ഐച്ഛിക ശുഭാപ്തി വിശ്വാസവും പലസ്തീന്‍ വിമോചനവും
വിവ: നിഹാല്‍ പന്തല്ലൂർ

ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ബഹുമാന്യനായ ഒരു പലസ്ഥീന്‍ അനുകൂല മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത് പലസ്തീന്‍ ചരിത്രത്തില്‍ എന്നെങ്കിലും ശുഭോര്‍ദക്കമായ മാറ്റങ്ങള്‍ വരികയാണെങ്കില്‍, അതിപ്പോള്‍ സംഭവിക്കില്ലെന്നും സമൂലമായ പരിവര്‍ത്തനം നടക്കുവാന്‍ ധാരാളം വര്‍ഷങ്ങള്‍ വേണ്ടിവരും എന്നായിരുന്നു. നിരുപദ്രവകരമെന്ന് തോന്നിച്ചെങ്കിലും ആ പ്രസ്താവന എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ഇത്തരം വരികള്‍ പല തവണ ഞാന്‍ കേട്ടതാണ്. പ്രഖ്യാതമായ പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നത്തെ കുറിച്ച് ഗവേഷണം നടത്തുകയും എഴുതുകയും ചെയ്യുന്ന പരിചയസമ്പന്നരായ ബുദ്ധിജീവികള്‍ പോലും നിരാശ മൂലമല്ലെങ്കിലും ദോഷൈകദൃഷ്ടി മൂലം പലപ്പോഴും അങ്ങിനെ പ്രസ്താവിക്കാറുണ്ട്. നിരന്തരമായ ഇസ്രയേല്‍ അധിനിവേശം, വെസ്റ്റ് ബാങ്കിലെ ആസൂത്രിത കൂട്ടിച്ചേര്‍ക്കല്‍, ഇസ്രയേലുമായി അറബ് ലോകം പുലര്‍ത്തുന്ന അപമാനകരമായ സാമാന്യവല്‍ക്കരണം, അന്തരാഷ്ട്ര സമൂഹത്തിന്റെ കര്‍ണകഠോരമായ നിശ്ശബ്ദത, ദേശദ്രേഹപരമായ പലസ്തീന്‍ നേതൃത്വത്തിന്റെ ഫലശൂന്യത തുടങ്ങി വിരസവും ഇന്ദ്രിയഗോചരവുമായ യാഥാര്‍ഥ്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുമ്പോള്‍ 'നൈരാശ്യഭരിതമായ സംവാദങ്ങ'ളുടെ വസ്തുത മനസ്സിലാക്കാം. എന്നാല്‍, ഈയൊരു യുക്തിയെ ശരിവെക്കുന്നത് ആത്മവിനാശകരമാണെന്ന് മാത്രമല്ല, അചരിത്രപരം കൂടിയാണ്. കാരണം, ചരിത്രത്തിലുടനീളം ഒരു രാഷ്ട്രത്തിന് സ്വാതന്ത്ര്യവും നീതിയും സാധ്യമാക്കിയ നേട്ടങ്ങളെല്ലാം യാഥാര്‍ഥ്യമായത്, ദുര്‍ഘടമായ പ്രതിബന്ധങ്ങള്‍ തരണം ചെയ്തു കൊണ്ടായിരുന്നു. വാസ്തവത്തില്‍, ഫ്രഞ്ച് മിലിട്ടറികളുടെയും സഖ്യകക്ഷികളുടെയും ശക്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ തുച്ഛമായ ആയുധബലമുണ്ടായിരുന്ന അള്‍ജീരിയന്‍ ജനത ഫ്രഞ്ച് കോളനിവല്‍ക്കരണം പ്രതിരോധിക്കാന്‍ പ്രാപ്തരാകുമെന്ന് ആരെങ്കിലും കരുതിയിരുന്നോ. വിയറ്റ്‌നാം മുതല്‍ ദക്ഷിണാഫ്രിക്ക വരെയും ഇന്ത്യ മുതല്‍ ക്യൂബ വരെയുമുള്ള ധാരാളം രാഷട്രങ്ങളുടെ ആധുനിക ചരിത്രാനുഭവങ്ങളിലും ഈ വസ്തുത സാധൂകരിക്കുന്നുണ്ട് പലസ്തീനും അതിനപവാദമല്ല.

എന്നിരുന്നാലും, 'നൈരാശഭരിത സംവാദം' പ്രകടമായി അനുഭവപ്പെടാവുന്നതു പോലെ നിര്‍ദോഷകരമായ ഒന്നല്ല. പലസ്തീന്‍ ജനതയുടെയോ -സമാനമായ മറ്റു ജനവിഭാഗങ്ങളുടെയോ- ചരിത്രത്തില്‍ അവരുടെ സ്വയംകര്‍തൃത്വം നിര്‍വഹിക്കുന്നതിനെ വിലമതിക്കാത്തതു മൂലമാണ് അതുണ്ടായത്. മാത്രമല്ല, പലസ്തീനികള്‍ ഒരു കഴിവുകെട്ട ജനതയാണെന്നാണ് അത് വിവക്ഷിക്കുന്നത്. രസകരമെന്നു പറയട്ടെ, പല രാജ്യങ്ങളും ഇക്കാലത്ത് ദേശീയവാദ ഐഡന്റിറ്റിയുമായി മല്ലിടുകയാണ്. എന്നാല്‍, കാലങ്ങള്‍ക്കു മുമ്പുതന്നെ പലസ്തീനികള്‍ ആധുനിക സാമൂഹിക അസ്തിത്വത്തിന്റെയും ദേശീയബോധത്തിന്റെയും ഉല്‍കൃഷ്ടാവബോധം വികസിപ്പിച്ചിരുന്നു.

സയണിസ്റ്റ് കുടിയേറ്റത്തെയും ബ്രിട്ടീഷ് സാമ്രാജ്യത്വവല്‍ക്കരണത്തെയും വെല്ലുവിളിക്കുന്ന സിവില്‍ നിസ്സഹകരണവും ജനകീയ സമരങ്ങളുമെല്ലാം 1936ലെ ആറുദിന സമരത്തിലൂടെ ഏകദേശം ഒരുനൂറ്റാണ്ടു മുമ്പുതന്നെ പലസ്തീനില്‍ ആവിഷ്‌ക്കരിക്കപ്പെട്ടിരുന്നു. അന്നുമുതല്‍, ദേശീയ ബോധത്തില്‍ നിന്നും ഊര്‍ജമുള്‍കൊണ്ട് അരങ്ങേറിയ ജനകീയ പ്രതിരോധങ്ങള്‍ പലസ്തീന്‍ ചരിത്രത്തില്‍ ഉല്ലേഖനം ചെയ്യപ്പെട്ടിണ്ട്. 1987ലെ ജനകീയ വിപ്ലവമായ ഇന്‍തിഫാദയുടെ പ്രത്യേകതയും അതുതന്നെയായിരുന്നു. വര്‍ധിതമായ ജാഗ്രതക്കിടയില്‍ പോലും പലസ്തീനികള്‍ക്ക് തങ്ങളുടെ ജന്മഭൂമി വിനിഷ്ടമായി എന്ന വസ്തുത, രാഷ്ട്രീയ ഭാവിയെ സ്വാധീനിക്കാനുള്ള പലസ്തീന്‍ ജനതയുടെ പ്രാപ്തിക്കുറവിനെയാണ് ദ്യോതിപ്പിക്കുന്നത്. എന്നാല്‍, പലസ്തീനികള്‍ പിന്നെയും പോരാടുകയും എല്ലാ സമരങ്ങളിലും ഇസ്രയേലും അമേരിക്കയുമടക്കമുള്ള കക്ഷികളോടെല്ലാം തങ്ങളുടെ നയങ്ങള്‍ പുനപരിശോധനക്കും പുനരാലോചനക്കും വിധേയമാക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. അത്തരമൊരു ഉദാഹരണമായിരുന്നു പ്രഥമ ഇന്‍തിഫാദ. 1987 ഡിസംബര്‍ എട്ടിന് ഗാസാ മുനമ്പിലെ ദരിദ്രവും ജനസാന്ദ്രവുമായ ജബലിയ്യ അഭയാര്‍ഥി കാമ്പിലെ തെരുവുകളിലേക്ക് ആയിരങ്ങള്‍ പ്രവഹിച്ചത് ഏറ്റവും അനുയോജ്യവും യുക്തവുമായ സന്ദര്‍ഭത്തിലും സ്ഥലത്തുമായിരുന്നു. പലസ്തീന്‍ തൊഴിലാളികള്‍ യാത്രചെയ്ത കാറുകളിലേക്ക് ഇസ്രയേലി ട്രക്ക് ഇടിച്ചുകയറ്റുകയും നാല് യുവാക്കള്‍ കൊല്ലപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പലസ്തീനിലെ മറ്റു പ്രദേശങ്ങള്‍ക്കെന്ന പോലെ ജബലിയ്യക്കും അതൊരു പ്രക്ഷോഭത്തിനുള്ള ഒരു കച്ചിത്തുരുമ്പായിരുന്നു. കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി അനുശോചിക്കുന്നവരുടെ സങ്കീര്‍ത്തനങ്ങളും അഭ്യര്‍ഥനകളുമായി ദിവസങ്ങള്‍ക്കകം തന്നെ ഗാസ ഒരു അചഞ്ചലവും വളര്‍ന്നുവരികയും ചെയ്യുന്ന ഒരു വിപ്ലവത്തിന്റെ വിളനിലയമായി മാറി.

ഗാസയിലെ പലസ്തീനികളുടെ ഭജനകള്‍ വെസ്റ്റ് ബാങ്കിലും അലയൊലി സൃഷ്ടിച്ചു. ഇസ്രയേലി പട്ടണങ്ങളില്‍ പോലും പലസ്തീനിലെന്ന പോലെ അത് പ്രതിധ്വനിച്ചു. അഭയാര്‍ഥി ക്യാമ്പുകളിലും വിവിധ രാഷ്ട്രങ്ങളിലും പ്രദേശങ്ങളിലുമായി വിഭജിക്കപ്പെടുകയും ഭീതിദമാംവിധം വികൃതമായി മാറുകയും ചെയ്തിരുന്ന പൂര്‍വികരുടെ അസ്തിത്വം വീണ്ടെടുക്കുവാന്‍ ആവശ്യപ്പെടുന്ന യുവാക്കളും വിദ്യാര്‍ഥികളും മുലമായിരുന്നു സമരങ്ങള്‍ക്ക് വന്‍സ്വീകാര്യത ലഭിച്ചത്. ഭാഷാപരമായി 'ഉയര്‍ത്തെഴുന്നേല്‍പ്പ്' എന്ന് അര്‍ഥമുള്ള ഇന്‍തിഫാദ, പലസ്തീനികള്‍ ജീവനോടെയുണ്ടെന്നും ഇസ്രയേലിന്റെ അധിനിവേഷ യജ്ഞങ്ങളെ തകിടം മറിക്കാന്‍ അവര്‍ പ്രാപ്തരാണെന്നുമുള്ള സന്ദേശമാണ് പ്രസരണം ചെയ്തത്.

ആത്മപ്രയോജനവാദികളും കലഹപ്രിയരുമായ പലസ്തീന്‍-അറബ് നേതൃത്വത്തിന്റെ പരാജയത്തെയും പ്രക്ഷോഭകര്‍ അഭിമുഖീകരിച്ചിരുന്നു. വാസ്തവത്തില്‍, 1991 ല്‍ പലസ്തീനും ഇസ്രയേലിനുമിടയില്‍ ചര്‍ച്ചകള്‍ അരങ്ങേറിയ മാഡ്രിഡ് സമ്മേളനം ഒരു ഇസ്രയേലി-അമേരിക്കന്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പായിരുന്നു. പലസ്തീന്‍ വിമോചന മുന്നണി(പി.എല്‍.ഒ)യെ പലസ്തീന്‍ ജനതയുടെ കാര്യസ്ഥരായി അംഗീകരിച്ചുകൊണ്ട് ഇന്‍തിഫാദക്ക് അറുതി വരുത്തുകയായിരുന്നു അതിന്റെ ലക്ഷ്യം. യാസിര്‍ അറഫാതും ഇസ്രയേലും ഒപ്പുവെച്ച 1993 ലെ ഓസ്ലോ ഉടമ്പടി ഇന്‍തിഫാദയുടെ നേട്ടങ്ങളെ കളഞ്ഞുകുളിക്കുകയും ആത്യന്തികമായി വഞ്ചനാത്മക രീതിയില്‍ രൂപം നല്‍കിയ പലസ്തീന്‍ അതോറിറ്റിയില്‍ ജനാധിപത്യ പ്രതിനിധാന സ്വഭാവമുള്ള പി.എല്‍.ഒയെ അധികാര സ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമാണ് ചെയ്തത്. പക്ഷേ, അതിനു ശേഷവും സ്വതസിദ്ധമായ മാര്‍ഗത്തിലൂടെ, തങ്ങളുടെ സമര കര്‍തൃത്വവും പ്രാധാന്യവും വീണ്ടെടുത്തുകൊണ്ട് പലസ്തീനികള്‍ തിരിച്ചുവന്നു. ഗാസയിലെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ അത്തരത്തിലുള്ള ഒരു ജനകീയ സമരമായിരുന്നു.

വിമോചന പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം, പലസ്തീനിന്റെ ഏറ്റവും വലിയ വെല്ലുവിളി ജന്മനാടിന്റെ വിമോചനത്തിനായി കണ്ണിചേരുന്നതില്‍ ജനങ്ങള്‍ വരുത്തുന്ന വീഴ്ചയല്ല, മറിച്ച് സാമ്രാജ്യത്വ വിരുദ്ധവും തന്ത്രപരവും സ്വയംകര്‍തൃത്വപരവുമായ വിമോചന മുന്നേറ്റം നടത്തുവാന്‍ ആവേശം പ്രകടിപ്പിക്കുകയെന്ന അപാരമായ സാമര്‍ഥ്യം വിലമതിക്കാത്ത ഒറ്റുകാരായ നേതൃത്തിന്റെ കഴിവുകേടാണ്. ദാര്‍ശനികരാഹിത്യത്തിന്റെ ഇത്തരം ചരിത്രങ്ങള്‍ക്ക് 1970 കളോളം പഴക്കമുണ്ട്. വാഷിങ്ടണിനോടും മറ്റു പാശ്ചാത്യന്‍ തലസ്ഥാനങ്ങളോടും രാഷ്ട്രീയപരമായി കൂട്ടുകൂടാന്‍ പാടുപെടുകയും അമേരിക്കയുടെ രാഷ്ട്രീയ അംഗീകാരം ഇല്ലാത്ത കാലത്തോളം പലസ്തീനികള്‍ അരികുവല്‍കൃതരും അപ്രസക്തരുമായിരിക്കുമെന്ന ബോധ്യം സംജാതമാക്കുകയും ചെയ്തത് പലസ്തീന്‍ നേതൃത്വമായിരുന്നു. പലസ്തീന്‍ നേതൃത്വത്തിന്റെ അക്കാലത്തെ കണക്കുകൂട്ടലുകള്‍ പില്‍ക്കാലത്ത് വിനാശകരമായി പരിണമിച്ചു. വാഷിങ്ടണിന്റെ പ്രതീക്ഷകള്‍ക്കും ഉത്തരവുകള്‍ക്കും ദശകങ്ങളോളം ഉപചാരം നടത്തിയ പലസ്തീന്‍ നേതൃത്വം, ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ 'നൂറ്റാണ്ടിന്റെ ഇടപാടോ'ടുകൂടെ തികച്ചും ഹസ്തശൂന്യരായി മാറി. പലസ്തീന്‍ ആക്ടീവിസ്റ്റുകളായ രണ്ട് യുവതികളുമായി സമീപകാലത്തൊരിക്കല്‍ ഞാന്‍ സംസാരിച്ചിരുന്നു. അവരിലൊരാള്‍ ഉപരോധ ബാധിതമായ ഗാസയില്‍ നിന്നും മറ്റൊരാള്‍ സിയാറ്റിലില്‍ നിന്നുമായിരുന്നു. ചില ബുദ്ധിജീവികളുടെ ദോഷൈകദൃഷ്ടി കലര്‍ന്ന വീക്ഷണമല്ല പലസ്തീനിലെ പുതുതലമുറയുടെ നിലപാടെന്നതിനും നിലവിലുള്ളതിനേക്കാള്‍ മികച്ച ഭാവി തലമുറയെ കുറിച്ചുള്ള പ്രതീക്ഷയില്‍ വളര്‍ന്നുവരുന്ന തലമുറയുടെ കൂട്ടായ ശ്രമങ്ങളെ തള്ളിക്കളയേണ്ടതില്ല എന്നതിനും ദീര്‍ഘദൃഷ്ടിയോടെയുള്ള അവരുടെ സംസാരം തന്നെ ഒരു തെളിവായിരുന്നു.

സിയാറ്റിലിലെ നിയമ വിദ്യാര്‍ഥിനി മാലക് ശലബി നൈരാശ്യത്തിനു പകരം കര്‍മം ചെയ്യേണ്ടതിന്റെ പ്രധാന്യമാണ് സംസാരിച്ചത്. ' ആഗോള തലത്തിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും പലസ്തീനികളുമെല്ലാം പലസ്തീന്‍ വിഷയയത്തിന് വേണ്ടി നിലകൊള്ളേണ്ടതുണ്ട്. ഇക്കാലത്ത് വിശേഷിച്ചും അത് വളരെ അത്യന്താപേക്ഷികമാണ്' അവര്‍ പറഞ്ഞു. 'കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടിയുള്ള പൗരാവകാശ സമരങ്ങളും നീതിയും തുല്യതയും പോലെ മറ്റുപല വിഷയങ്ങള്‍ക്കു വേണ്ടിയുള്ള പ്രതിഷേധങ്ങളുമായി അമേരിക്കയിലിപ്പോള്‍ സാമൂഹിക മുന്നേറ്റങ്ങളുടെ തരംഗം നിലനില്‍ക്കുന്നുണ്ട്. പലസ്തീന്‍ വംശജരെന്ന നിലയില്‍ പലസ്തീന്‍ വിഷയവും നാം മുഖ്യധാരയിലേക്ക് കൊണ്ടു വരേണ്ടത് വളരെ പ്രധാനമാണ്. ബ്ലാക്ക് ലൈവ്‌സ് മാറ്ററിന്റെ(ബി.എല്‍.എം)യും പലസ്തീനിന്റെയും ഇടയില്‍ ബന്ധം സാമൂഹിക സാമ്പത്തിക രാഷ്ട്രീയ തലങ്ങളില്‍ ആക്ടീവിസ്റ്റുകള്‍ ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്- അവള്‍ പറഞ്ഞു.

അതേസമയം, അവികസിതമായ ഗാസക്കുമേലുള്ള ദീര്‍ഘകാലത്തെ ഉപരോധം എടുത്തുമാറ്റുവാനും അവിടുത്തെ ഇസ്രയേലീ യുദ്ധക്കുറ്റങ്ങള്‍ തുറന്നുകാട്ടുവാനും ലോകത്തെമ്പാടുമുള്ള സമുദായങ്ങളെ പങ്കുചേര്‍ക്കാനും അക്ഷീണ യത്‌നം നടത്തുന്ന തന്റെ സംഘടനയായ സിക്സ്റ്റീന്‍ത് ഓക്ടോബര്‍ ഗ്രൂപ്പിനെ കുറിച്ചാണ് വഫാ ആലുദൈനി സംസാരിച്ചത്. 'ഇവിടെ നടക്കുന്ന സംഭവങ്ങളുടെ നിജസ്ഥിതി മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല എന്നതിനാല്‍ പലസ്തീനികളുടെ ശബ്ദം പുറംലോകത്തെത്തിക്കാന്‍ പലസ്തീനികളും വിദേശ അനുഭാവികളും തദ്വിഷയകമായി ഇടപെടേണ്ടത് വളരെ അത്യാവശ്യമാണ്' ഇത്തരം ശ്രമങ്ങള്‍ വിജയിക്കുവാന്‍ പലസ്തീനിലും ഡയസ്‌പോറയിലും താമസിക്കുന്ന ജനങ്ങളും ലോകത്തെല്ലായിടത്തുമുള്ള പലസ്തീന്‍ അനുകൂലമായ ഐക്യദാര്‍ഢ്യ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് നില്‍ക്കുവാനാണ് അവര്‍ ആവിശ്യപ്പെട്ടത്.

ലോകത്തെമ്പാടും നീതിക്കുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളിലും ബി.എല്‍.എം മൂവ്‌മെന്റിലും പലസ്തീനുള്ള ഐക്യദാര്‍ഢ്യം വളര്‍ന്നു വരുന്നതിനാല്‍ മാലകിന്റെയും വഫയുടെയും വാക്കുകള്‍ യാഥാര്‍ഥ്യമാവുകയാണ്. ജൂണ്‍ 28 ന് ബി.എല്‍.എമ്മിന്റെ യു.കെ ഘടകം ട്വീറ്റ് ചെയ്തത്, 'അഭിമാനപൂര്‍വം ഞങ്ങള്‍ പലസ്തീനികളോടൊപ്പം നിലയുറപ്പിക്കുന്നുവെന്നും വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഇസ്രയേലി ശ്രമങ്ങളെ എതിര്‍ക്കുന്നു' എന്നുമായിരുന്നു. ഒരല്‍പംകൂടി കടന്ന്, 'ഇസ്രയേലിന്റെ കുടിയേറ്റ-അധിനിവേശ കൃത്യങ്ങളെയും സയണിസത്തെയും വിമര്‍ശിക്കുവാനുള്ള അവകാശം ഹനിക്കുന്ന ബ്രിട്ടീഷ് രാഷ്ട്രീയത്തെയും അവര്‍ തുറന്നെതിര്‍ത്തു.

നിലവിലുള്ള തലമുറയുടെ സ്ഥാനത്ത് പുതുതലമുറ വന്നാല്‍ മാത്രമേ പലസ്തീനില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകൂ എന്ന വാദം ആവര്‍ത്തിക്കുന്നത്, ബലിയര്‍പ്പണങ്ങളിലൂടെയും സമരങ്ങളിലൂടെയും പലസ്തീന്‍ ജനഹൃദയങ്ങളില്‍ അനശ്വരരായി നിലകൊള്ളുന്ന പൂര്‍വികരോട്, ചിലപ്പോള്‍ അവിചാരിതമായി പോലും, കാണിക്കുന്ന മര്യാദക്കേടായിരിക്കും. പലസ്തീന്‍ വിമോചനത്തിന് മുമ്പില്‍ പ്രതിസന്ധികള്‍ ധാരാളമുണ്ടെങ്കിലും, അവാച്യമായ കഠോരതകളിലൂടെയും ദീര്‍ഘമായ ഉപരോധങ്ങളിലൂടെയും അനവധി യുദ്ധങ്ങളിലൂടെയും അതിജീവിച്ചുപോന്ന ഒരു രാഷ്ട്രത്തെ മുഴുവന്‍ താഴ്ത്തിക്കെട്ടുന്നതിനുള്ള ന്യായമായി അത് മാറുന്നില്ല. മാത്രമല്ല, നിലവിലുള്ള തലമുറയുടെ ബോധ്യധാരകളുടെ പരിണാമം മാത്രമായിരിക്കും വരും തലമുറയും. അതുകൊണ്ട്് രണ്ട് തലമുറകളെയും പരസ്പരം വിച്ഛേദിക്കുവാനോ വേറിട്ട് വിശകലനം ചെയ്യുവാനോ സാധ്യമല്ല.

തന്റെ 'ജയില്‍ നോട്ടുകളി'ലൊന്നില്‍ ഫാഷിസ്റ്റ് വിരുദ്ധ ബുദ്ധിജീവികളായ അന്റോണിയോ ഗ്രാംഷി 'ബൗദ്ധികതയുടെ ദോഷൈകദൃഷ്ടി, ഐച്ഛിക ശുഭാപ്തിവിശാസം' എന്നീ പ്രയോഗങ്ങള്‍ നടത്തുന്നുണ്ട്. ഒരു അവസ്ഥയെ യുക്തിപൂര്‍ണമായി വിശകലനം ചെയ്യുന്നത് നമ്മെ ബൗദ്ധിക നിരാശയിലേക്ക് നയിച്ചേക്കാം. എന്നാല്‍, സാമൂഹിക രാഷ്ട്രീയ വിപ്ലവങ്ങള്‍ക്കും പരിവര്‍ത്തനങ്ങളും സാധ്യമാക്കാനുള്ള പ്രാപ്തി, പ്രതിസന്ധികളില്‍ ഉടക്കാതെ സമരം മുന്നോട്ടു നയിക്കുവാന്‍ നമ്മെയെല്ലാവരെയും ഉത്തേജിപ്പിക്കുക തന്നെ ചെയ്യുമെന്നതില്‍ സംശയമില്ല.

(അന്താരാഷ്ട്ര പ്രശസ്തനായ മാധ്യമ പ്രവര്‍ത്തകനും 'ദ പലസ്തീന്‍ ക്രോണിക്കിളി'ന്റെ എഡിറ്ററുമാണ് റംസി ബാറൂദ്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter