അല്ലഫൽ ആസ്വിഃ അനുഗരാഗത്തിന്റെ കാവ്യസുധ

തിരുഹബീബിനോടുള്ള അനിർവചനീയമായ പ്രണയസാന്ദ്രതയിൽ ഒരനനുരാഗി തീർത്ത കീർത്തനതീർത്ഥമാണ് അല്ലഫൽ ആസ്വി. മനസ്സും ശരീരവും മദീനയോട് ചേർത്ത് വെച്ച്, അകം നൊന്ത് വേപഥുകൊള്ളുന്ന പ്രേമാതുരന്റെ അക്ഷരസാക്ഷ്യമാണത്. 

ഹിജ്റ 12-ാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ച് വിട പറഞ്ഞ വിശ്വവിഖ്യാത പണ്ഡിതൻ വെളിയംകോട് ഉമർഖാളി (റ) രചിച്ചതാണ് അല്ലഫൽ ആസ്വി. അദ്ദേഹം രചന നിർവഹിച്ച നിരവധി കാവ്യകൃതികൾക്ക് മലയാളക്കരയിൽ ജനപ്രീതി ലഭിച്ചിട്ടുണ്ട്. എന്നാൽ അധികമൊന്നും കേൾക്കാത്ത ഒരു തിരുപ്രണയകാവ്യമാണ് അല്ലഫൽ ആസ്വി.

1177 ൽ മലബാറിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ പരിസരപ്രദേശമായ വെളിയങ്കോടാണ് ഉമർ ഖാളിയുടെ ജനനം. താനൂർ, പൊന്നാനി, മമ്പുറം എന്നീ പ്രദേശങ്ങൾ അവരുടെ ജ്ഞാനത്തെ പുഷ്ടിപ്പെടുത്തി. ഖാദിരി സരണി പിന്തുടർന്ന ഖാളി കവിയും ദാർശനികനും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. 'അല്ലാഹുവിന്റെ ഭൂമിക്ക് ഞങ്ങൾ നികുതി തരില്ല എന്ന പ്രഖ്യാപനത്തിലൂടെയാണ് സ്വാതന്ത്ര്യ ചരിത്രത്തിൽ ഉമർഖാളിയുടെ സ്ഥാനം പ്രസിദ്ധമായത്.

പ്രവാചക പ്രകീർത്തന കാവ്യമായയ അല്ലഫൽ ആസ്വിക്ക് ഉമറുൽ ഖാഹിരി രചിച്ച അല്ലഫൽ അലിഫുമായി സമാനതകളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. തിരുപ്രകീർത്തനം പ്രതിപാദ്യവിഷയവും അറബി അക്ഷരമാലയനുസരിച്ചുള്ള ഓരോ വരികളുടെയും കോർവയും ഏറെ സവിശേഷമാണ്. ബാഅ്, ശീന് തുടങ്ങിയ അക്ഷരങ്ങൾ ഉപയോഗിച്ച് രണ്ടുവരികളും ഹംസ, യാഅ് എന്നിവ ഉപയോഗിച്ച് മൂന്ന് വരികളുമുൾപ്പെടെ 34 വരികളാണ് അല്ലഫൽ ആസ്വിയിലുള്ളത്.

ലളിതവും നിഷ്പ്രയാസം ആലപിക്കാനുള്ള വാക്കുകളുടെ അലങ്കാരവും താരതമ്യേന മറ്റു കൃതികളിൽ നിന്ന് അല്ലഫൽ ആസ്വിയെ സവിശേഷമാക്കുന്നുണ്ട്. താളവും ഹൃദയം കവരുന്ന ശൈലിയും എടുത്തു പറയേണ്ട ഒന്നാണ്. ദൈവ സ്തുതി, നബി മാർഗം, സൂഫി മാർഗം, സകല വസ്തുക്കളുടെയും ഉണ്മയുടെ കാരണം, തൗഹീദ്, പ്രാർത്ഥന തുടങ്ങിയ പ്രമേയങ്ങളാണ് പ്രധാനമായും അല്ലഫൽ ആസ്വി കൈകാര്യം ചെയ്യുന്നത്.

അല്ലഫൽ ആസ്വില്ലദി ഫിൽ
ബക്രി വൽ ആസ്വാലി സ്വാൽ
അൻജുമൻ ഫീ മദ്ഹി മൻഹുവ
ഫീ ദുറൽ മആലി ആൽ


ഈ കൃതി വിശദമായ പഠനങ്ങൾക്കോ വ്യാഖ്യാനങ്ങൾക്കോ വിധേയമായിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഒരു മലയാളി സാഹിത്യകാരന്റെ രചന എന്ന നിലയില്‍ ഇത് എന്ത് കൊണ്ടും ലോകപ്രശസ്തമാവാന്‍ പോന്നതാണെന്നതില്‍ സംശയമില്ല.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter