കേപ്പ് മുസ്‍ലിംകള്‍, അധസ്ഥിത ജനത കെട്ടിപ്പെടുത്ത ഇസ്‍ലാമിക സമൂഹം
ലോകത്തെ മുസ്‍ലിം ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും ജീവിക്കുന്ന ഭൂഖണ്ഡമാണ് ആഫ്രിക്ക. ഏഴാം നൂറ്റാണ്ടിൽ തന്നെ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പ്രവാചകന്റെ അനുചരന്മാര്‍ മുഖേനെ ഇസ്‍ലാം എത്തിയിട്ടുണ്ട്. പിന്നീട് ഈജിപ്തും മൊറൊക്കയും തുണീഷ്യയുമടങ്ങുന്ന ഉത്തരാഫ്രിക്കൻ പ്രദേശങ്ങൾ ഉമർ (റ)ന്റെയും ഉസ്മാൻ (റ)ന്റെയും കാലങ്ങളില്‍ ഇസ്‍ലാമിക ഭരണത്തിന് കീഴിൽ ആവുകയും തുടർന്നു വന്ന അമവി, അബ്ബാസി ഭരണകൂടങ്ങൾക്ക് കീഴിൽ ഇതര പ്രദേശങ്ങളിലേക്കും ഇസ്‍ലാം വ്യാപിക്കുകയും ചെയ്തു. എന്നാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദക്ഷിണാഫ്രിക്കയിൽ 1700 കൾക്ക് ശേഷം ലോകം അധിനിവേശശക്തികളുടെ പിടിയിലമർന്നതിനെ തുടര്‍ന്നാണ് ഇസ്‍ലാം എത്തുന്നത്.
കേപ്പ് ടൗണിലാണ് ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ ഇസ്‍ലാമിക സമൂഹമായ കേപ്പ് മുസ്‍ലിംസ് (മലായ് ഭാഷ സംസാരിക്കുന്നവരായത് കൊണ്ട് 'കേപ് മലായ്സ് ' എന്നും പറയപ്പെടാറുണ്ട്) പിറവിയെടുക്കുന്നത്. അടിമകളും നാട് കടത്തപ്പെട്ടവരും നിർബന്ധിത തൊഴിലാളികളുമായ ഒരു വലിയ അധസ്ഥിത ജനസമൂഹം ചേർന്നതാണ് കേപ് മുസ്‍ലിംസ് എന്ന് പറയാം. ഈ സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ പ്രത്യേകം പ്രസ്താവ്യരാണ് പണ്ഡിതരും മതപ്രബോധകരുമായ ശൈയ്ഖ് യൂസുഫും തുവാന്‍ ഗുരുവും.
ഇന്തോനേഷ്യയും മലേഷ്യയും സിംഗപ്പൂരുമടങ്ങുന്ന പ്രദേശങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിലെ ഡച്ച് കോളനികളായിരുന്നു. അധിനിവേശ ഭരണം വന്നതോട് കൂടി ഇസ്‍ലാമിക പ്രബോധനത്തിനും വിശ്വാസാചാരങ്ങൾക്കുമെല്ലാം തടസ്സമനുഭവപ്പെട്ടതോടെ അവിടങ്ങളിലെ ഇസ്‍ലാമിക പണ്ഡിതർ ഒരുമിച്ച് കൂടി അധിനിവേശ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകി. ഇതിന് തടയിടാനെന്നോണം ഡച്ച് ഭരണകൂടം ശെയ്ഖ് യൂസുഫും തുവാൻ ഗുരുവുമടങ്ങുന്ന പ്രഗത്ഭ പണ്ഡിതരെയും അവരുടെ അനുയായികളെയും മറ്റൊരു ഡച്ച് കോളനിയായിരുന്ന ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലേക്ക് നാട് കടത്തുകയായിരുന്നു. അതോടൊപ്പം തന്നെ കിഴക്കേഷ്യയിൽ നിന്നുള്ള ധാരാളം പേരെ അടിമകളായും ഇവിടേക്ക് ഡച്ച് ഭരണകൂടം കടത്തി.
എന്നാല്‍ അവിടെയെത്തിയ, ശെയ്ഖ് യൂസുഫും തുവാൻ ഗുരുവും അവിടെയും അടങ്ങിയിരുന്നില്ല. നാട് കടത്തപ്പെട്ട് എത്തിയവരും പ്രാദേശികരുമായ അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിനിടയില്‍ ഇസ്‍ലാമിക അധ്യാപനങ്ങളുമായി അവര്‍ നിറഞ്ഞ് നിന്നു. ഡച്ച് അധീനതയിൽ നിന്നും വൈകാതെ തന്നെ ബ്രിട്ടീഷ് അധീനതയിലായി മാറിയ കേപ് ടൗണിലേക്ക് മഡഗാസ്കർ, ഇന്ത്യ തുടങ്ങിയ ബ്രിട്ടീഷ് കോളനികളിൽ നിന്നുള്ള അടിമകളും നിർബന്ധിത തൊഴിലാളികളും എത്തിച്ചേർന്നു. മുസ്‍ലിം വിശ്വാസികളും ഇതര മതവിശ്വാസികളുമടങ്ങുന്ന ഇവർ തങ്ങളുടെ യജമാനന്മാരുടെയും അധിനിവേശ ഭരണകുടത്തിന്റെയും നിരന്തര പീഢനങ്ങൾക്കിരയായവരായിരുന്നു. അവരും വൈകാതെ ആ ശെയ്ഖുമാരുടെ അനുയായികളായി മാറി.
ശെയ്ഖ് യൂസുഫ്
ഈസ്റ്റ് ഇൻഡീസിലെ ഗോവയിൽ കുലീന കുടുംബത്തിലാണ് 1626-ല് ഷെയ്ഖ് യൂസഫ് ['അബിദിൻ തദിയ ജോസോപ്] ജനിച്ചത്. ഡച്ചുകാര്‍ക്കെതിരായ യുദ്ധത്തിൽ അദ്ദേഹം ഗോവയിലെ ബന്റാമിലെ സുൽത്താൻ അജുങ്ങിനെ പിന്തുണക്കുകയും വിദേശികള്‍ക്കെതിരെ പോരാടുകയും ചെയ്തു. രണ്ട് തവണ ഷെയ്ഖ് യൂസഫ് ഡച്ച് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ഒടുവിൽ 1694-ൽ മാപ്പ് വാഗ്ദാനം നൽകി കീഴടങ്ങാൻ ആവശ്യപ്പെട്ടത് പ്രകാരം കീഴടങ്ങിയെങ്കിലും ഡച്ചുകാർ അവരുടെ വാഗ്ദാനം നിറവേറ്റിയില്ല. ഷെയ്ഖ് യൂസഫിനെ കുടുംബത്തോടും അനുയായികളോടും ഒപ്പം ബട്ടാവിയയിലെ കോട്ടയിലേക്ക് നാടുകടത്തി. അവിടെ നിന്ന് സായുധ കാവലിൽ, സിലോണിലെ കൊളംബോ കോട്ടയിലേക്ക് [ഇപ്പോൾ ശ്രീലങ്ക] മാറ്റി. അവിടെയും അദ്ദേഹത്തിന്റെ സ്വാധീനം ഭയന്ന ഡച്ചുകാർ അദ്ദേഹത്തെ ഗുഡ് ഹോപ്പ് മുനമ്പിലേക്ക് നാടുകടത്തി. 1694 ഏപ്രിൽ 02-ന് `ഡി വോറ്റ്‌ബൂഗ്' എന്ന കപ്പലിൽ 49 പേരടങ്ങുന്ന പരിവാരങ്ങളോടൊപ്പമാണ് അദ്ദേഹം അവിടെ എത്തിയത്.
1694 ജൂൺ 14-ന് അവരെ കേപ്പിലെ ഈർസ്റ്റെ നദിയുടെ അഴിമുഖത്തുള്ള സാൻഡ്‌വ്‌ലീറ്റിലെ ഒരു ഫാമിലേക്ക് മാറ്റി. സാൻഡ്‌വ്‌ലീറ്റിൽ ഷെയ്ഖ് യൂസഫിനെ ഒറ്റപ്പെടുത്താനുള്ള കമ്പനിയുടെ ശ്രമം വിജയിച്ചില്ല. വൈകാതെ, പലായനം ചെയ്തെത്തുന്ന അടിമകളുടെയും കിഴക്കിൽ നിന്നുള്ള മറ്റ് പ്രവാസികളുടെയും കേന്ദ്രമായി മാറി സാൻഡ്‌വ്‌ലീറ്റ്. കേപ്പ് മുസ്‍ലിം സമൂഹം സ്ഥാപിക്കപ്പെട്ടത് ഇവിടെയാണ്. ഷെയ്ഖിന്റെ അനുയായികളിൽ പലരും മക്കാസറിൽ നിന്നുള്ളവരായതിനാൽ, സാൻഡ്‌വ്‌ലീറ്റിന് ചുറ്റുമുള്ള ജില്ല ഇന്നും മക്കാസർ എന്നാണ് അറിയപ്പെടുന്നത്. കേപ്പിലെ ഇസ്‍ലാമിക വിശ്വാസത്തിന്റെ സ്ഥാപകനായി ഷെയ്ഖ് യൂസഫിനെ പലരും കണക്കാക്കുന്നതും ഇത് കൊണ്ട് തന്നെ. 1699 മെയ് 23-ന് അദ്ദേഹം സാൻഡ്‌വ്‌ലിയറ്റിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം ഇന്നും ഒരു തീർത്ഥാടന കേന്ദ്രമാണ്.
തുവാന്‍ ഗുരു
ഇമാം അബ്ദുല്ല കാദി അബ്ദുസ്സലാം എന്നാണ് യഥാര്‍ത്ഥ പേര്. തുവാൻ ഗുരു കിഴക്കൻ ഇന്തോനേഷ്യയിലെ ഒരു ദ്വീപായ ടിഡോറിൽ നിന്നുള്ള രാജകുമാരനായിരുന്നു. മൊറോക്കോയിലെ സുൽത്താനിലേക്കും വിശുദ്ധ പ്രവാചകന്റെ വംശപരമ്പരയിലേക്കും അദ്ദേഹത്തിന്റെ കുടുംബ പരമ്പര എത്തുന്നതായി പറയപ്പെടുന്നുണ്ട്.
ഇംഗ്ലീഷുകാരുമായി ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഡച്ചുകാർ പിടികൂടി തടവുകാരായാണ് അദ്ദേഹം കേപ്പിലേക്ക് നാടുകടത്തപ്പെടുന്നത്. 1780 ഏപ്രിൽ 6-ന് കേപ്പിലെത്തിയ അദ്ദേഹത്തെ റോബൻ ദ്വീപിൽ തടവിലാക്കപ്പെട്ടു. തന്റെ ജീവിതത്തിന്റെ അടുത്ത പതിമൂന്ന് വർഷം ചെലവഴിച്ചത് അവിടെയായിരുന്നു. അവിടെ വെച്ച് അദ്ദേഹം ഇസ്‍ലാമിക നിയമശാസ്ത്രത്തെക്കുറിച്ച് ഒരു പുസ്തകം എഴുതി. 1781ല്‍ രചിക്കപ്പെട്ട അത്, കേപ് മുസ്‍ലിം സമൂഹത്തിന്റെ പ്രധാന റഫറൻസ് ആയി ഇന്നും ഉപയോഗിക്കപ്പെടുന്നു. 18-ാം നൂറ്റാണ്ടിൽ കിഴക്കൻ ഇന്ത്യൻ ദ്വീപുസമൂഹത്തിൽ സാധാരണമായിരുന്ന അറബി ലിപി ഉപയോഗിച്ച് മലായുവിലും പോർച്ചുഗീസിലുമാണ് ഇത് എഴുതപ്പെട്ടിരുന്നത്.
1793-ൽ റോബൻ ദ്വീപിൽ നിന്ന് മോചിതനായപ്പോൾ, കേപ്ടൗണിൽ ഒരു മുസ്‍ലിം സ്കൂൾ സ്ഥാപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ദൌത്യം. പ്രാദേശിക അടിമകൾക്കും സ്വതന്ത്രരായ കറുത്തവർഗക്കാർക്കും ഇടയിൽ ഇത് വളരെ ജനപ്രിയമായി. തുവാൻ ഗുരുവിന്റെ കാലത്ത് തന്നെ, സ്കൂളിൽ 375 ൽ കുറയാത്ത വിദ്യാർത്ഥികളുണ്ടായിരുന്നതായി പറയപ്പെടുന്നു. അത്തരമൊരു ശക്തമായ മുസ്‍ലിം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാന്നിധ്യം ബ്രിട്ടീഷ് അധികാരികളെ വളരെയധികം ആശങ്കപ്പെടുത്തിയിരുന്നു.
ആദ്യത്തെ മുസ്‍ലിം സ്കൂൾ സ്ഥാപിച്ചത് മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ നേട്ടം. മോചിതനായതിന് തൊട്ടുപിന്നാലെ, തുവാൻ ഗുരു ഒരു മസ്ജിദിനായി പ്രക്ഷോഭം ആരംഭിച്ചു. അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കപ്പെട്ടതോടെ, ചിയാപ്പിനി സ്ട്രീറ്റിലെ ഉപയോഗശൂന്യമായ കല്ല് ക്വാറിയിൽ തുറന്ന സ്ഥലത്ത് വെച്ച് മുസ്‍ലിംകളെയും കൂട്ടി അദ്ദേഹം പ്രാര്‍ത്ഥനകളും കര്‍മ്മങ്ങളും നടത്തിവന്നു.
Read More: ദക്ഷിണാഫ്രിക്കൻ മുസ്‌ലിംകൾ (ഭാഗം 1)
രണ്ട് വർഷത്തിന് ശേഷം (1795) ബ്രിട്ടീഷുകാർ കേപ്പ് ഏറ്റെടുക്കുകയും പുതിയ ഗവർണർ ജനറൽ ക്രെയ്ഗ് മുസ്‍ലിംകളോട് കൂടുതൽ അനുകൂലമായി പെരുമാറുകയും അവർക്ക് ഒരു പള്ളി സ്ഥാപിക്കാൻ അനുമതി നൽകുകയും ചെയ്തു. ലോകം നിലനിൽക്കുന്നിടത്തോളം കാലം ഇത് നിലനിൽക്കുമെന്ന് തുവാൻ ഗുരു പറഞ്ഞ ഈ പള്ളി, ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ പള്ളിയായി ഇന്നും അറിയപ്പെടുന്നു. ഡോർപ് സ്ട്രീറ്റിലെ ഓവൽ പള്ളിയാണ് ഇത്.
ഇസ്‍ലാമിക പ്രചരണം
പള്ളി കേന്ദ്രമാക്കി, മലായ് പൊതു ഭാഷയായി സ്വീകരിച്ച് ആത്മീയതയിലൂന്നിയ ഇസ്‍ലാമിക പ്രചാരണത്തിലൂടെ ഇവരെയൊന്നടങ്കം വൈകാതെ തന്നെ ദീനി പാതയിലേക്ക് നയിക്കാനും ഷെയഖ് യൂസുഫിനും തുവാൻ ഗുരുവിനും കഴിഞ്ഞു. സ്വതന്ത്രരാക്കപ്പെട്ട അടിമകളും തൊഴിലാളികളുമെല്ലാം ഇവിടെ ഒരുമിച്ച് കൂടിയിരുന്നു. തുവാൻ ഗുരുവായിരുന്നു പള്ളിയിലെ ആദ്യ ഇമാം.
സാംസ്കാരികമായും ആശയപരമായും ഭാഷാപരമായും വൈവിധ്യമാർന്നതാണ് കേപ് മുസ്‍ലിം സമൂഹം. ആദ്യ പണ്ഡിതന്മാർ പലരും സൂഫി ആത്മീയ മാർഗങ്ങളിലുള്ളവരായിരുന്നു. ആഫ്രിക്കൻ ഇസ്‍ലാമിക പാരമ്പര്യവും ഇന്തോനേഷ്യൻ ഇസ്‍ലാമിക സംസ്ക്കാരവും കൂടിച്ചേർന്നതാണ് കേപ്പ് മുസ്ലിംകളുടേത് എന്ന് പറയാം. അധികപേരും മലായും ആഫ്രിക്കൻ പ്രാദേശിക ഭാഷയായ ആഫ്രികാൻസും ഉപയോഗിച്ചു പോരുന്നു.
ആഫ്രിക്കൻ, എഷ്യൻ അടിമകള്‍ മാത്രമല്ല, പ്രദേശിക ഖോയ് ഗോത്രത്തിൽ നിന്നുള്ളവരും ആഫ്രിക്കയിൽ താമസമാക്കിയ യൂറോപ്യന്മാരുടെ പിന്മുറക്കാരും കേപ് മുസ്‍ലിംകളിൽ ഉൾപ്പെടും. ഇരുപതാം നൂറ്റാണ്ടിൽ ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിന്റെ ഭാഗമായി ഭരണകൂടങ്ങൾ നടത്തിയ പീഢനങ്ങളും വിഭജിച്ചു ഭരിക്കൽ നയവും കാരണം ഇന്ന് വെറും രണ്ട് ലക്ഷത്തിനടുത്ത് മാത്രമാണ് കേപ് മുസ്‍ലിം ജനസംഖ്യയുള്ളത്
Leave A Comment