ഹര്‍ത്താല്‍ വേണ്ട; സര്‍ഗാത്മക പ്രതിഷേധം മതി
ഹർത്താലുകൾ സമരരൂപമാണെന്നതും പ്രതിഷേധ രീതിയാണെന്നതും പൂർണ്ണമായും ശരിയാണ്.
ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചക്കെതിരെ ഹർത്താൽ മൂർച്ചയുള്ള സമരായുധമായിരുന്നുവെന്നതും എല്ലാവർക്കും അറിയാവുന്നതാണ്.
ഹർത്താലുകൾ ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നത്കൊണ്ടാണ് ജനങ്ങളിതിനെ നെഞ്ചേറ്റിയത്.
നിശ്ചയിച്ചുറപ്പിച്ച കൃത്യമായ ലക്ഷ്യത്തെ നേടാനാവുമെന്ന ഉറച്ച ബോധ്യം ജനങ്ങൾക്കുള്ളത് കൊണ്ടാണ് പൊതുജനങ്ങളിതിനെ ശിരസ്സാ വഹിക്കുന്നത്.
ജനദ്രോഹ വിഷയങ്ങളിൽ പൊതുജനം ശക്തമായി
പ്രതികരിക്കേണ്ടതുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ഹർത്താലുകൾ വിജയിപ്പിക്കാൻ പൊതുസമൂഹം മുന്നിട്ടിറങ്ങാറുള്ളത് .
രാജ്യത്തെയും രാജ്യവാസികളെയും ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റെല്ലാ വഴികളുമടയുമ്പോഴാണ് ഹർത്താലുകൾക്ക് ആഹ്വാനം ചെയ്യാറുണ്ടായിരുന്നത്.
ഹർത്താൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് ദീർഘമായി ചിന്തിച്ചും കാലേക്കൂട്ടി അറിയിപ്പ് നൽകിയുമാണ് ഹർത്താൽ വിളംബരം പ്രഖ്യാപനം നടത്താറുണ്ടായിരുന്നത്.
അവശ്യ സർവീസുകൾക്ക് ആവശ്യമായ പരിഗണന നൽകിയും അത്യാവശ്യകാര്യങ്ങൾ സുഗമമായി ചെയ്യാൻ സൗകര്യപ്പെടുത്തിയുമാണ് ഹർത്താൽ നടക്കാറുണ്ടായിരുന്നത്.
പൊതുജനങ്ങൾ മനസ്സറിഞ്ഞ്, ഇരുകരങ്ങളുംനീട്ടി ഹർത്താലിനെ സ്വീകരിച്ചിരുന്നത് അത് ജനോപകാരപ്രദമായത് കൊണ്ട് മാത്രമാണ് .
എന്നാൽ ഇന്നത്തെ ഹർത്താലുകളുടെ അവസ്ഥയെന്താണ് ?
ജനങ്ങളുടെ പ്രശ്നങ്ങൾ നേരെ കണ്ണടക്കുകയാണ്. രാഷ്ട്രീയ സ്വാർത്ഥലാഭത്തിന്നായി ഉപയോഗപ്പെടുത്തുകയാണ്. എന്തിനാണ് ഹർത്താലിനാഹ്വാനം ചെയ്തതെന്ന് ആഹ്വാനം ചെയ്തവർക്ക് തന്നെ അറിയാത്ത അവസ്ഥയാണിന്നത്തേത്.
ഈ വർഷം നടത്തിയ 97 ഹർത്താലിൽ നിന്ന് ജനങ്ങൾക്ക് എന്താണ് ലഭിച്ചത് ?
ഏത് ജനകീയ പ്രശ്നമാണ് പരിഹരിക്കപ്പെട്ടത്. ?
രാജ്യത്തിനും രാജ്യവാസികൾക്കും എന്ത് ഉപകാരമാണ് ലഭിച്ചത് ?
ഹർത്താൽ തലേന്ന് ബിവറേജസ് ഔട്ട്ലറ്റുകളിൽ തിരക്ക് കൂടി യെന്നതല്ലാതെ എന്ത് നേട്ടമാണുണ്ടായത് ?
സമ്പദ് വ്യവസ്ഥക്ക് 200 കോടി നഷ്ടമുണ്ടായെന്നതല്ലാതെ എന്ത് ലാഭമാണുണ്ടായത് ?
ജനജീവിതവും പൊതു പ്രവർത്തനവും നിശ്ചലമായെന്നതല്ലാതെ എന്ത് ഉദ്ദിഷ്ട കാര്യമാണ് സാധിച്ചെടുത്തത് ?
പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും, തകർക്കുകയും ചെയ്തുവെന്നതല്ലാതെ എന്താണ് പൊതുജനങ്ങൾക്ക് കിട്ടിയത് ?
സമരമാർഗ്ഗങ്ങളിൽ ഏറ്റവും അവസാനമായി അനിവാര്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട സമരമുറയെ അനാവശ്യ കാര്യങ്ങൾക്കായി വലിച്ചിഴതിനാൽ എന്ത് ഫലമാണ് സിദ്ധിച്ചതെന്ന ചോദ്യം കേൾക്കാതിരിക്കാൻ ആർക്കാണ് സാധിക്കുക.
സമരം ചെയ്യാനും പ്രതികരിക്കാനും സ്വാതന്ത്ര്യമുള്ളത് പോലെ സഞ്ചരിക്കാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്രൃം ജനങ്ങൾക്കില്ലേ ?
ബലം പ്രയോഗിച്ച് ഹർത്താലിൽ പങ്കാളികളാക്കുന്നത് ഫാഷിസം തന്നെയാണ് .
നിർബന്ധിച്ച് സഞ്ചാരസ്വാതന്ത്രൃം തടയുന്നതും കടകൾ അടപ്പിക്കുന്നതും മനുഷ്യാവകാശ ലംഘനം തന്നെയാണ്.
സർഗ്ഗാത്മക സമര രീതികൾ നേരത്തെ ഉണർന്ന് വരണമായിരുന്നു..
ക്രിയാത്മക പ്രതിഷേധ രീതികൾ മുമ്പേ ഉയർന്ന് വരേണ്ടതായിരുന്നു.
ആ ബോധത്തിൽ നിന്നാണ് ഹർത്താൽ വിരുദ്ധമുന്നണികൾ ഉയർന്ന് വരുന്നത്.
വ്യാപാരികളും വ്യവസായികളും ഗതാഗത മേഖലയിലുള്ളവരും ധീരവും ഉചിതവുമായ തീരുമാനമാണെടുത്തിട്ടുള്ളത്.
ബലം പ്രയോഗിച്ച് പ്രവർത്തനം മുടക്കിയാൽ അതിനെ നിയമം വഴി നേരിടുന്നെത് രാജ്യപുരോഗതിക്കുതകുന്ന തീരുമാനം തന്നെയാണ്.
കേരളത്തിൽ ഇനിയൊരു ഹർത്താൽ വേണ്ടെന്ന
ഉറച്ച നിലപാടിൽ ഉറച്ച് നിൽക്കാം.
അനാവശ്യ ഹർത്താലുകൾ നിർത്തണമെന്ന് നമുക്ക് ഉറക്കെ വിളിച്ച് പറയാം.
ഹർത്താലിനോട് നമുക്ക് "ഹർത്താൽ " പറയാം.
ഹർ (മുഴുവൻ) താൽ (പൂട്ട്)
ഹർത്താലിനെ മുഴുവനായി പൂട്ടിടാം.
Leave A Comment