മൊറിസ്‌കോസ്: ചരിത്രം മറക്കാത്ത ഇന്ക്വസിഷന്‍ ഇരകൾ

അറബികൾ വന്നു പിന്നെയവർ പോവുകയും ചെയ്‌തുവെന്നാണ് സ്പാനിഷ് മിലിറ്ററി ജനറൽ ഫ്രാൻസിസ്‌കോ ഫ്രാങ്കോ സ്പെയിനിലെ മുസ്‍ലിംകളെ കുറിച്ച് വളരെ ലാഘവത്തോടെ പറഞ്ഞത്. എന്നാല്‍, ക്രിസ്ത്യാനികളുടെ കൈകളിലെത്തിയ സ്പെയിനിലെ ശേഷിച്ച മുസ്‍ലിംകള്‍ക്ക് എന്ത് സംഭവിച്ചു എന്ന് അറിയുമ്പോഴാണ്, അറബികള്‍ അവിടെനിന്ന് പോയത് എത്ര ദാരുണമായാണെന്ന് വ്യക്തമാവുക. 

1491ലെ ഗ്രാനഡ ഉടമ്പടിയിൽ ഫെർഡിനൻറ് രണ്ടാമനും ഇസബെല്ലയും മുഹമ്മദ് പന്ത്രണ്ടാമനും ഒപ്പുവച്ചതിലൂടെ ലോകം കണ്ടത് ചരിത്രത്തിലെ തന്നെ തുല്യതയില്ലാത്ത വംശഹത്യക്കും വംശീയ ഉന്മൂലനത്തിനുമായിരുന്നു. ഇൻക്വസിഷനെന്ന ഓമനപ്പേര് നല്കി ആ കൂട്ടക്കൊലയുടെ ക്രൂരത കുറച്ചു കാണിക്കാനാണ് ഇന്നും ശ്രമങ്ങള്‍ നടക്കുന്നത്. യഥാര്‍ത്ഥത്തില്‍, സ്പെയിനില്‍  അവശേഷിച്ച മുസ്‍ലിംകളെയെല്ലാം ക്രിസ്ത്യാനിസത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയും അതിന് തയ്യാറാവാത്തവരെയെല്ലാം തൂക്കിക്കൊല്ലുകയോ നാടുകടത്തുകയോ ചെയ്യുകയും ചെയ്ത പ്രക്രിയയുടെ പേരായിരുന്നു യഥാര്‍ത്ഥത്തില്‍ ഇന്‍ക്വിസിഷന്‍. അങ്ങനെയാണ് മോറിസ്‌കോകള്‍ (ഇസ്‍ലാമിൽ നിന്നും ഇൻക്വസിഷനിലൂടെ ക്രിസ്താനിറ്റിയിലേക്ക് ബാഹ്യമായ ആചാരങ്ങളിലും രീതികളിലും ചേക്കേറേണ്ടി വന്നവർ) ജനിക്കുന്നത് തന്നെ.            

ലിംപിസിയോ ഡി സാങ്കോ, അഥവാ വംശ ശുദ്ധീകരണം

ആര്യ വംശ ശുദ്ധീകരണത്തിലൂന്നി ഹിറ്റ്‍ലർ ജർമനിയിൽ ജൂതന്മാരെ കൊന്നൊടുക്കിയതിന് സമാനമായ വംശശുദ്ധീകരണം തന്നെയാണ് ലിംപിസിയോ ഡി സാങ്കോ. നിർബന്ധിത മതപരിവർത്തനത്തിന് ജൂതന്മാരെ തങ്ങളുടെ വിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ക്രിസ്ത്യൻ ഭരണാധിപർ അത്തരത്തിലുള്ളവരെ (കോൺസെർവോസ്) തൂക്കിക്കൊല്ലുകയും അതുവഴി ശേഷിക്കുന്നവരെ പേടിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.  ഇതേ പാറ്റേൺ തന്നെയാണ് മോറിസ്‌കോകളുടെ കാര്യത്തിലും നടപ്പിലായത്. എന്നാൽ അതുവഴി മോറിസ്കോകളല്ലാത്തവർ -യഥാർത്ഥത്തിൽ മതം മാറിയവർ- പോലും സംശയത്തിന്റെ നിഴലിലകപ്പെടുകയും നടപടികൾക്ക് വിധേയരായിത്തീരുകയും ചെയ്തുവെന്നതും മറ്റൊരു ദുരനന്തവസ്തുതയാണ്.

