നബിദിനവും മത ഭിന്നശേഷിക്കാരുടെ അക്ഷരപൂജയും

നബിദിനാഘോഷങ്ങളിൽ നിന്നും ഇസ്ലാമിനെ സംരംക്ഷിക്കാനെന്ന ജൽപ്പനത്തിൽ പായസം കോളാമ്പിയിൽ വിളമ്പിയ പോലെ അസ്ഥാന പ്രകാശിതമായ ഉദ്ധരണികളുമായി വരുന്ന 'വൈജ്ഞാനിക ഭിന്നശേഷിക്കാരോട് ' ഏത് വികാരമാണ് വെച്ച് പുലർത്തേണ്ടത് എന്നതിൽ ഒരു നിശ്ചയവും കിട്ടുന്നില്ല.

പ്രവാചകൻ സുലൈമാന് അ പക്ഷികളുടെ ഭാഷ വഴങ്ങുമായിരുന്നു. ഒരിക്കൽ മരക്കൊമ്പിലിരുന്ന ഇണക്കുരുവികളുടെ സല്ലാപക്കുറുകൽ അദ്ദേഹം കേട്ടു . " നിനക്ക് വേണ്ടി ഈ ലോകത്തെ ഏതും എന്തും ഞാൻ കൊണ്ടുവന്നുതരും " എന്നായിരുന്നുവത്രെ ആങ്കിളി പെങ്കിളിയോട് പറഞ്ഞത്. പ്രവാചകൻ കാമുകക്കിളിയോടാരാഞ്ഞു , "അത്രയൊക്കെ നടക്കുമോ നിനക്ക് " . നീരസം തോന്നിയ പക്ഷി തിരിച്ചടിച്ചു, "പ്രണയഭാഷയുടെ അർത്ഥങ്ങൾ അന്വേശിക്കുന്നത് വിണ്ഡിത്തമാണ് " പ്രണയത്തിന്റെ രസതന്ത്രത്തെ പ്രാമാണീകരിക്കുന്നത് തന്നെ ഒരർത്ഥത്തിൽ അസംബന്ധമാണ്.

പ്രവാചകനോട് വിശ്വാസി പുലർത്തേണ്ട മനോഗതി അവന്റെ ജീവചേതസ് അവിടത്തേക്ക് ദണ്ഡം ചെയ്തു കൊണ്ടുള്ള അവാച്യമായ ആത്മലയനമാണ്. അതിന് അറ്റങ്ങളോ അതിരുകളോ ആഴങ്ങളോ ഉയരങ്ങളോ തിട്ടപ്പെടുത്താനാവില്ല. പാത്രത്തിന്റെ വലിപ്പം പോലെ നിറയുന്ന ഒരു നിർവൃതിയുണ്ട് അവിടെ . സത്യത്തിലും പറക്കുകയാണോ നീന്തുകയാണോ എന്നറിയാത്ത സ്നിഗ്ദസരിത്തായി അവന് അലിയാൻ കഴിയും അവിടെ. ആ ദിവ്യോന്മത്തമായ അനുരണനങ്ങളെയും അതുൽപ്പാദിപ്പിക്കുന്ന ഉൾഫുല്ലരികളെയും കുറിച്ച് പ്രണയം ,പ്രേമം , മുത്ത് എന്നൊക്കെയുള്ള വൈകാരിക വാക്കുകൾ അപൂർണ്ണമോ അനീതിയോ ആണ്. ഭാവത്തെ പകർത്താൻ ഭാഷ തോൽക്കുമ്പോൾ സ്ഖലിക്കുന്ന ദൗർബല്യങ്ങളാണ് അത്തരം പദങ്ങൾ . നബി എന്ന വികാരം ആകാശങ്ങളും കടലുകളുമായി എന്നും തുളളിയോ തരുവോ മാത്രം ഉൾക്കൊള്ളാനാവുന്ന മറ്റുള്ളവരെ തോൽപ്പിച്ച് കൊണ്ടേയിരിക്കുന്നു.

മതത്തെ അക്ഷര പൂജയിൽ ഒതുക്കി വിശ്വാസത്തിന്റെ സൗന്ദര്യത്തെ ആയതും ഹദീസുമോതി വ്യഭിചരിക്കുന്ന വൈജ്ഞാനിക ഭിന്നശേഷിക്കാർക്ക് ഈ പറയുന്ന ഭാഷ മനസ്സിലാവില്ല. നാല് വയസുള്ള പയ്യനോട് രതിമൂർഛയുടെ സുഖാനുഭൂതി വിശദീകരിച്ച് കൊടുത്തിട്ടെന്ത് കിട്ടാനാണ് പ്രയോജനം ?

ആ വികലാംഗന്മാരുടെ വിശ്വാസത്തിൽ കവിതകൾക്ക് ശ്വാസംമുട്ടും, കാൽപ്പനിക കൗമുദി എന്താണെന്നറിയില്ല. ബൈത്തോത്തും ബെയ്ച്ചോറും എങ്ങനെയാണ് അദൃശ്യ ബന്ധങ്ങളെ ഭദ്രമാക്കുന്നത് എന്നറിയില്ല.

നബിദിനാഘോഷം നെയ്ച്ചോറും ഇറച്ചിയും കടിച്ചിറക്കാനാണ് എന്ന് മനസിലാക്കി പോത്തിസ്ലാമിൽ നിന്നും നബിയെ സംരംക്ഷിക്കാൻ വരുന്നവരോട് ഒരു കഥകൂടി പറഞ്ഞുതരാം .

കള്ള് കുടിയന്മാരെ നന്നാക്കാൻ കൗൺസിലിംഗിനെത്തിയ വിദ്വാൻ രണ്ട് ഗ്ലാസ് പച്ചവെള്ളമെടുത്ത് മേശപ്പുറത്ത് വെച്ചു . ശേഷം രണ്ടിലും ഓരോ മണ്ണിരയെ ഇട്ടിട്ട് ഒന്നിൽ മാത്രം അവർ കുടിക്കുന്ന കള്ളൊഴിച്ചു . അൽപ്പസമയത്തിനകം കള്ള് കലർന്ന വെള്ളത്തിലെ മണ്ണിര ദ്രവിച്ചടിഞ്ഞുടഞ്ഞുപോയി. വലിയ ഒരു കാര്യം ബോധ്യപ്പെടുത്തിയതിന്റെ ചാരിതാർത്ഥ്യബോധത്തോടെ അയാൾ കുടിയന്മാരോട് ചോദിച്ചു. " ഇതിൽ നിന്നും എന്തു മനസിലായി നിങ്ങൾക്ക് " ?

സദസ് പറഞ്ഞു , "മദ്യപാനം ആരോഗ്യത്തിന് നല്ലതാണ്, വയറ്റിലെ വിരശല്യവും ക്രിമിക്കുത്തും മാറിക്കിട്ടും " . ഇവിടെ ചിലർ ലഹരിയിലാണ് , അജ്ഞതയുടെ ലഹരി . അതിന്റെ പേരിൽ അണ്ണാക്ക് മുട്ടേ അഹങ്കാരം കൂടി എന്ന് വന്നാൽ ദുരന്തം പൂർണ്ണമായി. വിജ്ഞാനം എന്നാൽ കുറേ ഇൻഫർമേഷൻ ഡാറ്റാസ് അല്ല. സമചിത്തതയോടെയും അവധാനതയോടെയും പ്രതിപക്ഷത്തെ കുറിച്ച് പഠിക്കാനിറങ്ങണം. വാക്കുകളെ കൊണ്ട് അളക്കാനാവാത്ത ദൂരങ്ങളെ വികാരങ്ങൾ കൊണ്ട് വായിക്കാനും വേണം പഠിക്കാൻ . ലോക രാഷ്ട്രങ്ങളിൽ മീലാദുന്നബി എല്ലായിടത്തും ഉണ്ട് , മുസ്ലിംകൾ ഉള്ള എല്ലായിടത്തും . സൗദിയും യുഎഇയുമൊക്കെ മീലാദ് പ്രാമാണികമാണെന്ന് പറഞ്ഞത് അവരുടെ കേരളത്തിലെ ഫാൻ അറിയില്ല. ഇബ്നു ബയ്യയുടെയും അലിജുമുഅയുടെയും ഹിശാം കബ്ബാനിയുടെയും മീലാദനുകൂല നിലപാടുകൾ മിഡിൽ ഈസ്റ്റിൽ നിർണ്ണായകമാണ്. ഇത്രയും ജനകോടികളെ ഇസ്ലാം മനസിലാക്കാത്ത പൊട്ടന്മാരാക്കാൻ ഫേസ്ബുക്കിൽ ഫത്വയിറക്കുന്ന അൽപ്പത്തം സാക്ഷാൽ മനോരോഗമാണ്.

കുറച്ച് കൂടെ പറഞ്ഞ് നിർത്താം . ഒരു വാട്സാപ്പ് വാഗ്വാദത്തിന്റെ ശിഷ്ടമാണ് ഈ കുറിപ്പ്. പ്രവാചകന്റെ ദേഹവിയോഗദിവസം എന്ത് കൊണ്ട് ആഘോഷിക്കുന്നു എന്നതാണ് പ്രധാനമായ അവരുടെ അമർശം .

" ആഘോഷം " എന്ന മലയാളപദം ഈ ചർച്ചയിൽ വില്ലനാവുന്നുണ്ട്. ഉത്സവത്തിന്റെ പര്യായമല്ല ആ പദം എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിൽ ആഘോഷങ്ങളായി രണ്ട് പെരുന്നാളുകൾ മാത്രമേയുള്ളൂ എന്ന തിട്ടൂരം ഭാഷാപരമായി ശരിയല്ല. മാത്രമല്ല , പെരുന്നാൾ പൂർണ്ണമായി ആഘോഷവുമല്ല. 
കാരണം ,
ആഘോഷം ഒരു സംസ്കൃത പദമാണ് . ആ + ഘോഷം എന്നാൽ ആൾക്കൂട്ടം ഉണ്ടാക്കുന്ന ശബ്ദം എന്നാണർത്ഥം .നബിദിനത്തിലെ കീർത്തന ഗാഥകളും കാവ്യങ്ങളുമാണ് ആ ആഘോഷം . അത്തരമൊരു ചടങ്ങ് നടത്താനാവശ്യമായ സാങ്കേതികവും സാമൂഹികവും കലാപരവുമായ അനുബന്ധങ്ങൾ പൂർണ്ണതയാണ് . പുണ്യം പൂർണ്ണമാവാൻ ആവശ്യമായ കാര്യവും പുണ്യമാണ്.

നബിയുടെ അനുചരർ ചെയ്യാത്ത കാര്യമാണ് മീലാദാഘോഷം എന്ന ആക്ഷേപത്തിന് മറുപടി പറയുന്നതിനേക്കാൾ നമുക്ക് നിലവാരമുണ്ട്. അത്തരം പ്രസ്താവനകളുമായി വരുന്നവരെ ശ്രവിച്ചു കൊടുക്കുന്നതിനേക്കാൾ ഭേദം റേഡിയോ മാംഗോ ഓണാക്കി ശ്രേയഘോഷിലിനൊപ്പം സമയം ചെലവിടലാണ്. അവിടെ ഒരു വൈരുധ്യം ഉണർത്താതെ വയ്യ. അനുചരർ ചെയ്യാത്തതാണ് മീലാദ് തെറ്റാവാൻ ന്യായം എന്ന് പറയുന്നവരോട് , റബീഉൽ അവ്വൽ പന്ത്രണ്ടിന് പ്രവാചക പുത്രിയും പൗത്രൻമാരും ചില അനുചരരും വിലാപം പൊഴിച്ച് സങ്കടപ്പെട്ടിട്ടുണ്ട്. അതിനെ അനുകരിച്ച് എന്ത് കൊണ്ട് അന്നേദിനം നബിസങ്കടദിനം / നബിചരമദിനം ആചരിക്കുന്നില്ല എന്ന് ചോദിച്ചാൽ അവർ ന്യായത്തിന് വേറെ പ്രതലം പരതും. സുന്നികൾ അന്ന് ജന്മദിമാണ് കഴിക്കുന്നത് എങ്കിൽ ( വിശദീകരിക്കാനുണ്ട് ) അസുന്നികൾ അന്ന് ചരമദിനം കഴിക്കണം ആ ന്യായമുഖം അനുസരിച്ച് .

സത്യത്തിൽ പ്രവാചകൻ കാലംചെയ്ത മഹാദിവസത്തിൽ ജന്മം മാത്രം ആഘോഷിക്കുന്നതിന്റെ സാംഗത്യത്തിൽ സംശയിക്കുന്ന കുറേ അക്കദമീഷ്യൽ മുസ്ലിംകളുണ്ട്. അവരോട് പറയട്ടെ, മീലാദാഘോഷം എന്നത് ഉപയോഗനിഷ്ഠമായ ഒരു സാങ്കേതിക പദമാണ്. ജനനം എന്നാണ് മൗലിദ് എന്നതിന്റെ വാക്കർത്ഥം. പക്ഷെ , ജനനം , പ്രവാചകത്വലബ്ദി , പലായനം , വിജയവരവ് , നിര്യാണം എന്നീ പ്രധാന പ്രവാചക ഘട്ടങ്ങളെയെല്ലാം വ്യാപരിച്ച് നിൽക്കുന്ന സാങ്കേതിക പദം തന്നെയാണ് മീലാദ്. അന്ന് നടക്കുന്ന അപദാന കീർത്തനങ്ങളിൽ ജനനത്തെക്കാൾ പ്രമേയമാവുന്നത് നബി ജീവിതവും സന്ദേശവും തന്നെയാണ്. നാടൻ അനുഭവങ്ങൾ ആലോചിച്ചു നോക്കൂ , മീലാദ് പ്രഭാഷകന്മാർ ജനനക്കഥകൾ ചിലപ്പോൾ പറയാറേയില്ല. വഫാത് സംഭവം വൈകാരികമായി പറയുകയും ചെയ്യും.

അറബി ഭാഷാ നിയമത്തിൽ تغليب ؛ تضمين ؛تشريب തുടങ്ങിയ നിയമങ്ങൾ ഉണ്ട്. ഒരു പദത്തെ വിവിധ വാക്കുകളുടെ സ്ഥാനത്ത് പറയുക, ഒരു പദത്തിനകത്ത് മറ്റു പദങ്ങളുടെ അർത്ഥങ്ങൾ സന്നിവേശിപ്പിക്കുക എന്നൊക്കെയാണ് ആ പറഞ്ഞത്. അതായത്, മീലാദ് എന്ന പദത്തിൽ ജനജീവനമൃതി വരെയുള്ള ആദ്യമധ്യാന്തം ഉൾപ്പെട്ടുവെന്ന് തന്നെ സാരം. എല്ലാറ്റിന്റെയും ആധാരം തിരുപ്പിറവിയായതിനാൽ പിറവിയെന്നതിന്റെ അറബി വാക്കായ മീലാദ് അതിജയിച്ചു എന്ന് മാത്രം. ഒരു ദിനം പ്രത്യേകം തെരെഞ്ഞെടുത്തത് വിഷയമല്ല , ഡിസംബർ പത്ത് മനുഷ്യാവകാശദിനം ആണ് എന്നതിനർത്ഥം ബാക്കി 364 ദിവസങ്ങളിൽ മനുഷ്യന് അവകാശങ്ങൾ ഇല്ല എന്നല്ലല്ലോ , എന്നും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന ജാഗ്രത ഉണർത്താൻ ഓർമ്മയുടെ രാഷ്ട്രീയമാണ് എതും പോലും ആ ദിനാചരണവും . നബി(കീർത്തന)ദിനത്തിനും ആ രാഷ്ട്രീയ മാനമാണുള്ളത്. എന്നും കീർത്തനങ്ങൾ നടക്കട്ടെ എന്ന് ഓർമ്മപ്പെടുത്തുന്ന ഒരു വാർഷിക ദിനം . അതിന് തെരെഞ്ഞെടുത്ത റബീഉൽ അവ്വൽ 12 ജനന ദിവസമാണ് , പ്രവാചകത്വലബ്ദിയുണ്ടായ ദിവസമാണ് , ഹിജ്റ പോയ ദിവസമാണ് , വിയോഗമുണ്ടായ ദിവസമാണ്. ഇപ്പോൾ മനസിലായില്ലേ സുന്നികൾ നടത്തുന്ന നബിദിനം നബി ജനിച്ച ദിവസം എന്ന അർത്ഥത്തിൽ നടത്തുന്ന ഉൽസവം അല്ല എന്ന്.

വഫാതായ നബിക്ക് ദിനം നൽകാത്തതിൽ വിഷണ്ണരായ ഭിന്നശേഷിക്കാർ അറിയണം , പ്രവാചകന്റെ നിര്യാണമേൽപ്പിച്ച ആഘാതം താൽക്കാലികമായിരുന്നു. അബൂബക്ർ (റ) ഖുർആൻ പാരായണം ചെയ്ത് പ്രവാചകനും നിര്യാണം പ്രാപിക്കും എന്ന് ബോധ്യപ്പെടുത്തിയ സംഭവമാണ് വിലാപക്കഥകളുടെ അവസാനം . ഇതേ അബൂബക്ർ (റ) വിടവാങ്ങൽ ഹജ്ജ് സമാപിക്കവേ ഖുർആനിറങ്ങിയപ്പോൾ നബി വിയോഗം മണത്തറിഞ്ഞ് കരഞ്ഞിരുന്നു. നിങ്ങൾക്കായി വിശുദ്ധപാനകേന്ദ്രമായ ഹൗളുൽ കൗസറിങ്കൽ കാത്തിരിക്കാൻ ഞാൻ നേരത്തെ പോകുന്നുവെന്ന് പറഞ്ഞാണ് നബി ജീവിക്കാൻ ലോകം മാറിയത്. എന്റെ ജീവിതവും നിര്യാണവും നിങ്ങൾക്ക് ഉത്തമമാണ് എന്ന വചനം മുഴങ്ങിയത് അതേ നാവിൽ നിന്നാണ്.

നിങ്ങളുടെ കർമ്മങ്ങൾ എനിക്ക് പ്രദർശിപ്പിക്കപ്പെടും ,നന്മയാണെങ്കിൽ ഞാൻ സ്തുതി പറയും. തിന്മയാണെങ്കിൽ നിങ്ങൾക്ക് വേണ്ടി മാപ്പിരക്കും എന്ന് പറഞ്ഞതും മറ്റാരുമല്ല. സ്വർഗത്തിലെ സമുന്നത സംഗമമായ അല്ലാഹുവിനെ ദർശിക്കൽ എന്നർത്ഥം വരുന്ന ' അൽറഫീഖൽ അഅലാ ' എന്ന് മൂന്ന് തവണ മൊഴിഞ്ഞാണ് നബി നിശബ്ദമായത്. "ഇവിടെയെന്നും പാർക്കലാണോ , അതോ അല്ലാഹുവിലേക്ക് മടങ്ങലാണോ അങ്ങേക്കിഷ്ടം ,അതനുസരിച്ച് പ്രവർത്തിക്കാനാണ് ഞങ്ങൾ കൽപ്പിക്കപ്പെട്ടത് " എന്ന് അവസാന സമയത്ത് മരണത്തിന്റെ മാലാഖയോടൊപ്പം വന്ന ജിബ്രീൽ (അ) നബിയെ അറിയിച്ചപ്പോൾ നബി നൽകിയ മറുപടിയാണത്. "എനിക്ക് ഇവിടെ പാർത്തത് മതി, അല്ലാഹുവിലേക്ക് വരികയാണ് ഞാൻ " എന്നാണ് ആ പറഞ്ഞത്. സ്വർഗം വരിച്ച് കൺമറഞ്ഞ നബിയെ അനുഭവത്തിൽ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരിൽ ചിലർ നിയന്ത്രണം വിട്ടത് മാനുഷിക സ്വാഭാവികം , യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് നിയന്ത്രണം വീണ്ടെടുത്തത് അതിനേക്കാൾ സ്വാഭാവികം . നബി സ്വർഗമണിഞ്ഞ സന്തോഷം കൂടിയാണ് നബിദിനാഘോഷം .

സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ ആലിഹി വ അസ്ഹാബിഹി വ സല്ലം 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter