വിശുദ്ധ ഖുർആന്‍: ആരും സമ്മതിക്കുന്ന ആറ് മഹത്വങ്ങൾ

ഇസ്‍ലാമിന്റെ  മൂലഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ഏഴാം ശതകത്തിലാണ്  ഈ അത്ഭുത ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടത്.   സ്രഷ്ടാവായ അല്ലാഹു ഭൂമിയിലുള്ളവരോട് നിരന്തരം സംവദിക്കുകയാണ് ഇതിലൂടെ. ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും ഏറ്റവും കൂടുതല്‍ പേര്‍ ഹൃദിസ്ഥമാക്കിയതും ഈ ഗ്രന്ഥമാണ്. അര്‍ത്ഥമെന്താണെന്ന് അറിയാഞ്ഞിട്ട് പോലും, ദിവസവും കോടിക്കണക്കിന് പേര്‍ ഇത് പാരായണം ചെയ്തുകൊണ്ടേയിരിക്കുന്നു. വ്യാഖ്യാനവും പരിഭാഷകളുമെല്ലാം ലഭ്യമാണെങ്കിലും മൂലഗ്രന്ഥം അവയില്‍നിന്നെല്ലാം വ്യത്യസ്തമായി ഗണിക്കപ്പെടുകയും അതീവ ബഹുമാനാദരങ്ങളോടെ കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുന്നു. ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനും ലഭിക്കാത്ത വിശേഷണങ്ങളാണ് ഇവയെല്ലാം. ആറ് കാര്യങ്ങള്‍ കൊണ്ട് ഈ ഗ്രന്ഥം വേറിട്ട് നില്ക്കുന്നുവെന്ന് പറയാം.

1. വെട്ടിത്തിരുത്തലുകളില്ലാത്ത ഗ്രന്ഥം
വിശുദ്ധ ഖുർആനിന്റെ  ഏറ്റവും വലിയ പ്രത്യേകതയാണിത്. ചുറ്റുമുണ്ടായിരുന്ന അനുചരമ്മാർക്ക് തിരുനബി അന്ന് പകർന്നു നൽകിയ  അതേ പദാവലിയിൽ ഖുർആൻ ഇന്നും നിലകൊള്ളുന്നു. കാലാന്തരത്തിൽ അറബി ഭാഷയിൽ  അനേകം വൈജാത്യങ്ങളും മുന്നേറ്റങ്ങളും സംഭവിച്ചുവെങ്കിലും, അതൊന്നും ഖുർആനിനെ  ഒട്ടും ബാധിച്ചതേയില്ല. മാത്രമല്ല, ഖുർആനിന് കേവല അറബി ഭാഷയിൽ നിന്നും വ്യതിരിക്തമായ സവിശേഷ ശൈലി തന്നെയുണ്ട്.  അതുകൊണ്ടാണ് അത് പഠിക്കാൻ മാത്രം ഒട്ടേറെ വിജ്ഞാന ശാഖകൾ  ഉരുവപ്പെട്ടത്.


2. അമ്പരപ്പിക്കുന്ന സാഹിത്യ വിസ്മയം

ആറാം നൂറ്റാണ്ടിൽ  തന്നെ സാഹിത്യത്തിന്റെ ഉച്ചിയിൽ  നിലയുറപ്പിച്ച അറബിയിലാണ്  ഖുർആൻ അവതീർണമായത്. അറബ് സാഹിത്യത്തിലുള്ള  മറ്റേത് ഗ്രന്ഥങ്ങളെയും കവച്ചു വെക്കാൻ പാകത്തിൽ  വശ്യത ഖുർആനിന് ഉണ്ടായിരുന്നു. സാഹിത്യത്തിന്റെ ഏത് അളവുകോൽ ഉപയോഗിച്ച് പരിശോധിച്ചാലും ആരും അതിശയിച്ചു പോകും. നിലവാരമില്ലാത്ത പദമില്ല, അപ്രസക്തമായ  പ്രയോഗങ്ങൾ ഇല്ല.  ഒന്നാം അധ്യായം മുതൽ അവസാനം വരെ ഇതാണ് സ്ഥിതി. സാരോപദേശങ്ങൾ ആകട്ടെ, കഥകൾ ആകട്ടെ, ഉൽബോധനം ആകട്ടെ, നിർദ്ദേശങ്ങൾ ആകട്ടെ,  എല്ലാം ഹൃദയസ്പർശിയായ രീതിയിലാണ് ഖുർആനിന്റെ വരികൾ.  അതുകൊണ്ടാണല്ലോ സാഹിത്യത്തിന്റെ സാമ്രാട്ടുകൾക്ക് ഖുർആനിന്റെ മുന്നിൽ  തലകുനിക്കേണ്ടി വന്നത്. സാദൃശ്യമുള്ള ചെറിയൊരു സൂക്തമെങ്കിലും കൊണ്ടുവരാൻ ആർക്കെങ്കിലും സാധിക്കുമോ എന്ന ഖുർആന്റെ വെല്ലുവിളി  അഭേദ്യമായി  കാലങ്ങൾക്കിപ്പുറവും  നിലനിൽക്കുന്നു. ഇത്‌ ഖുർആനിന്റെ സാഹിത്യ മേന്മയെ വിളിച്ചോതുന്നതാണ് .

3. അനുപമമായ വശ്യത

ഖുർആന്റെ  സംബോധിതരെ ഏറ്റവും ആഴത്തിൽ സ്വാധീനിച്ച ഘടകം  അതിന്റെ വശ്യതയാണ്. അവതരണ കാലത്ത് ശത്രുക്കൾ തന്നെ ഈ കാര്യം പരസ്യമായി സമ്മതിച്ചതാണ്. അന്യദേശത്തുനിന്ന്  വരുന്നവർ ഖുർആൻ കേൾക്കുന്നത് തന്നെ അവർ ഭയപ്പെട്ടിരുന്നു. അത്രമേൽ  ആകർഷണീയമായിരുന്നു ഖുർആൻ. ഖുറൈശികളുടെ നിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞു ഖുർആനിന്റെ വചനങ്ങൾ കേട്ട, ഔസ് ഗോത്രത്തിലെ ശ്രദ്ധേയകവി അംർ ബ്നു തുഫൈലിന്  ഇസ്‍ലാം ആശ്ലേഷണത്തിന് മറുത്തൊന്നും ആലോചിക്കേണ്ടി വന്നില്ല.  നബിയെ വധിക്കാൻ ഒരുങ്ങി പുറപ്പെട്ട ഉമര്‍(റ)നെ ഇസ്‍ലാമിലേക്ക് അടുപ്പിച്ചത് സഹോദരിയുടെ വീട്ടിൽ നിന്നും കേട്ട ഖുർആനിന്റെ മധുര വചനങ്ങൾ ആയിരുന്നു.

4. കാലാതിവർത്തിയായ സ്വാധീനശക്തി

മനുഷ്യവർഗ്ഗത്തിൽ സ്വാധീനം ചെലുത്തിയിട്ടുള്ള  അനവധി ഗ്രന്ഥങ്ങളുണ്ട്. മനുഷ്യരുടെ നിത്യ ജീവിതത്തിലെ  സകല മേഖലകളെയും  സ്പർശിച്ച    ഖുർആൻ അല്ലാത്ത മറ്റൊരു ചാലകശക്തിയുമില്ല എന്നത് നഗ്ന സത്യമാണ്. വെറും 23 വർഷം കൊണ്ട്  ലോകത്തെ ഏറ്റവും പതിതരായ ഒരു സമൂഹത്തെ  സാംസ്കാരികതയുടെ  അത്യുന്നതങ്ങളിലേക്ക് ആനയിക്കാൻ ഖുർആന് സാധിച്ചു.  അന്ന് പൊട്ടിപ്പുറപ്പെട്ട പ്രകാശം നിർബാധം  ഇന്നും പ്രസരിക്കുകയാണ്. അവതരിച്ചത്  നൂറ്റാണ്ടുകൾക്ക് മുമ്പാണെങ്കിലും, നവകാല സമൂഹത്തെ  പോലും നേരിന്റെ പാതയിലേക്ക്  വഴി നടത്താൻ  മാത്രം സർഗ്ഗ സമ്പുഷ്ടമാണ്  വിശുദ്ധ ഖുർആൻ. പുതിയകാലത്ത്‌ നമ്മുടെ ജീവിത രീതികളിലും പെരുമാറ്റങ്ങളിലും  വലിയ അന്തരം സംഭവിച്ചിട്ടും, ഖുർആൻ യാതൊരുവിധ പൊളിച്ചെഴുത്തിനോ വെട്ടിത്തിരുത്തലുകൾക്കോ  വിധേയമാക്കപ്പെടാത്തത് അതിൽ അടങ്ങിയിട്ടുള്ള പ്രമേയങ്ങളുടെ വ്യാപ്തി ഒന്ന് കൊണ്ട് മാത്രമാണ്.  മനുഷ്യരുടെ അടിസ്ഥാന  പ്രശ്നങ്ങളെയാണ് ഖുർആൻ ചർച്ചക്കെടുക്കുന്നത്. എല്ലാ മനുഷ്യരെയും ബാധിക്കുന്ന  സാമൂഹിക തിന്മകളെയാണ് ഖുർആൻ ഏറ്റവും  താക്കീതോടെ  വിലക്കിയത്. കള്ള് കുടിക്കൽ, മോഷണം, വ്യഭിചാരം, തുടങ്ങിയ തിന്മകൾ ജീവനുള്ളിടത്തോളം കാലം  മനുഷ്യരെ സ്വാധീനിച്ചു കൊണ്ടേയിരിക്കും. ഇത്തരത്തിലുള്ള സർവ്വകാല പ്രസക്ത അധര്‍മ്മങ്ങൾക്കെതിരെയാണ്   ഖുർആൻ വാളെടുക്കുന്നത്.  അതുകൊണ്ട് തന്നെ, ആ തലത്തിലും അതിന്  കാലാതീതമായി നിലകൊള്ളാൻ ആവുന്നു.

5. അതിശയിപ്പിക്കുന്ന വിഷയ വൈവിധ്യം

വിശുദ്ധ ഖുർആൻ കൈകാര്യം ചെയ്തിരിക്കുന്ന  വിഷയങ്ങളുടെ തലവാചകങ്ങൾ മാത്രം ചർച്ച ചെയ്യാൻ  ദിവസങ്ങളെടുക്കും. അത്രമേൽ ആശയ സമ്പുഷ്ടമാണ് പരിശുദ്ധ ഖുർആൻ. അനാദി മുതൽ അനന്തത വരെ ഖുർആൻ പ്രമേയമാക്കുന്നു. പ്രപഞ്ചോല്‍പത്തിയും അതിന്റെ ഘടനയും  ഖുർആനിലെ ചർച്ചാവിഷയങ്ങൾ ആണ്. ശൂന്യതയിൽ നിന്നും നമ്മൾ വസിക്കുന്ന  പ്രപഞ്ചത്തെ കെട്ടിപ്പടുത്ത യഥാർത്ഥ സ്രഷ്ടാവിനെ ആഴത്തിൽ അന്വേഷിക്കുന്നുണ്ട് ഖുർആൻ. അതിനെല്ലാം പുറമേ ഭൂമിയിൽ പിറന്നു വീണ  സകല ജീവ ജാലങ്ങളുടെയും ജീവിത ലക്ഷ്യത്തെ വിവരിക്കുന്നുണ്ട് ഖുർആൻ. നേരിനെയും നെറികേടിനെയും  കൃത്യമായി വരച്ചു കാണിക്കുന്നുണ്ട് ഖുർആൻ. സൽപാതയിൽ നടക്കുന്നവർക്ക്  സന്തോഷവാർത്തയും ദുർമാർഗം സ്വീകരിച്ചവർക്ക്  മുന്നറിയിപ്പും  നൽകുന്നുണ്ട് ഖുർആൻ.

6. വ്യത്യസ്തമായ അവതരണ രീതി

ഖുർആനിന്റെ  അവതരണ രീതിയിൽ വല്ലാത്ത അത്ഭുതം ഒളിഞ്ഞുകിടപ്പുണ്ടെന്ന്  പല  മുഫസ്സിറുകളും   അടയാളപ്പെടുത്തിയിട്ടുണ്ട്. മറ്റൊരാളിൽ നിന്നും   കേട്ടത് പകർത്തി എഴുതിയതോ വലിയ റഫറൻസുകളിൽ നിന്നും ശേഖരിച്ച എഴുത്തുകളോ അല്ല  ഖുർആനിന്റെ ഇതിവൃത്തം. അവതീർണ്ണ ദിനം മുതൽ നാളിതുവരെ  വിശുദ്ധ ഖുർആൻ ഒട്ടേറെ പേർ ഹൃദ്ദിസ്ഥമാക്കിയിട്ടുണ്ട്.  അതുകൊണ്ടുതന്നെ ഒരുതരത്തിലുള്ള കൂട്ടിച്ചേർക്കലുകൾക്കോ  കൈകടത്തലുകൾക്കോ ഖുർആൻ വിധേയമായിട്ടില്ലായെന്ന് നിസംശയം പറയാം. പ്രവാചകത്വം ലഭിച്ചതിനുശേഷം ഉള്ള 23 വർഷക്കാലത്തിനിടക്ക്  പ്രവാചകർ മുഹമ്മദ് നബിക്ക് വ്യത്യസ്ത സാഹചര്യങ്ങളിൽ  അല്ലാഹു ഇറക്കി കൊടുക്കുകയായിരുന്നു ഖുർആൻ. മനപ്പാഠമാക്കാൻ എളുപ്പത്തിനും  തിന്മകളിലാണ്ട് പോയ  സമൂഹത്തെ  പതിയെ പതിയെ  സൽ പാന്ഥാവിലേക്ക്  ആനയിക്കാനുമാണ്  അവതരണത്തിന്  ഈയൊരു രീതി അവലംബിക്കപ്പെട്ടത്. അതുകൊണ്ടാണല്ലോ അതിന്റെ  അവതരണ പശ്ചാത്തലം നമ്മുടെ പഠനത്തിന്റെ ഭാഗമാകുന്നത്. ഖുർആനിൽ ഒരു വാക്കോ  സന്ദർഭമോ  ആവർത്തിക്കപ്പെട്ടിട്ടില്ല. പ്രത്യക്ഷത്തിൽ ആവർത്തനമെന്ന് തോന്നിക്കുന്നത്, അവതീർണ സാഹചര്യത്തിലേക്ക്  തട്ടിച്ചു നോക്കുമ്പോൾ  വ്യത്യസ്ത ആശയങ്ങൾ ഉള്ളതും  ഏറെ പ്രസക്തിയുള്ളതും ആയിരിക്കും. 

കാലമോ ദേശമോ വ്യത്യാസമില്ലാതെ ലോകം മുഴുക്കെയുള്ള  സമൂഹത്തിന്റ ദിശാ സൂചികയായി   ഖുർആൻ അചഞ്ചലം  നിലകൊള്ളുകയാണ്. അന്ത്യനാള്‍ വരെ അത് അങ്ങനെത്തന്നെ തുടരുകയും ചെയ്യും. അന്ന് വരെ വരാനിരിക്കുന്നവര്‍ക്കെല്ലാം ദര്‍ശനം നല്കാനായി പ്രപഞ്ച സ്രഷ്ടാവ് കൊളുത്തി വെച്ച വിളക്കാണ് അത് എന്നത് തന്നെ കാരണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter