വിശേഷങ്ങളുടെ ഖുർആൻ: (1) വിശുദ്ധ ഖുർആനും റമദാൻ മാസവും

വിശുദ്ധ ഖുർആനും റമദാൻ മാസവും

വിശുദ്ധ ഖുർആനും പുണ്യ റമദാൻ മാസവും തമ്മിലുള്ള ബന്ധം സുദൃഢവും സവിശേഷവുമാണ്. ഖുർആനിൻ്റെ അവതരണ മാസമായിട്ടാണ് റമദാൻ പൊതുവേ അറിയപ്പെടുന്നത്. റമദാനിൻ്റെ പ്രത്യേകതകളിൽ പ്രഥമ സ്ഥാനം അതിന് തന്നെയാണ്.

അത് കൊണ്ടാണ് ഖുർആൻ റമദാനെ പരിചയപ്പെടുത്തുന്നത് തന്നെ ഖുർആൻ ഇറങ്ങിയ മാസം എന്ന നിലയ്ക്കാണ്. അൽ ബഖറ അധ്യായത്തിലെ 183 ആം സൂക്തം മുതൽ 187 അടങ്ങിയ സൂക്തങ്ങൾ റമദാനും നോമ്പുമായി ബന്ധപ്പെട്ടതാണ്. ഇവിടെ മാത്രമേ ഖുർആനിൽ റമദാൻ മാസവും അതിലെ നോമ്പും പരാമർശിക്കപ്പെടുന്നുള്ളൂ. പൊതുവായി നോമ്പിനെ കുറിച്ചുള്ള പരാമർശം വേറെ പല സ്ഥലങ്ങളിലും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. 

ഇനി നമുക്ക് ഖുർആനിലെ പ്രസ്തുത വചനത്തിലൂടെ മുന്നോട്ട് പോകാം." ഓ സത്യവിശ്വാസികളേ, പൂർവിക സമുദായങ്ങൾക്കെന്ന പോലെ നിങ്ങൾക്കും എണ്ണപ്പെട്ട ദിനങ്ങളിൽ ഉപവാസം നിർബന്ധിക്കപ്പെട്ടിരിക്കുന്നു;നിങ്ങൾ സൂക്ഷ്മതയുള്ളവരാകാൻ. ഇനി നിങ്ങളിലാരെങ്കിലും രോഗിയോ യാത്രികനോ ആണെങ്കിൽ അത്രയും നോമ്പ് മറ്റു ദിനങ്ങളിൽ നോറ്റുവീടണം. ക്ലേശകരമായി മാത്രം നോമ്പെടുക്കാനാവുന്നവർ പകരം പ്രായശ്ചിത്തമായി ഒരു ദരിദ്രനുള്ള ആഹാരം നൽകണം. ഇനിയൊരാൾ സ്വന്തം നിലയ്ക്ക് നൻമ ചെയ്താൽ അത് അവന് ഗുണകരമാണ്. വിവരമുള്ളവരെങ്കിൽ നോമ്പെടുക്കൽ തന്നെയാണ് നിങ്ങൾക്കുത്തമം."

"മനുഷ്യകുലത്തിന് മാർഗദർശിയും സത്യാസത്യവിവേചനത്തിനും സൻമാഗദർശനത്തിനുമുള്ള പ്രസ്പഷ്ട സന്ദേശങ്ങളുമായി ഖുർആൻ അവതരിച്ച മാസമാണ് റമദാൻ. അതിനാൽ നിങ്ങളിലാരെങ്കിലും ആ മാസം നാട്ടിലുണ്ടെങ്കിൽ നോമ്പെടുക്കണം. ഇനി രോഗിയോ യാത്രികനോ ആണെങ്കിൽ മറ്റു ദിവസങ്ങളിൽ അത്രയും എണ്ണം നോറ്റുവീട്ടട്ടെ. നിങ്ങൾക്ക് ആശ്വാസമാണ്, ക്ലേശമല്ല അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾ എണ്ണം പൂർത്തിയാക്കാനും സൻമാർഗത്തിലാക്കിയതിൻ്റെ പേരിൽ അല്ലാഹുവിൻ്റെ മഹത്വം പ്രകീർത്തിക്കാനും നന്ദി പ്രകടിപ്പിക്കാനുമാണീ അനുശാസനം."

ഇവിടെ 2 - 3 സൂക്തങ്ങളിലായി റമദാൻ, നോമ്പ്, വിശുദ്ധ ഗ്രന്ഥം തുടങ്ങി പല വിഷയങ്ങളെ സംബസിച്ച അടിസ്ഥാന വിവരങ്ങൾ നമുക്ക് ലഭിക്കുന്നു. 
- വ്രതാനുഷ്ഠാനം സത്യവിശ്വാസികളുടെ നിർബന്ധ കർമമാണ്.
- മുഹമ്മദ് നബിയുടെ സമുദായത്തിന് മാത്രമുള്ള ബാധ്യതയല്ലിത്. മുൻ കാല ജനതകൾക്കും സമാനമായ ഉപവാസം ഉണ്ടായിരുന്നു. 
- ഇതിൻ്റെ പിന്നിലെ താൽപ്പര്യം ജനങ്ങളെ പീഢിപ്പിക്കലല്ല.പ്രത്യുത ജനങ്ങൾക്ക് ആശ്വാസം പകരുകയാണ്. 
- നോമ്പിൻ്റെ പരമ പ്രധാനമായ ലക്ഷം അത് വഴി വിശ്വാസികൾ ഭക്തരും സൂക്ഷ്മതയുള്ളവരുമായി തീരുകയാണ്.
- കർമാനുഷ്ഠാനങ്ങൾ കർശനമായി പാലിക്കേണ്ടവയാണെങ്കിലും മനുഷ്യൻ്റെ വ്യക്തിപരമായ അസൗകര്യങ്ങളും പ്രതിബന്ധങ്ങളും പരിഗണിച്ചു ഇസ് ലാം അവയിൽ ഇളവുകളും നീക്കുപോക്കുകളും അനുവദിക്കുന്നു.

അത് പോലെ ആരംഭകാലത്ത് വ്രതാനുഷ്ഠാന നാളുകളിൽ രാത്രി മഗ് രിബ്-ഇശാ നമസ്കാര സമയങ്ങൾക്കിടയിലെ ചുരുങ്ങിയ സമയം മാത്രമേ ആഹാര - നീഹാരാദി കാര്യക്കൾക്കും സ്ത്രീ-പുരുഷ സംസർഗങ്ങൾക്കും അനുവദിച്ചിരുന്നുള്ളൂ. ഇത് അവർക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചു. പലരും രാത്രികാലങ്ങളിൽ ലൈംഗീക ബന്ധത്തിലേർപ്പെട്ടു പിന്നീട് ഒന്നും സംഭവിക്കാത്തത് പോലെ നടക്കാൻ ശ്രമിച്ചു. ഇതെല്ലാം പരിഗണിച്ചു നോമ്പ് കാലത്തെ ഇളവ് സമയം ദീർഘിപ്പിച്ചു കൊണ്ടുള്ള വിളംബരമാണ് സൂക്തം187 ലൂടെ പുറത്ത് വന്നത്: 

" വ്രത രാത്രികളിൽ നിങ്ങൾക്ക് ഭാര്യാ സംസർഗം അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ അവർക്കും അവർ നിങ്ങൾക്കും പരസ്പരം വസ്ത്രമാണ്. നിങ്ങൾ ആത്മവഞ്ചന നടത്തുകയായിരുന്നെന്ന് അല്ലാഹു അറിഞ്ഞത് കൊണ്ട് പശ്ചാത്താപം സ്വീകരിച്ചു മാപ്പ് നൽകി. അതിനാൽ ഉഷസ്സിൻ്റെ വെള്ളി നൂൽ രാത്രിയുടെ കറുത്ത നൂലുമായി വേർതിരിഞ്ഞു വ്യക്തമാകുന്നത് വരെ ഇനി മുതൽ സ്ത്രീ സംസർഗം നടത്തുകയും അല്ലാഹു നിങ്ങൾക്ക് കണക്കാക്കിയത്  കാംക്ഷിക്കുകയും തിന്നുകയും കുടിക്കുകയും ചെയ്യുക. പിന്നീട് രാത്രി വരെ പൂർണ വ്രതനിഷ്ഠയിൽ കഴിയുക. പള്ളിയിലെ ഭജന വേളകളിൽ സ്ത്രീ സംസ്ഗം അരുത്. ഇതെല്ലാം അല്ലാഹു വിൻ്റെ പരിധികളായതിനാൽ അവ ലംഘിക്കുന്ന വഴിയിലേക്ക് അടുത്തു പോകരുത്. ഇപ്രകാരം മാനവരാശിക്ക് തൻ്റെ വചനങ്ങൾ വിവരിച്ചു കൊടുക്കുന്നത് അവർ സൂക്ഷ്മാലുക്കളാകാൻ വേണ്ടിയാണ്. "

നോമ്പിൻ്റെ ഉദ്ദേശ്യലക്ഷ്യക്കളും അനുഷ്ഠാന നിഷ്ഠകളും സ്പഷ്ടമായി വിവരിക്കുന്ന വചനങ്ങൾ ഈ അധ്യായത്തിൽ മാത്രമേ കാണാൻ കഴിയൂ. 

മറ്റൊരു കാര്യം റമദാൻ മാസം ഖുർആൻ അവതരണ മാസമാണെന്ന് വിശേഷിപ്പിക്കുമ്പോൾ ഖുർആൻ മൊത്തമായി റമദാനിൽ മാത്രമാണിറങ്ങിയതെന്ന ധാരണ വന്നു പോകാം. എന്നാൽ അന്ത്യ പ്രചാകൻ്റെ (സ) 23 വർഷത്തെ ജീവിതത്തിനിടയിൽ വ്യത്യസ്ത സ്ഥലത്തും സമയത്തും സാഹചര്യങ്ങളിലുമാണ് ഖുർആൻ അവതീർണമായതെന്നാണ് നാം മനസിലാക്കി വച്ചത്. അപ്പോൾ റമദാനിൽ അവതരണത്തിൻ്റെ ആരംഭം കുറിച്ചുവെന്ന് മാത്രമേ അർത്ഥമുള്ളൂ. അഥവാ റമദാനിലെ ഖദ്റിൻ്റെ രാവിൽ ലൗഹുൽ മഹ്ഫൂളിൽ (സൈഫ് ബോർഡ്) നിന്ന് ഒന്നാം ആകാശത്തിലേക്ക് (ബൈതുൽ ഇസ്സ )മൊത്തമായി ഇറക്കിക്കൊടുത്തുവെന്നും തുടർന്നു ജിബ് രീൽ മാലാഖ സന്ദർഭാനുസൃതം പ്രവാചകന് എത്തിച്ചു കൊടുത്തുവെന്നുമാണ് പണ്ഡിതർ ഇതിന് വിശദീകരണം നൽകുന്നത്.

ഖുർആനിലെ രണ്ട് അധ്യായങ്ങളിൽ ഓരോ വചനങ്ങളിലൂടെ ഖുർആൻ നാം ഖദ്റിൻ്റെ രാവിൽ ഇറക്കിയെന്നും (അൽ ഖദ്റ് അധ്യായത്തിലെ പ്രഥമ വചനം) നിശ്ചയം നാം അതിനെ അനുഗൃഹീത രാവിൽ ഇറക്കിയെന്നും വ്യക്തമാക്കിയതായി കാണാം. ഇതിന് അബ്ദുല്ലാഹിബ്നി അബ്ബാസ്(റ) അടക്കമുള്ള സ്വഹാബികൾ നൽകിയ വ്യാഖ്യാനം ഒന്നാം ആകാശത്തിലേക്ക് ഒറ്റയടിക്ക് ഇറക്കിയെന്ന് തന്നെയാണ്. തുടർന്നു വിവിധ സന്ദർഭങ്ങളിലായി തിരുനബി(സ)യിലേക്ക് ഇറക്കിക്കൊടുത്തുവെന്നും. ഇമാം ഇബ്നു ഹജർ അടക്കമുള്ള പണ്ഡിതർ ഇതിനാണ് പ്രാബല്യം നൽകിയതെന്ന് ഇമാം സുയൂത്വി ഇത് ഖാനിൽ വ്യക്തമാക്കുന്നു. 

ഓരോവർഷവും റമദാനിൽ അത് വരെ ഇറങ്ങിയ ഭാഗം പ്രവാചകനിൽ നിന്ന് ജിബ് രീൽ ഓരോ തവണ ഓതിക്കേൾക്കുമായിരുന്നുവെന്നും പ്രവാചകൻ വിടവാങ്ങിയ വർഷം രണ്ട് തവണ ഇങ്ങനെ കേൾപ്പിച്ചിരുന്നുവെന്നും ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം. 

അനുയായികളുമായുള്ള സമ്പർക്കത്തിലും തിരുനബി സാധാരണ ദിവസങ്ങളിൽ പാരായണം ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയവും ശ്രദ്ധയും റമദാനിലെ പാരായണത്തിന് നൽകിയിരുന്നുവെന്ന് ഹദീസുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല; പ്രവാചകൻ്റെ മാതൃക പിൻപറ്റി സ്വഹാബികളും മൽസരബുദ്ധിയോടെ ഖുർആൻ പാരായണത്തിന് മുന്നിട്ടിറങ്ങിയതായി ചരിത്രം വ്യക്തമാക്കുന്നു. നമസ്കാരത്തിലെ പാരായണത്തിന് പുറമെ മറ്റു വേളകളും ഖുർആൻ പാരായണം കൊണ്ട് ധന്യമാക്കാനുള്ള വെമ്പലിലായിരുന്നു അവർ.

എല്ലാ നൻമകളുടെയും വസന്തമായ റമദാന് ഖുർആൻ അവതീർണ മാസമെന്ന വിശേഷണം കൂടി വരുന്നത് പഞ്ചാരക്കുന്നിൽ തേൻ മഴയെന്ന പോലെ ശ്രേഷ്ഠ സുരഭിലമാണ്. അതിനാൽ റമദാനിൻ്റെ വേളകളെ ധന്യവും സാർത്ഥകവുമാക്കാൻ ഏറ്റവും ഉത്തമം ഖുർആൻ പഠന - ഗവേഷണ- മനന - പാരായണ വിഷയങ്ങളിൽ മുഴുകുകയാണെന്ന് ആരും സമ്മതിക്കും. സാധാരണ ഗതിയിൽ ഓരോ വിഷയത്തിൻ്റെയും പ്രസക്തിയും പ്രാധാന്യവും ബോധ്യപ്പെടുത്താൻ നാം ദിനങ്ങളും വാരങ്ങളും മാസങ്ങളും നിശ്ചയിക്കുന്നത് പോലെ റമദാൻ മാസം ഖുർആനിക ചിന്തകളുടെ വാതായനങ്ങൾ ലോകത്തിന് മുന്നിൽ മലർക്കെ തുറന്നിടാൻ ഉപയുക്തമാകും വിധം ഖുർആൻ മാസാചരണമാകട്ടെ. 

ഖുർആനിൻ്റെ വെളിച്ചത്തിൽ ജീവിതവും ലോകവും സമൂഹവും ആഴത്തിൽ വിശകലനം ചെയ്യാനും പുനരാലോചനയിലൂടെ പുനരർപ്പണത്തിൻ്റെ പുതിയ പാഠങ്ങളും പാഥേയങ്ങളും ഒരുക്കാനും നമുക്ക് സാധിക്കട്ടെ. അതിന് വേണ്ടിയുള്ള ഒരെളിയ ശ്രമമാണിവിടെ തുടക്കം കുറിക്കുന്നത്. റമദാനിൻ്റെ ഓരോ ദിനങ്ങളിലും ഓരോ വിഷയങ്ങൾ ചർച്ച ചെയ്തു മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. വിഷയം മുഴുമിക്കാനായില്ലെങ്കിൽ അടുത്ത ദിവസവും തുടരും. അങ്ങനെ കടഞ്ഞെടുത്ത പുതിയൊരു ചിന്താരീതിയിലേക്ക് നമുക്ക് നടന്നടുക്കാം. നാഥൻ തുണക്കട്ടെ. 

(കടപ്പാട്:ചന്ദ്രിക ദിന പത്രം 14.4 .2021)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter