പൊന്നാനിയുടെ ജ്ഞാന വിളക്ക്

അഞ്ഞൂറു കൊല്ലങ്ങളുടെ അനുഭവസാക്ഷ്യങ്ങള്‍ പറയാനുണ്ട് പൊന്നാനിക്ക്. 'മലബാറിലെ മക്ക'യെന്നറിയപ്പെടുന്ന ഈ ദേശത്തു നിന്നാണ് വിജ്ഞാനത്തിന്റെ പൊന്‍പ്രഭ കേരളക്കരയില്‍ വ്യാപിച്ചത്.

പൊന്നാനി വലിയ ജുമുഅ മസ്ജിദ് സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ സ്ഥാപിച്ചതു മുതലാണ് പൊന്നാനി മുസ്‌ലിം വിദ്യാഭ്യാസ ഭൂപടത്തില്‍ ഇടം നേടിയത്. അതിനു മുമ്പ് താനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സുകള്‍ നടന്നു വന്നിരുന്നു.

മലബാറിലെ മുസ്‌ലിംകള്‍ക്ക് വൈജ്ഞാനിക സാംസ്‌കാരിക ഭൂമികയില്‍ ഇടം കൊടുത്തത് പൊന്നാനി ആലിമീങ്ങളുടെ കാലത്താണ്. രാഷ്ട്രീയ സാമ്പത്തിക രംഗത്തും മുസ്‌ലിം അസ്ഥിത്വം സ്ഥാപിച്ചെടുത്തത് ഈ കാലത്തു തന്നെ. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിയില്‍ മഖ്ദൂമുകളുടെ പേനത്തുമ്പിലെ മഷിത്തുള്ളികളും മാപ്പിളപ്പോരാളികളുടെ ചോരത്തുള്ളികളും ഒരു പോലെ പങ്കുവഹിച്ചിട്ടുണ്ട്.

മതവിദ്യാഭ്യാസ രംഗത്ത് വ്യക്തമായ ഒരു കരിക്കുലം തയ്യാറാക്കുകയും കേരളീയ സാഹചര്യത്തിലേക്ക് അനുയോജ്യമായ പാഠ പുസ്തകങ്ങള്‍ തയ്യാറാക്കുകയും ചെയ്തത് മഖ്ദൂമീ പണ്ഡിതന്‍മാരാണ്. പൊന്നാനി വിളക്കത്തിരിക്കാന്‍ കേരളത്തിനു പുറത്തുനിന്ന് തമിഴ്‌നാട്, വടക്കേ ഇന്ത്യ, സുമാത്ര, ജാവ എന്നീ പൗരസ്ത്യ ദ്വീപുകള്‍ തുടങ്ങിയിടങ്ങളില്‍ നിന്നുവരെ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു.

ശാസ്ത്രീയമായ രീതിയില്‍ ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനം പരിഷ്‌കരിച്ചത് ഇക്കാലത്തുതന്നെ. ഒരു നാടിനെ മുഴുവന്‍ ശാഫിഈ കര്‍മശാസ്ത്ര സരണിയില്‍ ഏകോപിപ്പിച്ച് ലോകത്ത് മറ്റൊരിടത്തും കാണാത്ത ഐക്യം ഊട്ടിയുറപ്പിക്കാന്‍ പൊന്നാനി വിളക്കത്തിരുന്ന ആലിമീങ്ങള്‍ക്കായി.

പൊന്നാനി ദര്‍സില്‍ സവിശേഷമായി വിദ്യ നേടിയവരാണ് സാങ്കേതികമായി 'മുസ്‌ലിയാന്‍മാര്‍' എന്നറിയപ്പെട്ടത്. പില്‍കാലത്ത് ഈ പേര് പൊതുവായി ഉപയോഗിക്കപ്പെട്ടുകാണുന്നുണ്ട്.

ഒരു ഭാഗത്ത് 'അദ്കിയ' പോലുള്ള ആത്മീയ കൃതികളും 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' പോലുള്ള രാഷ്ട്രീയ സൃഷ്ടികളും പൊന്നാനിയുടെ സംഭാവനകളാണ്. ഒരു നാട്ടിന്റെ മതവും രാഷ്ട്രീയവും വ്യക്തമായി രേഖപ്പെടുത്തേണ്ടത് എങ്ങനെയെന്ന് സൈനുദ്ദീന്‍ രണ്ടാമന്റെ 'ഫത്ഹുല്‍ മുഈനും', 'തുഹ്ഫത്തുല്‍ മുജാഹിദീനും' കാണിച്ചുതരുന്നു. ഒരു മതപണ്ഡിതന്റെ യഥാര്‍ത്ഥ ഇടം സമൂഹത്തിലെവിടെയെന്ന് ഈ കൃതികള്‍ രേഖപ്പെടുത്തുന്നുമുണ്ട്. ഒരേസമയം മതവും രാഷ്ട്രീയവും പള്ളിമിഹ്‌റാബില്‍നിന്നു തീരുമാനിക്കപ്പെട്ടപ്പോള്‍ ഇവിടെ ശാന്തതയും സൗഹാര്‍ദ്ദവും പരസ്പര വിശ്വാസവുമുണ്ടായിരുന്നുവെന്ന് കാലം തെളിയിച്ചത് അന്നാണ്.

ഇന്നു നാം അനുഭവിക്കുന്ന ശൈഥില്യങ്ങളുടെ അടിസ്ഥാനകാരണം ഇവിടെ അന്വേഷിക്കുന്നത് സാര്‍ത്ഥകമായ ചില ഉത്തരംസല്‍കാതിരിക്കില്ല.

പൊന്നാനി കൊളുത്തിവെച്ച വെളിച്ചത്തിന്റെ അരുണശോഭയാണ് അവശേഷിക്കുന്ന വൈജ്ഞാനിക സാന്നിധ്യത്തിന്റെ യഥാര്‍ത്ഥ ഹേതു. കാലം ഒരു തിരിഞ്ഞുനടത്തംതേടുമ്പോള്‍ നമുക്ക് ഒരിക്കലൂടെ പൊന്നാനിയുടെ പ്രഭയില്‍ ലയിക്കുക. വൈജ്ഞാനിക കണ്ണി മുറിയാതെ പ്രവാചകരിലെത്തുന്നതാണ് പൊന്നാനി ഉലമാക്കളുടെ പരമ്പര. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍, ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം, സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍, ശൈഖ് അബ്ദുറഹ്മാന്‍ മഖ്ദൂം, ഉസ്മാന്‍ മഖ്ദൂം, ശൈഖ് മുഹ്‌യിദ്ദീന്‍കുട്ടി മഖ്ദൂം, നൂറുദ്ദീന്‍ മഖ്ദൂം, അഹ്മദ് എന്ന കോയാമു മഖ്ദൂം, മുഹമ്മദ് മഖ്ദൂം, കുഞ്ഞഹമ്മദ് മഖ്ദൂം, കുട്ടി ഹസന്‍ മഖ്ദൂം, അലിഹസന്‍ മഖ്ദൂം, പഴയകത്ത് അഹ്മദ് കുട്ടി മഖ്ദൂം, സൈനുദ്ദീന്‍ മഖ്ദൂം തുടങ്ങി നിരവധി വിജ്ഞാന സാഗരങ്ങള്‍ മഖ്ദൂം പരമ്പരയില്‍ ജീവിച്ചുപോയിട്ടുണ്ട്.

ശൈഖ് ഉസ്മാന്‍, ജമാലുദ്ദീന്‍ ഖാളി, മമ്മിക്കുട്ടി ഖാളി, വലിയ ബാവ മുസ്‌ലിയാര്‍, കോയക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ബാഫഖ്‌റുദ്ദീന്‍ അല്‍ ബുഖാരി, കുഞ്ഞിബാവ മുസ്‌ലിയാര്‍, കോടമ്പിയകം മുഹമ്മദ് മുസ്‌ലിയാര്‍, പാലത്തുംവീട്ടില്‍ അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍, വാഴക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ആലിക്കുട്ടി മുസ്‌ലിയാര്‍, പയ്യനാട് മമ്മദ് മുസ്‌ലിയാര്‍ തുടങ്ങി പ്രതിഭാധനരായ വലിയ ഒരു പണ്ഡിതനിര തന്നെ പൊന്നാനി ദര്‍സിന്റെ സംഭാവനയായുണ്ട്.

എം.കെ. അശ്‌റഫ്

 

<img alt=" width=" 1"="" height="1">

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter