ദേഹേച്ഛകളുടെമേല്‍ കത്തിവെക്കുന്നതിന്റെ ഓര്‍മകളാണ് ബലിപെരുന്നാള്‍

ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ദീപ്ത സ്മരണകള്‍ പങ്കുവെക്കുന്നതാണ് ബലിപെരുന്നാള്‍. അല്ലാഹുവിന്റെ കല്‍പനക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനെപ്പോലും ത്യജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതിന്റെ നേരോര്‍മ്മകളാണ് ബലിപെരുന്നാള്‍ നല്‍കുന്ന സന്ദേശങ്ങളില്‍ ഏറ്റവും മഹത്തമേറിയത്. വിശ്വാസി സമൂഹം ബലിപെരുന്നാള്‍ വലിയ പെരുന്നാളായി ആഘോഷിക്കുന്നതിന്റെ പിന്നിലെ ഏറ്റവും വലിയ ചേതോവികാരവും ഇതുതന്നെ. ഒറ്റവാക്കില്‍ പറഞ്ഞാല്‍, പ്രവാചകന്‍ ഇബ്‌റാഹീം നബി (അ)ന്റെയും പത്‌നി ഹാജറാ ബീവിയുടേയും മകന്‍ ഇസ്മാഈല്‍ നബി (അ)ന്റെയും തീക്ഷ്ണമായ അനുഭവങ്ങളുടെ ആകെ സത്ത, അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി സര്‍വ്വതും സമര്‍പ്പിക്കാനും പടച്ചവന്റെ കല്‍പ്പനക്ക് മുന്നില്‍ സര്‍വ്വരസങ്ങളേയും മുറിച്ചുകളയാനുമുള്ള ആത്മബലത്തിന്റേയും ത്യാഗത്തിന്റെയും പാഠങ്ങളാണ്.

ഇബ്‌റാഹീം നബി(അ)നെ ചരിത്രം അടയാളപ്പെടുത്തിയത് തന്നെ ഏറ്റവും വലിയ ആദര്‍ശപുരുഷനായിട്ടാണ്. ഇബ്‌റാഹീം നബി(അ)ന് മറ്റെല്ലാ വിശേഷണങ്ങളേക്കാളും ഏറ്റവും ഉചിതവും അത് തന്നെയാണ്. ഇബ്‌റാഹീം നബി(അ) ഒരു സമുദായമായിരുന്നുവെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചതും ആ ആദര്‍ശത്തിന്റെ ബലം കാരണമായിട്ടായിരുന്നു. സ്വന്തത്തില്‍ നിന്നും സമുദായത്തോളം വളരാന്‍ ഇബ്‌റാഹീം നബി(അ)യെ സഹായിച്ച ആദര്‍ശത്തിലുള്ള അചഞ്ചലമായ വിശ്വാസത്തില്‍ പിന്‍തലമുറക്ക് കൃത്യമായ  മാതൃകയുണ്ടെന്ന് ഉറക്കെപ്പറയുന്നുണ്ട് ഓരോ ബലിപെരുന്നാളും. ഒപ്പം, ആ ആദര്‍ശത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായി എതിരെ വന്ന സര്‍വ്വ പ്രതിബന്ധങ്ങളെയും വകഞ്ഞുമാറ്റാന്‍ ഇബ്‌റാഹീം നബി(അ) കാണിച്ച സാഹസികമായ മുന്നേറ്റങ്ങളും സാമര്‍ഥ്യവും ചരിത്രത്തിലെ ശ്രദ്ധേയമായ ഏടുകളാണ്.

പൊള്ളുന്ന മണല്‍ക്കാട്ടില്‍ പ്രിയതമയേയും കൈകുഞ്ഞിനേയും തനിച്ചാക്കി യാത്രയാവാന്‍ പടച്ചവന്റെ കല്‍പന വന്നപ്പോള്‍ ഒരുനിമിഷം ഇബ്‌റാഹീം നബി(അ) സ്തംഭിച്ചുപോയിരുന്നു. എന്നാല്‍ ആ പരീക്ഷണങ്ങളെ വിജയത്തിലേക്കുള്ള നടപ്പാതകളാക്കി സ്വീകരിക്കുകയായിരുന്നു ഖലീലുല്ലാഹി ഇബ്‌റാഹീം(അ). ജീവിതത്തിന്റെ കൃത്യമായ ഇടവേളകളില്‍ പരീക്ഷണങ്ങള്‍ അടിക്കടി വന്നപ്പോഴും അവയെല്ലാം പുഞ്ചിരിയോടെ നേരിടുകയായിരുന്നു ആ ആദര്‍ശപുരുഷന്‍. ഏറ്റവും ഒടുവില്‍ പരീക്ഷണങ്ങളുടെ പാരമ്യതയെന്നോണം ദീര്‍ഘകാലത്തെ അണമുറിയാത്ത പ്രാര്‍ഥനകളുടെ ഫലമായി പടച്ചവന്‍ കനിഞ്ഞേകിയ പൊന്നുമോനെ നാഥന്റെ മാര്‍ഗ്ഗത്തില്‍ ബലിയര്‍പ്പിക്കാന്‍ കല്‍പ്പന വന്നപ്പോള്‍ അതിനും തയ്യാറായി ഇബ്‌റാഹീം(അ). തന്നോട് ബലിയര്‍പ്പിക്കാന്‍ കല്‍പ്പിച്ച പടച്ചവന്‍ തന്നെയാണ് പൊന്നുമോനെ കനിഞ്ഞേകിയതെന്ന തിരിച്ചറിവായിരുന്നു ആ വലിയ മനുഷ്യനെ ധീരകൃത്യത്തിലേക്ക് അടുക്കാന്‍ പ്രേരിപ്പിച്ചത്. ആ തിരിച്ചറിവ് തന്നെയായിരുന്നു ഇബ്‌റാഹീം നബി(അ)ന്റെ ജീവിതവിജയവും. ആ തിരിച്ചറിവ് നമുക്കുണ്ടാകുമ്പോഴാണ് നമ്മുടെ കര്‍മ്മങ്ങളിലൂടെ അക്ഷരക്കൂട്ടങ്ങള്‍ക്ക് വര്‍ണ്ണിക്കാന്‍ അപര്യാപ്തമായ ആത്മീയയാനുഭൂതി കൈവരിക്കാന്‍ സാധിക്കുന്നത്. 

തങ്ങള്‍ക്കേറെ പ്രിയങ്കരമായത് അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് അര്‍പ്പിക്കാനൊരുക്കമാണെന്നതിന്റെ പ്രതീകാത്മകമായ പ്രഖ്യാപനമാണ് ബലി. സൃഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കാന്‍ പ്രിയപ്പെട്ടതൊക്കെ നല്‍കാന്‍ മടിക്കില്ലെന്ന പ്രഖ്യാപനത്തോടൊപ്പം ഏറെ പ്രയാസകരമായത് ചെയ്യാന്‍ ഒരുക്കമാണെന്ന പ്രതിജ്ഞയും ബലി ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ബലികര്‍മ്മം നടത്തുന്നവരില്‍ ഇങ്ങനെയൊരു വിശ്വാസം ശക്തിപ്പെടുമ്പോള്‍ മാത്രമാണ് പ്രസ്തുത കര്‍മ്മത്തിന്റെ ചൈതന്യം പരിപൂര്‍ണ്ണമായി അന്വര്‍ഥമാക്കപ്പെടുന്നത്.അപ്പോഴാണ് പുത്രന്റെ കഴുത്തില്‍ കത്തിവെക്കാനൊരുങ്ങിയ ഇബ്‌റാഹീം നബിയുടെ സമര്‍പ്പണ സന്നദ്ധത ആന്തരിക വികാരമായി നമ്മില്‍ തെളിഞ്ഞുവരുന്നത്. 

ഇബ്‌റാഹീം നബിയുടെ ഇച്ഛാശക്തിയുടെ തോത് എത്രമാത്രം വലിപ്പമേറിയതായിരുന്നുവെന്ന് ബലി നല്‍കാനുള്ള പടച്ചവന്റെ ശാസനക്ക് ശേഷം പുത്രനുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന് നമുക്ക് ബോധ്യപ്പെടും. മകന്‍ അറിയാതെയോ ഉറങ്ങുമ്പോഴോ അറുക്കാനായിരുന്നില്ല ഇബ്‌റാഹീം നബിയുടെ തീരുമാനം. മറിച്ച്, താന്‍ അതിയായി സ്‌നേഹിക്കുന്ന മകനെ വിളിച്ച് പിതാവ് പറഞ്ഞു: പ്രിയ മോനെ, നിന്നെ ബലിയറുക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. നിന്റെ അഭിപ്രായം അറിയിക്കുക. പിതാവിനുണ്ടായ തിരിച്ചറിവ് മകനും ലഭിച്ചിരുന്നു. പുത്രന്‍ പ്രതികരിച്ചതിങ്ങനെയായിരുന്നു: ഉപ്പാ, താങ്കള്‍ ശാസന ശിരസാവഹിച്ചാലും, ദൈവാനുഗ്രഹത്താല്‍ താങ്കള്‍ക്കെന്നെ ക്ഷമാലുവായി കാണാം. ചരിത്രത്തില്‍ അതിന് മുമ്പോ പിമ്പോ ഇങ്ങനെയൊരു സംഭാഷണത്തിന് ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല. തുടര്‍ന്ന് ഇബ്‌റാഹീം നബി മകനെ മലഞ്ചെരിവിലേക്ക് കൂട്ടിക്കൊണ്ട്‌പോയി, കത്തി മൂര്‍ച്ച കൂട്ടി ബലിക്കൊരുങ്ങി. കത്തി പുത്രന്റെ കഴുത്തില്‍ വെച്ചപ്പോള്‍ അല്ലാഹു അവരുടെ സമര്‍പ്പണ സന്നദ്ധത അംഗീകരിച്ചാദരിക്കുകയും കുട്ടിയെ ബലി നല്‍കുന്നതിന് പകരം ഒരാടിനെ ബലി നല്‍കാന്‍ കല്‍പ്പിക്കുകയും ചെയ്തുവെന്നത് പിന്നീടുള്ള ചരിത്രം. 

നമുക്കും പടച്ചവന്റെ മാര്‍ഗ്ഗത്തില്‍ പ്രിയപ്പെട്ടതിനെ സമര്‍പ്പിക്കാനും പ്രയാസമേറിയതിനെ സഹിക്കാനും സാധിക്കണം. ദേഹേച്ഛകളുടെ താളലയങ്ങള്‍ക്കനുസരിച്ച് നാം നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുകയാണെങ്കില്‍ അത്യാപത്തിലായിരിക്കും നാം ചെന്നെത്തുക എന്നതിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരിക്കണം. പണത്തിനും പ്രശസ്തിക്കും വേണ്ടി ആദര്‍ശത്തെ പണയം വെക്കുന്നവര്‍ ഇബ്‌റാഹീം നബിയുടെ സംഭവബഹുലമായ ജീവിതം ഒരാവര്‍ത്തി വായിക്കുന്നത് നന്നായിരിക്കും. 

പതിനെട്ട് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ധീരനായ ഒരാത്മജ്ഞാനിയുടെ കഥ പറയുന്നുണ്ട് ഇമാം ഗസ്സാലി. ഹാതില്‍ ജയ്യാത് എന്നായിരുന്നു ആ ധീരയുവാവിന്റെ പേര്. ഒരിക്കല്‍ ഹാതില്‍ ക്രൂരനായ ഹജ്ജാജിന്റെ മുന്നില്‍ ഹാജരാക്കപ്പെട്ടു. ഹജ്ജാജ് ചോദിച്ചു: നീയാണോ ഹാതില്‍? ഹാതില്‍ പറഞ്ഞു: അതെ, ഞാന്‍ തന്നെയാണ് ഹാതില്‍. നിങ്ങള്‍ എന്ത് വേണമെങ്കിലും ചോദിച്ചോളൂ, മഖാമു ഇബ്‌റാഹീമിനും സമീപം വെച്ച് മൂന്ന് കാര്യങ്ങള്‍ ഞാന്‍ ശപഥം ചെയ്തിട്ടുണ്ട്. ഒന്ന്, എന്ത് തന്നെ സംഭവിച്ചാലും ഞാന്‍ സത്യം മാത്രമേ പറയൂ. രണ്ട്, ആര് എന്നെ അപായത്തിലകപ്പെടുത്തിയാലും ഞാന്‍ സഹനം കൈകൊള്ളും. മൂന്ന്, ആരെങ്കിലും എനിക്ക് മാപ്പ് തന്നാല്‍ ഞാന്‍ കൃതജ്ഞത കാണിക്കും. ഹജ്ജാജ് ചോദിച്ചു: എന്നെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം? ഹാതില്‍ പറഞ്ഞു; നിങ്ങള്‍ ഭൂമിയില്‍ ദൈവത്തിന്റെ ശത്രുവാണ്. നിങ്ങള്‍ ജനങ്ങളുടെ അഭിമാനം പിച്ചിച്ചീന്തുകയും അവരെ കൊന്നൊടുക്കുകയും ചെയ്യുന്നു. 

ഇത് കേട്ട് കുപിതനായ ഹജ്ജാജ് ഹാതിലിനെ ശിക്ഷിക്കാന്‍ തന്റെ ഭടന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചാട്ടവാര്‍ മുറിയുന്നത് വരെ ഹജ്ജാജിന്റെ കിങ്കിരന്മാരിലൊരാള്‍ അദ്ദേഹത്തെ പ്രഹരിച്ച്‌കൊണ്ടിരുന്നു. ശേഷം കയറ് കൊണ്ട്  ബന്ധിച്ച് കത്തികൊണ്ട് മുറിവേല്‍പ്പിക്കാന്‍ തുടങ്ങി. ഹാതിലിന്റെ ദേഹത്ത് നിന്നും മാംസക്കഷ്ണങ്ങള്‍ അടര്‍ന്നുവീണു. മരണം അടുത്തപ്പോള്‍ വലിച്ചു ചന്തയിലേക്കെറിയാന്‍ ഹജ്ജാജിന്റെ കല്‍പന വന്നു. അങ്ങനെ ആ ധീര യുവാവ് ഈ ലോകത്തോട് വിട പറഞ്ഞു. അവസാന ശ്വാസമെടുക്കുമ്പോഴും താന്‍ പറഞ്ഞ സത്യത്തില്‍ ഒരംശം മായം ചേര്‍ക്കാന്‍ ആ ധീരയുവാവ് തയ്യാറായിരുന്നില്ല. ഒരുനിമിഷം ഹജ്ജാജിനെ സ്തുതിച്ച് വേണ്ടുവോളം സമ്മാനങ്ങള്‍ വാങ്ങാന്‍ അവസരമുണ്ടായിട്ടും തന്റെ ആദര്‍ശത്തില്‍ ഒരംശം മായം ചേര്‍ക്കാന്‍ ആ ധീരയുവാവിന് മനസ്സില്ലായിരുന്നു.

ധീരനായ ഹാതില്‍ ശപഥം ചെയ്യാനുള്ള സ്ഥലമായി മഖാമു ഇബ്‌റാഹീം തെരെഞ്ഞെടുത്തതിലുള്ള ചേതോവികാരം ആ ആദര്‍ശപുരുഷന്റെ സ്ഥൈര്യവും ധൈര്യവും പകര്‍ന്നുനല്‍കിയ പ്രചോദനമായിരിക്കുമെന്ന് നമുക്ക് അനുമാനിക്കാം. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter