രചന; സമസ്തയുടെ അക്ഷരമുദ്രകള്‍
പ്രഭാഷണ രംഗത്തെ പോലെത്തന്നെ, രചനാ ലേകത്തും സുന്ദരമായ സാന്നിധ്യങ്ങളായി ജ്വലിച്ചു നിന്നവരാണ് സമസ്തയുടെ പണ്ഡിതന്മാര്‍. സത്യസരണിയുടെ അഭിമാനകരമായ നിലനില്‍പ്പിനു വരമൊഴിയിലൂടെ അവര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് മുന്നില്‍ അത്ഭുതപരതന്ത്രരായി നില്‍ക്കാനേ ഇന്ന് നമുക്ക് സാധിക്കുകയുള്ളൂ. അത്രമേല്‍ വലിയ സേവനങ്ങളാണവര്‍ നടത്തിയത്.
ഖേദകരമെന്ന് പറയട്ടെ, ഈ പണ്ഡിതരുടെ നാലയലത്തു പോലും എത്താനുള്ള സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടില്ലാത്ത പലരുടെയും ഗ്രന്ഥങ്ങളും ജീവിതവും പഠനങ്ങള്‍ക്കും പ്രബന്ധങ്ങള്‍ക്കും യൂണിവേഴ്‌സിറ്റി തലത്തില്‍ തന്നെ വിഷയങ്ങളായെങ്കിലും, ലോക സാഹിത്യ വേദികളില്‍ പോലും എടുത്തുദ്ധരിക്കുന്ന ഭാവനാ നിര്‍മാണങ്ങളും അത്യപൂര്‍വ്വ വിജ്ഞാന ശാഖകളും ദൃഢജ്ഞാനാവതരണങ്ങളുമടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ച പണ്ഡിതന്‍ മാത്രം പഠന വിഷയമായില്ല. അവരുടെ ഗ്രന്ഥങ്ങള്‍ വിരളം ചില നാമങ്ങളിലൊതുങ്ങി നില്‍ക്കുന്നു. ഓരോ ഗ്രന്ഥങ്ങളിലുമടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് പഠനങ്ങള്‍ നടക്കുകയാണങ്കില്‍ വരും തലമുറക്ക് വിജ്ഞാനത്തിന്റെ വലിയൊരു ലോകം തന്നെ തുറന്നു കൊടുക്കലായിരിക്കും. ആ പണ്ഡിത മഹത്തുക്കളുടെ സാഹിത്യ സേവനങ്ങളിലേക്ക്, ലഭ്യമാക്കാനുള്ള പരിമിതികള്‍ അറീച്ചു കൊണ്ടു തന്നെ, സൂചനകള്‍ നല്‍കാനാണ് ഇവിടെ ശ്രമിക്കുന്നത്. പഠന താല്‍പര്യമുള്ളവര്‍ക്കും അന്വേഷണ ത്വരയുള്ളവര്‍ക്കും അത് ഉപരകരിക്കുമല്ലോ. അന്വേഷണത്തിന്‍ ആദ്യമാദ്യം കിട്ടിയ പണ്ഡിതരുടെ കൃതികളെ ആദ്യം പരിചയപ്പെടുത്തുന്നു. പരമാവധി, ലഭ്യമാകുന്ന ഓരോ കൃതികളും നേരിട്ടു കാണാന്‍ ശ്രമിച്ചിട്ടുണ്ട്. അറബി ഗ്രന്ഥങ്ങള്‍ക്കാണ് ഇവിടെ മുന്‍ഗണന നല്‍കുന്നത്.
പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍(ന)
പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാരുടെ പ്രാപ്തിയും യോഗ്യതയും ജ്ഞാനവും മനസ്സിലാക്കാന്‍ അദ്ധേഹത്തിന്റെ 20 ലേറെ ഗ്രന്ഥങ്ങളില്‍ ഒന്നു മാത്രം മതി. കൃത്യമായ നഖ്‌ലുദ്ദരിച്ച് പറയുന്ന മസ്അലകളും വിഷയങ്ങളും സമര്‍ത്ഥിക്കുന്നത് കാണാന്‍ കഴിയും.
പ്രധാന കൃതികള്‍
1. തുഹ്ഫത്തുല്‍ അഹ്ബാബ്
തളിപ്പറമ്പ് ബാഗത്ത് ജുമുഅ നിസ്‌കാര സംബന്ധമായുണ്ടായ ഒരു തര്‍ക്കത്തില്‍, അതിന്റെ മസ്അലകള്‍ വ്യക്തമാക്കി അവര്‍ക്ക് നല്‍കുന്ന ഫത്‌വ കൂടിയാണ് ഈ കൃതി. 16 പേജുകള്‍ വരുന്ന ഇത് 1927 ലാണ് രചിച്ചിട്ടുള്ളത്
2. അന്നഹ്ജുല്‍ ഖവീം
കൈറോയിലെ മുസ്ഥഫല്‍ ബാബില്‍ ഹലബി പ്രസ്സില്‍ അച്ചടിച്ച ഈ കൃതി ജുമുഅ ശാഫിഈ മദ്ഹബിലെ ഖദീമായ അഭിപ്രായം അംഗീകരിക്കുന്നതിനെ കുറിച്ച് വിശദീകരിക്കുകയാണ്. 82 പേജുകളുള്ള ഇത് 1935ലാണ് രചന നിര്‍വഹിച്ചിട്ടുള്ളത്.
3. കേരള ഇസ്‌ലാമിക ചരിത്രം കുറിച്ചുവെച്ച ഒരു കൃതിയുണ്ട്. കൃത്യമായ പേരോ കൊല്ലവര്‍ഷമോ രേഖപ്പെടുത്തിയിട്ടില്ല. ഏകദേശം 14 പേജുകളുണ്ട്.
4. അത്തുഹ്ഫത്തുല്‍ റബീഇയ്യ ഫീ മദ്ഹീ ഖൈരില്‍ ബരിയ്യ
ഈ കൃതിക്ക് നല്‍കപ്പെട്ട പേരിനെ പൂര്‍ണ്ണമായി അന്വര്‍ത്ഥമാക്കുന്നതല്ല അതിലെ ഉള്ളടക്കം. നടേ ഉദ്ധേശിച്ച കൃതിയിലെ കേരള ഇസ്‌ലാം ചരിത്രമാണ് ഇതിലെയും പ്രതിപാധന വിഷയം. 23 പേജുകളുള്ള ഈ കൃതി ഹി: 1338 ലാണ് രചിച്ചിട്ടുള്ളത്
5. അല്‍ മുറവ്വിയ്യി ഫീ മനാഖിബിസ്സയ്യിദി അഹ്‌മദല്‍ ബദവി
ഇതൊരു മൗലൂദ് കിതാബാണ്. 20 പേജുകള്‍ വരുന്ന ഇത് 1920 ലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
6. അല്‍ ഖസീദത്തുല്‍ ഖുതുബിയ്യ ഫീ മദ്ഹി ഔസില്‍ ബരിയ്യ
ഹിജ്‌റ 1356 ല്‍ രചിച്ച ഈ കൃതി, 16 പേജുകളിലായി തിരു നബി(സ) യെ പ്രശംസിക്കുന്ന കവിതകളാണ്.
7. താജുല്‍ വസാഇല്‍ ബി ഖൈരില്‍ അസാമീ വല്‍ ഫവാളില്‍
തവസ്സുലാക്കി പ്രാര്‍ത്ഥനകളടങ്ങിയ 240ല്‍ പരം ബൈത്തുകളുള്ള ഈ കൃതി 20 പേജുകളാണ്. 1913 ലാണ് ഇതിന്‍രെ രചന നിര്‍വഹിച്ചിട്ടല്‌ളത്. ഇതേ കൃതിയുടെ കയ്യെഴുത്ത് കോപ്പിയും കാണാന്‍ സാധിച്ചുട്ടുണ്ട്.
8. ഇബ്‌റാസുല്‍ മുഹ്‌മല്‍
നള്മു അലാഖാത്തിന്‍ മുല്‍സലിന്റെ ശര്‍ഹാണ്ഈ കൃതി. അഥവാ അലങ്കാര ശാസ്ത്ര വിശദീകരണമാണ് ഇതിലടങ്ങിയിരിക്കുന്നത്. 60 പേജുകളുള്ള ഇത് ഹി. 1328 ലാണ് ചരിച്ചിട്ടുള്ളത്.
9. രിസാലുതുല്‍ സ്വഈരത്തുല്‍ ഫിത്തജ്‌വീദി
10 പേജുകളുള്ള ഇതിന്റെ കാലവര്‍ഷം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. നിയമങ്ങള്‍ വിവരിക്കുന്ന ഈ കൃതി കയ്യെഴുത്തു കോപ്പിയാണ്.
10. തബീഹുല്‍ ഗഫൂല്‍
40 പേജുള്ള ഈ കൃതി ദാവൂദ് നബി(അ) നബിയോ റസൂലോ എന്ന ചര്‍ച്ചയാണ്. നിരവധി ഗ്രന്ഥങ്ങളില്‍ നിന്നും ഉദ്ധരണികള്‍ നല്‍കി പഠനാര്‍ഹമായ ചര്‍ച്ച നടക്കുന്നുണ്ട്. കയ്യെഴുത്ത് കൃതിയായ ഇതിലും വര്‍ഷം രേഖപ്പെടുത്തിയത് കാണുന്നില്ല. ഈ കോപ്പികള്‍ക്കിടയില്‍ മറ്റൊരു കയ്യെഴുത്ത് കോപ്പികാണാന്‍ സാധിച്ചു. ദാവൂദ് നബിയുടെ നുബുവത്തും രിസാലത്തും സംബന്ധിച്ച് മൂമ്പുണ്ടായ അഭിപ്രായയത്തെ ഖണ്ഡിച്ചു കൊണ്ടാണ് ഇതില്‍ പ്രതിപാധിക്കുന്നത്. പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരുടേതാകാം ഇതുമെന്നനുമാനിക്കാമെങ്കിലും പേരെഴുതാത്തതിനാല്‍ അദ്ദേഹത്തിന്റെ കൃതകള്‍ പരിചയപ്പെടുത്തുന്നിടത്ത് ഇതിന്റെ പേര് ആരും പറഞ്ഞു കാണുന്നില്ല.
ഇതേ പോലെ ഗ്രന്ഥ രൂപണത്തിലല്ലങ്കിലും സ്മര്യ പുരുഷന്റേതന്നു പറയാവുന്ന പലകയെഴുത്ത് കോപ്പികളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. പലതും അദ്ദേഹത്തോട് എഴുതി ചോദിച്ച ഫത്‌വക്ക് നഖ്‌ല് നല്‍കി മറുപടി എഴുതിയ പകര്‍പ്പുകളാണ്
11. ഖസീദത്തുത്തഹാനി
പ്രശംസാ കവിതകളടങ്ങിയ ഈ കൃതി കയ്യെഴുത്തു കോപ്പിയാണ് കാണാന്‍ സാധിച്ചത്. ഏകദേശം 7 പേജുള്ള ഇത് ഹിജ്‌റ. 1346 ലാണ് രചനാ നിര്‍മാണം നിര്‍വഹിച്ചിട്ടുള്ളത്.
12. ഖസീദത്തുത്തുഹ്ഫത്തില്‍ റബീഇയ്യ
കൊല്ലവര്‍ഷം രേഖപ്പെടുത്തിയിട്ടില്ലാത്ത ഈ കൃതി തിരു നബി(സ) യുടെ മഹാത്മ്യം പ്രശംസിക്കുന്ന കവിതകളാണ്. 11 പേജുകളാണ് ഇതിനുള്ളത്.
13. ഇസാലത്തുല്‍ ഖുറാഫത്ത്
ഇങ്ങനെ അദ്ദേഹത്തിന് 23 ലേറെ ഗ്രന്ഥങ്ങളുണ്ട്. ബാക്കിയുള്ള ചില കൃതികള്‍ യാദൃശ്ചികമായി കാണാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശേഖരണത്തില്‍ നിന്നും പലതും നഷ്ടപ്പെട്ടിണ്ട്. ഈയിടെ സുഹൃത്ത്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ഈ ശേഖരത്തില്‍ നടത്തിയ സര്‍വ്വയില്‍ അദ്ദേഹത്തിന്റെതും അല്ലാത്തവരുടെതുമായി 180 കൃതികള്‍ മാത്രമാണ് അവിടെ കണ്ടെത്തിയത്.
മൗലാന അബ്ദുല്‍ ബാരി മുസ്‌ലിയാര്‍
അദ്ദേഹത്തിന്റെ സിഹാസുശൈഖൈനി എന്ന ഗ്രന്ഥം ഏറെ പ്രസിദ്ധമാണ്. 1964 ല്‍ രചിച്ച ഈ കൃതി 455 പേജുകളുണ്ട്. അക്കമിട്ട് ഹദീസുകള്‍ കൃമീകരിച്ച ഈ ഗ്രന്ഥം 2647 ഹദീസുകള്‍ ഉള്‍കൊള്ളുന്നുണ്ട്.
ഇതു പോലെ പ്രസിദ്ധീകൃതമായ മറ്റു രണ്ടു കൃതികളാണ്, അല്‍ മന്‍ഖൂസ്, അല്‍ മുതഫര്‍റിദ്. അദ്ദേഹം രചിച്ച വേറെയും ഗ്രന്ഥങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടവ ജംഉല്‍ ബാരി, അല്‍ വസീലത്തുല്‍ ഉള്മ, ശഫീഉല്‍ മുശഫ്ഫഅ് ജവാഹിദുല്‍ ഖുര്‍ആന്‍, മഹല്ലിയുടെ തഖ്‌രീര്‍, മുതലായവ. ഇദ്ദേഹത്തിന്റെ ഖുത്ബ് ഖാന കൂടുതല്‍ പഠനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തേണ്ടതാണ്.
മൗലാനാ അബ്ദുല്‍ ഖാദിര്‍ ഫള്ഫരി
. 300 ഓളം പേജ് വരുന്ന ജവാഹിറുല്‍ അശ്ഹാര്‍ അദ്ദേഹത്തിലെ പ്രതിഭയെ എടുത്തു കാട്ടുന്ന കൃതിയാണ്. ഫള്ഫരിയുടെഭാവനാ ശക്തിയും ഭാഷയെ സ്വംശീകരിച്ചപ്പെടുക്കാനുള്ള കഴിവും ഈ കൃതി തെളിയിക്കുന്നു. സമസ്ത പണ്ഡിതരുടെ പ്രതിഭാധനത്വം ഉയര്‍ത്തിക്കാട്ടാന്‍ ഈയൊരറ്റ കൃതി മാത്രം മതി.
ഇദ്ദേഹത്തിന്റെ തന്നെ മജ്മഉല്‍ ഫവാഇദ്, സഹ്‌ലു സ്വബിയ്യ്, തുഹ്ഫതു സിബിയാന്‍, മജ്മഉല്‍ ഫതാവാ, ഹാശിയതു അലാ തഖ്മീസി ബാനതിബുആദ, ദീവാനുല്‍ അശ്അരില്‍ ശരീബിയ്യ, ഖൈരുദ്ദാറൈനി, ഖസീദത്തുലാമിയ്യ, ഹാശിയത്തു അലാ ശര്‍ഹിന്‍ വത്വര്‍, തുടങ്ങിയവ രചനകളില്‍ ചിലതാണ്.
മൗലാനാ അഹ്‌മദ് കോയ ശാലിയാത്തി (ന)
ഇന്ത്യ കണ്ട അനിതര സാധാണ സര്‍ഗ ശേഷിയുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ് ശാലിയാത്തി. അപൂര്‍വങ്ങളില്‍ അപൂര്‍വ്വങ്ങളായ ധാരാളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ അസ്ഹരിയ്യ ലൈബ്രറിയിലുണ്ട്. ഖേദകരമെന്നു പറയട്ടെ, ഈ അന്വേഷണത്തില്‍ നേരിട്ട് കാണാന്‍പോലും തുറന്നു തരാത്ത ഏക ലൈബ്രറി ഇതു മാത്രമാണ്.
ശാലിയാത്തിയുടെ പ്രധാന കൃതികള്‍:
അല്‍ ഫതാവല്‍ അസ്ഹരിയ്യ
ഓരോ മഹാരഥന്മാരിലേക്കുംലേക്കും എത്തിച്ചേരുന്ന തന്റെ സനദ് ഇതില്‍ പ്രത്യേകം എടുത്തുദ്ധരിക്കുന്നുണ്ട്. വിവിധ വിഷയങ്ങള്‍ പലരും ചോദിച്ചതിന് അറബിയിലും അറബി മലയാളത്തിലുമായി അദ്ദേഹം നല്‍കിയ ഫത്‌വകള്‍ ഏറെ പഠനാര്‍ഹമാണ്.
അല്‍ ഇര്‍ശാദാത്തുല്‍ ജിഫ്‌രിയ്യ
ശൈഖ് ബിന്‍ മുഹമ്മദ് ജിഫ്‌രിയുടെ ഈ കൃതിക്ക് ബഹുമാനപ്പെട്ടവരുടെ വ്യാഖ്യാനമാണ്. വിശ്വാസ ശാസ്ത്രം പ്രതിപാധിക്കുന്ന ഈ കൃതി 36 പേജുകളിലായി കവിതകളാണ് ഹി. 1347 ലാണ് രചന നര്‍വഹിച്ചിട്ടുള്ളത്.
ഇഫാദത്തുല്‍ മുസ്തഈദ്
ഫത്‌വകളുടെ സമാഹാരമായ ഈ കൃതി 13 പേജകളാണുള്ളത്. ഹി. 1345 ലാണ് രചിച്ചിട്ടുള്ളത്.
ദഫഉല്‍ ഔഹാം
8 പേജുള്ള ഈ കൃതി വിജ്ഞാന കൃതികള്‍ക്ക് ഒരനിവാര്യ കൃതി കൂടിയാണ്. ഹി. 1346 ലാണ് ഇതിന്റെ രചന നടന്നിട്ടുള്ളത്.
മനാഇഹന്നൈല്‍ ഫീ മനാഖിബിസ്സയ്യിദി മുഹമ്മദ് ജമലുല്ലൈലി
ഈ ഗ്രന്ഥം 1913(ഹി. 1331) തലശ്ശേരി മള്ഹറുല്‍ മുഹമ്മാത്തില്‍ അച്ചടിച്ച മറ്റൊരു ഗ്രന്ഥമാണ്. ഇതിന്റെ പബ്ലിക്കേഷന്‍ പനമ്പുഴക്കല്‍ കടലുണ്ടി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്ന് എടുത്തെഴുതിയിട്ടുണ്ട്. ഈ മൗലൂദ് കിതാബിന്ന് ഏകദേശം 12 പേജുകളാണുള്ളത്.
ഖസീദത്തു ഫീ മര്‍സിയ്യത്തി ശംസുല്‍ ഉലമ
മര്‍സിയ്യത്ത് കവിതകളടങ്ങിയ ഈ കൃതി 12 പേജുളാണ്. 1338 ഹിജ്‌റ എന്ന് വര്‍ഷം രേഖപ്പെടുത്തിയത് കാണാന്‍ കഴിയും.
മര്‍സിയ്യത്തു അലാല്‍ ശൈഖി ഖുതുബില്‍ ഉലമ
ഈ കൃതിയും നടേ ഉദ്ദരിച്ച പോലെ മര്‍സിയ്യത്തുകളടങ്ങിയ കവിതകളാണ്. ഹി.1345 ല്‍ രചിച്ച ഈ കൃതിക്ക് 12 പേജുകളാണുള്ളത്.
ഖൈരില്‍ അദില്ല ഫീ ഹദിയ്യി ഇസ്തിഖ്ബാലില്‍ ഖിബ്ല
ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ ഖിബ്‌ല വിഷയത്തില്‍ അന്നുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്കും വ്യക്തമായ പരരഹാരം ഈ കൃതി നിര്‍ദേശിക്കുന്നുന്നുണ്ട്. 78 പേജുകളുള്ള ഇത് ഹി. 1330 ലാണ് രചന നിര്‍വഹിച്ചിട്ടുള്ളത്
അല്‍ ബയാനുല്‍ മൗസൂഖ്
ഏകദേശം 39 പേജുകള്‍ വരുന്ന ഈ കൃതി നിയമ വിധികളെ വിശദീകരിക്കുന്നതിലടങ്ങിയയാണ്. 1347 ഹിജറ വര്‍ഷത്തിലാണ് ഇതിന്റെ രചന നടത്തിയിട്ടുള്ളത്.
ഇങ്ങനെ ഇദ്ദേഹത്തിന് 35 ലേറെ ഗ്രന്ഥങ്ങളുണ്ട്.
സയ്യിദ് അബ്ദുറഹ്‌മാന്‍ പൂകോയ തങ്ങള്‍ മമ്പാട്
പ്രഗല്‍ഭ പണ്ഡിതനായിരുന്ന ഇദ്ദേഹത്തിന് അതിമഹത്തായ രണ്ടു ഗ്രന്ഥങ്ങളുണ്ടായിരുന്നു. അല്‍ ഉസ്വത്തുല്‍ ഹസ്, തഖ്വീദുല്‍ ബാന്‍, എന്നിവ. മറ്റു പല കൃതികളും ഉണ്ടെന്നറിയാന്‍ സാധിച്ചു.നേരില്‍ കണ്ടിട്ടില്ല.
മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കൈപ്പറ്റ
കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാര്‍ എന്ന പേരിലാണ് വിശ്രുതനായ ഇദ്ദേഹത്തിന്റെ പ്രധാന രണ്ടു ഗ്രന്ഥങ്ങള്‍ ഇന്നും ദര്‍സ് കിതാബുകളായി പള്ളികളില്‍ ഓതുന്ന പ്രധാന രണ്ട് കിതാബുകളുടെ ശര്‍ഹുകളാണ്. ഫത്ഹുല്‍ ഖയ്യൂമിന്റെ ദഖാഇവുല്‍ ഫുഹൂംഎന്ന വ്യഖ്യാനവും മുര്‍ശിദുത്തുല്ലാബിന്റെ മുഅ്‌ലിമു ഉലില്‍ അല്‍ബാബ് എന്ന പേരില്‍ മൂന്നു വാള്യങ്ങളിലുള്ള വ്യാഖ്യാനവുമാണ്.ദഖാഇഖുല്‍ ഫുഹൂം 195 പേജുകളാണുള്ളത്. ഹി. 1364 ലാണ് രചന നടന്നിട്ടുള്ളത്.
കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍
ഇദ്ദേഹത്തിന്റെ ഹിദായത്തുല്‍ മുതലതിഖ് ബിഗവായത്തില്‍ മുതസയിഖ്് എന്ന ഗ്രന്ഥം തല വാചകം സൂചിപ്പിക്കുന്നത് പോലെ കള്ള ത്വരീഖത്തും കള്ള ശൈഖുമാരെയും തിരിച്ചറിയാന്‍ ഏറെ ഫലപ്രാപ്തമാണ്. ചോറ്റുര്‍ ശൈഖിനെതിരെ താന്‍ നടത്തിയ പ്രസംഗം ക്രോഡികരിച്ചാണ് ഈ കൃതി രചിച്ചിട്ടുള്ളത്. ഖുര്‍ആനിലെ ചില സൂറത്തുകള്‍ക്ക് അദ്ദേഹം വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്.
നാലകത്ത് മരക്കാരുട്ടി മുസ്‌ലിയാര്‍
സൂഫീ വര്യന്‍ കൂടിയായിരുന്ന ഈ പണ്ഡിതവര്യര്‍ക്ക് 238 ബൈത്തുകള്‍ അടങ്ങുന്ന ബദ്ര്‍ കാവ്യമുണ്ട്.
കെ. കെ സ്വദഖത്തുല്ല മൗലവി
തന്റെ ആദര്‍ശത്തെ ആരെ മുമ്പിലും സമര്‍ത്ഥിക്കുവാനുള്ള അപാരയുക്തിയും തൂലികാ ശക്തിയും തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ ഫത്‌വകളുടെ സമാഹാരം മാത്രം മതി.
ഖുതുബ പരിഭാഷ വിഷയത്തില്‍ തമീം ഹസ്‌റത്തിനെതിരെ തന്റെ ഉസ്താദ് അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്തിനു വേണ്ടി മറുപടി എഴുതിയിട്ടുണ്ട്. അവ ലഭ്യമാകാന്‍ കഴിയുകയാണെങ്കില്‍ മൗലാനയെക്കുറിച്ച് സമര്‍ത്തനത്തിന്റെ കാലിക വായന നടത്താന്‍ സാധിക്കും.
ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാര്‍
സമസ്ത ചിരിത്രത്തില്‍ യുക്തിയും പാണ്ഡിത്യവും സമ്മേളിച്ച ഈ മഹാപണ്ഡിതന്റെ രചനകളില്‍ അമൂല്യമായ പലതും സമാഹരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ലെന്നതു വിജ്ഞാനത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടാന്‍ കാരണമായിട്ടുണ്ട്.
രിസാലത്തുല്‍ മാറദീനി ക്ക് മഹാനവരകള്‍ എഴുതിയ വ്യാഖ്യാനം എടുത്തു പറയേണ്ട കൃതിയാണ്. 15 ലേറെ പേജുകളുള്ള ഈ കൃതിയുടെ കയ്യെഴുത്തു പ്രതി ഇപ്പോഴും ഉന്നതരായ പണ്ഡിതരുടെ അടുക്കലുണ്ട്. ബുഖാരിയുടെ ടിപ്പണിയായി മഹാനവര്‍കള്‍ ക്രോഡീകരിച്ചതും സ്വഹീഹുല്‍ ബുഖാരിയുടെ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ എഴുതി എടുത്തതുമായ അമൂല്യ വിദ്യാരത്‌നങ്ങള്‍, ആ മഹാന്റെ വിജ്ഞാനത്തിലെ പ്രാഗല്‍ഭ്യം എടുത്തു കാട്ടുന്നവകളാണ്. പണ്ഡിത കാരണവന്‍മാരില്‍ പരലുടെയും കയ്യിലുമുള്ള ഈ നോട്ടുകള്‍ സമാഹരിക്കുകയും പ്രസീദ്ധീകരിക്കുകയും ചെയ്താല്‍ ഒരു വലിയ മുതല്‍ക്കൂട്ടായിരിക്കും.
ശംസുല്‍ ഉലമയുടെ രചനകളായി ഇന്നു ലഭിക്കുന്നതില്‍ മൗലൂദ് കിതാബുകളാണ് കൂടുതലും. ശൈഖ് സിറാജുദ്ധീന്‍ അല്‍ ഖാദിരി (അയിലക്കാട് )യെ കുറിച്ച് അദ്ദേഹം 1980 ല്‍ പ്രസിദ്ധീകരിച്ച 20 പേജുകളുള്ള മൗലൂദ്, ഖാജാ മുഈനുദ്ധീന്‍ ചിശ്തി തങ്ങളെക്കുറിച്ചും ശൈഖ് അബ്ദുല്‍ വഫാ മുഹമ്മദുല്‍ അലാഉദ്ദീന്‍ ഹിമ്മസിയെ കുറിച്ചും മുള്ള മൗലൂദ് എന്നിവ പ്രസിദ്ധമാണ്.
ഖാസി സി. എം. അബ്ദുല്ല മൗലവി
അമൂല്യംമായ നിരവധി രചനകള്‍ ലോകത്തിന്നു നല്‍കിയാണ് മഹാനവര്‍കള്‍ വിടപറഞ്ഞത്. പല രചനകളെക്കുറിച്ചും പഠനങ്ങള്‍, നടക്കുന്നുവെന്നത് നന്ദിയോടെ എടുത്തു പറയേണ്ടതാണ്. പ്രാദേശിക അതിര്‍ വരമ്പുകള്‍ക്കുള്ളിലും ഇത്ര വലിയൊരു ബൗദ്ധിക ചിന്താ ലോകമുണ്ടായിരുന്ന ആ മഹാന്റെ കൃതികള്‍ പഠന വിധേയമാക്കേണ്ടതും പുറം ലോകത്തിന്ന് പരിചയപ്പെടുത്തേണ്ടതും അനിവാര്യമാണ്. ചിലതിതാ:
ഇല്‍മുല്‍ ഫലക്ക് അലാ ളൗഇ ഇല്‍മില്‍ ഹദീസ്
ഇതൊരു ഗോള ശാസ്ത്ര കൃതിയാണ്. തുടക്കക്കാര്‍ക്ക് ഉപയുക്തമാകുന്ന ശൈലിയിലും സരളതയിലുമാണ് ഇതിന്റെ വിവരണം. തുടര്‍ പഠനമാഗ്രഹിക്കുന്നവര്‍ക്ക് ഗോള ശാസ്ത്രത്തെ കുറിച്ചു മുന്‍ധാരണയും ഉള്‍കാഴ്ചയും ഈ കൃതി നല്‍കുന്നുണ്ട്.
തസ്‌വീദുല്‍ ഫിക്‌രി വല്‍ ഹിമം ഫീ തബ്യീനിന്നസബി വ ലോഗാരിതം
ഹി. 1388 ല്‍ രചന പൂര്‍ത്തിയായ ഈ കൃതി, ഒരു യാഥാസ്ഥിതിക പണ്ഡിതനില്‍ നിന്ന് എങ്ങനെയുണ്ടായി എന്ന് പരിഷ്‌കാരികളെന്ന് മേനിനടിക്കുന്നവരെ പോലുംഅല്‍ഭുതപ്പെടുത്തിട്ടുണ്ട്. അത്രയും ഗഹനമായ ഗോള ശാസ്ത്രത്തിലെ റേഷ്‌കളെക്കുറിച്ചും വര്‍ഗമാന സംഖ്യകളെക്കുറിച്ചുമാണ് ഈ കൃതി സരളമായവതരിപ്പിക്കുന്നത്. ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു റഫറന്‍സ് ഗ്രന്ഥമാണിത്
ഇസ്തിഖ്‌റാജി ഔഖാത്തിസ്സ്വലാത്തി സൂമൂത്തില്‍ ഖിബ്‌ല അലാ ത്വരീഖി സീസാബി ലോഗാരിതം
പണ്ഡിതര്‍ക്ക് പോലും പ്രയാസമായനഭവപ്പെടുന്ന ഖിബ്‌ല നിര്‍ണയവും നിസ്‌കാര സമയ നിര്‍ണയവും കണ്ടെത്താനുള്ള സരള മാര്‍ഗമാണിത്. ലോഗരിതത്തില്‍ കഴിവുള്ളവര്‍ക്ക് ഈ ഗ്രന്ഥം ഏറെ ഉപകാരപ്രഥമാണ്.
അല്‍ ബൂസ്വിലത്തുല്‍ മിശാഥീസ്വിയ്യ് വല്‍ ഹിറാഫുഹാ അനില്‍ ജിഹാത്തില്‍ അലിയ്യ
തവക്കയെന്നും വടക്കു നോക്കി എന്നും നാം പ്രയോഗിക്കുന്ന കാന്തിക ദിക്ക് കണ്ടെത്താനുള്ള മാര്‍ഗ്ഗം വിശദീകരിക്കുന്ന കൃതിയാണ് ഇത്. ലാഗവത്തോടെ വടക്ക് നോക്കി എന്നു പ്രയോഗിക്കുന്നതിലെ അസാംഗിത്യവും കാന്തിക ദിക്കിന്റെ പ്രാധാന്യവും കൃതി വ്യക്തമാക്കുന്നുണ്ട്.
ചില മൗലൂദ് കിതാബുകളുള്‍പ്പെടെ മഹാനവര്‍കളുടേതായി വേറെയും നിരവധി രചനകളുണ്ട്.
അരീക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍
ജീവിത കാലത്ത് ഗ്രന്ഥ രൂപത്തില്‍ രചന കളൊന്നും പ്രസിദ്ധീകൃതമായിട്ടില്ലെങ്കിലും അനവധി സോവനീറുകള്‍ക്കും മാഗസിനുകള്‍ക്കും മഹാനവര്‍കള്‍ എഴുതിക്കൊടുത്ത കവിതകള്‍ പിതാവിനേയും ജേഷ്ഠന്‍ അരീക്കല്‍ അബ്ദുറഹ്‌മാന്‍ മുസ്‌ലിയാരേയും ഓര്‍മ്മിപ്പിക്കുന്ന സര്‍ഗ്ഗ ശേഷി പ്രകടിപ്പിക്കുന്നതാണ്. റഹ്‌മാനിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിദ്ധീകരിക്കുന്ന അറബി കയ്യെഴുത്ത് മാഗസിന അദ്ദേഹത്തിന്റെ അനവധി സൃഷ്ടികള്‍ വായിക്കാന്‍ സാധിക്കും. ഉസ്താദിന്റെ കവിതകള്‍ സമാഹരിക്കാനുള്ള ശ്രമം റഹ്‌മാനിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
കെ. ടി മാനു മുസ്‌ലിയാര്‍
മുഴുസമയ സമസ്ത പ്രവര്‍ത്തകന്‍ കൂടിയായിരുന്ന മാനു മുസ്‌ലിയാര്‍ പ്രഗല്‍ഭനായൊരു പ്രതിഭ കൂടിയായിരുന്നു. മാപ്പിള കവിതകളും ഗാനങ്ങളും സാഹിത്യ രചനകളുമായി തന്റെ സര്‍ഗ്ഗവാസന ചെറുപ്പം മുതലേ പ്രകടിപ്പിച്ച അദ്ദേഹം. ഇദ്ദേഹത്തിന്റെതായി അറിപ്പെടുന്ന പ്രധാന കൃതി, തിരു നബി (സ) യെ പ്രശംസിച്ചെഴുതിയ മൗലിദ് ഗ്രന്ഥമായ മന്‍ഖുലൂം മിന്‍ മദ്ഹി റസൂല്‍ എന്ന രചനയാണ്.
അബുല്‍ കമാല്‍ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍
ഇതര മതങ്ങളെ കുറിച്ചു ഗഹനമായ പഠനങ്ങള്‍ നടത്തി രചന നടത്തുകയും അവരുടെ വിശ്വാസങ്ങളെ ഖണ്ഡിക്കാനുള്ള തെളിവുകള്‍ സമര്‍ഥിക്കുകയും ചെയ്തത് ഇതര പണ്ഡിതരില്‍ നിന്നും കാടേരിയെ വ്യത്യസ്തനാക്കുന്നു. പ്രധാന കൃതികള്‍ ചുവടെ.
1.നഖ്ദുല്‍ അനാജില്‍ ഫീ റദിസ്വാറാ
ക്രൈസ്തവ വിശ്വാസങ്ങളെയും മിഷനറി പ്രവര്‍ത്തനങ്ങളെയും വിവരിക്കുകയും ബൈബിളിന്റെ ഇന്നുള്ള പകര്‍പ്പില്‍ നിന്നും ധാരാളം ഉദ്ധരിച്ചും സമര്‍ത്തമായ ഖണ്ഡനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന 57 പേജുകള്‍ വരുന്ന ഗ്രന്ഥമാണ് ഇത്.
ക്രൈസ്തവ വിശ്വാസത്തിലെ അബദ്ധങ്ങള്‍ ചൂണ്ടി കാണിക്കുന്നതിലും ഈസാ നബി(അ) നെ കുറിച്ചുള്ള ശരിയായ വിശ്വാസങ്ങള്‍ അവതരിപ്പിക്കുന്നതിലും മികവ് കാണിക്കുന്ന ഈ ഗ്രന്ഥം മത പഠനം നടത്തുന്നവര്‍ക്ക് നല്ലൊരു റഫറന്‍സ് കൂടിയാണ്. 32 പേജുള്ള ഈ ഗ്രന്ഥം 1937 ലാണ് രചിച്ചിട്ടുള്ളത്.
2. മുഖ്തസ്വറു ഇര്‍ശാദത്ത്
ഇര്‍ശാദാത്തിനെ ഹൃസ്വമാക്കിയ ഈ ഗ്രന്ഥം കര്‍മ്മ ശാസ്ത്രത്തിന്റെ മസ്അലകള്‍ ഗ്രഹിക്കാനും പഠിക്കാനും കൈപുസ്തകമായി ഉപയോഗിക്കാവുന്ന വിധത്തില്‍ ചെറിയൊരു ഗ്രന്ഥമാണ്. നേരില്‍ കാണാന്‍ കഴിഞ്ഞ കോപ്പിയില്‍ സകാത്ത് വരെയുള്ള മസ്അലകളാണ് വിവരിക്കുന്നത്.
3. അല്‍ഫതവാഇളുദ്ധീനിയ്യ
ഹംദും സ്വലാത്തും പറഞ്ഞ ശേഷം വിജ്ഞാനത്തിന്റെ മഹാത്മ്യം പറഞ്ഞു തുടങ്ങി മതപരമായ ശ്രേഷ്ടതകള്‍, ഭൗതിക നേട്ടങ്ങള്‍ അല്ലെന്നും മറ്റെല്ലാറ്റിനേക്കാളും മുന്‍ഗണനയും ഫള്‌ലും ഈ മേഖലക്കാണെന്നും ഗഹനമായി, എന്നാല്‍ അല്‍പം പരത്തി പറയുന്ന ഈ കൃതി 41 പേജുകളാണുള്ളത്.
ഇതിന്റെ അവസാനം കാടേരി തന്നെ രചിച്ച കവിതകളുമുണ്ട്. മുമ്പു പറഞ്ഞ ആശയങ്ങള്‍ തന്നെയാണ് ഈ ബൈത്തുകളുടെയും ഉള്ളടക്കം.
4. അശ്ശിഫാഉല്‍ ഗലീല്‍ ഫീ ശിഫാഉല്‍ അലീല്‍
ഉറുദു ഗ്രന്ഥത്തെ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ കൃതിയാണ് ഇത്. ത്വരീഖത്തുകള്‍ സംബന്ധിച്ച വിശതമായ വിവരണം നല്‍കുന്ന ഈ കൃതി 50 പേജുകള്‍ വരും.
5. മജല്ലതു ഫതാവല്‍ ഫുഹുലി ഫീ ഇസ്തിഅ്മാലില്‍ അലാത്തി വത്തുബൂല്‍
ചെണ്ടമുട്ടും മറ്റു ഉപകരണങ്ങളും ഉപയോഗിക്കുന്നതിന്റെ കര്‍മ്മ ശാസ്ത്രം തുറന്നും പറയുന്ന ഗ്രന്ഥമാണിത്. അത്തരം ഉപരകരണങ്ങളുടെ ഉപയോഗത്തിന്റെ വിധികള്‍ സമര്‍ത്തിക്കുന്ന ഈ ഗ്രന്ഥം അല്‍പ്പം വിശാലമാണ്. ഏകദേശം 70 പേജുകള്‍ വരും.
6. അല്‍ മൗലിദു ത്വരീഖു വ ദവാഉല്‍ മുനീഫ് ഫീ മനാഖിബിശുഹദാഇല്‍ ഓമനൂരിന്‍
ഇന്നും പല മഹല്ലുകളിലും ഓമാനൂര്‍ ശുഹദാക്കുളുടെ മൗലൂദ് പാരായണത്തില്‍ ഈ കൃതിയാണ് അവലംബിക്കാറുള്ളത്. അതിനു 16 പേജുകളാണുള്ളത്. 1976 ലാണ് രചന നടന്നത്.
7. അല്‍ഹുസാമുല്‍ മശ്ഹൂദ് അലാ അഹ്‌ലിസ്സബീലി വല്‍ ഹുനൂദ്
ഹൈന്ദവ ആചാരങ്ങള്‍ വിശദീകരിക്കുന്ന ഏകദേശം 65 പേജുകള്‍ വരുന്ന ഗ്രന്ഥമാണ് ഇത്. ഈ കൃതി നഖ്ദുല്‍ അനാജില്‍ ഫീ റദ്ദിന്നസ്വാറ എന്ന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് രചിച്ചിട്ടുള്ളത്.
8. ഖളാഉല്‍ അറബി ഫീ വഅളില്‍ കുതുബതി ഫീ ഗൈരി ലുഗത്ത് അറബി
ഈ കൃതി പേരു പോലെ തന്നെ കുതുബയുടെ ഭാഷ സംബന്ധമാണ്.
9. അത്തുര്‍ഹാത്തുല്‍ ഖാദിയാനിയ്യ
ഖാദിയാനിസത്തെ ഖണ്ഡിക്കുന്ന ഗഹനമായൊരു ഗ്രന്ഥമാണ്.ഈ ഗ്രന്ഥം ഖാദിയാനിസത്തെ പഠിക്കാന്‍ ഏറ്റവും നല്ല കൃതിയാണ്. ഇതിന്റെ പുനര്‍ പകര്‍പ്പുകള്‍ ഇറക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുകയാണെങ്കില്‍ വലിയൊരു ദീനി സേവനമായിരിക്കും.
അറബിയിലല്ലെങ്കിലും ഇദ്ദേഹത്തിന്റെ മറ്റു രചനകളും എടുത്തു പറയേണ്ടവയാണ്. ആദം ഹസ്രറത്തിന്റെ അറബി പ്രസംഗത്തിന്റെ പരിഭാഷയും സ്ത്രീകളുടെ ഹിജാബ് സംബന്ധമായി പ്രതിപാതിക്കുന്ന ഫസ്‌ലുല്‍ ഖിതാബി ഫീ ഹിജാബിന്നിസാഇ എന്ന അറബി മലയാണ ഗ്രന്ഥവും 55 ലേറെ പേജുകള്‍ വരുന്ന, ഉറുദു, അറബി, മലയാളം നിയമങ്ങള്‍ പ്രതിപാദിക്കുന്ന ഖവാഇദു ഉറുദു അറബി മലയാളം എന്ന ഗ്രന്ഥവും മറ്റും എടുത്തു പറയേണ്ടവയാണ്.
കിടങ്ങയം ഇബ്രാഹീം മുസ്‌ലിയാര്‍
ബഹുഭാഷാ പണ്ഡിതനും പ്രതിഭാധനനുമായിരുന്നു ഹി.1315ല്‍ ജനിച്ചു 1370 ല്‍ അന്തരിച്ച ഇബ്‌റാഹീം മുസ്‌ലിയാര്‍. പ്രധാന രചനകള്‍.
മഖ്‌സനുല്‍ മുഫ്‌റദാത്തിഫിത്തിബ്
ഇദ്ദേഹത്തിന്റെ രചനകളില്‍ എടുത്തു പറയേണ്ട ഗ്രന്ഥമാണ് ഇത്. മൂന്നു വാള്യങ്ങളിലായി 239 പേജുകളുള്ള ഈ കൃതി ഹി. 1348 ല്‍ രചന നിര്‍വഹിച്ചത്. പന്ത്രണ്ട് ഭാഷകളില്‍ ഔഷധങ്ങളെ വിവരിക്കുന്നുണ്ട്. അറബി അല്‍ഫാബറ്റിക് അനുസരിച്ചാണ് ഇതിലെ വാക്യങ്ങളെ ക്രമീകരിച്ചിട്ടുള്ളത്. അതോടൊപ്പം ദര്‍സീ കിതാബുകളില്‍ വരുന്ന അനവധി ലഫ്‌ളു കളുടെ കൃത്യമായ അര്‍ത്ഥങ്ങള്‍ വിശദീകരിക്കുന്നുണ്ട്. കാലങ്ങളായി പറഞ്ഞു വരുന്ന അനവധി അര്‍ത്ഥങ്ങള്‍ തെറ്റാണെന്ന് ഈ ഗ്രന്ഥമൊരാവര്‍ത്തി വായിച്ച ഏതൊരാള്‍ക്കും ബോധ്യമാകും. അത്‌കൊണ്ട് തന്നെ പഠിതാക്കള്‍ക്കും പണ്ഡിതര്‍ക്കും ഏറെ ഉപകരിക്കുന്ന റഫറന്‍സ് ഡിക്ഷനറി യായി ഈ ഗ്രന്ഥം ഇന്നും പ്രസക്തമാകുന്നു.
മന്‍ഖൂസ് മൗലിദിന്റെ വ്യാഖ്യാനം
256 പേജുകളുള്ള ഈ കൃതിയില്‍ പരാമര്‍ശിക്കാത്ത വിജ്ഞാന ശാഖകളില്ല. ഓരോ വിഷയത്തിലേയും വ്യക്തമായ മസ്അലകള്‍ വ്യാഖ്യാനങ്ങള്‍ക്കിടയില്‍, വായനക്കാരനെ മടുപ്പുണ്ടാക്കാത്ത, സരളമായ അവതരണത്തിലൂടെ കടന്നു വരുന്നു. ഒന്നു മറ്റൊന്നു നിന്നില്‍ നിന്നും വേര്‍തിരിയാന്‍ വേണ്ട ചില അടയാളങ്ങള്‍ വായനക്കാരനു കൂടതല്‍ സഹായിക്കുന്നു. ഹി. 134 ലാണ് ഈ കയ്യെഴുത്തു കൃതിയുടെ രചന നടത്തിയിട്ടുള്ളത്. അമൂല്യമായ ഇതിന്റെ കയ്യെഴുത്തു കോപ്പി മാത്രമാണുള്ളത്. പ്രസിദ്ധീകരിക്കാന്‍ തയ്യാറായാല്‍ തവസ്സുല്‍, ഇസ്തിഗാസ തുടങ്ങിയവ ഉള്‍പ്പെടെ ആദര്‍ശ, കര്‍മ്മ ശാസ്ത്രമേഖലയിലെ എല്ലാ മസ്അലകളുടെയും കൃത്യമായ വിവരണം ഒറ്റ ഗ്രന്ഥത്തില്‍ ലഭ്യമാക്കാന്‍ സഹായകമാവും.
തുഹ്ഫത്തുല്‍ ഹുജ്ജാജ്
കര്‍മ്മ ശാസ്ത്ര ഗ്രന്ഥമാണിത്. കപ്പലില്‍ നിസ്‌കരിക്കുന്നതിന്റെ മസ്അലകളും ഓരോ പ്രദേശങ്ങള്‍ക്കനുസരിച്ച് എത്ര കണക്കിലാണ് ഖിബ്‌ലയിലേക്ക് തിരിയേണ്ടതെന്നും ഇത്തരം നാടുകളില്‍ തവക്കയുടെ കണക്കുകളും വിശദീകരിക്കുന്ന കൃതിയാണിത്. ഇതിന്റെ കോപ്പി ലഭിക്കാന്‍ പ്രയാസമാണ്.
റദ്ദുല്‍ വഹാബിയ്യ
ഈ കൃതിയുടെ കെ. എം. മൗലവിയുടെ അല്‍ വിലായത്തുല്‍ കറാമത് എന്ന പുസ്തകത്തിന് ഖണ്ഡന മായി എഴുതിയതാണ്. പക്ഷേ ഈ കൃതി സ്മര്യ പുരുഷന്റെ ലൈബ്രറിയില്‍ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റൊരു ലൈബ്രറിയിലിതിന്റെ കോപ്പിയുള്ളതായറിയാന്‍ കഴിഞ്ഞു. ബന്ധപ്പെട്ടവര്‍ അത്തരം അമൂല്യ ഗ്രന്ഥങ്ങള്‍ പുനഃപ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും തയാറാകേണ്ടതുണ്ട്.
അല്ലഫല്‍ അലിഫിന്റെ വ്യാഖ്യാനം, അല്‍ഖസീദത്തുല്‍ ബദ്‌രിയ്യ ഫിത്തവസ്സുലി ബില്‍ ബദ്‌രിയ്യീന്‍, മൗലീദ് ശറഹുസ്സൂദൂര്‍ ഫീ മനാഖിസി അഹ്‌ലില്‍ ബദര്‍, ബദ്‌രിയ്യത്തുല്‍ ഹംസിയ്യ തുടങ്ങി അനവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്.
കിതാബുല്‍ ഫില്‍ ബുറൂജി വല്‍ മനാസില വസ്സബ്ഇ സ്സയ്യാറത്തി എന്ന ഗ്രന്ഥം ഗോളശാസ്ത്ര പഠനമവതരിപ്പിക്കുന്ന 150 ഓളം പേജുകള്‍ വരുന്ന കൃതിയാണ്.
സമസ്തയോടൊപ്പം നിന്ന പണ്ഡിതരുടെ അറബി ഗ്രന്ഥങ്ങളെ മുന്‍നിറുത്തി, ചെറിയൊരു അന്വേഷണമാണ് ഇവിടെ നടത്തിയത്.
സമസ്തയുടെ ആദ്യകാല പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ഇവരടേതായി വന്ന പല ലേഖനങ്ങളും അതി ബ്രഹത്തായതും പഠനാര്‍ഹവുമാണ്. അതിലെ തുടര്‍ ലേഖനങ്ങള്‍ സമാഹരിച്ചു പുസ്തക രൂപത്തിലാക്കുകയാണെങ്കില്‍ വരും തലമുറക്ക് വേണ്ടി നാം നടത്തുന്ന വലിയൊരു സേവനമായിരിക്കും.
സമസ്ത ആദ്യകാല പണ്ഡിതര്‍ക്ക് ചെറെയൊരു രചന, മലയാളത്തിലെങ്കിലുമില്ലാതെ ഒരാളും വിടപറഞ്ഞിട്ടില്ലെന്നത് ഈ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞ യാഥാര്‍ത്യമാണ്. സാഹിത്യ സേവനവും ദഅ്‌വാ പ്രവര്‍ത്തനവും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് ഇതെല്ലാമറിയിക്കുന്നുണ്ട്. പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍, പി. വി മുഹമ്മദ് മൗലവി, കെ. കെ അബൂബക്കര്‍ ഹസ്രത്ത്, ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍, അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, ടി. കെ അബ്ദുല്ല മൗലവി, നാട്ടിക വി. മൂസ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ എടുത്തു പറയേണ്ടവരാണ്.



Leave A Comment