുരുഷനെയും മതബാധ്യതകളില്‍ തുല്യരായി കണ്ടും സാമൂഹിക ബാധ്യതകളില്‍ വ്യത്യസ്തരായി കണ്ടുകൊണ്ടുമുള്ള തൊഴില്‍ വിഭജനത്തിന്റെ രൂപവും കൂടിയാണ് കുടുംബമെന്നും കുടുംബത്തിന്റെ ഏറ്റവും പ്രധാനമായ ഉത്തരവാദിത്തം സന്താനപരിപാലനമാണെന്നും വരുന്നു. അഥവാ, ധാര്‍മികതയും മാനവിക മൂല്യങ്ങളും വരും തലമുറയില്‍ വളര്‍ത്താനുതകുന്ന സാമൂഹിക പരിസ്ഥിതി (social environment) നല്‍കുന്നതായിരിക്കണം കുടുംബമെന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, സ്ത്രീയും പുരുഷനും സാമൂഹിക പദവികള്‍ക്കും സാമ്പത്തിക മേന്മക്കും പരസ്പരം മത്സരിക്കുകയും, ലൈംഗിക സ്വാതന്ത്ര്യവും നിയമാനുസൃതമല്ലാത്ത സന്താനങ്ങളും സമൂഹത്തിന്റെ അടിസ്ഥാനമാവുകയും സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം, കാമം, വികാരം, ഉള്‍പ്രേരണ, തുടങ്ങിയവക്കിധിഷ്ഠിതമായി മനസ്സിലാക്കപ്പെടുകയും, സ്ത്രീയുടെ റോള്‍ ശൃംഗാരവും, ലൈംഗികവശീകരണവുമായി ചൂഷണംചെയ്യുപ്പെടുകയും സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി റിസപ്ഷണിസ്റ്റ്, എയര്‍ഹോസ്റ്റസ്സ് തുടങ്ങിയ തൊഴിലുകളാണ് സന്താനപരിപാലനങ്ങളേക്കാള്‍ ഉന്നതമെന്ന് തെറ്റുധരിക്കുകയും, ഭൗതികമായ ഉത്പാദനമാണ് മാനവരാശിക്ക് ധാര്‍മികമായ പരിശീലനം നല്‍കുന്നതിനേക്കാള്‍ പ്രധാനമെന്നും മനസ്ലിലാക്കപ്പെടുന്ന സാമുഹിക മാറ്റങ്ങള്‍ ഇസ്‌ലാമിക ദൃഷ്ട്യാ വിനാശകരവും പരാങ്മുഖവുമായ/പുരോഗമനപരമല്ലാത്തതുമാണ്. നാല്: കേരള മുസ്‌ലിംകള്‍ മുകളില്‍ വിവരിച്ച ഇസ്‌ലാമിക സാമൂഹിക ക്രമങ്ങള്‍ കേരളമുസ്‌ലിംകള്‍ എങ്ങനെയാണ് ഏറ്റെടുത്തതെന്നും, അവയില്‍ എന്തല്ലാം മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പരിശോധിക്കാം. 1. ഇസ്‌ലാം ദൈനംദിന ജീവിതത്തില്‍ കേരളമുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തെ കുറിച്ച് പഠനം നടത്തിയിട്ടുളള പണ്ഡിതന്മാര്‍ അധികവും അടിവരയിടുന്ന ഒരു വസ്തുതയാണ്, അവരുടെ മതാഭിമുഖ്യം. ഉദാഹരണത്തിന്, 1970 കള്‍ മുതല്‍ മാപ്പിള മുസ്‌ലിംകളെ കുറിച്ചു ലഭ്യമായ എല്ലാ സ്രോതസ്സുകളും വെച്ച് വളരെ ആഴത്തില്‍ പഠനം നടത്തിയ റോളന്റ് മില്ലര്‍ പറയുന്നത് ശ്രദ്ധിക്കുക. “മതപരമായ സമര്‍പ്പണത്തിന്റെ തീവ്രതയാണ് മാപ്പിള മുസ്‌ലിംകളുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഇസ്‌ലാമികമായ ഈ സമര്‍പ്പണം യൂറോപ്യന്‍ അധിനിവേശം വരെ ഒരിക്കലും അതിരു വിട്ടു കടന്നിട്ടില്ല. ജനനം മുതല്‍ മരണം വരെ ഓരോ ജീവിത ഘട്ടങ്ങളും ഇസ്‌ലാമികമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു.” അഥവാ, ഇസ്‌ലാമിനെ വിശ്വാസാചാരങ്ങളുടെ ഒരു സാകല്യമായിട്ടായിരുന്നില്ല, മറിച്ച് ഒരു ജീവിതരീതിയായാണ് കേരള മുസ്‌ലിംകള്‍ ഏറ്റെടുത്തിരുന്നത്. വ്യക്തി, കുടുംബം, സമൂഹം തൂടങ്ങിയവയെകുറിച്ചുള്ള ഇസ്‌ലാമിക വിഭാവനകളും മനുഷ്യന്‍, പ്രകൃതി, ദൈവം തുടങ്ങിയവയെ കുറിച്ചുള്ള പ്രാപഞ്ചിക വീക്ഷണങ്ങളും ലഭ്യമായ തോതില്‍ സ്വീകരിക്കുകയും അവ ജീവിതത്തിലൂടെ പ്രകാശിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ചരിത്രകാരന്മാരും സാമൂഹ്യശാസ്ത്രജ്ഞരും വ്യക്തമാക്കിയിട്ടുണ്ട്. 2. ഇസ്‌ലാമികാവിഷ്‌കാരങ്ങള്‍ കേരളമുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തിന്റെ മറ്റൊരു സവിശേഷതയായി ഗവേഷകര്‍ കാണുന്നത് അവരുടെ സാംസ്‌കാരികാവിഷ്‌കാരങ്ങളാണ്. കോല്‍ക്കളി, ഒപ്പന, അറബന, ദഫ്മുട്ട്, ബൈത് പാട്ട്, കളരിപ്പയറ്റ് തൂടങ്ങിയ കലാരൂപങ്ങളും, മാലപ്പാട്ട്, ഖിസ്സപ്പാട്ട്, പടപ്പാട്ട്, കത്തുപാട്ട് തുടങ്ങിയ സംഗീത ശൈലികളിലുടെയും മാപ്പിള മുസ്‌ലിംകള്‍ അവരുടെ സാമൂഹിക ജീവിതത്തിന്റെ ഓരോ സന്ദര്‍ഭങ്ങളും കലാപരമായി ആവിഷ്‌കരിച്ചുകൊണ്ടിരുന്നു. പ്രാദേശിക കലാരൂപങ്ങളില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ സന്നിവേശിപ്പിച്ചാണ് ഇത്തരം ആവിഷ്‌കാരങ്ങള്‍ നടത്തപ്പെട്ടിരുന്നത്. 3. സൂഫിസത്തിന്റെയും കര്‍മശാസ്ത്രത്തിന്റെയും പങ്ക് പല ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വിഭിന്നമായി ശരീഅത്തിന്റെയും ഥരീഖതിന്റെയും സന്തുലിതമായ അവസ്ഥയായിരുന്നു കേരള ഇസ്‌ലാമിന്റേത്. ഇവിടെ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ തന്നെയായിരുന്നു സൂഫിസത്തിന്റെയും പ്രചാരകര്‍ എന്നതിനാല്‍, കര്‍മശാസ്ത്ര നിയമങ്ങളെ മറികടക്കുന്ന രീതിയിലൊരു സൂഫി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter