ഉദ്ഹിയ്യത്ത് ; ഒരു കര്‍മ്മശാസ്ത്ര വായന
മുസ്‌ലിം ലോകം ഇന്ന് സന്തോഷത്തിലാണ്. ഒരു അതിഥിയെ സല്‍ക്കരിക്കുന്ന ഒരുക്കത്തിലുമാണ്. പരിശുദ്ധ റമളാനിന്റെ വിടപറയലിന്ന് ശേഷം ദുല്‍ഹിജ്ജയുടെ നിലാവെളിച്ചം മാനത്ത് കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ടിരിക്കുകയാണ് വിശ്വാസികള്‍. ഇബ്രാഹീമീ സ്മരണകള്‍ വിളിച്ചോതിക്കൊണ്ട് ആഗതമായ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ തിടുക്കത്തില്‍ കഅ്ബക്കരികെ തോളോട് തോള്‍ ചേര്‍ന്ന് ത്വവാഫ് ചെയ്യുന്ന മുസ്‌ലിംകള്‍ ഈയൊരു മാസത്തിന്റെ അലങ്കാരമാണ്. അതിലുപരി ഈയൊരു മാസത്തിന്ന് മാറ്റുകൂട്ടുന്ന മറ്റൊന്നാണ് പരിശുദ്ധമായ ഉള്ഹിയ്യത്ത് കര്‍മ്മം.
ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)ക്കും ഭാര്യ ഹാജറാ ബീവിക്കും ദീര്‍ഘകാല കാത്തിരിപ്പിനുശേഷം അല്ലാഹു കനിഞ്ഞരുളിയ പുന്നാര മകന്‍ ഇസ്മായീല്‍ നബി(അ)യെ ബലിയറുക്കാന്‍ പ്രപഞ്ചനാഥന്‍ അരുളിയപ്പോള്‍ ആ കല്‍പന അനുസരണയോടെ ഇബ്രാഹീം നബി സ്വീകരിച്ചു. കഴുത്തില്‍ കത്തിവെക്കാന്‍ തുനിഞ്ഞപ്പോള്‍ പരീക്ഷണത്തില്‍ വിജയിച്ചെന്ന സന്തോഷവാര്‍ത്ത അല്ലാഹു അറിയിച്ച് കൊടുക്കുകയും പകരം ഒരാടിനെ ബലിയറുക്കാന്‍ കല്‍പ്പിക്കുകയും ചെയ്ത, വിശുദ്ധ സ്മരണ അയവിറക്കിക്കൊണ്ടാണ് ലോകമുസ്‌ലിംകള്‍ ഉള്ഹിയ്യത്തെന്ന പരിശുദ്ധ കര്‍മ്മം നിര്‍വ്വഹിക്കുന്നത്.
ഇവിടെ ചരിത്രവായനയെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അതിന്റെ കര്‍മ്മശാസ്ത്രവായന. കര്‍മ്മശാസ്ത്രം പറയുന്ന രീതിയില്‍ അറുത്താലല്ലാതെ, അതിന്റെ വിധിയില്‍ നല്‍കിയാലല്ലാതെ ഒരാളുടെ ബലികര്‍മ്മവും സ്വീകാര്യമാവുകയില്ല. പലപ്പോഴും വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബലികര്‍മ്മത്തിന്റെ കര്‍മ്മശാസ്ത്ര നിയമങ്ങളിലൂടെയൊരു ചെറിയ വായനയാണ് ലേഖകന്‍ ഇവിടെ ഉദ്ദേശിക്കുന്നത്.
ലക്ഷ്യം
ബലികര്‍മ്മം നിയമമാക്കപ്പെട്ടതിന്റെ പരമപ്രധാനലക്ഷ്യം കേവലം ഒരു മൃഗത്തെ അറുക്കലോ അതിന്റെ രക്തം ഒലിപ്പിക്കലോ മാംസവിതരണം നടത്തലോ അല്ല. മറിച്ച് മനുഷ്യനില്‍ അന്തര്‍ലീനമായിക്കിടക്കുന്ന മൃഗീയസ്വഭാവങ്ങളെ പ്രതീകാത്മകമായി ബലികഴിപ്പിക്കുകയും തുടര്‍ന്നുള്ള ജീവിതരീതികളെ ക്രിയാത്മകമായി പരിവര്‍ത്തനവിധേയമാക്കുകയും ഇലാഹീസ്‌നേഹം കരഗതമാക്കുകയും ചെയ്യുകയാണ് അതിന്റെ ലക്ഷ്യം.
അല്ലാഹു തആല പറയുന്നു: (നിങ്ങള്‍ ബലി അറുക്കുന്ന)മൃഗത്തിന്റെ മാംസമോ രക്തമോ അല്ലാഹുവിന്റെ അടുക്കല്‍ എത്തിച്ചേരുന്നില്ല മറിച്ച് നിങ്ങളുടെ തഖ്‌വയാണ് അവനിങ്കല്‍ എത്തിച്ചേരുന്നത് (ഖുര്‍ആന്‍). അതിനാല്‍ ബലി അറുക്കുന്ന ഓരോ വിശ്വാസിയും തന്റെ ബലികര്‍മ്മത്തിലൂടെ ഇബ്രാഹീം(അ), ഇസ്മാഈല്‍(അ) എന്നീ പ്രവാചക മഹത്തുക്കളുടെ പരിശുദ്ധ ജീവിത സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതത്തെ അനുഗ്രഹപൂര്‍ണമാക്കിത്തീര്‍ക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.
ശ്രേഷ്ഠത
അല്ലാഹു തആല പറയുന്നു : ബലിമൃഗങ്ങളെ അല്ലാഹുവിന്റെ(ദീനിന്റെ) സ്മാരകങ്ങളാക്കിയിരിക്കുന്നു. അതില്‍ നിങ്ങള്‍ക്ക് വലിയ നന്മയുണ്ട് (ഹജ്ജ്-36).
നാം താങ്കള്‍ക്ക് ധാരാളം നന്മ നല്‍കിയിയിരിക്കുന്നു, ആകയാല്‍ താങ്കള്‍ താങ്കളുടെ റബ്ബിന്റെ തൃപ്തിക്കുവേണ്ടി നിസ്‌കരിക്കുകയും, ബലി അറുക്കുകയും ചെയ്യുക (കൗസര്‍-1,2)
ആയിശ(റ) നിവേദനം: റസൂലുല്ലാഹി(സ്വ) അരുളി: ബലി പെരുന്നാള്‍ ദിവസം ബലി അറുക്കുന്നതിനേക്കാള്‍ അല്ലാഹുവിങ്കല്‍ പ്രിയങ്കരമായ മറ്റൊരു കര്‍മ്മവും ഇല്ല. ബലി മൃഗം ഖിയാമത്ത് നാളില്‍ അവയുടെ കൊമ്പുകളും രോമങ്ങളും, സര്‍വ്വ വസ്തുക്കളുമായി ഹാജറാകും.(അവയ്ക്ക് പകരം ഉന്നത പ്രതിഫലം ലഭിക്കുന്നതാണ്).ബലി മൃഗത്തിന്റെ രക്തം ഭൂമിയില്‍ വീഴുന്നതിന് മുമ്പുതന്നെ അല്ലാഹുവിങ്കല്‍ വിശിഷ്ട സ്ഥാനത്ത് എത്തിച്ചേരുന്നതാണ്, ആകയാല്‍ (കൂടുതല്‍ വിലയാകുന്നതില്‍ ബുദ്ധിമുട്ട് വകവെക്കാതെ) സന്തോഷത്തോടെ ബലിയറുക്കുക.(ഇബ്‌നു മാജ, തുര്‍മുദി, ഹാകിം)
ഇബ്‌നു ഉമര്‍(റ) വിവരിക്കുന്നു: റസൂലുല്ലാഹി(സ്വ)ഹിജ്‌റയ്ക്കു ശേഷം മദീനയില്‍ പത്ത് വര്‍ഷം താമസിച്ചു. ഈ പത്ത് വര്‍ഷവും തുടര്‍ച്ചയായി തങ്ങള്‍(സ്വ)ഉദ്ഹിയ നിര്‍വ്വഹിച്ചിരുന്നു.(തിര്‍മുദി)
മര്യാദകള്‍
ഉള്ഹിയ്യത്ത് അറുക്കുമ്പോള്‍ ധാരാളം മര്യാദകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ബലിമൃഗത്തെ സ്വന്തമായി അറുക്കുക, അല്ലെങ്കില്‍ അറുക്കുന്നിടത്ത് ഹാജരാവുക, പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് അറുത്തുകൊടുക്കുക, പകല്‍ സമയത്ത് അറുക്കുക, അറുക്കുന്ന സമയത്ത് ഖിബ്‌ലക്ക് നേരെ തിരിയുക, അറുക്കുമ്പോള്‍ ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്ന് പറയുക, ബിസ്മിയും തക്ബീറും പറഞ്ഞതിന് ശേഷം അല്ലാഹുമ്മ മിന്‍ക വഇലയ്ക ഫതഖബ്ബല്‍ മിന്നീ(അല്ലാഹുവേ, ഇത് നീ നല്‍കിയ അനുഗ്രഹമാണ്. ഇത് നിന്റെ മുമ്പില്‍ തന്നെ സമര്‍പ്പിക്കുകയാണ്, നീ ഇതിനെ സ്വീകരിക്കേണമേ) എന്ന് പ്രാര്‍ത്ഥിക്കുക.
ബലിമൃഗത്തെ കാണുമ്പോഴും അതിന്റെ ശബ്ദം കേള്‍ക്കുമ്പോഴും തക്ബീര്‍ ചൊല്ലുക എന്നിവയെല്ലാം സുന്നത്താണ്. ഉള്ഹിയ്യത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ അറുക്കുന്നത് വരെ നഖം, മുടി എന്നിവ നീക്കം ചെയ്യരുത്. ഉമ്മുസലമ(റ)പറയുന്നു : ദുല്‍ഹജ്ജിന്റെ ആദ്യ പത്ത് ആരംഭിച്ചാല്‍ നിങ്ങളില്‍ ബലി ഉദ്ദേശിക്കുന്നവര്‍ ബലി അറുക്കുന്നത് വരെ മുടിയും നഖവും മുറിക്കാതിരുന്നുകൊള്ളട്ടെ(മുസ്‌ലിം, ഇബ്‌നു മാജ).ബലി മൃഗത്തെ നന്നായി ഭക്ഷണം കൊടുത്ത് പുഷ്ടിപ്പെടുത്തല്‍ അതിനെ ആദരിക്കുന്നതിന്റെ ഭാഗമാണ്.
ഉള്ഹിയ്യത്ത് മൃഗങ്ങള്‍
അഞ്ച് വയസ്സ് പൂര്‍ത്തിയായ ഒട്ടകം, രണ്ട് വയസ്സ് പൂര്‍ത്തിയായ കാള, പശു, എരുമ, പോത്ത്, കോലാട്, ഒരു വയസ്സ് പൂര്‍ത്തിയാവുകയോ ആറു മാസത്തിനുശേഷം പല്ല് കൊഴിയുകയോ ചെയ്ത നെയ്യാട് എന്നിവയാണ് ബലി മൃഗങ്ങള്‍. നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ആട് കോലാടാണ്. അതിന് രണ്ട് വയസ്സ് പൂര്‍ത്തിയാകണം.(തുഹ്ഫ,9/348). കളര്‍ പരിഗണിക്കുമ്പോള്‍ വെളുപ്പ്, മഞ്ഞ മങ്ങിയ വെള്ള, ചുവന്നത്, ചുവപ്പും വെളുപ്പും കലര്‍ന്നത് എന്നീ ക്രമപ്രകാരമുള്ള സ്ഥാനങ്ങളാണ്.
മൃഗത്തിന്റെ നിബന്ധനകള്‍
ഉള്ഹിയ്യത്ത് മൃഗത്തിന്റെ മാംസം ചുരുക്കുകയോ മോശമാക്കുകയോ ചെയ്യുന്ന ന്യൂനതകള്‍ ഉണ്ടാകരുത്. മാംസത്തെ പ്രതികൂലമായി ബാധിക്കുന്നതോ, തടി ക്ഷയിപ്പിക്കുന്നതോ ആയ രോഗം, ചൊറി മുറിവ് വ്യക്തമായ മുടന്ത്, കാഴ്ചയില്ലായ്മ, കണ്ണ് നഷ്ടപ്പെടുക, കൂടുതല്‍ മെലിഞ്ഞ് മജ്ജയും പുഷ്ടിയും ചുരുങ്ങുക, ചെവി, നാവ്, വാല്‍, അകിട് എന്നിവ പൂര്‍ണ്ണമായോ ഭാഗികമായോ മുറിയുക, ഒരവയവം ഇല്ലാതിരിക്കുക, ഗര്‍ഭം ഉണ്ടാകുക, തീറ്റയെ പ്രതികൂലമായി ബാധിക്കും വിധത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ പല്ല് പൊട്ടുകയോ കൊഴിയുകയോ ചെയ്യുക, ചെവി ഇല്ലാതാകുക, തുടങ്ങി ന്യൂനതകളിലേതെങ്കിലുമൊന്ന് ഉദ്ഹിയ്യത്ത് മൃഗത്തിനുണ്ടായാല്‍ അത് ബലിദാനത്തിന് മതിയാവില്ല.(തുഹ്ഫ 9/351-353)
ഉള്ഹിയ്യത്തിലെ പങ്കാളിത്തം
ഒട്ടകത്തിലും മാടിലും ഏഴുപേര്‍ക്ക് പങ്കാളികളാകാം.ഇങ്ങനെ പങ്ക് ചേര്‍ന്ന് അറുക്കുമ്പോള്‍ ഓരോ വ്യക്തിയുടെയും കണക്കില്‍ ഏറ്റവും ചുരുങ്ങിയത് ഏഴിലൊന്ന് ഉണ്ടാകേണ്ടതാണ്.എട്ട്‌പേര്‍ ചേര്‍ന്ന് ഒരു മാട് വര്‍ഗത്തില്‍ പെട്ടതിനെ അറുത്താല്‍ അത് ഒരാളെത്തൊട്ടും ഉള്ഹിയ്യത്തായി പരിഗണിക്കില്ല.കാരണം, ഓരോ വ്യക്തിയുടെയും വിഹിതം മൃഗത്തിന്റെ എട്ടില്‍ ഒന്ന് മുതല്‍ മാത്രമായി.അതു പറ്റില്ല.14 പേര്‍ ചേര്‍ന്ന് രണ്ട് മാടിനെ അറുത്താലും പരിഗണിക്കില്ല കാരണം ഈ പതിനാലുപേര്‍ക്കും രണ്ടു മൃഗങ്ങളുടെ ഏഴിലൊന്നേ ലഭിക്കുകയുളളൂ. അപ്പോള്‍ ഒരു മൃഗത്തിന്റെ പതിനാലിലൊന്നേ ഓരോ വ്യക്തിക്കും ലഭിക്കുകയുള്ളൂ. അതും അംഗീകൃതമല്ല.
ഏഴുപേര്‍ ചേര്‍ന്ന് ഒരംഗീകൃത മൃഗത്തെ അറുക്കുമ്പോള്‍ ഓരോരുത്തരും നല്‍കുന്ന സംഖ്യ ആ മൃഗത്തിന്റെ ഏഴിലൊന്നിനോട് തുല്യമാകണം.ഓരോരുത്തരുടെയും വിഹിതം ഓരോ ഉള്ഹിയ്യത്തിന്റെ സ്ഥാനത്താണ്.ഓരോ വ്യക്തിയുടെയും വിഹിതത്തില്‍ നിന്നും അല്‍പം സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്.ഏഴില്‍ ഒരാള്‍ മാത്രം തന്റെ ഓഹരിയില്‍ നിന്ന് ഏല്ലാവര്‍ക്കും വേണ്ടി വിഹിതം ചെയ്താല്‍ മതിയാകില്ല.
നിയ്യത്ത്
അറവ് നടത്തുന്ന വേളിയിലോ ആ ജീവിയെ അതിനുവേണ്ടി നീക്കിവെക്കുമ്പോഴോ അറവ് നടത്താന്‍ മറ്റൊരാളെ ഏല്‍പ്പിക്കുമ്പോഴോ നിയ്യത്ത് ചെയ്യാം.നിയ്യത്ത്, മാംസവിതരണം, അറവ് എന്നിവയൊന്നും സ്വന്തം ചെയ്യുന്നില്ലെങ്കില്‍ ഇക്കാര്യമെല്ലാം മറ്റൊരാളെ ചുമതലതപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഉള്ഹിയ്യത്ത് സാധുവാകില്ല. ഞാന്‍ സുന്നത്തായ ഉള്ഹിയ്യത്ത് അറുക്കുന്നുവെന്ന് കരുതിയാല്‍ മതി.
അറുക്കേണ്ട സമയം
ബലി പെരുന്നാള്‍ ദിവസത്തെ സൂര്യന്‍ ഉദിച്ച് ചുരുങ്ങിയ രണ്ട് റക്അത്ത് നിസ്‌കാരത്തിന്റെയും രണ്ട് ഖുതുബയുടെയും സമയം കഴിയുന്നതോടു കൂടി ഉള്ഹിയ്യത്തിന്റെ സമയം പ്രവേശിക്കും. സുര്യന്‍ ഉദിച്ച് ഇരുപത് മിനുട്ട് കഴിഞ്ഞ ശേഷം നിസ്‌കാരത്തിന്റെയും ഖുതുബയുടെയും സമയം കഴിഞ്ഞ് അറുക്കലാണ് ഏറ്റവും പുണ്യം.അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിവസത്തെ സൂര്യന്‍ അസ്തമിക്കുന്നത് വരെ ഉള്ഹിയ്യത്തിന് സമയമുണ്ട്. ബലി പെരുന്നാള്‍ ദിവസം തന്നെ അറവ് നടത്തലാണ് കൂടുതല്‍ പുണ്യം.
നേര്‍ച്ച
ഉള്ഹിയ്യത്ത് നേര്‍ച്ചയാക്കിയാല്‍ അത് നിര്‍ബന്ധമാകും.അതിന്റെ മാംസം മുഴുവനും സകാത്തിന്റെ അവകാശികളായ ഫകീര്‍, മിസ്‌കീന്‍, എന്നിവര്‍ക്ക് നല്‍കണം. തോലോ, ഇറച്ചിയോ ഒന്നും തന്നെ സ്വന്തത്തിനു വേണ്ടിയോ താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കു വേണ്ടിയോ എടുക്കാവതല്ല.
തോലു വില്‍പ്പന
ഉള്ഹിയ്യത്തിന്റെ തോല്‍ സുന്നത്തായ ഉള്ഹിയ്യത്താണെങ്കില്‍ ഉടമക്കും അനന്തരവകാശികള്‍ക്കും ഉപയോഗിക്കാം എന്നല്ലാതെ അത് വില്‍പ്പന നടത്തല്‍ ഉടമക്കും അനന്തരവകാശികള്‍ക്കും ഹറാമാണ്. നേര്‍ച്ചയാക്കപ്പെട്ട ഉള്ഹിയ്യത്താണെങ്കില്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കല്‍ പോലും നിഷിദ്ധമാണ്.
ഉള്ഹിയ്യത്തിന്റെ തോല്‍ വിറ്റോ ലേലം ചെയ്‌തോ കിട്ടിയ കാശ് സ്വദഖ ചെയ്താലും കുറ്റത്തില്‍ നിന്നും ഒഴിവാകില്ല. കാരണം തോല്‍ വില്‍ക്കുക എന്ന ഹറാം അവന്‍ ചെയ്തു. ഉള്ഹിയ്യത്തിന്റെ തോലോ മാംസമോ അമുസ്‌ലിംകള്‍ക്ക് നല്‍കാവുന്നതല്ല. ഉള്ഹിയ്യത്തിന്റെ ഉദ്ദേശ്യം മുസ്‌ലിംകള്‍ക്ക് മാര്‍ദ്ദവം ചെയ്യലാണ്.(തുഹ്ഫ 9/363). തോല്‍ പാവങ്ങള്‍ക്ക് സ്വദഖ ചെയ്യുകയാണ് വേണ്ടത്. അവര്‍ക്കത് വില്‍ക്കുകയോ മറ്റോ ആവാം.
Leave A Comment