എളംപുളശ്ശേരി ഉണ്ണിമൂസ മൂപ്പൻ: കമ്പനി പട്ടാളത്തെ പ്രതിരോധത്തിലാക്കിയ ധീരപോരാളി
മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താൻ മലബാർ പിടിച്ചടക്കിയടതോടെ മലബാറിൽ നികുതി പിരിക്കാനും ക്രമസമാധാനം സൂക്ഷിക്കാനുമായി മലബാർ മാപ്പിളമാരായ ചിലരെ നിയമിച്ചു. അവർ പൊതുവേ മൂപ്പന്മാർ എന്ന പേരിലാണ് അറിയപ്പെട്ടത്. അതിൽ പ്രധാനിയായിരുന്നു പാലക്കാട് ജില്ലയിലെ എളമ്പുളശ്ശേരി അംശത്തിന്റെ കാര്യദർശിയായിരുന്ന എളമ്പുളശ്ശേരി ഉണ്ണിമൂസ മൂപ്പൻ. ടിപ്പുവിന്റെ അടുത്ത വിശ്വസ്തൻ കൂടിയായിരുന്നു ഉണ്ണിമൂസ.
1790ലെ മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ മലബാർ ദേശം ബ്രിട്ടീഷുകാർ (കമ്പനി പട്ടാളം) പിടിച്ചടക്കിയതോടെ മൂപ്പന്മാർ ബ്രിട്ടീഷുകാർക്കെതിരെ തിരിഞ്ഞു. ഒളിഞ്ഞും തെളിഞ്ഞും പട നടത്തിയ ഉണ്ണിമൂസ കമ്പനി പട്ടാളത്തെ മലബാറിൽ സ്വസ്ഥമായി ഭരണം നിർവഹിക്കാനനുവദിക്കാതെ അവര്‍ക്ക് തലവേദന സൃഷ്ടിച്ചു.
കാടുകളും മലമ്പ്രദേശങ്ങളും കേന്ദ്രമാക്കിയായിരുന്നു ഉണ്ണിമൂസ മൂപ്പൻ ബ്രിട്ടീഷ് വിരുദ്ധ സായുധ പോരാട്ടത്തിന് നേതൃത്വം നൽകിയത്. മൂപ്പന്റെ സൈന്യത്തിൽപെട്ട പലരെയും കമ്പനി പട്ടാളം പ്രലോഭനങ്ങളും വലിയ വാഗ്ദാനങ്ങളും നല്കി തങ്ങളുടെ പക്ഷത്തെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല.
1792ൽ ബ്രിട്ടീഷുകാരുടെ മലബാർ കമ്മീഷണറായിരുന്ന മേജർ ഡോ ഉണ്ണിമൂസ മൂപ്പനുമായി ഒരു ദിവസം മുഴുവനും മാരകായുധങ്ങളുമായി യുദ്ധം നടത്തിയെങ്കിലും മൂപ്പന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ കീഴടക്കാനാകാതെ പിന്തിരിയുകയായിരുന്നു. വൈകാതെ മൂപ്പന്റെയും അനുയായികളായ മാപ്പിളസേനയുടെയും അക്രമണ ഭീഷണി ഭയന്ന് അയാൾ കമ്മീഷണർ സ്ഥാനം രാജി വെച്ച് കമ്പനി ഭരിക്കുന്ന മറ്റു പ്രദേശങ്ങളിലേക്ക് സ്ഥലം മാറി.
മൈസൂർ നവാബുമാർ ചെയ്തത് പോലെ ലഹള പ്രദേശങ്ങളിൽ സായുധ പോരാളികളെ നൽകി മൂപ്പൻമാരെ നിശ്ചയിക്കാൻ ബ്രിട്ടീഷുകാരും ശ്രമം നടത്തി. പക്ഷെ ഉണ്ണിമൂസ മൂപ്പൻ ഈ കരാർ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, സാമൂതിരിയുടെ രണ്ടായിരത്തോളം വരുന്ന നായർ പടയാളികളെയും ഉൾപ്പെടുത്തി വലിയൊരു സേനാവിഭാഗം രൂപീകരിച്ച് മൂപ്പനും അനുയായികളും അവര്‍ക്കെതിരെ തിരിയുകയും ചെയ്തു.
ഈ സമയത്താണ് മാപ്പിള-നായർ സൈന്യത്തിന്റെ പരാക്രമണത്തിന് ഒരു പരിധി വരെ അറുതി വരുത്താനും തടയിടാനും ബ്രിട്ടീഷുകാർ തീരുമാനിച്ചത്. അതിനുവേണ്ടി ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ നേതാക്കന്മാരായ എളംപുളശ്ശേരി ഉണ്ണിമൂസ മൂപ്പൻ, സാമൂതിരി വംശത്തിലെ പടിഞ്ഞാറേ കോവിലകത്തെ രാജാവ്, പാലക്കാട് ദേശത്തിലെ രാജവംശത്തിലെ കുഞ്ഞി അച്ഛൻ രാജാവ് എന്നിവരെ കലാപകാരികളായി പ്രഖ്യാപിച്ച് രാജ്യദ്രോഹകുറ്റം ചുമത്തിയത്. മാത്രമല്ല, ഇവരെ പടികൂടി ബ്രിട്ടീഷുകാർക്കേൽപ്പിക്കുന്നവർക്ക് 5,000 ഉറുപ്പിക പാരിതോഷികമായി പ്രഖ്യാപിക്കുകയും ചെയ്തു. ആ സമയത്താണ് ഇവർ മൂവരും ചേർന്ന് സ്വന്തം പടയാളികളുമായി ക്യാപ്റ്റൻ ബാർച്ചലിനെതിരെ ഘോരയുദ്ധതിന് തുടക്കമിട്ടത്. സംഘടിതമായ ചെറുത്തുനിൽപ്പിനു ശേഷം പരാജയ ഭീതിയിൽ പടിഞ്ഞാറേ കോവിലകം രാജാവ്, ബ്രിട്ടീഷുകാരുമായി സഖ്യത്തിലേർപ്പെട്ട തിരുവിതാംകൂറിൽ അഭയം പ്രാപിക്കുകയും കുഞ്ഞി അച്ഛൻ രാജാവ് പാലക്കാട് കോട്ടയിൽ കമ്പനി പട്ടാളത്തിനു മുമ്പിൽ കീഴടങ്ങുകയും ചെയ്തു.
പക്ഷേ, ഉണ്ണിമൂസ മൂപ്പൻ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടവുമായി ഉറച്ചുനിന്നു. മൂപ്പന്റെ പരാക്രമണങ്ങളെയും പ്രതിരോധങ്ങളെയും അടിച്ചൊതുക്കാനാകാത്തത്തിൽ അദ്ദേഹവുമായി ഒത്തുതീർപ്പിനു ബ്രിട്ടീഷുകാർ തുനിഞ്ഞു. എളംപുളശ്ശേരി അംശത്തിലെ ജനങ്ങളിൽ നിന്ന് നികുതി പിരിക്കാനും മാസം തോറും ആയിരം ഉറുപ്പിക പെൻഷനുമായിരുന്നു ബ്രിട്ടീഷുകാർ ഉണ്ണിമൂസക്ക് മുമ്പിൽവെച്ച വ്യവസ്ഥ. പക്ഷേ, ഉണ്ണിമൂസ മൂപ്പൻ, ഇത് ബ്രിട്ടീഷുകാരായ കമ്പനി പട്ടാളത്തിന്റെ കെണിയാണെന്നു മനസ്സിലാക്കി അത് തള്ളുകയായിരുന്നു.
ഇതോടെ ബ്രിട്ടീഷുകാർ ഉണ്ണിമൂസ മൂപ്പനെതിരെ രണ്ടാമതും രാജ്യദ്രോഹ കുറ്റം ചുമത്തി. അതോടൊപ്പം ക്യാപ്റ്റൻ മാക് ഡൊണാൾഡിന്റെ നേതൃത്വത്തിൽ കമ്പനി പട്ടാളം ഉണ്ണിമൂസക്കും അനുയായികളായ മാപ്പിള പടക്കുമെതിരെ വലിയൊരു സായുധ സേനയെ ഒരുക്കി കൊണ്ട് അക്രമങ്ങൾ അഴിച്ചുവിടുകയും പന്തല്ലൂർ മലയിലടക്കമുള്ള അദ്ദേഹത്തിന്റെ കോട്ടകളും വസതികളും പിടിച്ചടക്കുകയും ചെയ്തു. പക്ഷെ, തന്റെ സ്വത്തും സമ്പത്തുമെല്ലാം കമ്പനി പട്ടാളം അപഹരിച്ചിടുത്തെങ്കിലും ഉണ്ണിമൂസ പ്രതിരോധം നിർത്തിയില്ല. ഉണ്ണിമൂസയുടെ ലക്ഷ്യം കമ്പനി അധികാരികൾ സമാധാനത്തോടെ മലബാറിൽ ഭരിക്കരുതെന്നായിരുന്നു. അത് അതിന്റെ പൂർണ്ണാർത്ഥത്തിൽ ലക്ഷ്യം കാണുന്നത് വരെ അദ്ദേഹം ഒളിയുദ്ധങ്ങളും പരസ്യമായുള്ള ഘോരയുദ്ധങ്ങളും അഴിച്ചുവിട്ടു കൊണ്ടേയിരുന്നു.
ഒടുവിൽ ഉണ്ണിമൂസയുടെ തന്ത്രപരമായ ആക്രമണങ്ങളിൽ പൊറുതിമുട്ടിയ കമ്പനി പട്ടാളം എളംപുളശ്ശേരി ഉണ്ണിമൂസ മൂപ്പൻ, അനുയായി ചെമ്പൻ പോക്കർ അടക്കമുള്ള മാപ്പിള നേതാക്കന്മാർക്കും പടയാളികൾക്കും പൊതുമാപ്പു പ്രഖ്യാപിച്ചു. യുദ്ധം അവസാനിപ്പിക്കണമെന്ന നിർദേശമായിരുന്നു അവർ മുന്നോട്ടു വെച്ചത്. പക്ഷേ, മൂപ്പനും മാപ്പിളപ്പടയും അത് അവജ്ഞയോടെ തള്ളിക്കളയുകയായിരുന്നു.
പതിനട്ടടവും പയറ്റിനോക്കിയിട്ടും തങ്ങളുടെ തന്ത്രങ്ങൾ ലക്ഷ്യം കാണാതിരുന്നതോടെ ബ്രിട്ടീഷുകാർ മൂപ്പന്റെ കീഴിലുള്ള പടയാളികൾക്കും നാട്ടുകാർക്കും ഉണ്ണി മൂസയെക്കുറിച്ചു വിവരം തരുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു. എന്നാൽ തന്റെ വിശ്വസ്തരായ അനുയായികളിൽ നിന്ന് ഒരാളും തന്നെ ഉണ്ണിമൂസയെ ഒറ്റിത്തരാതെയിരുന്നതോടെ ബ്രിട്ടീഷുകാരുടെ ആ ശ്രമവും പാഴായി.
ഇതേസമയം, ബ്രിട്ടീഷുകാരാൽ ചതിക്കപ്പെട്ട മാനന്തവാടിയിലെ പഴശ്ശിരാജ കമ്പനി പട്ടാളത്തിനെതിരെ ഒളി യുദ്ധത്തിന് തുടക്കം കുറിച്ചു. ബ്രിട്ടീഷുകാരുടെ യുദ്ധതന്ത്രങ്ങളെ പൊറുതിമുട്ടിക്കുന്ന ഗറില്ലാ യുദ്ധമുറകളായിരുന്നു പഴശ്ശിരാജ പുറത്തെടുത്തത്. ഇതറിഞ്ഞ ഉണ്ണിമൂസ മൂപ്പൻ പഴശ്ശിരാജയുമായി ചേർന്ന് ഒളിപ്പോരാട്ടങ്ങൾ നടത്തി കമ്പനി പട്ടാളത്തെ വീണ്ടും പ്രതിരോധത്തിലാക്കി.
കമ്പനി പട്ടാളവുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ട ഉണ്ണിമൂസ മൂപ്പൻ മലബാർ ജില്ലയുടെ ഡിസ്ട്രിക്ട് കലക്ടർ ലേബറിന്റെ സൈന്യത്തെയും പരാജയപ്പെടുത്തി. ഇതോടെ ബ്രിട്ടീഷുകാർ മൂപ്പനെതിരെ ആക്രമങ്ങൾ കടുപ്പിച്ചു. 1802 ജൂണിൽ ക്യാപ്റ്റൻ വാട്സൂവുമായി നടന്ന പോരാട്ടത്തിൽ ഉണ്ണിമൂസ മൂപ്പനെന്ന ധീര പോരാളി രക്തസാക്ഷിയായി.
Leave A Comment