സൂറത്തുല്‍ കഹ്ഫ് സാരോപദേശങ്ങളുടെ കഥപറച്ചിൽ

ആദ്യ സൂക്തങ്ങൾ

ഖുർആൻ വെളിച്ചമാണെന്നും സൽ പ്രവൃത്തി ചെയ്യുന്നവർക്ക് സന്തോഷവാർത്തയും ചീത്ത പ്രവൃത്തി ചെയ്യുന്നവർക്ക് മുന്നറിയിപ്പും നൽകുന്നതോടൊപ്പം തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ സംസാരിക്കരുതെന്നും കളവു പറയരുതെന്നുമുള്ള മുന്നറിയിപ്പ്.

പ്രബോധിത മേഖലകളിൽ നേരിടുന്ന ബുദ്ധിമുട്ടുകളിൽ വിഷമിക്കരുതെന്നും ജനങ്ങളെ സ്നേഹിക്കണമെന്നുമുള്ള സാന്ത്വന വാക്കുകൾ അല്ലാഹു നബിയോട് പറയുകയും ജീവിതം പരീക്ഷണമാണെന്നുമുള്ള ആശയം ഉൾക്കൊള്ളുകയും ചെയ്യുന്ന സൂക്തങ്ങളാണ് ആദ്യ ഭാഗങ്ങളിൽ.  

അസ്ഹാബുൽ കഹ്ഫ് 

അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിച്ചു എന്ന കാരണത്താല്‍ സ്വന്തം ജനതയാല്‍ മര്‍ദ്ദിക്കപ്പെട്ട കുറച്ചു യുവാക്കളുടെ കഥയാണ് ഇതില്‍ പറയുന്നത്. അവര്‍ വിശ്വാസ സംരക്ഷണാര്‍ത്ഥം സ്വന്തം നാട്ടില്‍ നിന്നും പലായനം ചെയ്യുകയാണ്. യാത്രാ മധ്യേ അവര്‍ ഒരു ഗുഹയില്‍ വിശ്രമിക്കാനായി കയറുന്നു. അല്ലാഹു ആ യുവാക്കളെ പ്രസ്തുത ഗുഹയില്‍ 309 ചാന്ദ്രവര്‍ഷക്കാലം, അഥവാ 300 സൗരവര്‍ഷക്കാലം ഉറക്കിക്കിടത്തി.

ദീര്‍ഘകാലത്തെ നിദ്രക്കു ശേഷം അവര്‍ ഉണര്‍ന്നു. ഒരു ദിവസം അല്ലെങ്കില്‍ അരദിവസം മാത്രമേ തങ്ങള്‍ ഉറങ്ങിയിട്ടുള്ളൂ എന്നായിരുന്നു അവരുടെ ധാരണ. അവര്‍ക്ക് വിശക്കുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവരിലൊരാള്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന നാണയങ്ങളുമായി ഭക്ഷണത്തിനായി അടുത്ത അങ്ങാടിയിലേക്ക് ചെന്നു. ആളുകള്‍ അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി. തങ്ങള്‍ക്കിടയില്‍ ഈ മനുഷ്യന്‍ തീര്‍ത്തും അപരിചിതനാണല്ലോ! അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന നാണയമാകട്ടെ വര്‍ഷങ്ങള്‍ക്കു മുമ്പ് പഴയ തലമുറ ഉപയോഗിച്ചിരുന്നതും! ആ യുവാവ് ഗുഹയിലേക്കു തന്നെ തിരിച്ചു ചെന്നു. അവിടെ വെച്ച് ആ യുവാക്കള്‍ മരണമടയുകയും ചെയ്തു.

ഏകദൈവ വിശ്വാസം സ്വീകരിച്ച് ജീവിക്കുന്നതിന്റെ പേരില്‍ മര്‍ദ്ദിക്കപ്പെടുക എന്നത് ചരിത്രത്തിലെമ്പാടും കാണാം. എന്നാല്‍ ഏകദൈവ വിശ്വാസികളായ അടിമകളെ അല്ലാഹു അവരുടെ പ്രതിസന്ധകളില്‍ നിന്ന് സംരംക്ഷണം നല്‍കി നേരിട്ട് സഹായിക്കുകയാണ് ഇവിടെ. ഗുഹാവാസികളെ സംബന്ധിച്ച ഈ ഖുര്‍ആനിക കഥ പ്രസ്തുത പാഠമാണ് നമുക്ക് നല്‍കുന്നത്. അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണയിലായിരിക്കും സത്യവിശ്വാസികള്‍ എപ്പോഴും.

ഗുഹയില്‍ ദീര്‍ഘകാലം നിദ്രയില്‍ കഴിഞ്ഞ യുവാക്കള്‍ ഏഴുപേരായിരുന്നൂ എന്ന് സാധാരണ പറഞ്ഞു വരാറുണ്ട്. എന്നാല്‍ അവരെ സംബന്ധിച്ച പ്രസ്താവനയില്‍, അവര്‍ എത്ര പേരായിരുന്നൂ എന്ന് ഖുര്‍ആന്‍ ഖണ്ഡിതമായി പറയുന്നില്ല. ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്:

അവര്‍ പറയും, (ഗുഹാവാസികള്‍) മൂന്ന് പേരാണ്, നാലാമത്തേത് അവരുടെ നായയാണ് എന്ന്. ചിലര്‍ പറയും: അവര്‍ അഞ്ചുപേരാണ്; ആറാമത്തേത് അവരുടെ നായയാണ് എന്ന്. അദൃശ്യകാര്യത്തെപ്പറ്റിയുള്ള ഊഹം പറയല്‍ മാത്രമാണത്. ചിലര്‍ പറയും: അവര്‍ ഏഴു പേരാണ്, എട്ടാമത്തേത് അവരുടെ നായയാണ് എന്ന് പറയുക; എന്റെ രക്ഷിതാവ് അവരുടെ എണ്ണത്തെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്. ചുരുക്കം പേരല്ലാതെ അവരെപ്പറ്റി അറിയുകയില്ല. അതിനാല്‍ വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വിഷയത്തില്‍ തര്‍ക്കിക്കരുത്. അവരില്‍ ആരോടും അവരുടെ കാര്യത്തില്‍ നീ അഭിപ്രായം ആരായുകയും ചെയ്യരുത്. (കഹ്ഫ്: 22)

അവർ എത്രപേരാണെന്ന വിഷയത്തില്‍ തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ പല അഭിപ്രായങ്ങള്‍ കാണുന്നുണ്ട്. അവര്‍ ഏഴു പേരായിരുന്നു എന്ന് തഫ്‌സീറു റൂഹുല്‍ ബയാന്‍ പറയുന്നു. ഈ അഭിപ്രായമാണ് മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറഞ്ഞിട്ടുള്ളത്. എന്നാല്‍ തഫ്‌സീര്‍ ത്വബ്‌രിയില്‍ കാണുന്നത് അവര്‍ എട്ട് പേരായിരുന്നു എന്നാണ്. ത്വബ്‌രി ഇമാം ഈ എട്ടു പേരുടെ പേരുകള്‍ ഉദ്ധരിച്ചതിപ്രകാരമാണ്. മക്കസൽമീന, മുഹസീമീലീനിനാ, യംലീഖ, മുർത്വൂസ്, കഷ്ത്വഷ്, ബൈറൂനസ്, ദൈനൂമസ്, യതൂനിസ്ക്കാലൂസ്.

ഗുഹാവാസികളുടെ പ്രദേശവും അവരൊളിച്ചിരുന്ന ഗുഹയും എവിടെയാണെന്ന് വ്യക്തമായി രേഖപ്പെട്ടിട്ടില്ലാത്തതിനാല്‍, ചരിത്രവും പശ്ചാത്തലവും സാഹചര്യവുമനുസരിച്ച് സ്ഥലനിര്‍ണയത്തില്‍ വ്യത്യസ്താഭിപ്രായമാണുള്ളത്. ഇങ്ങനെ ചരിത്രവുമായി പൊരുത്തപ്പെടുന്ന സ്ഥലങ്ങളില്‍ പ്രസിദ്ധമാണ് അഫ്ശീന്‍ പട്ടണം. തുര്‍ക്കിയുടെ തലസ്ഥാന നഗരിയായ അങ്കാറയില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെയുള്ള അഫ്ശീന്‍ പട്ടണത്തിന്റെ അഞ്ച് കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗമാണ് പ്രസ്തുത ഗുഹ സ്ഥിതി ചെയ്യുന്നത്.

അസ്ഹാബുല്‍ കഹ്ഫിന്‍റേതായി ചരിത്ര ഗ്രന്ഥങ്ങളില്‍ വന്ന പേരുകള്‍ അവിടെയുള്ള കുട്ടികള്‍ക്ക് നാമകരണം ചെയ്യുന്ന പതിവ് പ്രസ്തുത അഭിപ്രായത്തിന് സ്വീകാര്യത നല്‍കുന്നതായി മനസ്സിലാക്കാം. യംഖീലാ, മകസ്ലീനാ, ഷാദനൂസ് തുടങ്ങിയ പേരുകളാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.

ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ വഹബുബിന്‍ മുനബ്ബിഹ്, മുഹമ്മദ് ബിന്‍ ഇസ്ഹാഖ്, ത്വബ്‍രി, സമശ്ഖരി, ബൈളാവി, ഇബ്നുകസീര്‍ തുങ്ങിയ ഇമാമുമാർ ഗുഹാവാസികളുടെ ഗുഹ അഫ്സൂസ് പട്ടണത്തില്‍ കാണാമെന്ന് പറഞ്ഞിരിക്കുന്നു. ഇബ്നുല്‍അസീര്‍ തന്റെ അല്‍കാമില്‍ഫിത്താരീഖിലും, കമാലുദ്ദീന്‍ ഇബ്നുല്‍ അദീം, അബൂ ലിഫ്ദാ, ഇബ്നു ഖല്‍ദൂന്‍ തുടങ്ങിയവരുമെല്ലാം ഈ അഭിപ്രായത്തെ ശരിവെക്കുന്നുണ്ട്.

അഫ്സൂസിലാണെന്നാണ് പ്രബല അഭിപ്രായമെങ്കില്‍ അഫ്സൂസ്, അഫ്ശീശ് ആയതെങ്ങനെയെന്ന് പരിശോധിക്കല്‍ അനിവാര്യമായി വരുന്നു. അഫ്ശീന്‍ എന്നതിന് പുരാതന ഗ്രീക്ക് ഉല്‍പത്തിയില്‍ അറാബിയൂസ് എന്നും അറബി ഉല്‍പത്തിയില്‍ അഫ്സൂസ് എന്നും കാണാം. സല്‍ജൂഖികളുടെ കാലത്തായിരുന്നു ഇതിന് അഫ്ശീന്‍ എന്ന പേര് ലഭിച്ചത്. സല്‍ജൂഖികളുടെ കാലഘട്ടത്തിലെ ഒരു യോദ്ധാവിന്റെ നാമമാണ് അഫ്ശീന്‍ എന്നത്. അദ്ദേഹം മുഖേനയാണ് ആ പട്ടണത്തിന് അഫ്ശീന്‍ എന്ന പേര് വന്നത്.

ഖുർആൻ നമ്മുടെ ജീവിതത്തിന്റെ ഒരു ഭരണഘടനയാണ്. നമ്മുടെ ജീവിത രീതികളിൽ അവലംബിക്കേണ്ട ഒന്നാമത്തെ സ്രോതസ്സ് ഖുർആനാവണമെന്നും, അല്ലാഹുവിന്റെ പേരിൽ ഒന്ന് ചേരുന്ന സൗഹൃദ കൂട്ടാമായാണ് വേണ്ടതെന്നും അല്ലാഹുവിനെ ഭയക്കുന്നവരോടോപ്പം കൂട്ടുകൂടണമെന്നും  ഏകദൈവ വിശ്വാസം ഏത് സമയത്തും നമുക്ക് ഉണ്ടായിരിക്കണമെന്നുമാണ് അസ്ഹാബുൽ കഹ്ഫ് നമുക്ക് നൽകുന്ന ഗുണപാഠങ്ങൾ.

തോട്ടക്കാരുടെ ചരിത്രം 

തനിക്ക് ലഭിച്ച സമ്പത്ത് മുഴുവനും തന്റെ അധ്വാനം കൊണ്ടാണെന്നും തന്റെ സമ്പത്ത് എന്നെന്നും നിലനിൽക്കുമെന്നും നശിക്കുകയില്ലയെന്നും വിശ്വസിക്കുന്ന സത്യനിഷേധിയായ ധനികന്റെയും അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നതെന്നും അവനെയാണ് ആരാധിക്കേണ്ടതെന്നും സമ്പത്ത് കുറവാണെങ്കിലും അവനോടുള്ള വിശ്വാസമാണ് വലുതെന്നും വിശ്വസിക്കുന്ന പാവപ്പെട്ട സത്യവിശ്വാസിയുടെയും കഥ പറയുന്നതാണ് തോട്ടക്കാരുടെ ചരിത്രം. ഇത് കഥയാണോ ഉപമയാണോ എന്നതിൽ ഖുർആൻ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.

അല്ലാഹുവില്‍ നിന്ന് ധാരാളം അനുഗ്രഹം കിട്ടിയ ധനികൻ. ഫലസമൃദ്ധമായ രണ്ട് തോട്ടങ്ങള്‍, അദ്ദേഹത്തിനു ലഭിച്ച ദൈവികാനുഗ്രഹങ്ങളില്‍ ഒന്നായിരുന്നു. പക്ഷെ, എല്ലാം മറന്ന അയാള്‍ അവയില്‍ അഹങ്കരിക്കുകയും വിനയാന്വിതനാകണം എന്ന തന്റെ കൂട്ടുകാരന്റെ ഉപദേശം പോലും അയാള്‍ തിരസ്‌കരിക്കുകയും ചെയ്തു. അയാളുടെ വാക്കുകള്‍ ഖുര്‍ആന്‍ പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്:

അങ്ങനെ അവന്‍ തന്റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാള്‍ കൂടുതല്‍ ധനമുള്ളവനും കൂടുതല്‍ സംഘബലമുള്ളവനും. (കഹ്ഫ്: 34)
അഹങ്കാരത്തോടെയാണ് അവന്‍ തന്റെ  തോട്ടങ്ങളില്‍ പ്രവേശിച്ചിരുന്നത്. അന്ത്യ നാളിനെ അവന്‍ അവിശ്വസിച്ചു. ഇനി ഉണ്ടെങ്കില്‍ തന്നെ ഇപ്പോഴുള്ളതിനേക്കാള്‍ മെച്ചമുള്ള സ്ഥനങ്ങള്‍ തനിക്ക് ലഭിക്കും എന്നവന്‍ വീമ്പു പറഞ്ഞു.

പക്ഷേ, അല്ലാഹു അവന്റെ അവിശ്വാസത്തിനും അഹങ്കാരത്തിനും അര്‍ഹമായ മറുപടി നല്‍കി. സമ്പത്ത് ഒരുപാട് ചെലവഴിച്ച്  നട്ടുപിടിപ്പിച്ച അവന്റെ കൃഷിയിടങ്ങളെ അല്ലാഹു പാടേ നശിപ്പിച്ചു. അപ്പോഴാണ് അവന്‍ ഖേദത്തോടെ വിരല്‍ കടിച്ചത്!

അല്ലാഹുവുമായുള്ള ബന്ധമാണ് ഒരു മനുഷ്യനെ ഉന്നതനാക്കുന്നതെന്നും മനുഷ്യന്റെ സമ്പത്ത് ഏത് നിമിഷവും നഷ്ടപ്പെട്ടേക്കാമെന്നും തീർച്ചയായും സമ്പത്തും സന്താനങ്ങളും വെറും അലങ്കാരം മാത്രമാണെന്നും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ലഭ്യമാകുമ്പോഴും അവ അനുഭവിക്കുമ്പോഴും ഏതൊരാളും അല്ലാഹുവിന്ന് നന്ദി ചെയ്യാനും അവന്റെ മുമ്പാകെ വിനയാന്വിതനാകാനും ശ്രദ്ധിക്കണമെന്നും അല്ലാത്ത പക്ഷം, അല്ലാഹുവിന്റെ ശിക്ഷക്ക് അവന്‍ വിധേയമാകുന്നതാണെന്നുമുള്ള ഗുണപാഠം ഈ ചരിത്രം നമുക്ക് നൽകുന്നു.

മൂസാ നബി(അ)ന്റെ അറിവന്വേഷണ യാത്ര 

എല്ലാ സമൂഹങ്ങളും എക്കാലത്തും ഏറെ പ്രധാന്യത്തോടെ കാണുന്ന ഒന്നാണ് അറിവ്. വിജ്ഞാന സമ്പാദന മേഖലയില്‍, ഒരു മനുഷ്യന് അവശ്യമായും ഉണ്ടായിരിക്കേണ്ട ക്ഷമാശീലത്തിന്റെയും, വിനയബോധത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്ന കഥയാണ് മൂസാ നബിയുടെയും ഖിള്ർ (അ) ന്റെയും സംഗമചരിത്രം. 

ഒരു ഹദീസില്‍ ഇങ്ങനെ പറയുന്നു, ഒരിക്കല്‍ മൂസാ നബി(അ) ബനൂ ഇസ്റാഈല്യര്‍ക്ക് സാരോപദേശം നല്‍കുകയായിരുന്നു. ആ സമയം അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു: ഇക്കാലത്തെ ഏറ്റവും വലിയ ജ്ഞാനി ആരാണ്? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെ! പക്ഷേ, അല്ലാഹു അദ്ദേഹത്തെ തിരുത്തി; അദ്ദേഹമല്ല, ഏറ്റവും വലിയ ജ്ഞാനി. അല്ലാഹു പറഞ്ഞു: ശരി, മൂസാ, രണ്ട് സമുദ്രങ്ങളുടെ സംഗമസ്ഥാനത്ത് എന്റെയൊരു അടിമയുണ്ട്. അദ്ദേഹം നിന്നേക്കാള്‍ അറിവുള്ളവനാണ്. അതു കേട്ടപ്പോള്‍ മൂസാ(അ) പറഞ്ഞു: രക്ഷിതാവേ, അദ്ദേഹത്തെ എങ്ങനെ എനിക്ക് കണ്ടുമുട്ടാനാകും?

ആ ജ്ഞാനിയായ അടിമയെ കണ്ടെത്താനായി അല്ലാഹുവിന്റെ നിര്‍ദ്ദേശാനുസരണം അദ്ദേഹം തന്റെ ഭൃത്യനോടൊപ്പം യാത്ര പുറപ്പെട്ടു. യാത്രക്കൊടുവില്‍ രണ്ട് കടലുകളുടെ സംഗമ സ്ഥാനത്തു വെച്ച് ആ അടിമയെ അഥവാ ഖിള്റ് (അ)നെ മൂസാ നബി കണ്ടുമുട്ടി.

അല്ലാഹുവിന്റെ നിര്‍ദ്ദേശാനുസാരം നടത്തിയ ഒരു വൈജ്ഞാനിക യാത്രയുടെ വിവരണ രൂപത്തില്‍ മുന്നേറുന്ന ഈ കഥയുടനീളം ഒരു വിദ്യാര്‍ത്ഥിയിലുണ്ടാവേണ്ട ജിജ്ഞാസയുടെയും, ക്ഷമാശീലത്തിന്റെയും, അര്‍പ്പണബോധത്തിന്റെയും പച്ചയായ ആവിഷ്‌കാരമാണ്. ഗുരുനാഥന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്കു ഗ്രഹിക്കാനാവാത്തവയുടെ കാര്യത്തില്‍ പോലും ഗുരുനാഥന്റേതായ വിശദീകരണം ലഭിക്കും വരേക്കും വിദ്യാര്‍ത്ഥി അക്ഷമ കാണിച്ചുകൂടാ എന്ന ശക്തമായ ആഹ്വാനം ഈ കഥയുള്‍ക്കൊള്ളുന്നു. തന്റെ താല്‍പര്യങ്ങളെയും, ബാഹ്യ വീക്ഷണത്തിലെ നിരീക്ഷണങ്ങളെയുമുപരി ഒരു സത്യവിശ്വാസി ഏതുകാര്യത്തിലും  അല്ലാഹുവിന്റെ കല്‍പനകള്‍ക്കാണ് പ്രഥമസ്ഥാനം നല്‍കേണ്ടതെന്ന അവിസ്മരണീയ പാഠമാണ് കഥയിലെ ഗുരുനാഥനായ ഖിള്ർ‍(അ)മിന്റെ പ്രവര്‍ത്തനങ്ങളിലൂടെ അല്ലാഹു ചിത്രീകരിച്ചത്.

ജ്ഞാന സമ്പാദനത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കണമെന്നും അറിവ് അന്വേഷിച്ചുള്ള യാത്ര മുസ്‍ലിമിന്റെ ലക്ഷണമാണെന്നും ഒരു വിദ്യാർത്ഥി അധ്യാപകനോട് നല്ലനിലയിൽ പെരുമാറണമെന്നും ഈ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

ദുൽഖർനൈനിയുടെ കഥ 

അല്ലാഹു കനിഞ്ഞേകിയ അപാരമായ അനുഗ്രഹങ്ങളും, അധികാരങ്ങളും, അല്ലാഹുവിന്റെ പ്രീതിയുടെ മാര്‍ഗത്തില്‍ വിനിയോഗിക്കുകയും, അല്ലാഹു ജനങ്ങള്‍ക്കുമേല്‍ തനിക്കു നല്‍കിയ ഭരണാധികാരം ഏറ്റവും ജനോപകാരപ്രദമായി വിനിയോഗിക്കുകയും ചെയ്ത സദ്‌വൃത്തനായ ഒരു ഭരണാധികാരിയുടെ വിശേഷങ്ങളാണ് ഈ ചക്രവര്‍ത്തിയുടെ കഥയിലൂടെ ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നത്.

തന്റെ ശക്തിയിലും അധികാരത്തിലും അഹങ്കരിക്കാമായിരുന്ന ദുല്‍ഖര്‍നൈന്‍, പക്ഷേ, കൂടുതല്‍ വിനയാന്വിതനാകുന്നതാണ് നാം കാണുന്നത്. അല്ലാഹു തനിക്കു നല്‍കിയ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തത് എന്ന മാനസിക നിലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ദുൽഖർനൈനിയുടെ മൂന്ന് സഞ്ചാരങ്ങളെപ്പറ്റി പറയുന്നുണ്ട്. അതിലവസാനത്തേത് യഅ്ജൂജ് മഅ്ജൂജിനെതിരെ പണിയുന്ന വന്‍മതിലിന്റെ നിർമാണമാണ്. ഇവിടെയൊക്കെ ഒരു യഥാര്‍ത്ഥ ജനസേവകനെ ദുൽഖർനൈനിയിലൂടെ  കാണാൻ സാധിക്കും. നിര്‍മ്മാണത്തിനു ശേഷം ആ ജനങ്ങളുടെ മുമ്പാകെ നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗ വരികള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: 

ഇത് എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്റെ രക്ഷിതാവിന്റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്. എന്റെ രക്ഷിതാവിന്റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു. (കഹ്ഫ്: 98)

ഭൗതികവാദവും സൂറത്തുൽ കഹ്ഫും 

ലോകജനത ജീവിതത്തെപ്പറ്റി, ആത്മീയ വാദം, ഭൗതികവാദം എന്നിങ്ങനെ രണ്ട് വീക്ഷണങ്ങൾ വെച്ച് പുലർത്തുന്നവരാണ്. ഈ വീക്ഷണങ്ങളാണ് ലോക ജീവിതസിദ്ധാന്തങ്ങളുടെ അടിസ്ഥാനം.

ആത്മീയ വാദം 

ഈ പ്രപഞ്ചം സൃഷ്ടിച്ചത് അല്ലാഹുവാണെന്നും അല്ലാഹുവിന്റെ അടിമകളാണ് ലോകത്തുള്ള സകല മനുഷ്യരെന്നും അല്ലാഹുവിനാണ് ആരാധനകൾ അർപ്പിച്ച് ജീവിക്കേണ്ടതെന്നും വിശ്വസിക്കുന്ന വിശ്വാസസംഹിതയാണ് ഇത്.

ഭൗതികവാദം

കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പ്രപഞ്ചം ചലിക്കുന്നതെന്നും പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഇല്ലെന്നും മനുഷ്യൻ തന്നെയാണ് അവന്റെ കാര്യങ്ങൾ നിർണയിക്കുന്നതെന്നും വിശ്വസിക്കുന്ന വിശ്വാസ സംഹിതയാണ് ഇത്.

വിശ്വപ്രസിദ്ധ പണ്ഡിതൻ അബുല്‍ഹസൻ അലി അന്നദ്‍വി തന്റെ അസിറാഹു ബയ്നൽ ഈമാനി വൽ മാദിയ, തഅമ്മുലാത്തുൻ ഫീ സൂറത്തുൽ കഹ്ഫ് എന്ന ഗ്രന്ഥത്തിലൂടെ വ്യക്തമായി ആധുനിക ഭൗതികവാദത്തിന്റെ പൊള്ളത്തരങ്ങൾ സൂറത്തുൽ കഹ്ഫ് വിവരിച്ചുകൊണ്ട് അദ്ദേഹം പറയുന്നുണ്ട് പ്രധാനമായും നാല് ചരിത്രങ്ങളാണ് സൂറത്തുൽ കഹ്ഫിലൂടെ വിവരിക്കുന്നത്, ഈ നാല് ചരിത്രങ്ങളും ഭൗതികവാദം തെറ്റാണെന്ന് തെളിയിക്കുന്നവയാണ്.

1.ഗുഹവാസികളുടെ ചരിത്രം 

ഈ ചരിത്രം മുന്നോട്ട് വെക്കുന്ന വീക്ഷണം യാതൊരു നിയന്ത്രണവും ഇല്ലാത്ത ജീവിതം ശരിയാവുകയില്ല എന്നാണ്. ഇത് ഭൗതിക സിദ്ധാന്തത്തിന്റെ മുനയൊടിക്കുന്നു. അപ്രകാരം സൂറത്തിന്റെ തുടക്കത്തിൽ ഖുർആൻ ജീവിതത്തിന്റെ ലക്ഷ്യവും മാർഗ്ഗവും നിർണയിക്കുന്ന ഗ്രന്ഥമാണെന്ന് ഒന്നാം ആയത്തിലൂടെ പ്രഖ്യാപിക്കുന്നു. 
ഗുഹാവാസികൾ 300 വർഷം ഉറങ്ങിയ ചരിത്രം പറയുന്നതിലൂടെ ഈ പ്രപഞ്ചത്തിന്റെ ഗതിനിർണയിക്കുന്നത് അല്ലാഹുവാണ് എന്ന കാര്യവും വ്യക്തമാക്കുകയും ചെയ്യുന്നു.

2.രണ്ട് തോട്ടക്കാരുടെ ചരിത്രം 

സമ്പത്ത് മുഴുവൻ തന്റേതാണെന്ന് പറഞ്ഞ രണ്ടിൽ ഒരാളുടെ പ്രഖ്യാപനത്തിന് മറുപടിയായിട്ട് ചരിത്രം വ്യക്തമാക്കിയത് സമ്പത്ത് മുഴുവൻ അല്ലാഹുവിന്റെ അനുഗ്രഹമാണെന്നും അവൻ നമ്മളെ പരീക്ഷിക്കുകയാണെന്നും പഠിപ്പിച്ചു.

3.ഖിള്ർ-മൂസാ (അ) ചരിത്രം 

നമ്മളറിയാത്ത പല കാര്യങ്ങളും പ്രപഞ്ചത്തിൽ ഉണ്ടെന്നും തെറ്റും ശരിയും നിർണയിക്കുന്നത് അല്ലാഹുവാണെന്നും ഉള്ള പാഠം ഇത് നൽകുന്നു. തങ്ങൾക്ക് യാതൊരുവിധ ഉപകാരവും ലഭിക്കാത്ത ഒരു കാര്യം ചെയ്യേണ്ടതില്ല എന്ന വീക്ഷണത്തെ ഉപകാരം ഇല്ലാതിരുന്നിട്ടും മതിൽ കെട്ടിക്കൊടുത്തതിലൂടെ pragmatism അഥവാ പ്രായോഗിക വാദം തെറ്റാണെന്ന് പഠിപ്പിച്ചുതന്നു.


4.ദുൽഖർനൈനിയുടെ ചരിത്രം 

അധികാരം അല്ലാഹു നൽകിയ അനുഗ്രഹമാണെന്നും അത് അവന്റെ പ്രീതിയിലായി വിനിയോഗിച്ചാൽ അവൻ നമ്മളെ ഉയർത്തുമെന്നുമുള്ള പാഠം നൽകുന്നു.

ദജ്ജാലിന്റെ ആഗമനവും സൂറത്തുൽ കഹ്ഫും

അവസാന നാളില്‍ വിശ്വാസികള്‍ നേരിടേണ്ടിവരുന്ന അതിഭയാനകമായ വിപത്തുകളില്‍ പെട്ടതാണ് ദജ്ജാലിന്റെ ആഗമനം. നല്ല മനുഷ്യരെ വഴിതെറ്റിക്കാനുള്ള കഠിന ശ്രമങ്ങള്‍ ദജ്ജാലില്‍ നിന്നുണ്ടാവും. ദജ്ജാലിന്റെ ഫിത്‌നയില്‍ നിന്നും രക്ഷ പ്രാപിക്കാന്‍ അഞ്ച് നേരത്തെ ഫര്‍ള് നിസ്‌കാരത്തിലും ഒടുവിലത്തെ അത്തഹിയാത്തില്‍ ദുആ ചെയ്യണമെന്ന് പ്രത്യേകം പഠിപ്പിച്ചത് അവന്റെ ഭയാനകതയെ സൂചിപ്പിക്കുന്നു.

നബി(സ)പറഞ്ഞു നിശ്ചയം, ആദമിന്റെ സന്തതികളെ അല്ലാഹു സൃഷ്ടിച്ചതുമുതൽ ദജ്ജാലിന്റെ ഫിത്‌നയോളം വലിയ ഫിത്‌ന ഉണ്ടായിട്ടില്ല. നിശ്ചയം, തന്റെ സമുദായത്തിന് ദജ്ജാലിനെക്കുറിച്ച് മുന്നറിയിപ്പു നൽകാതെ ഒരു നബിയെയും അല്ലാഹു നിയോഗിച്ചിട്ടില്ല. ഞാൻ അന്ത്യപ്രവാചകനാണ്. നിങ്ങളാകട്ടെ അവസാനത്തെ സമുദായവുമാണ്. നിസ്സംശയം, അവൻ നിങ്ങളിൽ പുറപ്പെടുന്നവനാണ്’’ (ഇബ്‌നുമാജ). 
സൂറതുൽകഹ്ഫ് ദജ്ജാലുമായി ബന്ധപ്പെടുന്നത് ഇപ്രകാരമാണ്. ദജ്ജാൽ മുഖേനയുള്ള 4 ഫിത്നകൾ ( അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് തടയുന്നു) ഈ നാല് കാര്യങ്ങളും ഈ സൂറത്തിൽ വ്യക്തമായി വിശകലനം ചെയ്യുന്നുണ്ട്.

1.ദൈവ നിഷേധം 

അവസാന കാലഘട്ടത്തിൽ ദജ്ജാൽ ഞാൻ റബ്ബാണ് എന്ന് വാദിക്കും. ഈ സമയത്താണ് ഏത് സാഹചര്യത്തിലും അല്ലാഹു ഏകനാണെന്ന വിശ്വാസം മുറുകെ പിടിക്കണം എന്ന ഗുഹാവാസികളുടെ ചരിത്രം മാതൃകയാകുന്നത്. 

2.സമ്പത്ത്  
ദജ്ജാൽ വരുന്നതിന് തൊട്ടുമുമ്പ് ഭൂമിയിൽ ക്ഷാമം ഉണ്ടാവും. ഈ അവസരം മുതലാക്കി അവൻ സമ്പൽസമൃദ്ധി കാണിച്ച് ജനങ്ങളെ വശീകരിക്കും. സമ്പത്ത് ഇല്ലാത്തവർക്ക് സമ്പത്ത് നൽകി അവൻ വഴിപിഴപ്പിക്കും. എന്നാൽ ഇവിടെയും കഹ്ഫ് സൂറത്ത് നമുക്ക് വഴി കാട്ടുന്നുണ്ട്. സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്‍റെ അലങ്കാരങ്ങള്‍ മാത്രമാണെന്നും, നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ് നിന്‍റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതെന്നും അത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു.

3.വിജ്ഞാനം

വിജ്ഞാനം മനുഷ്യനെ ഉയർത്തുന്നതോടൊപ്പം അഹങ്കാരിയുമാക്കി തീർക്കുന്നു. തനിക്ക് എല്ലാം അറിയാം എന്ന വാദമാണ് മനുഷ്യനെ ഏറ്റവും പിഴപ്പിക്കുന്നത്. എന്നാൽ മൂസാ-ഖിള്ർ (അ) ചരിത്രം പഠിപ്പിക്കുന്നത് വിനയാന്വിതനായി മൂസാ നബി ഖിള്ർ നബിയെ പിന്തുടർന്ന് അറിവ് തേടുന്ന ചരിത്രമാണ്. 

4.അധികാരം 

എന്തും ചെയ്യാനുള്ള ദജ്ജാലിന്റെ പ്രാപ്തിയും കഴിവുമാണ് ജനങ്ങളെ വഴിപിഴപ്പിക്കുന്നത്. ഇത് മുഖേന ധാരാളം പേരെ ദജ്ജാൽ കൊല്ലുകയും വഴിപിഴപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ദുൽഖർനൈനിയുടെ ചരിത്രം കൂടുതൽ ഉൾക്കാഴ്ച്ച നൽകുകയും അധികാരം ജനങ്ങളെ സേവിക്കാനുള്ളതാണെന്നും വ്യക്തമാക്കി തരുന്നു.

ലോകത്തെ മുഴുവന്‍ സമുദ്ര ജലവും മഷിയാക്കിയെഴുതിയാല്‍ പോലും എഴുതിത്തീര്‍ക്കാന്‍ സാധ്യമാവാത്ത വിധം അനന്ത വിശാലമാണ് അല്ലാഹുവിന്റെ വചനങ്ങളെന്ന പ്രഖ്യാപനം നടത്തിയാണ് ഈ വിശുദ്ധ അധ്യായം അവസാനിക്കുന്നത്. തന്റെ സ്രഷ്ടാവിന്റെ കരുണായാഗ്രഹിക്കുന്നവർ നന്മയിലധിഷ്ടിതമായ ജീവിതം നയിക്കുകയും, അല്ലാഹുവിന്റെ ഏകത്വത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും വേണമെന്ന കൽപനയോടേയുമാണ് സൂറത്ത് അവസാനിക്കുന്നത്.  

ഇക്കാരണങ്ങൾ കൊണ്ടാണ് പ്രവാചകൻ (സ) വിശ്വാസികളോട് എല്ലാ വെള്ളിയാഴ്ചയും സൂറ അൽ കഹ്ഫ് പാരായണം ചെയ്യാനും അതിനെ ജീവിതത്തിൽ പകർത്താനും കൽപ്പിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter