മലപ്പുറത്തിന്റെ ചരിത്രചീന്തുകള്‍
നമ്പിപ്പട പൂര്‍വോപരി ശക്തിയോടെ വീണ്ടും പള്ളി വളഞ്ഞു. തീ കൊളുത്തി പന്തം പള്ളിയിലേക്ക് എറിഞ്ഞു. പള്ളി മലിനമാക്കാന്‍ ശ്രമിച്ചു. അത് നോക്കി നില്‍ക്കാതെ മുസ്‌ലിംകള്‍ മുഴുവനായും ദുഷ്പ്രഭുത്വത്തിനും അതിക്രമത്തിനുമെതിരെ അടരാടി.
അവസാനത്തെ മുസ്‌ലിമും മരിച്ചു വീണു എന്ന് മനസ്സിലാക്കിയ നമ്പിപ്പട പള്ളി പൂര്‍ണമായും കത്തിച്ചു. ഏറനാട്, വള്ളുവനാട് എന്നീ ഭാഗങ്ങളില്‍നിന്നും ധാരാളം ആളുകള്‍ നമ്പിപ്പടയെ എതിര്‍ക്കാന്‍ വന്നുവെങ്കിലും അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആകെ 44 മുസ്‌ലിംകളാണ് മലപ്പുറം പള്ളിയില്‍ ശഹീദായത്. ഇവരെ മറവ് ചെയ്യാന്‍ നേതൃത്വം നല്‍കിയത് വള്ളുവനാട്ടില്‍നിന്നും വന്ന ജമാല്‍ മൂപ്പനായിരുന്നു.
മുസ്‌ലിംകളുടെ ഭാഗത്താണ് ന്യായമെന്ന് മനസ്സിലാക്കിയ മലപ്പുറത്തെ തട്ടാന്‍മാരുടെ നേതാവായ കുഞ്ഞേലു ഒറ്റയാനായി നായര്‍പടയോട് ഏറ്റുമുട്ടാന്‍ തീരുമാനിച്ചു. കാതില്‍ കടുക്കനും കൈയില്‍ വളയുമിട്ട കുഞ്ഞേലു വാളും പരിചയുമെടുത്ത് കലിമത്തുതൗഹീദിന്റെ വചനവുമുരുവിട്ട് രണാങ്കളത്തിലിറങ്ങുകയും വീരരക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.
മുസ്‌ലിം രക്തം വീണ മലപ്പുറത്തിന്റെ മണ്ണ് ദുഃഖസാന്ദ്രമായി. ഫലഭൂഷ്ടിയുള്ള മണ്ണ് തരിശ് ഭൂമിയായി. പകര്‍ച്ചവ്യാധികള്‍ നാടിനെ പിടിച്ചുലച്ചു. നാടുവാഴിയുടെ മനഃസമാധാനം നഷ്ടപ്പെട്ടു. പാറനമ്പിയുടെ കുടുംബത്തില്‍ ആള്‍നാശം സംഭവിച്ചു. അസ്വസ്ഥതകളുടെ നാളുകളായിരുന്നു പിന്നീട്. പള്ളി കത്തിച്ചതാണ് കാരണമെന്ന് ജ്യോത്‌സ്യന്‍മാര്‍ കണക്ക് നോക്കി പറഞ്ഞു. അതോടെ പ്രായശ്ചിതത്തിനുള്ള നെട്ടോട്ടമായി. നശിപ്പിച്ച പള്ളി പുതുക്കിപ്പണിയല്‍ മാത്രമായിരുന്നു പോംവഴി. പുതിയ പള്ളി പാറനമ്പി തന്റെ സ്വന്തം ചെലവില്‍ നിര്‍മ്മിക്കുകയും ചുറ്റുമുള്ള പതിനേഴ് ഏക്ര സ്ഥലം സൗജന്യമായി നല്‍കുകയും ചെയ്തു. നാടുവിട്ടുപോയ മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിച്ചു. പഴയ സൗഹാര്‍ദ്ദത്തിലേക്കും സമാധാനത്തിലേക്കും നാട് മെല്ലെ തിരിച്ചുവന്നു. മൂന്നു നിലയിലുള്ള പൗരാണിക ശില്‍പകലയില്‍ പണിത മലപ്പുറം പള്ളി ആര്‍ദ്രമായ സ്‌നേഹത്തിന്റെ പാല്‍നിലാവ് വീഴ്ത്തി ഇന്നും കാര്യമായ മാറ്റങ്ങളൊന്നും ഏല്‍ക്കാതെ തലയുയര്‍ത്തി നില്‍ക്കുന്നു.
ചെത്തുപാലം പള്ളിയും കുന്നിന്‍മുകളിലെ പള്ളിയും മഞ്ചേരി റോഡില്‍ സ്ഥിതി ചെയ്യുന്ന പള്ളിയും മൈലപ്പുറം പള്ളിയും ഹാജിയാര്‍ പള്ളിയുമാണ് മലപ്പുറത്തെ മറ്റു പ്രധാന പള്ളികള്‍.
ഹാജിയാര്‍ പള്ളി ഹി.1163ല്‍ മുഹമ്മദ് ശരീഫ് എന്നയാളാണ് സ്ഥാപിക്കുന്നത്. പ്രസ്തുത പള്ളിയുടെ നിര്‍മ്മാണത്തിനു പിന്നില്‍ ഒരു സംഭവം പറഞ്ഞു കേള്‍ക്കുന്നു. മദീന മുനവ്വറയില്‍ കഴിഞ്ഞു കൂടിയിരുന്ന ഒരു സൂഫിവര്യന്‍ കുടിക്കാന്‍ വെച്ചിരുന്ന കൂജയിലെ വെള്ളം താനെ വറ്റിപ്പോയതായി കണ്ടു. ഇതന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഗുരുവര്യന്‍ പറഞ്ഞു: ”ഇന്ത്യയില്‍ മലബാര്‍ പ്രദേശത്ത് ഒരു അമുസ്‌ലിം രാജാവും മുസ്‌ലിംകളും തമ്മില്‍ പോരാട്ടം നടക്കുന്നുണ്ട്. മുസ്‌ലിംകളുടെ കുടിവെള്ളം ശത്രുക്കള്‍ മുടക്കിയിരിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് കുടിക്കാന്‍ ഈ വെള്ളം കൊണ്ടു പോയിരിക്കുകയാണ്.”
ഇതുകേട്ട മഹാന്‍ ശുഹദാക്കളുടെ ഖബ്‌റ് സിയാറത്ത് ചെയ്യാനും മലബാറില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനത്തിനുമായി യാത്ര തിരിച്ചു. ഖൈബര്‍ ചുരം വഴി മലബാറിലെത്തി. ഇന്നന്നെ ഹാജിയാര്‍പള്ളിക്കടുത്ത ഒരു കല്ലില്‍ ഏകനായി മാസങ്ങളോളം ഇരുന്നു. ഇതിനിടെയാണ് പാറനമ്പിയുടെ സ്വര്‍ണ താക്കോല്‍കൂട്ടം തോഴിമാരോടൊത്ത് വഞ്ചിയില്‍ ഉല്ലസിക്കുന്നതിനിടയില്‍ കളഞ്ഞുപോയത്. താക്കോല്‍കൂട്ടം ലഭിക്കാതെ നിരാശനായ പാറനമ്പി ഇദ്ദേഹത്തെ കുറിച്ച് കേട്ടു. താക്കോല്‍കൂട്ടം ലഭിച്ചാല്‍ ചോദിക്കുന്നതെന്തും തരാമെന്ന് അദ്ദേഹത്തിന് വാക്ക് നല്‍കി. ആ മഹാന്‍ തോണിയില്‍ കയറി സ്വന്തം കൈക്കൊണ്ട് നിമിഷങ്ങള്‍ക്കകം താക്കോല്‍കൂട്ടമെടുത്തു. അതിനു പ്രതിഫലമായി അദ്ദേഹം ആവശ്യപ്പെട്ടത് പള്ളിയെടുക്കാന്‍ സ്ഥലമായിരുന്നു. അപ്പോള്‍ ഹാജിയാര്‍പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം പാറനമ്പി അദ്ദേഹത്തിന് വിട്ടു കൊടുത്തു. അവിടെയുണ്ടായിരുന്ന ഹൈന്ദവ ചിഹ്‌നങ്ങളും രൂപങ്ങളും മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചു. രാജാവിന്റെ സ്വന്തം ചെലവില്‍ അവടെയൊരു പള്ളി നിര്‍മ്മിച്ചു നല്‍കി. അതാണ് ഹാജിയാര്‍പള്ളി. ഈ മദീനക്കാരനെയാണ് മലപ്പുറത്തുകാര്‍ ആദരവോടെ ‘ഹാജിയാര്‍പാപ്പ’ എന്നു വിളിച്ചത്.പള്ളിയുടെ മുന്നില്‍ ഹാജിയാര്‍പാപ്പ അന്ത്യവിശ്രമം കൊള്ളുന്നു. ഹാജിയാര്‍പാപ്പയുടെ സാന്നിധ്യവും നേതൃത്വവുമാണ് യുദ്ധാനന്തരം മുസ്‌ലിംകള്‍ക്ക് ആശ്വാസമേകിക്കൊടുത്തത്. മലപ്പുറത്തുനിന്നും മഞ്ചേരിയിലേക്കു വരുന്ന നിരത്തില്‍ ഒന്നാം മൈലിനടുത്ത കോട്ടക്കുന്ന് മൈതാനിയില്‍ വെച്ചാണ് മലബാര്‍ സമരനായകനായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അത്തുകുട്ടി, കോമുകുട്ടിഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍ എന്നിവരെ ബ്രിട്ടീഷ് പട്ടാളം ചുട്ടുകരിച്ചു കൊന്നത്.
ശഫീഖ് വഴിപ്പാറ
Leave A Comment