ഹജ്ജ്: മനുഷ്യന്‍ പുനര്‍ജനിക്കുന്നു

ഹജ്ജ് എന്നാല്‍ കരുതല്‍ എന്നര്‍ത്ഥം. തീര്‍ത്ഥാടനം എന്ന് ഭാഷാര്‍ത്ഥം. ഹജ്ജിന് തയ്യാറെടുക്കുന്നതോടെ ഓരോവിശ്വാസിയും തന്റെ ആത്മാവിലേക്കൊരു തീര്‍ത്ഥാടനത്തിന് തയ്യാറെടുക്കുകയാണ്. തന്റെ ഉള്ളിന്റെയുള്ളില്‍ സ്വന്തത്തെ തിരയാനുള്ള തീര്‍ത്ഥയാത്ര. ത്യാഗസ്മരണകളുടെ കാല്‍പ്പാടുകള്‍ തേടിയുള്ള അനന്തയാത്ര. ഇത് തുടങ്ങുന്നത് കാലത്തിന്റെ അപ്പുറത്ത് നിന്നാണ്. അവസാനിക്കുന്നതോ,അഗ്നിയിലൂടെ നടന്ന് ഇച്ഛാബലിദാനത്തിലൂടെ സ്വന്തം ആത്മാവിനെ കണ്ടത്തുമ്പോഴും.

ഇവിടെ വിശ്വാസി കാലത്തോട് രാജിയാവുന്നില്ല. ചുറ്റുപാടുകളോട് രാജി പറയുകയാണ്. അശ്ലീലങ്ങളുടെയും ആഭാസങ്ങളുടെയും വിളനിലമായ പരിസരങ്ങളില്‍ നിന്നും എന്നെന്നേക്കുമായി കരകയറുകയാണ്. അല്ലെങ്കിലും സദാ ഒഴുകിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ നിന്നുള്ള ഒരു വിധം കരകയറ്റം തന്നെയാണ് ഹജ്ജ്. കുറേ ഒഴുക്കിനൊത്ത് നീന്തിയാലും ജീവിത സായാഹ്നത്തില്‍ സ്വന്തത്തെ കുറിച്ച് ചിലചിന്തകളുദിക്കുന്നു. അങ്ങനെ ആത്മ വിമലീകരണത്തിന്റെ ഒരു വിധം കര കയറ്റത്തിലേക്ക് നാം എത്തിപ്പെടുന്നു.

സത്യത്തില്‍ ആധുനികതയില്‍ നിന്നുള്ള ഒളിച്ചോട്ടവും ഭൗതികതയുടെ തിരസ്‌കാരവുമാണ് ഹജ്ജ്. ഇവിടെ ത്യാഗമനസ്‌കതക്ക് മാത്രമേ പ്രസക്തിയുള്ളൂ. അല്ലാതെയുള്ളതെല്ലാം വെറുതെയാണ്. ആത്മാവ് മറന്ന പരിഷ്‌കാരങ്ങള്‍ ഹാജിക്ക് പറഞ്ഞതല്ല. അതിര്‌വിട്ട ആര്‍ഭാടവും അവന് ഭൂഷണമല്ല. സ്വന്തത്തിന് തനിമ പകര്‍ന്ന് -ആ തനിമ നിലനിര്‍ത്തി അതിലൂടെ അല്ലാഹുവിലേക്കുള്ള യാനമാണ് ഹജ്ജ്. കണ്ണഞ്ചിപ്പിക്കുന്ന ഭൗതികതയുടെ സുഖലോലുപതയിലൂടെ കടന്ന് പോകുമ്പോള്‍ അതിന്റെ ചപ്പുചവറുകള്‍ വിശ്വാസിയുടെ ഹൃദയതീരങ്ങളില്‍ അടിഞ്ഞു കൂടുമെന്നത് സ്വാഭാവികമാണ്. പക്ഷേ,ഇവ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അയാഥാര്‍ത്ഥ്യങ്ങളുടെ പുറംചട്ട പണിയുന്നു. ആ നേര്‍ത്തമേലാപ്പുകള്‍ ക്രമേണ തകര്‍ക്കപ്പെടാനാവാത്ത വന്‍ ഭിത്തികളായി പരിണമിക്കുന്നു. അങ്ങനെ സത്യമെന്നും അഴുക്കിനിടയില്‍ ആഴ്ന്നുകിടക്കുകയും അസത്യങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളായി ഉയര്‍ന്നുനില്‍ക്കുകയും ചെയ്യുന്നു. മനുഷ്യാത്മാവിന്റെ ഇത്തരം പുറം ചട്ടകളെ മാറ്റിനിര്‍ത്തി യാഥാര്‍ത്ഥ്യങ്ങളുടെ ആത്മാവിലേക്ക് സഞ്ചരിക്കലാണ് ഹജ്ജിന്റെ ധര്‍മ്മം. ഇവിടെ ഓരോ ഹാജിയും സ്വന്തത്തില്‍ മനുഷ്യനെ തിരയുകയാണ്.

ഹജ്ജ് നല്‍കുന്ന ത്യാഗസന്ദേശം നമുക്ക് നിത്യജീവിതത്തിലേക്ക് പകര്‍ത്താന്‍ സാധിക്കേണ്ടണ്ടതുണ്ട്. ത്യാഗം എന്നത് വിശ്വാസിയുടെ യാത്രയില്‍ എന്നും കൂടെ കരുതേണ്ട പാഥേയമാണ്. പരിത്യാഗത്തിലൂടെയാണ് അത് പൂര്‍ണ്ണമാകുന്നത്. ഹജ്ജിന്റെ വേഷങ്ങളിലും കര്‍മ്മങ്ങളിലും പരിത്യാഗത്തിന്റെ ശകലങ്ങളുണ്ട്. എല്ലാം ത്യജിക്കുക എന്നതാണ് ഹജ്ജിന്റെ രീതി. അല്ലാഹു പടച്ചയച്ചപോലെ തന്നെ അവനിലേക്ക് മടങ്ങുക. പക്ഷേ,ഔറത്ത് മറക്കണമെന്ന്മാത്രം. അല്ലാഹുവില്‍ ലയിക്കാന്‍ ഇത് അനിവാര്യമാണ്. അല്ലാതെ ആധുനികതയുടെ വര്‍ണ്ണ ശഭളിമയില്‍ ദൈവ സാമീപ്യം തേടല്‍ ഏറെ ദുഷ്‌കരമാണ്. ഇഹ്‌റാമില്‍ എത്തിയാല്‍ പിന്നെ സുഗന്ധങ്ങളില്ല, സ്ത്രീകളില്ല, മുന്തിയ ഉടയാടകളില്ല,ശരീരത്തിന്റെ ഇച്ഛകളില്ല. ഒടുവില്‍ മുടിമുറിക്കുമ്പോഴും ബലിയെടുക്കുമ്പോഴും ഈ ത്യാഗസന്നദ്ധതയുടെ അടയാളങ്ങള്‍ കൂടുതല്‍ വെളിപ്പെടുകയാണ്. രാജാവും പ്രജയും ഒന്നാകുന്ന ഒരപൂര്‍വ്വ അനുഭവം ഹജ്ജിന്റെ സമത്വ സന്ദേശമാണ്.

ഓരോ ഹാജിയും തന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ ഒരു മനഷ്യന്റെ പുനര്‍ജന്മത്തെയാണ് പ്രതിനിധീകരിക്കുന്നത്. തിരുമേനി പറയുന്നു: ''വല്ലവരും അല്ലാഹുവിന് വേണ്ടി ഹജ്ജ് ചെയ്യുകയും ദുരാചാരങ്ങളിലും ദുര്‍വൃത്തികളിലും അകപ്പെടാതെ അകന്നു നില്‍ക്കുകയും ചെയ്താല്‍ മാതാവ് അവനെ പ്രസവിച്ച ദിവസത്തെപ്പോലെ അവന്‍ പരിശുദ്ധനായിത്തീരുന്നതാണ്.'' (ബുഖാരി)

ഹജ്ജ് പകരുന്ന ചൈതന്യങ്ങളുടെ ലോകത്ത് നാം ലോകത്തെ എത്തിക്കുമ്പോഴേ അത് അര്‍ത്ഥപൂര്‍ണ്ണമാകുന്നുള്ളൂ. ഇവിടെ വ്യക്തിവിശുദ്ധിയിലൂടെ ലോകത്തിന്റെ മോചനമാണ് ഹജ്ജ്. വ്യക്തി സംസ്‌കരണത്തിലൂടെയാണ് സമൂഹ സംസ്‌കരണം സാധിതമാകുന്നത്. അത്‌കൊണ്ട് തന്നെ ജീവിത വഴിത്താരയില്‍ ഇബ്‌റാഹീമീ പാത പിന്തുടരാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. ഇബ്‌റാഹീം നബി നടന്ന പാതയിലൂടെ നടക്കുന്ന ഹാജി ആ പ്രതിജ്ഞ പുതുക്കുകയാണ്. അതെ,തൗഹീദിന്റെ പ്രതിജ്ഞ. ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്. ലബ്ബൈക്ക ലാശരീക്കലക്ക ലബ്ബൈക് . ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക്ക വല്‍മുല്‍ക്. ലാശരീക്കലക്ക്.

ചില അനിവാര്യ ചിന്തകള്‍ അമരസ്‌നേഹത്തിന്റെയും സമഭാവനയുടെയും പ്രതീകമാണ് ഹജ്ജ്. ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്നുമെത്തിച്ചേരുന്ന സത്യ വിശ്വാസികളുടെ അന്താരാഷ്ട്ര സമ്മേളനമാണിത്. ഒരേ വേഷം, ഒരേ കര്‍മ്മം, ഒരേ ലക്ഷ്യം എന്നതാണ് ഇവിടത്തെപ്രത്യേകത. തൗഹീദിലധിഷ്ഠിതമായ ചിന്തകളും കര്‍മ്മങ്ങളുമാണ് ഇതില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നത്. വര്‍ഗ്ഗ,വര്‍ണ്ണ,ദേശ-ഭാഷാ വിത്യാസമന്യേ ജനങ്ങളെല്ലാം ഏകോദര സഹോദന്മാരാണെന്ന് വിളിച്ച്പറയുന്ന പ്രതീതിയാണ് ഹജ്ജിന്റേത്.

പാരമ്പര്യത്തിലേക്കുള്ള മടക്കമെന്ന മഹിതമായൊരു ആശയമാണ് ഹജ്ജ് ഉയര്‍ത്തിപ്പിടിക്കുന്നത്. പിന്നിലേക്ക് തിരിഞ്ഞ് നടക്കുമ്പോള്‍ വിശ്വാസത്തിന്റെ ലോകത്ത് അവന്‍ സമ്പൂര്‍ണ്ണനാകുന്നുവെന്ന് ഇത് മനുഷ്യനെ ബോധ്യപ്പെടുത്തുന്നു. ആധുനികതയോടൊപ്പം മുന്നോട്ട് നടക്കുമ്പോള്‍ മതം കൈമോശം സംഭവിക്കുകയാണെന്ന തിരിച്ചറിവ് ലഭിക്കുകയാണിവിടെ. അതേ സമയം ഹജ്ജ് പാരമ്പര്യ നിഷേധികള്‍ക്കുമുമ്പില്‍ വലിയൊരു താക്കീതായി നിലകൊള്ളുകയും ചെയ്യുന്നു.

നിഷ്‌കളങ്കമായ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗ്ഗമാണെന്നാണ് തിരുവചനം. വെള്ളം അഴുക്കിനെ കളയും പോലെ ഹജ്ജ് പാപങ്ങളെ കഴുകുമെന്നും തിരുമേനി പറയുന്നു.

ദാരിദ്ര്യത്തിനും ഇല്ലായ്മക്കും മുമ്പില്‍ വലിയൊരു തിരിച്ചറിവ് നല്‍കുകയാണ് ഹജ്ജ്. പണമുണ്ടാകുമ്പോള്‍ സുഖപൂര്‍ണ്ണമായ ജീവിതത്തിനായി നീക്കിവെക്കുന്നതിന് പകരം വേഗം പോയി ഹജ്ജ് നിര്‍വ്വഹിക്കണമെന്ന് ഇത് മനുഷ്യനെ പഠിപ്പിക്കുന്നു. ഇവിടെ ഹജ്ജ് ഒരേ സമയം പാഠവും അദ്ധ്യാപകനുമായി മാറുകയാണ്. പണം അല്ലാഹുവിന്റേതാണ്. അത് കയ്യിലുള്ളവന്‍ അല്ലാഹു ഇഷ്ടപ്പെടുന്നമാര്‍ഗ്ഗത്തില്‍ തന്നെ വിനിയോഗിക്കേണ്ടതുണ്ട്. ഹജ്ജിനുള്ള അവസരങ്ങള്‍ വന്നണഞ്ഞിട്ടും അത് വിനിയോഗിക്കാത്തവന്‍ കുറ്റക്കാരനാണെന്ന വസ്തുത ഒരിക്കലും വിസ്മരിച്ച് പോകരുത്.

നിര്‍വൃതിയുടെ വ്രതം ഹജ്ജെന്നാല്‍ അറഫയാണെന്ന് തിരുമേനി പറഞ്ഞിട്ടുണ്ട്. അറഫയില്‍ താമസിക്കലിന്റെ ഗാംഭീര്യം വ്യക്തമാക്കിയതാണിത്. എന്നാല്‍ ഹജ്ജാജിമാര്‍ അറഫയില്‍ സംഗമിക്കുമ്പോള്‍ നമ്മളിവിടെ ആഘോഷിക്കേണ്ടത് നോമ്പനുഷ്ഠിച്ച് കൊണ്ടാണ്. പെരുന്നാളിന്റെ മധുരവും ആഘോഷത്തത്തിന്റെ വൈപുല്യവും ഇതില്‍ നിന്നാണ് നാം മനസ്സിലാക്കേണ്ടത്.

ഈ വ്രതത്തിന് അനുപമമായ പ്രതിഫലമുണ്ടെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. തിരുമേനി പറയുന്നു: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരാള്‍ ഒരു ദിവസം വ്രതമനനുഷ്ഠിച്ചാല്‍ അവന്റെ ശരീരത്തെ നരഗത്തെ തൊട്ട് എഴുപത് വര്‍ഷത്തെ വഴി ദൂരം അല്ലാഹു അകറ്റുന്നതാണ്. (ബുഖാരി,മുസ്‌ലിം)

മുസ്‌ലിം(റ) പറയുന്നു: ''അറഫ ദിവസം നോമ്പനുഷ്ഠിച്ചവന്റെ ആവര്‍ഷത്തെയും ശേഷമുള്ള ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.''

ഈ ദിവസം ഹജ്ജാജിമാരല്ലാത്തവര്‍ക്ക് നോമ്പനുഷ്ഠിക്കല്‍ പ്രബലമായ സുന്നത്താണെന്ന് ഈ ഹദീസിന്റെ വെളിച്ചത്തില്‍ കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. അതോടൊപ്പം ഇതിന് മുമ്പിലുള്ള എട്ട് ദിവസങ്ങളിലും നോമ്പനുഷ്ഠിക്കല്‍ കൂടുതല്‍ പ്രതിഫലജന്യമായ കാര്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter