മാപ്പിള കലകള്‍: ഒരാസ്വാദനം

നിസ്തുലമായ ജീവിത ചിട്ടകളുടെയും അനന്യമായ സര്‍ഗ വാസനയുടെയും ഉപോല്‍പന്നമാണ് കലകള്‍. മലയാണ്‍മയുടെ ആത്മാവറിഞ്ഞ മാപ്പിള ജീവിതവുമായി ഈ സവിശേഷ ഗുണങ്ങള്‍ ഒത്തിണങ്ങിയപ്പോള്‍ കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത ചില കലാരൂപങ്ങള്‍ ജന്മമെടുക്കുകയായിരുന്നു. ഒരു സംസ്‌കൃതിയുടെ കണ്ണാടിയാണ് കലകള്‍ എന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. എന്നാല്‍, മലബാറിലെ മാപ്പിള സംസ്‌കാരത്തിന്റെ തനി ഉണര്‍വ്വുകളായി മാപ്പിള കലകളെ വായിക്കാവുന്നതാണ്. ഏതെങ്കിലും ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളക്കുന്നതോ അപ്രതീക്ഷിതമായി രംഗപ്രവേശം ചെയ്യുന്നതോ അല്ലല്ലോ ജീവിത ഗന്ധിയായ കലാരൂപങ്ങള്‍. മറിച്ച്, ഒരു ദേശത്തെ നിറസാന്നിദ്ധ്യമായ ഉണര്‍ന്ന ചിന്തകളുടെയും സജീവമായ ജീവിത വ്യവഹാരങ്ങളുടെയും ഒപ്പം, ആത്മാവും ആദര്‍ശവും ചോര്‍ന്നുപോകാത്ത മൂല്യബോധത്തിന്റെയും പരിണതിയായിട്ടാണ് കലാരൂപങ്ങള്‍ ജന്മമെടുക്കുന്നത്. നിശ്ചലവും നിര്‍വികാരിയുമായ ഒരു സമൂഹത്തില്‍ ജീവനുള്ള കലകള്‍ ഉയിര്‍ക്കൊള്ളണമെന്നില്ല. കത്തുന്ന ചിന്തകള്‍ക്കു മുമ്പില്‍ കറകളഞ്ഞ വിശ്വാസത്തിന് പ്രാധാന്യം നല്‍കുന്നിടത്താണ് സര്‍ഗാത്മകതക്ക് ചിറക് വെക്കുന്നത്. ഇത്രയും പറഞ്ഞത്, മലയാളക്കര കണ്ട മാപ്പിളത്തനിമയുടെ ആഴവും പരപ്പും ഊര്‍ജ്ജസ്വലതയും സജീവതയും എത്രത്തോളമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കാനാണ്. ശരിക്കും പറഞ്ഞാല്‍, വിശ്വാസത്തിലും ചിന്തയിലും ഊന്നിയ ഒരു തരം സര്‍ഗ വാസനയുടെയും ഹൃദയ ഭാഷണത്തിന്റെയും തിരയിളക്കങ്ങളായിരുന്നു മാപ്പിള എന്ന ഒരു സത്വത്തിന്റെ സജീവതക്ക് നിദാനമായിരുന്നത്. മലയാള മണ്ണില്‍ ജീവതത്തിന്റെ നാനാതുറകളെയും സ്പര്‍ശിക്കുമാര്‍ മനോഹരവും ഉദാത്തവുമായ ഒരു ജീവിതമാണ് മാപ്പിളമാര്‍ നയിച്ചിരുന്നത്. പ്രകടമായ രാജഭരണമോ നേതൃത്വമോ ഇല്ലായിരുന്നെങ്കില്‍പോലും പരോക്ഷമായ നായകത്വത്തിന്റെ എല്ലാമെല്ലാമായിരുന്നല്ലോ മാപ്പിളമാര്‍. അതേസമയം, സാമൂഹിക സാംസ്‌കാരിക കലാ രംഗങ്ങളിലെല്ലാം അവര്‍ ഈ മേല്‍ക്കോഴ്മ നിലനിര്‍ത്തിയിരുന്നു. അങ്ങനെയാണ പലവിധത്തിലുള്ള കലാരൂപങ്ങള്‍ മാപ്പിളമാര്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്നത്. അറേബ്യന്‍-ഇസ്‌ലാമിക-കാവ്യ ദാര്‍ശനിക സ്രോതസുകളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടും നാട്ടിലെ തനിമയാര്‍ന്ന ശീലുകളോട് ചേര്‍ന്നു നിന്നും വളര്‍ന്നു വികാസം പ്രാപിച്ച ഒരു കലാശാഖയാണ് മാപ്പിള കലകളെന്ന് നമുക്ക് മൊത്തത്തില്‍ പറയാം. ഇസ്‌ലാമിക മൂല്യങ്ങളും ചിന്തകളുമായിരുന്നു ഈ കലാരൂപങ്ങളുടെ ആത്മാവ്. മാപ്പിളമാര്‍ സ്വന്തമായി പരുവപ്പെടുത്തി, വികസിപ്പിച്ചതാണെങ്കില്‍ക്കൂടി മലയാള നാടിന്റെ പലവിധ സ്വാധീനങ്ങളും ഇതിന്റെ പ്രകടന തലങ്ങളില്‍ കാണാവുന്നതാണ്. മാപ്പിളപ്പാട്ടുകളുടെ പശ്ചാത്തലമാണ് ഇത്തരം കലകള്‍ക്ക് വശ്യതയും പൂര്‍ണ്ണതയും നല്‍കിയിരുന്നത്. അവ രണ്ടുംകൂടി സമ്മേളിക്കുമ്പോള്‍   മാപ്പിള തലമുറകള്‍തന്നെ പുനര്‍ജ്ജനിയെടുത്ത പ്രതീതിയുണ്ടാകുന്നു. സമ്പുഷ്ടമായ അറബി മലയാള സാഹിത്യം ഇവിടെ സ്മരിക്കപ്പെടുന്ന മറ്റൊരു വസ്തുതയാണ്. അറബി മലയാളത്തെ കാന്‍വാസില്‍ വെച്ച് മാപ്പിളമാര്‍ സര്‍ഗാത്മകതയെ പുഷ്‌കലമാക്കുകയായിരുന്നു. അവയാണ് പിന്നീട് മാപ്പിളപ്പാട്ടുകളായും ഗ്രന്ഥങ്ങളായും നോവലുകളായും കഥകളായും ഒടുവില്‍ അവയുടെ അരങ്ങാവിഷ്‌കാരങ്ങളായ ഒപ്പന, നാടകം, കോല്‍ക്കളി, ദഫ് മുട്ട്, അറബന മുട്ട് തുടങ്ങിയവയുടെ വളര്‍ച്ചക്കും വികാസത്തിനും വഴിതുറക്കുകയോ അവയുമായി ബന്ധപ്പെട്ടു നില്‍ക്കുകയോ ചെയ്യുന്നത്. അറബി മലയാളത്തിന്റെ സമ്പന്നതയെയും മാപ്പിളമാരുടെ സര്‍ഗാത്മകതയെയും കുറിക്കുന്ന ഒരു ഭാഗം എ. സി. ബര്‍ണല്‍ രചിച്ച, 1873 ല്‍ പ്രസിദ്ധീകൃതമായ, സ്‌പെസിമെന്‍സ് ഓഫ് സൗത്ത് ഇന്ത്യന്‍ ഡയലെക്റ്റിക്‌സ് എന്ന പുസ്തകത്തെ ഉദ്ധരിച്ച് ഒ. ആബു സാഹിബ് തന്റെ അറബി മലയാള സാഹിത്യ ചരിത്രം എന്ന പഠന പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കൂടാതെ മാപ്പിളപ്പാട്ടുകളെയും ഒപ്പനപോലുള്ള കലാരൂപങ്ങളില്‍ അവ എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്നതിനെയും അദ്ദേഹം വിശകലന വിധേയമാക്കുന്നു. പക്കര്‍ പന്നൂര്‍ എഡിറ്റ് നിര്‍വ്വഹിച്ച മാപ്പിള കലാ ദര്‍പ്പണ (1998) മാണ് മാപ്പിളകലകളുടെ ഉല്‍ഭവവും പശ്ചാത്തലവും ചരിത്രവുമെല്ലാം സവിസ്തരിച്ച് പ്രതിപാദിക്കുന്ന മറ്റൊരു രചന. ഒ. എം. കരുവാരക്കുണ്ട് എഡിറ്റ് ചെയ്ത  മാപ്പിള കലകള്‍ (1995), ഒ. ആബു സാഹിബിന്റെ ഒപ്പന (1991) തുടങ്ങിയവയും ഈ കലാരൂപങ്ങളുടെ ഹൃദയങ്ങളിലേക്ക് വെളിച്ചം വീശുന്നു. മാപ്പിള കലാപാരമ്പര്യത്തിന്റെ തനിമയാര്‍ന്ന പ്രകടനങ്ങളാണ് ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, അറബന മുട്ട്, ചീനമുട്ട്, കളരി തുടങ്ങിയവ. അവയുടെ രൂപീകരണ-ജനന പശ്ചാത്തല-ചരിത്രങ്ങളിലേക്കുള്ള ഒരു അന്വേഷണമാണ് ഇവിടെ നടക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഇസ്‌ലാമികമെന്ന് പറയാവതല്ലെങ്കിലും മുസ്‌ലിംകലാരൂപങ്ങളായിട്ടാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. ചരിത്രമന്വേഷിക്കുമ്പോള്‍ ഇവക്കുപിന്നിലെല്ലാം പല പല സ്വാധീനങ്ങളും ബന്ധങ്ങളും നമുക്ക് കാണാവുന്നതാണ്. മാപ്പിളപ്പാട്ടുകളുടെ വീക്ഷണ സൗകുമാര്യതക്ക് ഹരം പകരുന്ന അരങ്ങാവിഷ്‌കാരങ്ങളായി ഈ കലാരൂപങ്ങളെ മനസ്സിലാക്കാവുന്നതാണ്. മലയാളിയുടെ കലാമനസ്സ് ഇതര കലാരൂപങ്ങള്‍ക്കുമുമ്പില്‍ വ്യതിരിക്തമായി നില്‍ക്കുന്നത് നമുക്കിവിടെ കാണാന്‍ സാധിക്കുന്നു. ശാരീരിക കളങ്കങ്ങള്‍ക്കുമേല്‍ വിശുദ്ധിയുടെ മേല്‍ വസ്ത്രം ധരിച്ച് ഹൂറികളുടെ വേഷം ചമയുമ്പോള്‍ ആദ്ധ്യാത്മികതയുടെ നറുമണമാണ് ഇവിടെ പ്രകടമാകുന്നത്. അനുവദനീയമായ പരിമിതികള്‍ക്കുള്ളില്‍ ആഘോഷത്തിമര്‍പ്പിന്റെ നാനാവശങ്ങള്‍ ഇവിടെ പ്രകടമാകുന്നു. ആസ്വാദന മനസ്സോടെ കടന്നുവരുന്നവര്‍ പോലും സ്രഷ്ടാവിന്റെ സ്മൃതിയില്‍ വിലയിതരായിപ്പോകുന്ന ഒരു അവസ്ഥാ വിശേഷമാണ് ഇവിടെയുള്ളത്. കേരളമുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന ആചാരങ്ങളുടെ കഥയെടുത്ത് പരിശോധിച്ചാല്‍ ഒരു 'ഇസ്‌ലാമിക ജോഷ്' ഈ കലാരൂപങ്ങളിലൊക്കെ ധാരാളമായി കാണാന്‍ സാധിക്കും. കോല്‍ക്കളിയും അറബനമുട്ടുമെല്ലാം പരിശുദ്ദമായ പരിപാടികളായിട്ടാണ് കൊണ്ടാടപ്പെട്ടിരുന്നത്. ഒരു കേവല പ്രോഗ്രം എന്നതിലപ്പുറം 'ആത്മീയ ദാഹശമനി' കളായിരുന്നു ഇവയെല്ലാം. അത്രമാത്രം ചിന്തോദ്ദീപകവും മനോഹരവും ആയിരുന്നു ഇവക്കിടയില്‍ ആലപിക്കാന്‍ തെരഞ്ഞെടുത്തിരുന്ന പാട്ടുകള്‍. ഒപ്പനയുടെയും ദഫ് മുട്ടിന്റെയും കഥയും ഭിന്നമല്ല. അനിസ്‌ലാമികതകള്‍ കടന്നുവരുക വളരെ വിരളമായിരുന്നു ഇവയുടെ തനതായ ചരിത്രത്തില്‍. അത്രയും മഹത്തരവും സമുന്നതവുമായിരുന്നു ഈ കലാരൂപങ്ങള്‍. ഏതായാലും, മാപ്പിളകലകളെ ഒരു കാലത്തെ മുസ്‌ലിംകളുടെ സജീവമായ ചിന്തകളുടെ അനുരണനങ്ങളോ പ്രതിഫലനങ്ങളോ ആയി നമുക്ക് കാണാന്‍ സാധിക്കുന്നു. സാമൂഹിക ജീവിതത്തില്‍ അനിവാര്യമായും വന്നുചേര്‍ന്നേക്കാവുന്ന പല അവസരങ്ങളെയും ഇസ്‌ലാമിക ചിഹ്നങ്ങള്‍ വെച്ച് കോര്‍ത്തിണക്കി വശ്യവും സുന്ദരവും എന്നാല്‍ എതിര്‍ക്കപ്പെടാത്തതുമായ നിലക്ക് അവതരിപ്പിക്കാനാണ് മാപ്പിള കലാകാരന്മാര്‍ ശ്രമിച്ചിരുന്നത്. എന്നാല്‍, ഇന്ന് ഈ സങ്കല്‍പങ്ങളെല്ലാം മാറി മറിഞ്ഞു. ദഫ് മുട്ടായാലും ഒപ്പനയായാലും ആദ്യ സങ്കല്‍പങ്ങളൊന്നും  ഇന്ന് ഓര്‍ത്തെടുക്കാന്‍ പോലും സാധ്യമല്ല. ആധുനികതയുടെയോ അന്യ സ്വാധീനങ്ങളുടെയോ അതിപ്രസരത്തില്‍ കലകള്‍ക്കിന്ന് അവയുടെ യഥാര്‍ത്ത ആത്മാവ് തന്നെ ചോര്‍ന്നുകൊണ്ടിരിക്കുന്നു. കേവലം നിരര്‍ത്ഥക താളങ്ങളും മേളകളും മാത്രമായി ഇന്നവ ചുരുങ്ങിയിരിക്കുന്നു. സ്റ്റേജുകളിലും പ്രദര്‍ശന പറമ്പുകളിലും മാപ്പിള കലകള്‍ വീണു മരിക്കുന്നതാണ് നമ്മളിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ പുരോഗമന ചിന്തകൊണ്ടോ ആ കലാരൂപങ്ങളുടെ അപര്യാപ്തതകൊണ്ടോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter