ഖുര്‍ആനില്‍ എത്ര വഖ്ത് നമസ്കാരത്തെ കുറിച്ചാണ് പ്രതിപാതിക്കുന്നത്. 3 സമയമാണെന്ന് പറയുന്നുണ്ട് ഇതിന്റെ ഇസ്ലാമിക പൂര്‍ണ്ണ രൂപം എന്താണ്
ചോദ്യകർത്താവ്
ശംനാദ് അബ്ദുല്‍ വഹാബ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഇസ്ലാമിക വിശ്വാസ പ്രകാരം അല്ലാഹു നിര്‍ബന്ധമാക്കിയത് അഞ്ച് വഖ്ത് നിസ്കാരം തന്നെയാണ്. ഇതിനു വിപരീതമായി ഒരു ഹദീസും ഒരു ഖുര്‍ആന്‍ സൂക്തവും വന്നിട്ടില്ല. ഖുര്‍ആനിലെ സൂറത് ഹൂദിലെ 114 ാം സുക്തമാണ് ഇങ്ങനെ ഒരു സംശയം ജനിപ്പിച്ചെതെന്നു കരുതുന്നു. പ്രസ്തുത സൂക്തത്തിന്‍റെ വിവര്‍ത്തനം താഴെ ചേര്‍ക്കുന്നു.
((പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയില്‍ അല്പ സമയവും നീ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. തീര്‍ച്ചയായും, സദ്വൃത്തികള്‍ ദുര്‍വൃത്തികളെ ദൂരീകരിക്കും. ആലോചിച്ചറിയുന്നവര്‍ക്കുള്ള ഉദ്ബോധനമാണിത്.))
ഇവിടെ പകലിന്‍റെ രണ്ടറ്റമെന്നും രാത്രിയില്‍ അല്പവും എന്ന പ്രയോഗം മൂന്നു നിസ്കാരങ്ങളെ സൂചിപ്പിക്കാനല്ല മറിച്ച് ഈ മൂന്നിടങ്ങളായി നിര്‍വ്വഹിക്കേണ്ട അഞ്ചു നിസ്കാരങ്ങളിലേക്കാണ്. പകലിന്‍റെ രണ്ട് അറ്റങ്ങളിലെ നിസ്കാരങ്ങള്‍ സുബ്ഹ്, ളുഹ്റ്, അസ്വ്ര് എന്നിവയും രാത്രിയിലേത് മഗ്റിബ്, ഇശാഅ് എന്നിവയുമാണ്.
ഈ കാര്യം മറ്റു ഖുര്‍ആന്‍ സൂക്തങ്ങളിലില്‍ നിന്നും മനസ്സിലാക്കിയെടുക്കാം. ഇസ്റാഅ് 78, ത്വാഹാ 130 തുടങ്ങിയവ ഇതുമായി കൂട്ടി മനസ്സിലാക്കേണ്ടതാണ്. മാത്രമല്ല, ഖുര്‍ആനിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വിശദീകരണമാണ് ഹദീസുകള്‍. നിസ്കാരം അഞ്ചാണെന്നെതിനു ധാരാളം സ്വഹീഹായ ഹദീസുകള്‍ തന്നെ വ്യക്തമായി ഉണ്ടല്ലോ.
അഞ്ച് വഖ്ത് നിസ്കാരം നിര്‍ബന്ധമാണെന്ന് വിശ്വസിക്കല്‍ ഒരു മുസ്ലിമിനു നിര്‍ബന്ധമാണ്. അഹ്‍ലുസ്സുന്ന വല്‍ ജമാഅയുടെ മുഴുവന്‍ പണ്ഡിതന്മാരും ഇതില്‍ ഏക അഭിപ്രായക്കാരാണ്. ഇങ്ങനെ വിശ്വസിക്കാത്തവന്‍ ദീനില്‍ നിന്നു തന്നെ പുറത്തു പോകും. അത്തരക്കാര്‍ക്ക് ഇസ്ലാമിക കോടതി വിധിക്കുന്നത് വധ ശിക്ഷയാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.