പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍

മരക്കാരകത്ത് കമ്മദലി എന്നവരുടേയും, അയനിക്കാട്പറമ്പില്‍ കുട്ടിആയിശുമ്മയുടേയും  പുത്രനായി 1898-ല്‍ താനൂരിനു സമീപമുള്ള പറവണ്ണയിലാണ് മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ ജനിച്ചത്. പ്രാഥമിക പഠനാനന്തരം പറവണ്ണ ദര്‍സില്‍ ചേര്‍ന്നു. പിന്നീട് മണ്ണാര്‍ക്കാട് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും, കൂട്ടായിബാവ മുസ്‌ലിയാരുടേയും ദര്‍സുകളില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു. ശേഷം ഉപരിപഠനാര്‍ത്ഥം വെല്ലൂര്‍ ലത്വീഫിയ്യ കോളേജില്‍ ഒരു വര്‍ഷവും,  ബാഖിയാത്തില്‍ മൂന്നുവര്‍ഷവും പഠിച്ചു. ബിരുദം നേടി. ബാഖിയാത്തില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥിസമാജം രൂപപ്പെട്ടത് പറവണ്ണയുടെ ശ്രമഫലമായിരുന്നു. സമാജത്തിന്റെ പ്രഥമ അധ്യക്ഷനും അദ്ദേഹം തന്നെ. ബിരുദാനന്തരം സ്വദേശത്തെക്കെത്തിയ അദ്ദേഹം പറവണ്ണയില്‍ ദര്‍സ് ആരംഭിച്ചു.

പള്ളിയോടനുബന്ധിച്ച് മദ്‌റസുന്നൂരിയ്യ ഇരുനിലകെട്ടിടം പണിതു. 1928-ലായിരുന്നു ഇത്. വിദ്യാര്‍ത്ഥികള്‍ക്കും ഉസ്താദുമാര്‍ക്കും താമസസൗകര്യവും, ഖുതുബുഖാനയും സജ്ജമാക്കിയ സ്ഥാപനത്തില്‍ രണ്ടു വര്‍ഷം സ്മര്യ പുരുഷന്‍ തന്നെയായിരുന്നു മുദര്‍റിസ്. ഇന്നും പ്രസ്തുത കെട്ടിടത്തില്‍ തന്നെയാണ് ദര്‍സ് നടക്കുന്നത്. പുളിക്കല്‍, കണ്ണൂര്‍, പെരിങ്ങത്തൂര്‍, പറമ്പത്ത്, പരപ്പനങ്ങാടി, താനൂര്‍ എന്നിവിടങ്ങളില്‍ അദ്ദേഹം ദര്‍സ് നടത്തിയിട്ടുണ്ട്. കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത്, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കോവ് എ.പി. അഹ്മദ്കുട്ടി മുസ്‌ലിയാര്‍, ചമ്മലശ്ശേരി എന്‍.പി. ഇബ്‌റാഹീം മുസ്‌ലിയാര്‍, ജാമിഅ നൂരിയ്യ പ്രിന്‍സിപ്പല്‍ കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ആ മഹാനുഭാവന്റെ ശിഷ്യന്മാരാണ്. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ സ്ഥാപക പ്രസിഡണ്ടും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സെക്രട്ടറിയുമായിരുന്ന പറവണ്ണ, സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലും, സമസ്തയുടെ സന്ദേശം ജനഹൃദയങ്ങളിലെത്തിക്കുന്നതിലും നിസ്തൂലമായ പങ്കുവഹിച്ചിട്ടുണ്ട്. അജ്ഞതമൂലം വഹാബി, മൗദൂദിസങ്ങളിലകപ്പെട്ട പലരും പറവണ്ണയുടെ ആശയാധിഷ്ഠിതമായ പ്രഭാഷണങ്ങള്‍ കാരണം സത്യപന്ഥാവിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. പുത്തന്‍വാദികളുടെ വിതണ്ഡവാദങ്ങള്‍ക്ക് വായടപ്പന്‍ മറുപടി നല്‍കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്നും സ്മരണീയമാണ്. സമസ്തയുടെ കാര്യവട്ടം സമ്മേളനപ്രവര്‍ത്തനത്തിലൂടെയാണ് പറവണ്ണ നേതൃരംഗത്തെത്തുന്നത്. 1951 മാര്‍ച്ച് 24-ന് വടകരയില്‍ ചേര്‍ന്ന സമ്മേളനത്തോടനുബന്ധിച്ച് മുശാവറയോഗത്തില്‍ വെച്ച് സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി മൗലാന തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണത്തിന് തീരുമാനമായതും അദ്ദേഹത്തെ തന്നെ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ടതും ആ യോഗത്തില്‍വെച്ചു തന്നെ.

1945 ആഗസ്ത് 1-ാം തീയ്യതി ചേര്‍ന്ന മുശാവറ യോഗത്തില്‍ വെച്ച് സമസ്തയുടെ പ്രസിദ്ധീകരണ വിഭാഗം ശക്തമാക്കാന്‍ തീരുമാനിച്ചു. മലയാളത്തിലും, അറബി മലയാളത്തിലുമുള്ള ഒരു മാസിക ഇറക്കാന്‍ തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം കോളേജ് ഏറ്റെടുക്കാന്‍ സമസ്ത തീരുമാനിച്ചപ്പോള്‍ അതിന്റെ സബ്കമ്മിറ്റി കണ്‍വീനറായി കണ്ടെത്തിയതും ആ മഹാനെത്തന്നെയായിരുന്നു. സമസ്തയുടെ ജനറല്‍ സെക്രട്ടറി, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട്, ''അല്‍ ബയാന്‍' പത്രാധിപര്‍, ഇസ്‌ലാഹുല്‍ ഉലൂം മാനേജര്‍ എന്നീ പദവികളെല്ലാം വഹിച്ചിരുന്ന അദ്ദേഹം 1957-ല്‍ രോഗബാധിതനായപ്പോള്‍ പ്രസ്തുത പദവികളെല്ലാം ഒഴിയുകയും, പ്രഗത്ഭരായ വ്യക്തികളെ അതേല്‍പ്പിക്കുകയും ചെയ്തു. ജനറല്‍ സെക്രട്ടറി സ്ഥാനം ശംസുല്‍ ഉലമായേയും, പത്രാധിപ സ്ഥാനം കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരെയും, ഇസ്‌ലാഹുല്‍ഉലൂം മാനേജര്‍ പദവി കെ.വി. മുഹമ്മദ് മുസ്‌ലിയാരേയും ചുമതലപ്പെടുത്തുകയുണ്ടായി. വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായി അയനിക്കാട് ഇബ്‌റാഹീം മുസ്‌ലിയാരും തിരഞ്ഞെടുക്കപ്പെട്ടു. ആദ്യകാലത്ത് മദ്‌റസാ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരുന്നതും, മദ്‌റസകളില്‍ വിസിറ്റും, പരീക്ഷയും നടത്തിയിരുന്നതും ആ മഹാന്‍ തന്നെയായിരുന്നു. ആവശ്യമായ സ്ഥലങ്ങളില്‍ മദ്‌റസകള്‍ സ്ഥാപിക്കാനും, സ്ഥാപിതമായ വിദ്യാഭ്യാസ ബോര്‍ഡിനെക്കൊണ്ട് അംഗീകരിപ്പിക്കാനും വളരെയേറെ ത്യാഗം ചെയ്ത മഹാനാണദ്ദേഹം. പ്രസംഗം പോലെ എഴുത്തിലും മൗലാനയുടെ കഴിവ് മികവുറ്റതായിരുന്നു. അറബി, ഉര്‍ദു, ഇംഗ്ലീഷ്, തമിഴ്, ഫാരിസി തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്ന അദ്ദേഹം 'അല്‍ ബയാന്‍' മാസികയിലും, സ്വന്തമായി ഇറക്കിയിരുന്ന 'നൂറുല്‍ ഇസ്‌ലാം' മാസികയിലും വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ എഴുതിയിരുന്നു. പറവണ്ണയില്‍ നിന്നു തന്നെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ആറ് ആണ്‍മക്കളും, ആറ് പെണ്‍മക്കളും ഉണ്ട്. ഖാസിം ബാഖവി, അബ്ദുറഹീം മുസ്‌ലിയാര്‍, ബഷീര്‍ മൗലവി, മുഹമ്മദലി, അബ്ദുള്‍ ഗഫാര്‍, ഉമര്‍ എന്നിവര്‍ പുത്രന്മാര്‍. പറവണ്ണ ജുമാമസ്ജിദിനോടടുത്താണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter