മൃഗബലിയും ആരാധനയോ?
പേര് തന്നെ സൂചിപ്പിക്കുന്ന പോലെ, ബലി പെരുന്നാളിനോട് അനുബന്ധിച്ചുള്ള ആരാധനാ കര്‍മ്മങ്ങളില്‍ ഏറെ ശ്രേഷ്ഠമാണ് ബലി. ഹസ്റത് ഇബ്റാഹീം (അ), അല്ലാഹുവിന്റെ കല്‍പന പ്രകാരം സ്വന്തം മകന്‍ ഇസ്മാഈല്‍ (അ)നെ ബലികഴിക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ്മപുതുക്കലാണ് ഈ കര്‍മ്മത്തിന്റെ ചരിത്രപശ്ചാത്തലം. മൃഗബലി ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും ചിലര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്നതുമാണ്. ജീവനുള്ള ഒരു മൃഗത്തെ അറുത്തുതിന്നുന്നത് എങ്ങനെ ആരാധനയാവുന്നു എന്നതാണ് പലരും ഉന്നയിക്കാറുള്ളത്. പ്രഥമ ദൃഷ്ട്യാ ശരിയെന്ന് തോന്നുന്നതുമാണ് ആ ആശങ്ക. ദൈവത്തിന്റെ സൃഷ്ടികളില്‍ സസ്യഭുക്കുകളും മാംസഭുക്കുകളും മിശ്രഭുക്കുകളുമുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ഓരോ വിഭാഗത്തിനും അതിനനുസൃതമായ ശരീരസൌകര്യങ്ങളും അതിനാവശ്യമായ പല്ല്, നഖങ്ങള്‍ തുടങ്ങിയ പ്രകൃതിദത്ത ഉപകരണങ്ങളും അതിലുപരി അവ കഴിക്കുന്നതിനെ ദഹിപ്പിക്കാനും ശരീരപുഷ്ടിക്ക് ഉപകാരപ്പെടുത്താനും ഉതകുന്ന ആന്തരിക വ്യവസ്ഥയും ദൈവം തമ്പുരാന്‍ സംവിധാനിക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഓരോന്നിനും മറ്റൊന്ന് ഭക്ഷണമായി വര്‍ത്തിക്കുന്നത് പ്രൃകൃതിയുടെ പ്രകൃതവും അതിലുപരി സന്തുലിതാവസ്ഥ നിലനില്‍ക്കാനുള്ള ഏറ്റവും യുക്തിഭദ്രമായ സംവിധാനവുമാണെന്ന് മനസ്സിലാക്കാം. മൃഗബലിയോട് പലര്‍ക്കും യോജിക്കാനാവാത്തത് അത് ക്രൂരതയല്ലേ എന്നതിനാലാണ്. നേരാം വിധം ചിന്തിച്ചാല്‍ അറുക്കാതിരിക്കുന്നതാണ് മൃഗങ്ങളോട് ചെയ്യുന്ന ക്രൂരത എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
ഇന്ന് മൃഗങ്ങളെ വളര്‍ത്തുന്നതും പരിപാലിക്കുന്നതുമെല്ലാം അവയില്‍ നിന്ന് ലഭിക്കുന്ന, പാല്, വളം, മാംസം തുടങ്ങിയ വിവിധ നേട്ടങ്ങളെ ഓര്‍ത്ത് മാത്രമാണ്. അവ ഇല്ലാത്ത പക്ഷം, ഈ മൃഗങ്ങളെ വളര്‍ത്താനോ സംരക്ഷിക്കാനോ ആരും തയ്യാറാവില്ലെന്നതല്ലേ യാഥാര്‍ത്ഥ്യം. അങ്ങനെ വരുമ്പോള്‍ ഇത്തരം മൃഗങ്ങള്‍ക്ക് തന്നെ വംശനാശം സംഭവിച്ചുപോകുകയോ ജനിച്ചു പോയവ നരക യാതന അനുഭവിക്കുകയോ ചെയ്യുന്ന അവസ്ഥയായിരിക്കില്ലേ സംജാതമാവുക. മാംസമല്ലാത്ത മറ്റു ഉപകാരങ്ങള്‍ അനുവദിച്ചാല്‍ പോലും അവയുടെ അവസ്ഥ പരിതാപകരവും അതിലേറെ അപകടകരവുമായിരിക്കും. പ്രായമാവുന്നതോടെ സ്വന്തം മാതാപിതാക്കളെ പോലും പുറം തള്ളുന്ന ഇന്നത്തെ സമൂഹം, ഉഴുതാനോ മറ്റു ജോലികള്‍ ചെയ്യാനോ സാധിക്കാതെ വരുമ്പോള്‍ ഈ പാവം മിണ്ടാമൃഗങ്ങളെ പുറംതള്ളുമെന്നതില്‍ യാതൊരു സംശയവുമില്ല.
ശേഷം, വഴിയരുകിലും റോഡുകളിലും പരിപാലിക്കാന്‍ ആളില്ലാതെ അലഞ്ഞുനടന്ന് എവിടെയെങ്കിലും ചത്ത് കിടന്ന് ചീഞ്ഞുനാറുന്ന രംഗമായിരിക്കില്ലേ സംജാതമാവുക. മൃഗബലി നിഷിദ്ധമാക്കിയ പലയിടങ്ങളിലും ഇന്ന് വലിയൊരു പാരിസ്ഥിതിക പ്രശ്നമാവുന്നത് നാം നേരില്‍ കണ്ടതാണല്ലോ. കടലിലെ മീനുകളെ ഭക്ഷിക്കാതിരിക്കുന്നുവെങ്കില്‍ അവ ചത്ത് ചീഞ്ഞളിഞ്ഞ് കടല്‍വെള്ളം എന്നോ മനുഷ്യസമൂഹത്തിന് ഏറ്റവും വലിയ ആരോഗ്യപ്രശ്നമായി മാറിയേനെ. സ്വന്തം പ്രവര്‍ത്തനങ്ങളുടെയും ഉപയോഗത്തിന്റെയും ഫലമായി പുറംതള്ളപ്പെടുന്ന മാലിന്യങ്ങള്‍ പോലും വേണ്ടവിധം സംസ്കരിക്കാനോ ശുദ്ധിയാക്കാനോ മനസ്സ് കാണിക്കാത്ത മനുഷ്യര്‍ ആരുടേതുമല്ലാതെ അലഞ്ഞുനടക്കുന്ന ഈ ജീവികളെ പരിപാലിക്കുമെന്നോ അവയുടെ ശവശരീരങ്ങള്‍ സംസ്കരിക്കുമെന്നോ പ്രതീക്ഷിക്കാന്‍ എന്ത് ന്യായമാണുള്ളത്. ഈ യാഥാര്‍ത്ഥ്യങ്ങളെ മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍, മൃഗബലി ക്രൂരത അല്ലെന്നും മൃഗങ്ങളോട് ചെയ്യാവുന്ന വലിയൊരു സഹായമാണെന്നും ആര്‍ക്കും ബോധ്യമാവും. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷയില്ലാതെ മാരകരോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ദയാവധം അനുവദിക്കണമെന്ന് പറയുന്നത് പലപ്പോഴും ന്യായമായി നമുക്ക് തോന്നാറുണ്ടല്ലോ.
എന്നാല്‍ അത്തരം ഭീകര സാഹചര്യത്തിലേക്ക് എത്തിപ്പെടാന്‍ അവസരം നല്‍കാതെ ഭക്ത്യാദരപൂര്‍വ്വം ജീവിതം അവസാനിപ്പിക്കാനുള്ള അവസരമാണ് ബലിയിലൂടെ മൃഗങ്ങള്‍ക്ക് സംജാതമാവുന്നത് എന്ന യാഥാര്‍ത്ഥ്യത്തിന് നേരെ എങ്ങനെയാണ് നമുക്ക് കണ്ണടക്കാനാവുന്നത്. ബലിയിലൂടെ ഒരു മൃഗത്തിനും വംശനാശം വരുന്നില്ലെന്നതാണ് പരിസ്ഥിതിശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നത്. ജന്തുജാലങ്ങളുടെ സംഖ്യ സന്തുലിതമായി നിലനില്‍ക്കുന്നത് തന്നെ മാംസഭുക്കുകളായ ജീവികളുണ്ടായത് കൊണ്ടാണെന്ന് കൂടി പഠനങ്ങള്‍ പറയുന്നു. നാട്ടിലായാലും കാട്ടിലായാലും അത് തന്നെയാണ് യാഥാര്‍ത്ഥ്യം. കാട്ടിലെ പല മൃഗങ്ങളെയും മറ്റുമൃഗങ്ങള്‍ കൊന്ന് തിന്നുന്നതിലൂടെ അവയുടെ ആധിക്യം നിയന്ത്രിക്കപ്പെടുന്നുവെങ്കില്‍ മനുഷ്യരുടെ ഈ ചെയ്തിയിലൂടെ ഏറെ ഉപകാരങ്ങളുള്ള ഒട്ടേറെ മൃഗങ്ങള്‍ വീണ്ടും വീണ്ടും വളര്‍ത്തപ്പെടാന്‍ കാരണമാവുകയും അവ വംശനാശം സംഭവിക്കാതെ നിലനില്‍ക്കുകയും വേണ്ടവിധം പരിപാലിക്കപ്പെടുകയും ചെയ്യുന്നു.
ചെറു പ്രാണികളെയും കൃമികീടങ്ങളെയും പിടിച്ചു തിന്ന് വിശപ്പടക്കുന്ന പക്ഷികളും പ്രകൃതിസുരക്ഷക്ക് വേണ്ടി ചെയ്യുന്നത് ചെറിയ കാര്യമല്ല. അറുക്കാന്‍ അനുവദിക്കുന്നതിലൂടെ മാത്രം പ്രകൃതിയുടെ ഈ സന്തുലിതാവസ്ഥ പാലിക്കപ്പെടുമെന്ന് ഉറപ്പായും പ്രതീക്ഷിക്കാനാവില്ല. എല്ലാവരും അറുക്കുന്നില്ലെന്ന് തീരുമാനിച്ചാലും വീണ്ടും അസന്തുലിതാവസ്ഥ സംജാതമാവും. അത് കൊണ്ടാവാം ചില സന്ദര്‍ഭങ്ങളിലെങ്കിലും അത് ഒരു ആരാധനയാക്കി പടച്ച തമ്പുരാന്‍ നിശ്ചയിച്ചതും. അതേസമയം, ദൈവപ്രീതിക്കെന്ന് പറഞ്ഞ് മൃഗങ്ങളെ കേവലം അറുത്ത് തള്ളാന്‍ വിശുദ്ധ ഇസ്‌ലാം കല്‍പിക്കുന്നില്ലെന്ന് മാത്രമല്ല, അനുവദിക്കുന്നേയില്ല. അറുക്കപ്പെടുന്നതൊക്കെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനാണ് അത് പറയുന്നത്. അറുക്കുന്ന വേളയില്‍ പാലിച്ചിരിക്കേണ്ട മര്യാദകളും വിശുദ്ധ ഇസ്‌ലാം വളരെ കണിശമായി വിവരിക്കുന്നുണ്ട്. ബലി മൃഗത്തിന് വേണ്ടത്ര ആശ്വാസം നല്‍കാനും കത്തി മൂര്‍ച്ചയുള്ളതായിരിക്കാനും അത് പ്രത്യേകം നിര്‍ദ്ദേശിക്കുന്നു. അറവിന് ശേഷമുള്ള അവസാനനിമിഷങ്ങളില്‍ പോലും അതിന് സാധ്യമായ എല്ലാ ആശ്വാസവും ലഭിക്കണമെന്നതിനാലാണ് സ്വതന്ത്രമായി കാലിട്ടടിക്കട്ടെ എന്നും കാലുകള്‍ ബന്ധിക്കരുതെന്നും നിര്‍ദ്ദേശിക്കുന്നത്.
ഒരു മൃഗത്തെ അറുക്കുന്നത് മറ്റു മൃഗങ്ങള്‍ കാണും വിധം ആവരുതെന്നും കത്തി മൂര്‍ച്ച കൂട്ടുന്നത് പോലും മൃഗങ്ങള്‍ കാണാതെ ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നത് മൃഗസ്നേഹത്തിന്റെ സാധ്യമായ എല്ലാ പരിധികളും പാലിക്കുന്നതിന്റെ വ്യക്തമായ തെളിവാണ്. അങ്ങനെ നോക്കുമ്പോള്‍ മാംസഭക്ഷണം അനുവദനീയമാക്കിയതും ബലി ആരാധനയാക്കിയതും കരുണാവാരിധിയായ ദൈവത്തിന്റെ കാരുണ്യത്തിന്റെ മറ്റൊരു മുഖമായേ കാണാനാവൂ. -
Leave A Comment