മാന്‍സ മൂസ: ലോകം കണ്ട അതിസമ്പന്നന്‍റെ കഥ
മധ്യ കാലഘട്ട ചരിത്രം ഇസ്ലാമിന്‍റെ സുവര്‍ണ കാലമായാണ് കണക്കാക്കപ്പെടുന്നത്. ഇക്കാലത്ത് ജീവിച്ച ഒരു മുസ്ലിം ഭരണാധികാരിയെയാണ് ലോകം കണ്ട ഏറ്റവും വലിയ പണക്കാരനാരനായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മാലി രാജാവായ മാനു മൂസയാണ് ഈ വ്യക്തി. കെയ്റ്റ രാജവംശത്തില്‍ 1280ലാണ് മൂസ ജനിക്കുന്നത്. യൂണിവേര്‍സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്‍റ് അസോസിയേറ്റ് പ്രഫസറായ റുഡോള്‍ഫ് ബുച് പറയുന്നതതുസരിച്ച് മൂസയുടെ സമ്പത്ത് ആധുനിക കാലത്തെ അളവ് കോലനുസരിച്ച് കണക്കാക്കാന്‍ അസാധ്യമാണെന്നാണ്. വിശദീകരിക്കാന്‍ കഴിയാത്ത വിധമുള്ള അളവറ്റ സമ്പത്തിന്‍റെ ഉടമയായിരുന്നു ഈ ഭരണാധികാരിയെന്ന് ചുരുക്കി പറയാം. 2019 ഫോബസ് മാസികയുടെ കണക്കനുസരിച്ച് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസാണ് ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍. 131 ശതകോടി ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി. എന്നാല്‍ മാന്‍സ മൂസയുടെ സമ്പത്തുമായി താരതമ്യം ചെയ്യുമ്പോള്‍ ജെഫ് ബെസോസ് ഒന്നുമല്ലെന്ന് കാണാനാവും.
മൂസക്ക് മുമ്പ് മാലിയുടെ ഭരണാധികാരി അദ്ദേഹത്തിന്‍റെ തന്നെ സഹോദരനായിരുന്നു. 2000 കപ്പലുകളും നിറയെ ആളുകളുമായി അറ്റ്ലാന്‍റിക് മഹാ സമുദ്രത്തില്‍ പര്യവേക്ഷണത്തിന് അദ്ദേഹം പുറപ്പെട്ടതോടെയാണ് മൂസ സിംഹാസനത്തിനര്‍ഹനാകുന്നത്.
മൂസ ധീരനായ ഒരു യോദ്ധാവായിരുന്നു. 25 വര്‍ഷം നീണ്ട് നിന്ന ഭരണ കാലത്ത് 24 പുതിയ നഗരങ്ങള്‍ അദ്ദേഹം കീഴടക്കി. അക്കാലത്തെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളായിരുന്നു ഇവയെല്ലാം. നൈജര്‍ നദിക്കരികിലുള്ള ഗാവോയുടെ തലസ്ഥാനമായിരുന്നു സോങ്ഹായ് നഗരം ഇത്തരത്തിലുള്ള ഒന്നായിരുന്നു. പശ്ചിമാഫ്രിക്കയിലെ പുരാതന കച്ചവട കേന്ദ്രം കൂടിയായിരുന്നു ഈ നഗരം.
അളവറ്റ ഈ സമ്പത്തിന്‍റെയെല്ലാം ഉറവിടം മാലിയിലെ സ്വര്‍ണ കൂമ്പാരങ്ങളായിരുന്നു. ഭരണത്തിലിരിക്കുന്ന കാലഘട്ടത്തില്‍ സ്വര്‍ണ ശേഖരങ്ങളുടെ പകുതിയിലധികവും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലായിരുന്നു. അദ്ദേഹം കീഴടക്കിയ നഗരങ്ങളെല്ലാം തന്നെ അറ്റ്ലാന്‍റിക് മഹാ സമുദ്ര തീരത്തായിരുന്നതിനാല്‍ അവയെല്ലാം വലിയ കച്ചവട കേന്ദ്രങ്ങള്‍ കൂടിയായിരുന്നു.
വലിയ മതഭക്തനായ ഭരണാധികാരിയായിരുന്ന മൂസ തന്‍റെ സമ്പത്തിന്‍റെ ഗണ്യഭാഗവും ചെലവഴിച്ചത് പശ്ചിമാഫ്രിക്കയില്‍ ഇസ്ലാമിക പ്രബോധനം ചെയ്യാനായിരുന്നു. ഓരോ വെള്ളിയാഴ്ചയും ഓരോ പള്ളികള്‍ നിര്‍മ്മിക്കുന്ന അദ്ദേഹത്തിന്‍റെ പതിവ് ഏറെ പ്രശസ്തമായിരുന്നു. 1324 ല്‍ അദ്ദേഹം തീര്‍ഥാടനത്തിനായി മക്കയിലേക്ക് നടത്തിയ യാത്ര ഏറെ സംഭവബഹുലമായിരുന്നു. ആ യാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കാനുണ്ടായിരുന്നത് 60000 ആളുകളും 12000 അടിമകളുമായിരുന്നു. കൂടാതെ മന്ത്രിമാരും സൈനികരും പൊതുജനങ്ങളുമടക്കം അതൊരു മഹാ സംഘം തന്നെയായിരുന്നു. സംഘത്തിലെ അടിമകള്‍ പോലും പട്ടു വസ്ത്രങ്ങളും സ്വര്ണാഭരണങ്ങളും ധരിച്ചിരുന്നു. സംഘത്തോടൊപ്പമുണ്ടായിരുന്ന 80 ഒട്ടകങ്ങളിലോരോന്നും 23 മുതല്‍ 136 കി.ഗ്രാം വരെയുള്ള സ്വര്‍ണ പൊടികള്‍ വഹിച്ചിരുന്നു. വഴിയില്‍ കണ്ട് മുട്ടിയ ആരോയും മൂസ നിരാശനാക്കിയില്ല. അവര്‍ക്കെല്ലാവര്‍ക്കും സ്വര്‍ണം ദാനമായി നല്‍കി. മദീനയിലും കൈറോയിലുമെല്ലാം സ്വര്‍ണം കൊണ്ട് ഗ്രന്ഥങ്ങള്‍ അദ്ദേഹം വാങ്ങിക്കൂട്ടി.
അദ്ദേഹം മക്കയില്‍ പോയിരുന്നത് ഹജ്ജിന് മാത്രമായിരുന്നില്ല. മറിച്ച് തിരികെ വരുമ്പോള്‍ തന്‍റെ കൂടെ അഹ്ലുബൈത്ത് അംഗങ്ങളെയും പണ്ഡിതരെയും തന്‍റെ കൂടെ കൂട്ടി. പശ്ചിമാഫ്രിക്കയില്‍ ഇസ്ലാമിക പ്രബോധനം ത്വരിതഗതിയിലാക്കാനായിരുന്നു ഇത്.
1324 ല്‍ ഈജിപ്തിലെ മമ്ലൂക്ക് സുല്‍ത്താനായ അല്‍ നാസിര്‍ മുഹമ്മദിനെ സന്ദര്‍ശിക്കുകയും കച്ചവട സംബന്ധമായി നിരവധി കരാറുകള്‍ ഒപ്പ് വെക്കുകയും ടണ്‍ കണക്കിന് സ്വര്‍ണം അദ്ദേഹത്തിന് സമ്മാനമായി നല്‍കുകയും ചെയ്തു.
പക്ഷേ ഉദാരമായ അദ്ദേഹത്തിന്‍റെ സമീപനം രാജ്യത്തെ സാമ്പത്തിക രംഗം ക്ഷയിപ്പിച്ചു. കൈറോയിലെ മൂന്ന് മാസത്തെ വാസത്തിനിടയില്‍ അദ്ദേഹം വിതരണം ചെയ്ത സ്വര്‍ണം കാരണം സ്വര്‍ണ വില തന്നെ ഇടിഞ്ഞു. പിന്നീട് ഒരു പതിറ്റാണ്ടു കാലം ഇതേ സ്ഥിതി നിലനിന്നിരുന്നു.
വെറുമൊരു ഉദാരമതി എന്നതില്‍ കവിഞ്ഞ് വലിയ ബുദ്ധിമാന്‍ കൂടിയായിരുന്നു ഇത്. അദ്ദേഹം തന്‍റെ രാജ്യത്ത് നിരവധി മദ്റസകളും പള്ളികളും പ്രത്യേകിച്ച് തിമ്പുക്ടു ഗാവോ നഗരങ്ങളില്‍ അദ്ദേഹം നിര്‍മ്മിച്ചു. ഇസ്ലാമികാദ്ധ്യാപനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാനായിരുന്നു ഇത്. പ്രസിദ്ധമായ സാന്‍കോര്‍ മദ്റസ, സാന്‍കോര്‍ സര്‍വ്വകലാശാല ഇദ്ദേഹമാണ് നിര്‍മ്മിച്ചത്.
തിമ്പുക്ടു നഗരത്തെ പശ്ചിമാഫ്രിക്കയിലെ ഇസ്ലാമിക വിജ്ഞാനത്തിന്‍റെ കേന്ദ്രസ്ഥാനത്തെത്തിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. മാലിയിലെ ഈ അഭിവൃദ്ധിയുടെ കഥ ആഫ്രിക്കയുടെയും പശ്ചിമേഷ്യയിലെയും ഇതര ഇസ്ലാമിക നഗരങ്ങളിലെത്തിയതോടെ മാലിയിലേക്ക് ജനവാസം ഒഴുകിയെത്തി.
ജനോപകാര പ്രദമായ 26 വര്‍ഷങ്ങളുടെ ഭരണത്തിന് ശേഷം മാന്‍സ മൂസ കാലയവനികക്കുള്ളില്‍ മറഞ്ഞു. മരണ കാരണം ഇപ്പോഴും അവ്യകത്മാണ്. അദ്ദേഹത്തിന്‍റെ വിയോഗാനന്തരം മാലിയുടെ പ്രതാപത്തിന് അന്ത്യം കുറിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ക്ക് യഥാവിഥം ഭരണചക്രം മുന്നോട്ട് നീക്കാനായില്ലെന്നതാണ് കാരണം. രാജ്യം പലര്‍ക്കുമിടയിലായി കഷ്ണിക്കപ്പെടുകയും മാന്‍സ മൂസയുടെ പ്രശസ്ത രാജ്യം നാമാവശേഷമാവുകയും ചെയ്തു.
Leave A Comment