കുത്ത് റാത്തീബ്: അല്‍ഭുതങ്ങളുടെ നേര്‍സാക്ഷ്യമോ?

വിവിധ ശൈഖുമാരിലൂടെയും ഔലിയാക്കളിലൂടെയും വൃത്യസ്തമായി രൂപം കൊണ്ട സൂഫി സരണികൾ വഹിക്കുന്ന ദൗത്യം കേവലം ആചാരങ്ങളിലോ സംസ്കരണങ്ങളിലോ ചുരുങ്ങുന്നതല്ല, മറിച്ച് അതൊരു പ്രബോധനം കൂടിയാണ്. വ്യത്യസ്തമായ രീതികളും ആചാരങ്ങളും വിവിധ മതസമൂഹങ്ങളെ വളർത്തിയെടുക്കുന്നതിൽ മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ട്. സ്വൂഫി സരണികളുടെ ഭാഗമായ രൂപം കൊണ്ട പല ആചാരങ്ങളും വിശ്വാസം ദൃഢീകരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിവിധ സരണികളിലെ റാതീബുകളും ദിക്റ് സദസ്സുകളുമെല്ലാം ഇതിന്റെ ഭാഗമായി വേണം കാണാന്‍. ഇത്തരം ചില ആചാരങ്ങളിൽ ആത്മപീഢകവും ദേഹോപദ്രകരവുമായ അനുഷ്ഠാന രൂപങ്ങൾ വരെ നിലനിൽക്കുന്നതായി കാണാം. ശാരീരികമായ വേദന പോലും ഉൻമാദമായി പരിണമിക്കുന്നുവെന്നതാണ് ഇവിടത്തെ കൗതുകം. രിഫാഈ സരണിയിലെ റാതീബുകളിലാണ് ഇത്തരം രീതികള്‍ കൂടുതലായി കാണുന്നത്. കുത്ത്റാതീബ് എന്ന പേരില്‍ കേരളീയര്‍ക്കിടയില്‍ അറിയപ്പെടുന്ന ഇതേകുറിച്ചുള്ള ഒരു പഠനമാണ് ഇത്.

12-ാം നൂറ്റാണ്ടിൽ ഇറാഖിൽ ജീവിച്ചിരുന്ന പ്രമുഖ സൂഫി വര്യൻ ശൈഖ് അഹ്മദ് കബീർ അൽരിഫാഇയുടെ നാമത്തിൽ നടത്തപ്പെടുന്ന റാത്തീബാണ് രിഫാഈ റാത്തീബ്. എല്ലാ റാത്തീബുകളിലും ഉള്ളതുപോലെ ആദ്യ ഭാഗത്ത് റാത്തീബുകളും ദിക്റുകളും രണ്ടാം പകുതിയിൽ അഭ്യാസികൾ ആയുധമേന്തി കുത്തുകളിൽ ഏർപ്പെടുന്നതുമാണ് കുത്ത്റാതീബ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. സാധാരണക്കാര്‍ കുത്താറാതീബ് എന്നും ഇതിനെ വിളിക്കാറുണ്ട്. ശൈഖവർകളെ കുറിച്ചുള്ള അപദാനങ്ങളും കീർത്തനങ്ങളുമാണ് കുത്ത് റാത്തീബിന്റെ ബൈത്തുകൾ. മഹാനുഭാവന്റെ കറാമത്തുകളാണ് കുത്ത്റാത്തീബിന്റെ അടിസ്ഥാനമായി കണക്കാ‌ക്കുന്നത്. കത്തിയാളുന്ന തീയിൽ ഇറങ്ങുക, ഹിംസ്ര ജന്തുക്കളുടെ പുറത്ത് സവാരിചെയ്യുക, വിഷം കഴിക്കുക തുടങ്ങിയവ രിഫാഈ(റ)ന്റെ കറാമത്തുകളിൽ ചിലത് മാത്രമാണ്. കേരളക്കരയിലും പ്രത്യേകിച്ച് മലബാർ തീരങ്ങളിലും ഇസ്‍ലാമിന്റെ വ്യാപനം ആഴത്തിൽ പതിക്കുന്നതിൽ ഈ റാത്തീബിന്റെ സ്വാധീനം ചെറുതല്ല.

വസൂരി അടക്കമുള്ള മാരക രോഗങ്ങളും ദുർനിമിത്തങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നിരന്തരം ജനങ്ങളെ പ്രയാസപ്പെടുത്തിയപ്പോള്‍ രക്ഷക്കായി കേരള മുസ്‍ലിംകൾ ശൈഖ് രിഫാഈ(റ)വിനെ തവസ്സുലാക്കുകയോ (ഇടയാളനാക്കുക) അദ്ദേഹത്തിന് അല്ലാഹു നല്കിയ വിശിഷ്ട കഴിവില്‍നിന്ന് നേരിട്ട് സഹായാര്‍ത്ഥന (ഇസ്തിഗാസ) നടത്തുകയോ ചെയ്യുകയായിരുന്നു. രോഗങ്ങൾ വിതയ്ക്കുന്നത് പൈശാചിക ശക്തിയാണെന്നറിഞ്ഞ ജനങ്ങൾ തങ്ങളുടെ പരിസത്തുനിന്ന് അവയെ തുടച്ചുനീക്കാൻ കുത്ത് റാത്തീബിനെ ഉപയോഗപ്പെടുത്തി. ആധുനിക പ്രതിരോധ മാർഗങ്ങൾ ദുർലഭമായിരുന്ന ഒരു കാലത്ത് സാമൂഹികാന്തരീക്ഷം കുത്ത് റാത്തീബിനെ രോഗപ്രതിരോധത്തിനുള്ള പ്രതിവിധിയായി കാണുകയും ജാതിമതഭേദമന്യേ ഈ വിശ്വാസത്തെ ഉൾക്കൊള്ളുകയും ചെയ്തിരുന്നു.

റാത്തീബിന്ന് നേതൃത്വം നൽകുന്ന ശൈഖിന് നടത്താനുള്ള ഇജാസത്ത് (പ്രത്യേകാനുമതി) നിർബന്ധമാണ്. പാരമ്പര്യമായി കൈമാറിപ്പോരുകയോ നിലവിലുള്ള ശൈഖിൽ നിന്ന് ലഭിക്കുകയോ ചെയ്യുന്നതാണ് ഈ ഇജാസത്. റാത്തീബിലെ മുറിവിലെ രക്തസഞ്ചാരം നിർത്തുന്നതിനും വ്രണങ്ങൾ ഭേദമാക്കുന്നതിനും തടവുന്ന ഹസ്റത്തിന്റെ സനദ് എത്തിച്ചേരുന്നത്, മദീനയിലെ റൗളയിൽ നിന്ന് രിഫാഈ(റ) തിരുനബി(സ്വ)യെ വിളിച്ചപ്പോൾ ഇരുകരങ്ങളും നീട്ടി സ്വീകരിച്ച വേളയില്‍ അവിടത്തേക്ക് ലഭിച്ച പ്രത്യേകതയായാണ് വിശ്വസിക്കപ്പെടുന്നത്. ഇജാസത്തിന് പുറമെ റാത്തീബിന് നേതൃത്വം നൽകുന്ന ശൈഖിന് തടവുന്നതിന്റെ ഫലപ്രാപ്തിയുണ്ടാകണമെങ്കിൽ പ്രത്യേകമായ ദിക്റുകളും ശീലങ്ങളും (രിയാള) പതിവാക്കൽ അനിവാര്യമാണ്.

ആദ്യകാലങ്ങളിൽ അരങ്ങേറിയിരുന്ന കുത്ത്റാത്തീബുകൾക്ക് വലിയ തോതിൽ സാംസ്കാരിക പ്രാധാ‌ന്യം കൂടിയുണ്ടായിരുന്നു. കേവലം ആത്മീയ സദസ്സ് എന്നതിലുപരി ആഘോഷമായിട്ടായിരുന്നു അവ നടത്തപ്പെട്ടിരുന്നത്. പാമ്പ് ശല്യങ്ങളിൽ നിന്നും ഇതര പ്രതിസന്ധികളിൽ നിന്നും രക്ഷതേടുന്നതിനും മാസത്തിലൊരു തവണ രിഫാഈ റാത്തീബ് പതിവാക്കിയിരുന്നതായി കാണാം. ഓരോ പ്രദേശത്ത് നടക്കുമ്പോഴും വാർഷികമായിട്ടായിരുന്നു അവിടങ്ങളിൽ പരിപാടി അരങ്ങേറിയിരുന്നത്. റാത്തീബ് സംഘാടനത്തിലും അനുബന്ധവിഷയത്തിലും കാരണവരും യുവാക്കളും സ്ത്രീകളും കുട്ടികളുമെല്ലാം സജീവ പങ്കാളിത്തം ഉറപ്പിച്ചിരുന്നു. റാത്തീബിനോടനുബന്ധിച്ച് ചിലയിടങ്ങളിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളും നടുന്നുപോന്നിരുന്നു. നിലവില്‍ ശൈഖും കൂട്ടാളികളും സംഘമായി വിവിധ സ്റ്റേജ് പ്രോഗ്രാമുകളുടെ രീതിയിലാണ് ഇത് നടത്തുന്നതെങ്കില്‍, മുൻകാലങ്ങളില്‍ സാംസ്കാരിക തനിമ നിലനിർത്തിക്കൊണ്ടുള്ള റാത്തീബുകളായിരുന്നു നടന്നിരുന്നത്.

മറ്റു പല ആത്മീയ രീതികളുടേതുമെന്ന പോലെ, കുത്ത് റാതീബിന്റെയും കേളീരംഗമായി അറിയപ്പെടുന്നത് ലക്ഷദ്വീപ് ആണ്. രിഫാഈ റാത്തീബിന് നേതൃത്വം നൽകുന്ന നിരവധി സയ്യിദ് കുടുംബങ്ങളെ ഇന്നും അവിടെ കാണാം. കവരത്തിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന മുഹമ്മദ് ഖാസിം വലിയുല്ലാഹി(റ) ആണ് രിഫാഈ, മുഹ്‍യിദ്ധീൻ റാത്തീബുകൾ ദ്വീപിൽ സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. മഹാനവർകൾ തന്നെയാണ് കേരളത്തിലേക്കും കർണാടകയിലേക്കും ഈ റാത്തീബുകള്‍ കൊണ്ടുവന്നതും.

കേരളത്തിൽ

ഇന്ത്യൻ സമുദ്രത്തിലൂടെയുള്ള സ്വൂഫീ സഞ്ചാരങ്ങളാണ് കേരത്തിലും ലക്ഷദ്വീപിലും ത്വരീഖത്തുകളുടെയും റാത്തീബുകളുടെയും പ്രചാരണത്തിന്റെ നിദാനം‌. ശൈഖ് ഖാസിം(റ)വിന്റെ പിതാമഹൻ സയ്യിദ് ഫത്ഹുല്ലാഹിൽ ബഗ്ദാദി(റ) കർണാടകയിലെ ആങ്കോലയിൽ വന്നു താമസമാക്കി. ബഗ്ദാദിൽ നിന്ന് കുടിയേറി കർണാടകയിൽ താമസമാക്കിയ ഇവർ രിഫാഈ സരണിയുടെ വാഹകരായിരുന്നു. ഫത്ഹുല്ലാഹിൽ ബഗ്ദാദിയുടെ പുത്രൻ ശൈഖ് മൂസാ(റ)ന്റെ പുത്രനായാണ് ഖാസിം വലിയുല്ലാഹ്(റ) ഭൂജാതനാകുന്നത്. കർണാടകയിലെ പഠനം കഴിഞ്ഞ് ബഗ്ദാദ്, മക്ക, മദീന എന്നിവിടങ്ങളില്‍ പഠനം പൂർത്തിയാക്കിയതിന് ശേഷം രിഫാഈ റാത്തീബിന്റെ വാഹകനായി ശൈഖ് സബ്ഹാൻ വലിയുല്ലാഹിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം കേരളത്തിൽ എത്തി. തുടർന്ന് അറക്കൽ രാജാവിന്റെ കൊട്ടാരത്തിലെത്തി അവിടെ അതിഥിയായി താമസിക്കുകയും വിവിധ സ്ഥലങ്ങളിൽ റാത്തീബിനു നേതൃത്വം നൽകുകയും ചെയ്തു. മഹാനവർകൾക്കുപിന്നാലെ ദ്വീപിൽ നിന്ന് നിരവധി സയ്യിദുമാരും പണ്ഡിതന്മാരും കേരളത്തിലെത്തി.

റാത്തീബ് നടത്താൻ മലബാറിലെ വിവിധയിടങ്ങളി‍ൽ റാത്തീബ് പുരകളുണ്ടായിരുന്നു. നിലവിൽ പള്ളിയായി മാറിയ മാഹിക്കടുത്തുള്ള ആഴിയൂരിലുണ്ടായിരുന്ന റാത്തീബ് പുര ഇതിനൊരുദാഹരണമാണ്. പ്രധാനമായും തീരപ്രദേശങ്ങളിലാണ് ഇതിന്റെ വ്യാപനമുണ്ടായത്. കണ്ണൂർ, കാപ്പാട്, വടകര, കോഴിക്കോട്, പുതിയാപ്പ, കിഴിശ്ശേരി തുടങ്ങി നിരവധിയിടങ്ങളിൽ റാത്തീബ് നിർവഹിക്കുന്ന പാരമ്പര്യ കുടുംബങ്ങൾ തന്നെയുണ്ട്. റാത്തീബിന്റെ അവതരണ രൂപത്തിൽ ഏകദേശം എല്ലായിടത്തും സാമ്യത കാണാം. ശൈഖ്/ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് റാത്തീബിന് നേതൃത്വം നൽകുക. നേതൃത്വം നൽകുന്ന ശൈഖ് അഹ്മദുൽ കബീറിൽ രിഫാഈ(റ)വിൽനിന്ന് കൈമാറിപ്പോന്ന ഇജാസത്ത് ലഭിച്ച വ്യക്തയായിരിക്കും.

ശൈഖിൽ നിന്ന് നേരിട്ട് ആയുധങ്ങൾ ഏറ്റുവാങ്ങി അനുമതിലഭിച്ചതിന്ന് ശേഷമേ അഭ്യാസികൾ പ്രകടനം തുടങ്ങുകയുള്ളൂ. പഴയ കാലത്ത് നാൽപത് ദിവങ്ങൾക്ക് മുമ്പ് തന്നെ ശൈഖും സംഘവും റാത്തീബിനുള്ള ഒരുക്കം ദിക്ർ ചൊല്ലലിലൂടെ തുടങ്ങിയിരിക്കും. സദസ്സിന്റെ മധ്യഭാഗത്തായി ശൈഖ് ഇരിക്കുന്നു. ഇരുഭാഗത്തും ശിഷ്യർ ഹസ്തദാനം ചെയ്ത്, അനുഗ്രഹം തേടി അജ്‍ലിസു ഫീ ഹാദൽ മജ്‍ലിസി ലി ഹുസൂലി ദ്ദൗക്കി വശ്ശൗഖ് അഥവാ ഇശ്ഖും ആധ്യാത്മിക ലഹരിയും അനുഭവിക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെ ഇരിക്കുന്നത് എന്ന ദിക്റും ചൊല്ലി ഇരിക്കുന്നു. എല്ലാവരും ഇരുന്നതിന് ശേഷം പ്രവാചകന്മാരുടെയും രിഫാഈ(റ) അടക്കമുള്ള സൂഫി വര്യന്മാരുടെയും പേരിൽ ഫാതിഹ ഓതുന്നു.

ആയുധ പ്രയോഗങ്ങളെല്ലാം രണ്ടാം ഭാഗത്താണ്. ദബ്ബൂസ് (ഗദ), കത്തി, കഠാര, വാൾ, ഖദിൾ (ശൂലം) എന്നിവയാണ് ഇതില്‍ പ്രയോഗിക്കുന്ന ആയുധങ്ങള്‍. അതിലെ മർമ പ്രധാനാണ് ദബ്ബൂസും ഖദിറും കത്തിയും. ആയുധ പ്രയോഗം പ്രധാനമായും നടത്തുന്നത് ശൈഖ് രിഫാഈയുടെ കറാമത്ത് സദസ്സിനെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്. ദഫുകാരുടെ താളാത്മകതയും ഒരുമയോടെയുള്ള മുട്ടും ആംഗ്യങ്ങളും സദസ്സിനെ ആത്മീയമാക്കുന്നു. തുടർന്ന് ദഫ് മുട്ടുകളുടെ പശ്ചാത്തലത്തിൽ പാടിക്കൊണ്ടിരിക്കെ സംഘത്തിലെ അഭ്യാസികളിലൊരാൾ പൊടുന്നനെ ശൈഖിന്റെ മുന്നിൽ മുട്ടുകുത്തി ആയുധ പ്രയോഗത്തിനു സമ്മതം വാങ്ങുന്നു. 

തുടർന്ന് യാ .... ശൈഖ് റളിയല്ലാഹ്..... എന്ന വിളി ഉയർന്നു കേൾക്കുന്നു. ഉസ്താദ് യാ... ശൈഖ്.... എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ട് ദബ്ബൂസ് ഭൂമിയിൽ ആഞ്ഞ് തറക്കുന്നു. പിന്നീട് അവിടുന്ന് ഊരിയെടുത്ത്, തന്റെ മുന്നില്‍ മുട്ടുകുത്തി നില്ക്കുന്ന അഭ്യാസിക്ക് നൽകുന്നു. അദ്ദേഹം എല്ലാവരുടെയും അനുഗ്രഹം വാങ്ങിയതിന് പിന്നാലെ യാ .... ശൈഖ്.... എന്ന് ഉറക്കെപറഞ്ഞ്, ദേഹപീഢകൾ ആരംഭിക്കുന്നു. ദബ്ബൂസ് എടുത്ത് അയാൾ തന്റെ വയറ്റിലും മറ്റു ശരീര ഭാഗങ്ങളിലും കുത്തുന്നു. ആത്മീയ ലഹരിയിൽ അദ്ദേഹം വേദന അറിയുന്നില്ല എന്നാണ് പറയപ്പെടുന്നത്. അടുത്തത് ഖദിറിന്റെ  പ്രയോഗമാണ്. അർദ്ധചന്ദ്രാകൃതിയിലുള്ള തേച്ചു മിനുക്കിയ പിടിയിൽ ഘടിപ്പിച്ച മെലിഞ്ഞു നീണ്ട കൂർത്ത അഗ്രഭാഗങ്ങൾ യാ .... ശൈഖ്.... വിളിയുടെ അകമ്പടിയോടെ ചെവിയിലും വായിലും തലയ്ക്കു മീതെയും കുത്തിയിറക്കുന്നു. ചിലര്‍ നാവ് മുറിച്ചെടുത്ത് സദസ്യര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യാറുണ്ട്.

മനോഹരമായ അറബി കാവ്യങ്ങളാണ് ഇതിൽ മുഖ്യ പങ്കുവഹിക്കുന്നത്. ബൈത്തുകളുടെ മുറുക്കത്തിനനുസരിച്ച് ദഫ് മുട്ടും മുറുകുന്നു. അല്ലാഹു ...ഹു.... അല്ലാ.... അഹ്‌മദ്‌ കബീർ... ശൈഖില്ലാഹ്..... എന്നിങ്ങനെയുള്ള വരികൾക്കനുസരിച്ച് അവർ ആത്മീയോന്നതിലേക്ക് ചേക്കേറുന്നു. ദഫുമുട്ടുകാരനോടൊപ്പം സദസ്സും കാണികളും ഭക്തിനിർഭരരാവുന്നു. 

ശൈഖ് രിഫാഇയുടെ ആത്മാവ് റാത്തീബ് സദസ്സിൽ ഹാജരാവുമെന്നാണ് പറയപ്പെടുന്നത്. ഇതിനായി ആദ്യഭാഗത്ത് പ്രകീർത്തന കാവ്യങ്ങൾ ചൊല്ലുകയും കൂട്ടമായി കാവ്യ രൂപത്തിൽ പ്രാർത്ഥിക്കുകയും ചെയ്യുന്നു. രിഫാഈ ത്വരീഖത്തിൽ കഅബത്തുല്ല എന്നൊരു ബൈത്തുന്നുണ്ട്. ദഫ് മുട്ടിന്റെ അകമ്പടിയോടെ പ്രസ്തുത ബൈത് ചൊല്ലുമ്പോൾ കാണികളും അഭ്യാസികളും മത്തുപിടിച്ചവരാകും. തിരുനബി(സ്വ)യെയും ശൈഖ് രിഫാഈ(റ)നെയും പ്രകീർത്തിച്ചു കൊണ്ടുള്ള കാവ്യങ്ങളടങ്ങുന്ന റാതീബിലെ ബൈത്തുകൾ ശൈഖ് ചൊല്ലിക്കൊടുക്കുകയും കൂടെയുള്ളവര്‍ ഏറ്റു ചൊല്ലുകയും ചെയ്യുന്നു. 

ദഫും പാട്ടും യാ ശൈഖ് വിളികളുമായി പ്രത്യേക ആത്മീയ ലോകം തന്നെയാണ് സൃഷ്ടിക്കപ്പെടുന്നത്. അതോടെ ബോധതലത്തിൽ നിന്ന് മനസ്സ് ഏകാന്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ശരീരം കേവലം രൂപമായി പരിണമിക്കുകയും ചെയ്യുന്നു. അതോടെ വേദനകൾ ഉന്മാദമാകുകയും റാത്തീബ് അതിൻറെ ഉച്ചിയിലെത്തുകയും ചെയ്യുന്നു. ആയുധ പ്രയോഗങ്ങളിലുണ്ടായ ഒരു പോറൽ പോലും അവർ അറിയുന്നേയില്ല. പ്രകടനശേഷം ശൈഖ് വെള്ളം തടവുന്നതോടെ രിഫാഈ(റ)ന്റെ കറാമത്തെന്നോണം മുറിവുകൾ ഭേദമാകുന്നു.

കുത്ത്റാത്തീബ്  കേരളത്തിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല. പട്ടിണിയും ദാരിദ്ര്യവും പരിഹൃതമായി എന്ന വിശ്വാസത്തിലപ്പുറം, അധിനിവേശ ബ്രിട്ടീഷ് സൈന്യത്തിനെതിരെ മാപ്പിളമാര്‍ക്ക് പോരാടാനുള്ള ആത്മീയ ധൈര്യം നൽകിയതും കുത്തു റാത്തീബാണ്. റാത്തീബും ഹാലിളക്കവും എന്ന പദം തന്നെ ബ്രിട്ടീഷ് രേഖകളിൽ പോലും കാണാം. റാത്തീബ് ചൊല്ലുന്നതിലൂടെ ശൈഖിന്റെ സാന്നിധ്യത്തിൽ ഹാൽ മാറുന്ന വിശ്വാസികൾക്ക് വേദനയും പേടിയും മനസ്സിൽ നിന്നും മാഞ്ഞുപോകുമെന്ന വിശ്വാസമാണ് നെഞ്ച് വിരിച്ചു തോക്കിന്റെ മുന്നിലേക്കിറങ്ങാൻ അവരെ പ്രേരിപ്പിച്ചത്. റാത്തീബ് നടത്തി, അതിനായി തയ്യാറാക്കിയ ഭക്ഷണവും കഴിച്ച്, രക്തസാക്ഷിത്വമെന്ന സ്വപ്നവുമായിട്ടായിരുന്നു അവര്‍ സമരത്തിനിറങ്ങിയിരുന്നത്. അഥവാ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ പോലും റാതീബിന്റെ പങ്കുണ്ടെന്നര്‍ത്ഥം.


പ്രാമാണിക സാധുത


ഇസ്‍ലാമില്‍ ശരീരത്തെ വെറുതെ മുറിവേല്‍പ്പിക്കുന്നതും വേദനിപ്പിക്കുന്നതും നിഷിദ്ധാമാണ്. മാത്രമല്ല ശരീരത്തെ ദോഷകരമാക്കുന്ന വസ്തുക്കള്‍ ഭക്ഷിക്കലും ഉപയോഗിക്കലും ഹറാം തന്നെയാകുന്നു. അതേസമയം, കുത്ത്റാത്തിബില്‍ മുരീദുമാര്‍ പല അപകടകരമായ അയുധപ്രയോഗങ്ങളും മറ്റും നടത്തുന്നുണ്ട് താനും. അത് അല്ലാഹു പ്രവാചകര്‍ക്ക് നല്‍കുന്നത് പോലെ ചില സമയങ്ങളില്‍ ഔലിയാക്കള്‍ക്ക് നല്‍കുന്ന അമാനുഷിക കഴിവുകളാണ്. ജനങ്ങള്‍ക്ക് അവരുടെ വിശ്വാസം ദൃഢീകരിക്കാന്‍ അത് സഹായിക്കുകയും ചെയ്യുന്നു. ഇതിനെയാണ് കറമാത് എന്ന് പറയുന്നത്. കുത്ത്റാത്തീബില്‍ ആയുധ പ്രയോഗങ്ങള്‍ നടത്താന്‍ പാടുന്നുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്.  ഇബ്രാഹീം നബി(അ)നോട്, തന്റെ വിശ്വാസദൃഢീകരണത്തിന് വേണ്ടിസ നാല് പക്ഷികളെ അറുത്ത് നാല് മലകളിലാക്കിയ സംഭവമാണ് ഇതിന് തെളിവായി പറയാറുള്ളത്. ദിക്റുകളും ബൈത്തുകളും ചൊല്ലി, ശൈഖിന്‍റെ അനുമതിയോടു കൂടി ഇത് ചെയ്യുമ്പോള്‍, വേദന അനുഭവപ്പെടുന്നില്ല എന്നതിനാല്‍ സ്വശരീരത്തെ വേദനിപ്പിക്കുക എന്ന പ്രശ്നം തന്നെ ഇവിടെ കടന്നുവരുന്നില്ലെന്നും പറയാം. 

ഒന്നാം ഖലീഫ സിദ്ദീഖ്(റ)ന്റെ കാലത്ത് കള്ള പ്രവാചകനെ  നേരിടാന്‍ പോയ മഹാനാണ് അബൂ മുസ്‍ലിമുല്‍ ഖൗലാനി(റ) - (വഫാത്ത് -684 ദമസ്കസില്‍). യമനില്‍ ജനിച്ച് വളര്‍ന്ന അദ്ദേഹം  പിന്നീട് മദീനയിലെത്തുകയും പിന്നീട് ശാമിലേക്ക് പലയനം ചെയ്യുകയും ചെയ്തു. യമനില്‍ വെച്ച് നബി(സ്വ)യെ കുറിച്ചറിഞ്ഞ് മുസ്‍ലിമായ അദ്ദേഹം നബി(സ്വ)യെ കാണാന്‍ മദീനയിലെത്തിയെങ്കിലും അപ്പോഴേക്കും നബി(സ്വ) വഫത്താവുകയും അബൂബക്കര്‍ സിദ്ദീഖ്(റ) ഖിലാഫത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. അക്കാലത്താണ് യമനില്‍ അസ്‍വദ് എന്നൊരാള്‍ കള്ള പ്രവാചകത്വം വാദിച്ച് മുന്നോട്ട് വന്നത്. ഇതറിഞ്ഞ സിദ്ദ്വീഖ് (റ) അതിനെ ചെറുക്കാന്‍ അബൂ മുസ്‍ലിമുല്‍ ഖൗലാനിയെയായിരുന്നു നിയോഗിച്ചത്. 

അവിടെയെത്തി പള്ളിയില്‍ കയറി രണ്ട് റകഅ്ത്ത് നിസ്കരിച്ച് അല്ലാഹുവിനോട് ദുആ ചെയ്ത് അദ്ദേഹത്തെ നേരിടാന്‍ ഇറങ്ങി. വഴിയരികില്‍ വെച്ച് തന്നെ അദ്ദേഹത്തെ കണ്ടു. അസ്‍വദ് ചോദിച്ചു: ഞാന്‍ അല്ലാഹുവിന്‍റെ റസൂലാണെന്ന് നിങ്ങള്‍ സക്ഷ്യം വഹിക്കുന്നുണ്ടോ. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ വീണ്ടും ചോദിച്ചു, മുഹമ്മദ് നബി (സ്വ) റസൂലാണെന്ന് നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നുണ്ടോ?.  അതെ എന്ന മറുപടി കേട്ടതും അസ്‍വദ് ഒരു തീ കുണ്ഡാരം നിര്‍മിക്കാന്‍ കല്‍പ്പിക്കുകയും അതിലേക്ക് ഖൗലനി(റ)യെ എറിയാന്‍ ഉത്തരവിടുകയും ചെയ്തു. പക്ഷേ, അല്ലാഹുവിനെയും പ്രവാചകനെയും വിശ്വസിച്ച ഖൗലാനി(റ)ന് യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. അത്ഭുതമെന്ന് പറയട്ടെ ഇബ്രാഹീം നബി(അ)ന് അല്ലാഹു കനിഞ്ഞത് പോലെ ആ തീ അദ്ദേഹത്തിനു തണുപ്പും രക്ഷയുമായി മാറി. അതില്‍ അദ്ദേഹം നിസ്കരിക്കുന്നതായി കണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം അത്ഭുതപ്പെട്ടു. തുടര്‍ന്ന് അദ്ദേഹവും സംഘവും മദീനയിലേക്ക് തിരിച്ചു. മദീനയില്‍ എത്തിയതിന് ശേഷം അദ്ദേഹം ഉമര്‍(റ)നെ കണുകയും ഉമര്‍(റ) അദ്ദേഹത്തിന്‍റെ നെറ്റിത്തടത്തില്‍ ചുംബിക്കുകയും ചെയ്തു. (الفرقان بين أولياء الرحمن وأولياء الشيطان) 

കുത്ത് റാത്തീബ് അനുവദനീയവും ചിലപ്പോള്‍ അത്യന്താപേക്ഷികവുമാണ്. പ്രശസ്ത ചരിത്രകാരനായ ഇബ്നു ഖല്ലികാന്‍ (ഹി 608-681) വഫായാത്തുല്‍ അഅ്‍യാനില്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു; 'ശൈഖ് രിഫാഇയുടെ മുരീദുമാര്‍ പ്രസ്തുത റാത്തീബില്‍ അപകടകാരികളായ വിഷപ്പാമ്പിനെ ഭക്ഷിക്കുന്നു. സിംഹത്തിന്‍റെ മേലെ സവാരി നടത്തുന്നു, കത്തിയാളുന്ന തീയിലൂടെ നടക്കുന്നു, തീ കൊണ്ട് മറ്റു അഭ്യാസങ്ങള്‍ നടത്തുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും യാതൊരു വിധ ബുദ്ധിമുട്ടുകളോ മുറിവുകളോ ഒന്നും സംഭവിക്കുന്നില്ല. (വഫായത്തുല്‍ അഅ്‍യാന്‍ -172).

ഇങ്ങനെ തന്നെയാണ് കര്‍മശാസ്ത്രത്തിലെയും വിധി. ദേഹപീഢകള്‍ നിഷിദ്ധമാവാന്‍ കാരണമായ ജീവഹാനി, മറ്റു ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടാകുന്നില്ലെങ്കില്‍ അത്തരം ആളുകള്‍ക്ക് പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്. അത് പോലെ തന്നെയാണ് വിശ്വാസം ദൃഢീകരിക്കാന്‍ വേണ്ടിയുള്ള അപകടകരമായ പ്രവര്‍ത്തനങ്ങളും മാരകായുധ പ്രയോഗങ്ങളും. ഇബ്നു ഹജറുല്‍ ഹൈതമി(റ) പറയുന്നു: വിഷം കഴിച്ചാല്‍ ബുദ്ധിമുട്ടില്ലാത്തവര്‍ക്ക് അത് കഴിക്കല്‍ നിഷിദ്ധമല്ല. ഇമാം സുബ്കി(റ)യും മുന്‍ഗാമികളായ ഒരു കൂട്ടം പണ്ഡിതരും ബുദ്ധിമുട്ടില്ലെങ്കില്‍ കഴിക്കുന്നതിന് വിരോധമില്ല എന്ന് പ്രബലാഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് (തുഹ്ഫ 9/387)

മതപ്രബോധനാവശ്യാര്‍ത്ഥം സ്വഹാബാക്കളുടെ കാലത്തുതന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നതായി കാണാം. ഇമാം ബൈഹഖി(റ) തന്റെ ദലാഇലുന്നുബുവ്വയിലും, ഇമാം ഫഖ്റുദ്ദീന്‍ റാസി തന്റെ തഫ്സീറിലും അടക്കം നിരവധി ഇമാമുമാര്‍ ഉദ്ധരിച്ച ഇബ്നു ശൈബ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ പ്രമുഖ സ്വഹാബി വര്യന്‍ ഖാലിദ് ബിന്‍ വലീദ്(റ) ഹീറയിലേക്ക് യാത്ര പോയപ്പോള്‍ സ്വദേശക്കാര്‍ അദ്ദേഹത്തോട് വിഷം കുടിക്കാന്‍ അവശ്യപ്പെടുന്ന സംഭവം പരാമര്‍ശിക്കന്നുണ്ട്. ശത്രുക്കളുടെ വെല്ലുവിളി മഹാനവര്‍കള്‍ ഏറ്റെടുത്ത് ബിസ്മി ചൊല്ലി, അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത് വിഷം കുടിച്ചതായി കാണാം. കുത്ത് റാതീബിലെ ആയുധ പ്രയോഗങ്ങളെയും ഈ ഗണത്തില്‍ കൂട്ടാവുന്നതാണ്.

ഷീഈ ആചാരമോ

ശരീരത്തെ മുറിവേല്പിച്ച് നടത്തുന്ന ഇത്തരം ആചാരങ്ങള്‍ ശിയാക്കളുടേതില്‍നിന്ന് കടന്നുവന്നതാണെന്ന് ആരോപിക്കാറുണ്ട്. ഉമവി ഭരണാധികാരി യസീദിനെതിരെ നടന്ന കർബല യുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ച ഇമാം ഹുസൈൻ(റ)ന്റെ നാമത്തിൽ ശിയാക്കൾ നടത്തുന്ന ആചാരമാണ് തത്ബീർ (ദുഖാചാരണത്തിന്റെ ഭാഗമായി മുറിവേല്‍പ്പിക്കുന്ന രീതി). കൃത്യമായി നിരീക്ഷിച്ചാല്‍ ഇത് കുത്ത്റാത്തിബിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് മനസ്സിലാക്കാം. മുഹറം ഒന്ന് മുതൽ പത്ത് വരെ നീണ്ടുനിൽക്കുന്ന ആശൂറ ആചാരങ്ങൾ ശീഈ സമുദായത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പരിസരങ്ങൾ രൂപപ്പെടുത്തുന്നതിലും അസ്തിത്വ രൂപീകരണത്തിലും സ്വാധീനിച്ചതായി ചരിത്രങ്ങൾ സാക്ഷിയാണ്. കർബല ദിനത്തിൽ ഇമാം ഹുസൈൻ(റ) വിന്റെ സ്മരണാർത്ഥം അവരുടെ കൂടെ യുദ്ധത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിലുള്ള ഖേദം പ്രകടിപ്പിക്കുകയാണ് ശിയാക്കള്‍ ചെയ്യുന്നത്. ഇതിന് ഇസ്‌ലാമികമായി പ്രമാണം കാണാന്‍ സാധ്യമല്ല. ഏതെങ്കിലും മഹാന്റെ കറാമത്തായോ ആത്മീയ ചികിത്സയായോ ഇതിനെ ഉൾപ്പെടുത്താനും സാധിക്കില്ല. അതിലുണ്ടാവുന്ന മുറികൾ ഭൗതികമായി ചികിത്സിച്ച് ഭേദമാക്കുകയാണ് ചെയ്യുന്നത്. മറിച്ച് കുത്ത്റാത്തീബിൽ, അതേ സദസ്സിൽ വച്ച് തന്നെ രിഫാഈ(റ)ന്റെ കറാമത്ത് കൊണ്ട് മുറിവുകൾ എല്ലാം ഭേദമാകുന്നു എന്നതാണ് വാസ്തവം. 

കുത്ത് റാത്തീബ് എന്ന കല

കുത്ത് റാത്തീബ് ആത്മീയ ചികിത്സ എന്നതിലുപരി ഒരു കലയായിട്ടും കാണപ്പെടുന്നുണ്ട്. അതിന്റെ ഘടനയും ശൈലിയും അതിലുപയോഗിക്കുന്ന വാദ്യോപകരണങ്ങളും ഈരടികളുമെല്ലാം പരിഗണിച്ച് കലയാണെന്ന് പറയാം. കേരളത്തിൽ കുത്ത് റാത്തീബിന്റെ ആഗമനത്തോടെയാണ് അറബനമുട്ടിന്റെ ഉത്ഭവവും. അറേബ്യയിലുണ്ടായിരുന്ന അറബനയും അർബനമുട്ട് എന്ന കലയും കുത്ത്റാത്തീബിലൂടെയാണ് കേരളത്തിലെത്തിലെത്തുന്നത്. ഇസ്‌ലാമിക ചരിത്രത്തിൽ പല സന്തോഷ വേളകളിലും അറബന മുട്ടിയതായി ചരിത്രത്തിൽ കാണാം. 

അതിർത്തികൾ കടന്ന് മധ്യേഷയിലും പൂർവേഷ്യയിലും മാത്രമല്ല ആഫ്രിക്കൻ വൻകരകളിലടക്കം നിറസാന്നിധ്യത്തോടെയാണ് ഇത്തരം റാത്തീബുകള്‍ നടക്കുന്നത്. ഫിജി, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇന്നും തുടർന്ന് പോരുന്നുണ്ടെന്നതാണ് വാസ്തവം. കേരളത്തിന് പുറത്ത് രിഫാഈ റാത്തീബ് എന്ന പേരിലാണ് കുത്ത് റാത്തീബ് അറിയപ്പെടുന്നത്. പൂർവേഷ്യയിൽ തന്നെ ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ ന്യൂനപക്ഷ രാജ്യങ്ങളിലെല്ലാം ഒരു അനുഷ്ഠാനം പോലെ റാത്തീബ് നടത്തിവരുന്നുണ്ട്. ഇത് അവതരിപ്പിക്കാനായി മാത്രം പലരും കടൽ കടന്ന് മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും പോകുന്നതും പതിവാണ്. കാലവും പ്രാദേശികതയും റാതീബിൽ  കാലാതീതമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വെളുത്ത വസ്ത്രങ്ങളണിഞ്ഞ ഖലീഫയും ശിഷ്യരും പുകപ്പിച്ച കുന്തിരിക്കവും കേരളീയ തനിമയുടെ ഭാഗമാണ്. എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളിൽ ആഫ്രിക്കൻ വസ്ത്രങ്ങളായ ചുവയും പൂർവ്വേഷ്യൻ രാജ്യങ്ങളിൽ അവരുടേതായ വസ്ത്ര വൈവിധ്യങ്ങളുമുണ്ട്.

"അവരിൽ ഒരു കാപട്യവും ഉണ്ടായിരുന്നില്ല. ഞാനാ മുറിവുകൾ പരിശോധിച്ചു. എൻറെ കണ്ണു കൊണ്ട് കണ്ടില്ലായിരുന്നുവെങ്കിൽ ഞാനൊരിക്കലും അത് വിശ്വസിക്കുമായിരുന്നില്ല" എന്നാണ് പ്രമുഖ ഗവേഷകനായ ആർ. എൽ സ്പിറ്റൽ (Dr. R L SPITTLE) അദ്ദേഹത്തിന്റെ വിചിത്ര കാര്യങ്ങള്‍ (Far-off things) എന്ന പുസ്തകത്തില്‍, കുത്ത് റാതീബിനെ കുറിച്ച് വിവരിക്കുന്നത്.

ചുരുക്കത്തില്‍ കുത്ത് റാതീബ് എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്, അതോടൊപ്പം അതൊരു കലാരൂപം കൂടിയാണ്. ദൂരെനിന്ന് നോക്കിക്കാണുമ്പോള്‍ ഒരു പക്ഷെ സംശയങ്ങളേറെ തോന്നുമെങ്കിലും അടുത്തറിയുമ്പോള്‍ അത് നമ്മെ അല്‍ഭുതപ്പെടുത്താതിരിക്കില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter