ഖസീദത്തുൽനുഅ്‌മാനിയ്യ: മുഅ്‌ജിസത്തുകൾ ആധാരമാക്കിയ കാവ്യം
വിശ്വപ്രസിദ്ധ പ്രവാചക പ്രകീർത്ത കാവ്യമാണ് ഹനഫീ കർമശാസ്‌ത്ര സരണിയുടെ ഇമാമായി വർത്തിക്കുന്ന അബൂ ഹനീഫ നുഅ്‌മാൻ ബിൻ സാബിത്തി(റ)ന്റെ ഖസ്വീദത്തു നുഅ്‌മാനിയ്യ. പ്രവാചക പ്രകീർത്തന രംഗത്ത് പ്രചുരപ്രചാരം നേടിയ മഹാകാവ്യങ്ങളിലൊന്നായി ഇതും പരിഗണിക്കിപ്പെടുന്നു. സ്വജീവിതത്തെ വിശ്വാസം കൊണ്ടും കർമം കൊണ്ടും ആത്മീയമാക്കിയ മഹാമനീഷിയാണ് അബൂഹനീഫ ഇമാം. ഇസ്‍ലാമിന്റെ കർമശാസ്‌ത്രം ഏറെ പ്രായോഗികമായി രചിച്ചും വ്യവസ്ഥകൾ രൂപീകരിച്ചും പകർത്തിയും ചരിത്രത്തിലിടം നേടിയ അദ്ദേഹം തന്റെ ജീവിതം ഇസ്‍ലാമിക കർമശാസ്‌ത്രത്തിനു വേണ്ടി സമ്മാനിച്ചു.
ബിദഈ വാദികൾക്കെതിരെ സന്ധിയില്ലാ സമരം ചെയ്‌തു കൊണ്ട് കച്ചവട ജീവിതത്തിൽ നിന്നും ആത്മീയ ലോകത്തേക്ക് കടന്നുവന്ന അവർ പ്രവാചകാനുരാഗത്തിന്റെ വേറിട്ട കാവ്യസംഹിതയാണ് ലോകത്തിന് സമർപ്പിച്ചത്.
ഇറാഖിലെ കൂഫയിൽ ഹി 699 ലാണ് ഇമാം അബൂഹനീഫ ജനിക്കുന്നത്. പിതാവ് സാബിത് പേർഷ്യക്കാരനായിരുന്നു. ജ്ഞാനം തേടി മക്ക, മദീന, ബഗ്‌ദാദ്, നൈസാബൂർ തുടങ്ങി നിരവധി പ്രദേശങ്ങളിലൂടെ ഇമാം യാത്ര ചെയ്‌തു. പിതാവിന്റെ നിർദ്ദേശപ്രകാരം ഖുർആൻ മനഃപാഠമാക്കിയും ആദ്യം വിദ്യാർത്ഥിയായും പിന്നീട് വ്യാപാരിയായും നടന്ന അദ്ദേഹം ശേഷം വിദ്യതേടിയുള്ള യാത്രകളിലായി ജീവിം ചെലവഴിച്ചു. അതോടെ ഇസ്‍ലാമിക കർമശാസ്‌ത്രത്തിലെ ഹനഫി കർമസരണിയുടെ നേതാവായി അദ്ദേഹം മാറി.
അതിലൊക്കെയും തന്റെ സത്യസന്ധതയും വിശ്വാസവും മുറുകെ പിടിച്ച് ജീവിതം ആത്മീയതയിലർപ്പിച്ച അദ്ദേഹം പ്രവാചകാനുരാഗത്തിന്റെ ഉത്തമമാതൃക കൂടിയായിരുന്നു. 52 ഓളം വരികളുള്ള ഖസ്വീദത്തുനുഅ്‌മാനിയ്യക്ക് ലോകോത്തര പ്രസിദ്ധിയുണ്ട്. കടലുകൾ മഷിയായി, മരങ്ങൾ പേനയായി എത്ര എഴുതിയാലും തീരാത്ത പ്രവാചക ലോകത്തെ ആവിഷ്‌കരിക്കുന്നുണ്ട് കവി.
നബി (സ്വ) യുടെ റൗള ശരീഫിലെത്താൻ കൊതിക്കുന്ന ഒരുവന്റെ മനോവിഷമം,
യാ സയ്യിദ സാദാത്തി ജിഅ്‌ത്തുക്ക ഖാസ്വിദ
അർജു രിളാക്ക വ അഹ്‌തമി ബി ഹിമാക്ക
എന്ന വരികളിലൂടെ അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. അതുപോലെ കർമശാസ്‌ത്ര പരമായ ചില വ്യവസ്ഥകളും ഇതിൽ ഉൾകൊള്ളിക്കാൻ ശ്രമിച്ചതായി ഇതിന്റെ രണ്ടാം വായനയിലൂടെ നമുക്ക് കാണാവുന്നതാണ്.
പ്രവാചക വെളിച്ചം ഏതൊരു സമൂഹത്തിനും ആശ്വാസവും മോചനവുമാണെന്ന് പറഞ്ഞ കവി വിശ്വചാരുതയാർന്ന അലങ്കാരത്തോടെ കവിതയെ മുന്നോട്ട് ഗമിക്കാൻ പര്യാപ്‌തമാക്കിയിട്ടുണ്ട്. ഉത്തമ സ്വഭാവമുള്ള തിരുനബി (സ്വ) യാണ് സർവർക്കും അനുകരണീയ വ്യക്തിത്വമെന്നും അത് നമ്മുടെ വിജയരഹസ്യമാണെന്നും കവി ഉണർത്തുന്നു. മാൻപേട വന്ന് നബിയോട് പരാതി പറയുകയും പരിഹരിച്ചു കൊടുക്കുന്നതും കൈവിരലുകൾക്കിടയിൽ നിന്ന് വെള്ളം ഉറവ പൊട്ടിയതും കല്ലുകൾ തസ്‌ബീഹ് ചൊല്ലുന്നതും ഈന്തപ്പനത്തടി കരഞ്ഞതും മേഘം തണലിട്ടതുമെല്ലാം ആ ജീവിതത്തിന്റെ വിശുദ്ധിയെ അറിയിക്കുന്ന തരത്തിൽ അബൂഹനീഫ ഇമാം സുന്ദരമായി വരച്ച് വെച്ചിരിക്കുന്നു.
പ്രവാചകാനുചരന്മാരുടെ മേൽ രക്ഷയും സമാധാനവും നേര്‍ന്നുകൊണ്ടും ശേഷം വരുന്ന താബിഉകൾക്ക് ഏറ്റവും ഉദാത്തമായ രീതിയിൽ ജീവിതം സുകൃതമാക്കാൻ പ്രാർത്ഥിച്ച് കൊണ്ടുമാണ് ആ കാവ്യശീലുകള്‍ അവസാനിപ്പിക്കുന്നത്. അറബി ഖസ്വീദയിലെ കാമിൽ ബഹ്‌റിലാണ് അദ്ദേഹം ഇത് രചിച്ചിരിക്കുന്നത്. എല്ലാ വരികളും അലിഫിൽ അവസാനിക്കുന്നത് ഖസ്വീദത്തുൽ നുഅമാനിയ്യയുടെ പ്രത്യേകതയാണ്. ചുരുക്കത്തിൽ പല വിധത്തിലുള്ള ആന്തരിക ചർച്ചകൾക്ക് സാധ്യത നൽകുന്നതുതന്നെയാണ് ഈ കവിതയുടെ ഓരോ വരികളും.
Leave A Comment