ഇന്ത്യയുടെ വീണ്ടെടുപ്പ്: വൈകിയാൽ ഉണരേണ്ടി വരില്ല
വിവരാവകാശ നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള മോദി സർക്കാറിന്റെ ബിൽ പാർലമെൻറിൽ അവതരിപ്പിച്ചപ്പോൾ അതിനെ എതിർത്തു കേരള എംപി എൻ കെ പ്രേമചന്ദ്രൻ നടത്തിയ പ്രസംഗം സൃഷ്ടിച്ച കോരിത്തരിപ്പിൽ നിന്ന് പലർക്കും അത്ര വേഗം മോചനം നേടാൻ കഴിയില്ല. അത്ര ശക്തവും വ്യക്തവും വ്യതിരിക്തവ്യമായിരുന്നു ആ പ്രസംഗം.
കഴിഞ്ഞ കുറച്ചു കാലമായി പ്രേമചന്ദ്രൻ അടക്കമുള്ള അപൂർവം ചിലർ പാർലമെൻറിൽ നടത്തുന്ന യുക്തിഭദ്രവും വസ്തുനിഷ്ഠവുമായ ഇടപെടലുകൾ മതേതര വിശ്വാസികളിൽ വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമാണ് നൽകുന്നതെന്ന കാര്യവും ഇവിടെ കുറിക്കേണ്ടതുണ്ട്. ഏകപക്ഷീയ നീക്കങ്ങളും ഒളിയജണ്ടകൾക്കൊത്ത് പുറം മിനുക്കിയ നിയമങ്ങളും നിയമ ഭേദഗതികളുമായി മോദി സർക്കാർ പുതിയ ഇന്ത്യയിലേക്കുള്ള പ്രയാണം ത്വരിതപ്പെടുത്തുമ്പോൾ ചില കൊച്ചു കൊച്ചു സംഘടനകളും അവയുടെ വലിയ നേതാക്കളും നടത്തുന്ന എതിർ നീക്കങ്ങൾ ഖിന്നരും ഭഗ്നാശ രുമായ ജനങ്ങളുടെ മനസ്സിൽ വലിയ ആശ്വാസവും ആവേശവുമാണ് സൃഷ്ടിക്കുന്നത്.
ശരിക്കും ബില്ലിനെ എടുത്തിട്ട് കുടയുകയായിരുന്നു, അദ്ദേഹം. ഭരണ ബഞ്ചിലെ മേലാളൻമാരുടെ മുഖത്ത് നോക്കി അദ്ദേഹം നടത്തിയ വിമർശന ശരങ്ങൾ അവരുടെ നെഞ്ചിൽ ആഞ്ഞു തറയ്ക്കുന്നതായിരുന്നു. അത് നിഷ്ഫലമാണെന്നറിഞ്ഞുകൊണ്ട് തന്നെ ആ വാക്കുകളെ, അതിന്റെ പിന്നിലെ വികാരത്തെ മാനിക്കാതിരിക്കാനാവില്ല. ഭേദഗതിക്ക് പിന്നിലെ ദുഷ്ടലാക്കിന് മുകളിൽ അവർ എടുത്തണിഞ്ഞ മുഖം മൂടിയെ അദ്ദേഹം പിച്ചിച്ചീന്തി സഭയുടെ നടുത്തളത്തിലിട്ടു.
ഈ ബിൽ ഭരണഘടനാവിരുദ്ധവും അവതരിപ്പിച്ച രീതി പാർലമെൻറിന്റെ അന്ത:സത്തയ്ക്ക് നിരക്കാത്തതും സുപ്രിം കോടതിയുടെ വിവിധ ഓർഡറുകൾക്ക് വിരുദ്ധവുമാണെന്ന് എത്ര തൻമയത്വത്തോടെയാണദ്ദേഹം സമർത്ഥിച്ചത്! പാർലിമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളിലൊന്നായാണ് ഇതവതരിപ്പിച്ച ദിവസത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
തങ്ങൾക്ക് ഭാവിയിൽ സ്വഛമായി, സ്വതന്ത്രമായി സ്വന്തം ഇംഗിതത്തിനും അഭീഷ്ടത്തിനുമൊത്ത് ഭരിക്കുന്നതിനും തങ്ങളുടെ അജണ്ടകൾ ഒന്നൊന്നായി നടപ്പിലാക്കുന്നതിനും വിഘാതമാകാൻ വിദൂര സാധ്യത പോലുമുള്ള നിയമങ്ങൾ മാറ്റി മറിക്കാനും സാഹചര്യം അനുകൂലമാക്കാനും ഉള്ള തത്രപ്പാടിലാണവർ. നിരവധി നിയമലംഘനങ്ങളും വഴിവിട്ട നീക്കങ്ങളും നടത്തിയെന്ന ആരോപണങ്ങളിലൂടെ കുപ്രസിദ്ധനായ, സ്വന്തം കുടുംബത്തിന്റെയും പാർട്ടിയുടെയും നേട്ടങ്ങൾക്ക് വേണ്ടി എത്ര വൃത്തികെട്ട അടവും ആകാമെന്ന് വിശ്വസിക്കുന്നതായി പൊതുവേ കരുതപ്പെടുന്ന, കുടില ഹൃദയനും കുശാഗ്രബുദ്ധിയുമായ ഒരാൾ ആഭ്യന്തര മന്ത്രിയുടെ കസേരയിലിരുന്ന് രാജ്യത്തിെന്റെ നിയമ വ്യവസ്ഥയുടെ ഊടും പാവും നെയ്യുമ്പോൾ ഈ വന്നതൊന്നും അത്ര അസ്വാഭാവികമല്ല. ഇനി വരാനിരിക്കുന്നത് എത്ര ആപത്കരവും ഇന്ത്യയുടെ പരമ്പരാഗത കെട്ടുറപ്പിന് എത്രമാത്രം ഹാനികരവുമായിരിക്കുമെന്നേ ആശങ്കപ്പെടേണ്ടതുള്ളു.
എൻ ഐ എ യിൽ അവർ ഇഛിക്കുന്ന മാറ്റങ്ങൾ കൊണ്ട് വന്നു. യു എ പി എ വീണ്ടും പൂർവാധികം ശക്തിയോടെ തിരിച്ചു വരുന്നു. വിവരാവകാശ നിയമത്തിന്റെ അലകും പിടിയും മാറ്റി. പത്ര-മാധ്യമങ്ങളുടെ ആവിഷ്കാരസ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നിയമങ്ങൾ ഇനിയും കൊണ്ടു വന്നിട്ടില്ലെങ്കിലും ഇപ്പോൾ തന്നെ ഏതാണ്ടൊക്കെയെല്ലാം ഭദ്രമാണ്. ഭരിക്കുന്നവർക്ക് ഹിതകരമല്ലാത്തതൊന്നും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാതിരിക്കാനുള്ള നീക്കങ്ങൾ ഇപ്പോൾ തന്നെ സജീവമാണ്. ഒരു ഭാഗത്ത് കടുത്ത ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഭരിക്കുന്നവരുടെ നീരസം നേടിയാൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭയം പലർക്കുമുണ്ട്. അല്ലാത്തവരെ പ്രീണിപ്പിക്കാനുള്ള വകകളും അവരുടെ കയ്യിലുണ്ട്. ആടുകൾക്ക് പച്ചിലയെന്ന പോലെ ഭരണത്തിന്റെ നക്കാപിച്ചകൾ കാട്ടി നല്ലൊരു വിഭാഗത്തെ അടക്കി നിർത്താം. ഇതിലൊന്നും വഴങ്ങാത്തവരെ നിയമ നടപടികളുടെ വജ്രായുധം കാട്ടി നിലയ്ക്ക് നിർത്താം.
ഇനിയും ഒരു വിഭാഗത്തെ വേട്ടയാടുന്നത് കടുത്ത നിസ്സംഗതയും നിരാശാ ബോധവുമാണ്. എന്ത് ചെയ്തിട്ടെന്താ? എതിർ നീക്കങ്ങളെല്ലാം നിഷ്ഫലമാവില്ലേ? അവർക്ക് ലഭ്യമായ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ചു എന്തും നടപ്പാക്കാൻ സർക്കാറിന് കഴിയും. നാം എത്ര മുറവിളി കൂട്ടിയിട്ടും കാര്യമുണ്ടാവില്ല. അങ്ങനെ അവരും മൗനികകളാകാൻ വിധിക്കപ്പെട്ടവരാണ്.
ഇന്ന് പാർലമെന്റിൽ നടക്കുന്ന കാര്യങ്ങൾ പലതും ഇന്ത്യയിൽ ജനാധിപത്യത്തിന്റെ ഭാവിയിൽ പ്രതീക്ഷയർപ്പിച്ചു കാത്തിരിക്കുന്നവരെയെല്ലാം നിരാശപ്പെടുത്തുന്ന തരത്തിലുള്ളതാണ്. തങ്ങൾക്കുളള ഭൂരിപക്ഷം ഉപയോഗിച്ചു പല ബില്ലുകളും അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെയാണ് സർക്കാർ പാസാക്കിയെടുക്കുന്നത്. രാജ്യസഭയിൽ ഇപ്പോൾ അൽപ്പം ഞെരുക്കമുണ്ടെങ്കിലും അടുത്ത് തന്നെ അത് മറികടക്കാമെന്ന പ്രതീക്ഷയിലാണവർ. അതിനനുകൂലമായ സാഹചര്യം വിവിധ സംസ്ഥാനങ്ങളിൽ രൂപപ്പെട്ടു കഴിഞ്ഞു. അവിടെയും ഭൂരിപക്ഷം ഉറപ്പാക്കുന്നതോടെ എന്തും ആകാമെന്ന ധൈര്യം അവർക്കുണ്ട്.
മുത്വലാഖ് ബിൽ പാസാക്കിയ രീതി നാം കണ്ടു. ആ വിഷയത്തിൽ അവർ കാണിക്കുന്ന ധൃതിയും എടുത്തു ചാട്ടവും എന്ത് ലക്ഷ്യം വച്ചുള്ളതാണെന്നും എല്ലാവർക്കും അറിയാം. അത് പോലെ മറ്റു ബില്ലുകളിൽ പലതും പ്രത്യക്ഷത്തിലോ പരോക്ഷമായോ ചില പ്രത്യേക വിഭാഗങ്ങളെയാണ് പ്രധാനമായും ഉന്നം വയ്ക്കുന്നതെന്ന് മനസിലാക്കാൻ വലിയ ഗവേഷണമൊന്നും ആവശ്യമില്ല.
തങ്ങളുടെ കൂടെയുള്ളവരെല്ലാം രാജ്യ സ്നേഹികളും തങ്ങളുടെ നടപടികളെ എതിർക്കുന്നവർ രാജ്യദ്രോഹികളും എന്ന കാഴ്ചപ്പാട് പൊതു തത്വമായി മാറിയത് പോലെയാണ് കാര്യങ്ങളുടെ പോക്ക്. കഴിഞ്ഞ ദിവസം രാജ്യത്തെ 49 പ്രമുഖ വ്യക്തികൾ ഒപ്പിട്ടു പ്രധാനമന്ത്രിക്കയച്ച കത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഭരണാധികാരികളെയോ അവരുടെ പാർട്ടി നയങ്ങളെയോ വിമർശിക്കുന്നത് ദേശവിരുദ്ധവും രാജ്യദ്രോഹപരവുമാകുന്നത് ഭരിക്കുന്ന കക്ഷി രാജ്യത്തിന്റെ പര്യായമായി മാറുമ്പോഴാണ്. ദൗർഭാഗ്യവശാൽ അങ്ങനെയാണ് ഭരണരംഗത്തുള്ള പലരും തെറ്റിദ്ധരിച്ചിട്ടുള്ളതെന്ന് തോന്നുന്നു. എൻഐഎ ബിൽ അവതരണ വേളയിൽ ആഭ്യന്തര മന്ത്രി അടക്കമുള്ളവർ നാത്തിയ നിരീക്ഷണം അതിന്റെ സൂചനയാണ്.
ഇറാഖിനെതിരെ പൊരുതുന്ന വേളയിൽ അന്നത്തെ അമേരിക്കൻ പ്രസിഡൻറ് ജോർജ് ബുഷ് നടത്തിയ പ്രസ്താവന ലോകത്ത് ചെലുത്തിയ സ്വാധീനം നാം കണ്ടതാണ്. ലോകരാജ്യങ്ങൾ ഒന്നോ ഞങ്ങളുടെ കൂടെ, അല്ലെങ്കിൽ ഞങ്ങൾക്കെതിരെ എന്ന നിലയിലാണദ്ദേഹം തരം തിരിച്ചത്. കൽപ്പിതവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങളുടെ പുറത്താണ് അന്ന് ഇറാഖിനെതിരിൽ നടപടി സ്വീകരിച്ചതെന്ന് പിന്നീട് കാലം തെളിയിച്ചു. പക്ഷെ, അന്ന് നഷ്ടപ്പെട്ടതൊന്നും പിന്നീട് തിരിച്ചെടുക്കാവുന്നതായിരുന്നില്ല. അണികളുടെ തെറ്റുകൾ തിരുത്തുക എളുപ്പമാണ്. നേതാക്കളുടെ തെറ്റുകൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്ക് അനുഭവിച്ചു തീർക്കുക മാത്രമേ വഴിയുള്ളൂ.
ഇപ്പോൾ സംഘ് പരിവാർ ശക്തികൾ ഇന്ത്യയിലെ സാധാരണക്കാരുടെ മനസിൽ കുടിയിരുത്താൻ ശ്രമിക്കുന്ന ചിന്തയും അത്തരത്തിലുള്ളതാണ്. ഞാനാണ് രാജ്യമെന്ന് ഫ്രാൻസിലെ ലൂയിസ് പതിനാലാമൻ പറഞ്ഞത് പോലെ ഞങ്ങളാണ് രാജ്യം എന്ന ധാർഷ്ട്യത്തിലാണവർ. അതിനെതിരിൽ നടക്കുന്ന ചെറിയ നീക്കം പോലെ വച്ചുപൊറുപ്പിക്കാനാവാത്ത വിധം ജനമനസ്സുകളിൽ സാമുദായിക -ദേശീയ ഭ്രമം അവർ വളർത്തിയെടുത്തു. അതിന്റെ സ്വാഭാവിക പരിണാമമാണ് ആൾക്കൂട്ട കൊലപാതകങ്ങളിലും എതിർക്കുന്നവർക്കെതിരെ അവർ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയിലും തെളിഞ്ഞു നിൽക്കുന്നത്.
രാജ്യത്തിന്റെ ഇന്നത്തെ ദുസ്ഥിതിയിൽ ഉൽകണ്ഠ പ്രകടിപ്പിച്ചു പ്രധാന മന്ത്രിക്കയച്ച കത്തിൽ ഒപ്പു വച്ച പല ഹൈന്ദവ സുഹൃത്തുക്കളും ഇന്ന് സംഘ് പരിവാർ ശക്തി കളിൽ നിന്ന് ഭീഷണി നേരിടുകയാണ്. അവരൊന്നും ഈ രാജ്യത്ത് ജീവിക്കാൻ അർഹരല്ലത്രെ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഇവരെല്ലാം ജയ് ശ്രീരാം വിളിക്കെതിരാണെന്ന് പ്രചരിപ്പിക്കാനാണ് ശ്രമം. മുമ്പൊക്കെ പാക്കിസ്ഥാനിലേക്ക് വൺവെ ടിക്കറ്റ് ഓഫർ ചെയ്തിരുന്നവർ ഇപ്പോൾ അത്തരക്കാരെ അന്യഗ്രഹത്തിലേക്കു നാടുകടത്താനുള്ള തിടുക്കത്തിലാണ്.
ഇതൊന്നും ഇവരിൽ പെട്ട ഏതെങ്കിലും പാർട്ടി അണികളുടെ വികാരപ്രകടനമായി മാത്രം കരുതി അവഗണിക്കാമായിരുന്നു. പക്ഷെ, കാര്യം അങ്ങനെയല്ലെന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പൗരത്വ വിവാദങ്ങളും ഇപ്പോൾ പാർലമെന്റിൽ ചുട്ടെടുത്തു കൊണ്ടിരിക്കുന്ന ബില്ലുകളും രാജ്യസ്നേഹികളെ ബോധ്യപ്പെടുത്തുയാണ്. ആർ എസ് എസ് സൈദ്ധാന്തികർ വരച്ചു കൊടുത്ത രേഖയിലൂടെയാണ് കേന്ദ്ര ഭരണം അഭംഗുരം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷതയും മാത്രമല്ല; ജനാധിപത്യ സംവിധാനം പോലും അപകട മണിമുഴക്കുകയാണ്.
സന്ദർഭത്തിന്റെ ഗുരുതരാവസ്ഥ കണ്ടറിഞ്ഞു, സഹസ്രാബ്ധങ്ങളുടെ പാരമ്പര്യവും പൈതൃകവുമുള്ള ഇന്ത്യയുടെ വീണ്ടെടുപ്പിന് ബന്ധപ്പെട്ടവർ ഉണർന്നു പ്രവർത്തിക്കാൻ മുന്നോട്ടു വന്നാൽ രക്ഷപ്പെട്ടേക്കാം. ഇല്ലെങ്കിൽ പിന്നെ ഉണരേണ്ടി വരില്ല
Leave A Comment