ഇസ്‌ലാമിക നവോത്ഥാനം: പക്ഷവായനകള്‍ നിര്‍ത്താന്‍ സമയമായി

NAV

 

ഏതൊരു സമൂഹത്തിന്റെയും ആദര്‍ശപരമായ അതിജീവനമാണ് അതിന്റെ സാമൂഹികവും സാംസ്‌കാരികവും നാഗരികവുമായ വികാസങ്ങളുടെ അടിത്തറ. വിശേഷിച്ച് ഇസ്്‌ലാമിക സമൂഹം ഒരു ആദര്‍ശ സമൂഹം എന്ന നിലയ്ക്കാണ് അപര സാംസ്‌കാരികതകളെയും ആന്തരിക അവാന്തര ദര്‍ശനങ്ങളെയും അതിജയിച്ച് ചരിത്രപരമായ പ്രയാണം സാധ്യമാക്കിയത്. ഇതര ദര്‍ശനങ്ങളും സംസ്‌കൃതികളും അസാമാന്യ ശോഭയോടെ ഇസ്്‌ലാമിനെതിരേ പ്രതിപ്രവര്‍ത്തനം നിര്‍വഹിച്ച ആധുനികതയുടേത് പോലുള്ള ഘട്ടങ്ങളില്‍ പോലും ഇസ്‌ലാമിന്റെ ആദര്‍ശപരമായ പ്രതിരോധ ശേഷിയെ അഥവാ അതിന്റെ അസ്തിത്വത്തെ പൂര്‍ണമായി നിര്‍വീര്യമാക്കുവാന്‍ പ്രതിയോഗികള്‍ അശക്തരായിരുന്നു എന്നത് ചരിത്രപരമായ വസ്തുതയാണ്.

ആന്തരികമായ സംവാദങ്ങളിലെ വ്യതിചലന സ്വഭാവത്തിലുള്ള പ്രതിലോമ ആശയരൂപങ്ങളോടും സാംസ്‌കാരിക ധാരകളോടും ബാഹ്യമായ സൈദ്ധാന്തിക അതിക്രമങ്ങളോടും മൗലികതയില്‍ ഊന്നി നിന്നുകൊണ്ട് പ്രതികരിക്കാന്‍ ഉമ്മത്തിന് സാധിക്കുന്നത് മൂലമാണ് ഉത്തമവ്യക്തിത്വത്തിലൂടെ കാല ദേശ വര്‍ഗ വംശ വൈജാത്യങ്ങള്‍ക്കതീതമായി ഇസ്‌ലാം ചരിത്രത്തില്‍ സവിശേഷമായി നിലകൊള്ളുന്നത്.

തലമുറകളിലൂടെ ഇടമുറിയാതെ നിലനിന്ന വിജ്ഞാന വിനിമയവും അത് സാധ്യമാക്കിയ വൈജ്ഞാനിക അടിത്തറയുമാണ് ഇസ്്‌ലാമിന്റെ മൗലികാശയങ്ങളെ കൈയേറ്റങ്ങളില്‍ നിന്നും പുകമറകളില്‍ നിന്നും വിമോചിപ്പിച്ച് കളങ്കരഹിതമായ ശുദ്ധ ദീനിനെ കാലാതിവര്‍ത്തിയാക്കി നിലനിര്‍ത്തിയത്. സത്യത്തെ നിലനിര്‍ത്തുന്ന ഒരു ചെറു സംഘം അന്ത്യനാള്‍ വരെ ഈ സമുദായത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കും എന്ന പ്രവാചക വചനം ഈ യാഥാര്‍ഥ്യത്തെയാണ് പ്രതിപാദിക്കുന്നത്.

ഇസ്്‌ലാമിക ജനതയുടെ ജീവിതാവിഷ്‌കാരങ്ങളില്‍ ഇസ്്‌ലാമിക പ്രതിഫലനങ്ങളെ സാധ്യമാക്കുകയെന്നത് സുപ്രധാനമാണെങ്കിലും അതിനേക്കാള്‍ പ്രമുഖ പ്രാധാന്യം അര്‍ഹിക്കുന്നത് ശുദ്ധ ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രപരമായ അതിജീവനവും നിലനില്‍പ്പും തന്നെയാണ്. ഒന്നാമത്തേത് എടുപ്പും സൗധവുമാണെങ്കില്‍ മറ്റേത് അടിത്തറയാണ്. അഥവാ ആദ്യത്തേത് ഫലവും രണ്ടാമത്തേത് വേരുമാണ്. ആധ്യാത്മിക ഉണര്‍വുകളും തത്ഫലമായുണ്ടാകുന്ന കര്‍തൃത്വപരമായ ജാഗ്രതയും പ്രത്യയശാസ്ത്ര (ശരീഅത്ത്) അടിത്തറയുടെ അഭാവത്തില്‍ ഫലശൂന്യമാണ് എന്നതാണ് അതിന് കാരണം.

അടിത്തറയുടെ ഭദ്രതയെ പ്രതിരോധിച്ച് ഇസ്്‌ലാമിന്റെ മൗലിക മൂല്യങ്ങളുടെ സംരക്ഷണം സാധ്യമാക്കിയത് പണ്ഡിതന്മാര്‍ ആണെന്നത് ചരിത്ര വിശകലനത്തില്‍ നിന്ന് നമുക്ക് തിരിച്ചറിയുന്ന ഒരു വസ്തുതയാണ്. പണ്ഡിതരോട് ഈമാനികാവേശം അറ്റുപോകാത്ത വൈജ്ഞാനിക ഉപാസനയും വിജ്ഞാന വിതരണത്തിലെ സൂക്ഷ്മതയും തലനാരിഴകീറിയുളള അപഗ്രഥനവും തന്മൂലമുളള ധര്‍മ്മാധര്‍മ്മ വിവേചനവുമാണ് ഈ അടിത്തറയെ രൂപപ്പെടുത്തിയത്.

ഇത്തരം വൈജ്ഞാനിക ഉദ്യമങ്ങളില്‍ ഉദാസീനത പ്രകടമാവുകയോ വ്യതിയാനങ്ങള്‍ ദൃശ്യമാവുകയോ ചെയ്തിട്ടുള്ള ചരിത്ര സന്ധികളിലാണ് നവോത്ഥാന നായകന്മാര്‍ (മുജദ്ദിദുകള്‍) മേല്‍ചൊന്ന ദൗത്യത്തെ പ്രബലപ്പെടുത്തുവാന്‍ പിറവികൊണ്ടത്. ഇന്നും ഇത്തരത്തിലുള്ള തജ്ദീദിന്റെ നിര്‍വഹണങ്ങളെയും മുജദ്ദിദുകളെയും സൂക്ഷ്മ നിരീക്ഷണത്തില്‍ കാണുവാന്‍ സാധിക്കുന്നതാണ്.

പണ്ഡിതന്മാരുടെ പ്രത്യയശാസ്ത്ര ഇടപെടലുകള്‍ക്ക് സമാന്തരമായി വേറിട്ട സൂഫീ മാര്‍ഗം രൂപപ്പെടുത്തി പണ്ഡിതന്മാരെ നിരാകരിച്ചുകൊണ്ട് സാമാന്യവിശ്വാസികളെ അഭിസംബോധന ചെയ്യുന്ന സമ്പ്രദായം മുസ്‌ലിം മുഖ്യധാരയ്ക്കന്യമായ നൂതന പ്രവണതയാണെന്ന് നിരീക്ഷിക്കുവാന്‍ സാധിക്കുന്നതാണ്. പ്രത്യയശാസ്ത്രധാരയോട് സമാന്തരമായി വികാസം പ്രാപിക്കുന്ന ഏത് ആധ്യാത്മിക ഇടപെടലുകളും നിരാകരിക്കപ്പെടേണ്ടതാണെന്ന പൊതുബോധമാണ് പ്രാബല്യത്തോടെ എക്കാലത്തും ഇസ്‌ലാമിക സമൂഹത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. കാലികമായി രൂപപ്പെട്ടുവരുന്ന ലൗകികമോ അലൗകികമോ ആയ ആവിഷ്‌കാരങ്ങളെ മൂല്യനിര്‍ണയം ചെയ്ത് ഇസ്‌ലാമിനോടുള്ള അവയുടെ താദാത്മ്യത്തെ പരിശോധന നടത്തുന്ന ആധികാരിക സ്രോതസും ഉമ്മത്തിന്റെ അവലംബവുമാണ് പണ്ഡിതന്മാര്‍ എന്നതാണ് സമുദായത്തിന്റെ സാമ്പ്രദായിക ബോധം.

ആ ബോധം കീഴ്‌മേല്‍ മറിയുമ്പോഴാണ് കാലികമായ പ്രചോദനങ്ങളെയും അഭിനിവേശങ്ങളെയും മാത്രം അടിസ്ഥാനപ്പെടുത്തി സമൂഹത്തില്‍ രൂപപ്പെട്ട് വരുന്ന നവീന പ്രവണതകളും ദീനിനെ പുനര്‍നിര്‍വചിക്കുന്ന തരത്തില്‍ വികാസം പ്രാപിക്കുന്ന സ്ഥാപനവല്‍ക്കൃത സംവിധാനങ്ങളും സമുദായ ബോധത്തെ ഗ്രസിക്കുന്നത്. പ്രത്യയശാസ്ത്രപരമായ വസ്തുനിഷ്ഠ നിഗമനങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും കാലികമായ കൗതുകങ്ങളെ അനുധാവനം ചെയ്യുകയും ചെയ്യുന്ന ഒരു സമൂഹമായിരിക്കും അതിന്റെ ഉപോല്‍പ്പന്നം. വ്യാജ ആത്മീയ അഭയകേന്ദ്രങ്ങള്‍ക്ക് മേച്ചില്‍പ്പുറങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും അത്തരമൊരു സാഹചര്യത്തിലാണ്. മനുഷ്യ കര്‍ത്തവ്യങ്ങളുടെ സ്ഥാനക്രമങ്ങളെ അടയാളപ്പെടുത്തിയും ഇസ്്‌ലാമിനഭിമുഖമായി ചരിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന സൈദ്ധാന്തിക ശില്‍പങ്ങളെയും ആശയരൂപങ്ങളെയും പ്രവണതകളെയും അതിഗഹനമായ ധൈഷണിക പാടവത്തോടെയും ജ്ഞാന വൈപുല്യത്തോടെയും നിശിതമായി നിരൂപണം ചെയ്ത് കൊണ്ടും എല്ലാ അന്ധകാരങ്ങളെയും ഭേദിച്ച് ഇസ്്‌ലാമിന്റെ ഋജു ധാരയെ പ്രകാശിപ്പിച്ച് നിര്‍ത്തിയാണ് എക്കാലത്തും ഉലമാ സമൂഹം ദൗത്യം നിര്‍വഹിച്ചത്.

സമൂഹത്തിന്റെ ബാഹ്യവും ആന്തരികവുമായ വ്യവഹാരങ്ങളെ ഇസ്്‌ലാമിന്റെ പ്രത്യയശാസ്ത്ര താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ചിട്ടപ്പെടുത്താനുള്ള വൈജ്ഞാനികാടിത്തറ ഓരോ തലമുറയിലും സജീവമാക്കി നിലനിര്‍ത്തി എല്ലാ നിലക്കുമുള്ള ദീനിന്റെ ബലക്ഷയങ്ങളെയും പണ്ഡിതര്‍ കര്‍ത്തവ്യ ബോധത്തോടെ അഭിമുഖീകരിച്ചിട്ടുണ്ട്. പൂര്‍വ സമുദായങ്ങളില്‍സംഭവിച്ചതിന്ന് സമാനമായി അജ്ഞത സമൂഹത്തെ സമൂലം ബാധിക്കുന്ന ഒരു സ്ഥിതിവിശേഷം ഈ ഉമ്മത്തില്‍ സംഭവിക്കാതിരിക്കുന്നത് പണ്ഡിതന്മാരുടെ ജാഗ്രത നിമിത്തമാണ്.

വൈയക്തികവും സാമൂഹികവുമായ ജാഗരണത്തിന്റെ നിദാനമായ ജ്ഞാനപ്രസരണം ആധുനികമായ ജ്ഞാനവിനിമയ രീതിശാസ്ത്രങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും അകത്ത് വീര്‍പ്പുമുട്ടി മുരടിച്ചു പോവുന്ന സ്ഥിതിവിശേഷത്തെ തിരിച്ചറിഞ്ഞ് വിജ്ഞാന വിനിമയ ക്രമങ്ങളെ പുനഃക്രമീകരിച്ച് ദീനീ വിജ്ഞാനത്തെ വിപുലപ്പെടുത്തുകയും ബലപ്പെടുത്തുകയും ചെയ്യുക എന്നതാണ് കാലം അനിവാര്യമാക്കുന്ന സമുദ്ധാരണ പ്രവര്‍ത്തനം. സവിശേഷമായ ഗുരു ശിഷ്യ ബന്ധത്തിന്റെ തുടര്‍ച്ചകളെ സാമാന്യവല്‍ക്കരിച്ച് സാമൂഹിക ജാഗരണത്തിന്റെ നിദാനമായി അതിനെ അവതരിപ്പിക്കുന്നത് അപകടകരമായ സാഹചര്യങ്ങളിലേക്ക് മതബോധത്തെ എത്തിക്കാനേ വഴിവക്കുകയുള്ളൂ എന്ന് ഓര്‍ക്കാന്‍ നമുക്ക് സാധിക്കണം. വിവേചന രഹിതമായി ആത്മീയ അഭയകേന്ദ്രങ്ങള്‍ തേടിയുളള അലച്ചില്‍ വര്‍ധിക്കുകയും പ്രത്യയശാസ്ത്രപരമായ പരിഗണനകളെ തൃണവല്‍ഗണിച്ച് പുതിയ കേന്ദ്രങ്ങളെ ആധികാരിക മതകേന്ദ്രങ്ങളായി പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ദുരവസ്ഥ ഈ ബോധത്തിന്റെ അനന്തര ഫലമാണ്.

കേവലമായ വികാരത്തള്ളിച്ചകള്‍ക്കപ്പുറത്ത് പ്രത്യയശാസ്ത്ര പിന്‍ബലമുള്ള ശരിയായ ഊര്‍ജമല്ല സാമാന്യ ജനങ്ങളുടെ ഈ ആത്മീയ അന്വേഷണങ്ങളെയും പരിശ്രമങ്ങളെയും ചലിപ്പിക്കുന്നത് എന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. കേരളത്തിന്റെ ഇസ്്‌ലാമിക നവോത്ഥാന ചരിത്രത്തില്‍ അദ്വിതീയനായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം(റ) രചിച്ച ഫത്ഹുല്‍ മുഈന്‍ എന്ന വിഖ്യാത ഗ്രന്ഥം വിരചിതമായ കാലം മുതല്‍ ഇന്ന് വരെയുള്ള ഇസ്്‌ലാമിക സമൂഹത്തിന്റെ പ്രായോഗിക ജീവിതത്തെ രൂപപ്പെടുത്തുന്നതിലും നയാവിഷ്‌കാരങ്ങളിലും വഹിച്ച പങ്കിനെയും സ്വാധീനതകളെയും വിലയിരുത്തിയാല്‍ തന്നെ പണ്ഡിതന്മാരുടെ പ്രത്യയശാസ്ത്രപരമായ നിര്‍വഹണങ്ങളുടെ ആഴവും വ്യാപ്തിയും ഫലവും ബോധ്യമാവേണ്ടതാണ്. ശൈഖ് സൈനുദ്ദീന്‍(റ) വിന്റെ പ്രത്യയശാസ്ത്രപരമായ ഉദ്യമങ്ങളെയും ആശയങ്ങളെയും അടിസ്ഥാനമാക്കി വികാസം പ്രാപിച്ച ഫത്ഹുല്‍ മുഈന്‍ നുകര്‍ന്നും പകര്‍ന്നും സ്വജീവിതത്തെയും സമൂഹിക ജീവിതത്തെയും ഇസ്്‌ലാമികമായി രൂപപ്പെടുത്തിയ പണ്ഡിതന്മാരുടെ പരമ്പരയും അവരുടെ യത്‌നങ്ങളും നവോത്ഥാന വിശകലനങ്ങളില്‍ അവഗണിക്കുന്നത് ഇസ്്‌ലാമിക നവോത്ഥാനത്തിന്റെ സാക്ഷാല്‍ ഉറവിടങ്ങളെ വിസ്മരിച്ചു കൊണ്ടുള്ള വ്യതിചലനങ്ങളായി മാത്രമേ വിലയിരുത്താനാകൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter