യൂറോപിലെ മതത്തെ കണ്ട് ഇസ്‍ലാമിനെ പരിഷ്കരിക്കാനെത്തിയവര്‍ക്ക് പിഴച്ചത്‍ ഇവിടെയാണ്
ബിരുദവിദ്യാര്‍ഥിയായിരിക്കെ, അമേരിക്കയിലെ മുസ്‌ലിംകളുടെ ആത്മീയവും സാമൂഹികവുമായ വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വലിയ സംഘടനകളിലൊന്നില്‍ ഞാനും അംഗമായി. ഇബ്‌നുല്‍ഖയ്യിമിന്റെ 'മദാരിജുല്‍ സാലികീന്‍' ആസ്പദമാക്കി അവര്‍ സംഘടിപ്പിച്ച ഒരു പൊതുക്ലാസാണ് അതിന് പ്രേരകമായത്. വളരെ നല്ലതും ഞാനന്വേഷിക്കുന്നതുമായ ഒന്നായിരുന്നു അത്. യോഗ്യരായ വിദഗ്ധരില്‍നിന്നും ഇസ്‌ലാം പഠിക്കാം, ഇസ്‌ലാമിന്റെ ബൗദ്ധികപാരമ്പര്യത്തില്‍ ആഴ്ന്നിറങ്ങുകയുമാവാം എന്നായിരുന്നു എന്നെ അതിന് പ്രേരിപ്പിച്ചത്.
ക്ലാസ് കഴിഞ്ഞതും ഞാനുടനെ ആ സംഘടനയില്‍ ചേര്‍ന്നു. ഇസ്‌ലാമിനെ കുറിച്ച് ഘടനാപരമായി, കരിക്കുലം അടിസ്ഥാനമാക്കിയ ഒരു പഠനമാണ് ഞാന്‍ തേടിയത്. വളരെ സന്തോഷത്തോടെതന്നെ ഞാനതില്‍ ചേര്‍ന്നു. സംഘടനയിലേക്ക് സ്വാഗതം ചെയ്യപ്പെട്ട എനിക്ക് ഒരു സ്റ്റഡി ഗ്രൂപ്പും അസൈന്‍ ചെയ്തു. സ്റ്റഡി ഗ്രൂപ്പ് ലീഡറോടൊപ്പം എല്ലാ ആഴ്ചയിലുമൊരുദിവസം കൂടിയിരിക്കണം. ഓരോ ആഴ്ചയിലും ഓരോ അംഗങ്ങളും ഊഴമിട്ട് ഖുര്‍ആനിനെ കുറിച്ചോ, റസൂല്‍ (സ്വ)യെ കുറിച്ചോ പ്രചോദനാത്മകമായ പാഠങ്ങള്‍ പങ്കുവെക്കും.
പൊടുന്നനെ ഞാനല്‍പ്പം ആശയക്കുഴപ്പത്തിലായി. ഇതിനൊന്നുമല്ല ഞാന്‍ ചേര്‍ന്നത്. എന്നാല്‍ അവര്‍ ചെയ്യുന്ന പ്രവൃത്തികളില്‍ അവര്‍ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. അതിനാല്‍ അവരോടൊപ്പം ഞാനും തുടര്‍ന്നു. 20നും 30നുമിടയില്‍ പ്രായമുള്ള ഒരു എഞ്ചിനീയറായിരുന്നു ഞങ്ങളുടെ ലീഡര്‍. പ്രായത്തില്‍ എന്നെക്കാള്‍ അല്‍പം മാത്രം മുതിര്‍ന്നയാള്‍. ഇസ്‌ലാമില്‍ ശരിയായ പരിശീലനമൊന്നും അദ്ദേഹത്തിനില്ലായിരുന്നു. വിചിത്രമായി തോന്നിയെങ്കിലും അവരോടൊപ്പം ഞാന്‍ തന്നെ തുടര്‍ന്നു.
ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍, ഞാന്‍ സ്വയം ഒരു സ്റ്റഡിഗ്രൂപ്പിന് നേതൃത്വം നല്‍കണമെന്ന് സംഘടന തീരുമാനിച്ചു. ഹൈസ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെയാണ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ ഞാനവരുടെ മെന്ററാവണമെന്നാണാവശ്യം. എന്നെക്കൊണ്ടാവില്ലെന്ന് അറിയാമെങ്കിലും ഞാനതിന് യോഗ്യനാണെന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അവര്‍ക്ക് വഴങ്ങിയ ഞാന്‍ സംഘടനയുടെ യന്ത്രത്തില്‍ മറ്റൊരു കരുവായി ഒപ്പം നീങ്ങി.
ആദ്യത്തില്‍ പറഞ്ഞ പ്രസംഗപരിപാടി കഴിഞ്ഞ് ഒരു വര്‍ഷം കഴിയും മുമ്പേ ഞാന്‍ സംഘടനയില്‍നിന്നും പുറത്തിറങ്ങി. പുറത്തിറങ്ങി എന്നുമാത്രമല്ല, എന്തുകൊണ്ടാണ് പുറത്തുപോകുന്നത് എന്ന് എല്ലാവരോടും പറയുകയും, അതിന്റെ പേരില്‍ പല ബന്ധങ്ങളും മുറിയുകയും ചെയ്തു. എനിക്ക് ഇസ്‌ലാം ശരിയായ പണ്ഡിതന്മാരുടെ കീഴിലായിക്കൊണ്ട് പഠിക്കണമായിരുന്നു. ഇസ്‌ലാമിക ഫിഖ്ഹിന്റെയും ദൈവശാസ്ത്രത്തിന്റെയും ആഴങ്ങളിലേക്ക് പോകണമായിരുന്നു. അത് എനിക്കവിടെ കാണാന്‍ സാധിച്ചില്ലെന്നതായിരുന്നു സത്യം. അല്പജ്ഞാനികളായ ഏതാനും പേര്‍ കൂയിരുന്ന് അങ്ങോട്ടും ഇങ്ങോട്ടും പഠിപ്പിക്കുന്ന ആ രീതി ഒട്ടും ആധികാരികമാവുമെന്ന് എനിക്ക് തോന്നിയില്ല. അത്തരം ആഴത്തിലുള്ള പഠനം എന്തുകൊണ്ട് സംഭവിക്കുന്നില്ലാ എന്ന് ചോദിക്കുമ്പോഴെല്ലാം ഒരേയുത്തരമാണ് എനിക്ക് കിട്ടിയത്:
''21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് മിക്ക പരമ്പരാഗത ആലിമീങ്ങള്‍ക്കും അറിയുകയില്ല. അവര്‍ അവരുടെ കിത്താബുകളിലും പാരമ്പര്യത്തിലും കുടുങ്ങിക്കിടക്കുകയാണ്. ഇസ്‌ലാമുദ്ദേശിച്ചത് വളരെ എളുപ്പമാണ്. ആര്‍ക്കും ഖുര്‍ആന്‍ കയ്യിലെടുത്ത് പഠിക്കാവുന്നതും പഠിപ്പിക്കാവുന്നതുമേയുള്ളൂ. എല്ലാവര്‍ക്കും ഒരുപോലെ വായിക്കാവുന്ന ഒരേ ഖുര്‍ആനും സുന്നത്തുമുള്ള ഇസ്‌ലാമില്‍, യഥാര്‍ഥത്തില്‍ അതിന്റെ ദൗത്യത്തിനെതിര് നില്‍ക്കുന്നവരാണ് ആത്മീയപണ്ഡിത ബ്യൂറോക്രസി.''
ഈ സമീപനത്തോട് എനിക്ക് ഒരിക്കലും യോജിക്കാനായില്ല. എന്തുകൊണ്ടാണ് അതു തെറ്റാണെന്ന് എനിക്ക് വിശദീകരിക്കാനറിയില്ലെങ്കിലും ആ സമീപനം തെറ്റാണെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. ബൗദ്ധികമായി സുഭദ്രമായ ഒരിടത്തിനായി പിന്നീട് ഏതാനും വര്‍ഷങ്ങള്‍ വീണ്ടും ഞാനലഞ്ഞു. ഞാനന്വേഷിച്ച സ്ഥലങ്ങളിലെല്ലാം ഒരേ പ്രശ്‌നമായിരുന്നു നേരിട്ടത്, ബൗദ്ധികമായ അരാജകത്വവും ഘടനയില്ലായ്മയും ആയിരുന്നു അത്.
വര്‍ഷങ്ങള്‍ക്കുശേഷം, ബൗദ്ധികമായി എന്നില്‍ വെല്ലുവിളിയുയര്‍ത്തിയ ഘടനയും അതനുസരിച്ച് വിജ്ഞാനകൈമാറ്റം നടത്തുന്ന ആത്മീയ പണ്ഡിരെയും കണ്ടെത്തിയപ്പോഴാണ് എനിക്ക് പ്രശ്‌നങ്ങള്‍ മനസിലാകാന്‍ തുടങ്ങിയത്.
തീര്‍ച്ചയായും, ഞാന്‍ അംഗമായിരുന്ന ആ സംഘടന പേരില്‍ ''ഇസ്‌ലാമിക'' സംഘടന തന്നെയായിരുന്നു. എന്നാലവര്‍ ഉള്‍കൊണ്ട പാശ്ചാത്യ, സെക്കുലര്‍ ചട്ടക്കൂടാണ് അതിന്റെ അടിസ്ഥാന ഘടന നിര്‍വചിച്ചിരുന്നത്. ഇസ്‌ലാം ഒരു പുറം മോടി മാത്രം. എന്നാല്‍ ബൗദ്ധിക അടിത്തറയാകട്ടെ ഇസ്‌ലാമുമായി യാതൊരു ബന്ധമില്ലാത്തതും. ഹൈസ്‌കൂളിലെ സുഹൃത്തുക്കള്‍ പറയുമായിരുന്ന ക്രിസ്ത്യന്‍ പ്രൊട്ടസ്റ്റന്റ് സംഘടനകളുമായിട്ടായിരുന്നു ഈ ഇസ്‌ലാമിക സംഘടനകള്‍ക്ക് സാമ്യം. മതപരമായ അധികാരകേന്ദ്രങ്ങളില്ല, പാരമ്പര്യത്തോട് തെല്ലും ബഹുമാനമില്ല. നിങ്ങളും, അവതരിപ്പിക്കപ്പെട്ട ഗ്രന്ഥവും, നിങ്ങള്‍ വായിക്കുന്നതെന്തും നിങ്ങള്‍ക്ക് മനസിലാകുമെന്ന ഒരു പ്രതീക്ഷയും പ്രാര്‍ഥനയും - അത്ര മാത്രമായിരുന്നു അവരെ സംബന്ധിച്ചിടത്തോളം മതം എന്നത്.
എന്റെ ഈ അനുഭവം ഒറ്റപ്പെട്ട ഒന്നല്ല. അമേരിക്കയില്‍ വിവിധയിടങ്ങളില്‍ ഇവ്വിധം ഇസ്‌ലാമികവിഭ്യാഭ്യാസം ജനാധിപത്യവത്കരിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന നിരവധി സംഘടനകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു സംഘടയുടെ മാത്രം വീഴ്ചയല്ലിത്. വളരെ ആഴത്തില്‍ വേരൂന്നിയ ഒരു പ്രശ്‌നത്തിന്റെ സൂചകം മാത്രമാണ് ഞാന്‍ എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇവിടെ അവതരിപ്പിച്ചത്.
യൂറോപ്യന്‍ ടെംപ്ലേറ്റ്
നല്ല ഉദ്ദേശ്യങ്ങളും വലിയ പദ്ധതികളും എപ്പോഴും നല്ലത് തന്നെയാണ്. എന്നാലതിന് ഘടനയാവശ്യമാണ്. സംഘാടനം ആവശ്യമാണ്. നൂറ്റാണ്ടുകളിലൂടെ പ്രവര്‍ത്തിച്ച് ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട ഒരു വഴി ആവശ്യമാണ്. ഇവിടെയാണ് ആധുനികതയും പശ്ചാത്യ ചട്ടക്കൂടുകളും കടന്നുവരുന്നത്. നേരത്തെ പറഞ്ഞതിനെയെല്ലാം (ഘടനയും തെളിയിക്കപ്പെട്ട വഴികളും) തള്ളിക്കളയുന്നതാണ് അതിന്റെ രീതി. ഇവ്വിഷയത്തില്‍ നേരത്തെ പറഞ്ഞതുപോലെ, ആധുനികത മറ്റെല്ലാറ്റിലുമുപരി മുന്‍ഗണന നല്‍കുന്നത് വ്യക്തിക്കാണ് (Individual). ഇത് മതരംഗത്തേക്ക് പകര്‍ത്തുമ്പോള്‍, ഒരുതരം സെക്കുലര്‍ പ്രൊട്ടസ്റ്റന്റിസമായി മാറുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. അതേ ചട്ടക്കൂടിന്റെ സ്വാധീനത്തില്‍നിന്ന് കൊണ്ട് ചിന്തിക്കുന്നവര്‍ക്കെല്ലാം അത് വളരെ ആകര്‍ഷകമായി തോന്നുകയും ചെയ്യും.
ഇതിനുപിന്നിലെ ചരിത്രം മനസിലാക്കുക ഇത്തരുണത്തില്‍ വളരെ പ്രധാനമാണ്. അതിലും പ്രധാനമാണ് നാമിന്ന് ചരിത്രമെന്ന് മനസിലാക്കുന്ന ചരിത്രം യൂറോപ്യന്‍ പ്രശ്‌നങ്ങള്‍ക്ക് യൂറോപ്പ് തന്നെ കണ്ടെത്തിയ പരിഹാരമാണെന്ന തിരിച്ചറിവ്. മധ്യകാല കാത്തലിക് ചര്‍ച്ചിന് മതപരമായ വ്യാഖ്യാനത്തിനു മേലുണ്ടായിരുന്ന കുത്തകാവകാശവും, അതോടൊപ്പം ഏറക്കുറെ യൂറോപ്യന്‍ വന്‍കരയാകെ അതിനുണ്ടായിരുന്ന രാഷ്ട്രീയസ്വാധീനവും മതജീവിതത്തിനുമപ്പുറം വ്യാപിച്ച വളരെ ഘടനാപരമായ മതമേധാവിത്വം സൃഷ്ടിച്ചിരുന്നു. സാമ്പത്തിക അഴിമതികളും, അച്ചടക്കമില്ലായ്മയും പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് പരിഷ്‌കരണത്തിന് വഴിവച്ചു. പരിഷ്‌കരണവാദികളുടെ കാഴ്ചപാടില്‍, യേശുവിന്റെ ആദ്യത്തെ യഥാര്‍ഥ അധ്യാപനങ്ങളില്‍നിന്നും സഭ വഴിതെറ്റിയിരുന്നു. ആ സന്ദേശം ഇപ്പോഴും വെളിപാടിലൂടെ ലഭിക്കുമെന്നായിരുന്നു പരിഷ്‌കരണവാദികളുടെ വാദം. ആ സന്ദേശം നിറംകെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന ഇടനിലക്കാരായ പുരോഹിതരുടെ ആവശ്യമില്ലെന്നായിരുന്നു അവരുടെ വാദം. യഥാര്‍ഥ ക്രിസ്തുമതം മനസിലാകാന്‍ മറ്റാരുടെയും ആവശ്യമില്ല, (Sola Scriptura:) അക്ഷരത്തിലുള്ള ഗ്രന്ഥങ്ങള്‍ മാത്രം മതി എന്നായിരുന്നു അവരുടെ വാദം.
അങ്ങനെയാണ് പൂര്‍വ്വാധുനിക യൂറോപ്യന്‍ ചരിത്രത്തില്‍ പ്രൊട്ടസ്റ്റന്റ് പരിഷ്‌കരണവും, കാത്തലിക് പ്രതിപരിഷ്‌കരണവും, മറ്റനേകം മതപ്രസ്ഥാനങ്ങളും, വിഘടനസംഘങ്ങളും ഉദയം ചെയ്യുന്നത്. മതത്തിലെ അധികാരശ്രേണികളുടെ നിഷ്‌കാസനവും മതവ്യാഖ്യാനത്തിനന്റെ ജനാധിപത്യവത്കരണവും, ആ കാലത്ത് ഉദയം ചെയ്യുകയായിരുന്ന 'സ്‌റ്റേറ്റ്', വ്യക്തിവാദത്താല്‍ നിര്‍വചിക്കപ്പെട്ട മനുഷ്യന്‍ തുടങ്ങിയ ആശയങ്ങളുമായി വലിയരീതിയില്‍ ചേര്‍ന്ന് പോകുന്നതായിരുന്നു. ആധുനിക യൂറോപ്യന്‍ മനുഷ്യന് മതം എന്താണെന്ന് പറയാന്‍ ഒരു പുരോഹിതന്റെയും, തന്റെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിര്‍വചിക്കാന്‍ ഒരു പരമാധികാരിയായ രാജാവിന്റെയും ആവശ്യമില്ലാതായത് അങ്ങനെയാണ്. നേരത്തെ പറഞ്ഞ പോലെ, ഇതെല്ലാം യൂറോപ്പിലെ പ്രശ്‌നങ്ങള്‍ക്ക് യൂറോപ്പ് തന്നെ കണ്ട പോംവഴികളായിരുന്നു.
മുസ്‌ലിം സമൂഹങ്ങള്‍ക്ക് യൂറോപ്യന്‍ പരിഹാരങ്ങള്‍
21-ാം നൂറ്റാണ്ടില്‍ അമേരിക്കയിലുള്ള മുസ്‌ലിം പ്രസ്ഥാനങ്ങളുമായി മേല്‍പറഞ്ഞവയ്ക്ക് എന്താണ് ബന്ധം എന്ന് കൂടി നമുക്ക് നോക്കാം. പ്രസ്തുത യൂറോപ്യന്‍ പരിഹാരങ്ങള്‍ യൂറോപില്‍മാത്രം പരിമിതമായി നിലകൊണ്ട ഒന്നല്ല. യൂറോപ് എന്നാല്‍ നിശ്ചലമായ ഒരിടമായിരുന്നില്ല. രാഷ്ട്രീയമായും, സാമ്പത്തികമായും സൈനികമായും അത് വികസിക്കുകയായിരുന്നു. സാരമായ വെല്ലുവിളികളില്ലാതെ ലോകം കൈയടക്കിക്കൊണ്ടിരിക്കുകയായിരുന്നു അവര്‍. ആദ്യം സ്‌പെയിനിനും പോര്‍ച്ചുഗീസിനും കീഴില്‍ വടക്കന്‍ അമേരിക്കയും തെക്കമേരിക്കയും, പിന്നീട് ബ്രിട്ടീഷ്, ഫ്രഞ്ച്, ഡച്ച് അധിനിവേശ നാളുകളില്‍ ആഫ്രിക്കയും ഏഷ്യയുമെല്ലാം അവരുടെ കീഴിലായി.
പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ഒരു മുസ്‌ലിമായിരുന്നു നിങ്ങളെങ്കില്‍, എന്തുകൊണ്ടാണ് യൂറോപ് കുതിക്കുന്നതെന്നും, എവിടെയാണ് മുസ്‌ലിംകള്‍ക്ക് പിഴച്ചതെന്നും ചിന്തിക്കാതിരിക്കുക സാധ്യമല്ലായിരിക്കും. ആ ചോദ്യത്തിന് നിരവധി ഉത്തരങ്ങളുണ്ട്. അവ മറ്റൊരു ലേഖനത്തിന് വിഷയമാകാം. പക്ഷേ, പരിഷ്‌കരണവാദികളായ മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒറ്റ ഉത്തരമാണുണ്ടായിരുന്നത്: യൂറോപിന് വ്യവസ്ഥാപിതമായ ഒരു മതമുണ്ട്. നമുക്ക് അതില്ലാതെ പോയി എന്നായിരുന്നു അത്.
പരിഷ്കരണവാദികള്‍ പലരും പഠിച്ചതും ജീവിച്ചതും യൂറോപിലായിരുന്നു. ആ നാടുകളിലെ അനുഭവങ്ങളാണ് അവരുടെ ലോകവീക്ഷണം രൂപീകരിച്ചത്. കേവല പഠനമല്ല അവിടെ അവര്‍ നടത്തിയത്. യൂറോപിന്റെ ധാരണകളും തീര്‍പ്പുകളും അവര്‍ സ്വാംശീകരിച്ചു. പ്രത്യേകിച്ച്, മതത്തെയും അധികാരത്തെയും സംബന്ധിച്ച ധാരണകള്‍.
മുസ്‌ലിംകള്‍ക്ക് പിഴച്ചതും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ശരിയായി ചെയ്തതും എന്താണ്? ഭാഗികമായ ഒരു ഉത്തരം, ബ്രിട്ടീഷുകാരുടെയും ഫ്രഞ്ചുകാരുടെയും ഭാഷയില്‍ പറഞ്ഞാല്‍, മതത്തിന്റെ പ്രാധാന്യം രണ്ടാം തരമാക്കി എന്നതായിരുന്നു അത്. യൂറോപിലേക്ക് സമ്പത്ത് കേന്ദ്രീകരിക്കുന്നതിനായി ചരിത്രത്തില്‍ അന്നോളം കണ്ടിട്ടില്ലാത്ത രീതിയില്‍ നടത്തിയ കൊള്ളയും ബലാത്സംഗങ്ങളും കാണാതെപോയതും അതൊരു തെറ്റായി അവര്‍ക്ക് തോന്നാതിരുന്നതും അത് കൊണ്ടായിരുന്നു. ആ സമ്പത്താണ് യൂറോപിന് രാഷ്ട്രീയമായി ശക്തിയുണ്ടാക്കി കൊടുത്തതും അവിടങ്ങളില്‍ വികസിതമായ സമൂഹങ്ങളുണ്ടാക്കിയതും എന്നതാണ് സത്യം. അഥവാ, മത-മാനുഷിക മൂല്യങ്ങളെയെല്ലാം കാറ്റില്‍പറത്തി അവര്‍ നടത്തിയ കൊള്ളകളിലൂടെയാണ് യൂറോപ്പ് സാമ്പത്തികമായും അതിലൂടെ മറ്റുരംഗങ്ങളിലും മുന്നോട്ട് കുതിച്ചത് എന്ന് ചുരുക്കം. ഇങ്ങനെ നോക്കുമ്പോള്‍, അത് എത്രമാത്രം വലിയ അപചയമാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
യൂറോപിലെ പരിഷ്‌കരണവാദികളുടെ മാതൃകയിലാണ് മുസ്‌ലിം പരിഷ്‌കാര്‍ത്തക്കളും അവരുടെ മതവിമര്‍ശനം ചിട്ടപ്പെടുത്തിയത്. യൂറോപിന്റെ വശ്യതയില്‍ കണ്ണഞ്ചിച്ച, യൂറോപില്‍ ജീവിക്കുകയായിരുന്ന പിന്നീട് പരിഷ്‌കര്‍ത്താക്കളായി രംഗത്തെത്തിയ ഇക്കൂട്ടരെ സംബന്ധിച്ചേടത്തോളം മുസ്‌ലിം ലോകത്തെ പ്രശ്നങ്ങള്‍ക്ക് ഒരൊറ്റ പരിഹാരമേ നിര്‍ദ്ദേശിക്കാനുണ്ടായിരുന്നുള്ളൂ, യൂറോപിലേതിന് സമാനമായ ഒരു മതപരിഷ്‌കരണം ആയിരുന്നു അത്. ജനലക്ഷങ്ങളെ ചൂഷണം ചെയ്യുകയും മതത്തിന്റെ വ്യാഖ്യാനത്തിന്റെ അന്തിമതീര്‍പ്പുകാരായി കുത്തക കൈയാളിയിരുന്ന മര്‍ദ്ദകരും, കളങ്കിതരുമായ പുരോഹിതന്മാരെ പുറത്താക്കിയ അതേ പരിഷ്‌കരണം. എന്നാല്‍ ഇസ്‍ലാമികലോകത്ത മതകീയ ഇടപാടുകള്‍ അത്തരത്തിലായിരുന്നില്ല എന്നത് അവര്‍ തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ, ഇസ്തംബൂളിലെയോ, ഡല്‍ഹിയിലേയോ ജാമിഇ മസ്ജിദിന്റെ കവാടത്തില്‍ 95 ഫത്‌വകള്‍ പതിക്കുന്ന മാര്‍ട്ടിന്‍ ലൂഥര്‍ ആരാകും എന്നതായിരുന്നു അവരുടെ സദാചിന്ത. അഥവാ, അവരെ സംബന്ധിച്ചിടത്തോളം മുസ്‌ലിം ലോകം യൂറോപ്യനാകണം. അത്തരമൊരു വ്യാഖ്യാനം (ചിന്താപദ്ധതി) മുസ്‌ലിം ലോകത്തിന് ചേരുമോ എന്ന പ്രാഥമിക ചോദ്യമൊന്നും അവര്‍ക്ക് ആലോചനയിലുണ്ടായില്ല. യൂറോപ്യര്‍ യഥാര്‍ഥ സത്യം കണ്ടെത്തിക്കഴിഞ്ഞു എന്നായിരുന്നു ഇക്കൂട്ടരുടെ തീര്‍പ്പ്.
പാരീസില്‍ വര്‍ഷങ്ങളോളം ചിലവഴിച്ച ഈജിപ്ഷ്യന്‍ പരിഷ്‌കര്‍ത്താവ് മുഹമ്മദ് അബ്ദുവിന്റെ വാക്കുകള്‍ പ്രശസ്തമാണല്ലോ, ഞാന്‍ പടിഞ്ഞാറ് പോയി ഇസ്‌ലാമിനെ കണ്ടു, പക്ഷേ അവിടെ മുസ്‌ലിംകളുണ്ടായിരുന്നില്ല. തിരിച്ച് പൗരസ്ത്യദേശത്തേക്ക് വന്നു, അവിടെ ഞാന്‍ മുസ്‌ലിംകളെ കണ്ടു, പക്ഷേ ഇസ്‌ലാമിനെ കണ്ടില്ല, എന്നായിരുന്നു അദ്ദഹം പറഞ്ഞത്.
മുകളില്‍ പരാമര്‍ശിച്ചത് പോലുള്ള മിക്ക സംഘടനകളുടെയും പാരമ്പര്യം ചെന്നെത്തുന്നത് ഇത്തരം പണ്ഡിതന്മാരിലേക്കാണ്. അവരുടെ മൊത്തം raison d'etre (ജീവിതദൗത്യം എന്നാണ്, ഫ്രഞ്ചില്‍ ഏറെ പ്രശസ്തമായ ഈ പ്രയോഗത്തിന്റെ വിവക്ഷ) തന്നെ യൂറോപ്യന്‍ ചരിത്രത്തിന്റെ കോപി-പേസ്റ്റായിരുന്നു. അതാണ് അവര്‍ മുസ്‌ലിം ലോകത്തിന് മേല്‍ ചാര്‍ത്തിയത്. ചുരുക്കത്തില്‍ ചരിത്രത്തിന്റെ കുറുക്കിയ രൂപമാണ് അവര്‍ മുസ്‌ലിംലോകത്തിനുമുന്നില്‍ പരിഹാരമായി അവതരിപ്പിച്ചത്. ഒരിക്കല്‍ പോലും പാരീസില്‍ പഠിക്കാന്‍ വിദ്യാര്‍ഥികളെ അയക്കാതെ തന്നെ, സൗദിയിലെ സലഫി / വഹാബി പ്രസ്ഥാനങ്ങള്‍ പോലും മുഹമമദ് അബ്ദുവിന്റെ ശിഷ്യനായ റശീദ് റിദയുമായുള്ള ബന്ധത്തിലൂടെ 1800കളില്‍ ഈ ആഖ്യാനരീതി പകര്‍ത്തി എന്നത് യാഥാര്‍ത്ഥ്യമാണ്.
എന്നാല്‍, മുസ്‍ലിം ലോകത്തിന്റെ സ്ഥിതി ഒരിക്കലും യൂറോപ് പോലെയായിരുന്നില്ല എന്നതാണ് സത്യം. രാഷ്ട്രീയമായും, സാമ്പത്തികമായും സൈനികമായും യൂറോപിനോട് താരതമ്യം ചെയ്യുമ്പോള്‍ മുസ്‌ലിം ലോകം ദുര്‍ബലരായിരുന്നപ്പോഴും മതരംഗത്ത് അതായിരുന്നില്ല സ്ഥിതി. ഏറെ കൃത്യവും സംശയലേശമന്യേ സ്ഥിരീകരിക്കപ്പെട്ടതുമായിരുന്നു നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴും മുസ്‍ലിം ലോകത്തെ മതതീര്‍പ്പുകള്‍ എന്നത് അവരാരും അറിയാതെ പോയി. മതത്തിന്റെ വ്യാഖ്യാനം നിര്‍വഹിക്കുമ്പോള്‍ ശ്രേണീബദ്ധമായ ശൈലിയാണ് എക്കാലത്തും അവര്‍ തുടര്‍ന്നുപോന്നത്. വര്‍ഷങ്ങളുടെ അധ്വാനവും അറബി ഭാഷ, അതിന്റെ വ്യാകരണം, അതിന്റെ രൂപാന്തരങ്ങള്‍, നിയമസിദ്ധാന്തം, നിയമശാസ്ത്രം, ദൈവശാസ്ത്രം, ഹദീഥ്, ഖുര്‍ആനിക തഫ്‌സീറുകള്‍ എന്നിവയിലെല്ലാം അവഗാഹമായ പാണ്ഡിത്യവും എക്കാലത്തും അതിന് നിദാനമായിരുന്നു. അത്തരത്തിലല്ലാത്തവരുടെ അഭിപ്രായപ്രകടനങ്ങളൊന്നും ഒരു കാലത്തും സമുദായം മുഖവിലക്കെടുത്തിരുന്നില്ല. ചുരുക്കത്തില്‍, സ്വയം പുരോഹിത വേഷം ധരിച്ചെത്തുന്ന ആര്‍ക്കും എടുത്ത് ഉപയോഗിക്കാവുന്ന രീതിയിലായിരുന്നില്ല അത്.
അല്ലാഹുവിന്റെ റസൂലിലേക്ക് കണ്ണിചേര്‍ക്കുന്നതും ആഴമുള്ളതുമായ പഠനത്തിന്റെ ബൗദ്ധികപാരമ്പര്യമൊന്നുമില്ലാതെ ഏതൊരാള്‍ക്കും അയാള്‍ നടത്തുന്ന വ്യാഖ്യാനത്തില്‍ വാശിപിടിക്കാം. പക്ഷേ അതിനു വേണ്ടത്ര സാധുതയുണ്ടാകില്ല. വ്യക്തിപരമായ പ്രചോദനത്തിനും മാര്‍ഗദര്‍ശനത്തിനും ഏതൊരാള്‍ക്കും സ്വന്തംനിലയില്‍ വഹ്‌യിലേക്ക് നോക്കാം. എന്നാല്‍, അവ ശരിയായി മനസിലാക്കണമെങ്കില്‍, ആത്മാര്‍ഥതയും നല്ല നിയ്യത്തും മാത്രം പോരാ, ആഴമേറിയ പഠനം അനിവാര്യമാണ്. ആരോഗ്യകരമായ ജീവിതരീതിയുടെ ബാലപാഠങ്ങള്‍ ആര്‍ക്കും മനസിലാക്കാം. എന്നാല്‍ രോഗനിര്‍ണ്ണയം നടത്തുന്നതിനും അതനുസൃതമായി മരുന്ന് കുറിക്കുന്നതിനും വളരെയധികം പരിശീലനം സിദ്ധിച്ച ഫിസിഷ്യന്‍സ് തന്നെ വേണമെന്നത് പോലെ, ഏതൊരുസമൂഹത്തിനും അതിന്റെ ശരിയായ പ്രവര്‍ത്തനത്തിന് വൈദഗ്ധ്യത്തിന്റെ ശ്രേണി അത്യാവശ്യമാണ്. അത് എക്കാലത്തും മുസ്‍ലിം സമുദായത്തിന് വേണ്ടുവോളമുണ്ടായിരുന്നു എന്നതാണ്, മുസ്‍ലിം ലോകത്തെ യൂറോപില്‍നിന്ന് വ്യതിരിക്തമാക്കിയ ഏറ്റവും വലിയ ഘടകം. അത് കാണാതെ പോയതാണ്, ആ പരിഷ്കര്‍ത്താക്കളുടെ ഏറ്റവും വലിയ പരാജയവും.
കാത്തലിക് യൂറോപിലുണ്ടായിരുന്നതുപോലെ വ്യാപകമായ ആത്മീയചൂഷണവും തട്ടിപ്പുകളും ഇസ്‌ലാമിക സമൂഹങ്ങളില്‍ ഒരു കാലത്തും ഇല്ലായിരുന്നു എന്നതും വസ്തുതയാണ്. പണ്ഡിത അധികാരത്തിനെതിരെ യൂറോപ്പില്‍ നടന്നതുപോലെ ഒരു വിപ്ലവം മുസ്‌ലിം സമൂഹത്തില്‍ ഒരിക്കല്‍ പോലും നടക്കാതെ പോയതും അത് കൊണ്ട് തന്നെ. മാത്രമല്ല, അത്തരം ഒരു നീക്കം മുസ്‍ലിം സമൂഹത്തിന് ഒട്ടും ചേര്‍ന്നതുമായിരുന്നില്ല. അതിലുപരി, മുസ്‌ലിം സമൂഹത്തെ യഥാര്‍ഥ മുസ്‌ലിംകളാക്കി നിലനിര്‍ത്തിപ്പോന്ന ഇസ്‌ലാമിക ബൗദ്ധിക പാരമ്പര്യമെന്ന അമൂല്യമായ ആ അടിസ്ഥാനത്തില്‍ നിന്ന് അവരെ അറുത്തുമാറ്റുന്നതായിരുന്നു ആ 'വിപ്ലവങ്ങള്‍' എന്ന് കൂടി പറയാതെ വയ്യ.
യഥാര്‍ഥ ഡികൊളോണൈസേഷന്‍
ഈ ലേഖന പരമ്പരയുടെ പ്രധാനപോയിന്റിലേക്ക് മടങ്ങാം. ആധുനിക മുസ്‌ലിം അവന്റെ ലോകവീക്ഷണത്തിലും ചട്ടക്കൂടിലും തികച്ചും പാശ്ചാത്യരാണ്. മതപരമായി വ്യക്തിപരമായ ബോധത്തില്‍ അയാള്‍ വളരെ ഭക്തനായിരിക്കാം. എന്നാല്‍ മതത്തിലെ പണ്ഡിത അധികാരം എന്ന ആശയത്തോട് അയാള്‍ വിമുഖത കാട്ടുന്നതാണ് ഇന്ന് പൊതുവെ കാണപ്പെടുന്നത്. തലയില്‍ കെട്ടുള്ള പരമ്പരാഗത വേഷധാരിയായ പണ്ഡിതന്റെ വ്യാഖ്യാനത്തിനാണ് തന്റെ വ്യാഖ്യാനത്തിനേക്കാള്‍ സാധുത എന്നകാര്യം അംഗീകരിക്കാന്‍ അയാള്‍ക്ക് പ്രയാസമുള്ളതായി കാണാം. എന്താണ് ഹലാലെന്നും ഹറാമെന്നും തീരുമാനിക്കാന്‍ ബുഖാരിയുടെ വിവര്‍ത്തനം വായിച്ച് തനിക്ക് സാധിക്കണമെന്നാണ് അയാള്‍ ചിന്തിക്കുന്നത്. ദീനിന്റെ ജനാധിപത്യവത്കരണം എന്ന ഈ ആശയം പണ്ഡിതോചിതമായ യാതൊരു യോഗ്യതയും അവകാശപ്പെടാനില്ലാത്ത ഇന്‍ഫ്‌ളുവന്‍സറുമാരുടെയും സെലിബ്രിറ്റി ഇമാമുകളുടെയും ഒരു ഡിജിറ്റല്‍ വ്യവസായം തന്നെ തുറന്നിരിക്കുന്നു. ചോദിക്കുന്നതില്‍ ഭൂരിഭാഗത്തിനും തനിക്കറിയില്ലെന്ന് വിനയാന്വിതരായി പറഞ്ഞിരുന്ന നിഷ്കളങ്കരായ പരമ്പരാഗത പണ്ഡിതരില്‍നിന്ന് വ്യത്യസ്തരായി സ്വന്തത്തെ പരിജ്ഞാനിയായിട്ടാണ് (enlightened) ഈ ആധുനിക പണ്ഡിതര്‍ കാണുന്നത്. യഥാര്‍ഥത്തില്‍ അയാള്‍ മുഴുവനായി, മനപ്പൂര്‍വമല്ലെങ്കിലും, ബൗദ്ധികമായി കൊളോണൈസ് ചെയ്യപ്പെട്ടവനാണ്. മതപരമായ വിജ്ഞാനങ്ങളുടെ വ്യാഖ്യാനത്തിന്റെ ജനാധിപത്യത്തിനായുള്ള മുറവിളി ഇസ്‌ലാമില്‍നിന്നോ, മുസ്‌ലിം പാരമ്പര്യത്തില്‍നിന്നോ അല്ല ഉണ്ടാവുന്നത്. രാഷ്ട്രീയമായ അധികാരം കൈയാളിയിരുന്ന സഭയുടെ അധികാരത്തിനെതിരെ പൂര്‍വ്വാധുനിക യൂറോപില്‍നിന്നാണ് അത് തുടങ്ങുന്നത്. പണ്ഡിത അധികാരത്തിന്റെ വരുതിയില്‍നിന്നും മുക്തനാവുക എന്നതില്‍ റാഡിക്കലായി (മൗലികമായി) ഒന്നുമില്ല. വ്യക്തിവാദത്തിലധിഷ്ഠിതമായ ആധുനികലോകവീക്ഷണത്തിന് കീഴ്പ്പെടുക മാത്രമാണ് അതില്‍ സംഭവിക്കുന്നത്. അത് സ്വയം നിര്‍മിക്കുന്ന തടവറയാണെന്നത് അവര്‍ അറിയാതെ പോവുകയും ചെയ്യുന്നു.
ഇന്ന് അറിയാതെ പലരും പെട്ടുപോയ ഈ കൊളോണിയല്‍ സ്വാധീനത്തെ പൊട്ടിച്ചെറിയുകയാണ് നാം വേണ്ടത്. ഇത്തരം അധിനിവേശനിരാകരണം (Decolonization), ആണ് ഇന്ന് ഏറ്റവും ആവശ്യമായിരിക്കുന്നത്. യഥാര്‍ത്ഥ മതനിയമങ്ങള്‍ക്ക് എതിര്‍വശത്തായി ആത്മീയപണ്ഡിത അധികാരത്തെ സ്ഥാപിക്കുന്ന തെറ്റായ ദ്വന്ദപ്രയോഗത്തെ നിഷേധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുസ്‌ലിം സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട യൂറോപ്യന്‍ പരിഹാരങ്ങളെ തള്ളി, ഇസ്‌ലാമിക പാരമ്പര്യത്തെ അതുള്‍ക്കൊള്ളുന്ന എല്ലാ സങ്കീര്‍ണതകളോടുംകൂടി പുല്‍കുകയാണ് ഏക പരിഹാരം. അഥവാ, സ്വന്തം പരിമിതിയെ ഉള്‍ക്കൊണ്ട്, ശ്രേണീ ബദ്ധമായ ആ പാരമ്പര്യം പഠിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ചവരെ കുറേക്കൂടി നന്നായി മനസിലാക്കാന്‍ സമൂഹം തയ്യാറാവേണ്ടിയിരിക്കുന്നു.
ചുരുക്കത്തില്‍, മുസ്‌ലിമായിരിക്കുക എന്നതിന്റെ ഒരുപാട് വശങ്ങള്‍ പാശ്ചാത്യ ചിന്താഗതിക്കെതിരാണ്. വൈദഗ്ദ്യത്തിന് കീഴ്‌പ്പെടുക എന്നത് ആധുനിക ചട്ടക്കൂടിനകത്തില്ലാത്ത ഒന്നാണ്. എന്നാല്‍, വിദഗ്ദരില്ലാതെ ഒരു സമൂഹം പ്രവര്‍ത്തിക്കുക സാധ്യമല്ല. യഥാര്‍ഥത്തില്‍ വൈദഗ്ധ്യം അംഗീകരിക്കുക, അതിനെ ആദരിക്കുക എന്നത് കേവലമൊരു മുസ്‌ലിം വിഷയമല്ല. അത് മനുഷ്യനാഗരികതയിലെ സ്വാഭാവികതയാണ്. ആധുനിക ചട്ടക്കൂടാണ് യഥാര്‍ഥത്തില്‍ അതില്‍നിന്നും വഴിപിഴച്ചിരിക്കുന്നത്.
റാഡിക്കലാവുകയെന്നാല്‍ മുസ്‌ലിമാവുകയെന്ന് തന്നെയാണ്. ആധികാരികമായതിനെ ഉറപ്പിക്കുക, പാശ്ചാത്യ സാമ്രാജ്യത്തിനെതിരെ നിഷേധിയാവുക എന്നാണതിനര്‍ഥം. 20-ാം നൂറ്റാണ്ടില്‍ മിക്ക മുസ്‌ലിം നാടുകളും രാഷ്ട്രീയമായി പാശ്ചാത്യ രാഷ്ട്രീയ അധിനിവേശത്തില്‍നിന്ന് ഡികൊളോണൈസ് ചെയ്യപ്പെട്ടു. 21-ാം നൂറ്റാണ്ട് നമ്മുടെ മനസുകള്‍ ഡികൊളോണൈസ് ചെയ്യുന്നതിന് സാക്ഷിയാകുന്നതാകട്ടെ.
Leave A Comment