മദീന, ബഹുസ്വര രാഷ്ട്രത്തിന്റെ പ്രവാചക മാതൃക 

മദീന വിശ്വാസിയുടെ എല്ലാമെല്ലാമാണ്. എല്ലാത്തിനും അത് മാതൃകയുമാണ്. കാരണം, ഏറ്റവും നല്ല മാതൃകയുടെ ഉടമയാണ് അതിന്റെ സ്ഥാപകന്‍. ഇസ്‍ലാമിക രാഷ്ട്രത്തിന്റെ ആദ്യരൂപവും മദീന തന്നെയാണ്. ഒരു രാഷ്ട്രത്തിന് ആവശ്യമായതെല്ലാം പത്ത് വര്‍ഷത്തെ മദീനയിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു പ്രവാചകര്‍. കാലിക രാഷ്ട്ര സംവിധാനങ്ങൾക്ക് തുല്യമായി വിവിധ സാമൂഹിക രാഷ്ട്രീയ മതവിഭാഗങ്ങളെ ഏകോപിപ്പിച്ച് ഭരിക്കുന്ന രീതിയുടെ ആദ്യമാതൃകയായിരുന്നു മദീന. മദീനയിലെ എട്ട് ജൂത ഗോത്രങ്ങളും, അൻസ്വാറുകളും, മക്കയിലെ മുഹാജിറുകളും, ക്രൈസ്തവ വിഭാഗങ്ങളുമെല്ലാം അടങ്ങിയ ഒരു ജനസമൂഹത്തെ നേഷൻ (കമ്മ്യൂണിറ്റി) എന്ന അടിസ്ഥാനത്തിൽ ഒരു രാഷ്ട്രമായി പടുത്തുയർത്തുന്നതിലെ സാധ്യതയെയാണ് മദീന വിഭാവനം ചെയ്തതും പ്രയോഗവല്‍ക്കരിച്ച് കാണിച്ചുകൊടുത്തതും. 

മുസ്‍ലിം വിഭാഗങ്ങളായ മുഹാജിറുകളുടെയും അൻസ്വാറുകളുടെയും ലയനത്തിലൂടെ തന്നെ ഉയർന്നുവന്നത് തികച്ചും അറേബ്യൻ ഉപദ്വീപിന്റെ പൂർവ്വ പാരമ്പര്യത്തിന് അപരിചിതമായ ഒരു സാമൂഹിക ഘടനയായിരുന്നു. പരമ്പരാഗത ഗോത്ര ജീവിതത്തിൽ സാമൂഹിക സംഘ രൂപീകരണങ്ങളുടെ അടിസ്ഥാനം രക്ത-കുടുംബ ബന്ധങ്ങളാണ്. എന്നാൽ, അതിന് വ്യത്യസ്തമായി മദീനയിൽ  ഭൂമിശാസ്ത്ര, വംശീയ, സാംസ്കാരിക പശ്ചാത്തലങ്ങളുള്ള ജനങ്ങൾ ഒരുമിച്ച് ചേർന്ന് വേറിട്ട ഒരു സാമൂഹിക വിഭാഗം മദീനയിലൂടെ സാധ്യമായപ്പോള്‍, ലോകത്തിന് തന്നെ അതൊരു പുതിയ അനുഭവമായിരുന്നു.

പിന്നീടാണ് റോമക്കാരനായ ശുഹൈബും, പേർഷ്യക്കാരനായ സൽമാനുമൊക്കെ പ്രസ്തുത സംഘത്തിൽ വന്നുചേരുന്നത്. പ്രത്യേക സാമൂഹിക വിഭാഗത്തെ മതപരവും നയപരവുമായ അടിസ്ഥാനത്തിൽ മറ്റുള്ളവരിൽ നിന്നും വേർതിരിച്ച് മദീന പരിചയപ്പെടുത്തുന്നത് ഉമ്മത്ത് സമുദായം എന്ന ശീർഷകത്തിലൂടെയാണ്.

മദീന മുസ്‍ലിംകളുടേത് മാത്രമായിരുന്നില്ല, നേരത്തെതന്നെ യഹൂദികളും ബഹുദൈവാരാധകരായ അറബികളും അവിടെയുണ്ട്. അവരൊന്നും ഇസ്‍ലാം ആശ്ലേഷിച്ചിട്ടില്ല. ഈ വ്യത്യസ്ത ജനവിഭാഗങ്ങളെ അന്യോന്യം ഐക്യപ്പെടുത്തുക, പരസ്പര സഹകരണത്തിന്റെ ഒരു ഫോർമുല കണ്ടുപിടിക്കുക, എന്നിങ്ങനെ ഒട്ടേറെ രാഷ്ട്രീയ പ്രശ്നങ്ങളാണ്  മദീനാ പ്രവേശനം നടത്തിയ പ്രവാചകര്‍ക്ക് പ്രഥമഘട്ടത്തിൽ അഭിമുഖീകരിക്കേണ്ടിയിരുന്നത്. 

ജനസംഖ്യാ കണക്കെടുപ്പോടെയാണ് മദീന എന്ന മാതൃകാരാഷ്ട്രം സ്ഥാപിക്കപ്പെടുന്നത് തന്നെ. പ്രവാചക ശിഷ്യനായ ഹുദൈഫത്തു ഇബ്നുൽ യമാനി (റ)ന്റെ കാർമികത്വത്തിലായിരുന്നു ആ കണക്കെടുപ്പ. പ്രസ്തുത കണക്കെടുപ്പിൽ മദീനയിൽ മൊത്തം ജനസംഖ്യ പതിനായിരം ആണെന്നും അതിൽ 1500 മുസ്‍ലിംകൾ, നാലായിരം യഹൂദികൾ, 4500 ബഹു ദൈവാരാധകർ എന്നിങ്ങനെയാണെന്നും കണ്ടെത്തി. അനന്തരം നഗരത്തിൻറെ നാലു മൂലകളിൽ അതിർത്തി കല്ലുകൾ സ്ഥാപിച്ചുകൊണ്ട് മദീനയുടെ അതിരുകൾ നിർണയിച്ചു. അങ്ങനെ രാഷ്ട്രനഗരത്തിൻറെ ഭാഗമായ ഭൂമി (താഴ് വരയിലുൾപെട്ട സംരക്ഷിത പ്രദേശമടക്കം) അദ്ദേഹം ക്ലിപ്തപെടുത്തി.

അതേസമയം, മക്കയില്‍നിന്ന് മദീനയിലെത്തിയ (കുടിയേറ്റക്കാരായ) മുസ്‍ലിംകളെ പുനരധിവസിപ്പിക്കുകയും അവരെ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്തുകയും ചെയ്യുന്നതിനുള്ള നടപടികളിൽ വ്യാപൃതരായിരുന്നു പ്രവാചകര്‍. മറുവശത്ത് ജൂതന്മാരുടെയും ബഹുദൈവാരാധകരുടെയും വിശ്വാസം ആർജിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു. മദീനയിൽ പരമാധികാരം സ്ഥാപിക്കുകയല്ല തന്റെ ലക്ഷ്യമെന്നും മറിച്ച്, തന്റെ മതാനുയായികളുടെ സുരക്ഷയും, പുതിയ മതത്തിന്റെ പ്രബോധനത്തിന് അനിവാര്യമായ സാഹചര്യം ഒരുക്കലുമാണ് തന്റെ ലക്ഷ്യമെന്നും പ്രവാചകൻ പ്രഖ്യാപിച്ചു. തീർച്ചയായും നേരത്തെ മക്കയിൽ അവതീർണ്ണമായ ഖുർആൻ സൂക്തത്തിൽ നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം (109:6) എന്ന വാക്യത്തിലൂടെ ഒരു രാഷ്ട്രീയ തത്ത്വം പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാൽ, ഈ ബഹുമത ബഹുസ്വര പദ്ധതിയെ നിരാകരിച്ച ഖുറൈശികൾ ഇസ്‍ലാമിക സന്ദേശ പ്രചാരണത്തെ തടസ്സപ്പെടുത്തുകയും മുസ്‍ലിം ആവാൻ ആഗ്രഹിച്ചവരെ പീഢിപ്പിക്കുകയുമാണ് ചെയ്തത്. ഇക്കാരണങ്ങളാൽ മുഹമ്മദ് നബി (സ) തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് മുന്നിൽ, മക്കയിൽ അവതരിച്ച സൂക്തങ്ങളെ മദീനയിലെ ജീവിത, സാമൂഹ്യ, നിയമ, ആചാര, തലങ്ങളിൽ നടപ്പിലാക്കുകയും, മക്കയിലെ ദർശനം മദീനയിൽ പ്രാവർത്തികമാക്കുകയുമാണ് പ്രവാചകൻ ചെയ്തത്.

Also Read:മആലിമുസ്സുന്നതിന്നബവിയ്യ : ഖത്മുസ്സുന്നയിലൂടെ ഒരു തീർത്ഥയാത്ര

മതപരവും നയപരവുമായ സ്വയംഭരണം എന്ന അടിസ്ഥാനത്തിൽ ഊന്നി ഒരു ബഹുസ്വര സാമൂഹിക പദ്ധതി നടപ്പിലാക്കി കൊണ്ട് സഹവർത്തിത്വത്തിന്റെ സാധ്യമായ മാർഗങ്ങൾ അതിലൂടെ ഓരോ വ്യക്തികൾക്കും സമുദായങ്ങൾക്കും കാണിച്ചുകൊടുത്തു. മതസന്ദേശം തീർച്ചയായും പ്രചരിപ്പിക്കുക തന്നെ ചെയ്യും. എന്നാൽ ബലപ്രയോഗം കൊണ്ടോ സമ്മർദ്ദം കൊണ്ടോ ആരെയും നിർബന്ധിച്ച് മതപരിവർത്തനം ചെയ്യുകയില്ല.  മതംമാറിയവർക്ക് മക്കയിലെ പോലെ എതിർപ്പുകൾ നേരിടേണ്ടി വരികയുമില്ല.

ആദ്യമായി, മദീനയിൽ എത്തിയ പ്രവാചകൻ മദീനക്കാരായ അൻസാറുകളുടെയും മക്കയിൽ നിന്ന് കുടിയേറി വന്ന മുഹാജിറുകളുടെയും നേതാക്കന്മാരെ ഒന്നിച്ചിരുത്തി, മദീനയുടെ സാമൂഹിക സാംസ്കാരിക സൗഹൃദ പുരോഗമനത്തിനുതകുന്ന ഭരണഘടനയായ മദീന പ്രമാണത്തിന് രൂപം നൽകുകയാണ് ചെയ്തത്. ഈ സംഗമത്തിൽ വച്ച് തന്നെ പ്രമാണത്തിന്റെ പ്രധാനപ്പെട്ട  23 വകുപ്പുകൾ തീരുമാനിക്കപ്പെട്ടു. പുതിയ  മുസ്‍ലിം സംഘത്തിന്റെ മത സാമൂഹിക ബന്ധങ്ങളെ ലിഖിതരൂപത്തിൽ അത് തിട്ടപ്പെടുത്തിയിരിന്നു. പ്രവാചക ശിഷ്യനായ അനസുബ്നു മാലികി (റ)ന്റെ  വീട്ടിൽ മദീനയിലെ സഹോദര സാമൂഹിക സംഘങ്ങളുമായി പ്രവാചകൻ നടത്തിയ കൂടിയാലോചനയിലൂടെ പുതിയ രാഷ്ട്രനഗരത്തിന്റെ അടിത്തറയാകാൻ പോകുന്ന പ്രസ്തുത തത്ത്വങ്ങൾക്ക് എല്ലാവരും അംഗീകാരം നൽകി. ഇതിലൂടെ പ്രസ്തുത മദീനാ പ്രമാണം മദീനയുടെ ഭരണഘടനയായി അംഗീകരിക്കപ്പെട്ടു. ഒരു ഇസ്‍ലാമിക രാഷ്ട്രത്തിന്റെ ആദ്യ ഭരണഘടന എന്ന സവിശേഷത മാത്രമല്ല, ലോകത്ത് തന്നെ ഒരു രാഷ്ട്രം പ്രഖ്യാപിച്ച ആദ്യത്തെ ലിഖിത ഭരണഘടന എന്ന മഹത്വവും ഈ ഉടമ്പടിക്കുണ്ട്.

മദീനയിലെ മുഴുവന്‍ ഗോത്രങ്ങളെയും അവരുടെ ആശ്രിതരെയുമെല്ലാം എടുത്ത് പറഞ്ഞ്, വൈജാത്യങ്ങളെല്ലാം അംഗീകരിച്ച പ്രമാണം, മുസ്‍ലിംകള്‍ക്കുള്ളതുപോലെ തന്നെ, സ്വാതന്ത്ര്യവും അവകാശങ്ങളുമെല്ലാം, ജൂതന്മാർക്കും മറ്റു സഹോദര സമുദായങ്ങൾക്കും  വകവെച്ചുകൊടുക്കുന്നത് കൂടിയായിരുന്നു. പ്രത്യേക അനുച്ഛേദത്തിന്റെ പിൻബലത്തിൽ ബഹുദൈവാരാധകർക്ക് പ്രത്യേകം വ്യവസ്ഥകൾ അംഗീകരിക്കുന്നുമുണ്ട്. രാഷ്ട്രനഗരത്തിൽ അനുവദിക്കപ്പെട്ട എല്ലാ അവകാശങ്ങളും, സ്വാതന്ത്ര്യങ്ങളും തങ്ങൾക്ക് കൂടി ലഭിക്കണമെന്ന അവരുടെ ആഗ്രഹം പൂര്‍ണ്ണമായും മാനിക്കുന്നതായിരുന്നു അത്. മക്കക്കാരായ ബഹുദൈവാരാധകരോട് നടത്തിയ ബദർ, ഉഹദ് യുദ്ധങ്ങൾക്ക് ശേഷം പോലും മദീനയിലെ ബഹുദൈവാരാധകർ മുസ്‌ലിംകളുമായി സംഘർഷങ്ങളൊന്നും കൂടാതെ ജീവിക്കുന്നതായി കാണുന്നതും അത് കൊണ്ട് തന്നെയായിരുന്നു. 

മതവൈജാത്യങ്ങളെ അംഗീകരിക്കുന്നതോടൊപ്പം, അതിന് പുറത്തുണ്ടാകുന്ന തർക്കങ്ങൾക്കുള്ള പ്രശ്നപരിഹാരം പ്രവാചകനിൽ സുനിശ്ചിതമായിരിക്കും എന്ന് കൂടി പ്രമാണം മുന്നോട്ടുവയ്ക്കുന്നു. മദീനയിലെ വിവിധ ഗോത്രങ്ങൾക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അത് മാത്രമായിരുന്നു പരിഹാരം, അത് എല്ലാവരും മനസ്സിലാക്കുകയും ചെയ്തിരുന്നു. അത്തരക്കാര്‍ വിധി തേടി വരുന്ന ഓരോ സന്ദർഭത്തിലും പ്രവാചകൻ അവരോട് ചോദിക്കുമായിരുന്നു: "ഞാനെങ്ങനെ വിധി കല്പിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ഖുർആൻ അനുസരിച്ചോ, അതല്ല തോറാ  അനുസരിച്ചോ?" അമുസ്‍ലിംകളുടെ കേസുകളിൽ തീർപ്പ് കൽപ്പിക്കുകയോ അവരുടെ കോടതിക്കും നിയമത്തിനും അത് വിട്ടുകൊടുക്കുകയോ ചെയ്യുന്ന സമ്പ്രദായം അന്നുമുതൽ ഓട്ടോമൻ ഭരണത്തിന്റെ അന്ത്യം വരെയും 'ദിമ്മി' (ന്യൂനപക്ഷ വിഭാഗങ്ങൾ) നിയമത്തിന്റെ ഭാഗമായിരുന്നിട്ടുണ്ട് എന്ന വസ്തുത ഇവിടെ കൂട്ടിചേർക്കേണ്ടതുണ്ട്.

പ്രമാണം മുന്നോട്ട് വെച്ച മറ്റു കാര്യങ്ങള്‍ ഇങ്ങനെ വായിക്കാം. ഓരോ മത-വംശീയ വിഭാഗങ്ങൾക്കും സാംസ്കാരികവും നിയമപരവുമായ പൂർണ്ണ സ്വയംഭരണാധികാരം ഉണ്ടായിരിക്കും. മതം, നിയമനിർമാണം, നീതിന്യായം, വിദ്യാഭ്യാസം, വാണിജ്യം, സംസ്കാരം, കല, സംഘാടനം എന്നീ കാര്യങ്ങളിൽ തൽസ്ഥിതി നിലനിൽക്കും. ഓരോ വിഭാഗത്തിനും അനുയോജ്യമാവും വിധം, അവർ നിർണയിക്കുന്ന മാനദണ്ഡങ്ങളനുസരിച്ച് നയങ്ങൾ ആവിഷ്കരിക്കുകയും ചെയ്യും. 

മറ്റൊരു വശത്ത് വസ്തുനിഷ്ഠ നിയമങ്ങളിലൂടെ എല്ലാ മത-സാമൂഹിക വിഭാഗങ്ങളെയും മറികടക്കുകയും ചെയ്യുന്നുണ്ട് മദീനാ പ്രമാണം. മറ്റൊരു വിധം പറഞ്ഞാൽ മുസ്ലിം, ജൂത, ബഹുദൈവ സമൂഹങ്ങൾക്കൊന്നും അതിൻറെ പൊതുനിർദ്ദേശങ്ങളെ ലംഘിക്കുക സാധ്യമല്ല. 
ഈ അർത്ഥത്തിൽ, പരസ്പര സമവായത്തിന്റെ ഉൽപന്നമായ പ്രമാണം ഖുർആനും തൗറാത്തിനും സുസ്ഥാപിത ആചാരങ്ങൾക്കും അതീതമാണ്. രക്ത-കുടുംബ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗോത്ര ഘടന മറികടന്ന്, ഗ്രൂപ്പുകളായോ നിയമ കൂട്ടായ്മകളായോ ക്രമീകരിക്കപ്പെട്ട ഒരു ഉന്നത രാഷ്ട്രീയ സമിതിക്ക് ചുറ്റും മദീനാ നിവാസികൾ ഒരുമിച്ചു ചേർക്കപ്പെട്ടു. കുടുംബങ്ങൾക്കും ഗോത്രങ്ങൾക്കുമിടയിലെ എല്ലാത്തരം നിയമലംഘനങ്ങളും ഇതിലൂടെ നിരോധിക്കപ്പെടുകയും ചെയ്തു. പ്രാദേശിക സംയോജനത്തെയും രാഷ്ട്രീയ ഐക്യത്തെയും അർത്ഥമാക്കുന്ന (ഹറം) എന്ന പദത്തെ മദീന മോഡൽ ഊന്നിപ്പറയുന്നുണ്ട്.

വംശം, ഭാഷ, മതം, ജാതി, വംശീയത എന്നിവയുടെയൊന്നും അടിസ്ഥാനത്തിൽ വിവേചനം കൽപ്പിക്കാത്ത, സാമൂഹികമായ മദീന പദ്ധതി മതപരവും സാംസ്കാരികവും നിയമപരവുമായ സ്വയംഭരണത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപിതമായിട്ടുള്ളത്.
നിയമവാഴ്ച്ചക്കുള്ള സമ്പൂർണ്ണ അനുസരണം എല്ലാവരുടെയും ബാധ്യതയായി മദീന മോഡൽ നിശ്ചയിക്കുന്നു. സാമൂഹിക ജീവിതത്തിലെ നീതിനിർവഹണം, നിയമ പ്രക്രിയയുടെ സംഘാടനം, നീതിന്യായ വകുപ്പ്, അവയുമായി ബന്ധപ്പെട്ട അധികാരങ്ങൾ എന്നിവ കേന്ദ്ര അധികാരിക്ക് നൽകിക്കൊണ്ടാണ് നടപ്പിലാക്കുക. വ്യക്തിയുടെ സ്വന്തമായ തീരുമാനങ്ങൾക്കും നടപടികൾക്കും വിട്ടു കൊടുക്കുകയില്ല.  

അതേസമയം യുദ്ധത്തെ വ്യക്തിയുടെയും ഗോത്രത്തിന്റെയും അധികാരപരിധിയിൽ നിന്നും എടുത്തു മാറ്റി ഒരു കേന്ദ്രഗവൺമെന്റിനു കൈമാറുകയും ചെയ്യുന്നു. കേന്ദ്ര ഭരണകൂടം ചർച്ചയിലൂടെ എത്തിച്ചേർന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് യുദ്ധപ്രഖ്യാപനം നടക്കുക. വൈദേശികാക്രമണമായിരിക്കും യുദ്ധത്തിന്റെ സുപ്രധാന കാരണങ്ങളിലൊന്ന്, അത്തരമൊരു പ്രതിരോധ യുദ്ധത്തിന് മദീനാ ഭരണഘടനയിൽ പങ്കാളികളായ എല്ലാ കക്ഷികളും സാമ്പത്തിക, സൈനിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതാണ്. എന്നാൽ മതത്തിന്റെ പേരിലുള്ള യുദ്ധങ്ങൾക്ക് പൊതു ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല. അഥവാ, മുസ്‍ലിംകൾ മദീനക്ക് പുറത്ത് വെച്ച് മതത്തിനുവേണ്ടി യുദ്ധം നടത്തുമ്പോള്‍, മദീനയിലെ ജൂതരോ ബഹുദൈവാരാധകരോ അവരോടൊപ്പം ചേരേണ്ടതില്ല. 

ചുരുക്കത്തില്‍, മാനവിക മൂല്യങ്ങളെ ആദരിക്കുകയും അവയെ സാമൂഹ്യവ്യവസ്ഥയുടെ അടിസ്ഥാനമായി കണക്കാക്കുകയും ചെയ്ത്, സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയും, ബഹുമുഖ സംസ്കാരങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന സ്വാഗതാർഹവും സ്തുത്യർഹവുമായ മാതൃകയാണ് പ്രവാചകന്റെ മദീനാ ബഹുസ്വര മോഡൽ വിഭാവനം ചെയ്യുന്നത് എന്ന് നിസ്സംശയം പറയാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter