കേരള മുസ്‌ലിം നവോത്ഥാനം: ആരോപണങ്ങളിലെ വൈരുദ്ധ്യങ്ങള്‍

കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഒമ്പത് പതിറ്റാണ്ടോളം പ്രവര്‍ത്തിക്കുകയും ബഹുഭൂരിപക്ഷത്തിന്റെ വിശ്വാസം ആര്‍ജിച്ചെടുക്കുകയും ചെയ്ത പണ്ഡിതസഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്തയുടെ ആദര്‍ശ നിഷ്ഠയും ജനസമ്മതിയും അസഹനീയമായി അനുഭവപ്പെടുന്ന എതിരാളികള്‍ വിവിധ കാലങ്ങളില്‍ പലതരത്തിലുള്ള ആരോപണങ്ങളുമായി സ്റ്റേജിലും പേജിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്നും അത് തുടരുന്നു. സമസ്തയുടെ തീരുമാനങ്ങളെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാത്ത പുതിയ തലമുറ ഇത്തരക്കാരുടെ കുപ്രചാരണങ്ങളില്‍ അകപ്പെട്ടുപോകുന്ന സ്ഥിതിവിശേഷമുണ്ട്. ഇപ്പോള്‍ ജിന്ന്, പിശാച് വിഷയത്തില്‍ മുങ്ങിത്താഴുന്ന മുജാഹിദുകള്‍ സമൂഹത്തെ എങ്ങനെ നേരിടും എന്ന ആശങ്കയിലാണ്. അതുകൊണ്ടായിരിക്കാം ഇവരുടെ സമ്മേളന പ്രചരണ യോഗങ്ങളില്‍ സമസ്തയുടെ പേരില്‍ ഇല്ലാത്ത ആരോപണം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആഗസ്റ്റ് മാസത്തിലെ അല്‍ ഇസ്‌ലാഹ് മാസികയിലും കവലപ്രസംഗങ്ങളിലും ശ്രമിച്ചത്. സമസ്ത ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു എതിരായിരുന്നു. ഇപ്പോള്‍ സമസ്ത ഇംഗ്ലീഷ് പഠിപ്പിക്കുന്നു. കേരളത്തില്‍ മദ്‌റസാ പ്രസ്ഥാനം കൊണ്ടുവന്നത് ഞങ്ങളാണ്. ഖുര്‍ആന്‍ പരിഭാഷ ഹറാമാണെന്ന് സമസ്ത തീരുമാനിച്ചു. ഇപ്പോള്‍ ഇവര്‍ തന്നെ പരിഭാഷ ഇറക്കി വിറ്റ് കാശാക്കുന്നു. സ്ത്രീകള്‍ക്ക് എഴുത്തും വായനയും ഹറാമാണെന്ന് തീരുമാനിച്ചു. ഇങ്ങനെ സുന്നികള്‍ക്കെതിരേ ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ സത്യം എന്താണെന്ന് നാം മനസ്സിലാക്കണം. കണ്ണടച്ച് ഇരുട്ടാക്കുന്നത് മുജാഹിദുകള്‍ അവസാനിപ്പിക്കണം.

മദ്‌റസാ പ്രസ്ഥാനം

കേരളത്തില്‍ ഞങ്ങളാണ് ആദ്യം മദ്‌റസാ പ്രസ്ഥാനം കൊണ്ടുവന്നതെന്നു വാദിക്കുന്ന മുജാഹിദുകള്‍ ചരിത്രം പഠിക്കാന്‍ തയ്യാറാവണം. തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ 1916ല്‍ സ്ഥാപിച്ചതാണ്. ഇവിടെ ഒരു കാര്യം പ്രത്യേകം നാം ശ്രദ്ധിക്കണം. ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദി ജനിക്കുന്നത് 1903ലാണ്. തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ 1916ല്‍ സ്ഥാപിക്കപ്പെടുമ്പോള്‍ അന്ന് അബുല്‍ അഅ്‌ലാക്ക് 13 വയസ് മാത്രം. അദ്ദേഹമാവട്ടെ, ജമാഅത്തെ ഇസ്‌ലാമി സ്ഥാപിക്കുന്നത് 1941ലാണ്. കേരളത്തില്‍ ജമാഅത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1946ലാണ്. 1920നു ശേഷം വന്ന മുജാഹിദാകുമോ കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. ഒരിക്കലും അവരാവാന്‍ വഴിയില്ല. കാരണം, അതിനു മുമ്പും ഇവിടെ മദ്‌റസകളുണ്ട്. ഏറനാടിന്റെ ആസ്ഥാനമായ മഞ്ചേരിയില്‍ സെന്‍ട്രല്‍ ജുമുഅത്ത് പള്ളിയുടെ മുമ്പില്‍ ഒരു മദ്‌റസയുണ്ട്. ആ മദ്‌റസയില്‍ അതു സ്ഥാപിച്ച വര്‍ഷം(1897) ഭംഗിയായി എഴുതിവച്ചിട്ടുണ്ട്. അന്നും ഇപ്പറയുന്ന വിഭാഗമൊന്നും കേരളത്തില്‍ മദ്‌റസാ പ്രസ്ഥാനവുമായി രംഗത്തുവന്നിട്ടില്ല. എന്നിരിക്കെ, 'ഞങ്ങളാണ് മദ്‌റസാ പ്രസ്ഥാനത്തിന്റെ ജനയിതാക്കള്‍' എന്ന് എങ്ങനെ അവകാശപ്പെടും? സമസ്തയുടെ 16ാം സമ്മേളനം 1945ല്‍ കാര്യവട്ടത്ത് നടന്നു. ആ സമ്മേളനത്തില്‍ മതവിദ്യാഭ്യാസം, മദ്‌റസ ഏകീകൃത പാഠ്യപദ്ധതി മുതലായ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വരികയുണ്ടായി. 1951ല്‍ വടകര ചേര്‍ന്ന സമസ്തയുടെ 19ാം സമ്മേളനത്തില്‍ മദ്‌റസാ പ്രസ്ഥാനം, പാഠ്യപദ്ധതി ഏകീകൃത രൂപം തുടങ്ങിയവ നടപ്പില്‍വരുത്താനായി സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കപ്പെട്ടു. എന്നാല്‍, സമസ്തക്കാരാണ് മദ്‌റസ ആദ്യം സ്ഥാപിച്ചതെന്ന് അവകാശവാദുമുണ്ടാവാറില്ല. 1926ല്‍ സമസ്ത രൂപീകരിക്കുന്നതിന്റെ മുമ്പുതന്നെ സമസ്ത ഉള്‍ക്കൊള്ളുന്ന ആദര്‍ശത്തില്‍ പൂര്‍വിക പണ്ഡിതര്‍ ഇവിടെ ചെറിയ തോതിലെങ്കിലും മദ്‌റസാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമായ രൂപത്തില്‍ ആവുന്നത് സമസ്തയുടെ വരവോടെയാണ്. മുക്കം മുസ്‌ലിം ഓര്‍ഫനേജിന്റെ തുടക്കം സമസ്തയുടെ ദീര്‍ഘകാല സെക്രട്ടറിയും വിദ്യാഭ്യാസ ബോര്‍ഡിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന മൗലാനാ പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ നിര്‍ദേശ പ്രകാരമായിരുന്നു. സമസ്ത യതീംഖാനയ്ക്ക് എതിരായിരുന്നുവെന്ന് എങ്ങനെ പറയാന്‍ പറ്റും? പുത്തനാശയക്കാര്‍ നടത്തുന്ന മദ്‌റസകളെ കുറിച്ചും യതീംഖാനകളെ കുറിച്ചും സമസ്തയില്‍ പെട്ട ചിലര്‍ക്ക് എതിരഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആശയപരമായ വ്യതിയാനമാണ് അതിനു കാരണം. അതല്ലാതെ, അടിസ്ഥാനപരമായി സമസ്ത മദ്‌റസകള്‍ക്കോ യതീംഖാനകള്‍ക്കോ എതിരില്‍ യാതൊരു അഭിപ്രായ പ്രകടനവും നടത്തിയിട്ടില്ല.

ഇംഗ്ലീഷ് വിരോധം

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് സമസ്ത എതിരായിരുന്നുവെന്ന മുജാഹിദുകളുടെ പ്രചാരണം ശരിയല്ല. അങ്ങനെ ഒരു തീരുമാനം സമസ്ത എടുത്തിട്ടില്ല. 1921ല്‍ ഒറ്റപ്പാലത്ത് ചേര്‍ന്ന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നുണ്ട്. ആ യോഗത്തില്‍ അധ്യക്ഷത വഹിച്ചയാളോ പ്രമേയമവതരിപ്പിച്ചയാളോ മുസ്‌ലിമായിരുന്നില്ല. എന്നിട്ടു വേണ്ടേ സമസ്തയോ മുജാഹിദോ എന്ന് നിശ്ചിയിക്കാന്‍. അതു ബ്രിട്ടീഷ് വിരോധത്തിന്റെ ഭാഗമായായിരുന്നു. വിദേശികളുടേതെല്ലാം ബഹിഷ്‌കരിക്കുക എന്ന ന്യായത്തിന്റെ ബലത്തിലായിരുന്നു അതൊക്കെ. ആ കാലം കഴിഞ്ഞുപോയി. സമസ്തയുടെ സ്ഥാപക നേതാവായ സയ്യിദ് അബ്ദുറഹ്മാന്‍ ബാ അലവി വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു. സമസ്തയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും പ്രഥമനുമായിരുന്നു പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് സ്ഥാപിച്ചത് അദ്ദേഹമാണ്. 1924ല്‍ അതു സ്ഥാപിക്കുമ്പോള്‍ തന്നെ ഇംഗ്ലീഷ് അടക്കമുള്ള വിവിധ ഭാഷകള്‍ ആ കോളേജില്‍ പഠിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. 1928ല്‍ ഇസ്‌ലാഹുല്‍ ഉലൂമിന്റെ മൂന്നാം വാര്‍ഷിക സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആന്‍ പരിഭാഷ 'ഖുര്‍ആന്‍ പരിഭാഷ ഹറാമാണെന്നു പറഞ്ഞ സമസ്ത ഇപ്പോള്‍ പരിഭാഷ ഇറക്കി കാശുണ്ടാക്കുന്നു' എന്നാണ് മറ്റൊരു ആരോപണം. നമുക്ക് പരിശോധിക്കാം. ഖുര്‍ആന്‍ പരിഭാഷയില്‍ ചില വൈകല്യങ്ങളും ഉദ്ദേശ്യ വൈരുദ്ധ്യങ്ങളും വന്നുചേരാന്‍ ഇടയുണ്ടെന്നും അതുകൊണ്ട് പരിഭാഷ പാടില്ലെന്നും ആശയം വിവരിക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍, മതിയെന്നും സമസ്ത പണ്ഡിതന്‍മാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പരിഭാഷ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ ആശയ വിവര്‍ത്തനമാണെന്നും ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമായതു കൊണ്ട് അതിന്റെ നേര്‍ക്കുനേരെയുള്ള വിവര്‍ത്തനം അസാധ്യമാണെന്നും സമസ്തയിലെ തന്നെ മറ്റുചിലരും അഭിപ്രായപ്പെട്ടു. അങ്ങനെ സമസ്ത പണ്ഡിതന്‍മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായങ്ങളുണ്ടായി എന്നല്ലാതെ അതിനെക്കുറിച്ച് ഹറാമാണെന്ന ഒരു തീരുമാനവും സമസ്ത എടുത്തിട്ടില്ല. സമസ്തയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അല്‍ കഹ്ഫ് സൂറത്തിനു പരിഭാഷയിറക്കുകയും സമസ്ത ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സൂറത്ത് നൂറിന്റെ പരിഭാഷ ഇറക്കി വിതരണം നടത്തുകയും ചെയ്തിട്ടുണ്ടല്ലോ.

സ്ത്രീകളും എഴുത്തും

സ്ത്രീ എഴുത്ത് പഠിക്കുന്നതിനെ എതിര്‍ത്തു എന്നത് സമസ്തക്കെതിരേ പലപ്പോഴും ഉന്നയിക്കാറുള്ള പ്രശ്‌നമാണ്. ഇതിന്റെ വസ്തുത പരിശോധിക്കാം. സ്ത്രീകളെ നിങ്ങള്‍ മാളികമുകളില്‍ താമസിപ്പിക്കരുത്. അവര്‍ക്ക് എഴുത്ത് പഠിപ്പിക്കുകയും അരുത്. അവര്‍ക്ക് നിങ്ങള്‍ നൂല്‍ നൂല്‍ക്കലും സൂറത്തുനൂറും പഠിപ്പിക്കുക. നബി(സ്വ)യില്‍ നിന്ന് ആഇശ(റ) റിപോര്‍ട്ട് ചെയ്ത ഈ അര്‍ത്ഥം വരുന്ന ഹദീസ് ഹാക്കിം(റ) റിപോര്‍ട്ട് ചെയ്യുകയും ബൈഹഖി(റ) സ്വഹീഹ് എന്ന് സ്ഥിരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇബ്‌നു മസ്ഊദ്(റ)ല്‍ നിന്ന് തിര്‍മുദിയും ഇതേ ആശയം വരുന്ന മറ്റൊരു ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. നേരിട്ടോ ദൂതന്‍ മുഖേനയോ ബന്ധപ്പെട്ട് ആശയങ്ങളും ആഗ്രഹങ്ങളും ആവശ്യങ്ങളും കൈമാറുന്നത്  പലപ്പോഴും പ്രയാസവും പ്രതിബന്ധവും ഉള്ളതായിരിക്കും. എഴുത്തു മുഖേന അത് എളുപ്പമാണ്. കത്തിടപാടുകള്‍ മുഖേന ദുഷിച്ച ചിന്തകള്‍ വളരുന്നതും പ്രണയബന്ധങ്ങളുണ്ടാവുന്നതും സര്‍വസാധാരണമാണല്ലോ. പരസ്ത്രീ പുരുഷ ദര്‍ശനം തന്നെ ഇസ്‌ലാം നിയന്ത്രിക്കാനുള്ള കാരണം മറ്റൊന്നല്ല. തുറന്ന മാളിക മുകളില്‍ സ്ത്രീകളെ താമസിപ്പിക്കുന്നത് ദുഷ്ടലാക്കുമായി ചുറ്റിത്തിരിയുന്ന ദുര്‍ബുദ്ധികള്‍ക്ക് അവസരം ഒരുക്കുകയായിരിക്കും. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയിരിക്കുക. ജാഹിലിയ്യാ കാല സ്ത്രീകള്‍ സൗന്ദര്യം വെളിപ്പെടുത്തി പുറത്തിറങ്ങിയതുപോലെ നിങ്ങള്‍ പുറത്തിറങ്ങരുത് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതാണല്ലോ. വീട്ടില്‍ അടങ്ങിയിരിക്കുന്ന സ്ത്രീകള്‍ക്ക് അനുയോജ്യമായ തൊഴിലാണ് നൂല്‍ നൂല്‍പ്പ്. സൂറത്തുല്‍ നൂറില്‍ സ്ത്രീകളെ കുറിച്ച് പല നിയമങ്ങളും പറഞ്ഞിരിക്കുന്നു. നൂല്‍ നൂല്‍പ്പും സൂറത്തു നൂറും പഠിപ്പിക്കുക എന്ന നബി(സ്വ)യുടെ കല്‍പനയുടെ ഉദ്ദേശ്യം ഇവിടെ വ്യക്തമാണ്. ശാഫിഈ(റ)യില്‍ നിന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്ത ഒരു ഹദീസ് ഇപ്രകാരമാണ്: ഞാന്‍ ഹഫ്‌സ(റ)യുടെ അടുക്കല്‍ ഉള്ളപ്പോള്‍ നബി(സ്വ) കടന്നുവന്നു. അപ്പോള്‍ എന്നോട് പറഞ്ഞു: ഹഫ്‌സക്കു നീ എഴുത്ത് പഠിപ്പിച്ചതുപോലെ റംലക്ക് നീ മന്ത്രവും പഠിപ്പിക്കുക.'' ഈ ഹദീസില്‍ സ്ത്രീകള്‍ക്ക് എഴുത്ത് പഠിപ്പിക്കുന്നതിനു വിരോധമില്ലെന്നും അത് അനുവദനീയമാണെന്നും വ്യക്തമാവുന്നു. പരസ്പര വിരുദ്ധമെന്നു തോന്നിപ്പിക്കുന്ന ഈ ഹദീസുകള്‍ എടുത്തുദ്ധരിച്ചതിനു ശേഷം ഇബ്‌നു ഹജറുല്‍ ഹൈത്തമി(റ) തന്റെ ഫതാവല്‍ ഹദീസിയ്യയില്‍ പറയുന്നു: ''ഈ ഹദീസില്‍ (ഒടുവിലത്തെ ഹദീസില്‍) സ്ത്രീകള്‍ക്ക് എഴുത്ത് പഠിപ്പിക്കുന്നത് അനുവദനീയമാണെന്നതിനു തെളിവുണ്ട്. അതുകൊണ്ട് തന്നെയാണു നാം പറയുന്നത്. പരമാവധി വരുന്നത് പാടില്ലെന്ന നിരോധനം ഒഴിവാക്കല്‍ നല്ലതാണെന്ന അര്‍ത്ഥത്തിലാണ്. അതിനാല്‍ ചില ദോഷങ്ങള്‍ വന്നുചേരുന്നു എന്നാണ് കാരണം. ഇബ്‌നു ഹജര്‍ അല്‍ ഹൈതമി(റ)യുടെ ഈ അഭിപ്രായം സമസ്തയും എടുത്തു പറഞ്ഞു എന്നല്ലാതെ സ്ത്രീകള്‍ക്ക് എഴുത്ത് പഠിപ്പിക്കുന്നതിനെ ഒരിക്കലും വിരോധിച്ചിട്ടില്ല; ഹറാമാണെന്നു പറഞ്ഞിട്ടില്ല. എന്നാല്‍, ഇന്നു സ്ത്രീ വിദ്യാഭ്യാസത്തിന്റെയും എഴുത്ത് പഠിപ്പിക്കുന്നതിന്റെയും പേരില്‍ മുസ്‌ലിം സ്ത്രീകളെ വഴിതെറ്റിക്കുകയും ആദര്‍ശ വ്യതിയാനം വരുത്തുകയും ചെയ്യുന്ന പുത്തന്‍ ആശയക്കാരുടെ പ്രവര്‍ത്തനം സജീവമാണ്. അവരില്‍നിന്നു നമ്മുടെ സ്ത്രീ സമൂഹത്തെ സംരക്ഷിക്കേണ്ടത് അനിവാര്യവുമാണ്. വിശ്വാസ കാര്യങ്ങളും അനുഷ്ഠാന കര്‍മങ്ങളും പിഴച്ചു പോകുന്നതാണല്ലോ വലിയ വിപത്ത്. അതിനെ തടയാന്‍ ഒഴിവാക്കല്‍ നല്ലത് എന്ന് ഇബ്‌നു ഹജര്‍ പറഞ്ഞ ഒരു കാര്യം ചെയ്യുന്നത് അനുപേക്ഷണീയമായി വരുന്നു. രണ്ടു വിപത്തുകളില്‍ ലഘുവായത് സ്വീകരിക്കുക എന്നത് ഇസ്‌ലാമിക അംഗീകൃത നിയമമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter