ഖാദിയാനിസം: ഈസാ നബിയും മീര്‍സയുടെ വാദങ്ങളും
ഈസാനബി(അ)യെക്കുറിച്ച് ക്രിസ്ത്യാനികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വിശ്വാസവും യഹൂദികള്‍ ‘ഞങ്ങള്‍ ഈസാമറിയമിനെ കുരിശിലേറ്റിക്കൊന്നു’ എന്നുള്ള പ്രചരണവും തെറ്റാണെന്ന് ഉദ്‌ഘോഷിക്കാനും ആ രണ്ടു വിശ്വാസവും പിഴുതെറിയാനും അവസാനകാലത്ത് ബനൂ ഇസ്‌റായേലില്‍ വന്ന ഈസാനബി തന്നെ ഇറങ്ങിവരുമെന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്.
അവസാന കാലത്ത് വരുമെന്നു പ്രവാചകര്‍(സ) പറഞ്ഞ ഈസബ്‌നുമറിയം താനാണെന്ന് മീര്‍സക്ക് അവകാശപ്പെടാന്‍ മുസ്‌ലിം ഉമ്മത്തിന്റെ പ്രസ്തുത വിശ്വാസം വിലങ്ങുതടിയായപ്പോള്‍ മീര്‍സയും തന്റെ അനുയായികളും കണ്ടെത്തിയ ഒരു പോംവഴിയാണ് ബനൂ ഇസ്‌റായേലില്‍ മുമ്പ് വന്ന ഈസബ്‌നു മറിയം മരണപ്പെട്ടിരിക്കുന്നു എന്ന വാദം. ഇവര്‍ പറയുന്നു: ”ഈസാ നബി(അ)നെ സ്ഥൂല ദേഹത്തോടു കൂടി ആകാശത്തേക്കുയര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന് പരിശുദ്ധ ഖുര്‍ആനില്‍ ഒരിടത്തും പറഞ്ഞിട്ടില്ല.” (സന്‍മാര്‍ഗ ദര്‍ശിനി : 33) ഇവരുടെ ഈ വാദം യാതൊരു പ്രമാണ ചിന്തയുമില്ലാത്തതാണ്. കാരണം പരിശുദ്ധ ഖുര്‍ആനില്‍ കുരിശ് സംഭവത്തെക്കുറിച്ച് പറയുന്നിടത്ത് അല്ലാഹു പറയുന്നത് നോക്കൂ: ”എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. വേദക്കാരില്‍ ആരുംതന്നെ അദ്ദേഹ(ഈസാനബി)ത്തിന്റെ മരണത്തിനു മുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല.” (നിസാഅ് : 158,159) ഈ ആയത്തിനെക്കുറിച്ച് തൈ്വബി(റ) പറയുന്നു: ”ഈ ആയത് ഈസാനബി അവസാന കാലത്ത് ഇറങ്ങിവരുമെന്നതിന് തെളിവാണ്.” (മിര്‍ഖാത്തുല്‍ മഫാതീഹ്: 5-221). ഈ ആയത്തിനു പുറമെ സൂറഃ ആലുഇംറാനിലെ 46, സൂറഃ മാഇദയിലെ 110-ാം സുറഃ സുഖ്‌റുഫിലെ 61 എന്നീ ആയതുകളും ഈസാനബി മരണപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നു. പ്രസ്തുത ആയതുകള്‍ കൂടാതെ അനേകം മുതവാതിറായ ഹദീസുകളും ഇക്കാര്യം വളച്ചുകെട്ടില്ലാതെ വ്യക്തമാക്കുന്നു. ഇബ്‌നു കസീര്‍(റ) തന്റെ തഫ്‌സീറിന്റെ 1:59-596 എന്നീ പേജുകളില്‍ ഈ ഹദീസുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തില്‍ ഈസാനബി മരിച്ചു എന്ന വാദം സ്വതാല്‍പര്യ സംരക്ഷണത്തിനു വേണ്ടി മാത്രം ്യുഖാദിയാനികള്‍ കെട്ടിച്ചമച്ചതാണ്.
മീര്‍സ പറയുന്നത് നോക്കൂ: ”വാഗ്ദാനം ചെയ്യപ്പെട്ട മസീഹ് ഞാന്‍ തന്നെയാണ്. ഞാന്‍ തിരുമേനി വിവരിച്ചിട്ടുള്ള ലക്ഷണത്തോടു കൂടിയാണ് വന്നിരിക്കുന്നത്. (സന്‍മാര്‍ഗ ദര്‍ശിനി-60) ഈസാനബി(അ) പുനരാഗമനത്തിനെ കുറിച്ചുള്ള ഹദീസുകളിലൂടെ കേവലമൊരോട്ട പ്രദിക്ഷണം നടത്തിയാല്‍ തന്നെ മീര്‍സക്ക് മസീഹാണെന്ന് വാദിക്കാന്‍ യാതൊരു പഴുതുമില്ലെന്ന് നമുക്കു മനസ്സിലാക്കാന്‍ കഴിയും. ചില ഉദാഹരണങ്ങള്‍ വിവരിക്കാം:
1) ത്വബ്‌റാനി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ഈസബ്‌നുമറിയം ദിമശ്ഖിലെ വെള്ള മിനാരത്തിനരികിലാണ് ഇറങ്ങി വരിക. (മിര്‍ക്കാത്ത് 9:366) മീര്‍സ ഇറങ്ങി വന്നതല്ല. മാതാവിന്റെ ഉദരത്തില്‍നിന്നും പ്രസവിച്ചു വീണതാണ്. അതും ഖാദിയാനില്‍.
2) തിര്‍മുദി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം. ഇബ്‌നു മറിയം ശാമിലെ ബാബ്‌ലുദ്ദില്‍ വെച്ച് ദജ്ജാലിനെ വധിക്കും (മിര്‍ക്കാത്ത് 9:366) മീര്‍സയുടെ കാലത്ത് ദജ്ജാല് പുറപ്പെട്ടിട്ടില്ല. എന്നിട്ടല്ലേ കൊല! മാത്രവുമല്ല, ദജ്ജാല് എന്ന ക്രൂര വ്യക്തിയെ ഇവര്‍ നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്.
3) ഈസാനബി ഇറങ്ങി വന്നാല്‍ അഹ്‌ല്കിതാബികള്‍ മുഴുവനും അദ്ദേഹത്തില്‍ വിശ്വസിക്കും. (സൂറ: നിസാഇലെ 159-ാം വചനത്തിന്റെ സംഗ്രഹം) ഇങ്ങനെ ഒരനുഭവം ലോക ചരിത്രത്തില്‍ ഇന്നേ വരെ ഉണ്ടായിട്ടില്ല.
4) ഈസാനബി നീതിമാനായ ഒരു ഭരണാധികാരിയായിരിക്കും. (ബുഖാരി) മീര്‍സാക്ക് ഒരു ഭരണകര്‍ത്താവാകാനുള്ള സൗഭാഗ്യം ഉണ്ടായിട്ടില്ല. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ താത്പര്യത്തിനൊത്തു തുള്ളുന്ന പ്രചയാവാനുള്ള ദൗര്‍ഭാഗ്യം മാത്രമാണ് മീര്‍സക്കുണ്ടായത്. ഇനിയും ഇതുപോലുള്ള അടയാളങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. അതില്‍ ഒന്നും യാദൃഛികമാെയങ്കിലും മീര്‍സയില്‍ ഒത്തുവന്നിട്ടില്ല.
ഖത്മുന്നുബുവ്വത്ത് നിഷേധം
ലോക മുസ്‌ലിംകള്‍ ഏകകണ്ഠമായി വിശ്വസിക്കുന്ന ഒരു കാര്യമാണ് മുഹമ്മദ് നബി(സ) അവസാനത്തെ പ്രവാചകരാണ് എന്നത്. പ്രവാചകര്‍ക്കു ശേഷം യാതൊരു വിധത്തിലുള്ള പ്രവാചകന്‍മാരും ഉണ്ടാവുകയില്ല എന്നതാണ് നമ്മുടെ വിശ്വാസം. പ്രവാചകത്വതത്തിന്റെ വാതില്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. ഇതിന് വിരുദ്ധമാണ് ഖാദിയാനികള്‍ വിശ്വസിച്ചുപോരുന്നതും പ്രചരിപ്പിക്കുന്നതും. ഇവര്‍ പറയുന്നു: ”റസൂല്‍ തിരുമേനി(സ) പരിപൂര്‍ണമായി അനുസരിക്കുകയും പിന്‍പറ്റുകയും ചെയ്യുന്നതു കൊണ്ട് ലഭിക്കുന്ന നുബുവ്വത്ത് അവസാനിച്ചിട്ടില്ല. കാരണം, അത് യഥാര്‍ത്ഥത്തില്‍ മുഹമ്മദീയ നുബുവ്വത്ത് തന്നെയാണ്.” (പ്രവാചകത്വത്തെ കുറിച്ച് പൂര്‍വ്വികന്‍മാര്‍ എന്ന ലഘുലേഖയില്‍നിന്ന്) നുബുവ്വത്ത് അവസാനിച്ചിട്ടില്ല എന്നു മാത്രമല്ല, മീര്‍സ താന്‍ ഒരു പ്രവാചകന്‍ കൂടിയാണെന്നും പറയുന്നു. ”ധാരാളം പരോക്ഷ ജ്ഞാനങ്ങള്‍ എനിക്കനുഗ്രഹിച്ചരുളപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥത്തില്‍ ഞാന്‍ നിശ്ചയമായും ഒരു നബിയാകുന്നു.” (മീര്‍സയുടെ ജീവചരിത്രത്തില്‍ നിന്ന് 2:603) നുബുവ്വത്തിനെക്കുറിച്ചുള്ള പരിശുദ്ധ ഖുര്‍ആന്റെ വിവരണം ശ്രദ്ധിക്കൂ: ”മുഹമ്മദ് നിങ്ങളില്‍നിന്നുള്ള പുരുഷന്‍മാരില്‍നിന്ന് ആരുടെയും പിതാവല്ല. പക്ഷെ, അല്ലാഹുവിന്റെ ദൂതനും അവസാനത്തെ പ്രവാചകനുമാകുന്നു.” (സൂറ: അല്‍ അഹ്‌സാബ് 40) ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ ആയത്തിനെക്കുറിച്ച് പറയുന്നത്: ”ഈ ആയത്ത് പ്രവാചകനു ശേഷം നബിയില്ല എന്ന കാര്യം വ്യക്തമാക്കുന്നു.” (ഇബ്‌നു കസീര്‍ 3:493) നമ്മുടെ നബിക്കു ശേഷം ഇനിയും നബിയുണ്ടാകുമെന്ന് പറയുകയോ ഇനി പ്രവാചകനുണ്ടാകുമോ എന്ന് സംശയിക്കുകയോ ചെയ്താല്‍ അവന്‍ കാഫിറാകും. കാരണം, അവന്‍ വ്യക്തമായൊരു കാര്യത്തെ നിഷേധിച്ചിരിക്കുന്നു. (റൂഹുല്‍ ബയാന്‍ 7:188) ചുരുക്കത്തില്‍, ഇനി പ്രവാചകനില്ല എന്നത് ഖണ്ഡിത രേഖകളാല്‍ തെളിഞ്ഞതാണ്.
നബി(സ) തന്റെ ശേഷം വരാനിരിക്കുന്ന ഒരുപാട് നവോത്ഥാന നായകന്‍മാരെപ്പറ്റി പറഞ്ഞ കൂട്ടത്തില്‍ പ്രവാചകന്‍മാര്‍ വരാനുണ്ട് എന്ന് പറഞ്ഞില്ല. മറിച്ച് അവിടുന്ന് പറഞ്ഞതിപ്രകാരമാണ്: ”എന്റെ ഉമ്മത്തില്‍ 30 നുണയന്‍മാര്‍ പ്രത്യക്ഷപ്പെടും. അവര്‍ നബിയാണെന്നു വാദിക്കുകയും ചെയ്യും. ഞാനാണെങ്കിലോ അവസാനത്തെ പ്രവാചകനാണ്. എന്റെ ശേഷം യാതൊരു നബിയുമില്ല.” (തിര്‍മുദി, അബൂദാവൂദ്) സത്യം ഇതായിരിക്കെ, മീര്‍സയെ പ്രവാചകന്‍ പറഞ്ഞ കള്ളപ്രവാചകന്‍മാരില്‍ ഉള്‍പ്പെടുത്താനേ നിര്‍വാഹമുള്ളൂ.
ഖാദിയാനികള്‍ ഇസ്‌ലാമിനു പുറത്ത്
ഖാദിയാനികള്‍ ഇസ്‌ലാമിന്റെ പുറത്താണെന്നാണ് മുസ്‌ലിം ലോകത്തിന്റെ തീരുമാനം. 1933ല്‍ ഫറോക്കില്‍ നടന്ന സമസ്തയുടെ 6-ാം സമ്മേളനത്തില്‍ ഖാദിയാനിസത്തെക്കുറിച്ചു പാസാക്കിയ പ്രമേയം ഇങ്ങനെ വായിക്കാം: ”ഖാദിയാനികള്‍ മുസ്‌ലിംകളല്ലെന്ന് വ്യക്തമാക്കുന്നതും അവര്‍ക്ക് പെണ്ണ് കൊടുക്കുവാനോ മുസ്‌ലിംകളുടെ ശ്മശാനത്തില്‍ അവരുടെ മയ്യിത്ത് മറവു ചെയ്യുകയോ മുസ്‌ലിം പള്ളിയില്‍ അവരെ കയറ്റുകയോ ചെയ്യാന്‍ പാടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഈ യോഗം തീര്‍ച്ചപ്പെടുത്തുകയും അതാതു ദേശത്തെ ഖതീബുമാര്‍ ഈ തീര്‍പ്പിനെ നടപ്പില്‍വരുത്തേണ്ടതാണെന്ന് കേരളത്തിലെ പൊതുജനങ്ങളോടപേക്ഷിക്കുകയും ചെയ്യുന്നു.” (സമസ്ത -പി.പി മുഹമ്മദ് ഫൈസി, പേജ് 81).
Leave A Comment