പ്രധാനമായും രണ്ട് ഹൈപ്പോതിസീസുകളാണ് ഇത്തരത്തിലുള്ള വംശീയ ഉന്മൂലനത്തിന് യൂറോപ്യരെ പ്രേരിപ്പിച്ചത്. പ്രമുഖ ചരിത്രകാരിയായ മാറിയ ബാഴ്സ പറയുന്ന പ്രകാരം മോറിസ്‌കോകളുടെ ശരീരത്തിലോടുന്ന രക്തത്തെ പറ്റി അവിശുദ്ധ രക്ത വർഗ്ഗമെന്ന (ഡേർട്ടി ബ്ലഡ്) കോൺസെപ്റ്റായിരുന്നു ക്രിസ്ത്യാനിറ്റിക്കുണ്ടായിരുന്നത്.  അതോടൊപ്പം ലോക രാഷ്ട്രീയത്തിന്റെ പൊതുധാരയിലേക്ക് അക്കാലഘട്ടത്തിൽ സ്‌പെയിനിന് നടന്നു കയറാൻ കഴിയാതിരുന്നത് അത്തരത്തിലുള്ള അവിശുദ്ധർ തങ്ങളുട കൂട്ടത്തിലുണ്ടായിരുന്നത് കൊണ്ടാണെന്നും അവർ വിശ്വസിച്ചിരുന്നു. അത്കൊണ്ട് തന്ന ക്രിസ്ത്യാനിറ്റിയുടെ അപ്രമാദിത്വവും സ്‌പെയിനിന്റെ സർവാധിപത്യവുമായിരുന്നു ഇൻക്വസിഷന്റെ ലക്ഷ്യവും.

മറ്റൊരു ചരിത്രകാരനായ പി ബർനാട്ട് പറയുന്നതിങ്ങനെയാണ്, '1453ലെ കോൺസ്റ്റാന്റിനോപ്പിൾ പതനത്തിന് ശേഷം ഓട്ടോമൻ ഭരണകൂടത്തിനോടുണ്ടായിരുന്ന ഭയം ക്രിസ്ത്യാനികളിൽ ഇരട്ടിച്ചു. ഏതു നിമിഷവും ഒരു അക്രമണമോ അധിനിവേശ ശ്രമമോ അവർ പ്രതീക്ഷിച്ചിരുന്നു. അത്കൊണ്ട് തന്നെ മൊറിസ്‌കോകളെ കവചമാക്കി അത്തരമൊരു ആക്രമണത്തെ ചെറുക്കാമെന്നവർ കണക്കുകൂട്ടുകയും ചെയ്തു.'

ക്രിപ്റ്റോ-ഇസ്‍ലാമും മുസ്‍ലിംകളും

ക്രിസ്താനിസത്തിലേക്ക് നിർബന്ധിത മതപരിവർത്തനം ചെയ്യപ്പെട്ടവർ ഒരിക്കൽ പോലും തങ്ങളുടെ വിശ്വാസം കൈവെടിഞ്ഞിരുന്നില്ല.  രഹസ്യമായി വീടകങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും വെച്ച് ആചാരങ്ങളും അനുഷ്ടാനങ്ങളും അവര്‍ നടത്തിയിരുന്നു. എന്നാൽ അധിക കാലത്തേക്ക് ഇത് നീണ്ടുനിന്നില്ല, എന്നുമാത്രമല്ല ക്രിസ്ത്യനിതര ആരാധനകൾ നടത്തുന്നവരെ കണ്ടുപിടിച്ച് ശിക്ഷിക്കാൻ പ്രേത്യേക മിലിട്ടറി വിഭാഗം തന്നെ രൂപീകരിക്കുകയും ചെയ്തു. ഇത്തരമൊരു വിശ്വാസ പ്രതിസന്ധി രൂപപ്പെട്ടിടത്തു നിന്നാണ് ക്രിപ്റ്റോ ഇസ്‍ലാമെന്ന വിശ്വാസശാഖ തന്നെ ഉയർന്നുവന്നത്. ഇതിന്റെ ഭാഗമായിട്ടെന്നോണം സ്വരക്ഷാർത്ഥവും വിശ്വാസത്തിന്റെ നിലനിൽപ്പ് മാനിച്ചും വിശ്വാസ കർമങ്ങളെല്ലാം രഹസ്യമായും കഴിയുന്നതിനനുസരിച്ചെന്ന മാനദണ്ഡത്തിലൂന്നിയും അനുഷ്ഠിക്കണമെന്ന ഫത്‌വകൾ പണ്ഡിതന്മാർ പ്രഖ്യാപിക്കുകയുണ്ടായി. നിസ്കാരം, സകാത് പോലുള്ള അടിസ്ഥാന സ്തംഭങ്ങളിൽ ആരാധനകൾ നിർണയിച്ച് ചുരുക്കണമെന്നും ബാക്കിയുള്ളവകൾ സ്ഥല-കാല സാഹചര്യങ്ങൾക്ക് അനുസരിച്ച് മാത്രം ആയിരിക്കണമെന്നുമായിരുന്നു ഫത്‍വയുടെ മൂലകം.

മുഫ്തി അഹ്മദ് ബിൻഅബീജുമാഅയുടെ ഒറാൻ ഫത്‍വ അത്തരം ഫത്‍വകളുടെ ഉദാഹരണമാണ്. നിർബന്ധിച്ച് പന്നി മാംസം കഴിപ്പിക്കുക,  പ്രവാചകനെ നിന്ദിക്കുക എന്നിവയൊക്കെയും ഇൻക്വിസിഷനിന്റെ പ്രധാന തന്ത്രങ്ങളിൽ പെട്ടതായിരുന്നുവെന്നത് കൊണ്ട്തന്നെ നിർബന്ധിത വേളകളിൽ അത്തരം കാര്യങ്ങൾ ചെയ്യേണ്ടി വന്നുവെന്നത് കൊണ്ട് വിശ്വാസത്തിലിടിവ് സംഭവിക്കില്ലെന്ന   തരത്തിലായിരുന്നു ആ ഫത്‌വ.  എന്നാൽ അതിൽ മൊറിസ്കോകളെ നേരിട്ട് പരാമർശിക്കുന്നതിന് പകരം ഗുറബാഅ് -അപരിചിതര്‍- എന്ന സംബോധനയിലാണ് ഫത്‍വ ഇറക്കിയത്.  ഈയൊരു ഫത്‍വയുടെ ആകെയുള്ള നാല് കൈപ്രതികളിൽ ഒന്ന് ഇന്നും ബോർജിയാനയിലെ വത്തിക്കാൻ ലൈബ്രറിയിൽ കാണാൻ സാധിക്കും.

16-ാം നൂറ്റാണ്ടിലെ  ഗ്രന്ഥകാരനായിരുന്ന ഒരു മൊറിസ്‌കോയുടെ കുറിപ്പുകളടങ്ങിയ ഗ്രന്ഥവും  (യൂങ് മാൻ ഓഫ് അരവലോ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം എഴുതിയിരുന്നത്)  ഇത്തരം ഒളിയാരാധനകളെ (ക്രിപ്റ്റോ വേർഷിപ്) കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മൊറിസ്‌കോ വീടുകളിൽ ഖുർആൻ പൂർണമായും കൈവശം വച്ചിരുന്നില്ലെന്നും പകരം ചിന്നിച്ചിതറിയ രീതിയിലായിരുന്നു അവയുടെ ഒരു ഭാഗം തന്നെ സൂക്ഷിച്ചിരുന്നതെന്നും ആ ഗ്രന്ഥത്തിൽ പറയുന്നുണ്ട്.  ലാ മെറെ ഡെ ഉബേദയെന്ന 93 വയസ്സുകാരിയായ മൊറിസ്‌കോ വനിതാ ഇത്തരത്തിൽ മതപ്രബോധനം വരെ നടത്തിയിരുന്നതായും ആ ഗ്രന്ഥം പറഞ്ഞുവെക്കുന്നു.

പലായനം: ഒരു യുഗം അവസാനിക്കുന്നു.

ഇന്ക്വിസിഷന് ഒരു നൂറ്റാണ്ട് കഴിഞ്ഞ്, 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫിലിപ്പ് മൂന്നാമന്റെ കല്പനപ്രകാരം പൂര്ണ്ണാര്‍ത്ഥത്തിലുള്ള പുറത്താക്കൽ നടപടികളും ആരംഭിച്ചു. അതോടെ മൊറിസ്‌കോകളുടെ നിര്‍ബന്ധിത പടിയിറക്കത്തോടെ സ്പെയിനിന്റെ ഒരു യുഗം തന്നെയാണ് ഇല്ലാതെയായത്.  ചരിത്രകാരനും 'ബ്ലഡ് ആൻഡ് ഫെയ്‌ത്‌,  ഡി പർജിങ് ഓഫ് മുസ്‍ലിം സ്പെയിൻ 1492-1614' എന്ന പുസ്തകത്തിന്റെ രചയിതാവും കൂടിയായ മാത്യു കാർ പറയുന്നതിങ്ങനെയാണ്, 'ആത്യന്തികമായി മൊറിസ്‌കോകളെ അരികുവത്കരിക്കുക,  അപരവത്കരിക്കുക  എന്നതായിരുന്നു ഇന്ക്വസിഷനിന്റെ ലക്‌ഷ്യം. ഒരിക്കലും സ്പാനിഷ് ക്രിസ്ത്യാനികൾക്ക് നല്ല ദൈവ ഭക്തന്മാരാവാൻ കഴിയില്ലെന്ന തിരിച്ചറിവും ആ കൂട്ടക്കുരുതിക്ക് ആക്കം കൂട്ടി. അത്കൊണ്ട് നിരന്തരമായ ബഹിഷ്കരണത്തിലൂടെയും ഒറ്റപ്പെടുത്തലുകളിലൂടെയും അവസാന മൊറിസ്‌കോവിനെയും ആട്ടിപ്പായിക്കാനായിരുന്നു അവരുടെ തീരുമാനവും'.

1612 ലെ പുറന്തള്ളലിന് സാക്ഷിയായ (ശേഷം അദ്ദേഹം അതിന് മാപ്പ് പറയുക വരെയുണ്ടായി) പെഡ്രോ അസ്നാർ കാർഡോണയുടെ പഠനത്തിൽ നിന്ന് വലൻസിയിൽ നിന്നും അതിന്റെ ചുറ്റുവട്ടങ്ങളിൽ നിന്നും കുടിയിറക്കപ്പെട്ട മൊറിസ്‌കോ ജനതയുടെ നേർചിത്രങ്ങൾ ഒപ്പിയെടുക്കാൻ സാധിക്കും. സ്വന്തം വീടും കുടിയും സമ്പാദ്യവുമെല്ലാം ഇട്ടെറിഞ്ഞു പോവേണ്ടി വന്നവർ വേദനയോടെ അതിലേറെ അലർച്ചകളോടെ തിരിഞ്ഞുനോക്കുന്ന ഒരു പിടി ദാരുണ ചിത്രങ്ങള്‍ കർഡോണ വരച്ചു വച്ചിട്ടുണ്ട്.

ചുരുക്കത്തിൽ ഇൻക്വിസിഷനിന്റെ നീണ്ട 350 ഭീകരവർഷങ്ങൾ, ഹിറ്റ്‍ലറുടെ ഹോളോകോസ്റ്റിനോടും ഡിറ്റക്ഷൻ ക്യാമ്പുകളോടും കിടപിടിക്കുന്ന അല്ലെങ്കിൽ അതിലേറെ ഭീകരതകൾ നിറഞ്ഞ കാലഘട്ടം തന്നെയായിരുന്നു.  അതിന്റെ പരിണിത ഫലമെന്നോണം സമ്പന്നരും ഭൂവുടമകളുമായിരുന്ന മൊറിസ്‌കോകൾ പാപ്പരായിത്തീരുകയും പള്ളിമിനാരങ്ങൾ തകര്‍ക്കപ്പെടുകയും ഖുർആൻ പിച്ചിച്ചീന്തപ്പെടുകയും എന്നിട്ടും ശേഷിച്ച സ്മാരക-പൈതൃക കേന്ദ്രങ്ങൾ കാലാന്തരത്തിൽ മതം മാറുകയും  ചെയ്തുവെന്നാണ് ചരിത്രം. 

എന്നാൽ എത്രമാത്രം ചരിത്രത്തെ മറച്ചുപിടിക്കാൻ ശ്രമിച്ചാലും ചരിത്രം ചരിത്രമായി തന്നെ നിലകൊള്ളുമെന്നതിനാൽ തന്നെ മോറിസ്‌കോയുടെ വാസ്തുവിദ്യ,  കരകൗശല വിദ്യ,  ടൈൽസ് വർക്ക്,  ഭക്ഷണരീതികള്‍ എന്നിവയൊക്കെയും ഇന്നും സ്പാനിഷ് നഗരങ്ങളുടെ മായാകാഴ്ചകൾ തന്നെയാണ്. സൗത്ത് സ്‌പെയിനിലെ അനേകം പ്രദേശങ്ങൾ അറബി ഭാഷയിലെ പദങ്ങളും പ്രയോഗങ്ങളും ഇന്നും ഉപയോഗിക്കുന്നുണ്ടെന്നതും അതിന്റെ ഏറ്റവും വലിയ തെളിവ് തന്നെ. എത്ര തേച്ചാലും മായ്‍ച്ചാലും മാഞ്ഞുപോവാതെ, സാംസ്കാരിക സ്വാധീനങ്ങളുടെ ബാക്കിപത്രങ്ങള്‍ ഏതൊരു സമൂഹത്തിലും ശേഷിക്കുക തന്നെ ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter