റബീഅ് ഇബ്നു ഖുസൈം; ത്യാഗികളിലെ യുഗപുരുഷൻ‍

ത്യാഗപൂർണ്ണമായ ജീവിതം നെയ്തെടുക്കുന്ന മഹാമനീഷികൾ‍ എക്കാലത്തും ജ്വലിച്ച് നില്‍ക്കുന്നവരാണ്. ലൗകിക ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെ സുഗ്രാഹ്യമാക്കിയ അവർ‍ നിഷ്കളങ്കമാർന്ന ജീവിത നിമിഷങ്ങളാൽ  ചരിത്രത്താളുകളെ സമൃദ്ധമാക്കി. അവരിൽ  പെട്ട ഒരാളാണ് വിശ്രുത താബിഈ പണ്ഡിതനായ റബീഅ് ഇബ്നു ഖുസൈം.

തന്റെ പാരമ്പര്യ ശ്രേണിയിൽ‍ നബി തങ്ങളുടെ പ്രപിതാമഹനായ മുളറുമായി സംഗമിക്കുന്ന മഹാൻ‍ ആത്മീയ ചുറ്റുപാടിലാണ് ജനിക്കുന്നത് തന്നെ. യൌവ്വന ദശയില്‍ തന്നെ ആരാധനകളില്‍ മുഴുകി, നിദ്ര പോലും വേണ്ടെന്ന് വെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തന്റെ പുത്രന്റെ ത്യാഗവികാസങ്ങൾ‍ രാത്രി മദ്ധ്യേ നേർക്കണ്ണോടെ കണ്ട മാതാവ് മകനേ നീ ഉറങ്ങുന്നില്ലേ എന്ന് ആരായാറുണ്ടായിരുന്നു. അപ്പോൾ‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, വലിയ വിപത്ത് കാത്തിരിക്കുന്ന ഒരാൾക്ക് എങ്ങനെ ഉറങ്ങാനാവും ഉമ്മാ. 

വളരും തോറും ആ ആത്മീയ ജീവിതവും പുഷ്കലമായിക്കൊണ്ടിരുന്നു. ഭൌതിക ജീവിതത്തില്‍ പൂര്‍ണ്ണ വിരക്തി പ്രകടമായതോടെ, തന്റെ മകനെന്തോ സംഭവിച്ചിരിക്കുന്നുവെന്ന് കരുതിയ മാതാവ് ഒരിക്കൽ‍ ചോദിച്ചു: മകനേ, നിനക്ക് വല്ലതും സംഭവിച്ചോ? വല്ല പാതകവും നീ ചെയ്തുപോയോ? നീ ആരെയെങ്കിലും വധിക്കുകയോ മറ്റോ ചെയ്തോ? അതെയെന്നായിരുന്നു റബീഇന്റെ മറുപടി. നിന്റെ നിദ്ര വെടിഞ്ഞുള്ള ഈ വിലാപവും ത്യാഗവും വധിക്കപ്പെട്ടവന്റെ ബന്ധുക്കളറിഞ്ഞാൽ  അവർക്ക് നിന്നോട് അലിവ് തോന്നാതിരിക്കില്ല എന്ന് ഉപദേശിച്ച ഉമ്മയോട് അദ്ദേഹം പറഞ്ഞു, അതെ ഉമ്മാ, ഞാൻ‍ ഒരു ഘാതകനാണ്. എന്റെ ശരീരത്തെ പാപങ്ങൾ‍ കൊണ്ട് ഞാന്‍ കൊന്നിരിക്കുന്നു.

സ്വഹാബത്തിൽ‍ സവിശേഷതകളാലും രുപത്താലും നബി തങ്ങളോട് ഏറെ സാദൃശം പുലർത്തിയിരുന്ന അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്(റ)ന്റെ ശിഷ്യനായിരുന്നു റബീഅ്. ഗുരുവിന്റെ മതിപ്പ് സമ്പാദിക്കുന്നതിൽ‍ അദ്ദേഹം വിജയിച്ചു. സമ്മതം പോലും കൂടാതെ ഗുരുവിനെ സന്ദര്‍ശിക്കാൻ‍ റബീഇന് അനുമതിയുണ്ടായിരുന്നു. തന്റെ ശിഷ്യന്റെ ആത്മീയ തൃഷ്ണയും ഇഖ്‍ലാസും ആരാധനാ താല്‍പര്യവും മനസ്സിലാക്കിയ ഇബ്നു മസ്ഊദ്(റ) തന്റെ അരുമ ശിഷ്യൻ‍ പ്രവാചകന്റെ സമകാലികനാവാത്തതിൽ വ്യസനിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം പറഞ്ഞു: അബൂയസീദേ, നബി തങ്ങൾക്ക് നിങ്ങളെ കാണാൻ‍ കഴിഞ്ഞിരുന്നെങ്കിൽ‍ തീര്ച്ചയായും നിങ്ങളെ സ്നേഹിക്കുമായിരുന്നു. നിങ്ങളെ കാണുമ്പോഴെല്ലാം അല്ലാഹുവിനെയോർത്ത് ഭയവിഹ്വലരായ വിശ്രുതാത്മാക്കളെ ഞാൻ‍ ഓർത്തു പോകുന്നു.

ആത്മീയമായി ഏറെ വളർന്ന റബീഇല്‍ പലരും ആകൃഷ്ടരാവുകയും അദ്ദേഹത്തിന് വലിയ ശിഷ്യ ശൃംഖലയുണ്ടാവുകയും ചെയ്തു. മഹാനായ അബ്ദുല്ലാഹ് ഇബ്നു അജ്‍ലാൻ‍ പറയുന്നു: ഒരിക്കൽ‍ ഞാൻ റബീഇന്റെ കൂടെയായിരുന്നു. ഞാനുറങ്ങിയെന്ന് മനസ്സിലാക്കിയ അദ്ദേഹം എണീറ്റ് നിസ്കാരം തുടങ്ങി. ഖുര്‍ആനിലെ ഈ വചനങ്ങൾ‍ പാരായണം ചെയ്തു: അതല്ല അധർമ്മകാരികൾ‍ ധരിച്ചു വെച്ചിട്ടുണ്ടോ, സത്യ വിശ്വാസം കൈകൊള്ളുകയും സൽകർമ്മങ്ങളനുഷ്ഠിക്കുകയും ചെയ്തവരെയും പോലെ അവരെയും നാം ആക്കുമെന്ന്? അവരുടെ ജീവിതവും മരണവും സമാനമാകുമെന്ന്? അവരുടെ ആ തീർപ്പ് ഹീനം തന്നെ (ജാസിയ:21). പ്രാഭാതം പിറക്കുന്നത് വരെ ഈ വചനം അദ്ദേഹം ആവർത്തിച്ചോതിക്കൊണ്ടേയിരുന്നു. പ്രഭാതത്തിൽ‍ ഞാൻ‍ കണ്ടത് കരഞ്ഞ് കരഞ്ഞ് കണ്ണീർ‍ പൊയ്കയായി മാറിയ റബീഇന്റെ വദനമായിരുന്നു.

ഒരിക്കൽ‍ ഇബ്നു മസ്ഊദ്(റ)വും റബീഉം ശിഷ്യഗണങ്ങളും ഫുറാത്ത് നദിക്കരയിലൂടെ സഞ്ചരിക്കുകയായിരുന്നു. അവിടെ ഒരു നെരിപ്പോട് കത്തിയെരിയുന്നുണ്ടായിരുന്നു. കൽ ചുണ്ണാമ്പിന്റെ നിര്‍മ്മിതിക്കായി അതില്‍ നിറയെ കല്ലുകളും വെച്ചിരുന്നു. ഇത് ദർശിച്ച മഹാൻ‍ വിറച്ചു പോയി. ശേഷം ഊ സൂക്തം പാരായണം ചെയ്തു, അതവരെ കാണുമ്പോൾ  തന്നെ ക്ഷോഭിച്ച് പ്രകമ്പിതമാവുന്നതും ഇരമ്പുന്നതും അവർ‍ കേൾക്കുന്നതാണ്. അതിലെ കുടുസ്സായൊരിടത്ത് വിലങ്ങുകളിൽ‍ ബന്ധിതരായി വലിച്ചെറിയപ്പെട്ടാൽ‍ അഹേ, എന്തൊരു നാശം എന്നവർ‍ വിളിച്ച് കേഴും (ഫുർഖാൻ‍ 12,13). തൽക്ഷണം ബോധക്ഷയം സംഭവിച്ച്  അദ്ദേഹം നിലം പതിച്ചു. സദാ സമയവും അല്ലാഹുവിനെ ഭയന്നുകൊണ്ടായിരുന്നു ആ ജീവിതം എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

മഹാന്റെ വചസ്സുകളെല്ലാം പാരത്രിക ജീവിതവുമായി ബന്ധപ്പെട്ടവയായിരുന്നു. ഒരിക്കൽ‍ അദ്ദേഹം തന്റെ സതീർത്ഥ്യരോട് ചോദിച്ചു: രോഗം എന്താണ്? മരുന്ന് എന്താണ്? ശമനം എന്താണ്?. അവർ‍ തങ്ങൾക്കറിയില്ല എന്ന് പറഞ്ഞു. മഹാൻ‍ തുടർന്നു: രോഗമെന്നാൽ‍ പാപങ്ങളാകുന്നു. അതിന്റെ മരുന്ന് പാപമോക്ഷമാകുന്നു. ശമനം തൗബ ചെയ്യലും തിന്മകൾ ആവർത്തിക്കാതിരിക്കലുമാകുന്നു. മറ്റൊരിക്കൽ‍ മഹാൻ  അരുളി, ഒമ്പത് കാര്യങ്ങൾക്കേ നിങ്ങൾ‍ വായ തുറക്കാവൂ; തസ്ബീഹ്, തക്ബീർ, തഹ്മീദ്, നന്മ ചോദിക്കൽ,  തിന്മയിൽ‍ നിന്നും കാവൽ‍ തേടൽ, നന്മ കല്പിക്കൽ, തിന്മ വിരോധിക്കൽ, ഖുര്‍ആൻ‍ പാരായണം ചെയ്യൽ‍ എന്നിവയാണവ. മരണത്തെ സ്മരിക്കാനും മഹാൻ തന്റെ കൂടെയുള്ളവരെ എപ്പോഴും പ്രരിപ്പിക്കുമായിരുന്നു.

തസ്കര സങ്കേതത്തിൽ‍ നിന്നും ദൈവീക പ്രീതിയുടെ ശാദ്വല തീരത്തെത്തി ഇഖ്‍ലാസിൽ‍ സ്വര്‍ഗ്ഗഗേഹം പണിത ഫുളൈലുബ്നു ഇയാളിന്റെ ചില സ്വഭാവ ഗുണങ്ങൾ‍ റബീഇന്നുമുണ്ടായിരുന്നു. രാത്രിയും പകലും പാരത്രിക വിഷയങ്ങളിൽ‍ അവർ‍ ചിന്താവിഷ്ടരായി കഴിച്ച് കൂട്ടുകയും ആരുമറിയാതെ കരയുകയും ചെയ്തിരുന്നു. അവർ‍ ചിരിച്ച മൂഹൂർത്തങ്ങൾ‍ വളരെ കുറവായിരുന്നു. അവർ‍ അര്‍ത്ഥമില്ലാത്ത വാക്കുകൾ‍ സംസാരിച്ചില്ല. പൊരുൾ‍ നിറഞ്ഞ വചനങ്ങളായിരുന്നു അവരിൽ‍ നിന്നും നിത്യവും ഒഴുകിയത്. വെറുതെ കവിത ആലപിക്കുന്നത് അവര്ക്കിഷ്ടമില്ലായിരുന്നു. അവരുടെ സദസ്സുകൾ  അത്മീയോഷ്മളമായിരുന്നു.

ഒരിക്കൽ‍ മഹാന്റെ ഒരു കുതിര കളവ് പോയി. സദസ്യർ‍ അദ്ദേഹത്തോട് തസ്കരനെതിരെ പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. മഹാന്റെ മറുപടി ഇങ്ങനെയായിരുന്നു, ഞാൻ അയാളുടെ നന്മക്കായി പ്രാര്ത്ഥിക്കാം. അല്ലാഹുവേ, അയാൾ‍ ധനികനെങ്കിൽ  അവന്റെ മനംമാറ്റണേ. ദരിദ്രനെങ്കിൽ  നീ അവന് ഐശ്വര്യം നല്കണേ. 

അദ്ദേഹം ഏറെ ഔദാര്യ തത്പരനായിരുന്നു. യാചകർക്ക് ചെറിയ കഷ്ണം റൊട്ടിയോ സ്വല്പം ഭക്ഷണം നല്കുന്നത് മഹാന് ഇഷ്ടമല്ലായിരുന്നു. അത് സംബന്ധിച്ച് മഹാൻ‍ ഒരിക്കൽ‍ പറഞ്ഞു: നാളെ എന്റെ ത്രാസിൽ‍ അര റൊട്ടിയുമായി റബ്ബിന്റെ സന്നിധിയിലെത്തുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു.
തളർവാതം മൂലം രോഗ ശയ്യയിലായിരിക്കെയാണ് അദ്ദേഹം മരണപ്പെടുന്നത്. 

ശയ്യാവലംബിയായിരുന്നിട്ടും മഹാന്റെ ആവേശവും ഉന്മേഷവും ഒട്ടും ചോർന്നിരുന്നില്ല. എത്ര പ്രയാസപ്പെട്ടാണെങ്കിലും പരസഹായത്തോടെ നിത്യവും ജമാഅത്തിനായി അദ്ദേഹം‍ പള്ളിയിലെത്തി. അദ്ദേഹം സൂജൂദിലായിരിക്കുമ്പോൾ  പക്ഷികള്‍ക്ക് പോലും വന്നിരിക്കാൻ സാധ്യമായിരുന്നുവെന്ന് കിതാബുകൾ  രേഖപ്പെടുത്തുന്നുണ്ട്. ഒരിക്കൽ‍ ഒരാൾ‍ ചോദിച്ചു: അബൂ യസീദ്, നിങ്ങള്‍ക്ക് അല്ലാഹു ജമാഅത്ത് ഒഴിവാക്കാൻ‍ ഇളവ് നല്കിയിട്ടില്ലേ. അങ്ങേക്ക് വീട്ടില്‍ തന്നെ നിസ്കരിച്ചുകൂടേ. മഹാൻ  മറുപടി പറഞ്ഞു: അതെ, നിങ്ങൾ  പറഞ്ഞത് വാസ്തവം തന്നെയാണ്. പക്ഷെ മുഅദ്ദിൻ‍ ഹയ്യഅലൽ‍ ഫലാഹ് (വിജയത്തിലേക്ക് കുതിക്കുവീൻ‍) എന്ന് വിളിക്കുന്നത് ഞാൻ‍ കേട്ടിരിക്കുന്നു. വല്ലവനും ആ വാക്യങ്ങൾ‍ കേട്ടാൽ  ഇഴഞ്ഞിട്ടാണെങ്കിലും പള്ളിയിലെത്തേണ്ടതാണല്ലോ.

അവസാന ദിനങ്ങളില്‍ രോഗചികിത്സക്കായി ഒരു വൈദ്യനെ വിളക്കട്ടെ എന്ന് സമ്മതം ചോദിച്ചപ്പോള്‍ അദ്ദേഹം, ‍ആദ്, സമൂദ് സമൂഹങ്ങളെക്കുറിച്ച് വാചാലനായ ശേഷം ഇങ്ങനെ പറഞ്ഞു, അവരിലും വൈദ്യന്മാരുണ്ടായിരുന്നു, രോഗികളുണ്ടായിരുന്നു. എന്നാൽ‍ അവരിലെ രോഗിയോ വൈദ്യനോ ബാക്കിയായിട്ടില്ല. രോഗനിർണ്ണയം നടത്തുന്നവനും രോഗിയും സംഹരിക്കപ്പെട്ടിരിക്കുന്നു. അതിനാൽ‍ എനിക്ക് വൈദ്യനെ ആവശ്യമില്ല. 

മഹാന് മരണം ആസന്നമായപ്പോൾ‍ പുത്രി കരയാൻ‍ തുടങ്ങി. റബീഅ് മകളോട് പറഞ്ഞു: മോളേ, നീ എന്തിന് കരയുന്നു? നിന്റെ പിതാവിന് സന്തോഷം സമാഗതമായിരിക്കുന്നുവെന്ന് പറയൂ. മരണ സമയത്ത് ആ മഹാൻ‍ സുസ്മേര വദനനായിരുന്നു. ജീവിതം മുഴുക്കെ ദിവ്യാനുരാഗത്താൽ‍ ത്രസിക്കുന്ന ഹൃദയത്തിൽ‍ നിന്നും അനുസ്യൂതം പ്രവഹിച്ച ആ കണ്ണുകളും മുഖവും സ്ഫുരിക്കുന്നുണ്ടായിരുന്നു. ഹിജ്റ 65ല്‍ ആ മഹാപരിത്യാഗി ഇഹലോക വാസം വെടിഞ്ഞ് സംതൃപ്തനായി തന്റെ നാഥനിലേക്ക് തിരിച്ച് പോയി.

അവലംബം:
1. ഹില്യത്തുൽ‍ഔലിയാ, വാല്യം 2 
2. സുവറുൻ  മിന്‍ ഹയാത്തിത്താബിഈൻ.‍
3. സിയറു അഅ്ലാമിന്നുബലാ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter